ധ്രുവീകരണ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന ഫേസ്ബുക്കും നേട്ടംകൊയ്യുന്ന ബിജെപിയും

ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് അന്വേഷണ പരമ്പരയുടെ അവസാനഭാഗം
 
FB BJP4
ഭിന്നിപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് ബിജെപിയുടെ ഫേസ്ബുക്ക് പരസ്യ നിരക്കുകള്‍ കുറയാന്‍ കാരണം 

റിലയന്‍സ് ഫണ്ട് ചെയ്യുന്ന കമ്പനികളും ഫേസ്ബുക്കും ബിജെപിയുടെ വര്‍ഗീയ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ അന്വേഷണ പരമ്പര. റിലയന്‍സ് ഫണ്ട് ചെയ്യുന്ന NEWJ ബിജെപിക്കായി ഫേസ്ബുക്കില്‍ ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ചായിരുന്നു അന്വേഷണ പരമ്പരയുടെ ആദ്യഭാഗം. എന്നാല്‍, ബിജെപിയുമായുള്ള ബന്ധം വെളിപ്പെടുത്താതെ ഫേസ്ബുക്കില്‍ അവര്‍ക്കായി പ്രചാരണം നടത്തുന്നവര്‍ NEWJ മാത്രമല്ലെന്നാണ് തുടര്‍ അന്വേഷണങ്ങളില്‍ വെളിപ്പെടുന്നത്. ഫേസ്ബുക്കിലെ സറോഗേറ്റ് പരസ്യ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ മറ്റുള്ളവരെക്കുറിച്ചായിരുന്നു പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ വിശദീകരിച്ചത്. കോണ്‍ഗ്രസിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ബിജെപിയുടെ പരസ്യങ്ങള്‍ ഫേസ്ബുക്ക് പ്രൊമോട്ട് ചെയ്തിരുന്നതെന്നാണ് മൂന്നാം ഭാഗത്തില്‍ വിവരിച്ചത്. രാഷ്ട്രീയമോ വൈകാരികമോ ആയി ആളുകളെ ഭിന്നിപ്പിക്കുന്ന ഉള്ളടക്കങ്ങളില്‍ ബിജെപിയും ഫേസ്ബുക്കും എങ്ങനെ ചേര്‍ന്നുപോകുന്നു എന്നതിനെക്കുറിച്ചാണ് അന്വേഷണ പരമ്പരയുടെ നാലാമത്തെയും അവസാനത്തേതുമായ ഭാഗത്തില്‍ പറയുന്നത്. 


2020 ഒക്ടോബറില്‍, ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, ഒരു രാഷ്ട്രീയക്കാരന്‍ കൊല്ലപ്പെടുന്നതിന് രാഷ്ട്രീയ ജനതാ ദളിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് കാരണക്കാരനായെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു പരസ്യം ബിജെപി ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു. 

പരസ്യത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: 'ആര്‍ജെഡി പ്രവര്‍ത്തകനായ ശക്തി മാലിക്കിനെ തേജസ്വി യാദവ് ഭീഷണിപ്പെടുത്തി പറഞ്ഞു: 'ഞാന്‍ ലാലു പ്രസാദ് യാദവിന്റെ മകനും ഉപ മുഖ്യമന്ത്രിയുമാണ്. നിങ്ങള്‍ ശബ്ദമുയര്‍ത്തിയാല്‍ ഞാന്‍ നിങ്ങളെ കൊല്ലും'. ആ ഭീഷണി ശരിയായിരുന്നു. ശക്തി മാലിക് കൊല്ലപ്പെട്ടു'.

മാലിക്കിനെ കൊലപ്പെടുത്തിയത് ബിസിനസ് എതിരാളികളായിരുന്നുവെന്ന് ബിഹാര്‍ പൊലീസ് പിന്നീട് കണ്ടെത്തി. എന്നാല്‍, ഒറ്റ ദിവസംകൊണ്ട് ഏതാണ്ട് 1,50,000 -1,75,000 തവണ ഫേസ്ബുക്ക് ആ പരസ്യം കാണിച്ചു, പ്രധാനമായും ബിഹാറിലെ പുരുഷ വോട്ടര്‍മാരെ. അതിനുവേണ്ടി ബിജെപി ഫേസ്ബുക്കിന് നല്‍കിയതാകട്ടെ വെറും 4250 രൂപ (56 ഡോളര്‍), അതായത് ഓരോ കാഴ്ചയ്ക്കും മൂന്ന് പൈസയേക്കാള്‍ താഴെ മാത്രം. ഇതെല്ലാം ആ വാര്‍ത്തയെ വൈറലാകാന്‍ സഹായിച്ചു.

