ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍; ലോകാരോഗ്യ സംഘടനയെ തള്ളാന്‍ തെറ്റായ ഡാറ്റയും വിശകലനവുമായി കേന്ദ്ര സര്‍ക്കാര്‍

റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പുറത്തുവിടുന്ന പ്രത്യേക റിപ്പോര്‍ട്ട്‌
 

 
covid

റിപ്പോര്‍ട്ടേഴ്സ് കളക്റ്റീവ് വിശകലനം ചെയ്ത, ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഗവണ്‍മെന്റ് സര്‍വ്വേയും ഔദ്യോഗിക മരണ വിവരങ്ങളുടെ ഫൈന്‍ പ്രിന്റ്റും അനുസരിച്ച് ലോകാരോഗ്യ സംഘടനയുടെ 2020 ലെ കോവിഡ് -19 ലെ മരണ കണക്കുകള്‍ തള്ളിക്കളയാന്‍ കേന്ദ്ര ഗവണമെന്റ് തെറ്റായ ഡാറ്റ സെറ്റ് ഉപയോഗിച്ചു.

2020-ല്‍ ഇന്ത്യയില്‍ 100.51 ലക്ഷം പേര്‍ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന 2022 മെയ് 5 നു കണക്ക് പുറത്തു വിട്ടിരുന്നു. ഇതില്‍ 8.30 ലക്ഷം കോവിഡ്-ബന്ധപ്പെട്ട മരണങ്ങളാണെന്നാണു പറഞ്ഞത്. എന്നാല്‍ കോവിഡ് -19 പകര്‍ച്ച വ്യാധിയുടെ ഇന്ത്യയിലെ ആഘാതം കുറയ്ക്കുവാനായി മികച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്ന് അവകാശപ്പെടുന്ന കേന്ദ്ര ഗവണ്‍മെന്റ് ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ തള്ളിക്കളയുകയാണുണ്ടായത്.
 
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ നിരസിച്ചുകൊണ്ട് മെയ് 5-ല്‍ ഇറക്കിയ പത്രക്കുറിപ്പില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞത്; 'ഇന്ത്യയിലെ ജനന-മരണ രജിസ്‌ട്രേഷന്‍ അങ്ങേയറ്റം ശക്തവും പതിറ്റാണ്ടുകള്‍ പഴക്കമുള്ള, നിയമപരമായ ചട്ടക്കൂടുള്ളതെന്നുമായിരുന്നു. അതായത് ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം, 1969 അനുസരിച്ചാണ് അത് നിയന്ത്രിക്കപ്പെടുന്നതെന്ന്. 

2020-ല്‍ ഇന്ത്യയില്‍ സംഭവിച്ച മരണങ്ങളില്‍ 99.9% രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആ വര്‍ഷം മൊത്തം 81.20 ലക്ഷം പേര്‍ മരിച്ചുവെന്നും മന്ത്രാലയം അവകാശപ്പെട്ടു - 2019-  ല്‍ പകര്‍ച്ചവ്യാധി ബാധിതമല്ലാതെ വര്‍ഷത്തില്‍ മരിച്ചതായി കണക്കാക്കിയ ആളുകളുടെ എണ്ണത്തേക്കാള്‍ കുറവാണ്. 

അതിനാല്‍, കോവിഡ് 19 കാരണം 8.30 ലക്ഷം അധിക മരണങ്ങള്‍ സംഭവിക്കാന്‍ ഒരു വഴിയുമില്ല, എന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവന സൂചിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഈ കണക്കുകള്‍ ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല എന്നതിനാല്‍ അത് തള്ളിക്കളയാന്‍ വേണ്ടി ഈ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിക്കുകയാണുണ്ടായത്. എന്നാല്‍ ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ പ്രസിദ്ധീകരിച്ച ഒരു നാഷണല്‍ റിപ്പോര്‍ട്ടിലുള്ള അവരുടെ തന്നെ കണ്ടെത്തലുകളില്‍ ആരോഗ്യമന്ത്രാലയത്തിന് ഏറെക്കുറെ തെറ്റുപറ്റി. ദേശീയ കുടുംബാരോഗ്യ സര്‍വേ (NFHS), മരണ രജിസ്‌ട്രേഷന്‍ നിരക്കിന്റെ മറ്റൊരു ഔദ്യോഗിക കണക്കാണ്  നല്‍കുന്നത്.
 
