ഫേസ്ബുക്കിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍; ബിജെപിക്ക് വന്‍ ഡിസ്‌ക്കൗണ്ട്, മറ്റു പാര്‍ട്ടികള്‍ക്ക് ഉയര്‍ന്ന നിരക്ക്

ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് അന്വേഷണ പരമ്പരയുടെ മൂന്നാംഭാഗം
 
FB BJP
ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ ഇടപാടുകാരന് ഫേസ്ബുക്ക് അനുവദിച്ച കുറഞ്ഞ പരസ്യനിരക്ക്, കുറഞ്ഞ ചെലവില്‍ കൂടുതല്‍ വോട്ടര്‍മാരിലേക്കെത്താന്‍ ബിജെപിയെ സഹായിച്ചു


റിലയന്‍സ് ഫണ്ട് ചെയ്യുന്ന കമ്പനികളും ഫേസ്ബുക്കും ബിജെപിയുടെ വര്‍ഗീയ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചുള്ള തുറന്നെഴുത്താണ് ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ അന്വേഷണ പരമ്പര. റിലയന്‍സ് ഫണ്ട് ചെയ്യുന്ന NEWJ ബിജെപിക്കായി ഫേസ്ബുക്കില്‍ ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ചായിരുന്നു അന്വേഷണ പരമ്പരയുടെ ആദ്യഭാഗം. എന്നാല്‍, ബിജെപിയുമായുള്ള ബന്ധം വെളിപ്പെടുത്താതെ ഫേസ്ബുക്കില്‍ അവര്‍ക്കായി പ്രചാരണം നടത്തുന്നവര്‍ NEWJ മാത്രമല്ലെന്നാണ് തുടര്‍ അന്വേഷണങ്ങളില്‍ വെളിപ്പെടുന്നത്. ഫേസ്ബുക്കിലെ സറോഗേറ്റ് പരസ്യ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ മറ്റുള്ളവരെക്കുറിച്ചായിരുന്നു പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ വിശദീകരിച്ചത്. കോണ്‍ഗ്രസിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ബിജെപിയുടെ പരസ്യങ്ങള്‍ ഫേസ്ബുക്ക് പ്രൊമോട്ട് ചെയ്തിരുന്നതെന്നാണ് ഈ ഭാഗത്തില്‍ വിവരിക്കുന്നത്. 

ഫേസ്ബുക്ക് അല്‍ഗോരിതം ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിക്ക്, മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് കുറഞ്ഞനിരക്കില്‍ പരസ്യ ഇടപാടുകള്‍ വാഗ്ദാനം ചെയ്തതായി, 22 മാസങ്ങള്‍ക്കിടെ നടന്ന 10 തെരഞ്ഞെടുപ്പുകളിലെ പരസ്യച്ചെലവുകള്‍ വിശകലനം ചെയ്തതില്‍നിന്ന് മനസിലാക്കാനായി. ബിജെപി വിജയിച്ച 2019ലെ ദേശീയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുള്‍പ്പെടെ 10 തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും, എതിര്‍ പാര്‍ട്ടികളേക്കാള്‍ കുറഞ്ഞ നിരക്കാണ് പരസ്യങ്ങള്‍ക്കായി ഫേസ്ബുക്ക് ഈടാക്കിയത്. 

അനുകൂലമായ ഇത്തരമൊരു വിലനിര്‍ണയം, ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഉപഭോക്താവായ ബിജെപിയെ കുറഞ്ഞ പണത്തിന് കൂടുതല്‍ വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ സഹായിച്ചു. അത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ കുതിപ്പേകി. 

ഇന്ത്യ ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് (ടിആര്‍സി), സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പരസ്യങ്ങള്‍ പഠിക്കുന്ന ഗവേഷണ പദ്ധതിയായ ad.watch എന്നിവ 2019 ഫെബ്രുവരി മുതല്‍ 2020 നവംബര്‍ വരെ ഫേസ്ബുക്കില്‍ നല്‍കിയ 5,36,070 രാഷ്ട്രീയ പരസ്യങ്ങളുടെ ഡാറ്റ വിശകലനം ചെയ്തു. Metaയുടെ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള രാഷ്ട്രീയ പരസ്യ ഡാറ്റയിലേക്ക് അക്സസ് അനുവദിക്കുന്ന 'സുതാര്യത' ടൂള്‍ ആയ Ad Library Application Programming Interface (API) വഴിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.

