ജോണ്‍പോള്‍, ധിഷണയുടെ കരുതലും സ്നേഹവും; അനുഭവങ്ങളെ ആഹരിച്ച പ്രതിഭ

 
ജോണ്‍പോള്‍, ധിഷണയുടെ കരുതലും സ്നേഹവും; അനുഭവങ്ങളെ ആഹരിച്ച പ്രതിഭ
ജീവിതത്തിന്റെ ചീളുകള്‍ കോര്‍ത്തുവെയ്ക്കുന്നതാണ് ജോണ്‍പോളിന്റെ രചനകള്‍.
 

ഒരു സ്നേഹ പാദുകത്തിന്റെ ഓര്‍മ്മയ്ക്ക്. ജോണ്‍പോളിന്റെ സപ്തതി ദിനത്തില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം 'ഓര്‍മ്മ വിചാര'ത്തിലെ അവസാന ലേഖനത്തിന്റെ ശീര്‍ഷകമാണിത്. സ്വന്തം പിതാവിനെ കുറിച്ചുള്ള സ്മരണ. എറണാകുളത്തെ ബ്രോഡ് വെയിലെ ബാറ്റയുടെ ഷോറൂമിനു മുന്നില്‍ നിന്നും തേഞ്ഞു തീരാറായ സ്വന്തം ചെരുപ്പിനോക്കി പുത്തന്‍ ചെരുപ്പിനായി ആഗ്രഹിച്ച കൗമരക്കാരന്‍. കടയില്‍ കണ്ട ഭംഗിയുള്ള പാദുകങ്ങളായിരുന്നു മോഹിപ്പിച്ചത്. അഞ്ചുമക്കളുടെ രക്ഷിതാവായ, തുച്ഛവരുമാനക്കാരനായ പിതാവ് പറഞ്ഞു. പ്രീഡിഗ്രി കഴിയട്ടെ.

ബ്രോഡ് വേയില്‍ നിന്നും കത്രിക്കടവിലെ വീട്ടിലേക്ക് പിതാവിനൊപ്പമുള്ള നടത്തത്തിനിടെ കാലില്‍ക്കിടന്ന ചെരുപ്പു പൊട്ടിപ്പോയി. അത് റെയില്‍വെ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. തല്‍ക്കാലം സ്ലിപ്പര്‍ വാങ്ങിയിടാമെന്ന പിതാവിന്റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ ആ കൗമാരക്കാരന്‍ തയാറായില്ല. ഏതാനും വര്‍ഷങ്ങള്‍ ചെരുപ്പിടാതെ നടന്നു. ബിഎ ഒന്നാം വര്‍ഷ അവധിക്കാലം. കോല്‍ക്കത്തയിലെ സഹോദരന്റെ ഒപ്പമായിരുന്ന പിതാവ് മടങ്ങിയെത്തി. ആരുമറിയാതെ ബ്രോഡ് വേയിലെ രവീന്ദ്ര ലെതര്‍ മാര്‍ട്ടില്‍ നിന്നും വാങ്ങിയ ചെരുപ്പു പിതാവ് മേശപ്പുറത്ത് വെച്ചു പോയി. അതണിഞ്ഞു സൈക്കിളും ഉന്തി പുറത്തിറങ്ങിയപ്പോള്‍ പിതാവ് ഓര്‍മ്മിപ്പിച്ചു. ''രണ്ടു കൊല്ലം ഇടാതിരുന്നിട്ട് ഇടുന്നതല്ലേ. ചിലപ്പോള്‍ ഉരഞ്ഞുപൊട്ടും. സൂക്ഷിച്ചോ.'' വിദ്യാരംഭത്തിന് ജീവിതത്തില്‍ ആദ്യമായി ചെരുപ്പിടുമ്പോഴുമുണ്ടായിരുന്നു ഈ കരുതലും സ്നേഹവും. എംടിയോട് കുട്ടിക്കാലത്ത് മാതാവ് കരിയിലകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ പാമ്പുകളെ സൂക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തുന്നതിന് സമാനമായ ഒന്ന്.

