എങ്ങനെയാണ് റിലയന്‍സ് ഫണ്ട് ചെയ്യുന്ന കമ്പനി ഫേസ്ബുക്കില്‍ ബിജെപി കാമ്പയിനുകളെ പ്രോത്സാഹിപ്പിക്കുന്നത്? 

ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് അന്വേഷണ പരമ്പരയുടെ ആദ്യഭാഗം
 
Modi Mark_Zuckerberg
നിയമങ്ങളിലെ പഴുതുകളും പക്ഷപാതപരമായ പ്രയോഗവും റിലയന്‍സ് കമ്പനിക്ക് തുണയായി

 

2019ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി, തീവ്രവാദ കുറ്റാരോപിതയായ പ്രഗ്യ സിംഗ് താക്കൂര്‍ എന്ന ഹിന്ദു സന്ന്യാസിയെ രംഗത്തിറക്കിയിരുന്നു. ലോക്സഭയിലേക്ക് പ്രഗ്യ സിംഗിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയ ഉടന്‍ തന്നെ ഫേസ്ബുക്കില്‍ ന്യൂസ് റിപ്പോര്‍ട്ടിന്റെ രീതി അനുകരിക്കുംവിധമുള്ള ഒരു പരസ്യം വന്നു. പക്ഷേ, ഒരു തെറ്റായ അവകാശവാദമായിരുന്നു അതിന്റെ തലക്കെട്ടിനുവേണ്ടി ഉപയോഗിച്ചത്.

മഹാരാഷ്ട്രയിലെ മുസ്ലീം ഭൂരിപക്ഷ നഗരമായ മലെഗാവില്‍ ആറുപേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തില്‍, സ്ഫോടക വസ്തുക്കള്‍ ഒളിപ്പിക്കാനുള്ള മോട്ടോര്‍ സൈക്കിള്‍ ലഭ്യമാക്കിയ കേസില്‍ നിന്നും പ്രഗ്യ സിംഗിനെ കുറ്റവിമുക്തയാക്കിയെന്നായിരുന്നു ആ തെറ്റായ അവകാശവാദം. ഒറ്റ ദിവസം കൊണ്ട് 300,00 പേരിലേക്കാണ് ആ വ്യാജ വാര്‍ത്ത എത്തിച്ചേര്‍ന്നത്. യഥാര്‍ത്ഥത്തില്‍, പ്രഗ്യ സിംഗ് ആ കേസില്‍ ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചികിത്സാര്‍ത്ഥം ജാമ്യം നേടിയാണ് അവര്‍ പുറത്തുവന്നതും തെരഞ്ഞെടുപ്പില്‍ നിന്നു വിജയിച്ചതും.

Pragya Singh Thakur
ഫേസ്ബുക്കിന്റെ ആഡ് ലൈബ്രറിയില്‍ നിന്നുള്ള സ്‌ക്രീന്‍ഗ്രാബ്, പ്രഗ്യ സിംഗിനെക്കുറിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള NEWJ പരസ്യം (ഫയല്‍: ഫേസ്ബുക്ക് പരസ്യ ലൈബ്രറി)

ഏപ്രില്‍ 11ന് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു മാസം മുമ്പ് പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്നത്തെ പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു പരസ്യം ഫേസ്ബുക്ക് പ്രചരിപ്പിച്ചിരുന്നു. ബിജെപി തീവ്രവാദത്തോട് മൃദുസമീപനമാണ് കാണിക്കുന്നതെന്ന് ആരോപിച്ച്, രാഹുല്‍ നടത്തിയ പ്രസംഗത്തില്‍, 1990കളുടെ അവസാനത്തില്‍ വന്ന മുന്‍ ബിജെപി സര്‍ക്കാര്‍ കൊടുംഭീകരനായി ഇന്ത്യ മുദ്രകുത്തിയ പാക് ഭീകരന്‍ മസൂദ് അസറിനെ ജയിലില്‍ നിന്നും വിട്ടയച്ച കാര്യം പരാമര്‍ശിച്ചിരുന്നു. ആ പ്രസംഗത്തില്‍ അസറിനെ രാഹുല്‍ ഗാന്ധി 'അസര്‍ ജി' എന്ന് ബഹുമാനത്തോടെ പരാമര്‍ശിച്ചു എന്നായിരുന്നു ഫേസ്ബുക്കിലെ പരസ്യം.

രാഹുലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആ പരസ്യം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഫേസ്ബുക്ക് അത് നീക്കം ചെയ്തുവെങ്കിലും മറ്റൊരു വേഷത്തില്‍ വീണ്ടുമത് പ്രത്യക്ഷപ്പെട്ടു. NEWJ എന്ന ലോഗോയോടു കൂടി ഒരു ന്യൂസ് റിപ്പോര്‍ട്ട് ആയാണത് വേഷം മാറി വന്നത്. രാഹുല്‍ ഗാന്ധിയെ അപഹസിക്കുന്ന തരത്തില്‍ 'രാഹുല്‍ മസൂദ് അസറിനെ അസര്‍ ജി എന്നു വിളിച്ചപ്പോള്‍' എന്ന തലക്കെട്ടോടെ പ്രചരിക്കുകയും വെറും നാല് ദിവസത്തിനുള്ളില്‍ ആറരലക്ഷം പേര്‍ കാണുകയും ചെയ്തു.