ബിജെപിക്കും അവരുടെ സ്ഥാനാര്‍ഥികള്‍ക്കും അനുബന്ധ സംഘടനകള്‍ക്കും, ഒരു പരസ്യം ഒരു മില്യണ്‍ പ്രാവശ്യം കാണിക്കാന്‍ ശരാശരി 41,844 രൂപ (546 ഡോളര്‍) ആണ് ഫേസ്ബുക്ക് ഈടാക്കിയത്. എന്നാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും അവരുടെ സ്ഥാനാര്‍ഥികള്‍ക്കും അനുബന്ധ സംഘടനകളും 53,776 രൂപ (702 ഡോളര്‍), ഏതാണ്ട് 29 ശതമാനം കൂടുതല്‍ തുക സമാന കാഴ്ച്ചകള്‍ക്ക് (വ്യൂസ്) കൊടുക്കേണ്ടിവന്നു. 

ടിആര്‍സിയും ad.watch ഉം പ്രാഥമികമായി കോണ്‍ഗ്രസുമായാണ് താരതമ്യപ്പെടുത്തിയത്, കാരണം രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നവര്‍ അവരാണ്. ഡാറ്റ ലഭ്യമായിട്ടുള്ള 22 മാസ കാലയളവില്‍, ബിജെപിയും അവരുടെ അനുബന്ധ സംഘടനകളും ഔദ്യോഗിക പേജുകളിലൂടെ ഫേസ്ബുക്കില്‍ പരസ്യങ്ങള്‍ നല്‍കുന്നതിന് മൊത്തം 104.1 മില്യണ്‍ രൂപ (1.36 മില്യണ്‍ ഡോളര്‍) ചെലവഴിച്ചു. ഇതിനു വിപരീതമായി, കോണ്‍ഗ്രസും അവരുടെ അനുബന്ധ സംഘടനകളും 64.4 മില്യണ്‍ (841,000 ഡോളര്‍) രൂപയാണ് ചെലവഴിച്ചത്

എന്നാല്‍, ഫേസ്ബുക്ക് കോണ്‍ഗ്രസിന് നല്‍കിയ ഉയര്‍ന്ന നിരക്കും ബിജെപിക്ക് നല്‍കിയ കുറഞ്ഞ നിരക്കും കണക്കിലെടുക്കുമ്പോള്‍, സമാന കാഴ്ച്ചകള്‍ക്ക് നല്‍കേണ്ടിയിരുന്നതിനേക്കാള്‍ കുറഞ്ഞത് 11.7 ദശലക്ഷം രൂപ (153,000 ഡോളര്‍) ബിജെപിയേക്കാള്‍ അധികമായി കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. 

പ്രതിപക്ഷ പാര്‍ട്ടിയെയും അവരുടെ സ്ഥാനാര്‍ഥികളെയും പ്രൊമോട്ട് ചെയ്യുന്ന പരസ്യങ്ങള്‍ മുടക്കുകയും, വിസിബിളിറ്റിയും റീച്ചും വര്‍ധിപ്പിച്ചുകൊണ്ട് ബിജെപിയെ പ്രോത്സാഹിപ്പിക്കുന്നതിന് അജ്ഞാത-വാടക പരസ്യദാതാക്കളെ ഫേസ്ബുക്ക് അനുവദിച്ചത് എങ്ങനെയെന്നും ടിആര്‍സിയും ad.watch-ഉം ഈ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ വ്യക്തമാക്കിയിരുന്നു.  

