ഫേസ്ബുക്കിലെ ബിജെപിയുടെ പരസ്യലോകം; സര്‍വസ്വതന്ത്രരായ വാടക, അജ്ഞാത പരസ്യദാതാക്കള്‍ 

ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് അന്വേഷണ പരമ്പരയുടെ രണ്ടാംഭാഗം
 
FB BJP

ബിജെപി കാമ്പയിന് രഹസ്യമായി പണം നല്‍കാനും ദൃശ്യപരത വര്‍ധിപ്പിക്കാനും നിരവധി പ്രോക്‌സി പരസ്യദാതാക്കള്‍ക്ക് ഫേസ്ബുക്ക് അനുമതി നല്‍കി

റിലയന്‍സ് ഫണ്ട് ചെയ്യുന്ന കമ്പനികളും ഫേസ്ബുക്കും ബിജെപിയുടെ വര്‍ഗീയ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചുള്ള തുറന്നെഴുത്താണ് ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണ പരമ്പര. റിലയന്‍സ് ഫണ്ട് ചെയ്യുന്ന NEWJ ബിജെപിക്കായി ഫേസ്ബുക്കില്‍ ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ചായിരുന്നു അന്വേഷണ പരമ്പരയുടെ ആദ്യഭാഗം. എന്നാല്‍, ബിജെപിയുമായുള്ള ബന്ധം വെളിപ്പെടുത്താതെ ഫേസ്ബുക്കില്‍ അവര്‍ക്കായി പ്രചാരണം നടത്തുന്നവര്‍ NEWJ മാത്രമല്ലെന്നാണ് തുടര്‍ അന്വേഷണങ്ങളില്‍ വെളിപ്പെടുന്നത്. ഫേസ്ബുക്കിലെ സറോഗേറ്റ് പരസ്യ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ മറ്റുള്ളവരെക്കുറിച്ചാണ് പരമ്പരയുടെ രണ്ടാം ഭാഗം വിശദീകരിക്കുന്നത്. 

ബിജെപിയുടെ തെരഞ്ഞെടുപ്പ് കാമ്പയിനുകള്‍ക്ക് രഹസ്യമായി ഫണ്ട് ചെയ്യാനും ഇന്ത്യയിലെ ഭരണപക്ഷത്തിന്റെ ദൃശ്യത വര്‍ധിപ്പിക്കാനും ഫേസ്ബുക്ക് ധാരാളം വാടക പരസ്യദാതാക്കളെയും അജ്ഞാത പരസ്യദാതാക്കളെയും അനുവദിച്ചിരുന്നു എന്നാണ്, 22 മാസങ്ങള്‍ക്കിടെ നടന്ന 10 തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച പരസ്യങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നും മനസിലാക്കാനായത്. 

പരസ്യദാതാക്കള്‍ അവരുടെ വ്യക്തിഗത വിവരങ്ങളും ബിജെപിയുമായുള്ള ബന്ധവും മറച്ചു പിടിച്ചുകൊണ്ടായിരുന്നു ദശലക്ഷകണത്തിന് രൂപ ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ ഭരണകക്ഷി പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി ഒഴുക്കിയത്. ഭരണകക്ഷിക്കുവേണ്ടിയുള്ള വാടക പരസ്യങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പരസ്യങ്ങളെന്ന രീതിയില്‍ നിരവധി കാഴ്ച്ചക്കാരെ നേടിയെടുത്തു. അതേസമയം, ബിജെപിക്ക് ഈ പരസ്യങ്ങളുടെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തമോ ചെലവോ ഏറ്റെടുക്കേണ്ടതായി വന്നതുമില്ല. അത്തരം പരസ്യങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ വിസിബിളിറ്റി ഇരട്ടിയാക്കാനും സാധിച്ചു.

2019 ഫെബ്രുവരിക്കും 2020 നവംബറിനും ഇടയില്‍ ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി 5,00,000ലധികം രൂപ (6,529 ഡോളര്‍) ചെലവഴിച്ച എല്ലാ പരസ്യദാതാക്കളെയും ഫേസ്ബുക്കിന്റെ ആഡ് ലൈബ്രറിയുടെ Application programming interface (API) ഉപയോഗിച്ച് ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവും (ടിആര്‍സി) സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ad.watchഉം കണ്ടെത്തിയിരുന്നു. ഫേസ്ബുക്കിന്റെ പേരന്റല്‍ കമ്പനിയായ മെറ്റ അതിന്റെ 'സുതാര്യത' സംവിധാനത്തിലൂടെ ഫേസ്ബുക്ക് പ്ലാറ്റ്ഫോമില്‍ വരുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതി നല്‍കുന്നുണ്ട്. ഈ കാലയളവില്‍ പൊതു തെരഞ്ഞെടുപ്പിനു പുറമെ ഡല്‍ഹി, ഒഡീഷ, ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും നടന്നിരുന്നു.

