കോടനാട് എസ്‌റ്റേറ്റും മന്നാര്‍ഗുഡി മാഫിയയും; ഒരു തമിഴ് ക്രൈം മിസ്റ്ററി

എല്ലാവരും ആ കഥകള്‍ തന്നെ മറന്നിരിക്കുന്നതിടത്താണ് സ്റ്റാലിന്‍ സര്‍ക്കാര്‍ കോടനാട് കേസ് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നത്
 
estate

ഒരു തമിഴ് ക്രൈം മിസ്റ്ററി സിനിമ പോലെയാണ് കോടനാട് എസ്‌റ്റേറ്റ് ബംഗ്ലാവ് മോഷണവും അതിന്റെ ഭാഗമായി നടന്ന കൊലപാതകവും പിന്നീടുണ്ടായ ചില ദുരൂഹ മരണങ്ങളും. ആരോപണങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നേര്‍ക്കുവരെ നീണ്ടെങ്കിലും വ്യക്തമായൊരു ഉത്തരമോ കണ്ടെത്തലുകളോ ഉണ്ടായില്ല. ഒരുപക്ഷേ എല്ലാവരും ആ കഥകള്‍ തന്നെ മറന്നിരിക്കുന്നതിടത്താണ് സ്റ്റാലിന്‍ സര്‍ക്കാര്‍ കോടനാട് കേസ് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. കോടതിയനുമതിയോടെ അന്വേഷണം പുനരാരംഭിച്ച കേസില്‍ ജയലളിതയുടെ തോഴിയായിരുന്ന വി കെ ശശികലയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ എ ഐ എ ഡി എം കെ യിലെ പല പ്രമുഖരും പരിഭ്രാന്തിയിലായിരിക്കുകയാണ്. കോടനാട് എസ്‌റ്റേറ്റ് ബംഗ്ലാവ് മോഷണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി എന്ന ഇപിഎസ്, ഇത് തന്നെ കുടുക്കാനുള്ള തന്ത്രമാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി സ്റ്റാലിന്‍ നല്‍കുന്ന ഒറ്റവരി മറുപടിയുണ്ട്;  'തെറ്റ് ചെയ്തിട്ടില്ലാത്തവര്‍ പേടിക്കേണ്ട കാര്യമില്ല...' അപ്പോള്‍ തെറ്റ് ചെയ്തവര്‍ കുടുങ്ങുമോ?  അതോ മറ്റൊരു രാഷ്ട്രീയ നാടകമായി ഒതുങ്ങുമോ?

നീലഗിരി കുന്നിലെ രാജകീയ ബംഗ്ലാവ്
നീലഗിരിക്കുന്നിലെ പുരാതനമായ ഹില്‍ സ്റ്റേഷനായ കോട്ടഗിരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് കോടനാട് എസ്റ്റേറ്റ്. ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന പൈന്‍ മരക്കാടുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഇവിടെയായിരുന്നു ജയലളിതയുടെ വേനല്‍ക്കാല വസതി. പൂര്‍ണമായും ജലയലളിതയുടെ ഉടമസ്ഥതയിലല്ല ഈ എസ്റ്റേറ്റ് എന്നും പറയുന്നു. കോടനാട് എസ്റ്റേറ്റ് എന്ന സ്ഥാപനത്തിന് കീഴിലാണ് ഇതിന്റെ ഉടമസ്ഥതയെന്നും വിവരവമുണ്ട്. ജയലളിതയെ കൂടാതെ ശശികലയും സഹോദര ഭാര്യ ഇളവരശിയും ഓഹരി ഉടമകളാണെന്നും പറയുന്നു.


