കേന്ദ്രത്തിന്റെ ലേല നടപടികളിലൂടെ പാവപ്പെട്ടവര്‍ക്കു വകയിരുത്തിയ പയര്‍ വര്‍ഗങ്ങള്‍ വന്‍കിട മില്ലുടമകള്‍ കീശയിലാക്കി; സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സിയും

കരാറുകാര്‍ എത്ര മൃഗീയമായ വഞ്ചനയാണ് ചെയ്തുവരുന്നതെന്ന് ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ വെളിപ്പെടുത്തല്‍ പുറത്തു കൊണ്ടുവന്നിരുന്നു
 
nafed

കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും സേനാ വിഭാഗങ്ങള്‍ക്കുമായി വകയിരുത്തിയ 4600 കോടി രൂപയിലധികം മതിപ്പുള്ള പയര്‍വര്‍ഗങ്ങളുടെ ലേല നടപടികള്‍ ഏതാനും വന്‍കിട മില്ലുടമകള്‍ക്ക് വഞ്ചനയിലൂടെ ലാഭമുണ്ടാക്കാന്‍ കാരണമായി എന്ന് കേന്ദ്ര വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അധ്യക്ഷനായ നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ കണ്ടെത്തിയിരിക്കുന്നു.

ഈ സമിതിയുടെ പ്രാഥമിക കണ്ടെത്തലുകള്‍ 2021 ഒക്ടോബര്‍ 11 ല്‍ ഇന്ത്യയിലെ പയര്‍ വര്‍ഗങ്ങളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വില സ്ഥിരത പരിശോധിക്കുന്ന കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. സമിതി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് ' ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവി' ന് ലഭ്യമായിട്ടുണ്ട്.

സംസ്‌കാരിക്കാത്ത ധ്യാനങ്ങളെ ഭക്ഷ്യയോഗ്യമായ തരത്തില്‍ സംസ്‌കരിക്കാനും വിതരണം ചെയ്യാനും യോഗ്യമായ മില്ലുകളെ കണ്ടെത്തുന്നതിനായി നടത്തുന്ന ലേലങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമിതി സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ചുമതലയുള്ള ഒരു ഗവേഷണ സ്ഥാപനമാണ്. ലേല  നടപടികളിലെ വ്യവസ്ഥകള്‍ ടണ്‍ കണക്കിന് പയര്‍ വര്‍ഗങ്ങള്‍ ചതിവിലൂടെ സര്‍ക്കാരില്‍ നിന്നും തട്ടിയെടുത്ത് പൊതുകമ്പോളത്തില്‍ വിറ്റ് ലാഭമുണ്ടാക്കുന്നതിനും ഗുണനിലവാരം കുറഞ്ഞ പയര്‍ വര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നതിനും കാരണമായി എന്ന് ഈ സമിതി കണ്ടെത്തിയിരിക്കുന്നു.

കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദി നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എന്ന സ്ഥാപനം രൂപം കൊടുത്ത ലേല നടപടികളിലെ വ്യവസ്ഥകള്‍ മില്ലുടമകള്‍ക്ക് അനര്‍ഹമായ നേട്ടമുണ്ടാക്കാന്‍ സഹായകമായി എന്ന് സമിതി കണ്ടെത്തി. 2018 മുതല്‍ നിലനിന്നിരുന്ന ലേല നടപടികള്‍ നാഫെഡ് ഉപേക്ഷിക്കണമെന്ന് ഈ സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

സര്‍ക്കാര്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത ലേല നടപടികളിലെ വ്യവസ്ഥകള്‍ തിരുത്തി എഴുതുന്നതിലൂടെ നാഫെഡ് എങ്ങനെയാണ് ടണ്‍ കണക്കിന് പയര്‍ വര്‍ഗ്ഗങ്ങള്‍ മില്ലുടമകള്‍ക്ക് സര്‍ക്കാരിനെ കബളിപ്പിച്ച് അടിച്ചു മാറ്റാന്‍ സഹായിച്ചത് എന്ന് മുന്‍പുള്ള ഒരു അന്വേഷണത്തിലൂടെ ' ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്' വെളിച്ചത്തു കൊണ്ടുവന്നതാണ്.( കേന്ദ്രത്തിന്റെ സുതാര്യമല്ലാത്ത ലേല നടപടികള്‍; സഹായിച്ചത് മില്ലുടമകളെ, തകര്‍ത്തത് പൊതു ഖജനാവിനെ )
 

വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണങ്ങളിലൂടെ ലഭ്യമായ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഞങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തതിനെ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു.

' ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവി'ന് ലഭ്യമായ മറ്റ് രേഖകള്‍ പ്രകാരം ഒക്ടോബര്‍ 2021 ല്‍ സമിതിയുടെ കണ്ടെത്തലുകള്‍ സര്‍ക്കാരിനെ അറിയിച്ചതിനുശേഷവും ഇത് അവഗണിച്ച് അടുത്ത രണ്ടു മാസങ്ങളിലായി വിവാദമായ ലേല നടപടികള്‍ പിന്തുടര്‍ന്നു തന്നെ 875.47 കോടി മതിപ്പുവിലയുള്ള 137509 എം ടി പയര്‍വര്‍ഗങ്ങള്‍ ലേലം ചെയ്യുന്നതിന് നാഫെഡിനെ സര്‍ക്കാര്‍ അനുവദിച്ചു.

' ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവി' ന്റെ കണ്ടെത്തലുകള്‍ക്കു ശേഷം ഇപ്പോള്‍ ക്ഷേമ പദ്ധതികള്‍ക്കായുള്ള പയര്‍ വര്‍ഗങ്ങളുടെ സംസ്‌കരണ പരിപാടികള്‍ നാഫെഡ് നിര്‍ത്തിവച്ചിരിക്കുയാണ്. പകരമായി സംസ്‌കരിക്കാത്ത പയര്‍ വര്‍ഗങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയം സംസ്‌കരിച്ചെടുക്കാവുന്ന തരത്തില്‍ വിതരണം ചെയ്യുന്നതിന് കണ്‍സ്യൂമര്‍ അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ ഫെബ്രുവരിയില്‍ തീരുമനിച്ചു.

ഞങ്ങളുടെ ചോദ്യങ്ങളോട് നാഫെഡോ, കണ്‍സ്യൂമര്‍ അഫേഴ്‌സ് മന്ത്രാലയമോ, അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.

പ്രവര്‍ത്തന രീതി
പയര്‍ വര്‍ഗങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനായി കൃഷിക്കാരെ കൂടുതല്‍ പയര്‍ ഉത്പാദനത്തിന് പ്രോത്സാഹിപ്പിക്കാനായി അവരുടെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വാങ്ങാം എന്ന് 2015 ല്‍ ഉറപ്പു കൊടുത്തു. പയര്‍ വര്‍ഗങ്ങളുടെ ശേഖരം കുന്നുകൂടാന്‍ തുടങ്ങിയതോടെ പാചകയോഗ്യമായ  പയര്‍ വര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ കൂടി വിറ്റഴിക്കാന്‍ 2017 ല്‍ നാഫെഡ് ഒരു നിര്‍ദേശം വച്ചു. മില്ലുടമകള്‍ കരാര്‍ നേടുന്നതിനും പയര്‍ വര്‍ഗങ്ങള്‍ സംസ്‌കരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നതിനുമായി നാഫെഡ് ഒരു ലേല സംവിധാനത്തിന് രൂപം നല്‍കി.

ചില മില്ലുകളെ സഹായിക്കുന്നതിനായി നാഫെഡ് അസാധാരണമായ നടപടികളെ പ്രോത്സാഹിപ്പിച്ച് കരാറുകള്‍ എങ്ങനെ വിതരണം ചെയ്തതെന്ന് 2021 ഡിസംബറിലെ ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ വെളിപ്പെടുത്തല്‍ പുറത്തു കൊണ്ടു വന്നതാണ്. സാധാരണയായി കുറഞ്ഞ തുക വയ്ക്കുന്ന കരാറുകാരനെയാണ് ജോലി ഏല്‍പ്പിക്കുന്നത്. ഇതിനു പകരമായി ഉയര്‍ന്ന ഉത്പാദന അനുപാതം(Out Turn Ratio-OTR) രേഖപ്പെടുത്താന്‍ മില്ലുകളോട് നാഫെഡ് ആവശ്യപ്പെട്ടു. ഒരു മില്ലിന് കിട്ടുന്ന അസംസ്‌കൃത പയര്‍ വര്‍ഗത്തിന്റെ അളവും അത് പാചകയോഗ്യമാക്കി സംസ്‌കരിച്ചെടുക്കുമ്പോള്‍ അന്തിമ ഉത്പാദനത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ് ഒ.ടി.ആര്‍.