2019-21 ലെ അഞ്ചാമത്തെ NFHSന്റെ റിപ്പോര്‍ട്ട് കാണിക്കുന്നത് 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ നടന്ന മരണങ്ങളില്‍ ശരാശരി 70.80% രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്. മരണ രജിസ്‌ട്രേഷന്റെ നിരക്കിനെ സംബന്ധിച്ച ഡാറ്റ ഉള്‍പ്പെടുത്തിയ ആദ്യത്തെ NFHS റിപ്പോര്‍ട്ടാണിത്. 

NFHS മരണ രജിസ്‌ട്രേഷന്‍ നിരക്കും രാജ്യത്തെ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ (CRS) രേഖപ്പെടുത്തിയ യഥാര്‍ത്ഥ മരണങ്ങളുടെ എണ്ണവും അനുസരിച്ച്, 2020 ല്‍ മൊത്തം 114.07 ലക്ഷം ആളുകള്‍ മരിച്ചതായി കണക്കാക്കാം. 

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഈ വിവരങ്ങള്‍ ലോകാരോഗ്യസംഘടന കണക്കാക്കിയ മൊത്തം മരണ നിരക്കിന്റെ അടുത്തെത്തുന്നതാണ്. ഇത് സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധങ്ങള്‍ക്ക് മേല്‍ പ്രഹരമുണ്ടാക്കുന്ന കണക്കാണ്!photo 1

99.9% നിഗൂഢത
ലോകാരോഗ്യ സംഘടനയെ ഖണ്ഡിക്കുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിന് സ്ഥിതിവിവരക്കണക്കുകള്‍ എവിടെ നിന്ന് ലഭിച്ചു? ഉത്തരം: ഗവണ്‍മെന്റിന്റെ രണ്ടുതരത്തിലുള്ള  വ്യവഹാര ശേഖരണ, നിരക്ക് നിര്‍ണയനത്തില്‍ നിന്നും.

ഈ സ്രോതസ്സുകളിലൊന്ന് CRS ആണ്, ഇത് ഇന്ത്യയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും മരണമടഞ്ഞ ആളുകളുടെ ആകെ എണ്ണം രേഖപ്പെടുത്തുന്നു. എല്ലാ വര്‍ഷവും എല്ലാ മരണങ്ങളും രേഖപ്പെടുത്തുന്നില്ല. രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങള്‍ CRS-ല്‍ കണക്കാക്കുന്നു.

സാമ്പിള്‍ രജിസ്‌ട്രേഷന്‍ സര്‍വേ (എസ്ആര്‍എസ്) എന്ന വാര്‍ഷിക സാമ്പിള്‍ സര്‍വേയുടെ ഫലങ്ങള്‍ ഉപയോഗിച്ച് ഓരോ വര്‍ഷവും മരിക്കുന്ന ആളുകളുടെ എണ്ണം കണക്കാക്കുന്നു.

ഈ സര്‍വേയില്‍, ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത വീടുകളില്‍ പോയി ഒരു കുടുംബത്തില്‍ ഒരു വര്‍ഷം എത്ര പേര്‍ മരിച്ചുവെന്ന് ചോദിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് ഓരോ സംസ്ഥാനത്തും പിന്നീട് രാജ്യത്തുടനീളമുള്ള മരണനിരക്ക് കണക്കാക്കുന്നു. ഇതൊരു ഏകദേശ കണക്കു മാത്രമാണ്. 