 jayalalitha

ചെന്നൈയില്‍ ചൂട് കൂടുമ്പോള്‍ ജയലളിത കോടനാട്ടേക്ക് പോകും. പിന്നീട് തമിഴ്നാടിന്റെ സെക്രട്ടേറിയറ്റ് അവിടെയാണ്. ഉദ്യോഗസ്ഥര്‍ ഫയലുമായി ഇവിടെയെത്തുന്ന ഒരു കാലവുമുണ്ടായിരുന്നു. 1.600 ഏക്കര്‍ സ്ഥലത്താണു രാജകീയമായ ആ വേനല്‍ക്കാല വസതി. പക്ഷേ അധികമാരും കയറി കണ്ടിട്ടില്ലാത്ത ആ വസതിയെ കുറിച്ച് കൂടുതല്‍ വര്‍ണിക്കാന്‍ കഴിയില്ല. എങ്കിലും നാട്ടുകാര്‍ പറയുന്നത് ഒമ്പത് വ്യത്യസ്തമായ ഗേറ്റുകളാണ് ബംഗ്ലാവിലേക്ക് കയറാനായി ഉള്ളതെന്നാണ്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട ആളുകള്‍ ഒഴിച്ച് ആരും തന്നെ ആ ഗേറ്റുകള്‍ താണ്ടി ഉള്ളിലേക്കു പോയിട്ടില്ല. 

ജയലളിതയുടെ മരണശേഷം കാര്യങ്ങള്‍ തിരിഞ്ഞു. ജയയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന ആ വസതിയുടെ സുരക്ഷാ ചുമതല നേരത്തെ നൂറുകണക്കിനു പൊലീസുകാരുടെ കൈകളിലായിരുന്നെങ്കില്‍ ജയയുടെ മരണശേഷം കോടനാട് ബംഗ്ലാവിനുമേലുള്ള ശ്രദ്ധ കുറഞ്ഞു. ഏതാനും കാവല്‍ക്കാരുടെ മാത്രം ചുമതലയായി അതു മാറി. ഈ സാഹചര്യം തന്നെയാണു ചിലര്‍ മുതലെടുത്തത്.

കൊലപാതകം, മോഷണം, ദുരൂഹ മരണങ്ങള്‍
2017 ഏപ്രില്‍ 24 പുലര്‍ച്ചെയാണു കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ കാവല്‍ക്കാരന്‍ നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂര്‍ കൊല്ലപ്പെടുന്നത്. മറ്റൊരു കാവല്‍ക്കാരന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാകുന്നു. മോഷണശ്രമത്തിനിടയിലാണ് കാവല്‍ക്കാരന്‍ കൊലപ്പെട്ടതെന്നു പൊലീസ് കണ്ടെത്തുന്നു. മലയാളികള്‍ അടക്കം 11 പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ മലയാളികളായ നാലുപേരെ അറസ്റ്റ് ചെയ്തു.

ഇനിയാണു കഥയില്‍ ട്വിസ്റ്റുകള്‍ വരുന്നത്. കൊലപാതകം, മോഷണം എന്നീ കേസുകള്‍ ചുമത്തി നീലഗീരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജും, രണ്ടാം പ്രതി കോയമ്പത്തൂര്‍ മധുക്കര സ്വദേശി കെ വി സയനും ആയിരുന്നു. ഏപ്രില്‍ 28ന് മണിക്കൂറുകള്‍ക്കിടയില്‍ വ്യത്യസ്തമായ രണ്ടു സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ഒന്നാം പ്രതി കനകരാജ് കൊല്ലപ്പെടുകയും സയന്റെ ഭാര്യയും മകളും കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കുകളോടെ സയന്‍ ആശുപത്രിയില്‍ ആവുകയും ചെയ്തു. ഈ രണ്ട് അപകടങ്ങളും യാദൃശ്ചികമായ സംഭവിച്ചതല്ലെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ ആയിരുന്നുവെന്നുമാണ് ബലപ്പെടുന്ന സംശയം.