'നിറകണ്ണുകള്‍ വലിഞ്ഞ് കാഴ്ച പൂര്‍ണ്ണതെളിച്ചത്തിലെത്തും വരെ ആ മോന്‍ സൈക്കളുമുരുട്ടി ഓരത്തുകൂടി നടക്കുകയായിരുന്നു...!'' ഇങ്ങനെയാണ് ജോണ്‍പോള്‍ ലേഖനം അവസാനിപ്പിക്കുന്നത്. ഹൃദയാവര്‍ജ്ജകമായ തരത്തില്‍ അനുഭവങ്ങളെ പകര്‍ത്തിവെയ്ക്കാനുള്ള അന്യാദൃശമായ ഈ എഴുത്തുകാരന്റെ ശേഷിയും ശേമുഷിയും ഇതിലും പ്രകടം. അതിലേറെ ഉള്‍ക്കാഴ്ചയും.

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്നേഹപാദുകങ്ങള്‍ നല്‍കിയ എഴുത്തുകാരനാണ് ജോണ്‍ പോള്‍. മനുഷ്യകഥാനുഗായികളും ജീവിതഗന്ധികളുമായ ഒട്ടേറെ ചലച്ചിത്രങ്ങള്‍. അന്യാദൃശങ്ങളായ ചാരുതയേറുന്ന ഓര്‍മ്മക്കുറിപ്പുകളും ചരിത്രങ്ങളുമടങ്ങുന്ന 20 ലേറെ പുസ്തകങ്ങളിലായി എഴുതപ്പെട്ട ഗദ്യസഞ്ചയം. അഭിജാതമായ സംസ്‌കൃതിയെ പേറുന്ന കലാകാരന്‍. വിനായന്വിതനായ മനുഷ്യന്‍. 98 ഓളം ചലച്ചിത്രങ്ങള്‍ക്കായി തിരരൂപം രചിച്ച കഥാകാരന്‍. ടെലിവിഷന്‍ അവതാരകന്‍. മാധ്യമ പ്രവര്‍ത്തകന്‍. ചലച്ചിത്ര അധ്യാപകന്‍. ജാഗ്രത്തായ മനസ്സോടെ ജീവിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍. ചലച്ചിത്ര നിര്‍മാതാവ്. ഇത്തരത്തില്‍ ബഹുതകളാല്‍ ബഹുലമായ ജീവിതം നയിക്കുന്ന എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്.

അതുവരെ കണ്ടിട്ടില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത ജീവിതാഖ്യാനങ്ങളാണ് ജോണ്‍ പോളിന്റെ ചലച്ചിത്രങ്ങള്‍. 1980 ല്‍ പുറത്തിറങ്ങിയ ചാമരം മുതല്‍ നീളുന്ന ചലച്ചിത്ര സഞ്ചാരങ്ങള്‍. മലയാള ചലച്ചിത്രത്തിന്റെ വളര്‍ച്ചയുടെ സവിശേഷ ഘട്ടത്തില്‍ അതിനൊപ്പം ഋതുപ്പകര്‍ച്ചകള്‍ നേടിയ ജീവിതമാകുന്നു ജോണ്‍പോളിന്റേത്. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രതിഭകള്‍ക്കുമൊപ്പം യാത്ര ചെയ്ത് സവിശേഷമായ ആ കാലത്തെ പ്രതിഭയിലേക്ക് സന്നിവേശിപ്പിച്ച ഈ ചലച്ചിത്രകാരന്, സമകാലീക മലയാള ചലച്ചിത്രത്തിന്റെ ചരിത്രകാരനെന്ന ഖ്യാതിയും സ്വന്തം. എന്നാല്‍ ചലച്ചിത്ര മേഖലയിലെ പതിവുവഴികള്‍ വിട്ട് തന്റേതായ ഒന്നും ഘോഷിച്ച് നടക്കാന്‍ മെനക്കെടാതെ മാറിനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു ഈ വിനയാന്വിതനായ മനുഷ്യന്‍. ഒരു കാലത്ത് വര്‍ഷത്തില്‍ 14 തിരക്കഥകള്‍ വരെ രചിച്ചിട്ടുണ്ട് മലയാള സിനിമയ്ക്കു സ്വന്തമായ രസക്കൂട്ട് രൂപപ്പെടുത്തി ഈ എഴുത്തുകാരന്‍.