ഗവണ്‍മെന്റ് ഇത്തരത്തില്‍ കണക്കാക്കിയ മരണനിരക്ക് രാജ്യത്തെ ജനസംഖ്യയുമായി ഗുണിച്ച് ആ പ്രത്യേക വര്‍ഷം മരിച്ചതായി കണക്കാക്കുന്ന മൊത്തം ആളുകളുടെ എണ്ണത്തില്‍ എത്തുന്നു. 2020-ലും സര്‍ക്കാര്‍ ഇത് തന്നെ  ചെയ്തു, ലോകാരോഗ്യ സംഘടനയെ തള്ളിപ്പറഞ്ഞുകൊണ്ട് രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 81.20 ലക്ഷം മാത്രമാണെന്ന് കണക്കാക്കി (ചുവടെയുള്ള പട്ടിക കാണുക). 

photo 2


2020-ലെ മഹാമാരി കാലത്തെ മൊത്തം മരണങ്ങളുടെ ഈ ഔദ്യോഗിക കണക്ക്, 2019-ല്‍, ഒരു പകര്‍ച്ചവ്യാധിയും ഇല്ലാതിരുന്ന കാലത്ത്, ആകെ കണക്കാക്കിയ മരണങ്ങളേക്കാള്‍ കുറവാണ്. ഈ കണക്കുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ച, കോവിഡുമായി ബന്ധപ്പെട്ട അധിക മരണങ്ങളെക്കുറിച്ചുള്ള എല്ലാ ശാസ്ത്രീയ മാതൃകകള്‍ക്കും വിരുദ്ധമാണ്. കണക്കാക്കിയ മരണങ്ങളുടെ എണ്ണമോ രജിസ്‌ട്രേഷന്‍ നിലയോ പോലുള്ള പ്രധാന സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്താത്. CRS 2020 റിപ്പോര്‍ട്ട് ഒരു ദശാബ്ദത്തിനിടയിലെ ആദ്യത്തേതാണ്. മരണങ്ങളുടെ 99.9% രജിസ്‌ട്രേഷന്‍ എന്ന അവകാശവാദം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു പത്രക്കുറിപ്പില്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. 2022 മെയ് 25-ന് പുറത്തിറങ്ങിയ SRS ഡാറ്റ ഈ അവകാശവാദവുമായി ഒത്തുപോകുന്നതായിരുന്നു.

എസ്ആര്‍എസ് ഡാറ്റയുടെ സൂക്ഷ്മ പരിശോധന, മൊത്തം മരണങ്ങളുടെ കണക്കിന് വേണ്ടി സര്‍ക്കാര്‍ ആശ്രയിക്കുന്നത് വിശ്വസനീയ വൃത്തങ്ങളെ അല്ലെന്നാണു വെളിപ്പെടുത്തുന്നത്.

എവിടെയാണത് പിഴച്ചത്? 
SRS മരണനിരക്ക് കണക്കുകള്‍ ആഴത്തില്‍ പിഴവുള്ളതാണ്. എസ്ആര്‍എസ് കണക്കാക്കിയാല്‍, 36 സംസ്ഥാനങ്ങളില്‍  20 എണ്ണത്തിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മരിച്ചതായി കണക്കാപ്പെടുന്ന ആളുകളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് അസാദ്ധ്യമാണ്.

ചണ്ഡീഗഢിലെ കാര്യം പരിഗണിക്കുക. SRS അനുസരിച്ച്, മരണ രജിസ്‌ട്രേഷനുകളുടെ എണ്ണം, 2020-ല്‍ മരിച്ചതായി കണക്കാക്കിയിട്ടുള്ള  ആളുകളുടെ എണ്ണത്തിന്റെ നാലിരട്ടിയാണ് (394.82%). ഡല്‍ഹിയില്‍ 2020-ല്‍.രജിസ്റ്റര്‍ ചെയ്ത മരണങ്ങളാകട്ടെ ,മരിച്ചതായി കണക്കാക്കപ്പെട്ടവരുടെ എണ്ണത്തിന്റെ ഇരട്ടി (196.42%) ആണ്. 

ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മരണ കണക്കുകള്‍ എസ്ആര്‍എസിന് തെറ്റായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകള്‍ തരുന്ന മുന്നറിയിപ്പ്. 'ചെറിയ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മരണനിരക്കിന്റെയും ശിശുമരണനിരക്കിന്റെയും വിശ്വാസ്യമായ എണ്ണം, ചെറിയ സാമ്പിള്‍ വലിപ്പം കാരണവും മുകളില്‍ നിന്നും താഴേക്കുള്ള പരിധികള്‍ക്കിടയിലുള്ള വളരെ വലിയ വ്യതിയാനങ്ങള്‍ കാരണവും അവതരിപ്പിച്ചിട്ടില്ല' എന്നാണ് SRS റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ചെറിയ ജനസംഖ്യയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കണക്കുകള്‍ നമുക്ക് വിശ്വസിക്കാനാവില്ല. എന്നിരുന്നാലും, വളരെ ഉയര്‍ന്ന ജനസംഖ്യയുള്ള പല വലിയ സംസ്ഥാനങ്ങളുടെ കാര്യത്തിലും സര്‍ക്കാരിന്റെ പിഴവ് ദൃശ്യമാണ്. ഉദാഹരണത്തിന്, തമിഴ്‌നാട്ടില്‍, SRS വഴി കണക്കാക്കിയ മരണങ്ങളുടെ 148.14% ആണ് രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങളുടെ എണ്ണം. ആന്ധ്രാപ്രദേശില്‍, രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍, കണക്കാക്കിയ മരണങ്ങളുടെ 137.56% ആണ്. 

SRS ലെ പിഴവുകള്‍ 
മരണനിരക്ക് (എസ്ആര്‍എസ്) കണക്കാക്കുന്നതിനും രാജ്യത്തിന്റെ മരണ രജിസ്ട്രി (സിആര്‍എസ്) പരിപാലിക്കുന്നതിനുമായി സാമ്പിള്‍ സര്‍വേകള്‍ നടത്തുന്ന രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് സംസാരിച്ചു. 'രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍, കണക്കാക്കിയതിനേക്കാള്‍ കൂടുതലാണ് എന്നത് അസാധാരണമല്ല,'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത  ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'സിആര്‍എസില്‍ നിന്ന് വ്യത്യസ്തമായി സാമ്പിള്‍ അടിസ്ഥാനമാക്കിയുള്ള സര്‍വേയാണ് എസ്ആര്‍എസ്.' ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മരണങ്ങളുടെ എണ്ണം കണക്കാക്കിയ മരണങ്ങളുടെ എണ്ണത്തേക്കാള്‍ എങ്ങനെ കൂടുതലാകുമെന്ന് വിശദീകരിക്കാന്‍ അദ്ദേഹം ഒരു കാരണം നല്‍കി: കുടിയേറ്റം. 

'ആരെങ്കിലും ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് പോകുകയും അവിടെ മരിക്കുകയും ചെയ്താല്‍, മരണം അവിടെ രജിസ്റ്റര്‍ ചെയ്യപ്പെടും, അത് CRS ഡാറ്റയില്‍ പ്രതിഫലിക്കും,' അദ്ദേഹം വിശദീകരിച്ചു. 'എസ്ആര്‍എസ് സാധാരണ താമസക്കാരെ മാത്രമേ കണക്കിലെടുക്കൂ, അതിനാല്‍ താമസസ്ഥലത്തെ മരണം എസ്ആര്‍എസ് കവര്‍ ചെയ്യും.' 