സയനും കുടുംബവും സഞ്ചരിച്ചിരുന്ന സാന്‍ട്രോ കാര്‍ 28ന് പുലര്‍ച്ചെയാണു ദേശീയപാതയില്‍ പാലക്കാട് കാഴ്ചപ്പറമ്പിനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നും ഉള്ളിലുണ്ടായവരെ പുറത്തെടുക്കുമ്പോള്‍ സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിച്ചിരുന്നു. എന്നാല്‍ വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തില്‍ സമാനസ്വഭാവത്തില്‍ കണ്ടെത്തിയ ആഴത്തിലുള്ള മുറിവ് സംശയം ജനിപ്പിച്ചു. കാര്‍ അപകടത്തില്‍ പെടുന്നതിനു മുന്നെ തന്നെ ഇരുവരും കൊല്ലപ്പെട്ടിരുന്നു എന്നു സംശയം ജനിപ്പിക്കുന്നതാണ് കഴുത്തിലെ മുറിവുകള്‍. ഒന്നുകില്‍ ഭാര്യയേും മകളെയും കൊന്നശേഷം സയന്‍ സ്വയം കാര്‍ ലോറിക്കു പിന്നിലേക്ക് ഇടിച്ചു കയറ്റിയതായിരിക്കണം; ആത്മഹത്യപോലെ. അതല്ലെങ്കില്‍ മറ്റാരുടെയോ കൈകള്‍ അതിന്റെ പിന്നില്‍ ഉണ്ട്. ഈ തരത്തിലാണു പൊലീസും ഈ അപകടത്തെ പ്രാഥമികമായി നോക്കി കണ്ടത്.

അഞ്ചുവര്‍ഷക്കാലം ജയലളിതയുടെ സ്വകാര്യവാഹനത്തിലെ ഡ്രൈവര്‍ ആയിരുന്ന കനകരാജ് ചെന്നൈ-ബംഗളൂരു ദേശീയപാതയില്‍ സേലത്തിനടുത്ത് ആത്തൂരില്‍ ഉണ്ടായ വാഹനാപകടത്തിലാണു കൊല്ലപ്പെട്ടത്. രാവിലെ എട്ടരയ്ക്കായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കനകരാജിനെ ഒരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടനെ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീടിവര്‍ പൊലീസില്‍ കീഴടങ്ങി. കനകരാജിന്റെ മരണത്തിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിച്ച പൊലീസിനെ ആദ്യം കുഴക്കിയത് സുപ്രധാനമായ ഒരു ചോദ്യമാണ്. സേലത്തു നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള ആത്തൂരിലേക്ക് കനകരാജ് ബൈക്കില്‍ പോയത് എന്തിനാണ്?

kodanandu

രണ്ടായിരം കോടിയോ, അതോ അതിലും വിലയുള്ള മറ്റെന്തെങ്കിലുമോ; എന്തായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം?
വെറുമൊരു മോഷണമായിരുന്നില്ല അവിടെ നടന്നിരിക്കുന്നതെന്നതെന്ന് അന്നേ സംശയമുയര്‍ന്നിരുന്നു. പ്രത്യേകിച്ചും അണ്ണാ ഡിഎംകെയില്‍ പരസ്പരമുള്ള പടവെട്ടലുകളും പിടിച്ചടക്കലും പുറത്താക്കലുകളും നടക്കുന്ന സാഹചര്യത്തില്‍. മോഷണത്തില്‍ എന്തൊക്കെയാണു നഷ്ടപ്പെട്ടിരിക്കുന്നത് എന്നറിയുമ്പോഴാണ് ആ ഗൗരവം വര്‍ദ്ധിക്കുന്നത്. മോഷണസംഘം ബംഗ്ലാവിനുള്ളില്‍ രണ്ടു മുറികളിലാണു കയറിയത്. ജയലളിതയുടെയും ശശികലയുടെയും. ജയലളിതയുടെ മുറിയില്‍ പ്രധാനപ്പെട്ട പല രേഖകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു എന്നാണു വിവരം. പോയസ് ഗാര്‍ഡനിലെ വേദനിലയത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നതുള്‍പ്പെടെയുള്ള രേഖകള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നതായും പറയുന്നു. രണ്ടു സ്യൂട്ട്‌കെയ്‌സുകള്‍ ഇവിടെ നിന്നും നഷ്ടപ്പെട്ടതായാണ് പറയുന്നത്. ഇതില്‍ നിന്നും മറ്റാരൊക്കെയോ മോഷണത്തിന് പിന്നിലുണ്ടായിരുന്നെന്ന് വ്യക്തമാണ്. ഇപ്പോഴും ജയയുടെ സ്വത്തിന്റെയെല്ലാം അവകാശം ആര്‍ക്കാണെന്നതില്‍ വ്യക്തതയില്ല. വേദനിലയം ശശികലയുടെ സഹോദര ഭാര്യ ഇളവരശിയുടെ പേരില്‍ എഴുതിവച്ചെന്ന കഥയും കെട്ടുകഥയാണെന്നാണ് കരുതുന്നത്.

