Continue reading “കാളിഗണ്ഡകിയില്‍ നിന്ന് ഒരു കദനകഥ”

" /> Continue reading “കാളിഗണ്ഡകിയില്‍ നിന്ന് ഒരു കദനകഥ”

"> Continue reading “കാളിഗണ്ഡകിയില്‍ നിന്ന് ഒരു കദനകഥ”

">

UPDATES

കാളിഗണ്ഡകിയില്‍ നിന്ന് ഒരു കദനകഥ

                       

നേപ്പാളിലെ പോഖരയില്‍ നിന്ന് ജോംസോമിലേക്ക് പറക്കവെ താര എയര്‍ വക വിമാനം അപകടത്തില്‍പ്പെട്ട് 22 യാത്രക്കാരും നിര്യാതരായി എന്ന വിവരം വളരെ ദു:ഖകരം തന്നെ. എനിക്ക് അല്‍പ്പം പരിചയമുള്ള ഒരു വ്യോമപാതയാണ് പോഖരാ-ജോംസോം. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ചില സംഭവങ്ങളിലേക്ക് ഓര്‍മകള്‍ ഓടിപ്പോകുന്നു..

ഞാന്‍ അന്ന് കാഠ്മണ്ഡുവില്‍ ജോലി ചെയ്യുന്നു. വിദേശ രാജ്യങ്ങളിലെ നയതന്ത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും അടുത്ത ബന്ധം പുലര്‍ത്തുക സ്വാഭാവികമാണല്ലോ. അങ്ങനെയാണ് ഞാനും കുടുംബവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഠ്മണ്ഡു ബ്രാഞ്ചിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരും കുടുംബവുമായി പരിചയപ്പെട്ടത്. 1998 ല്‍ ഞങ്ങള്‍ കാഠ്മണ്ഡുവില്‍ എത്തിയതിനുശേഷം സ്ഥലത്തെ സഹപ്രവര്‍ത്തകരെ അറിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആ മാനേജരുടെ പേര് തന്നെ ഇന്നെനിക്ക് ഓര്‍മയില്ല. അദ്ദേഹത്തിനു ശേഷം വന്ന ആന്റണി കോട്ടക്കലും കുടുംബവുമായിട്ടാണ് ഞങ്ങള്‍ക്ക് ചിരകാല ബന്ധമുണ്ടാകാനിടയായത്.

ആന്റണിയുടെ മുന്‍ഗാമി വടക്കേ ഇന്ത്യക്കാരന്‍ ആയ ആ ചെറുപ്പക്കാരന്‍ ബാങ്ക് സംബന്ധമായ കാര്യങ്ങളില്‍ എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ചെയ്തു തരാന്‍ എപ്പോഴും ഉത്സുകനായിരുന്നു. അദ്ദേഹവും ശാലീനയായ ഭാര്യയും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവര്‍ ആയിരുന്നു. അവരുടെ കുട്ടികള്‍(ഒരു മകനും മകളും) ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു എന്നാണ് എന്റെ ഓര്‍മ. അവര്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി സ്‌കൂളില്‍ ആണോ പഠിച്ചിരുന്നത്, അതോ ഇന്ത്യയില്‍ നിന്നും വേനല്‍ക്കാല അവധിക്കു മാതാപിതാക്കളുടെ കൂടെ ചെലവഴിക്കാന്‍ കാഠ്മണ്ഡുവില്‍ എത്തിയതായിരുന്നോ എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഏതായാലും മാനേജരും ഭാര്യയും കുട്ടികളും കൂടി ഒരു വിനോദയാത്രയ്ക്ക് പോകുവാന്‍ തീരുമാനിച്ചു. ജോംസോം എന്ന പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രത്തിലേക്കാണ് അവര്‍ പോയത്.സാധാരണ കാഠ്മണ്ഡുവില്‍ നിന്ന് റോഡ് മാര്‍ഗമോ വിമാന മാര്‍ഗമോ പോഖര എന്ന മനോഹരമായ പട്ടണത്തില്‍ എത്തി അവിടെ നിന്നും ഒരു ചെറു വിമാമനത്തില്‍ കയറി പതിനഞ്ച് ഇരുപത് മിനിട്ട് പറന്നാണ് ജോംസോം വിമാനത്താവളത്തില്‍ ഇറങ്ങുക. താതോപാനി വഴി നടന്നും പോഖരയില്‍ നിന്നും ജോംസോമില്‍ എത്താം. അതിഹൃദയഹാരിയായ ഒരു ട്രെക്കിംഗ് റൂട്ട് ആണത്. എന്നാല്‍ ഏഴെട്ടു ദിവസം കാനനപാതയിലൂടെ നടക്കണം. അതിനാല്‍ കുടുംബസമേതം പോകുന്നവര്‍ സാഹസികമെങ്കിലും ഹൃസ്വമായ ആ വിമാന യാത്ര തന്നെയാണ് തെരഞ്ഞെടുക്കാറ്.