ടിആര്‍സി കണ്ടെത്തിയത്, ബിജെപിയും അവരുടെ സ്ഥാനാര്‍ഥികളും 104 മില്യണ്‍ ഇന്ത്യന്‍ രൂപ (1.36 മില്യണ്‍ ഡോളര്‍) 26,291 പരസ്യങ്ങള്‍ക്കായി ഫേസ്ബുക്കില്‍ ചെലവഴിച്ചു എന്നാണ്. ഈ പരസ്യങ്ങള്‍ക്ക് 1.36 ബില്യണ്‍ കാഴ്ച്ചക്കാരെയും അവര്‍ക്ക് കിട്ടി. അതു കൂടാതെ വാടക പരസ്യദാതാക്കള്‍ വഴി ഫേസ്ബുക്കില്‍ പ്രചരിച്ചത് 34,884 പരസ്യങ്ങളും. അതിനുവേണ്ടി ചെലവഴിച്ചതാകട്ടെ 58.3 മില്യണ്‍ ഇന്ത്യന്‍ രൂപയും (761,246 ഡോളര്‍). ഇത്തരം പരസ്യങ്ങള്‍ ഒന്നുകില്‍ ബിജെപിയെ പ്രൊമോട്ട് ചെയ്യുന്നതോ അല്ലെങ്കില്‍ പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുന്നവയോ ആയിരുന്നു. ആരാണ് ഈ പരസ്യങ്ങള്‍ നല്‍കുന്നതെന്നോ, അവര്‍ക്ക് ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ചോ യാതൊരു വിവരങ്ങളും ഫേസ്ബുക്കില്‍ ഉണ്ടായിരുന്നില്ല. എങ്കില്‍ കൂടിയും അവര്‍ നേടിയെടുത്തത് 1.31 ബില്യണ്‍ കാഴ്ച്ചക്കാരെയായിരുന്നു.

പ്രധാന എതിരാളികളായിരുന്ന കോണ്‍ഗ്രസിനുവേണ്ടിയുള്ള വാടക പരസ്യങ്ങള്‍ ബിജെപിയുടെതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ നിസാരമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ സ്ഥാനാര്‍ഥികളും ഫേസ്ബുക്കില്‍ ഔദ്യോഗികമായി നല്‍കിയത് 30,374 പരസ്യങ്ങളായിരുന്നു. അതിനായി ചെലവഴിച്ചത് 64.4 മില്യണ്‍ ഇന്ത്യന്‍ രൂപയായിരുന്നു (840,897 ഡോളര്‍). അവര്‍ക്ക് ആകെ കിട്ടിയ കാഴ്ച്ചക്കാര്‍ 1.1 ബില്യണും. വെറും രണ്ട് വാടക പരസ്യദാതാക്കള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിനുവേണ്ടി ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത് പരസ്യങ്ങള്‍ക്കായി 500,000 രൂപയിലധികം (6,529 ഡോളര്‍) മുടക്കിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതായിരുന്നു അവരിലൊരാള്‍). ആ വാടക പരസ്യദാതാവാകട്ടെ,  കോണ്‍ഗ്രസുമായുള്ള യാതൊരു ബന്ധവും വെളിപ്പെടുത്താതെ, 2.3 മില്യണ്‍ ഇന്ത്യന്‍ രൂപ (30,032 ഡോളര്‍) മുടക്കി കോണ്‍ഗ്രസ് അനുകൂല പേജുകളില്‍ 3,130 പരസ്യങ്ങള്‍ പ്രചരിപ്പിക്കുകയാണുണ്ടായത്. ആ പരസ്യങ്ങള്‍ നേടിക്കൊടുത്തത് 73.8 മില്യണ്‍ കാഴ്ച്ചക്കാരെയായിരുന്നു. മറ്റൊരു വാടക പരസ്യ ദാതാവ് വഴി ഫേസ്ബുക്കില്‍ 4.95 മില്യണ്‍ ഇന്ത്യന്‍ രൂപ (64,634 ഡോളര്‍) മുടക്കി മോദിക്കെതിരെയുള്ള നെഗറ്റീവ് കാമ്പയിന്റെ ഭാഗമായി 1,364 പരസ്യങ്ങള്‍ പ്രചരിപ്പിച്ചു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അവയില്‍ അധികവും. ഈ പരസ്യങ്ങള്‍ക്ക് കിട്ടിയത് 62.4 മില്യണ്‍ കാഴ്ച്ചക്കാരെയായിരുന്നു.