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ധാരാളം ആളുകള്‍ കുടിയേറുന്ന സംസ്ഥാനങ്ങളില്‍, സാമ്പിള്‍ സര്‍വേ അവര്‍ ജനിച്ച  സംസ്ഥാനങ്ങളിലെ മരണങ്ങള്‍ രേഖപ്പെടുത്തും - അതേസമയം CRS അവര്‍ കുടിയേറിയ സംസ്ഥാനങ്ങളിലെ അവരുടെ മരണങ്ങള്‍ ആയിരിക്കും രേഖപ്പെടുത്തുന്നത്. ഉയര്‍ന്ന ആഭ്യന്തര കുടിയേറ്റമുള്ള സംസ്ഥാനങ്ങളില്‍ കണക്കാക്കിയ മരണങ്ങളേക്കാള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്, നേരെ തിരിച്ചും. 
ഒരുപാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ ജോലിക്ക് കുടിയേറുന്ന ഡല്‍ഹിയിലോ ചണ്ഡീഗഢിലോ മരണ രജിസ്‌ട്രേഷന്‍ കൂടുതലാണെന്ന് ഇത് വിശദീകരിച്ചേക്കാം. 

എന്നാല്‍ 36 സംസ്ഥാനങ്ങളില്‍ ഇരുപതിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കണക്കാക്കിയ മരണങ്ങളേക്കാള്‍ ഉയര്‍ന്ന മരണ രജിസ്‌ട്രേഷന്‍ എങ്ങനെ രേഖപ്പെടുത്താന്‍ കഴിഞ്ഞു, അതും ഇത്രയും ഉയര്‍ന്ന മാര്‍ജിനില്‍? റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസിലേക്ക് വിശദമായ ചോദ്യങ്ങള്‍ അയച്ചെങ്കിലും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സമയത്ത് പ്രതികരണം ലഭിച്ചില്ല. ഡാറ്റയിലുള്ള ഔദ്യോഗിക പിഴവുകള്‍ സാരമില്ലെന്ന് പറഞ്ഞുകൊണ്ട് വിദഗ്ധര്‍ തള്ളിക്കളഞ്ഞു. 

ചികിത്സയ്ക്കോ ജോലിക്കോ ധാരാളം ആളുകള്‍ വരുന്ന ഡല്‍ഹിയിലും ചണ്ഡീഗഡിലും 'സംസ്ഥാനത്തിന് പുറത്തു നിന്നുള്ള' രജിസ്ട്രേഷന്‍ ഒരു പ്രശ്നമാണ്, എന്നാല്‍ ആന്ധ്രാപ്രദേശിലോ കര്‍ണാടകയിലോ ഇത്രയധികം മരണ രജിസ്ട്രേഷനുകള്‍ കാണുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ കഴിയില്ല,''-പാന്‍ഡെമിക്കിലെ മരണനിരക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ലണ്ടനിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രജ്ഞനായ മുറാദ് ബനാജി പറഞ്ഞു.

'ചില സംസ്ഥാനങ്ങളില്‍ നിങ്ങള്‍ കാണുന്ന രജിസ്‌ട്രേഷന്റെ അധിക അളവ് കുടിയേറ്റം മൂലമാണെന്ന് കാണിക്കുന്ന കാര്യമായ തെളിവുകളൊന്നുമില്ല' എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അധിക രജിസ്‌ട്രേഷനുകള്‍ 'സംസ്ഥാനത്തിന് പുറത്തുള്ള' രജിസ്‌ട്രേഷനാണെന്ന് ആരെങ്കിലും വാദിച്ചാല്‍, അതിനെ പിന്തുണക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒരു ഡാറ്റയും കാണിക്കാതെ ഒരു അവകാശവാദത്തിനെതിരെ നിങ്ങള്‍ക്ക് ഒരു വാദം ഉണ്ടാക്കാന്‍ കഴിയില്ല.'

'ഉത്തര്‍പ്രദേശിലെ ചില മരണങ്ങള്‍ ഡല്‍ഹിയിലേക്ക് പോകുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം, എന്നാല്‍ അധിക രജിസ്‌ട്രേഷനുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവില്ല. അവ ആ മാതൃകയില്‍ വരുന്നില്ല'-കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ ഹെല്‍ത്ത് സിസ്റ്റം റിസോഴ്‌സ് സെന്ററിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ടി. സുന്ദരരാമന്‍ പറഞ്ഞു. 'എസ്ആര്‍എസ് മരണനിരക്ക് കുറച്ചുകാണുന്നതിനാലാണ് അധിക രജിസ്‌ട്രേഷന്‍ നടക്കുന്നത്.' 

