കോവിഡ് വ്യാപനം? ചൈന ആതിഥേയത്വം വഹിക്കേണ്ട ഏഷ്യന്‍ ഗെയിംസ് മാറ്റിവെച്ചു

ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാങ്ഷു നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് ഗെയിംസ് മാറ്റിവച്ചതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.
ചൈനയിലെ ഹാങ്ഷുവില്‍ സെപ്റ്റംബറില്‍ 10 മുതല്‍ 25 വരെയായിരുന്നു ഗെയിംസ് തീരുമാനിച്ചിരുന്നത്. ഗെയിംസിനുള്ള ഒരുക്കങ്ങളും വേദികളുമെല്ലാം പൂര്‍ത്തിയായിരുന്നു. അടുത്ത വര്‍ഷത്തേക്കാകും ഗെയിംസ് നടത്തുകയെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 2022 സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ ചൈനയിലെ ഹാങ്ഷൗവില്‍ നടക്കാനിരുന്ന 19-ാം ഏഷ്യന്‍ ഗെയിംസ് മാറ്റിവയ്ക്കുകയാണെന്നും കായിക മത്സരത്തിന്റെ പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിച്ചത്.
കിഴക്കന്‍ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്ഷൗ. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറന്‍സ് സമീപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണില്‍ ആയിരുന്നു നഗരം. ഏഷ്യന്‍ ഗെയിംസിനും തുടര്‍ന്ന് വരുന്ന ഏഷ്യന്‍ പാരാ ഗെയിംസിനുമായി 56 മത്സര വേദികളുടെ നിര്‍മ്മാണം ഹാങ്ഷൗവില്‍ പൂര്‍ത്തിയാക്കിയിരുന്നെന്ന് സംഘാടകര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുമായി ഫെബ്രുവരിയില്‍ ബെയ്ജിങ്ങില്‍ വിന്റര്‍ ഒളിംപിക്സ് സംഘടിപ്പിച്ച ചൈനയില്‍ തുടര്‍ന്നു നടക്കേണ്ട മത്സരങ്ങളെല്ലാം നീട്ടിവച്ചിരുന്നു.