അതേസമയം മോഷണം ആസൂത്രണം ചെയ്ത കനകരാജ് മറ്റൊരു നിധി തേടിയാണ് എത്തിയതെന്നും പറയുന്നു. 2000 കോടി രൂപ ആ ബംഗ്ലാവില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കനകരാജിന് അറിയാമായിരുന്നുവത്ര! ജയലളിത മരിക്കുകയും ശശികല ജയിലില്‍ ആവുകയും ചെയ്തതോടെ എസ്റ്റേറിലെ കാര്യങ്ങളില്‍ അധികമാരും ശ്രദ്ധിക്കുന്നില്ലെന്നു മനസിലാക്കി ഈ പണം തട്ടാന്‍ കനകരാജ് ആസൂത്രണം ചെയ്തതാണ് മോഷണം എന്നു കരുതാം എന്ന നിലയിലാണ് ഈ സംശയം ഉയരുന്നത്. തന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന് മനസിലാക്കിയതോടെയാണ് ജയലളിത കനകരാജിനെ പിരിച്ചു വിടുന്നത്. 

പണം മോഷ്ടിക്കാന്‍ വന്നു എന്നത് ആരോ എഴുതിയ തിരക്കഥയിലെ സംഭാഷണങ്ങളാണെന്നാണു പൊലീസ് കരുതിയത്. യഥാര്‍ത്ഥ ലക്ഷ്യം പണമല്ല, രേഖകള്‍ തന്നെയായിരിക്കാം എന്നും സംശയിച്ചു. ആ രേഖകള്‍ എല്ലാം മോഷ്ടാക്കള്‍ക്കു കിട്ടിയോ? കിട്ടിയ രേഖകള്‍ മറ്റാരുടെയെങ്കിലും കൈകളില്‍ എത്തിയോ? എന്നതായിരുന്നു പ്രധാന ചോദ്യം.

വിരല്‍ ചൂണ്ടിയത് നേതാക്കള്‍ക്കു നേരെ
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെന്നപോലെയാണ് ഡല്‍ഹിയില്‍ നടന്നൊരു വാര്‍ത്ത സമ്മേളനത്തിലെ വെളിപ്പെടുത്തലുകള്‍. ജയയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റില്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി രേഖകള്‍ കവര്‍ന്നത് നിലവിലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് വേണ്ടിയാണെന്നായിരുന്നു കേസിലെ രണ്ടാം പ്രതിയും മലയാളിയുമായ കെ വി സയന്‍ ആ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കേസിലെ മറ്റൊരു പ്രതി വാളയാര്‍ മനോജും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