ഉദ്ദാഹരണത്തിന് മില്ലുടമ ആയിരം കിലോ അംസ്‌കൃത പയറിനെ 80 കിലോ സംസ്‌കരിച്ച പയറും 10 കിലോ ഉപോത്പന്ന(ഉമി)വുമായി മാറ്റാനായി ചോദിക്കുന്നു. പക്ഷേ സര്‍ക്കാരിന് 70 കിലോ സംസ്‌കരിച്ച പയര്‍ മാത്രം തിരിച്ചു നല്‍കുന്നു. ഇവിടെ സര്‍ക്കാരിനെ സംബന്ധിച്ച് ഒടിആര്‍ 70 എന്ന നിലയിലാണ് കണക്കുകൂട്ടുന്നത്. ബാക്കി വരുന്ന 10 കിലോ ഗ്രാം പയര്‍ കരാറുകാരന്റെ ഗതാഗത ചെലവ്, മറ്റു ചെലവുകള്‍,ലാഭം ഇവയായി കണക്കാക്കപ്പെടുന്നു.

കരാറുകാര്‍ എത്ര മൃഗീയമായ വഞ്ചനയാണ് ചെയ്തുവരുന്നതെന്ന് ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ വെളിപ്പെടുത്തല്‍ പുറത്തു കൊണ്ടുവന്നിരുന്നു. കാരണം നാഫെഡിന്റെ ലേല സംവിധാനത്തില്‍ കരാറുകാരന് കുറഞ്ഞ ഒടിആര്‍ പരിധി കാണിക്കാനുള്ള വകുപ്പുകള്‍ ഇല്ല എന്നതാണ്. കുറഞ്ഞ ഒടിആര്‍ എന്നാല്‍ കൂടുതല്‍ ലാഭം എന്നാണ് അര്‍ത്ഥം. ചുരുക്കത്തില്‍ ഈ ബിസിനസില്‍ കരാറുകാരന്റെ അമിതലാഭത്തെ നിയന്ത്രിക്കുന്നതില്‍ നാഫെഡ് പരാജയപ്പെട്ടു എന്നാണ്.

നാഫെഡിന് മുന്നറിയിപ്പുകള്‍ കിട്ടാതിരുന്നിട്ടല്ല. ആന്ധ്രപ്രദേശില്‍ നഷ്ടം വരുത്തിയ ഒടിആര്‍ അടിസ്ഥാന അരി സംസ്‌കരണത്തിനായുള്ള ലേല നടപടികള്‍ക്ക് സിഎജി ഇന്ത്യ മുന്‍പ് ചുവപ്പ് കൊടി കാണിച്ചതാണ്. ആന്ധ്ര ഒടിആറിന് ഒരു താരിഫ് കൂടി നിശ്ചയിച്ചിട്ടുള്ളതാണ്. ഒരു കുറഞ്ഞ ഒടിആര്‍ നിര്‍ദേശിക്കാതെ പയര്‍വര്‍ഗങ്ങളുടെ ലേലത്തിനായി ദേശീയ തലത്തില്‍ ഇതേ നടപടിക്രമങ്ങള്‍ വ്യാപിപ്പിക്കുകയാണ് നാഫെഡ് ചെയ്തത്.

സര്‍ക്കാര്‍ തന്നെ സര്‍ക്കാര്‍ അഴിമതി സ്ഥിരീകരിക്കുന്നു

ഇപ്പോള്‍ ഔദ്യോഗികമായി തിരസ്‌കരിക്കപ്പെട്ട ലേല നടപടികള്‍ 2018 മുതല്‍ നാഫെഡ് നടത്തിക്കൊണ്ടിരിക്കുന്നതാണ്. കരാര്‍ നടപടിക്രമങ്ങളിലെ പാളിച്ചകള്‍ കണ്ടെത്തിയ നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ തലവനായ പിയൂഷ് ഗോയല്‍ മന്ത്രിയായ കേന്ദ്ര കണ്‍സ്യൂമര്‍ അഫേഴ്‌സ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന എന്ന പദ്ധതി പ്രകാരം പയര്‍ വര്‍ഗങ്ങള്‍ വിതരണം ചെയ്യുന്നതിലേക്കാണ് നാഫെഡ് കരാറുകള്‍ വിളിച്ചിരുന്നത്.