'അതെ, കുടിയേറ്റം  ഈ പൊരുത്തക്കേടില്‍ ഒരു പരിധിവരെ പ്രതിഫലിച്ചേക്കാം,' ഒരു സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന,പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു വിദഗ്ധന്‍ പറഞ്ഞു. ''എന്നാല്‍ മിക്ക കുടിയേറ്റക്കാരും നിങ്ങള്‍ക്ക് ഉയര്‍ന്ന മരണനിരക്ക് കാണാന്‍ കഴിയാത്ത  പ്രായത്തിലുള്ളവരാണ്. പല സംസ്ഥാനങ്ങളിലും ഇത്രയും ഉയര്‍ന്ന നിലയിലുള്ള വ്യത്യാസങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അത് തന്നെ പറയുന്ന പഠനങ്ങള്‍ ബനാജിയും മറ്റുള്ളവരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പുതിയ ജനസംഖ്യാ സെന്‍സസ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഓരോ 10 വര്‍ഷത്തിലും SRSന്റെ സര്‍വേ രൂപരേഖയും സാമ്പിള്‍ രീതിയും പരിഷ്‌കരിക്കപ്പെടുന്നു. 2014 ലാണ് ഇത് അവസാനമായി ചെയ്തത്.

photo 3

100% ത്തിലധികം മരണ രജിസ്‌ട്രേഷനുള്ള സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങളുടെ എണ്ണവും എസ്ആര്‍എസ് കണക്കാക്കിയ മരണങ്ങളുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട് 2014 ന് ശേഷം മാത്രമേ വര്‍ദ്ധിച്ചിട്ടുള്ളൂവെന്ന് ഡാറ്റ കാണിക്കുന്നു.photo 4

പൊരുത്തക്കേട് തിരുത്തുന്നു 
മുറാദ് ബാനാജിയും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ഇ. ബെല്‍ ഫെലോയും അദ്ദേഹത്തിന്റെ സഹകാരിയായ ആശിഷ് ഗുപ്തയും അവരുടെ കണക്കുകൂട്ടലുകളില്‍ SRS മരണ കണക്കുകളിലെ ഈ പൊരുത്തക്കേട് ക്രമീകരിച്ചിട്ടുണ്ട്. എസ്ആര്‍എസ് നമ്പറുകള്‍ പ്രകാരം, മരണ രജിസ്‌ട്രേഷനുകളുടെ യഥാര്‍ത്ഥ എണ്ണം മരണസംഖ്യയേക്കാള്‍ കൂടുതലുള്ള ഒരു സംസ്ഥാനവുമായി ഇടപെടുമ്പോള്‍, അത്തരം സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷത്തില്‍ മരിച്ചവരുടെ യഥാര്‍ത്ഥ രജിസ്റ്റേര്‍ഡ് മരണങ്ങളുടെ എണ്ണം അവര്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. സിആര്‍എസ് ഡാറ്റയെ എസ്ആര്‍എസ് എസ്റ്റിമേറ്റുകളുമായി പൊരുത്തപ്പെടുത്തുന്ന ഗവണ്‍മെന്റ് സമ്പ്രദായത്തെ തുടര്‍ന്നാണ് അവര്‍ അങ്ങനെ ചെയ്തത്.
 
രജിസ്റ്റര്‍ ചെയ്ത മരണങ്ങളുടെ എണ്ണം കണക്കാക്കിയ മരണങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്ന് സര്‍ക്കാര്‍ കണ്ടെത്തുമ്പോഴെല്ലാം, രജിസ്‌ട്രേഷന്റെ നില 100% ആണെന്ന് അവര്‍  പറയുന്നു - മരണ രജിസ്‌ട്രേഷന്‍ ഡാറ്റയെ സംബന്ധിച്ചു, കുറഞ്ഞ മരണകണക്കുകള്‍ വെച്ചുകൊണ്ട് തര്‍ക്കിക്കാന്‍ കഴിയില്ലെന്ന് അവര്‍ അംഗീകരിക്കുന്നു. എന്നിരുന്നാലും, വിചിത്രമെന്നു പറയട്ടെ, മൊത്തം മരണങ്ങളുടെ എണ്ണം കണക്കാക്കുമ്പോള്‍, കണക്കാക്കിയ മരണങ്ങളുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയില്‍ അത് ഇപ്പോഴും തുടരുന്നു. 