എനിക്ക് ഞാന്‍ ഞാനാണെന്ന് ഘോഷിച്ചതിനുശേഷം മാത്രം സമര്‍ത്ഥിക്കാന്‍ കഴിയുന്ന ഐഡന്റിറ്റിയേ ഉള്ളുവെങ്കില്‍ ആ ഐഡന്റിറ്റി ഞാന്‍ അര്‍ഹിക്കുന്നില്ലെന്ന് കരുതുന്നു. ഒരിയ്ക്കല്‍ ജോണ്‍ പോള്‍ സ്വയം വിലയിരുത്തിക്കൊണ്ടുപറഞ്ഞു. ഇത് തന്റെ പെരുമാറ്റ ഭാഷയുടെ ജന്മപ്രകൃതം മാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. കച്ചവടത്തിന്റെ കമ്പോളസ്ഥിതികളില്‍ നിന്നും പുറത്തുനില്‍ക്കുകയും സര്‍ഗാത്മകതയുടെ അസിധാരയില്‍ സ്വയം തിരിച്ചറിയുന്നതില്‍ ആനന്ദിക്കുകയും ചെയ്യുന്ന പ്രതിഭയാണ് ജോണ്‍പോള്‍.

എറണാകുളം മഹാരാജകീയ കലാലയത്തില്‍ നിന്നും ധനശാസ്ത്രത്തില്‍ ബിരുദാനന്ത ബിരുദം നേടിയശേഷം ഫിലിം സൈസൈറ്റി പ്രവര്‍ത്തനവും മറ്റുമായി സാംസ്‌കാരിക രംഗത്ത് സജീവമായ വ്യക്തിയാണ് ജോണ്‍ പോള്‍. ഷെവലിയര്‍ പി.വി. പൗലോസിന്റേയും റെബേക്കയുടേയും മകനായി 1950 ഒക്ടോബര്‍ 29ന് ജനിച്ച ജോണ്‍ പോള്‍ ഒരു പതിറ്റാണ്ടോളം ബാങ്കുദ്യോഗസ്ഥനായി പ്രവര്‍ത്തിയ്ക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിക്കാലം മുതല്‍ മാധ്യമ പ്രവര്‍ത്തനവും എഴുത്തും കൂടെ കൊണ്ടുനടന്ന ജോണ്‍ പോള്‍ മുപ്പതില്‍ പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ ശ്രദ്ധയും അംഗീകാരങ്ങളും നേടിയിട്ടുള്ള നിരവധി ചിത്രങ്ങളുടെ സൃഷ്ടാവ് കൂടിയാണ് ജോണ്‍ പോള്‍.