FB BJP

കോണ്‍ഗ്രസിന് അത്രയും കുറവ് വാടക പരസ്യദാതാക്കളെ കിട്ടിയതിനുള്ള കാരണം, ആ പാര്‍ട്ടിയെ പ്രൊമോട്ട് ചെയ്തിരുന്ന പരസ്യദാതാക്കളെ 2019ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി ഫേസ്ബുക്ക് നിശബ്ദരാക്കിയതാണ്. വിവരങ്ങള്‍ മറച്ചു പിടിക്കുന്നതിനാല്‍ കോണ്‍ഗ്രസിനെ പ്രൊമോട്ട് ചെയ്യുന്നതും കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ളതുമായ 687 പേജുകളും അകൗണ്ടുകളും നീക്കം ചെയ്യുകയാണെന്നായിരുന്നു ഫേസ്ബുക്ക് പറഞ്ഞ വാദം. അതേസമയം ബിജെപിയെ പ്രൊമോട്ട് ചെയ്തിരുന്നവയില്‍ ആകെ ഒരു പേജും 14 അക്കൗണ്ടുകളും മാത്രമാണ് ഇതേ നിയമലംഘനത്തിന്റെ പേരില്‍ ഫേസ്ബുക്ക് നീക്കിയത്. 

ഇത്തരം അടിച്ചമര്‍ത്തല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഫേസ്ബുക്ക് ഉപഭോക്തക്കളില്‍ അനര്‍ഹമായി സ്വാധീനം ഉണ്ടാക്കുന്നതില്‍ നിന്നും തടഞ്ഞൂ എന്നാണ് റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ ഒരു വര്‍ഷം നീണ്ട അന്വേഷണത്തില്‍ നിന്നും മനസിലായത്. അതേസമയം തന്നെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ പ്രൊമോട്ട് ചെയ്യാനായി വലിയ തോതില്‍ വാടക പരസ്യങ്ങള്‍ തുടര്‍ച്ചയായി നല്‍കികൊണ്ടിരിക്കുന്ന ബിജെപിക്കുമേല്‍ ഈ അടിച്ചമര്‍ത്തല്‍ നടത്തിയതുമില്ല.

ഇവയില്‍ ചിലത് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വാടക പരസ്യങ്ങളുടെ ബാഹുല്യവും അതുണ്ടാക്കുന്ന സ്വാധീനവും ഇത്രത്തോളം വിലയിരുത്തപ്പെടുകയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല.

ഇന്ത്യയിലെ നിയമപ്രകാരം പത്ര-ദൃശ്യമാധ്യമങ്ങളില്‍ രാഷ്ട്രീയപരമായ വാടക പരസ്യങ്ങള്‍ നല്‍കുന്നതിന് നിരോധനമുണ്ട്. ഇത്തരം മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങളിലെ ഉള്ളടക്കങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം, പരസ്യം നല്‍കുന്ന പാര്‍ട്ടിക്കോ അതിന്റെ സ്ഥാനാര്‍ഥികള്‍ക്കോ ആയിരിക്കും. അതുപോലെ, നിയമപ്രകാരം അനുവദനീയമായിട്ടുള്ള തുകയ്ക്കുള്ളില്‍ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കുകയും വേണം. അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് തടയുകയാണതിന്റെ ലക്ഷ്യം.

എങ്കിലും ഈ പരമ്പരയുടെ ഒന്നാം ഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, ഈ വിടവിനെ കുറിച്ച് അറിവുണ്ടായിട്ടും ഈ നിയമങ്ങളൊന്നും തന്നെ സോഷ്യല്‍ മീഡിയയിലേക്ക് വ്യാപിപ്പിക്കാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. ഫേസ്ബുക്ക് വിസില്‍ ബ്ലോവര്‍ ആയ ഫ്രാന്‍സസ് ഹൗഗന്‍ പുറത്തു വിട്ട രേഖകളില്‍ പറയുന്നത്, തെരഞ്ഞെടുപ്പ് സമയത്ത് കര്‍ശന നിയന്ത്രണങ്ങളൊന്നും സോഷ്യല്‍ മീഡിയയ്ക്കുമേല്‍ ചുമത്താതിരിക്കാനായി വ്യാവസായിക ബോഡിയായ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ (IAMAI) തെരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ സ്വാധീനം ചെലുത്താന്‍ ഫേസ്ബുക്ക് പ്രേരിപ്പിക്കുമായിരുന്നുവെന്നാണ്. ഇതുവഴി വാടകപരസ്യങ്ങള്‍ ഫേസ്ബുക്കില്‍ തഴച്ചുവളരുകയും ബിജെപി അതിന്റെ നേട്ടം കൊയ്യുകയും ചെയ്തു.