eps

സയന്‍ പറഞ്ഞ കഥയനുസരിച്ച്, ഒരു കാറില്‍ പത്തംഗ സംഘമാണ് കോടനാടെത്തിയത്. അവര്‍ സുരക്ഷ ജീവനക്കാരനെ കെട്ടിയിടുകയും നാല് പേര്‍ അകത്ത് കയറുകയുമായിരുന്നു. രണ്ടായിരം കോടി രൂപ എസ്റ്റേറ്റില്‍ ഉണ്ടെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ ലക്ഷ്യം ജയലളിതയും ശശികലയും എസ്റ്റേറ്റില്‍ സൂക്ഷിച്ചിരുന്ന രേഖകളായിരുന്നു. ഒരുകാലത്ത് എസ്റ്റേറ്റിലെ ഡ്രൈവര്‍ ആയിരുന്ന കനകരാജ് ആണ് അഞ്ച് കോടി രൂപയ്ക്ക് ഈ ക്വട്ടേഷന്‍ നല്‍കയതെന്നും സയന്‍ പറയുന്നു. എന്നാല്‍ കനകരാജ് മരിച്ചതോടെ പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ തുകയും ലഭ്യമായില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് രേഖകളെന്ന് കനകരാജ് തന്നോട് പറഞ്ഞിരുന്നതായാണ് സയന്‍ വെളിപ്പെടുത്തിയത്. ഒരു തമിഴ്സിനിമ പോലെ സസ്പെന്‍സുകള്‍ നിറഞ്ഞതാണ് കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയും കാവല്‍ക്കാരന്‍ ലാല്‍ ബഹാദൂറിന്റെ കൊലപാതകവും അതിനെ തുടര്‍ന്ന് നടന്ന മറ്റ് മരണങ്ങളും. കനകരാജിനെയും സയന്റെ ഭാര്യ വിനുപ്രിയയെയും മകള്‍ നീതുവിനെയും കൂടാതെ എസ്റ്റേറ്റിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേഷ് കുമാറിനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

മന്നാര്‍ഗുഡി മാഫിയയും കോടനാട് എസ്‌റ്റേറ്റും
ഉന്നതര്‍ ഉള്‍പ്പെടെ പലരുടെയും സ്വത്തുക്കള്‍ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും അവരുടെ തോഴി ശശികലയും സംഘവും ചേര്‍ന്ന് ബലംപ്രയോഗിച്ച് പിടിച്ചെടുത്ത കഥകള്‍ പലതും പുറത്തുവന്നിട്ടുണ്ട്. ശശികലയുടെ മന്നാര്‍ഗുഡി മാഫിയയുടെ ഗുണ്ടായിസത്തിന് വിധേയമായി തങ്ങളുടെ സ്വത്തുക്കള്‍ നിസാരവിലയക്ക് വില്‍ക്കേണ്ടി വന്ന കഥകള്‍ പ്രമുഖ സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍ ഉള്‍പ്പെടെയുള്ളവര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജയലളിതയുടെ ഏറ്റവും വലിയ സമ്പാദ്യമായി കണക്കാക്കപ്പെടുന്ന കോടനാട് എസ്റ്റേറ്റും ഇത്തരത്തിലുള്ള ഒരു ബലപ്രയോഗത്തിലൂടെയാണ് ഈ സംഘം കൈക്കലാക്കിയത് എന്നായിരുന്നു ദ ന്യൂസ് മിനിട്ടില്‍ ധന്യ രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോടഗിരി എന്ന യഥാര്‍ത്ഥ പേരുള്ള കോടനാട് എസ്റ്റേറ്റിന്റെ മുന്‍ ഉടമ പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സിന്റെ ലക്ഷ്മി സുബ്രഹ്മണ്യവുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച 'ദി വീക്ക്' ആണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. ഇതേ തുടര്‍ന്നാണ് ന്യൂസ് മിനിട്ടുമായി സംസാരിക്കാന്‍ പീറ്റര്‍ തയ്യാറായത്. 906 ഏക്കര്‍ വരുന്ന കോടനാട് തേയില എസ്റ്റേറ്റ് എങ്ങനെയാണ് വെറും 7.6 കോടി രൂപയ്ക്ക് ശശികല 1994ല്‍ സ്വന്തമാക്കിയതെന്ന് ധന്യ രാജേന്ദ്രനുമായുള്ള സംസാരത്തില്‍ പീറ്റര്‍ വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പിതാവും ബ്രിട്ടീഷ് പൗരനുമായിരുന്ന വില്യം ജോണ്‍സിന്റെ പേരിലായിരുന്നു ഭൂമി.