Rahul
മസൂദ് അസറിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരിഹാസ പരാമര്‍ശത്തെക്കുറിച്ച് NEWJ നല്‍കിയ പരസ്യം (ഫയല്‍: ഫേസ്ബുക്ക് പരസ്യ ലൈബ്രറി)

മേല്‍പ്പറഞ്ഞ രണ്ട് പരസ്യങ്ങളും NEWJ എന്ന ഫേസ്ബുക്ക് പേജ് പെയ്ഡ് ചെയ്തിരുന്നു. ഫേസ്ബുക്കിന്റെ ആഡ് ലൈബ്രറിയില്‍ നിന്നുള്ള വിവരമനുസരിച്ച് ആ പരസ്യങ്ങള്‍ ബ്രൗസ് ചെയ്യുവാനുള്ള ഗ്രാഫിക്കല്‍ ഇന്റര്‍ഫെയ്സ് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോമില്‍ ഉടനീളം പ്ലെയ്സ് ചെയ്യുകയും ചെയ്തിരുന്നു. New Emerging World of Journalism Limited എന്നതിന്റെ ചുരുക്ക രൂപമായ NEWJ, ശതകോടീശ്വരനായ മുകേഷ് അമ്പാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ആന്‍ഡ് ഇന്റര്‍നെറ്റ് ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമം നടപ്പാക്കുന്നതിലുള്ള പഴുതുകളും ഫേസ്ബുക്ക് തങ്ങളുടെ നിയമാവലികളും പ്രക്രിയകളും പക്ഷപാതപരമായി ഉപയോഗിച്ചതും, 2019ലെ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിന്റെയും ഒമ്പത് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിന്റെയും ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാഭിപ്രായ നിര്‍മിതിക്കായി ഒരു സ്ഥാനാര്‍ഥി നേരിട്ടോ, ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട നിലയിലോ അല്ലാതെ, ഒരു വ്യക്തിയെ നിര്‍ത്തി, പ്രചാരണങ്ങള്‍ നടത്തി വിജയിപ്പിക്കുന്നതിനായി, നാഥനില്ലാത്ത പരസ്യ പ്രചാരണങ്ങള്‍ക്കായി ദശലക്ഷക്കണക്കിന് പണം ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കൂട്ടായ്മയ്ക്കായി ഇറക്കുമതി ചെയ്യാന്‍ പ്രധാനകാരണമായി. 

വാടക പരസ്യങ്ങള്‍ (Surrogate advertisment) ഇല്ലാതാക്കുന്നുവെന്ന ആഹ്വാനവുമായി ഫേസ്ബുക്ക് രംഗത്തു വന്നപ്പോള്‍, അതിനു കാരണമായി പറഞ്ഞത് സുതാര്യതയും ഉത്തരവാദിത്തവും ഉപഭോക്താക്കള്‍ക്ക് ഉറപ്പു വരുത്തുന്നു എന്നതായിരുന്നു. എന്നാല്‍ അവര്‍ ലക്ഷ്യം വച്ചത് ബിജെപിയുടെ പ്രധാന എതിരാളികളായ കോണ്‍ഗ്രസിന്റെ പരസ്യങ്ങളായിരുന്നു. അതേസമയം തന്നെയാണവര്‍ NWEJയെ പോലുള്ള പേജുകള്‍ തുടരാന്‍ അനുവദിച്ചതും.

ഇന്ത്യയിലുള്ള ഒരു നോണ്‍-പ്രോഫിറ്റ് മീഡിയ ഓര്‍ഗനൈസേഷന്‍ ആയ 'ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്', 2019 ഫെബ്രുവരി മുതല്‍ 2020 നവംബര്‍ വരെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വന്നിട്ടുള്ള മഴുവന്‍ രാഷ്ട്രീയ പരസ്യങ്ങളുടെയും (536,070 പരസ്യങ്ങള്‍) ഡേറ്റകള്‍ വിശകലനം ചെയ്തിരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്കു മേലുള്ള ഫേസ്ബുക്കിന്റെ പൊളിറ്റിക്കല്‍ അഡ്വര്‍ടൈസ്മെന്റുകളുടെ സ്വാധീനം വിലയിരുത്തുന്നതിനു വേണ്ടിയായിരുന്നു അത്. ഫേസ്ബുക്കിന്റെ പരസ്യ ലൈബ്രറിയായ application programming interface (APL) ലൂടെയുള്ള വിവരങ്ങള്‍ വിലയിരുത്തിയപ്പോള്‍, 22 മാസങ്ങളില്‍ -2019 ലെ ദേശീയ തെരഞ്ഞെടുപ്പ്, ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് എന്നിവ ഉള്‍പ്പെടെ- ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ രാഷ്ട്രീയ മത്സരത്തെ ഫേസ്ബുക്ക് അതിന്റെ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് അവശമാക്കുകയും, വളരെ തന്ത്രപൂര്‍വമായി പ്രതിയോഗികളുടെ മേല്‍ ബിജെപിക്ക് നീതിയുക്തമല്ലാത്ത മുന്‍തൂക്കം നല്‍കിയതായും കണ്ടെത്താന്‍ കഴിഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രൂപ്പ് ഫണ്ട് ചെയ്യുന്ന ഒരു സ്ഥാപനത്തെ എങ്ങനെയാണ് ബിജെപിയെ അനുകൂലിക്കുന്ന വാടക പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് ഫേസ്ബുക്ക് അനുവദിച്ചത്? എങ്ങനെയാണ് അത്തരം വാടക പരസ്യങ്ങള്‍ വലിയ വിഭാഗം ഉപഭോക്താക്കളിലേക്ക് എത്താന്‍ സഹായിച്ചത്? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പരമ്പരയുടെ ആദ്യഭാഗത്ത് പറയാനുള്ളത്. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ബിജെപിയുടെ വാടകപരസ്യങ്ങളുടെ സ്വാധീനം എങ്ങനെയാണെന്നും ഫേസ്ബുക്കിന്റെ അല്‍ഗോരിതം-ഒരു സോഫ്റ്റ്‌വെയറില്‍ കോഡ് ചെയ്തിട്ടുള്ള ഇന്‍സ്ട്രക്ഷന്‍സും റൂള്‍സും- ഇലക്ഷന്‍ കാലത്ത് ബിജെപിക്ക് അവരുടെ പ്രതിയോഗികള്‍ക്കുമേല്‍ മേല്‍ക്കൈ നല്‍കുന്നതെന്നും വിശദമാക്കുന്നു.