ഉദാഹരണത്തിന്, 2018-ല്‍, 3.53 ലക്ഷം മരണങ്ങള്‍ (6.42% കൂടുതല്‍) എന്ന എസ്ആര്‍എസ് കണക്കാക്കുമ്പോള്‍ ആന്ധ്രാപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങളുടെ എണ്ണം 3.76 ലക്ഷമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. അതിനാല്‍ രജിസ്‌ട്രേഷന്‍ 100% ആണെന്ന് പറഞ്ഞു.photo 5

എന്നാല്‍ ഇന്ത്യയിലെ മൊത്തം മരണങ്ങളുടെ എണ്ണം കണക്കാക്കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ചത് സംസ്ഥാനത്ത് ആ വര്‍ഷം എത്ര പേര്‍ മരിച്ചു എന്നതിന്റെ യഥാര്‍ത്ഥ കണക്കായി രജിസ്റ്റര്‍ ചെയ്ത മരണങ്ങളുടെ എണ്ണം എടുത്ത് ബനാജിയും ഗുപ്തയും അവരുടെ ഗവേഷണത്തില്‍ ഇത് കണക്കാക്കുന്നു.

ആന്ധ്രാപ്രദേശിലെ ഏറ്റവും കുറഞ്ഞ മരണസംഖ്യയായ 3.53 ലക്ഷമാണ്!. 2020-ലെയും അതിനുമുമ്പുള്ള 9 വര്‍ഷങ്ങളിലെയും മൊത്തം വാര്‍ഷിക മരണസംഖ്യ കണക്കാക്കുന്നതിനുള്ള അവരുടെ രീതി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പകര്‍ത്തി. അതനുസരിച്ചു 2020-ല്‍ മരണസംഖ്യ 91.8 ലക്ഷം ആയിരുന്നു, അതായത് CRS വഴിയുള്ള മരണ രജിസ്‌ട്രേഷന്‍ നിരക്ക് 88.4% ആണ്, അല്ലാതെ സര്‍ക്കാര്‍ അവകാശപ്പെടുന്ന 99.9% ആയിരുന്നില്ല.photo 6
 
20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡാറ്റ ഭാഗികമായി ശരിയാക്കിയതിന് ശേഷം ലഭിച്ച ഈ നമ്പറുകള്‍ പോലും NFHSന്റെ കണക്കാക്കിയ മരണ രജിസ്‌ട്രേഷന്‍ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ചിരിക്കുന്നതായി തോന്നുന്നു. 

എന്തുകൊണ്ടാണ് NFHS എസ്റ്റിമേറ്റുകളെ ആശ്രയിക്കുന്നത്?
സ്വതന്ത്ര ജനസംഖ്യാശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും കണക്കുകൂട്ടലുകള്‍ ഞങ്ങള്‍ തള്ളിക്കളയുകയാണെങ്കില്‍, വാര്‍ഷിക മരണസംഖ്യയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ സ്വന്തം NFHS കണക്കുകളിലേക്ക് നമുക്ക് മടങ്ങാം.
 
SRS രീതിശാസ്ത്രത്തില്‍ നിന്നും നിന്ന് വ്യത്യസ്തമായി, NFHS എന്യൂമറേറ്റര്‍ സര്‍വേയില്‍ പങ്കെടുക്കുന്ന ഓരോ കുടുംബത്തോടും ഒരു വര്‍ഷത്തില്‍ മരിച്ച കുടുംബത്തിലെ ആളുകളുടെ എണ്ണത്തെക്കുറിച്ചും ഈ മരണങ്ങളുടെ എണ്ണം എത്രയാണെന്നും വിവരങ്ങള്‍ ചോദിക്കുന്നു. 