BJP FB4
ബിഹാറില്‍ രാഷ്ട്രീയപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നതിന് കാരണക്കാരന്‍ രാഷ്ട്രീയ ജനതാ ദളിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന തേജസ്വി യാദവ് ആണെന്ന തരത്തിലുള്ള ബിജെപി പരസ്യം (ഫയല്‍: ഫേസ്ബുക്ക് ആഡ് ലൈബ്രറി)

ബിജെപിക്ക് ഫേസ്ബുക്കില്‍ കുറഞ്ഞ ചെലവില്‍ വോട്ടര്‍മാരുടെ കാഴ്ചശ്രദ്ധ ലഭിച്ച ഒരേയൊരു സന്ദര്‍ഭമല്ല ഇത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളേക്കാള്‍ കുറഞ്ഞനിരക്കില്‍, ബിജെപിക്ക് ഫേസ്ബുക്ക് പരസ്യങ്ങള്‍ ലഭിച്ചിരുന്നു എന്നതിനെക്കുറിച്ച് ഈ അന്വേഷണ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. എതിര്‍കക്ഷികളേക്കാള്‍ കുറഞ്ഞനിരക്കില്‍ കൂടുതല്‍ വോട്ടര്‍മാരിലെത്താന്‍ ബിജെപിയെ അത് സഹായിച്ചു. 

എങ്ങനെയാണ് ഫേസ്ബുക്കിന്റെ പരസ്യ പ്ലാറ്റ്‌ഫോം ബിജെപിക്ക് അനുകൂമാകുന്നത്? 
ഫേസ്ബുക്ക് മാനേജ്‌മെന്റിനുള്ളിലെ ആളുകള്‍ ഇന്ത്യയിലെ ഭരണകക്ഷിയെ അനുകൂലിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ പരസ്യങ്ങള്‍ നല്‍കുമ്പോള്‍, ബിജെപിക്ക് പ്രത്യേക പരിഗണനകള്‍ കിട്ടിയിരുന്നത് കമ്പനിയിലെ ഏതെങ്കിലും വ്യക്തികളെ ആശ്രയിച്ചാകണമെന്നില്ല. ഉപയോക്താക്കളെ തങ്ങളുടെ ന്യൂസ് ഫീഡിലേക്ക് ആകര്‍ഷിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഫേസ്ബുക്കിന്റെ അല്‍ഗോരിതം മൂലമാകാം ബിജെപി പരസ്യങ്ങള്‍ക്ക് നേട്ടം ലഭിച്ചിരുന്നതെന്നാണ്, മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത തെളിവുകളില്‍നിന്ന് വ്യക്തമാകുന്നത്. 

കമ്പനിയുടെ പ്രൈസിംഗ് അല്‍ഗോരിതം വലിയ തോതിലുള്ള ധ്രുവീകരണം അല്ലെങ്കില്‍ ഭിന്നിപ്പ് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അനുകൂലിക്കുന്നതാണെന്നാണ് ഫേസ്ബുക്കിന്റെ അഡ്വര്‍ടൈസിംഗ് നയങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനസിലാക്കാനാകുന്നത്. ഫേസ്ബുക്കിലെ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കാന്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയോ തങ്ങളുടെ പകരക്കാരോ, തുടര്‍ച്ചയായി വൈകാരികവും രാഷ്ട്രീയപരവുമായ ഉള്ളടക്കങ്ങളോടു കൂടിയ പരസ്യങ്ങളും കാമ്പയിനുകളും നടത്തുന്നുണ്ടെങ്കില്‍, സ്വഭാവികമായും അവരുടെ പരസ്യങ്ങള്‍ കുറഞ്ഞ ചെലവില്‍ നടത്തപ്പെടും. 
 
2020ന്റെ അവസാനത്തില്‍ നടന്ന യുഎസ് തെരഞ്ഞെടുപ്പില്‍, ഇത്തരത്തിലുള്ള ചില ക്രമീകരണങ്ങള്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്, ജോ ബൈഡനേക്കാള്‍ കുറഞ്ഞ പരസ്യനിരക്ക് കിട്ടാന്‍ സഹായകമായിരുന്നു. ഇന്ത്യയില്‍ ബിജെപിയും ഇതേ സംവിധാനത്തിന്റെ നേട്ടം കൊയ്യുന്നതായി കാണാനാകും. 

