UPDATES

കോവിഡ് പ്രതിരോധം വര്‍ധിപ്പിക്കണം; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

                       

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് കേന്ദ്ര നിർദേശം. കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമായി നടത്തണം, കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നതും വാക്സിനേഷൻ വർധിപ്പിക്കുന്നതും അടക്കമുള്ള നടപടികൾ ശക്തമാക്കണമെന്നാണ് കേരളം, ഡൽഹി, കർണാടക, മഹാരാഷ്ട്ര,ഒഡിഷ,തമിഴ്നാട്,തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിലെ നിർദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരാനിരിക്കുന്ന ഉത്സവങ്ങളും ബഹുജന പങ്കാളിത്തമുള്ള പരിപാടികളും കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പകരാന്‍ സഹായിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍ ടി പി സി ആര്‍, ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവയുടെ നിര്‍ദ്ദിഷ്ട വിഹിതം നിലനിര്‍ത്തിക്കൊണ്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മതിയായ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കൂടുതല്‍ കേസുകള്‍, പോസിറ്റിവിറ്റി നിരക്ക്, ക്ലസ്റ്ററുകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളെ സംസ്ഥാനം സൂക്ഷ്മമായി നിരീക്ഷിക്കണം. കഴിഞ്ഞ മാസം ദേശീയ തലസ്ഥാനത്ത് ഉയര്‍ന്ന രീതിയില്‍ പ്രതിദിന കേസുകള്‍ (811 കേസുകള്‍) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഓഗസ്റ്റ് 5 ന് 2202 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും രാജേഷ് ഭൂഷണ്‍ ഡല്‍ഹിക്ക് അയച്ച കത്തില്‍ പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ മാസം ശരാശരി 2,347 കേസുകളും മഹാരാഷ്ട്രയില്‍ 2,135 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പങ്കുവെച്ച് കൊവിഡിനുള്ള പുതിയ നിരീക്ഷണ മാര്‍ഗം ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് ഇന്നലെ 19,406 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 49 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമൈക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണ് ഇന്ത്യയില്‍ പടരുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഓഗസ്റ്റ് 5 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ പ്രതിവാര പുതിയ കേസുകളില്‍ 8.2 ശതമാനവും ഡല്‍ഹിയിലാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്കില്‍ ഡല്‍ഹിയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 29ന് അവസാനിച്ച ആഴ്ചയിലെ 5.90 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റ് 5ന് അവസാനിച്ച ആഴ്ചയില്‍ 9.86 ശതമാനമായി ഉയര്‍ന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Share on

മറ്റുവാര്‍ത്തകള്‍