ഈ റിപ്പോര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന സറോഗേറ്റ് പരസ്യദാതാക്കളുടെ രാഷ്ട്രീയ പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ ഇമെയിലിലൂടെ മെറ്റയുടെ പ്രതികരണം ആരാഞ്ഞിരുന്നു. ആരുടെയും രാഷ്ട്രീയ നിലപാടുകളോ പാര്‍ട്ടി ബന്ധങ്ങളോ പരിഗണിക്കാതെ ഞങ്ങള്‍ ഞങ്ങളുടെ നയങ്ങള്‍ ഒരേപോലെ പ്രയോഗിക്കുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. സമഗ്രതയെക്കുറിച്ചുള്ളതോ ഉള്ളടക്ക വര്‍ധനവിനെക്കുറിച്ചോ ഉള്ള തീരുമാനങ്ങള്‍ ഒരു വ്യക്തിക്ക് ഏകപക്ഷീയമായി എടുക്കാന്‍ കഴിയില്ല. പകരം, അവ കമ്പനിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. പ്രാദേശികവും ആഗോളവുമായ സന്ദര്‍ഭങ്ങള്‍ ഞങ്ങള്‍ പരിഗണിക്കുകയും മനസിലാക്കുകയും കണക്കിലെടുക്കുകയും ചെയ്യുന്നുവെന്നത് ഉറപ്പാക്കാനുള്ള നിര്‍ണായകമായ ഒരു പ്രക്രിയ കൂടിയാണത്. 2019 ഏപ്രിലിലെ തെരഞ്ഞെടുപ്പിനു ശേഷവും കോര്‍ഡിനേറ്റഡ് ഇന്‍ഓതെന്റിക് ബിഹേവിയര്‍' അഥവാ ഏകോപിത അനാദരമായ പെരുമാറ്റങ്ങള്‍ക്കെതിരായ ഞങ്ങളുടെ നടപടി അവസാനിപ്പിച്ചിട്ടില്ല, അത് തുടരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

ബിജെപിയുടെ മുഖ്യ വക്താവ് അനില്‍ ബലൂനിയേയും ഐടി, സോഷ്യല്‍ മീഡിയ മേധാവി അമിത് മാളവ്യയേയും ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടും ടിആര്‍സിയുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനും ചോദ്യാവലികളോട് പ്രതികരിച്ചില്ല.

ബിജെപിയുടെ വാടക പരസ്യ ഇക്കോസിസ്റ്റം
തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ യുഎസില്‍ തിരിച്ചടി നേരിട്ടതിനുശേഷം ഫേസ്ബുക്ക് 2018ല്‍ ഒരു നയം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നവരുടെ എല്ലാ വിവരങ്ങളും പരിശോധിക്കുമെന്നായിരുന്നു ആ പോളിസിയില്‍ പറഞ്ഞിരുന്നത്. അതിനൊപ്പം അവര്‍ പ്രഖ്യാപിച്ച മറ്റൊരു നയമായിരുന്നു, പരസ്യങ്ങള്‍ക്ക് മുതല്‍ മുടക്കുന്നത് ആരാണെന്നത് സ്വയം വെളിപ്പെടുത്തണമെന്നത്. സുതാര്യത അവകാശപ്പെട്ടുകൊണ്ട് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്നവരുടെ വിവരങ്ങളും പുറത്തുവിടാന്‍ അവര്‍ ആരംഭിച്ചു. ഇങ്ങനെയൊരു സംവിധാനം കൊണ്ടുവന്നിട്ടും രാഷ്ട്രീയ സ്ഥാനാര്‍ഥികളുടെ കാമ്പയിനെ സഹായിക്കാന്‍, അവരുമായുള്ള ബന്ധം മറച്ചുവച്ചുകൊണ്ട് തന്നെ പരസ്യങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു.

യുആര്‍എല്‍ പോലും പ്രവര്‍ത്തിക്കാത്ത വെബ്സൈറ്റുകളില്‍, ഫണ്ട് ചെയ്യുന്നവരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങളോ ഉടമസ്ഥാവകാശ വിവരങ്ങളോ ലഭ്യമാക്കാത്ത ഒരു പ്രാഥമിക പേജ് ഉണ്ടാക്കിയിടുകയായിരുന്നു മിക്ക പരസ്യദാതാക്കളും ചെയ്തത്. 

FB BJP

റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് കണ്ടെത്തിയ ബിജെപിയുടെ 23 പരസ്യദാതാക്കളില്‍ ആറുപേര്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധം ബിജെപിയുമായി ഉണ്ടെന്ന് പൊതുമധ്യത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തവര്‍ ആയിരുന്നു. myfirstvoteformodi.com, NationWithNamo.com, Bharat Ke Man Ki Baat  എന്നിവ ബിജെപിയുമായി ഏതെങ്കിലും തരത്തിലുള്ള ഔപചാരിക ബന്ധം ഉള്ളതായി അവരുടെ ഫേസ്ബുക്ക് പേജിലോ വെബ്സൈറ്റിലോ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ ഫേസ്ബുക്കിലെ ആഡ് പ്ലാറ്റ്ഫോമില്‍ കൊടുത്തിരുന്നത് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തിന്റെ വിലാസമായിരുന്നു. മേല്‍പ്പറഞ്ഞ നാല് പരസ്യദാതാക്കളും കൂടി 32.4 മില്യണ്‍ ഇന്ത്യന്‍ രൂപ മുടക്കി 12,328 ബിജെപി അനുകൂല പരസ്യങ്ങളാണ് നല്‍കിയത്.