പുതിയ വാര്‍ത്തകളായി മാറുന്ന പരസ്യങ്ങള്‍
NEWJ സ്വയം അവകാശപ്പെടുന്നത്, സാമൂഹ്യമാധ്യമങ്ങളിലൂടെ ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്കു വേണ്ടി ന്യൂസ് കണ്ടന്റുകള്‍ വിതരണം ചെയ്യുന്ന സ്റ്റാര്‍ട്ട് അപ്പ് എന്നാണ്. വാസ്തവത്തില്‍ അവര്‍ ചെയ്യുന്നത് ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും ആഡ് സ്പേസുകള്‍ വിലയ്ക്കു വാങ്ങി, ബിജെപിയെ പ്രമോട്ട് ചെയ്യാന്‍ വേണ്ടി വീഡിയോകളും മറ്റും ന്യൂസ് സ്റ്റോറികളെന്ന പേരില്‍ പ്രചരിപ്പിക്കുകയാണ്. വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുക, ഹിന്ദു-മുസ്ലീം വികാരങ്ങള്‍ വൃണപ്പെടുത്തുക, പ്രതിപക്ഷ പാര്‍ട്ടികളെ അപകീര്‍ത്തിപ്പെടുത്തുക എന്നീ കാര്യങ്ങളാണവര്‍ പ്രധാനമായും ചെയ്യുന്നത്.

ഫേസ്ബുക്ക് ഉപയോക്താക്കളോ പേജുകളോ നിര്‍മിക്കുന്ന പോസ്റ്റുകള്‍ സാധാരണയായി അവരുടെ സുഹൃത്തുക്കളുടെയോ ഫോളോവേഴ്സിന്റെയോ ടൈം ലൈനില്‍ എത്താറുണ്ട്. പരസ്യങ്ങള്‍ അല്ലെങ്കില്‍ പണം സ്വീകരിച്ചുകൊണ്ട് പോസ്റ്റുകള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള ഉപഭോക്താക്കളിലേക്ക് ഫേസ്ബുക്ക് തന്നെ എത്തിക്കുന്നതാണ്. ഉപഭോക്താവിനെ നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കുന്ന ലൊക്കേഷന്‍, ഡെമോഗ്രാഫിക്സ്, ബിഹേവിയര്‍ തുടങ്ങി പലവിധ ഡേറ്റ പോയിന്റുകളെ അടിസ്ഥാനമാക്കി പരസ്യങ്ങള്‍ക്കു വേണ്ടി ഉപഭോക്താക്കളെ ടാര്‍ഗറ്റ് ചെയ്യാന്‍ കഴിയും. തെരഞ്ഞെടുപ്പിനു മുന്നോടിയായി, സുതാര്യത അവകാശപ്പെട്ടുകൊണ്ട് 'ഇന്ത്യയിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്ന പേരില്‍ 2019 ഫെബ്രുവരിയിലെ ആഡ് ലൈബ്രറിയിലുള്ളത് എന്നു പറഞ്ഞുകൊണ്ട് അവ ഉപഭോക്താക്കള്‍ക്ക് ടാഗ് ചെയ്യാനും പേജുകളില്‍ പ്രദര്‍ശിപ്പിക്കാനും ഫേസ്ബുക്ക് തയ്യാറായിരുന്നു.

ഫേസ്ബുക്കിന്റെ ആഡ് ലൈബ്രറി കാണിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഏകദേശം 170 രാഷ്ട്രീയ പരസ്യങ്ങള്‍ NEWJ പേജിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ്. അവയില്‍ ഭൂരിഭാഗവും ഒന്നുകില്‍ ബിജെപി നേതാക്കന്മാരെ പ്രകീര്‍ത്തിക്കുന്നതോ മോദിയോടുള്ള വോട്ടര്‍മാരുടെ പിന്തുണ കാണിക്കുന്നതോ, ദേശീയ മതവികാരങ്ങളെ വികാരം കൊള്ളിക്കുന്നതോ ബിജെപിയുടെ ലക്ഷ്യങ്ങള്‍ വിവരിക്കുന്നതോ പ്രതിപക്ഷ നേതാക്കന്മാരെയും അവരുടെ റാലികളെയും പരിഹസിക്കുന്നതോ ആയിരുന്നു.

ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരങ്ങളെയും പറ്റിയുള്ളവയോ, കാലുകള്‍കൊണ്ട് പരീക്ഷയെഴുതുന്ന അംഗവൈകല്യമുള്ള ഒരു സ്ത്രീയെ കുറിച്ച് ഏതെങ്കിലും ഫേസ്ബുക്ക് ഉപഭോക്താവ് ചിത്രീകരിച്ച വൈറല്‍ വീഡിയോയോ, അശരണനായൊരു കുട്ടിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഭക്ഷണം നല്‍കുന്നതോ ആയ പ്രത്യക്ഷത്തില്‍ രാഷ്ട്രീയമില്ലാത്ത കണ്ടന്റുകള്‍ പോസ്റ്റ് ചെയ്തായിരുന്നു NEWJ ആളുകളുടെ ശ്രദ്ധ നേടിയെടുത്തിരുന്നത്.

വാടക പരസ്യദാതാവ്
NEWJയുടെ സ്ഥാപകനായ ശലഭ് ഉപാധ്യായയ്ക്ക് റിലയന്‍സും ബിജെപിയുമായി വളരെ അടുത്തബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഉമേഷ് ഉപാധ്യായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മീഡിയ ഡയറക്ടറായും റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള രാജ്യവ്യാപക വാര്‍ത്ത ചാനല്‍ ശൃംഖലയായ ന്യൂസ് 18ന്റെ പ്രസിഡന്റായും ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ശലഭിന്റെ അമ്മാവന്‍ സതീഷ് ഉപാധ്യായ പ്രമുഖ ബിജെപി നേതാവാണ്. പാര്‍ട്ടി ഡല്‍ഹി യൂണിറ്റിന്റെ മുന്‍ അധ്യക്ഷനുമായിരുന്നു സതീഷ് ഉപാധ്യായ.