പ്രകടമായി സിനിമയില്‍ എത്താന്‍ വേണ്ടി പരിശ്രമിച്ച് ചലച്ചിത്ര രംഗത്ത് എത്തിയ വ്യക്തിയായിരുന്നില്ല ജോണ്‍ പോള്‍. സിനിമ ഇഷ്ടമായിരുന്നു. വല്ലാത്ത പാഷനുമായിരുന്നു. ചലച്ചിത്ര മേഖലയില്‍ ഒട്ടേറെ സുഹൃത്തുക്കള്‍. ഫിലിം സൈസൈറ്റി പ്രസ്ഥാനവുമൊക്കെയായി വളരെ ചെറുപ്പകാലം മുതല്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അക്കാലം വരെ കഥയോ നോവലോ ഒന്നും എഴുതിയിട്ടില്ലാത്ത തന്നില്‍ തിരക്കഥാകാരന്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് ചലച്ചിത്ര പ്രവര്‍ത്തകരായ ചങ്ങാതിമാരായിരുന്നു. തന്റെ ഉള്ളിലുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടില്ലാത്ത സാധ്യതകളെ ചുരമാന്തി എടുത്തത് അവരായിരുന്നു. അന്നുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത വഴക്കങ്ങളോട് സ്ഥായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരു കന്യാവനം തന്റെ ഉള്ളിലുണ്ടെന്ന തിരിച്ചറിവാകാം അവരെ അതിന് പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്നും ജോണ്‍പോള്‍ വിശ്വസിക്കുന്നു.

എംടിയേയും പദ്മരാജനേയും തോപ്പില്‍ ഭാസിയേയും കെ. ടി. മുഹമ്മദിനേയും എസ്എല്‍ പുരം സാദാനന്ദനേയും പോലുള്ള വടവൃക്ഷങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഇടത്തിലേക്കാണ് കഥാകാരനായി ജോണ്‍പോള്‍ കയറിചെന്നത്. അവരുടെ ആരുടേയും നിഴലുകള്‍ പതിയാത്ത വഴികളിലൂടെ നടക്കുക എന്നതായിരുന്നു അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. കാര്‍ബണ്‍ കോപ്പിയായാല്‍ പോയി. അതൊരുതരം സര്‍വൈവല്‍ ഇന്‍സ്റ്റിക്റ്റ് തന്നെയായിരുന്നുവെന്ന് ജോണ്‍പോള്‍ പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. മറ്റു സ്വാധീനങ്ങളില്‍ നിന്നും വഴുതിമാറുന്നതിന് അത് സഹായകമാകുകയും ചെയ്തു.

അനുഭവങ്ങളെ ആഹരിച്ച പ്രതിഭ

അന്നുവരെ നിലനിന്നിരുന്ന ചലച്ചിത്ര ഭാഷ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ വഴിത്താരയിലൂടെ നടന്നുനീങ്ങി ഈ പ്രതിഭ. ''ആനന്ദവും ആഘോഷവുമായി മാത്രം മലയാള സിനിമയെ കണ്ടിരുന്ന പതിവുരീതികളെ ഉല്ലംഘിച്ചുകൊണ്ടു എഴുത്തിന്റെ കാന്തിക വലയത്തിലേക്ക് ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ സ്വാശീകരിച്ചെടുത്ത എംടിക്കും പത്മരാജനും ശേഷം മലയാള തിരക്കഥാ രംഗത്തേക്കു കടന്നുവന്ന എഴുത്തുകാരനാണ് ജോണ്‍ പോള്‍. മുന്‍ഗാമികള്‍ ഉയര്‍ത്തിയ സര്‍ഗാത്മകമായ ഞാണൊലികളുടെ മാറ്റൊലിയാകാന്‍ നില്‍ക്കാതെ സ്വന്തം അനുഭവങ്ങളെ ആഹരിച്ചുകൊണ്ടു പുതിയ ലക്ഷ്യങ്ങളിലേക്ക് സ്വയമേവ ശരവേഗമായി മാറുകയായിരുന്നു അദ്ദേഹം.'' സന്തോഷ് എച്ചിക്കാനം ജോണ്‍ പോളിന്റെ പുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതി.