FB BJP
മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി, നേഷന്‍ വിത്ത് നമോ എന്നീ പേജുകളിലെ പരസ്യങ്ങളില്‍ ബിജെപി ആസ്ഥാനത്തെയാണ് ഫണ്ട് നല്‍കുന്നവരുടെ വിലാസമായി ചേര്‍ത്തിരിക്കുന്നത് (ഉറവിടം: ഫേസ്ബുക്ക് ആഡ് ലൈബ്രറി)

പരസ്യദാതാവായ ബ്ലൂക്രാഫ്റ്റ് ഡിജിറ്റലിന്റെ ഡയറക്ടര്‍മാരും ചീഫ് എക്സിക്യൂട്ടീവും ബിജെപി അനുകൂല പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 1.33 മില്യണ്‍ (17,366 ഡോളര്‍) ഇന്ത്യന്‍ രൂപയാണ്. മുന്‍കാല ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ പരസ്യദാതാവ് ശ്രീനിവാസന്‍ ശ്രീക്കുട്ടന്‍ 1.39 മില്യണ്‍ (18,150 ഡോളര്‍) ഇന്ത്യന്‍ രൂപ ബിജെപി അനുകൂല പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു. സോഷ്യല്‍ മീഡിയയില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രചാരകനായ അഭിനവ് ഖാരെയുടെ ഫേസ്ബുക്ക് പേജിലും ശ്രീനിവാസന്‍ ശ്രീക്കുട്ടന്‍ പരസ്യം നല്‍കുന്നുണ്ട്. അഭിനവ് ഖാരെ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ മുന്‍ സിഇഒ ആയി പ്രവര്‍ത്തിച്ചയാളാണ്, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ മാതൃസ്ഥാപനമായ ജുപീറ്റര്‍ ക്യാപിറ്റലിന്റെ ഉടമ ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറും.

ഫേസ്ബുക്ക് ആഡ് ലൈബ്രറിയിലുള്ള 17 പരസ്യദാതാക്കളുടെ വിശാദാംശങ്ങളെപ്പറ്റിയുള്ള അന്വേഷണം എത്തുന്നത് ഒന്നുകില്‍ നിര്‍ജീവമായ വെബ്സൈറ്റുകളിലേക്കോ, അല്ലെങ്കില്‍ വാര്‍ത്തകളോ വിശകലനങ്ങളോ ആയി രൂപം മാറ്റപ്പെട്ട ബിജെപി അനുകൂല ഉള്ളടക്കങ്ങള്‍ നിറഞ്ഞ ഉടമസ്ഥരില്ലാത്ത പോര്‍ട്ടലുകളിലേക്കോ ആണ്.

തെരഞ്ഞെടുപ്പ് കാലത്ത് റിലയന്‍സ് ഫണ്ട് ചെയ്യുന്നൊരു സ്ഥാപനം സ്ഥിരീകരിക്കാത്തതും വളച്ചൊടിക്കപ്പെട്ടതുമായ വിവരങ്ങള്‍ വാര്‍ത്തകളെന്ന പേരില്‍ പരസ്യം ചെയ്ത് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രൊമോട്ട് ചെയ്യുകയും അതേസമയം തന്നെ പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതെന്നാണ് ഈ പരമ്പരയിലെ ആദ്യ ഭാഗത്തില്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 5.57 മില്യണ്‍ ഇന്ത്യന്‍ രൂപ (72,730 ഡോളര്‍) ചെലവഴിച്ചാണ് ഈ പരസ്യങ്ങളെല്ലാം ചെയ്തത്. 

എങ്ങനെയാണ് റിലയന്‍സ് ഫണ്ട് ചെയ്യുന്ന കമ്പനി ഫേസ്ബുക്കില്‍ ബിജെപി കാമ്പയിനുകളെ പ്രോത്സാഹിപ്പിക്കുന്നത്? 

ഫേസ്ബുക്കില്‍ ഞങ്ങള്‍ The Pulse എന്നൊരു പോര്‍ട്ടല്‍ കണ്ടെത്തിയിരുന്നു. മീഡിയ/ന്യൂസ് കമ്പനിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 905,000 (11,817 ഡോളര്‍) രൂപ അവര്‍ ഫേസ്ബുക്ക് പരസ്യത്തിനായി ചെലവഴിച്ചിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും മോദിയെയും ബിജെപിയെയും മഹത്വവത്കരിച്ചുകൊണ്ട് വോട്ടര്‍മാരോടുള്ള വോട്ടഭ്യര്‍ഥനയായിരുന്നു. The Pulseന്റെ ഫേസ്ബുക്ക് പേജിലോ, വെബ്സൈറ്റിലോ അതിന്റെ ഉടമസ്ഥര്‍ ആരാണെന്നോ ഫണ്ടിന്റെ ഉറവിടം ഏതാണെന്നോ, ആരാണതിന്റെ നടത്തിപ്പുകാരെന്നോ ഉള്ള യാതൊരു വിവരങ്ങളുമില്ല.