പാര്‍ട്ടികളുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ക്കൊപ്പം സറോഗേറ്റ് പരസ്യങ്ങളുടെ വിലയും ഉള്‍പ്പെടുത്തിയാല്‍, ബിജെപിക്ക് ലഭിച്ച ഓഫറുകള്‍ കൂടുതല്‍ മധുരതരമാകും. ബിജെപിയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ പരസ്യദാതാക്കള്‍ക്കും, ഒരു പരസ്യത്തിന് ഒരു മില്യണ്‍ കാഴ്ചയ്ക്ക് ഫേസ്ബുക്ക് ശരാശരി 39,552 രൂപ (517 ഡോളര്‍) ആണ് ഈടാക്കിയത്. എന്നാല്‍ കോണ്‍ഗ്രസിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ പരസ്യദാതാക്കളില്‍ നിന്നും ശരാശരി 52,150 രൂപ (681 ഡോളര്‍) ഈടാക്കി, ഏകദേശം 32 ശതമാനം കൂടുതലാണത്. 

ഫേസ്ബുക്കിന്റെ നയങ്ങളും അല്‍ഗോരിതങ്ങളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും ഭീഷണിയാകുമെന്ന ഇന്ത്യയിലെ സുപ്രീം കോടതിയുടെ ആശങ്കകളെ ഈ കണ്ടെത്തലുകള്‍ ബലപ്പെടുത്തുന്നു.

'ഒരു ജനാധിപത്യ സര്‍ക്കാരിന്റെ അടിത്തറയായ തെരഞ്ഞെടുപ്പും വോട്ടെടുപ്പും സോഷ്യല്‍ മീഡിയ കൃത്രിമത്വത്തിന്റെ ഭീഷണിയിലാണ്' എന്നാണ്, 240 ദശലക്ഷത്തോളം ഉപയോക്താക്കളുള്ള നിഷ്പക്ഷവും രഹസ്യാത്മകത പുലര്‍ത്തുന്നതുമായ ഒരു പ്ലാറ്റ്ഫോമാണെന്ന ഫേസ്ബുക്കിന്റെ വാദങ്ങള്‍ നിരസിച്ചുകൊണ്ട് കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി പറഞ്ഞത്. 2020ല്‍ നഗരത്തില്‍ നടന്ന കലാപവും വിദ്വേഷം വളര്‍ത്താനുള്ള വേദിയായി ഫേസ്ബുക്ക് ഉപയോഗിച്ചുവെന്ന പരാതികളും അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നും ഫേസ്ബുക്ക് കോടതിയില്‍ അഭ്യര്‍ഥിച്ചിരുന്നു.

മറ്റു രാജ്യങ്ങളിലുണ്ടായ വിവാദങ്ങളും സംവാദങ്ങളും, പ്രത്യേകിച്ച് യുഎസില്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടെ അടിസ്ഥാനമാക്കിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.  
 
അല്‍ഗോരിതം നേട്ടമായത് ബിജെപിക്ക് 

ഫേസ്ബുക്കിന്റെ വിലനിര്‍ണയ അല്‍ഗോരിതങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കിയെന്നതിനുള്ള ഡാറ്റ പിന്തുണയുള്ള തെളിവുകള്‍ ടിആര്‍സിയും ad.watch-ഉം കണ്ടെത്തി.

രാഷ്ട്രീയ പാര്‍ട്ടികളോ അവരുടെ പരസ്യദാതാക്കളോ പണം നല്‍കിയുള്ള പോസ്റ്റുകളാണ് ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ വാര്‍ത്താ ഫീഡിലേക്ക് എത്തിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച നിരക്കുകള്‍ അടിസ്ഥാനമാക്കി പരസ്യദാതാക്കളില്‍ നിന്ന് പണം ഈടാക്കുന്ന പരമ്പരാഗത പ്രിന്റ് അല്ലെങ്കില്‍ ബ്രോഡ്കാസ്റ്റ് മീഡിയയില്‍ നിന്ന് വ്യത്യസ്തമായി, ഫേസ്ബുക്കിന്റെ വാര്‍ത്താ ഫീഡിന്റെ തത്സമയ ലേലത്തെയും തങ്ങളുടെ മറ്റു പ്ലാറ്റ്‌ഫോമുകളിലെ സ്ഥലത്തെയും അടിസ്ഥാനമാക്കിയാണ് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ പരസ്യങ്ങള്‍ക്ക് വന്‍തോതില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നത്. ടാര്‍ഗറ്റ് പ്രേക്ഷകരെ പരസ്യദാതാക്കള്‍ക്ക് നിര്‍വചിക്കാനാകും, എന്നാല്‍ ഉപയോക്താക്കളുടെ സ്‌ക്രീനില്‍ ഒരു പരസ്യം എത്ര തവണ ദൃശ്യമാകണം, അതിന് എന്ത് നിരക്ക് വേണ്ടിവരും എന്നൊക്കെ നിര്‍വചിക്കുന്നത് അതാര്യമായ അല്‍ഗോരിതമാണ്. 