എന്നിരുന്നാലും ബിജെപിയുമായി എന്തെങ്കിലും ബന്ധമുള്ളതായി NEWJ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, രാഷ്ട്രീയ പരസ്യങ്ങള്‍ തയ്യാറാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബിജെപി അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം നല്‍കുന്നതിന്റെ പൊതുവിവരങ്ങളുമില്ല. 2018 ജനുവരി മുതല്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലെ NEWJയുടെ സാമ്പത്തിക വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നും അവര്‍ ന്യൂസ് ഓപ്പറേഷനില്‍ നിന്നും യാതൊരു വരുമാനം നേടുകയോ പരസ്യങ്ങള്‍ നല്‍കുന്നതിനു ഫീസ് വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് കാണാനാകുന്നത്. അതേസമയം പരസ്യങ്ങള്‍ക്കു വേണ്ടി റിലയന്‍സ് ഗ്രൂപ്പ് പണം മുടക്കിയതായി അവരുടെ ബാലന്‍സ് ഷീറ്റ് കാണിക്കുന്നുമുണ്ട്.

ഒരു സ്ഥാനാര്‍ഥിയെ അനുകൂലിച്ചോ അല്ലാതെയോ വാടക പരസ്യങ്ങള്‍ ചെയ്യുന്നതിനായി ഒരു സ്ഥാനാര്‍ഥി നേരിട്ട് ഫണ്ട് ചെയ്യുകയോ അയാളാല്‍ അധികാരപ്പെടുത്തുകയോ ചെയ്യുന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റമാണ്. അവര്‍ പുറത്തു വിടുന്ന എല്ലാ വിവരങ്ങള്‍ക്കും അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദികള്‍ ആണെന്നും, പരസ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുമായി ഉറവിടമില്ലാത്ത പണം ഉപയോഗിച്ചാല്‍ അവ നിയമവിരുദ്ധമായത് എന്ന പേരില്‍ കണ്ടുകെട്ടുമെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്ന സംവിധാനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം നിയമങ്ങളും നിരോധനങ്ങളും ഫേസ്ബുക്ക് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് വിസ്തൃതപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ആ പഴുതുകളെപ്പറ്റി വര്‍ഷങ്ങളായി അവര്‍ക്ക് അറിയാമെന്നാണ് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നല്‍കിയ ഒരു വിവരാവകാശം കാണിക്കുന്നത്.

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ഈ നിയമം നടപ്പാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ബിജെപിയെയും അതിന്റെ സ്ഥാനാര്‍ഥികളെയും പ്രൊമോട്ട് ചെയ്യാന്‍ NEWJ പോലുള്ള റിലയന്‍സ് ഫണ്ട് ചെയ്യുന്ന സ്ഥാപനങ്ങളെ അവര്‍ അനുവദിക്കുകയാണ്.

ഇതുകൂടാതെ ഫേസ്ബുക്കിന്റെ വിസില്‍ ബ്ലോവര്‍ ആയ ഫ്രാന്‍സസ് ഹോഗന്‍ ഈയടുത്ത കാലത്ത് ചോര്‍ത്തിയ രേഖകളില്‍ പറയുന്നത്, ഇന്‍ഡസ്ട്രി ബോഡിയായ 'ഇന്റര്‍നെറ്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ (IAMAI), പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്‍ സ്വാധീനം ചെലുത്താന്‍ ഫേസ്ബുക്ക് പ്രേരിപ്പിച്ചിരുന്നുവെന്നാണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുമ്പ് വാടക പരസ്യദാതാക്കള്‍ക്കെതിരെ (surrogative advertisers) പ്രവര്‍ത്തിച്ചതായി ഫേസ്ബുക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും, കോണ്‍ഗ്രസിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യദാതാക്കളായിരുന്നു അവരുടെ ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും. 'കോര്‍ഡിനേറ്റഡ് ഇന്‍ഓതെന്റിക് ബിഹേവിയര്‍' എന്ന് വിളിക്കപ്പെടുന്ന, വളരെയധികം പരസ്യമാക്കിയ അടിച്ചമര്‍ത്തലില്‍, വിവിധ രാജ്യങ്ങളിലെ പ്ലാറ്റ്‌ഫോമുകളില്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി, കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രോത്സാഹിപ്പിക്കുകയും എന്നാല്‍ അവരുമായി ബന്ധം മറച്ചുവെക്കുകയും ചെയ്ത 687 പേജുകളും അക്കൗണ്ടുകളും നീക്കിയിരുന്നു. എന്നാല്‍, ബിജെപിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പേജും 14 അക്കൗണ്ടുകളും മാത്രമാണ് നീക്കം ചെയ്തത്. ബിജെപിയുമായുള്ള ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത സില്‍വര്‍ ടച്ച് എന്ന ഐടി സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തിപ്പിക്കുന്നതുമായിരുന്നു അവ. 

'സ്വതന്ത്രമായി കാണുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏതെങ്കിലും സംഘടനയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ ബന്ധമുള്ളതും ആ ബന്ധം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതുമായ പേജുകളും ഗ്രൂപ്പുകളുമാണ് ഞങ്ങള്‍ ഇവിടെ തിരയുന്നത്' ഫേസ്ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി പോളിസി മേധാവി നഥാനിയല്‍ ഗ്ലീച്ചര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. വാര്‍ത്താപേജുകളെന്ന വ്യാജേന പ്രവര്‍ത്തിക്കുന്നതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതുമായ അക്കൗണ്ടുകളെക്കുറിച്ചുള്ള ഏതാനും ഉദാഹരണങ്ങളും അദ്ദേഹം പങ്കുവെച്ചു. 