പക്ഷെ ഇത്തരം പുതുപന്ഥാവ് തേടല്‍ വ്യത്യസ്തതയ്ക്കുവേണ്ടിയുള്ള വ്യത്യസ്തയായിരുന്നില്ലെന്ന വിശ്വാസമാണ് ജോണ്‍പോളിനെ ഭരിച്ചിരുന്നതെന്ന് തോന്നുന്നു. ഭാവിയില്‍ ഇന്ന തരത്തില്‍ അടയാളപ്പെടുത്തണമെന്ന തരത്തിലുള്ള തീര്‍പ്പോടുകൂടിയൊന്നുമായിരുന്നില്ല ഒന്നും എഴുതിയത്. ചിലതെല്ലാം തന്നിലൂടേയും സംഭവിച്ചുവെന്നു പില്‍ക്കാലത്ത് തിരിച്ചറിഞ്ഞു. അത്രമാത്രം. അന്നുവരെ നിലനിന്നിരുന്ന രീതികളില്‍ നിന്നും വ്യത്യസ്തമായി വഴിമാറിനടക്കുന്നവരുടേയോ ഒഴുക്കിനെതിരെ നീന്തുന്നവരുടേയോ ഒക്കെയൊപ്പമായിരുന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഭരതനേയും എ. സേതുമാധവനേയും മോഹനേയും പോലുള്ളവരുടെയൊപ്പം. അപ്പോള്‍ തന്നാലാകുന്ന തരത്തില്‍ ആ ഗതിമാറി യാത്രയുടെ ഭാഗമായി. അതായിരുന്നു സംഭവിച്ചത്. ഇളക്കങ്ങളും ചാമരവും ഒക്കെ അത്തരത്തില്‍ പുറത്തുവന്ന രചനകളായിരുന്നു.

ജീവിതത്തിന്റെ ചീളുകള്‍ കോര്‍ത്തുവെയ്ക്കുന്നതാണ് ജോണ്‍പോളിന്റെ രചനകള്‍. ജീവിതത്തെ തൊട്ടുനില്‍ക്കുന്ന ഭാവാത്മകമായ രചനകള്‍. ഭരതനുവേണ്ടി ഒട്ടേറെ ചിത്രങ്ങളുടെ കഥയും തിരക്കഥയും ജോണ്‍പോള്‍ രചിച്ചിട്ടുണ്ട്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഓര്‍മ്മയ്ക്കായി പോലെ മലയാളികള്‍ എക്കാലവും ഓര്‍ത്തുവെയ്ക്കുന്ന ചിത്രങ്ങള്‍. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എ. സേതുമാധവന്‍ ഭരത് ഗോപിയെ വച്ച് ചെയ്യാന്‍ നിശ്ചയിച്ച ചിത്രമായിരുന്നു. ഗോപി അസുഖബാധിതനായി തീര്‍ന്നതിനെ തുടര്‍ന്ന് ആ പ്രോജക്ട് മുന്‍പോട്ട് കൊണ്ടുപോകാന്‍ ആയിരുന്നില്ല. അതാണ് പിന്നീട് ഭരതന്‍ സംവിധാനം ചെയ്യുന്നത്. ഭരതന്റെ അതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റാണ് ആ ചിത്രത്തില്‍ നടത്തിയത്. പരസ്പരം മത്സരിച്ച് അഭിനയിച്ച നടീനടന്മാരും. ഭരതനെപ്പോലെ തികഞ്ഞ ഹാര്‍മണിയോടെ ജോണ്‍പോളിന് പ്രവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞ സംവിധായകരാണ് മോഹന്‍, എ. സേതുമാധവന്‍, ബാലുമഹേന്ദ്ര തുടങ്ങിയവര്‍.

തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള പാരസ്പര്യം ഓരോ ചിത്രത്തിന്റേയും സഫലമായ ആവിഷ്‌ക്കാരത്തിന് അനിവാര്യമാണ്. ആ താളത്തിനു ഭംഗം വരുമ്പോള്‍ അതിന്റെ പരുക്ക് ചിത്രത്തിലും ഉണ്ടാകും. അത് സ്വാഭാവികമാണ്. നല്ല തിരക്കഥയും നല്ല സംവിധായകനും ചേരുമ്പോള്‍ നല്ല ചലച്ചിത്രങ്ങളുണ്ടാകുന്നു. പ്രതിഭാധനന്മാരായ സംവിധായകര്‍ക്ക് തിരക്കഥയുടെ പരിമിതികളെ പരിഹരിച്ച് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനാവുകയും ചെയ്യാറുണ്ട്. തിരക്കഥയ്ക്കപ്പുറം സംവിധാനത്തിലേക്ക് എന്തുകൊണ്ടു തിരിഞ്ഞില്ല ചോദ്യം ഉയര്‍ന്ന വേളയില്‍ ജോണ്‍പോള്‍ പങ്കുവെച്ച കാരണങ്ങളില്‍ പ്രധാനം താന്‍ അത്രമേല്‍ സാധകം ചലച്ചിത്രം എന്ന മാധ്യമത്തില്‍ നടത്തിയിട്ടുണ്ടോ എന്ന ആശങ്കയായിരുന്നു.

മലയാളത്തിലെ തിരക്കഥാകൃത്തുക്കളില്‍ എംടിയുടേയും പദ്മരാജന്റേയും സ്വാധീനതകളെ ജോണ്‍പോള്‍ എടുത്തു പറയുന്നു. അദ്ദേഹം ചലച്ചിത്ര മേഖലയിലേയ്ക്കു പ്രവേശിക്കുന്ന വേളയില്‍ തിരക്കഥാ രചനയില്‍ കുംഭഗോപുരങ്ങള്‍ പോലെ നില്‍ക്കുകയായിരുന്നു ഇരുവരും. എംടിയുമായി ദീര്‍ഘമായ സംഭാഷണം നടത്തി ജോണ്‍ പോള്‍ കഥയിതു വാസുദേവം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മോഹിപ്പിക്കുന്ന കഥാകാരനാണ് എംടി. തനിക്കു പരിചിതമായ ലോകത്തെ ആവിഷ്‌ക്കരിക്കുമ്പോഴാണ് എംടിയിലെ കഥാകാരന്‍ ഏറ്റവും കരുത്തുകാട്ടുന്നതെന്ന് ജോണ്‍ പോള്‍ വിലയിരുത്തുന്നു. അല്ലാത്ത ഘട്ടങ്ങളില്‍ പലപ്പോഴും ആ പ്രതിഭ തെല്ല് പതറിയിട്ടുണ്ട്. പറഞ്ഞുവന്ന കഥകള്‍ പറയപ്പെടാത്ത തരത്തില്‍ ആവിഷ്‌ക്കരിക്കുന്നുവെന്നതാണ് എംടിയുടെ സവിശേഷത. കാഴ്ചയുടെ പിറകെ അക്ഷരങ്ങള്‍ ചെല്ലുന്ന രീതി. പദ്മരാജനാകട്ടെ വളരെ വ്യത്യസ്യമായ പ്രമേയങ്ങളെ കുറിച്ച്, വളരെ വ്യത്യസമായ തരത്തിലുള്ള ചലച്ചിത്രങ്ങള്‍ എഴുതി.

അഭിജാതമായ ഗദ്യശൈലിയുടെ ഉടമയാണ് ജോണ്‍പോള്‍. പേലവവും ആര്‍ദ്രവുമായ ചലച്ചിത്ര കാവ്യങ്ങള്‍ എഴുതുന്ന ഈ പ്രതിഭാശാലി തത്വചിന്താനിര്‍ഭരമായ ഉള്‍ക്കാഴ്ചകളോടെ ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അദ്ദേഹം എഴുതിയിട്ടുള്ള ഓര്‍മ്മക്കുറിപ്പുകള്‍ ഓരോ വ്യക്തിയേയും കുറിച്ച് നല്‍കുന്ന അത്യന്തം ഉള്‍ക്കാഴ്ച നല്‍കുന്ന വായനാനുഭവങ്ങളാണ്. ചലച്ചിത്ര മേഖലയിലെ ഓരോരുത്തരോടുമുള്ള അടുപ്പവും അവരുടെ ജീവിതത്തെ നിരീക്ഷിച്ച സഞ്ചയിച്ചെടുത്തിട്ടുള്ളവയും ചാരുതയോടും കരുത്തോടും വായനക്കാരനിലേക്ക് പകരാന്‍ ശൈലിവല്ലഭനായ ഈ എഴുത്തുകാരന് സാധിക്കുന്നു. അസാധാരണമായ വാസനാവൈഭവവും സാഹിത്യബോധവും അതിലേറെ സമ്പന്നമായ അദ്ദേഹത്തിന്റെ പദകോശവും വിളിച്ചറിയിക്കുന്നതാണ് ഓരോ രചനയും. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും തിളങ്ങുന്നു ധിഷണയുടെ ഈ അപൂര്‍വ്വപ്രാസാദങ്ങള്‍.