പ്രധാനമായും രണ്ട് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അല്‍ഗോരിതം ഒരു പരസ്യത്തിന്റെ വില നിശ്ചയിക്കുന്നത്: 1. ടാര്‍ഗറ്റ് പ്രേക്ഷകരുടെ കാഴ്ചകള്‍ എത്രത്തോളം മൂല്യമുള്ളതാണ്, 2. ടാര്‍ഗറ്റ് പ്രേക്ഷകര്‍ക്ക് പരസ്യ ഉള്ളടക്കം എത്രത്തോളം പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും, ഒരു പ്രത്യേക പരസ്യത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള കൃത്യമായ കണക്കുകൂട്ടലുകള്‍ മെറ്റാ വെളിപ്പെടുത്തുന്നില്ല.

പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയും അവര്‍ക്ക് ലഭിച്ച കാഴ്ചകളും ടിആര്‍സിയും ad.watchഉം അവലോകനം ചെയ്തപ്പോള്‍, 10 തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും ഫലം ഒന്നു തന്നെയാണെന്ന് കാണാന്‍ കഴിഞ്ഞു, ബിജെപിക്ക് മെച്ചപ്പെട്ട ഇടപാട് ലഭിച്ചു. 

ഇതുസംബന്ധിച്ച് വിശദമായ ഇമെയിലിലൂടെ മെറ്റയുടെ പ്രതികരണം ആരാഞ്ഞപ്പോള്‍, ആരുടെയും രാഷ്ട്രീയ നിലപാടുകളോ പാര്‍ട്ടി ബന്ധങ്ങളോ പരിഗണിക്കാതെ ഞങ്ങള്‍ ഞങ്ങളുടെ നയങ്ങള്‍ ഒരേപോലെ പ്രയോഗിക്കുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. സമഗ്രതയെക്കുറിച്ചുള്ളതോ ഉള്ളടക്ക വര്‍ധനവിനെക്കുറിച്ചോ ഉള്ള തീരുമാനങ്ങള്‍ ഒരു വ്യക്തിക്ക് ഏകപക്ഷീയമായി എടുക്കാന്‍ കഴിയില്ല. പകരം, അവ കമ്പനിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. പ്രാദേശികവും ആഗോളവുമായ സന്ദര്‍ഭങ്ങള്‍ ഞങ്ങള്‍ പരിഗണിക്കുകയും മനസിലാക്കുകയും കണക്കിലെടുക്കുകയും ചെയ്യുന്നുവെന്നത് ഉറപ്പാക്കാനുള്ള നിര്‍ണായകമായ ഒരു പ്രക്രിയ കൂടിയാണത്', മെറ്റ പറഞ്ഞു. അതേസമയം, ബിജെപിക്കും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരേ പരസ്യങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ എന്തുകൊണ്ടാണെന്ന ചോദ്യത്തോട് അവര്‍ പ്രതികരിച്ചില്ല. 