ഹിമാലയന്‍ പര്‍വത നിരകളുടെ വരണ്ട വടക്കന്‍ പാര്‍ശ്വത്തില്‍ ആണ് ജോംസോം സ്ഥിതി ചെയ്യുന്നത്. മുക്തിനാഥിലേക്കുള്ള പദതീര്‍ത്ഥയാത്രയുടെ തുടക്കം കുറിക്കുന്ന സ്ഥലമെന്ന നിലയ്ക്കും ജോംസോം ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരെ പ്രത്യേകം ആകര്‍ഷിക്കുന്നു. സാധാരണ ഉച്ചയ്ക്കു മുമ്പ് മാത്രമെ പോഖര-ജോംസോം വ്യോമപാതയില്‍ വിമാനങ്ങള്‍ പറക്കാറുള്ളൂ. പകലന്തി അടുക്കുന്തോറും കാറ്റും മഴക്കാറും കൂടിക്കൊണ്ടേയിരിക്കും. പോഖരയില്‍ നിന്നു പറന്നു പൊങ്ങുന്ന വിമാനം ഘോരെപാനി പാസ് കടന്നു പെട്ടെന്ന് വടക്കോട്ടു തിരിഞ്ഞ് കാളീഗണ്ഡകി താഴ്‌വരയിലേക്ക് പ്രവേശിക്കും. ലോകത്തിലെ ഏറ്റവും താഴ്ച്ച കൂടിയ താഴ്‌വര, അല്ലെങ്കില്‍ ഉയരം കൂടിയ മലയിടുക്കാണിത്. ഹിമാലയന്‍ പര്‍വത നിരകളിലെ ഏറ്റവും ഉത്തുംഗമായ ശൃംഗങ്ങളില്‍ പെട്ട അന്നപൂര്‍ണ്ണയുടെയും ധവളഗിരിയുടെയും ഇടയ്ക്കാണ് കാളിഗണ്ഡകി താഴ്‌വര. 8000 മീറ്ററോളം ഉണ്ട് രണ്ട് കൂറ്റന്‍ പര്‍വതങ്ങളുടെയും ഉയരം. ചിലയിടങ്ങളില്‍ 25 കിലോമീറ്ററുകള്‍ മാത്രമാണ് രണ്ടു ഗിരിശൃംഗങ്ങള്‍ തമ്മിലുള്ള അകലം. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ അപകടം പതിയിരിക്കുന്ന ഒരു ഇടനാഴിയായി കാളിഗണ്ഡകി താഴ്‌വര കണക്കാക്കപ്പെടുന്നതില്‍ ആശ്ചര്യമില്ല.

നമ്മുടെ നാട്ടില്‍ മഴ തുടങ്ങുന്ന മാസങ്ങളില്‍ തന്നെയാണ് നേപ്പാളിലും മഴ തുടങ്ങുന്നത്. എവറസ്റ്റ്(‘സാഗര്‍മാത’ അല്ലെങ്കില്‍ ‘സാഗര്‍മഠ്’ എന്നു നേപ്പാളികള്‍ വിളിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി) തുടങ്ങിയവ കയറുന്നതിന് ഏറ്റവും ഉതകിയ മാസം മേയ് ആണെന്നാണ് അറിവുള്ളവര്‍ പറയുന്നത്. ആ മാസം കഴിഞ്ഞാല്‍ നേപ്പാളിന്റെ ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിത്തുടങ്ങും. നിര്‍ഭാഗ്യവശാല്‍ ആ സമയത്താണ് സ്റ്റേറ്റ് ബാങ്ക് മാനേജരും കുടുംബവും ജോംസോമിലേക്ക് പുറപ്പെട്ടത്. പ്രശ്‌നമില്ലാതെ അവിടെ എത്തിയെങ്കിലും താമസിയാതെ തോരാത്ത മഴ തുടങ്ങി. നിര്‍ത്താതെ പെയ്ത മഴ ഒരാഴ്ച്ചയോളം നീണ്ടു നിന്നു. വിമാന സര്‍വ്വീസ് പൂര്‍ണായും റദ്ദാക്കപ്പെട്ടു. മലമുകളില്‍ പെട്ടുപോയ വിനോദ സഞ്ചാരികളും മറ്റു യാത്രക്കാരും നന്നേ ബുദ്ധിമുട്ടി. ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായവ പോലും പോഖരയില്‍ നിന്ന് എത്തിക്കാന്‍ മാര്‍ഗമില്ലാതായി. അങ്ങനെ വല്ലാത്ത ഒരു പരിതസ്ഥിതിയില്‍ ആയി വിനോദയാത്രയ്ക്കു പോയ ആള്‍ക്കാര്‍. ഏതായാലും കുടുംബങ്ങള്‍ ഒന്നിച്ചായിരുന്നതിനാല്‍ അത്രയെങ്കിലും ആശ്വാസമായിട്ടുണ്ടാവും.