Distroy Farak Shivshahi Parta (മറാഠിയില്‍ ഇതിനര്‍ത്ഥം 'വ്യത്യാസം ദൃശ്യമാണ്, ശിവജിയുടെ ഭരണം തിരിച്ചെത്തി എന്നാണ്) എന്ന മറ്റൊരു ഫേസ്ബുക്ക് പേജില്‍ വന്നിരിക്കുന്നത് ബിജെപിയെ പ്രൊമോട്ട് ചെയ്യുന്ന 1,748 പരസ്യങ്ങളാണ്. ഇവയില്‍ ഭൂരിഭാഗവും 2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. 2.24 മില്യണ്‍ (29,249 ഡോളര്‍) ഇന്ത്യന്‍ രൂപയാണ് അവര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. ഈ പേജ് ലിസ്റ്റ് ചെയ്തിരിക്കുന്നത്  DFSP 2019 എന്ന പേരിലാണ് (ഒരുപക്ഷേ അത് Distroy Farak Shivshahi Parta എന്നതിന്റെ ചുരുക്കമായിരിക്കാം). പക്ഷേ, ഇതിനു പിന്നിലുള്ള വ്യക്തിയുടെയോ സംഘടനയുടെയോ യാതൊരു വിവരങ്ങളുമില്ല. ഈ പേജിന്റെ വെബ്സൈറ്റായ shivshahiparat.com പ്രവര്‍ത്തനരഹിതമാണ്.

ഇതേ അവസ്ഥയാണ് മിക്ക ബിജെപി അനുകൂല പരസ്യദാതാക്കളുടെയും വിവരങ്ങള്‍ അറിയാന്‍ ആഡ് ആര്‍ക്കൈവ് ഡേറ്റകള്‍ പരിശോധിക്കുമ്പോള്‍ ഉണ്ടാകുന്നത്. അവരുടെ ഫേസ്ബുക്ക് പേജുകള്‍ ആക്ടീവും വെബ്സൈറ്റുകള്‍ നിര്‍ജ്ജീവമോ നിഷ്‌ക്രിയമോ ആയ അവസ്ഥയിലുമായിരിക്കും. GharGharRaghubar.com (ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് കാലത്ത് ചെലവാക്കിയത് 954,000 രൂപ (12,457 ഡോളര്‍), mainhoondilli.com, Paltuaadmiparty.com (ഡല്‍ഹി തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിച്ചത് 759,000 രൂപ (9,911 ഡോളര്‍), 1.05 മില്യണ്‍ ഇന്ത്യന്‍ രൂപ (13,710 ഡോളര്‍), phirekbaarimaandarsarkar.com (ഹരിയാണ തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിച്ചത് 2.8 മില്യണ്‍ (36,561 ഡോളര്‍), aghadibighadi.com (മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിച്ചത് 1.5 മില്യണ്‍ (19,586 ഡോളര്‍)  ഇന്ത്യന്‍ രൂപ. ഇവയില്‍ ചില വെബ്സൈറ്റുകളുടെ ആര്‍ക്കൈവ് പേജുകള്‍ റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന് കണ്ടെത്താന്‍ കഴിഞ്ഞപ്പോള്‍ മനസിലായത് മുന്‍കാലങ്ങളില്‍ അവ പ്രവര്‍ത്തനസജ്ജമായിരുന്നു എന്നാണ്. എങ്കിലും അവയൊന്നും പോലും ബിജെപിയുമായി ഏതെങ്കിലും തരത്തിലുള്ള ഔപചാരിക ബന്ധം ഉള്ളതായി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.

modipara.com (ചെലവഴിച്ചത് 717,000 രൂപ (9,362 ഡോളര്‍), 2020 Modi Sang Nitish (ചെലവഴിച്ചത് 705,000 രൂപ (9,206 ഡോളര്‍), nirmamata.com (ചെലവഴിച്ചത് 1.8 മില്യണ്‍ രൂപ (233,503 ഡോളര്‍), thefrustratedbengali.com (ചെലവഴിച്ചത് 1.15 മില്യണ്‍ രൂപ (15,016 ഡോളര്‍), Rashtriya Jungle Dal (1.07 മില്യണ്‍ രൂപ (13,971 ഡോളര്‍), Bhak Budbak 685,000 രൂപ (8,944 ഡോളര്‍). ഈ വെബ്സൈറ്റുകളില്‍ ഒന്നില്‍ പോലും ഫണ്ട് ചെയ്യുന്ന വ്യക്തികളെക്കുറിച്ചോ സംഘടനകളെ കുറിച്ചോ യാതൊരു വിവരവുമില്ല.