'99.9% മരണ രജിസ്‌ട്രേഷന്‍ എന്നത്,  മരണ രജിസ്‌ട്രേഷനും, സാമ്പിള്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തിലൂടെ കണക്കാക്കിയ മരണങ്ങളും താരതമ്യം ചെയ്താണ് കണക്കാക്കുന്നത്' എന്നാണ് എന്‍എഫ്എച്ച്എസ് സംഘടിപ്പിക്കുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിന്റെ ഡയറക്ടര്‍ കെ.എസ് ജെയിംസ് വിശദീകരിച്ചത്. 

''എസ്ആര്‍എസിലൂടെ നല്‍കുന്ന മരണനിരക്കുകളുടെ കൃത്യതയും വ്യത്യാസപ്പെടാം, അതും ചിലപ്പോഴൊക്കെ കുറച്ചു കാണിക്കുന്നതാകാറുണ്ട്. ഇത് SRS സാമ്പിളിന്റെ കവറേജിനെ ആശ്രയിച്ചിരിക്കുന്നു. ഇത് ഒരു സാമ്പിള്‍ ആയതിനാല്‍ അതേ  പ്രശ്‌നം അവിടെയുമുണ്ടാകാം. 2016-2020 , 2019-2021 കാലയളവിനുള്ളില്‍ എന്‍എഫ്എച്ച്എസ് രണ്ട് ഘട്ടങ്ങളിലായി ഡാറ്റ ശേഖരിച്ചതായി അദ്ദേഹം പറഞ്ഞു. അതിനാല്‍ ശരാശരി കണക്കാക്കിയ മരണ രജിസ്‌ട്രേഷന്‍ നിരക്ക് ഈ കാലയളവില്‍ പ്രകടമായ വ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കും. 

2020-ല്‍, ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങിയ വലിയ സംസ്ഥാനങ്ങള്‍ തങ്ങളുടെ മരണ രജിസ്‌ട്രേഷനെ കോവിഡ് 19 തടസ്സപ്പെടുത്തിയെന്ന് ഔദ്യോഗികമായി സമ്മതിച്ചു, ഇത് അണ്ടര്‍ റിപ്പോര്‍ട്ടിങ് ചെയ്യപ്പെടുന്നതിന് ഇടയാക്കി. എസ്ആര്‍എസും സിആര്‍എസും വഴിയുള്ള രജിസ്‌ട്രേഷന്‍ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-ല്‍ 36 ല്‍ 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി NFHS മരണ രജിസ്‌ട്രേഷന്‍ എസ്റ്റിമേറ്റ് കുറവാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ കുറഞ്ഞത് 19 സംസ്ഥാനങ്ങളിലെങ്കിലും അവ സ്ഥിരമായി താഴ്ന്ന നിലയിലാണ്. 

ചുരുക്കത്തില്‍, NFHS സര്‍വേ ഫലങ്ങള്‍, കോവിഡ് 19 പകര്‍ച്ചവ്യാധിയെ നന്നായി കൈകാര്യം ചെയ്തു എന്ന ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അവകാശവാദങ്ങള്‍ക്ക് മേല്‍ ഒരു വലിയ ചോദ്യചിഹ്നം സ്ഥാപിക്കുകയും കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ചുള്ള WHO യുടെ കണക്കുകള്‍ക്കെതിരായ വാദത്തില്‍ പൊരുത്തക്കേടുകള്‍ (ചോര്‍ച്ച)ഉണ്ടാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചു കാണിക്കുവാനായി വിശ്വസനീയമല്ലാത്ത എസ്ആര്‍എസ് എസ്റ്റിമേറ്റുകളുമായി പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.


ഈ റിപ്പോര്‍ട്ട് ഇംഗീഷ് ഭാഷയില്‍ ദി വയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്- To Rubbish WHO’s 2020 COVID Death Estimates, India Used Flawed Data, Analysis