ഗവണ്‍മെന്റിന്റെ പയര്‍ വര്‍ഗങ്ങളുടെ വിലനിയന്ത്രണ പദ്ധതികള്‍ എത്രമാത്രം ഫലപ്രദമായിരുന്നു എന്നു വിലയിരുത്തുന്നതിനുള്ള ദൗത്യമാണ് സമിതിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നത്. പ്രധാനമായും പയര്‍ വര്‍ഗങ്ങളുടെ കരുതല്‍ ശേഖരമുണ്ടാക്കി വിപണിയില്‍ വിലനിയന്ത്രണത്തിനായി ഇടപെടല്‍ നടത്താനാണ് 2015 ല്‍ തുടങ്ങിയ ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നത്.

ഒടിആര്‍ അടിസ്ഥാനമായ ലേല നടപടികള്‍ മില്ലുടമകള്‍ക്ക് ' സംഭരിച്ച പയര്‍ വര്‍ഗങ്ങളുടെ ഗണ്യമായ അളവ്' കൈക്കലാക്കാന്‍ സഹായിച്ചു എന്ന് രാജ്യത്തെ 2016-17, 2019-20 കാലയളവിലെ പയര്‍ വര്‍ഗങ്ങളുടെ വിലയും അവയുടെ ആവശ്യങ്ങളെ കുറിച്ചും പഠിച്ച സമിതി കണ്ടെത്തി

image 1

ഇവിടെ സംഭവിച്ചിരിക്കുന്നത്, മില്ലുടമകള്‍ക്ക് സുതാര്യമായ ഒരു ലേല നടപടികളിലൂടെ കൈവശം വയ്ക്കാവുന്ന പയര്‍ വര്‍ഗ ശേഖരത്തേക്കാള്‍ വലിയ അളവ് വാണിജ്യ ആവശ്യങ്ങള്‍ക്കായി കൈവശം വയ്ക്കാന്‍ സാധിച്ചു എന്നതാണ്. മില്ലുടമകളെ ഇതിന് അനുവദിക്കുന്നതിലൂടെ നാഫെഡ് കൊള്ളലാഭം ഉണ്ടാക്കാന്‍ മില്ലുടമകള്‍ക്ക് അവസരം കൊടുത്തു്.

സമിതിയുടെ ' നിരീക്ഷണങ്ങളുടെയും നിര്‍ദേശങ്ങളു'ടെയും ഭാഗമായി പറഞ്ഞിരിക്കുന്നത്, പയര്‍ വര്‍ഗങ്ങളുടെ ഒടിആര്‍ കരാര്‍ സംവിധാനം നിരുത്സാഹപ്പെടുത്താനും ഗുണനിലവാര വിവരങ്ങളോടെ ഒരു ഏകീകൃത ഒടിആര്‍ വിവിധ ധാന്യങ്ങള്‍ക്ക് ഏര്‍പ്പെടുത്താനുമാണ്. പയര്‍ ഉപോത്പന്നത്തിന്റെ(ഉമി) ചെലവ് കണക്കിലെടുത്ത് പയര്‍ മില്ലുകള്‍ക്ക് തുക നല്‍കാവുന്നതാണെന്നും സമിതിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.

വ്യക്തമായ ഗുണനിലവാരമുള്ളതും, ഖജനാവ് സൗഹൃദവുമായ ലേല നടപടികളില്‍ കൂടി കരാറുകാരനെ കണ്ടെത്തണമെന്നാണ് സമിതിയുടെ നിര്‍ദേശം. നാഫെഡിന്റെ നിലവിലെ സംവിധാനമനുസരിച്ച് മില്ലുടമകള്‍ ഉദ്ധരിച്ചിരിക്കുന്ന ഒടിആര്‍ ഒരു ആഭ്യന്തര സമിതി സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. ആഭ്യന്തര സമിതിയുടെ മീറ്റിംഗ് വിശദാംശങ്ങള്‍ രഹസ്യമാക്കിവച്ചിരിക്കുകയും ആര്‍ടി ഐ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും, സുതാര്യരത നിയമത്തിന്റെ പരിധിയില്‍ നിന്നും നാഫെഡിനെ ഒഴിവാക്കിയ കോടതിവിധി ചൂണ്ടിക്കാട്ടി തടസം നില്‍ക്കുകയാണ് ചെയ്യുന്നത്.