150 ഓളം വരുന്ന ഗുണ്ടാസംഘമാണ് ഭീഷണിയുമായി രംഗത്തുണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു. 1992 മുതല്‍ എസ്റ്റേറ്റ് സ്വന്തമാക്കാനുള്ള സമ്മര്‍ദങ്ങള്‍ ആരംഭിച്ചിരുന്നു. വ്യാപാരിയായ പി രാജരത്തിനം, വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി ശെങ്കോട്ടയ്യന്‍, മദ്യമുതലാളിയായ എന്‍പിവി രാമസ്വാമി ഉഡയാര്‍ എന്നിവരാണ് ഭൂമി തട്ടിയെടുക്കുന്നതില്‍ ശശികലയ്ക്ക് നിര്‍ണായക സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാരും കോടതിയും ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കും എന്ന പ്രതീക്ഷയിലായിരുന്നു 60-കാരനായ പീറ്റര്‍ അന്ന് സംസാരിച്ചത്.

ഒരു ഒത്തുതീര്‍പ്പിനാണ് താന്‍ ശ്രമിക്കുന്നതെങ്കിലും അതിന് നിര്‍ബന്ധിക്കാനുള്ള ശേഷി തനിക്കില്ല. കോടതിയും സര്‍ക്കാരും ഇടപെടുകയും നീതി ലഭ്യമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ അദ്ദേഹം അതുകൊണ്ടാണ് ഇപ്പോള്‍ താന്‍ വിവരങ്ങള്‍ പുറത്തുവിടുന്നതെന്നും വ്യക്തമാക്കുന്നുണ്ടായിരുന്നു ആ അഭിമുഖത്തില്‍. ശശികല ഭൂമി വിട്ടു നല്‍കിയില്ലെങ്കില്‍ അവര്‍ നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനെങ്കിലും തയ്യാറാവണമെന്നും പീറ്റര്‍ അന്നു പറഞ്ഞിരുന്നു. ഭൂമി നഷ്ടപ്പെട്ടത് കുടുംബത്തിന് വലിയ പ്രയാസമുണ്ടാക്കിയെങ്കിലും പേടിയും പ്രതീക്ഷയും മൂലമാണ് താന്‍ രണ്ടു ദശാബ്ദത്തിലേറെ നിശബ്ദനായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാരണം തമിഴ്നാട്ടിലെ ഏറ്റവും ശക്തരായ രണ്ട് സ്ത്രീകള്‍ക്കെതിരെ സംസാരിക്കാന്‍ ആരും തയ്യാറായിരുന്നില്ല.

ജയലളിതയ്ക്കെതിരെ സുബ്രഹ്മണ്യം സ്വാമി നല്‍കിയ അനഃധികൃത സ്വത്ത് സമ്പാദന കേസിന്റെ ഗതിവിഗതികളും സംഭവം പുറത്തുവിടുന്നതിന് വിഘാതമായി. കോടനാട് ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ് ഉള്‍പ്പെടയുള്ള 32 കമ്പനികള്‍ അനഃധികൃതമാണെന്നായിരുന്നു കേസ്. കേസില്‍ കോടതി വിധി പെട്ടെന്നുണ്ടാകും എന്ന് പ്രതീക്ഷയിലായിരുന്നു പീറ്ററും കുടുംബവും. എന്നാല്‍, കേസ് നീണ്ടുപോവുകയും ഒടുവില്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കുകയുമായിരുന്നു. 