ഇന്ത്യയിലെ മറ്റു പാര്‍ട്ടികളേക്കാള്‍ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍ സപ്പോര്‍ട്ടുള്ള പ്രബല രാഷ്ട്രീയ കക്ഷിയായി ബിജെപി നിലകൊള്ളുന്നു. നേരിട്ട് കൂടുതല്‍ എണ്ണം പരസ്യങ്ങള്‍ നല്‍കുക മാത്രമല്ല, അതിന്റെ അനുഭാവികളും സറോഗേറ്റ് കാമ്പയിനര്‍മാരും ഫേസ്ബുക്കിലെ എന്‍ഗേജ്‌മെന്റുകളുടെ (ലൈക്ക്, ഷെയര്‍, കമന്റുകള്‍ എന്നിവയുടെ എണ്ണം) കാര്യത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിട്ടുനിന്നു. ചിലപ്പോഴൊക്കെ ഫേസ്ബുക്കിന്റെ പക്ഷപാതപരമായ തീരുമാന പ്രക്രിയകളുടെ സഹായത്തോടെയാണ് ബിജെപി ഇത്തരമൊരു നേട്ടമുണ്ടാക്കിയിരുന്നതെന്ന് ഈ അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. 

ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാനമായ റീച്ച് ചെലവേറിയതാകുമ്പോള്‍, ബിജെപിയുടെ രാഷ്ട്രീയ മേല്‍ക്കോയ്മകൊണ്ടുമാത്രം കുറഞ്ഞ തുകയ്ക്ക് തങ്ങളുടെ രാഷ്ട്രീയ പരസ്യങ്ങള്‍ കാണിക്കുവാന്‍ ഫേസ്ബുക്ക് പരസ്യ അല്‍ഗോരിതം സഹായിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ബിസിനസ് മാതൃക

ടെലിവിഷന്‍, പ്രിന്റ് മാധ്യമങ്ങളില്‍നിന്നും വ്യത്യസ്തമായി, ഫേസ്ബുക്കിന് പരസ്യങ്ങള്‍ക്കായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു റേറ്റ് കാര്‍ഡില്ല. അത് വ്യൂവിംഗ് സ്ലോട്ടുകള്‍ അതായത് ഒരു കൂട്ടം ടാര്‍ഗറ്റ് ഓഡിയന്‍സിനുവേണ്ടി പരസ്യം കാണിക്കുവാനുള്ള അവസരം ലേലം ചെയ്യുന്നു.  

സാധാരണയായി, ലേലങ്ങള്‍ ഏറ്റവും കൂടിയ തുക വിളിക്കുന്നവരെ കണ്ടെത്തുന്നതിനുവേണ്ടിയാണ്. പക്ഷേ, ശരിക്കും ഗയിം മാറ്റിമറിക്കുന്നത് ഫേസ്ബുക്ക് അല്‍ഗോരിതമാണ്. ടാര്‍ഗറ്റ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ 'പ്രധാനപ്പെട്ട ഉള്ളടക്കമുള്ള' പരസ്യങ്ങള്‍ കണ്ടെത്തുന്നപക്ഷം കുറഞ്ഞ രൂപയ്ക്ക് ലേലം വിളിക്കുന്നയാളെപ്പോലും ഫേസ്ബുക്ക് അല്‍ഗോരിതത്തിന് തിരഞ്ഞെടുക്കാന്‍ കഴിയും. അവര്‍ക്കുള്ള നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കും.

ഫേസ്ബുക്കിന്റെ അഭിപ്രായത്തില്‍, രണ്ട് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഫേസ്ബുക്ക് അല്‍ഗോരിതം ഒരു പരസ്യത്തിന്റെ വില നിശ്ചയിക്കുന്നത്: 1. ടാര്‍ഗറ്റ് പ്രേക്ഷകരുടെ കാഴ്ചകള്‍ എത്രത്തോളം മൂല്യമുള്ളതാണ്, 2. ടാര്‍ഗറ്റ് പ്രേക്ഷകര്‍ക്ക് പരസ്യ ഉള്ളടക്കം എത്രത്തോളം പ്രധാനപ്പെട്ടതാണ്.