'എന്നാല്‍, ഈ പ്രഖ്യാപനം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, ഒരു രാജ്യത്തിനുള്ളില്‍നിന്നുള്ള 'കോര്‍ഡിനേറ്റഡ് ഇന്‍ഓതെന്റിക് ബിഹേവിയര്‍' അഥവാ ഏകോപിത അനാദരമായ പെരുമാറ്റങ്ങളെ ആഗോളതലത്തില്‍ മരവിപ്പിക്കുന്നതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചു', പിന്നീട് വിസില്‍ ബ്ലോവറായി മാറിയ ഫേസ്ബുക്ക് മുന്‍ ജീവനക്കാരി സോഫി ഷാങ് ടിആര്‍സിയോട് പറഞ്ഞു.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പേജുകളെ ലക്ഷ്യം വച്ചുള്ള പ്രാരംഭ അടിച്ചമര്‍ത്തലിനുശേഷം, 2019ലെ തെരഞ്ഞെടുപ്പിനു മുന്‍പോ ശേഷമോ ഒരു പാര്‍ട്ടിയുടെയും പരസ്യദാതാക്കള്‍ക്കെതിരെ സമാനമായ നടപടി സ്വീകരിച്ചിട്ടില്ല.

NEWJ പേജുകള്‍ യാതൊരു സൂക്ഷ്മ പരിശോധനയും നേരിടാതെ, നിരവധി സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പോസ്റ്റുകളിലൂടെയും പരസ്യങ്ങളിലൂടെയും പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും പ്രോത്സാഹിപ്പിക്കുന്നത് തുടര്‍ന്നതിന്റെ ഗുണം ബിജെപിക്ക് ലഭിച്ചു. 2019 ഫെബ്രുവരി മുതല്‍ 2020 നവംബര്‍ വരെ, 22 മാസത്തിനിടെ 10 തെരഞ്ഞെടുപ്പുകളിലായി 718 രാഷ്ട്രീയ പരസ്യങ്ങള്‍ NEWJ നല്‍കി.  ഫേസ്ബുക്ക് ഉപയോക്താക്കള്‍ അവ 290 മില്യണിലധികം തവണ കണ്ടുവെന്നാണ് ആഡ് ആര്‍ക്കൈവ് ഡാറ്റ പറയുന്നത്. ഈ പരസ്യങ്ങള്‍ക്കായി കമ്പനി 5.2 ദശലക്ഷം രൂപ (67,899 ഡോളര്‍) ചെലവഴിച്ചു.

ഈ പരസ്യങ്ങളില്‍ പലതും മുസ്ലീം വിരുദ്ധ, പാകിസ്ഥാന്‍ വിരുദ്ധ വികാരങ്ങള്‍ ആളിക്കത്തിച്ചു. ബിജെപി എതിരാളികളെയും വിമര്‍ശകരെയുംകൊണ്ട് മോദി സര്‍ക്കാരിനെ പുകഴ്ത്തിക്കാനും പരസ്യങ്ങള്‍ക്ക് കഴിഞ്ഞു. ചില ഉദാഹരണങ്ങള്‍ പറയാം. 2019 ഏപ്രിലിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്ത്യയുടെ ആണവ ശക്തിയെക്കുറിച്ച് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി മോദി 'ദേശീയ' വികാരങ്ങള്‍ ഉണര്‍ത്തി. 'പാകിസ്ഥാന്റെ ഭീഷണികളെ ഭയക്കുന്ന നയം ഇന്ത്യ അവസാനിപ്പിച്ചു. നമുക്ക് ന്യൂക്ലിയര്‍ ബട്ടണ്‍ ഉണ്ട്, ന്യൂക്ലിയര്‍ ബട്ടണുണ്ട് എന്ന് മറ്റെല്ലാ ദിവസവും അവര്‍ പറയാറുണ്ടായിരുന്നു. അപ്പോള്‍ നമുക്ക് എന്താണുള്ളത്? ഞങ്ങളത് ദീപാവലിക്കുവേണ്ടി കാത്തുവെച്ചിരിക്കുന്നതാണോ?'' എന്നായിരുന്നു മോദി പറഞ്ഞത്.

'ഇന്ത്യ ദീപാവലിക്കായി അണുബോംബ് സൂക്ഷിച്ചിട്ടില്ലെങ്കില്‍, ഈദിനായി പാകിസ്ഥാനും തങ്ങളുടെ അണുബോംബ് സൂക്ഷിച്ചിട്ടില്ലെന്നത് വ്യക്തമാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇത്രയും തരംതാഴ്ന്നതെന്നും, അതിനോടുള്ള രാഷ്ട്രീയ സംവാദങ്ങള്‍ കുറച്ചതെന്നും അറിയില്ല' എന്നായിരുന്നു ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മോദിയുടെ എതിരാളിയുമായ മെഹബൂബ മുഫ്തിയുടെ ട്വീറ്റില്‍ പ്രതികരിച്ചത്. 

എന്നാല്‍ മോദിയുടെ പ്രസംഗമോ സന്ദര്‍ഭമോ കൂടാതെ മുഫ്തിയുടെ ട്വീറ്റ് മാത്രം ഉപയോഗിച്ച്, അവരെ പാകിസ്ഥാനുവേണ്ടി വാദിക്കുന്ന ഒരാളായി ചിത്രികരിച്ചുകൊണ്ട് NEWJ ഒരു പരസ്യം നല്‍കി. 'പാകിസ്ഥാനോടുള്ള മെഹബൂബയുടെ സ്‌നേഹം രണ്ടാമത്തെ തവണയും വെളിവാക്കപ്പെട്ടു. മെഹബൂബ മുഫ്തി ഒരിക്കല്‍ക്കൂടി പാകിസ്ഥാന്റെ പക്ഷം പിടിച്ചു' എന്നായിരുന്നു പരസ്യം.  

