ഓസീസ് മുന്‍ താരം ആന്‍ഡ്രു സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

വിട വാങ്ങിയത് ലോകം കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാള്‍
 
symonds

ഷെയന്‍ വോണിനു പിന്നാലെ ലോക ക്രിക്കറ്റിന് മറ്റൊരു നഷ്ടം കൂടി. ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് മരിച്ചു. 46 കാരനായ സൈമണ്ട്‌സ് കാറപകടത്തില്‍ സംഭവിച്ച പരിക്കിനെ തുടര്‍ന്നാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ക്വീന്‍സ് ലാന്‍ഡിലെ ടൗണ്‍സ് വില്ലെയിലുള്ള വീടിന് സമീപത്ത് വച്ചാണ് മഹാനായ ഓസീസ് ക്രിക്കറ്റര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

1998-2009 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയ്ക്കായി  26 ടെസ്റ്റുകളും 198 ഏകദിനങ്ങളും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട് സൈമണ്ട്‌സ്. 2003 ലും 2007 ലും ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടുമ്പോള്‍ സൈമണ്ട്‌സ് ടീമിന്റെ പ്രധാനതാരമായിരുന്നു. 1998 ല്‍ പാകിസ്താനെതിരെയായിരുന്നു സൈമണ്ട്‌സിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 2009 ല്‍ ആയിരുന്നു അവസാന മത്സരം. അതും പാകിസ്താനെതിരേ തന്നെയായിരുന്നു. 

ഏകദിനത്തില്‍ 5088 റണ്‍സും 133 വിക്കറ്റുകളുമായിരുന്നു ലോകം കണ്ട മികച്ച ഓള്‍ റൗണ്ടറില്‍മാരില്‍ ഒരാളായ സൈമണ്ട്‌സിന്റെ സമ്പാദ്യം. ടെസ്റ്റില്‍ നിന്നും 1462 റണ്‍സും 24 വിക്കറ്റുകളും സ്വന്തമാക്കി. 14 രാജ്യാന്തര ട്വന്റി-20 മത്സരങ്ങള്‍ ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം ആ ഫോര്‍മാറ്റില്‍ 337 റണ്‍സും എട്ടു വിക്കറ്റുകളും തന്റെ പേരില്‍ കുറിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐഫിഎല്‍) മുംബൈ ഇന്ത്യന്‍സിന്റെ ഭാഗവുമായിട്ടുണ്ട് ആന്‍ഡ്രൂ സൈമണ്ട്‌സ്.