FB BJP

ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചു നടന്ന 2019ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മൂന്ന് മാസത്തെ പ്രചാരണത്തില്‍, ഫേസ്ബുക്കിന്റെ അല്‍ഗോരിതം ബിജെപിയില്‍ നിന്നും അവരുടെ സ്ഥാനാര്‍ഥികളില്‍ നിന്നും ഒരു പരസ്യത്തിന് ഇടാക്കിയത് ഒരു മില്യണ്‍ കാഴ്ചകള്‍ക്ക് ശരാശരി 61,584 രൂപ (804 ഡോളര്‍) ആണ്. എന്നാല്‍, അതേ കാഴ്ചകള്‍ക്ക് കോണ്‍ഗ്രസിന് 66,250 രൂപ (865 ഡോളര്‍) നല്‍കേണ്ടി വന്നു.

2019ല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഹരിയാനയിലെ തെരഞ്ഞെടുപ്പിന്റെ മൂന്ന് മാസത്തെ പ്രചാരണ കാലയളവില്‍ കോണ്‍ഗ്രസും അവരുടെ സ്ഥാനാര്‍ഥികളും ഒരു മില്യണ്‍ കാഴ്ചക്കായി ഫേസ്ബുക്കിന് ശരാശരി 42,303 രൂപ (552 ഡോളര്‍) നല്‍കി. എന്നാല്‍ ബിജെപിയും അവരുടെ സ്ഥാനാര്‍ഥികളും അത്രതന്നെ കാഴ്ചകള്‍ക്ക് നല്‍കിയത് 35,856 രൂപ (468 ഡോളര്‍) മാത്രമാണ്.
 
കിഴക്കന്‍ സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ അതേ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍, ബിജെപിയും അവരുടെ സ്ഥാനാര്‍ഥികളും തങ്ങളുടെ പരസ്യങ്ങള്‍ക്കായി ഒരു മില്യണ്‍ കാഴ്ചകള്‍ക്കായി 34,905 രൂപ (456 ഡോളര്‍) നല്‍കി. അതേസമയം, കോണ്‍ഗ്രസും അവരുടെ സ്ഥാനാര്‍ഥികളും 51,351 രൂപ (671 ഡോളര്‍), അഥവാ 47 ശതമാനം അധികം തുക മൂന്നു മാസത്തെ പ്രചാരണങ്ങളിലെ സമാന കാഴ്ചകള്‍ക്കായി നല്‍കേണ്ടിവന്നു. 

2020ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസും അവരുടെ സ്ഥാനാര്‍ഥികളും ഒരു മില്യണ്‍ കാഴ്ചകള്‍ക്ക് ശരാശരി 39,909 രൂപ (521 ഡോളര്‍) ഫേസ്ബുക്കിന് നല്‍കിയപ്പോള്‍, ബിജെപി നല്‍കിയത് 35,596 രൂപ (465 ഡോളര്‍) മാത്രമാണ്. ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിജയിയും ബിജെപിയുടെ മറ്റൊരു എതിര്‍കക്ഷിയുമായിരുന്ന ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഈടാക്കിയത്. ഒരു മില്യണ്‍ കാഴ്ചകള്‍ക്ക് 64,173 രൂപ (838 ഡോളര്‍), അഥവാ ബിജെപി നല്‍കിയതിനേക്കാള്‍ 80 ശതമാനം കൂടുതല്‍ തുക. 

2020ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, ബിജെപി ഒരു മില്യണ്‍ കാഴ്ചയ്ക്ക് 37,285 രൂപ (487 ഡോളര്‍) നല്‍കി, അതിനായി കോണ്‍ഗ്രസ് 45,207 രൂപ (590 ഡോളര്‍) ചെലവഴിച്ചു. അതേ തെരഞ്ഞെടുപ്പില്‍, ബിജെപിയുടെ പ്രധാന പ്രാദേശിക സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് ഒരു മില്യണ്‍ കാഴ്ചയ്ക്ക് ഏറ്റവും ഉയര്‍ന്ന തുക, 66,704 രൂപയാണ് (871 ഡോളര്‍) ഈടാക്കിയത്.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിന് കുറഞ്ഞ പരസ്യനിരക്ക് ലഭിച്ചത്. ഒരു മില്യണ്‍ കാഴ്ചകള്‍ക്ക് 38,124 രൂപ (498 ഡോളര്‍) കോണ്‍ഗ്രസ് നല്‍കിയപ്പോള്‍ ബിജെപിക്ക് 43,482 രൂപ (568 ഡോളര്‍) നല്‍കേണ്ടിവന്നു. 