പരസ്യദാതാവ് തിരഞ്ഞെടുക്കുന്ന ജനസംഖ്യശാസ്ത്രം, സ്വഭാവരീതികള്‍, മറ്റു ഗുണങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി ഈ ഓഡിയന്‍സിനെ കൃത്യമായി നിര്‍വചിക്കാവുന്നതാണ്. അല്ലെങ്കില്‍ 1000 ആപ്പ് ഡൗണ്‍ലോഡുകള്‍ അല്ലെങ്കില്‍ 1 മില്യണ്‍ ലിങ്ക് ക്ലിക്കുകള്‍ നേടുന്നതുപോലെ ഉദ്ദേശിച്ച ഫലങ്ങള്‍ കൈവരിക്കുന്നതിന് വിശാലമായ രീതിയിലും നിര്‍വചിക്കാം. ഉപയോക്താക്കളെ കുറിച്ച് ശേഖരിക്കുന്ന ഡാറ്റ, പരസ്യദാതാക്കള്‍ക്ക് ആവശ്യമുള്ള ഓഡിയന്‍സിനെ കണ്ടെത്തുന്നിന് ഫേസ്ബുക്കിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ കഴിയും. ഇത് അവരെ സംബന്ധിച്ച് ഏറ്റവും ആകര്‍ഷണീയമായ പ്ലാറ്റ്‌ഫോം ആയി മാറുകയും ചെയ്യുന്നു. 

ലേലത്തിനിടയില്‍, പ്രത്യേക സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഗ്രൂപ്പുകളിലൂടെ ടൈംലിനില്‍ കയറിപ്പറ്റാന്‍ വേണ്ടി രണ്ട് പരസ്യദാതാക്കള്‍ മത്സരിക്കുമ്പോള്‍, സാധാരണയായി ഏറ്റവും കൂടുതല്‍ തുക ലേലം വിളിക്കുന്നയാള്‍ വിജയിക്കുന്നു. ഗതാഗത തിരക്കുള്ള സമയങ്ങളില്‍ ഊബെറിന്റെ കുതിച്ചുയരുന്ന റേറ്റുകള്‍ പോലെയാണത്. ഡിമാന്‍ഡ് കുറയുന്ന സാഹചര്യങ്ങള്‍, പരസ്യദാതാക്കളെ സംബന്ധിച്ച് ഹാപ്പി അവേഴ്‌സ് ആണ്. 

പക്ഷേ, ഫേസ്ബുക്കിനെ സംബന്ധിച്ച് ഉയര്‍ന്ന റേറ്റിലുള്ള ലേലത്തേക്കാള്‍, ഒരു വ്യക്തിക്ക് പ്രധാനപ്പെട്ട പരസ്യമായിരിക്കും ലേലത്തില്‍ വിജയിക്കുക. പരസ്യദാതാക്കള്‍ക്കു വേണ്ടിയുള്ള ബിസിനസ് ഹെല്‍പ്പ് സെന്റര്‍ പേജില്‍ ഫേസ്ബുക്ക് അങ്ങനെയാണ് പറയുന്നത്. 

FB BJP4
ടാര്‍ഗറ്റ് ചെയ്ത ഓഡിയന്‍സിന് കൂടുതല്‍ 'പ്രസക്തമാണെന്ന്' വിശ്വസിക്കുന്ന പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് അല്‍ഗോരിതം സബ്സിഡി നല്‍കും, അതോടെ നിരക്കു കുറയും. (ഫയല്‍: ഫേസ്ബുക്ക് ബിസിനസ് ഹെല്‍പ്പ് സെന്റര്‍ പേജ്)

ടാര്‍ഗറ്റ് ചെയ്ത് ഓഡിയന്‍സ് മുന്‍കാലങ്ങളില്‍ സമാന ഉള്ളടക്കങ്ങളോട് എങ്ങനെ ഇടപെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് അല്‍ഗോരിതരം ഒരു കണ്ടെന്റിന്റെ 'പ്രസക്തി' കണക്കാക്കുന്നത്. 