Mehbooba Mufti
മെഹബൂബ മുഫ്തിയെ പാകിസ്ഥാനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളായി ചിത്രീകരിക്കുന്ന NEWJ പരസ്യം (ഫയല്‍: ഫേസ്ബുക്ക് പരസ്യ ലൈബ്രറി)

ഹൈന്ദവ മതവികാരങ്ങളെ ആളിക്കത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു NEWJ പരസ്യങ്ങള്‍. അത് തന്നെയാണ് ബിജെപിയുടെയും അടിസ്ഥാന തത്വം. ആഗോള ഓണ്‍ലൈന്‍ റീട്ടെയില്‍ മേഖലയിലെ ഭീമനും ഇന്ത്യയിലെ റീട്ടെയില്‍ മേഖലയില്‍ റിലയന്‍സിന്റെ എതിരാളിയുമായ ആമസോണ്‍, ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2019 മെയ് മാസത്തില്‍ ട്വിറ്ററില്‍ ബോയ്‌ക്കോട്ട് ആമസോണ്‍ എന്ന ഹാഷ് ടാഗായിരുന്നു ട്രെന്‍ഡിംഗ്. ഒട്ടും സമയം പാഴാക്കാതെ, NEWJ ഒരു പരസ്യം നല്‍കി: 'ഇന്ത്യ അതിന്റെ ശക്തി ആമസോണിനെ കാണിക്കുന്നു. ജനങ്ങളുടെ രോഷം പുറത്തുവന്നു. ദേവന്മാരുടെയും ദേവതകളുടെയും ഉല്‍പ്പന്നങ്ങളുമായി വരുന്നത് ചെലവേറിയതായി മാറി'. 

Amazon
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഉല്‍പന്നങ്ങള്‍ ആമസോണ്‍ വില്‍ക്കുന്നതു സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ NEWJ നല്‍കിയ പരസ്യം (ഫയല്‍: ഫേസ്ബുക്ക് പരസ്യ ലൈബ്രറി)

2019ലെ ദേശീയ തെരഞ്ഞെടുപ്പിനുശേഷം, സര്‍ക്കാര്‍ നയങ്ങളെയും ബിജെപി നേതാക്കളെയും അഭിനന്ദിക്കുന്ന അല്ലെങ്കില്‍ ഒരു പുതിയ ഭീഷണിയെക്കുറിച്ച് ഭയപ്പെടുത്തുന്ന കഥകളുമായി NEWJ തങ്ങളുടെ ജോലി തുടര്‍ന്നു.

2019 ഡിസംബറില്‍, അഭയാര്‍ഥികള്‍ക്ക് പൊതുമാപ്പ് നല്‍കുന്നതിനും, അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളെ തടയുന്നതിനുമായി പൗരത്വ ഭേദഗതി നിയമം (സിഎഎ) ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍, രാജ്യത്തുടനീളം പ്രതിഷേധത്തിന്റെ തിരമാലകള്‍ ആഞ്ഞടിച്ചു. എന്നാല്‍ 2020 നവംബറില്‍, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിക്കുന്ന മുസ്ലീങ്ങളുടെ വീഡിയോകള്‍ കാണിച്ചുകൊണ്ടുള്ള ഒരു പരസ്യം NEWJ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ആണെന്ന അഭ്യൂഹങ്ങള്‍ക്കിടെ പരസ്യം പങ്കുവെച്ചുകൊണ്ട്, 'ന്യൂനപക്ഷ ഹിന്ദുക്കള്‍ എല്ലായ്‌പ്പോഴും ബംഗ്ലാദേശിലെ ഭൂരിപക്ഷ മുസ്ലീങ്ങളുടെ രോഷത്തിന് ഇരയായിട്ടുണ്ട്' എന്നു പറഞ്ഞുകൊണ്ടാണ് പുതിയ പൗരത്വ നിയമത്തെ എന്തുകൊണ്ട് പിന്തുണയ്ക്കണമെന്ന് ഇന്ത്യയിലെ പ്രതിഷേധക്കാരോട് NEWJ പറഞ്ഞത്. 

Bangladesh
സിഎഎ പ്രതിഷേധങ്ങള്‍ക്കിടെ NEWJ നല്‍കിയ പരസ്യത്തിലൂടെ ബംഗ്ലാദേശുമായി ബന്ധപ്പെട്ട വിദ്വേഷ സന്ദേശം പ്രചരിച്ചു (ഫയല്‍: ഫേസ്ബുക്ക് പരസ്യ ലൈബ്രറി)

ഗായിക റിഹാനയും ലോകമെമ്പാടുമുള്ള മറ്റു സെലിബ്രിറ്റികളും, മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ കര്‍ഷകര്‍ക്കു വേണ്ടി സംസാരിച്ചപ്പോള്‍, 'പ്രചോദിപ്പിക്കപ്പെട്ട' കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് 'സെലിബ്രിറ്റികള്‍' സംസാരിക്കുകയും എന്നാല്‍ 'ഇന്ത്യ ആക്രമിക്കപ്പെടുമ്പോള്‍' നിശബ്ദരായിരിക്കുന്നതും എന്തുകൊണ്ടാണെന്ന് ചോദിച്ചുകൊണ്ട് NEWJ ഒരു പരസ്യം നല്‍കി.