സമിതിയുടെ മറ്റൊരു പ്രധാന കണ്ടെത്തല്‍ ഈ ലേല നടപടികള്‍ സംവിധാനം ചെയ്തിരിക്കുന്നത് ഏതാനും ചില മില്ലുടമകളെ സഹായിക്കാനാണ് എന്നതാണ്. സംസ്ഥാനങ്ങളിലെ പയര്‍ മില്ലുകളെ തെരഞ്ഞെടുക്കുന്നതിലെ നടപടിക്രമങ്ങള്‍ പുനപരിശോധിക്കണമെന്ന് സമിതി നിര്‍ദേശിച്ചിരിക്കുകയാണ്. ' ഇപ്പോള്‍ നാഫെഡ് പയര്‍ വര്‍ഗങ്ങള്‍ സംസ്‌കരിക്കുന്നതില്‍ കുറച്ച് വന്‍കിട മില്ലുകള്‍ മാത്രമാണ് ഏര്‍പ്പെട്ടിരിക്കുന്ന'തെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ചെറുകിട മില്ലുകളെ മില്ലിംഗ് കച്ചവടത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന്റെ പേരില്‍ നാഫെഡിനെ വിമര്‍ശിക്കുന്നുണ്ട് ഈ റിപ്പോര്‍ട്ട്. ' ഇപ്പോഴത്തെ 100 എം ടി എന്ന ഓഹരി വലുപ്പം ചെറുകിട മില്ലുകളെ മില്ലിംഗ് പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നിരോധിക്കുന്നു'. ചെറുകിടക്കാര്‍ക്കു കൂടി പങ്കെടുക്കുന്നതിനായി ലേല നടപടികളില്‍ 25 എം ടി ഓഹരി വലുപ്പം എന്ന നിലയില്‍ ആക്കാന്‍ സമിതി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

സമിതിയുടെ കണ്ടെത്തലുകളെ പരിശോധിക്കുന്നതിനായി ' ദ കളക്ടീവ്' നാഫെഡ് ആര്‍ക്കൈവ്‌സില്‍ നിന്നും ഒടിആര്‍ അടിസ്ഥാന ലേലങ്ങളെ വിശകലനം ചെയ്തു. 2018 ഏപ്രില്‍ മുതല്‍ നടന്ന 185 ചിക്പി പരിപ്പ് ലേലത്തില്‍ 35 എണ്ണം മാത്രമാണ് 100 ടണ്ണില്‍ താഴെയുള്ള പയര്‍ വര്‍ഗത്തില്‍പ്പെട്ടിരുന്നത്. രണ്ടെണ്ണം 25  ടണ്ണോ അതില്‍ താഴെയോയാണ്.

പീജിയണ്‍ പി( തര്‍ ദാല്‍) വിഭാഗത്തിലെ കണക്കുകള്‍ വളരെ മോശമാണ്. നാഫെഡ് 495 ലേലങ്ങള്‍ നടത്തിയതില്‍ വെറും 37 എണ്ണം മാത്രമാണ് 100 ടണ്ണില്‍ താഴെ ഉണ്ടായിരുന്നത്. വെറും അഞ്ചെണ്ണമാണ് 25 ടണ്ണോ അതില്‍ താഴെയോ ഉണ്ടായിരുന്നത്.

സമിതി കഴിഞ്ഞ ഒക്ടോബറിലെ മീറ്റിംഗില്‍ നാഫെഡ് ഉദ്യോഗസ്ഥരെ തെറ്റുതിരുത്താന്‍ ഉപദേശിച്ചിരുന്നു. എങ്കിലും ഡിസംബര്‍ പകുതി വരെ നടന്ന 13 ലേലങ്ങളില്‍ രണ്ടെണ്ണം മാത്രമാണ്, ഞങ്ങള്‍ വിശകലനം ചെയ്ത രണ്ട് ഉത്പന്നങ്ങളില്‍, 100 ടണ്ണില്‍ താഴെ വിഭാഗത്തില്‍ ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

നാഫെഡ് രേഖകള്‍ പ്രകാരം ഏതാണ്ട് 320 മില്ലുകളാണ് അവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചില കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം പയര്‍ മില്ലുകളുടെ എണ്ണം 7000 ആണ്. അധികവും പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചെറുകിട മില്ലുകള്‍. കുറച്ചു വന്‍കിട മില്ലുകളെ അനുവദിക്കുന്നതിലൂടെ നാഫെഡ് ഭൂരിഭാഗവും മില്ലുകള്‍ക്കുമെതിരേ വാതിലടയ്ക്കുകയാണ് ചെയ്യുന്നത്.