പരസ്യദാതാക്കള്‍ അവരുടെ തിരിച്ചറിയല്‍ വിവരങ്ങളോ ഏതെങ്കിലും സംഘടനകളിലുള്ള അംഗത്വ സംബന്ധമായ വിവരങ്ങളോ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയാല്‍ അവരുടെ പരസ്യങ്ങള്‍ അദൃശ്യമാക്കുകയോ, പോസ്റ്റുകളോ പേജുകളോ നീക്കം ചെയ്യുകയോ ചെയ്യുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ പരസ്യദാതാക്കളില്‍ ഏതാനും ചിലരുടെ കാര്യത്തില്‍ മാത്രമാണ് പരസ്യങ്ങള്‍ അദൃശ്യമാക്കിയിട്ടുള്ളതായി കാണാനാകുന്നത്. അതു തന്നെ അവയെല്ലാം തന്നെ ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞതിനുശേഷവും. പത്തു ദിവസമൊക്കെ കഴിഞ്ഞാണ് ഇത്തരത്തിലുള്ള ചില പരസ്യങ്ങള്‍ അദൃശ്യമാക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടുള്ളത്. my first vote for modi എന്ന പരസ്യം ഫേസ്ബുക്ക് പ്രവര്‍ത്തനരഹിതമാക്കിയത്, ആ പരസ്യം 161.9 മില്യണ്‍ കാഴ്ച്ചക്കാരെ നേടിയെടുത്തശേഷമായിരുന്നു. 145.7 മില്യണ്‍ ആളുകള്‍ക്കിടയില്‍ എത്തിയശേഷമാണ് Bhart Ke Man ki Baat എന്ന പരസ്യത്തിനെതിരേ ഫേസ്ബുക്ക് നടപടിയെടുക്കുന്നത്. അതുപോലെയാണ്, Distoy Farak Shivshahi Parat എന്ന പേജ് 63.2 മില്യണ്‍ ആളുകള്‍ക്കിടയില്‍ പ്രചരിച്ചതിനുശേഷം ഉണ്ടായ നടപടി. 15.3 മില്യണ്‍ തവണ കണ്ടു കഴിഞ്ഞശേഷമാണ് Rashtriya Jungle Dal  എന്ന പേജും ഫേസ്ബുക്ക് പ്രവര്‍ത്തനരഹിതമാക്കിയത്.

പാര്‍ട്ടിയുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്താതെ കോണ്‍ഗ്രസിനുവേണ്ടി ഫേസ്ബുക്കില്‍ പ്രൊമോഷന്‍ വര്‍ക്കുകള്‍ ചെയ്ത അജ്ഞാത പരസ്യദാതാക്കള്‍ കരണ്‍ ഗുപ്ത, നിഷാന്ത് എം സോളങ്കി എന്നിവരായിരുന്നു. കിരണ്‍ 1,798 പരസ്യങ്ങള്‍ക്കായി 1.48 മില്യണ്‍ (19,325 ഡോളര്‍) രൂപയും നിഷാന്ത് 1,332 പരസ്യങ്ങള്‍ക്കായി 800,000 (10,446 ഡോളര്‍) രൂപയും ചെലവഴിച്ചിട്ടുണ്ട്.

മോദിക്കെതിരായ കാമ്പയിന്‍ ആയി ആരംഭിച്ച Khotikarok Modi എന്ന പേജില്‍ 1,364 പരസ്യങ്ങള്‍ക്കായി 4.9 മില്യണ്‍ (63,981 ഡോളര്‍) രൂപ ചെലവാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു കൂടുതല്‍ പരസ്യങ്ങളും വന്നത്. 62 മില്യണില്‍ അധികം കാഴ്ച്ചക്കാരെ കിട്ടുകയും ചെയ്തു. ബിജെപിയുടെ തമിഴ്നാട്ടിലെ സഖ്യ കക്ഷിയായ എഐഎഡിഎംകെയ്ക്കെതിരായ കാമ്പയിന്റെ ഭാഗമായി tndeservesbetter.in എന്ന പേജിലൂടെ 2.9 മില്യണ്‍ (37,867 ഡോളര്‍) രൂപ ചെലവഴിച്ച് 839 പരസ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. 53.5 മില്യണ്‍ കാഴ്ച്ചക്കാരെ ഉണ്ടാക്കാന്‍ കഴിഞ്ഞു.

ഈ പരസ്യദാതാക്കളെല്ലാം കൂടി 500,000 (6,529 ഡോളര്‍) രൂപയിലധികം ചെലവഴിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചെറിയ തുക ചെലവഴിച്ച വാടക പരസ്യദാതാക്കളും ഉണ്ടാകും. എന്നാല്‍ ഫേസ്ബുക്കോ, തെരഞ്ഞെടുപ്പ് കമ്മീഷനോ എല്ലാ പരസ്യങ്ങളും കൃത്യമായി പരിശോധിക്കുകയും പരസ്യദാതാക്കളെ കണ്ടെത്തുകയും ചെയ്താല്‍ മാത്രമെ വാടക പരസ്യങ്ങളുടെ കൃത്യമായ വലിപ്പം മനസിലാവുകയുള്ളൂ.