ഏറെക്കുറെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും തങ്ങളുടെ ഇടപാടുകള്‍ക്ക് ടാര്‍ഗറ്റ് ചെയ്തിട്ടുള്ള പരസ്യങ്ങള്‍ നല്‍കുന്നു. അതാണ് അവര്‍ പരസ്യദാതാക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന മൂല്യം. ഉപയോക്താക്കളെ വശീകരിക്കുന്ന പരസ്യങ്ങള്‍ അവരുടെ ടൈംലൈനുമായി നിരന്തരം ചേര്‍ത്തുവെയ്ക്കുന്നതിനാല്‍, ഇതില്‍നിന്ന് ഫേസ്ബുക്കിന്റെ ബിസിനസിനും പ്രയോജനം ലഭിക്കും. പരസ്യദാതാവിനും ഉപയോക്താക്കള്‍ക്കും ഒരു വിന്‍-വിന്‍ എന്ന നിലയിലാണ് ഫേസ്ബുക്ക് അവയെ വില്‍ക്കുന്നത്. എന്നാല്‍, അല്‍ഗോരിത പ്രകാരം ഇഷ്ടപ്പെടുന്ന ഇടപാടുകാര്‍ ഭിന്നിപ്പിക്കുന്ന സന്ദേശങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളായി മാറുമ്പോള്‍, മികച്ചൊരു ബിസിനസ് മാതൃകയായി പ്രവര്‍ത്തിക്കുന്ന ഒരു തന്ത്രത്തിന് ജനാധിപത്യത്തില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും. 

പ്രബല പാര്‍ട്ടിയുടെ നേട്ടങ്ങള്‍

2019 ഡിസംബറില്‍ ഫേസ്ബുക്കിന്റെ ആഡ് ഡെലിവറി അല്‍ഗോരിതം രാഷ്ട്രീയ ഭിന്നിപ്പിനെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നാണ് നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, യുഎസിലെ നോണ്‍ പ്രോഫിറ്റ് ടെക് ജസ്റ്റിസ് ഓര്‍ഗനൈസേഷന്‍ അപ്ടേണ്‍ എന്നിവയിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. 

തങ്ങളുടെ കാഴ്ചപ്പാടുമായി ചേര്‍ന്നുപോകാത്തതെന്ന് വിശ്വസിക്കുന്ന പ്ലാറ്റ്‌ഫോമില്‍ പരസ്യങ്ങളും കാമ്പയിനും നടത്തുന്നത്, ഫേസ്ബുക്കില്‍ നിലവിലുള്ള സപ്പോര്‍ട്ടേഴ്‌സിന് അപ്പുറത്തേക്ക് എത്തുന്നതില്‍നിന്ന് തങ്ങളെ തടയുമെന്നും ചെലവ് വര്‍ധിപ്പിക്കുമെന്നും രാഷ്ട്രീയക്കാര്‍ തന്നെ മനസിലാക്കിയിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.

ഫലത്തില്‍, വിലനിര്‍ണയ അല്‍ഗോരിതത്തിലൂടെ, വൈവിധ്യമാര്‍ന്ന കാഴ്ചകളിലേക്കുള്ള പ്രവേശനത്തെ കുറച്ചുകൊണ്ട്, ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ കാഴ്ചയെ മറയ്ക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഹിന്ദുത്വ അനുകൂല രാഷ്ട്രീയത്തോടും നരേന്ദ്ര മോദിയോടും ചായ്‌വുള്ളവരായി ഫേസ്ബുക്ക് അനുമാനിക്കുന്ന ആര്‍ക്കും, അവരുടെ പരസ്യത്തിന്റെ കണ്ടെന്റ് ഇവ രണ്ടിനെയും വാഴ്ത്തിപ്പാടുന്നതാണെങ്കില്‍, ഏറ്റവും കുറഞ്ഞ നിരക്കില്‍ പരസ്യത്തിന് അനുമതി ലഭിക്കും. എന്നാല്‍, ഇതേ ഓഡിയന്‍സിനെത്തന്നെ ഹിന്ദുത്വ അനുകൂല രാഷ്ട്രീയത്തെയും മോദിയേയും ഇകഴ്ത്തുന്ന പരസ്യങ്ങള്‍ കാണിക്കുന്നത് കൂടുതല്‍ ചെലവേറിയതാകും. 