Rihanna
ഇന്ത്യയിലെ കര്‍ഷകര്‍ക്കുവേണ്ടി ശബ്ദിച്ച റിഹാനയെപ്പോലുള്ള സെലിബ്രിറ്റികള്‍ക്കെതിരെ NEWJ നല്‍കിയ പരസ്യം (ഫയല്‍: ഫേസ്ബുക്ക് പരസ്യ ലൈബ്രറി)

വ്യവസ്ഥാപിത നിക്ഷേപം
ശലഭ് ഉപാധ്യായയും സഹോദരി ദീക്ഷയും ചേര്‍ന്ന് 2018 ജനുവരിയില്‍ 1,00,000 രൂപ (1,306 ഡോളര്‍) പെയ്ഡ്-അപ്പ് മൂലധനത്തോടെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് NEWJ സ്ഥാപിച്ചത്. നവംബര്‍ പകുതിയോടെ, 75 ശതമാനം ഓഹരി പങ്കാളിത്തത്തോടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (RIIHL) NEWJ ഏറ്റെടുത്തു. പിന്നീട് കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ വഴി കമ്പനിക്ക് 84 മില്യണ്‍ രൂപ (1.1 മില്യണ്‍ ഡോളര്‍) വായ്പ നല്‍കി.

പണം ഒഴുകിയെത്തിയതോടെ, NEWJ മുന്‍പ് ചെയ്തിരുന്ന ജോലികള്‍ തന്നെ കൂടുതലായി ചെയ്തു -സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ നിര്‍മ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക, പലപ്പോഴും ബിജെപിയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍, സാമ്പത്തിക രേഖകള്‍, ഫേസ്ബുക്കിലെ NEWJ നിര്‍മാണം, യുട്യൂബ് ഷോ. 2019 മാര്‍ച്ചില്‍ NEWJയുടെ സാമ്പത്തിക വര്‍ഷം അവസാനിച്ചത് 3.37 മില്യണ്‍ രൂപയുടെ (44,003 ഡോളര്‍) തുച്ഛമായ വരുമാനത്തോടെയാണ്, അതില്‍ 22.06 മില്യണ്‍ രൂപയുടെ (288,046 ഡോളര്‍) നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അടുത്ത വര്‍ഷം, NEWJയുടെ കടപ്പത്രങ്ങള്‍ വഴി റിലയന്‍സ് വീണ്ടും 125 ദശലക്ഷം രൂപ (1.63 മില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു. 2020 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍, NEWJന് വരുമാനമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും മുന്‍ വര്‍ഷത്തെ 6.06 ദശലക്ഷം രൂപയില്‍ (79,128 ഡോളര്‍) നിന്ന് 27.3 ദശലക്ഷം രൂപയുടെ (356,467 ഡോളര്‍) പരസ്യ പ്രമോഷണല്‍ ചെലവുകള്‍ ഉണ്ടായിരുന്നു. അതേസമയം, RIIHLനെ മറ്റൊരു റിലയന്‍സ് കമ്പനി ഗ്രൂപ്പും 2021 സാമ്പത്തിക വര്‍ഷം  902.9 ബില്യണ്‍ രൂപ (12.07 ബില്യണ്‍ ഡോളര്‍) വരുമാനം നേടിയ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററുമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ഏറ്റെടുത്തു.

ജിയോ ഏറ്റെടുക്കുന്നതിന് ആറു ദിവസം മുമ്പ്, തങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും സമാഹരിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങളുടെ നിയന്ത്രണം അതിന്റെ 'നിക്ഷേപകന്', ഇവിടത്തെ കേസില്‍ ജിയോ, നല്‍കിക്കൊണ്ട് NEWJ അതിന്റെ 'ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍' ഭേദഗതി വരുത്തിയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 0.0001 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ ജിയോ NEWJക്ക് 84.96 ദശലക്ഷം രൂപ (1.12 മില്യണ്‍ ഡോളര്‍) വായ്പ നല്‍കി. ജിയോ ഫേസ്ബുക്കിനെ ഒരു നിക്ഷേപകനായാണ് കണക്കാക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ മാത്രമായി പ്രസിദ്ധീകരിക്കുന്ന തങ്ങളുടെ ചെറു വീഡിയോകള്‍ മൊത്തം 4 ബില്യണ്‍ മിനിറ്റുകളോളം കണ്ടുവെന്നും 22 ബില്ല്യണില്‍ - 'ലോകത്തിലെ ജനസംഖ്യയുടെ മൂന്നിരട്ടി'- അധികം പേരിലേക്ക് എത്തിയെന്നും NEWJ പറയുന്നു.

കണ്ണടച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്കും
പണാധികാരത്തില്‍നിന്ന് തെരഞ്ഞെടുപ്പിനെ അകറ്റിനിര്‍ത്താന്‍, ഒരു സ്ഥാനാര്‍ഥിക്ക് പ്രചാരണങ്ങളില്‍ ചെലവഴിക്കാവുന്ന തുകയ്ക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിധി നിശ്ചയിക്കുന്നുണ്ട്. സ്ഥാനാര്‍ഥിയുമായി പ്രഖ്യാപിത ബന്ധം പോലുമില്ലാത്ത ഒരു മൂന്നാം കക്ഷി, ആ സ്ഥാനാര്‍ഥിയുടെ പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി പണം നല്‍കിയാല്‍, അത് സ്ഥാനാര്‍ത്ഥിയുടെ ചെലവായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കാക്കുക. പണമടച്ചുള്ള പ്രമോഷനുകള്‍ പരമ്പരാഗത മാധ്യമങ്ങളില്‍ വാര്‍ത്തയുടെ മറവില്‍ പ്രസിദ്ധീകരിക്കുന്ന പെയ്ഡ് പരസ്യങ്ങളും കമ്മീഷന്‍ പരിശോധിക്കാറുണ്ട്. ഒരു സ്ഥാനാര്‍ഥിയെ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ ഒരു 'വാര്‍ത്ത' (പെയ്ഡ് ന്യൂസ്) കണ്ടെത്തിയാല്‍, പരസ്യത്തിന്റെ യഥാര്‍ഥ തുകയോ അല്ലെങ്കില്‍ അനുമാനിക്കുന്ന ചെലവോ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിലേക്ക് കമ്മീഷന്‍ ചേര്‍ക്കുന്നു. 