എന്നാല്‍ ആ ആശ്വാസം അധികം നീണ്ടു നിന്നില്ല. മഴ കുറഞ്ഞു വിമാന സര്‍വീസ് പുനരാരംഭിക്കാം എന്ന സ്ഥിതി ആയപ്പോള്‍ പോഖരയിലേക്ക് മടങ്ങാനുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കൂടിയിരുന്നു. ഒരാഴ്ച്ചയായി മടക്കയാത്രയ്ക്ക് കാത്തിരിക്കുന്ന എല്ലാവരെയും കൊണ്ടു പോകണമല്ലോ. അങ്ങനെയാണ് ആദ്യം പോകുന്ന വിമാനത്തില്‍ സ്ത്രീകളെയും കുട്ടികളെയും അയക്കുക, പുരുഷന്മാര്‍ പിന്നെ യാത്ര ചെയ്യുക എന്ന തീരുമാനം എടുക്കപ്പെട്ടത്. ആരുടെയും കുറ്റമല്ലെങ്കിലും അതിഘോരമായ പ്രത്യാഘാതങ്ങളിലേക്കാണ് ആ തീരുമാനം നയിച്ചത്. മാനേജരുടെ ഭാര്യ(താര എന്നായിരുന്നോ അവരുടെ പേര്?)യും മകളും മറ്റ് സ്ത്രീജനങ്ങളോടൊപ്പം ജോംസോമില്‍ നിന്നു പോഖരയിലേക്ക് പറന്നു. അവരെ ഇറക്കിയശേഷം ജോംസോമിലേക്ക് മടങ്ങി. എന്നാല്‍ പോഖരയില്‍ കാത്തുകാത്തിരുന്ന സഹധര്‍മിണികളെ അഗാധദു:ഖത്തില്‍ ആഴ്ത്തിക്കൊണ്ട് അവരുടെ പുരുഷന്മാര്‍ ഒരിക്കലും മടങ്ങിയെത്തിയില്ല. കരിമേഘങ്ങള്‍ കുന്നുകൂടിയ താഴ്‌വരയിലെ മലഞ്ചരിവുകളില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും യാത്രക്കാരുടെ മൃതദേഹങ്ങളും കണ്ടെത്തുവാന്‍ ദിവസങ്ങള്‍ എടുത്തു. അതിദാരുണവും അതിദീര്‍ഘവുമായ ആ കാത്തിരിപ്പില്‍ മാനേജരുടെ കുടുംബത്തിന്റെ കൂടെ ഞങ്ങളെല്ലാവരും- കാഠ്മണ്ഡുവിലെ ഇന്ത്യന്‍ കുടുംബങ്ങളെല്ലാം- ഉണ്ടായിരുന്നു. ഒന്നു രണ്ടു ദിവസത്തെ പോഖരയിലെ കാത്തിരിപ്പിനുശേഷം കുടുംബത്തെ കാഠ്മണ്ഡുവിലേക്ക് തന്നെ കൊണ്ടുപോന്നു. അതിഘോരമായ മഴ മൂലം പര്‍വതപാര്‍ശ്വങ്ങളിലെ തിരച്ചില്‍ സുഗമമോ സുഖകരമോ ആയിരുന്നില്ല. വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും വീണ്ടെടുക്കുന്നതിനു മുമ്പ് മരണങ്ങള്‍ സ്ഥിരീകരിക്കാന്‍ എയര്‍ലൈന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ അല്‍പ്പം ആശ അവശേഷിച്ചു.