എങ്ങനെയാണ് ഓഡിയന്‍സിനെ ടാര്‍ഗറ്റ് ചെയ്യുന്നത് എന്നതിനനുസരിച്ച് ഈ രണ്ട് പാര്‍ട്ടികള്‍ക്കുമുള്ള പരസ്യത്തുകകള്‍ വലിയതോതില്‍ വ്യത്യാസപ്പെടാമെന്ന് ഈ പഠനങ്ങളുടെ രചയിതാക്കളില്‍ ഒരാളായ, നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ പീയോറ്റര്‍ സപിസിന്‍സ്‌കി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിനോട് പറഞ്ഞു. 'രണ്ട് പാര്‍ട്ടികളും ഒരേ ഓഡിയന്‍സിനെത്തന്നെ ടാര്‍ഗറ്റ് ചെയ്യുന്ന സാഹചര്യങ്ങളില്‍, ഫേസ്ബുക്കില്‍ കൂടുതല്‍ പിന്തുണയുള്ള പാര്‍ട്ടിക്ക് കുറഞ്ഞ പിന്തുണയുള്ള പാര്‍ട്ടിയേക്കാള്‍ കുറഞ്ഞനിരക്കില്‍ പരസ്യം ലഭ്യമാകുന്നതായിരിക്കും' -അദ്ദേഹം പറഞ്ഞു. 

ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 16.7 മില്യണ്‍ ഫോളോവേഴ്‌സും പാര്‍ട്ടി നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫേസ്ബുക്കില്‍ 46.8 മില്യണ്‍ ഫോളോവേഴ്‌സുമുണ്ട്. ഫേസ്ബുക്കിലെ അനുയായികളുടെ വലുപ്പം ബിജെപി ഉള്ളടക്കങ്ങള്‍ക്ക് കുടുതല്‍ വ്യവഹാരങ്ങള്‍ സാധ്യമാക്കുന്നു. അതേസമയം, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പേജിന് 6.2 മില്യണ്‍ ഫോളോവേഴ്‌സും നേതാവായ രാഹുല്‍ ഗാന്ധിക്ക് 4.7 മില്യണ്‍ ഫോളോവേഴ്‌സും മാത്രമാണ് ഫേസ്ബുക്കിലുള്ളത്. 

ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ആദ്യം എത്തിയവര്‍ ബിജെപി ആണ്. അതുകൊണ്ടുതന്നെ എതിര്‍കക്ഷികളേക്കാള്‍ കൂടുതല്‍ പണം അവര്‍ അതിലേക്കൊഴുക്കി. അനുഭാവികള്‍, അനുബന്ധ സംഘടനകള്‍ തുടങ്ങി പകരക്കാര്‍ വരെയുള്ളവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഫേസ്ബുക്കിന്റെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ ബിജെപിയുടെ 2014ലെ ദേശീയ തെരഞ്ഞെടുപ്പ് കാമ്പയിനുമായി അടുത്ത് പ്രവര്‍ത്തിക്കുകയും, കാമ്പയിന്‍ വേഗത്തിലാക്കാന്‍ വേണ്ടി ഫേസ്ബുക്ക് ഉപയോഗിക്കുവാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. 

തങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മ കാരണം, ഏറ്റവും കുറഞ്ഞ പണച്ചെലവില്‍ കൂടുതല്‍ ആളുകളെ പരസ്യങ്ങള്‍ കാണിക്കുവാനുള്ള സാധ്യത ഫേസ്ബുക്കിന്റെ പരസ്യ അല്‍ഗോരിതം തങ്ങള്‍ക്ക് ലഭ്യമാക്കുന്നു എന്നതാണ് കാവിപ്പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെ കുറഞ്ഞ ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ കക്ഷികളെ പിന്തള്ളിക്കൊണ്ടാണ് ബിജെപിയുടെ നേട്ടം. ഇത്തരമൊരു സംവിധാനം തുടരുകയാണെങ്കില്‍, ഇനിയുള്ള ഓരോ തെരഞ്ഞെടുപ്പ് കാമ്പയിനുകളിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കൂടുതല്‍ ദോഷകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ട് ഇതിനോടകം ഫേസ്ബുക്കില്‍ പ്രബലരായ ബിജെപിക്ക് തങ്ങളെ പിന്തുണക്കുന്നവരുടെ അടിസ്ഥാനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയും.

കുമാര്‍ സംഭവ്, നയന്‍താര രംഗനാഥന്‍ എന്നിവര്‍ ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് (www.reporters-collective.in) അംഗങ്ങളാണ്. അന്വേഷണ പരമ്പര ഇംഗ്ലീഷില്‍ അല്‍ ജസീറയാണ് (www.aljazeera.com) പ്രസിദ്ധീകരിച്ചിരിക്കുന്നത്.