തോമസ് കപ്പില്‍ ചരിത്രമെഴുതി ഇന്ത്യ

73 വര്‍ഷം പഴക്കുമുള്ള ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ആദ്യ സ്വര്‍ണനേട്ടം
 
thomas cup

തോമസ് കപ്പ് ബാഡ്മിന്റന്‍ ചാമ്പ്യന്‍ ഷിപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ബാഡ്മിന്റന്‍ സംഘം. 73 വര്‍ഷം പഴക്കമുള്ള തോമസ് കപ്പ് ടൂര്‍ണമെന്റില്‍ ഇതാദ്യമായി ഇന്ത്യ സ്വര്‍ണം നേടി. ഞായറാഴ്ച്ച നടന്ന ഫൈനലില്‍ ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയാണ് അഭിമാനകരമായ നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ ഡെന്മാര്‍ക്കിനെയും പരാജയപ്പെടുത്തിയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ വിജയക്കുതിപ്പ്.

14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയുമായുള്ള ഫൈനല്‍ പോരാട്ടത്തില്‍ ഉജ്വലമായ കളിയാണ് ഇന്ത്യന്‍ സംഘം കാഴ്ച്ചവച്ചത്. കിംഡബി ശ്രീകാന്ത് സാത്വിക് സായ് രാജ് രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. 

ടോക്യോ ഒളിംബിക്‌സിലെ വെങ്കല മെഡല്‍ ജേതാവായിരുന്ന അന്തോണി ഗിന്റിംഗിനെ തകര്‍ത്ത ഇന്ത്യയുടെ 20 കാരന്‍ ലക്ഷ്യ സെന്നിലൂടെയാണ് ഫൈനലില്‍ ഇന്ത്യ മുന്നേറ്റം തുടങ്ങിയത്. ഡബിള്‍സില്‍ സാത്വിക് സായ് രാജ് രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യക്ക് 2-0 എന്ന ലീഡ് നല്‍കി. ഇന്തോനേഷ്യയുടെ മൊഹമ്മദ് അഹ്‌സാന്‍- കെവിന്‍ സഞ്ജയ സുകമുല്‍ജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ഹീറോകള്‍ തകര്‍ത്തത്. ഒടുവില്‍ ജോനാതന്‍ ക്രിസ്റ്റിയെ 21-15, 23-21 എന്ന സ്‌കോറിന് തറപറ്റിച്ച് കിഡംബി ശ്രീകാന്ത് ഇന്ത്യന്‍ കായികലോകത്തിന് എന്നെന്നും ഓര്‍മയ്ക്കാന്‍ സ്വര്‍ണത്തിളക്കമുള്ളൊരു വിജയം കൈവരിച്ചു.