മാനേജരുടെ കാഠ്മണ്ഡുവിലെ വീട്ടില്‍ ശോകമൂകമായ അന്തരീക്ഷത്തില്‍, പ്രാര്‍ത്ഥനയും പൂജയുമായി അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും അനന്തമായ പ്രത്യാശയിലും പ്രതീക്ഷയിലും പങ്കു ചേരുവാന്‍ ഞങ്ങളും ദിനംപ്രതി പോയി. അവസാനം പിതാവിന്റെയും പുത്രന്റെയും മൃതദേഹങ്ങള്‍ ആ ഭവനത്തിലേക്ക് ആവഹിക്കപ്പെട്ടു. പ്രിയപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ മുക്തി ക്ഷേത്രത്തില്‍ തന്നെ കണ്ടെത്തി എന്ന ആശ്വാസത്തോടെ സഞ്ചയന കര്‍മങ്ങള്‍ നടത്തി ആ കുടുംബം കാഠ്മണ്ഡുവില്‍ നിന്നും പോയി.

കഴിഞ്ഞാഴ്ച്ച നടന്ന അപകടത്തില്‍പ്പെട്ട താര എയറിന്റെ ട്വിന്‍ ഓട്ടര്‍ വിമാനം ഞാന്‍ മേല്‍ വിവരിച്ച അപകടം നടന്ന 1998 മുതല്‍ ഈ റൂട്ടില്‍ പറക്കുന്നതാണത്രേ. ഈ കാലഘട്ടത്തിനുള്ളില്‍ മറ്റു പല അത്യാഹിതങ്ങളും ദുര്‍ഗ്ഗമമായ ഈ വിമാന പാതയില്‍ ഉണ്ടായിട്ടുണ്ട്. 2002 ല്‍ പോഖരയ്ക്ക് അടുത്ത് നടന്ന അപകടത്തില്‍ 17 യാത്രക്കാരും ക്രൂവും കൊല്ലപ്പെട്ടു. 2012 ല്‍ ഒരു ഡോര്‍ണിയര്‍ വിമാനം ജോംസോമില്‍ ഇറങ്ങുമ്പോള്‍ അപകടത്തില്‍പ്പെട്ട് 22 യാത്രക്കാരില്‍ 15 പേരും മരിച്ചു. 2016 ല്‍ ഈ പാതയില്‍ പറക്കവെ ഒരു പുതിയ ട്വിന്‍ ഓട്ടര്‍ വിമാനം തകര്‍ന്ന് 23 പേര്‍ കൊല്ലപ്പെട്ടു.

ഇതൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് പോഖര-ജോംസോം വിമാന യാത്രയ്ക്ക്‌ ഇനിയും ജനം തുനിഞ്ഞിറങ്ങുന്നത്? ഈ എഴുത്തുകാരനും ഒരു വര്‍ഷത്തിനുശേഷം കുടുംബത്തോടെ ഈ വിമാന യാത്ര നടത്തി ജോംസോം മുതല്‍ കാളി ഗണ്ഡകി നദീതടത്തിലൂടെ നടന്ന് 13000 അടി ഉയരത്തില്‍ ഉള്ള മുക്തീനാഥിലെ ശക്തിപീഠം വരെ പോയി. ആ യാത്ര കഴിഞ്ഞപ്പോള്‍ ഈ ചോദ്യത്തിന്റെ ഉത്തരം സ്‌കന്ദപുരാണത്തിലെ ഒരു ശ്ലോകത്തില്‍ ഉണ്ടായിരിക്കാം എന്നെനിക്കു തോന്നി;

‘ദേവന്മാരുടെ ഒരു നൂറു യുഗങ്ങളില്‍ പോലും
ഹിമാലയത്തിന്റെ വിശേഷം പറഞ്ഞുതീര്‍ക്കാന്‍ കഴിയില്ല
പ്രഭാതസൂര്യനില്‍ മഞ്ഞുതുള്ളി അലിയുന്നതുപോലെ
മനുഷ്യരുടെ വിഷമങ്ങളും ഹിമാലയം കാണുമ്പോള്‍ അകലുന്നു.

Avatar

ഹോര്‍മിസ് തരകന്‍

മുന്‍ R&AW മേധാവി, മുന്‍ കേരള ഡിജിപി

More Posts

Share on

മറ്റുവാര്‍ത്തകള്‍