എങ്ങനെയാണ് വിവരങ്ങള്‍ കിട്ടിയതും വിശകലനം ചെയ്തതും
പരസ്യദാതാക്കള്‍ക്കും ഗവേഷകര്‍ക്കും മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ക്കും ആര്‍ക്കൈവ് ഡേറ്റകളില്‍ നിന്നും രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് വിശകലനം നടത്താന്‍ വേണ്ടി ഫേസ്ബുക്ക് നല്‍കുന്ന Ad Library Application Programming Interface (API) ആണ് റിപ്പോര്‍ട്ടേഴ്സ് കളക്ടീവും ad.watchഉം ഉപയോഗിച്ചത്.

ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ആദ്യം ചെയ്തത് 2020 നവംബര്‍ 18 വരെ ഫേസ്ബുക്കില്‍ വന്ന മൊത്തം രാഷ്ട്രീയ പരസ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. അത്രയും കാലത്തിനിടയില്‍ 536,070 രാഷ്ട്രീയ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ടായിരുന്നു.

വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ 8,359 പരസ്യദാതാക്കള്‍ 613.73 മില്യണ്‍ (8.01 ഡോളര്‍) രൂപ ചെലവഴിച്ച് 454,297 രാഷ്ട്രീയ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പരസ്യങ്ങള്‍ക്ക് ഫണ്ട് നല്‍കിയത് ആരാണെന്നത് അജ്ഞാതമാണ്. ഇത്തരം പരസ്യങ്ങള്‍ പിന്നീട് നീക്കം ചെയ്തിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

വിശകലനത്തിനായി 500,000 (6,529 ഡോളര്‍) രൂപയില്‍ അധികം ചെലവഴിച്ച എല്ലാ പരസ്യദാതാക്കളെയും ടിആര്‍സിയും ad.watchഉം കണ്ടെത്തി. അത്തരത്തിലുള്ള 145 പരസ്യദാതാക്കള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി അതുവരെ മൊത്തം ചെലവഴിച്ച പണത്തിന്റെ മൂന്നില്‍ രണ്ടും അവരായിരുന്നു നല്‍കിയത്. അവരെ ടിആര്‍സിയും ad.watchഉം  രണ്ട് കാറ്റഗറികളായി വേര്‍തിരിച്ചു. ഒന്നില്‍, പാര്‍ട്ടികളുമായോ സ്ഥാനാര്‍ഥികളുമായോ ബന്ധമുണ്ടെന്ന് പ്രഖ്യാപിച്ചവരെയും, മറ്റൊന്നില്‍ അത്തരം പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്താത്തവരെയും ഉള്‍പ്പെടുത്തി. രണ്ടാമത്തെ കാറ്റഗറിയില്‍ നിന്നും അവര്‍ നല്‍കിയ മേല്‍വിലാസം, അല്ലെങ്കില്‍ കോര്‍പ്പറേറ്റ് റെക്കോര്‍ഡുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി അവര്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം ടിആര്‍സിയും ad.watchനും അടയാളപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.

ഫേസ്ബുക്കിലെ ഏറ്റവും വലിയ രാഷ്ട്രീയ പരസ്യദാതാവ് മാത്രമല്ല ബിജെപി, ഫേസ്ബുക്കിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പരസ്യദാതാക്കളായ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി കൊണ്ട് വാടക പരസ്യങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വിസിബിലിറ്റി അവര്‍ ഇരട്ടിയാക്കിയിട്ടുമുണ്ടെന്നാണ് ഈ വിശകലനത്തില്‍ നിന്നും അവസാനമായി ഞങ്ങള്‍ക്ക് മനസിലായ കാര്യം.

ബിജെപിയുടെ നേട്ടങ്ങള്‍ ഫേസ്ബുക്ക് വാടക പരസ്യങ്ങള്‍ അനുവദിച്ചതില്‍ മാത്രം ഒതുങ്ങുന്നില്ല. ഫേസ്ബുക്കിന്റെ അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നതു പോലും ബിജെപിക്ക് അനുകൂലമായി രാഷ്ട്രീയ മത്സരങ്ങളെ മാറ്റിയെടുത്തുകൊണ്ടാണ്. ഇക്കാര്യങ്ങള്‍ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ വെളിപ്പെടുത്തുന്നു. 

കുമാര്‍ സംഭവ്, നയന്‍താര രംഗനാഥന്‍ എന്നിവര്‍ ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് (www.reporters-collective.in) അംഗങ്ങളാണ്. അന്വേഷണ പരമ്പര ഇംഗ്ലീഷില്‍ അല്‍ ജസീറയാണ് (www.aljazeera.com) പ്രസിദ്ധീകരിച്ചിരിക്കുന്നത്.