പിഎംജികെഎവൈ ഉള്‍പ്പെടെയുളള ഒടിആര്‍ അടിസ്ഥാന ലേലങ്ങളില്‍ പങ്കെടുത്ത ഒരു പയര്‍ മില്ലുടമ ' ദി കളക്ടീവി'നോട് സംസാരിച്ചത്- ' നാഫെഡിന്റെ ലേല നടപടികള്‍ ഞങ്ങളെപ്പോലുള്ളവരെ പുറത്തു നിര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. ഉദ്ദാഹരണത്തിന് ഒന്നുകില്‍ കമ്പനിയുടെ അറ്റാദായം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളെ മാറ്റിമറിക്കും അല്ലെങ്കില്‍ ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അവകാശം ചില സംസ്ഥാനങ്ങളിലെ മില്ലുകള്‍ക്ക് മാത്രമായി മാറ്റി വയ്ക്കും''. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മില്ലുടമ പറഞ്ഞു.

' ചില ടെണ്ടറുകളില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. പക്ഷേ ചിലപ്പോള്‍ ചില മില്ലുടമകളെ സഹായിക്കാത്ത തരത്തില്‍ പുതിയ വ്യവസ്ഥകള്‍ ചേര്‍ത്ത് ചില ആളുകള്‍ ഉണ്ടാക്കുന്ന ടെണ്ടറുകളാകാം...ഞാന്‍ ഒരു ഉദാഹരണം പറയാം, കഴിഞ്ഞ വര്‍ഷം അവര്‍ APO( Army Purchase Organisation) ടെണ്ടറുകള്‍ അവതരിപ്പിച്ചു. ഇതില്‍ അവര്‍ പറയുന്നത് നാഫെഡ് വഴി APO ടെണ്ടറുകളില്‍ പങ്കെടുത്തവര്‍ക്കു മാത്രമേ ഇതില്‍ പങ്കെടുക്കാന്‍ പറ്റൂ എന്നാണ്. ഈ വ്യവസ്ഥ എനിക്ക് തിരിച്ചടിയായി. ഇത് മത്സരത്തെ നിയന്ത്രിക്കുന്നു. അങ്ങനെ മില്ലുകള്‍ കുറഞ്ഞ ഒടിആര്‍ വയ്ക്കുന്നു'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവകാശത്തെ ' ദി കളക്ടീവി' ന് സ്വന്തമായി നിര്‍ണയം ചെയ്യാന്‍ സാധിച്ചിട്ടില്ല.

ദുര്‍ബലമായ ഗുണനിലവാര പരിശോധന
സമിതിയുടെ കണ്ടെത്തലില്‍ എങ്ങനെയാണ് ഭക്ഷ്യയോഗ്യമല്ലാത്ത-കേടായത്, പക്ഷി കാഷ്ടം പറ്റിയത്- പയര്‍ വര്‍ഗങ്ങള്‍ പിഎംജികെഎവൈ എന്ന മോദി സര്‍ക്കാരിന്റെ മഹാമാരി കാലത്തെ പ്രധാനപ്പെട്ട ദുരിതാശ്വാസ പദ്ധതിപ്രകാരം വിതരണം ചെയ്യപ്പെട്ടു എന്ന് വിശദമാക്കുന്നു. ' ദി കളക്ടീവ്' ഈ പരാതികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിതരണം ചെയ്യപ്പെട്ട പയര്‍ വര്‍ഗങ്ങളുടെ ഗുണനിലവാരത്തിന്റെ ഉത്തരവാദിത്തം മില്ലുകള്‍ക്കാണെന്ന് നാഫെഡ് പറഞ്ഞതിനു ശേഷമാണിത്.

image 2

സംഭരണം മുതല്‍ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഗുണനിലവാര പരിശോധന വളരെ ദുര്‍ബലമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. 

കൃഷി വകുപ്പ് നിര്‍ണയിച്ചിരിക്കുന്ന ഗുണനിലവാര വിവരങ്ങളെ ശരിയാവണ്ണം രേഖപ്പെടുത്താതെയാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും സംഭരിച്ച ധാന്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട ഏജന്‍സി ' പരിശീലനം സിദ്ധിക്കാത്ത' 'ഉപകരണ സംവിധാനങ്ങ' ളില്ലാത്ത ഉദ്യോഗസ്ഥരെക്കൊണ്ടാണ് പരിശോധന നടത്തിയത്.

image 3

ഇതിലുപരിയായി FCI സ്റ്റോക്കുകള്‍ ലേലം ചെയ്യുമ്പോള്‍ ആദ്യം സംഭരിച്ചത് ആദ്യം ലേലം ചെയ്യുക എന്ന മുന്‍ഗണനാക്രമം ഉപയോഗിച്ച് സംഭരണശാലകളില്‍ ഉത്പന്നങ്ങള്‍ കുന്നുകൂടുന്നത് തടഞ്ഞു. പക്ഷേ,' ആദ്യം എത്തിയത് ആദ്യം പുറത്ത്' എന്ന തത്വം നാഫെഡ് കാറ്റില്‍ പറത്തി.