എന്നാല്‍ ഈ നിയമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ബാധകമല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അവരുടെ അംഗീകൃത ഏജന്റുമാരും സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ കമ്മീഷനില്‍ നിന്ന് മുന്‍കൂട്ടി സാക്ഷ്യപ്പെടുത്തുകയും അവയ്ക്കുള്ള ചെലവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും 2013ല്‍ കമ്മീഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥികളുമായി ഔദ്യോഗികമായി ബന്ധമില്ലാത്ത സ്ഥാപനങ്ങള്‍, മൂന്നാം കക്ഷികള്‍ നല്‍കുന്ന പരസ്യങ്ങളെ ഈ നിയന്ത്രണത്തിന് പുറത്ത് നിലനിര്‍ത്തി. അത് വാടക പരസ്യങ്ങള്‍ക്കുള്ള ജാലകം തുറന്നിടുന്നു.

2013 ഒക്ടോബര്‍ 25ലെ ഉത്തരവില്‍, സോഷ്യല്‍ മീഡിയ ഇലക്ട്രോണിക് മീഡിയയുടെ ഭാഗമാണെന്നും പരസ്യങ്ങള്‍ സമാനമായ രീതിയില്‍ നിയന്ത്രിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ 'രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികളുടേയും തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടതോ ന്യായമായും ബന്ധപ്പെട്ടിരിക്കുന്നതോ ആയിടത്തോളം' സ്ഥാനാര്‍ഥികളും അവരുടെ പാര്‍ട്ടികളും ഒഴികെയുള്ള ആളുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ആലോചിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഈ കണ്‍സള്‍ട്ടേഷനുകളുടെ അനന്തരഫലം അറിയാന്‍ ഈ വര്‍ഷമാദ്യം റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് വിവാരവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത നിലനിര്‍ത്താന്‍ വേണ്ടി 2019 മാര്‍ച്ചില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുവേണ്ടി വ്യവസായ സ്ഥാപനമായ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ തയ്യാറാക്കിയ 'വൊളന്ററി കോഡ് ഓഫ് എത്തിക്‌സ്' ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ധരിച്ചത്. എന്നാല്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളിലും ഒമ്പത് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും യഥേഷ്ടം പ്രയോജനപ്പെടുത്തിയ പഴുതായ, വാടക പരസ്യങ്ങളെക്കുറിച്ച് വൊളന്ററി കോഡ് ഓഫ് എത്തിക്‌സില്‍ ശുപാര്‍ശകളൊന്നും ഇല്ലായിരുന്നു. 

യുഎസ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്ന ആരോപണം ഉയര്‍ന്നതിനുശേഷം, രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നവരുടെ ഐഡന്റിറ്റിയും വിലാസവും പരിശോധിക്കുന്നതിനായി 2018ല്‍ ഫേസ്ബുക്ക് ഒരു നയം കൊണ്ടുവന്നിരുന്നു. പരസ്യങ്ങള്‍ക്കായി പണം നല്‍കുന്നത് ആരാണെന്ന് പ്രഖ്യാപിക്കാന്‍ അത്തരത്തിലുള്ള എല്ലാ പരസ്യദാതാക്കളോടും നയം ആവശ്യപ്പെടുകയും ഫണ്ടിംഗ് സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ പരസ്യ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, പരസ്യദാതാവിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തലുകള്‍ സത്യമാണോ എന്ന് ഫേസ്ബുക്ക് പരിശോധിച്ച് ഉറപ്പുവരുത്താറില്ല. മാത്രമല്ല, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കോ പകരമായാണോ പരസ്യങ്ങള്‍ക്ക് പണം നല്‍കുന്നതെന്ന കാര്യവും പരിശോധിക്കാറില്ല. 

'യോഗ്യതയുള്ള' വാര്‍ത്താ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ പരസ്യങ്ങളെയും സ്ഥിരീകരണത്തില്‍ നിന്നോ ഫണ്ടിംഗ് വെളിപ്പെടുത്തലില്‍ നിന്നോ ഫേസ്ബുക്ക് ഒഴിവാക്കുന്നു. പക്ഷേ, NEWJയുടെ പരസ്യങ്ങള്‍ക്ക് അത്തരമൊരു ഒഴിവാക്കല്‍ ഫേസ്ബുക്ക് നല്‍കാറില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം NEWJ ഒരു സ്വതന്ത്ര വാര്‍ത്താ സ്ഥാപനമെന്ന യോഗ്യത നേടുന്നില്ല. 

റിലയന്‍സ് പ്രമോട്ട് ചെയ്യുന്ന NEWJ മാത്രമാണോ തങ്ങളുടെ ബന്ധം വെളിപ്പെടുത്താതെ ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ ബിജെപിയെ രഹസ്യമായി പ്രൊമോട്ട് ചെയ്തത്? ഫേസ്ബുക്കിലെ സറോഗേറ്റ് പരസ്യ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ മറ്റുള്ളവരെക്കുറിച്ച് അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ വെളിപ്പെടുത്തും. 

കുമാര്‍ സംഭവ്, നയന്‍താര രംഗനാഥന്‍ എന്നിവര്‍ ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് (www.reporters-collective.in) അംഗങ്ങളാണ്. അന്വേഷണ പരമ്പര ഇംഗ്ലീഷില്‍ അല്‍ ജസീറയാണ് (www.aljazeera.com) പ്രസിദ്ധീകരിച്ചിരിക്കുന്നത്.