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി തിരക്കഥാ രചനയില്‍ നിന്നും വിട്ട് ഓര്‍മ്മക്കുറിപ്പുകള്‍, ചലച്ചിത്ര നാടക ചരിത്രം തുടങ്ങിയ ജോലികളിലാണ് വ്യാപൃതനായിരിക്കുന്നത്. 90കളുടെ മധ്യാഹനത്തില്‍ മുന്‍പ് എറണാകുളം ചിറ്റൂര്‍ റോഡിലെ വൈഎംസിഎയില്‍ സിനിമറ്റോഗ്രാഫര്‍ സണ്ണി ജോസഫിന്റെ മുറിയില്‍ വെച്ചാണ് അങ്കിള്‍ എന്ന ഇഷ്ടക്കാര്‍ വിളിക്കുന്ന ജോണ്‍ പോളിനെ ആദ്യമായി കാണുന്നത്. ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന കാലം. അതുവരെ ദൂരെ നിന്നും മാത്രമേ ഈ 'വലിയ' മനുഷ്യനെ കണ്ടിട്ടുള്ളു.

പിന്നീട് കൊച്ചി ജീവിതത്തിനിടെ കാഴ്ചകള്‍ സാധാരണയായി. ഊഷ്മളമായ ആ ദൃഷ്ടി ഓരോ കണ്ടുമുട്ടലിലും വീണ്ടും വീണ്ടും. കൊച്ചിയിലെ എല്ലാ സാംസ്‌കാരിക കൂട്ടായ്മകളിലും അദ്ദേഹം സജീവ സാന്നിധ്യം. ചാവറ കള്‍ച്ചറില്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും സാനു മാഷിന്റെയും മറ്റും നേതൃത്വത്തിലുള്ള പരിപാടികളിലുമൊക്കെ ജോണ്‍ പോള്‍ നിറഞ്ഞുനില്‍ക്കുന്നു. പുസ്തക പ്രകാശനവും ചാവറ കള്‍ച്ചറല്‍ സെന്ററിലാണ്. സാനുമാഷും ലാല്‍ ജോസും ഒക്കെ സംബന്ധിക്കുന്ന ചടങ്ങ്.

വാല്‍ക്കുറിപ്പ്: 'ഓര്‍മ്മവിചാരം' പുസ്തകം കൈയില്‍ കിട്ടിയപ്പോള്‍ ആമുഖത്തില്‍ ജനനതീയതി 1950 ജനുവരി 29 എന്നു കണ്ടപ്പോള്‍ ആശങ്ക. ജോണ്‍ പോളിനെ ഫോണില്‍ വിളിച്ചു. അദ്ദേഹം ഉറപ്പിച്ചു. അത് പിഴവുപറ്റിയതാണ്. ഒക്ടോബര്‍ 29 തന്നെയാണ്. നമ്മുടെ ജനനതീയതി നമ്മള്‍ തന്നെ ചെക്കുചെയ്യില്ലല്ലോ? ചിരിച്ചു കൊണ്ടു പറഞ്ഞു. അടുത്ത പതിപ്പില്‍ തീയതി പിഴവ് തിരുത്തിക്കാം, അദ്ദേഹം പറഞ്ഞു.