എങ്ങനെയാണ് റിലയന്‍സ് ഫണ്ട് ചെയ്യുന്ന കമ്പനി ഫേസ്ബുക്കില്‍ ബിജെപി കാമ്പയിനുകളെ പ്രോത്സാഹിപ്പിക്കുന്നത്? 

തെരഞ്ഞെടുപ്പുകള്‍ സംതുലിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവുകള്‍ക്ക് തെരഞ്ഞെടുപ്പ് ചട്ടപ്രകാരം പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും മറ്റു പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് സ്ഥിരമായി എത്തിച്ചേരാന്‍ ബിജെപിയെയും അവരുടെ സ്ഥാനാര്‍ഥികളെയും ഫേസ്ബുക്ക് അനുവദിച്ചു. ബിജെപിക്ക് ലഭിച്ച ഈ അന്യായമായ നേട്ടം, ഏതൊരു തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെയും സുപ്രധാന അടിത്തറയായ രാഷ്ട്രീയ മത്സരത്തിന് തുരങ്കംവെയ്ക്കുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

'പ്രചാരണച്ചെലവുകളിലെ നിരക്ക് വ്യത്യാസം സംബന്ധിച്ച ഏതൊരു തെളിവിലും തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം നടത്താനാവുന്നതാണ്. യു.കെ മുന്‍ ഉപപ്രധാനമന്ത്രിയും നിലവില്‍ മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റുമായ നിക്ക് ക്ലെഗുമായും മറ്റു സാങ്കേതിക വിദഗ്ധന്മാരുമായും ഗൗരതവതരമായൊരു സംഭാഷണത്തിനുള്ള ഉത്തരവിറക്കാനും അത് മതിയാകും', ന്യൂയോര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്ററിലെ ടെക്‌നോളജി അഭിഭാഷകനും ലീഗല്‍ ഡയറക്ടറുമായ മിഷി ചൗധരി പറഞ്ഞു. 'അധികാരത്തിലുള്ള പാര്‍ട്ടിയെ പരിഗണിക്കാതെ നിഷ്പക്ഷമായി നടപ്പാക്കുമ്പോള്‍ മാത്രമാണ് മാതൃകാ പെരുമാറ്റച്ചട്ടം മൂല്യമുള്ളതാകുന്നത്,' തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന ചട്ടങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് മിഷി ചൗധരി പറഞ്ഞു. 

രാഷ്ട്രീയ മത്സരത്തില്‍ സംതുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നൊരു സംഭവം ഇന്ത്യന്‍ നിയമ ചരിത്രത്തിലുണ്ട്. 1975ല്‍ അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. മറ്റു കാര്യങ്ങള്‍ക്കൊപ്പം, ഗാന്ധിക്ക് ലഭിച്ച ഏറ്റവും നിസാരമായ നേട്ടം, ഒരു അഴിമതിക്ക് തുല്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. 'തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍, പ്രധാനമന്ത്രിക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഉയര്‍ത്തിക്കെട്ടിയ പ്രസംഗവേദി, വളരെ ഉയര്‍ന്ന നിലയില്‍ നിന്നുകൊണ്ട് ആളുകളെ അഭിസംബോധന ചെയ്യാന്‍ ഇന്ദിരയെ സഹായിച്ചു, അതൊരു അഴിമതി നിറഞ്ഞ പ്രവര്‍ത്തിയാണ് എന്നായിരുന്നു കോടതി പറഞ്ഞത്' ദി കേസ് ദാറ്റ് ഷുക്ക് ഇന്ത്യ എന്ന പുസ്തകത്തില്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ എഴുതുന്നു. 

ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടും, ബിജെപിയുടെ മുഖ്യ വക്താവ് അനില്‍ ബലൂനിയും ഐടി, സോഷ്യല്‍ മീഡിയ മേധാവി അമിത് മാളവ്യയും ടിആര്‍സിയുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനും ചോദ്യാവലികളോട് പ്രതികരിച്ചില്ല.

എങ്ങനെയാണ് വിവരങ്ങള്‍ കിട്ടിയതും വിശകലനം ചെയ്തതും

2019 ഫെബ്രുവരിക്കും 2020 നവംബറിനും ഇടയില്‍ ഫേസ്ബുക്ക് പ്രസിദ്ധീകരിച്ച 536,000-ലധികം രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഞങ്ങള്‍ പരസ്യദാതാവിന്റെ ഡാറ്റ അക്സസ് ചെയ്തതെങ്ങനെയെന്ന് പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ വിശദമായി വിവരിച്ചിരുന്നു. 

ബിജെപിക്കും കോണ്‍ഗ്രസിനും ഫേസ്ബുക്ക് ഈടാക്കിയ പരസ്യനിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍, ഓരോ തെരഞ്ഞെടുപ്പിലും ഓരോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരസ്യദാതാക്കളുടെയും ആകെ പരസ്യങ്ങള്‍ക്കുള്ള മൊത്തം ചെലവും മൊത്തം കാഴ്ചകളും ഞങ്ങള്‍ കണക്കാക്കി. ഓരോ കക്ഷിക്കും ഓരോ ദശലക്ഷക്കണക്കിന് കാഴ്ചകള്‍ക്കുള്ള ചെലവ് കണക്കാക്കാന്‍ ഞങ്ങള്‍ ഈ മൊത്തം കണക്കുകള്‍ ഉപയോഗിച്ചു.

ഒരു പരസ്യത്തിന്റെ കൃത്യമായ വിലയോ കാഴ്ചകളോ ഫേസ്ബുക്ക് ആഡ് ലൈബ്രറി വെളിപ്പെടുത്തിയിരുന്നില്ല. ഓരോ പരസ്യത്തിനും പറ്റുന്ന ചെലവ്, കാഴ്ചകളുടെ എണ്ണം എന്നിവ 500ന്റെ റേഞ്ചിലാണ് നല്‍കുന്നത്, പൂജ്യത്തില്‍ തുടങ്ങി 500വരെയും പിന്നീട് 999, 500 മുതല്‍ 1,000,000 വരെയും. ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ക്കായി ആ ശ്രേണികളുടെ മുകളിലും താഴെയുമുള്ള പരിധികളുടെ ശരാശരി ഞങ്ങള്‍ ഉപയോഗിച്ചു. 1 മില്യണിലധികം കാഴ്ചകള്‍ ലഭിച്ചതായി ഫേസ്ബുക്ക് പറയുന്ന ചില പരസ്യങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നു, ചിലതിന് 1 മില്യണ്‍ രൂപയിലധികം ചെലവഴിച്ചു, എന്നാല്‍ ആ ശ്രേണികളുടെ ഉയര്‍ന്ന പരിധി എന്താണെന്ന് അത് വെളിപ്പെടുത്തിയില്ല. ഞങ്ങളുടെ കണക്കുകൂട്ടലുകളില്‍ നിന്ന് അത്തരം പരസ്യങ്ങളെല്ലാം ഞങ്ങള്‍ ഒഴിവാക്കി. 

ഫേസ്ബുക്കിലെ ബിജെപിയുടെ പരസ്യലോകം; സര്‍വസ്വതന്ത്രരായ വാടക, അജ്ഞാത പരസ്യദാതാക്കള്‍ 