sasikala

എസ്റ്റേറ്റിന് വേണ്ടിയുള്ള വിലപേശല്‍ രണ്ടുവര്‍ഷം നീണ്ടെങ്കിലും പീറ്റര്‍ ഒരിക്കല്‍ പോലും ജയലളിതയെ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ഒരു തവണ ജയലളിതയെ കണ്ടിരുന്നു. ചെന്നൈയില്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു അത്. എന്നാല്‍ എല്ലാം ശരിയല്ലേ എന്ന് മാത്രമാണ് അവര്‍ ചോദിച്ചത്. അതിന് ശേഷം ശശികല കൂടിക്കാഴ്ച അവസാനിപ്പിക്കുകയായിരുന്നു. എല്ലാം ജയലളിതയ്ക്ക് വേണ്ടിയാണെന്ന ആരോപണം ഉയരുമ്പോഴും അതിന് തങ്ങളുടെ കൈയില്‍ തെളിവുകളൊന്നുമില്ലെന്ന് പീറ്റര്‍ പറയുന്നു. എന്നാല്‍ ശശികലയുടെ ഇടപെടലിന് തെളിവുണ്ട് താനും. കൂടാതെ അവരുടെ മരുമകന്‍ സുധാകരനും മറ്റൊരു ബന്ധുവും ചര്‍ച്ചകളുടെ ഭാഗവുമായിരുന്നു.

ഒരു വില്‍പന കരാര്‍ ഉണ്ടായിരുന്നില്ലെന്നും പീറ്റര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു പങ്കാളിത്ത ഉടമ്പടി മാത്രമാണ് ഉണ്ടാക്കിയത്. എസ്റ്റേറ്റില്‍ തങ്ങള്‍ക്ക് ഒരു ഓഹരി ഉണ്ടായിരുന്നു. പിന്നീട് അത് ഉഡയാറിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്വന്തമായി. അവര്‍ ഒരിക്കലും എസ്റ്റേറ്റിലേക്ക് വന്നിരുന്നില്ലെന്നും അതൊരു ബിനാമി ഇടപാടായിരുന്നുവെന്നും പീറ്റര്‍ ഓര്‍ക്കുന്നു. രേഖകള്‍ തയ്യാറായതിന്റെ പിറ്റെ ദിവസം തന്നെ ശശികലയുടെ കുടുംബം എസ്റ്റേറ്റിന്റെ ചുമതല ഏറ്റെടുത്തു.

ജയലളിത ഭരണത്തില്‍ നിന്നും പുറത്തായതിന് ശേഷം അധികാരത്തില്‍ വന്ന ഡിഎംകെ തന്നെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ തയ്യാറാണെന്ന ഉറപ്പ് അപ്പോഴും ശശികല നല്‍കിക്കൊണ്ടിരുന്നു. മാത്രമല്ല ഇതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു ഡിഎംകെയ്ക്ക് താല്‍പര്യം. എന്നാല്‍ രാഷ്ട്രീയക്കളികളില്‍ പങ്കാളിയാകാന്‍ താനിഷ്ടപ്പെടാതിരുന്നതിനാല്‍ അതിന് തുനിഞ്ഞില്ല. ആര് അധികാരത്തില്‍ ഇരിക്കുന്നു എന്നതിനപ്പുറം തമിഴ്നാട്ടില്‍ ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും പീറ്റര്‍ ചോദിക്കുന്നു.

വാഗ്ദാനങ്ങള്‍ പാലിക്കണം എന്ന് അപേക്ഷിക്കുകയല്ലാതെ തങ്ങളുടെ മുന്നില്‍ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലെന്നാണ് ഇടനിലക്കാര്‍ പറഞ്ഞത്. ആ സമയം ആയപ്പോഴേക്കും ജയലളിത അധികാരത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസ് തുടരുമ്പോഴും അവര്‍ ഭൂമി വാങ്ങുന്നത് ഉള്‍പ്പെടെയുള്ള എല്ലാ അഴിമതികള്‍ തുടരുകയും ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കോടഗിരിയിലാണ് തന്റെ പിതാവ് വളര്‍ന്നതെന്നും അതിനാല്‍ തന്നെ അതിനോട് ഒരു വൈകാരിക ബന്ധമുണ്ടെന്നും അതുകൊണ്ട് തന്നെ പോരാട്ടവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും പറഞ്ഞാണ് പീറ്റര്‍ സംസാരം അവസാനിപ്പിക്കുന്നത്.