കണ്‍സ്യൂമര്‍ അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനോട് 2020 ഏപ്രില്‍ 2 ന് നാഫെഡ് പറഞ്ഞത് ലക്ഷ്യസ്ഥാനത്തോട് ചേര്‍ന്നുള്ള സംഭരണശാലകളിലെ സ്‌റ്റോക്ക് ആയിരിക്കും ആദ്യം ലേലം ചെയ്യുക എന്നതാണ്. പിഎംജികെഎവൈ യുടെ കീഴിലുള്ള ലേലങ്ങള്‍ക്ക് ' ആദ്യം എത്തിയത് ആദ്യം പുറത്ത്' എന്ന തത്വം ബാധകമാകില്ല എന്നാണ് വ്യക്തമാക്കിയത്. നാഫെഡിന്റെ വിശദീകരണം ഇത് ശുപാര്‍ശ ചെയ്തത് സര്‍ക്കാരിന്റെ ഒരു കമ്മിറ്റി ഓഫ് സെക്രട്ടറീസ്- വ്യത്യസ്ത മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആണെന്നാണ്.

image 4

 

നാഫെഡ് മുന്‍പെ തന്നെ ''ആദ്യം എത്തിയത് ആദ്യം പുറത്ത്' എന്ന തത്വം നടപ്പാക്കുന്നതില്‍ നിര്‍ബന്ധബുദ്ധിയൊന്നും കാണിച്ചിരുന്നില്ല എന്നു നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ നിഗമനത്തില്‍ എത്തിച്ചേര്‍ന്നു.

നേരത്തെ 'ആദ്യം എത്തിയത് ആദ്യം പുറത്ത്' എന്ന തത്വം പാലിക്കപ്പെട്ടില്ല എന്ന് സമിതി ചൂണ്ടിക്കാണിച്ചിട്ടും, പിഎംജികെഎവൈ പദ്ധതിയുടെ കീഴിലുള്ള വിതരണത്തിന് ഈ തത്വം ബാധകമല്ല എന്ന് നാഫെഡ് എം ഡി വ്യക്തമാക്കിയതിനു ശേഷവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫേഴ്‌സ് ആര്‍ടിഐ റെക്കോര്‍ഡുകളില്‍ കള്ളം പറഞ്ഞു. കണ്‍സ്യൂമര്‍ അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് 2022 മാര്‍ച്ച് 8 ലെ ' ദ കളക്ടീവി'ന്റെ ചോദ്യത്തിനു മറുപടി നല്‍കിയത് പയര്‍ വര്‍ഗങ്ങളുടെ വില നിയന്ത്രണ പദ്ധതികളുടെ ഭാഗമായി സ്റ്റോക്ക് വിറ്റഴിക്കല്‍ നടത്തിയപ്പോള്‍ ഈ തത്വങ്ങള്‍ കൃത്യമായി പാലിച്ചിരുന്നു എന്നാണ്.

image 5

 

ധാന്യങ്ങളുടെ സംഭരണ കാലാവധി ആറുമാസം ആണെന്നിരിക്കെ, സ്റ്റോക്ക് സംഭരണശാലകളില്‍ നിന്നും എപ്പോള്‍ പുറത്തു പോകുന്നു എന്ന സമയം പ്രാധാന്യമര്‍ഹിക്കുന്നു. പക്വമായ സംഭരണകാലാവസ്ഥയില്‍ ഇത് കുറച്ചു മാസങ്ങള്‍ കൂടി നീട്ടിവയ്ക്കാം. സംഭരണത്തിന്റെ യാതൊരു ഗുണനിലവാരവും ശരിയായി പരിശോധിക്കാതെ മൂന്നു വര്‍ഷത്തില്‍  കൂടുതല്‍ വരെ പയര്‍വര്‍ഗങ്ങള്‍ ശേഖരിച്ചു വച്ചിരുന്നു എന്ന് സമിതി കണ്ടെത്തി.