ബാക്കിയുള്ള പരസ്യങ്ങളില്‍, 984.8 ദശലക്ഷം കാഴ്ചകള്‍ ലഭിക്കുന്നതിന് കോണ്‍ഗ്രസും അവരുടെ സ്ഥാനാര്‍ഥികളും 52.96 ദശലക്ഷം രൂപ (691,520 ഡോളര്‍) ചെലവഴിച്ചു. എന്നാല്‍ ബിജെപിയും അതിന്റെ സ്ഥാനാര്‍ത്ഥികളും വെറും 42.05 മില്യണ്‍ രൂപ (549,064 ഡോളര്‍) ചിലവഴിക്കുകയും മെച്ചപ്പെട്ട ഫലം നേടുകയും ചെയ്തു. അവരുടെ ഫേസ്ബുക്ക് പരസ്യങ്ങള്‍ക്ക് 1.005 ബില്യണിലധികം കാഴ്ചകള്‍ കിട്ടി. ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ് രണ്ട് പാര്‍ട്ടികള്‍ക്കും ഒരു മില്യണ്‍ കാഴ്ചകള്‍ക്കുള്ള ചെലവ് ഞങ്ങള്‍ കണക്കാക്കിയത്. 

യുഎസിലെ 2020ലെ തെരഞ്ഞെടുപ്പിനായി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ആഡ് ഒബ്സര്‍വേറ്ററി ആക്സസ് ചെയ്ത ആഡ് ലൈബ്രറി API ഡാറ്റയുടെ സമാനമായ വിശകലനത്തില്‍, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണത്തിന് പ്രസിഡന്റ് ജോ ബൈഡന്റെതിനേക്കാള്‍ കുറഞ്ഞ പരസ്യ നിരക്കുകള്‍ നല്‍കിയെന്ന് വ്യക്തമാകുന്നു. 

ഞങ്ങളുടെ അന്വേഷണത്തിന്റെ രീതിശാസ്ത്രവും കണ്ടെത്തലുകളും അവലോകനം ചെയ്ത ആഡ് ഒബ്‌സര്‍വേറ്ററി പ്രോജക്റ്റിലെ പ്രധാന ഗവേഷക ലോറ എഡല്‍സണ്‍ പറയുന്നു, 'ഈ കണ്ടെത്തലുകള്‍ രാഷ്ട്രീയ പരസ്യനിരക്ക് നിര്‍ണയത്തിലെ പ്രധാന അസമത്വങ്ങള്‍ കാണിക്കുന്നു. ഇത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തങ്ങളുടെ സന്ദേശങ്ങളിലൂടെ വോട്ടര്‍മാരുമായി ബന്ധപ്പെടാനുള്ള കഴിവിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ജനാധിപത്യ പ്രക്രിയയെക്കുറിച്ച് ആശങ്കയുള്ള ഏതൊരാള്‍ക്കും ഈ കണ്ടെത്തലുകളില്‍ ഉത്കണ്ഠയുണ്ടാകും. അവരുടെ പ്ലാറ്റ്‌ഫോം രാഷ്ട്രീയ പ്രസംഗത്തിനുള്ള ഒരു ലെവല്‍ പ്ലേയിംഗ് ഫീല്‍ഡ് ആണെന്ന് ഉറപ്പാക്കാന്‍ ഫേസ്ബുക്ക് പ്രവര്‍ത്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പക്ഷേ എന്തുകൊണ്ടാണ് ഫേസ്ബുക്ക് അല്‍ഗോരിതം ബിജെപിയെ അനുകൂലിക്കുന്നത്? ഉപയോക്താക്കളെ ന്യൂസ് ഫീഡുകളിലേക്ക് ആകര്‍ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന രഹസ്യക്കൂട്ട്, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ മത്സരം കുറയ്ക്കാന്‍ ബിജെപിയെ സഹായിക്കുന്നതെങ്ങനെയെന്ന് പരമ്പരയുടെ നാലാമത്തെയും അവസാനത്തെയും ഭാഗത്ത് വായിക്കാം.

കുമാര്‍ സംഭവ്, നയന്‍താര രംഗനാഥന്‍ എന്നിവര്‍ ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് (www.reporters-collective.in) അംഗങ്ങളാണ്. അന്വേഷണ പരമ്പര ഇംഗ്ലീഷില്‍ അല്‍ ജസീറയാണ് (www.aljazeera.com) പ്രസിദ്ധീകരിച്ചിരിക്കുന്നത്.