സ്റ്റോക്കുകള്‍ സംഭരണ കാലാവധിയേക്കാള്‍ കൂടുതല്‍ കാലം സംഭരിച്ചു വച്ചിരുന്നു എന്ന് സമിതി കണ്ടെത്തി. ധാന്യങ്ങളുടെ സംഭരണ കാലാവധി നിശ്ചയിക്കുന്നത് അവ എത്രകാലം കീടങ്ങളില്‍ നിന്നും, എലി ശല്യത്തില്‍ നിന്നും, ഫംഗസ്, സൂഷ്മാണു വളര്‍ച്ച എന്നിവയില്‍ നിന്നും സ്വതന്ത്രമായിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.

സ്റ്റോക്കുകള്‍ ലേലം ചെയ്യുന്നതിനു മുമ്പ് നാഫെഡ് ഗുണനിലവാരം പരിഗണിച്ചിരുന്നില്ല എന്ന് സമിതി റിപ്പോര്‍ട്ടിലൂണ്ട്. സംഭരണഘട്ടം കഴിഞ്ഞ് സംസ്‌കരിച്ച പയര്‍ വര്‍ഗങ്ങളുടെ ഗുണനിലവാര പരിശോധന നടത്താറെ ഉണ്ടായിരുന്നില്ല.

പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫേഴ്‌സ് ഓര്‍ഡര്‍
കണ്‍സ്യൂമര്‍ അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അതിന്റെ 2022 ഫെബ്രുവരി 11 ലെ ഉത്തരവിലൂടെ നാഫെഡിന് സംസ്ഥാനങ്ങള്‍ക്ക് സംസ്‌കരിക്കാത്ത പയര്‍വര്‍ഗങ്ങള്‍ക്ക് മാത്രമെ നീക്കിവയ്ക്കാന്‍ അനുവാദം നല്‍കുന്നുള്ളൂ. ഒരു വലിയ പരിധി വരെ നാഫെഡിന്റെ, ലേല കളികളിലുള്ള കൃത്യമായ ഇടപെടലാണിത്. എന്നിരുന്നാലും മൂന്നു പ്രധാന മാര്‍ഗങ്ങളില്‍ കൂടി പഴയ ലേല സംവിധാനം തുടരാനുള്ള വാതിലുകള്‍ തുറന്നു തന്നെയാണ് കിടക്കുന്നത്.image 6


ഒന്നാമതായി ഈ ഉത്തരവ് ക്ഷേമ പദ്ധതികളുടെ കീഴിലുള്ള പയര്‍ വര്‍ഗ വിതരണത്തെ കുറിച്ചാണ്. ഇതേ ലേല മാര്‍ഗത്തിലൂടെ നാല് വര്‍ഷം കൊണ്ട് 580 കോടിയിലധികം വിലമതിക്കുന്ന പയര്‍ വര്‍ഗങ്ങള്‍ പ്രതിരോധ സേനയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് ഇതില്‍ നിശബ്ദത പാലിക്കുന്നു.

രണ്ടാമതായി, ലേല രീതിയെ ഈ ഉത്തരവ് നിരോധിക്കുന്നില്ല. ഇതിനര്‍ത്ഥം, സംസ്ഥാനങ്ങള്‍ക്ക് പയര്‍ വര്‍ഗങ്ങള്‍ ലഭിച്ചശേഷം ഇന്നേ മാര്‍ഗത്തിലൂടെ സംസ്‌കരിക്കുകയും വിരണം ചെയ്യുകയും ചെയ്യാം എന്നതാണ്.

അവസാനമായി, നാഫെഡ്-നെ ഈ ഉത്തരവ് പയര്‍ വര്‍ഗങ്ങള്‍ എന്ന ഒരു വസ്തു മാത്രം സംസ്‌കരിക്കുന്നതില്‍ നിന്നു മാത്രമെ വിലക്കിയിട്ടുള്ളൂ. ' ദി കളക്ടീവി'ന്റെ അന്വേഷണത്തില്‍ 2019-20 കാലത്ത് ഇതേ ലേല രീതി ഉപയോഗിച്ച് 180 കോടി രൂപയ്ക്കു മുകളില്‍ കടുക് എണ്ണയും സംസ്‌കരിച്ച് വിതരണം ചെയ്തിട്ടുണ്ട്.

(ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ അസിസ്റ്റന്റ് എഡിറ്ററാണ് ശ്രീഗിരീഷ് ജലിഹാള്‍)


ഈ റിപ്പോര്‍ട്ട് ഇംഗീഷ് ഭാഷയില്‍ ദി വയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്- Govt Agency Confirms Centre's Auctions Allowed Millers To Corner Pulses Meant For The Poor