എന്തുകൊണ്ട് ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്നില്ല? ബിസിസിഐയെ നിയന്ത്രിക്കുന്നത് ബിജെപിയെന്ന് മുന്‍ പിസിബി ചെയര്മാന്

ബിസിസിഐക്കുള്ളില്‍ ബിജെപിക്ക് സ്വാധീനം ഉണ്ടെന്നും അതിനാല്‍ ഇന്ത്യന്‍ ബോര്‍ഡുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമല്ലെന്നും
മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് എഹ്സാന്‍ മണി. ക്രിക്കറ്റ് പാക്കിസ്ഥാനുമായുള്ള അഭിമുഖത്തിലാണ് എഹ്സാന്‍ മണിയുടെ ആരോപണം.

'ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ഉണ്ടെങ്കിലും ബോര്‍ഡ് സെക്രട്ടറി ആരാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അമിത് ഷായുടെ മകന് ജയ് ഷാ, ബിസിസിഐ ട്രഷറര്‍ ബിജെപി മന്ത്രിയുടെ സഹോദരനാണ്. ബോര്‍ഡിന്റെ യഥാര്‍ത്ഥ നിയന്ത്രണം അവരുടെ പക്കലാണ്, ബിജെപി ബിസിസിഐയോട് കല്പ്പിക്കുന്നു, അതിനാലാണ് ഞാന്‍ അവരുമായി ബന്ധം സ്ഥാപിക്കാത്തത്. ഞാന്‍ ഒരിക്കലും അവരെ നിരസിച്ചിട്ടില്ല, പക്ഷേ ഞങ്ങളുടെ സത്യസന്ധത ത്യജിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും' പിസിബി ചെയര്മാന് പറഞ്ഞു.
'ഞാന്‍ പിസിബി ചെയര്‍മാനായിരിക്കുമ്പോള്‍ ചെയര്‍മാന്റെ നീക്കങ്ങളില്‍ സംശയം തോന്നിയാല്‍ രക്ഷാധികാരിക്ക് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന നിയമം ഞങ്ങള്‍ ഭേദഗതി ചെയ്തു. ബോര്‍ഡിന് മാത്രമേ അധികാരമുള്ളൂ. അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യുക.എട്ട് ബോര്‍ഡ് അംഗങ്ങളില്‍ രണ്ടുപേരെ ശുപാര്‍ശ ചെയ്യാന്‍ പാട്രെണ്‍-ഇന്‍-ചീഫിന് മാത്രമേ അധികാരമുള്ളൂ, അടുത്ത ചെയര്‍മാനായി ആരെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോര്‍ഡാണ്, രക്ഷാധികാരിക്ക് നോമിനി ഇല്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചു പക്ഷേ പരാജയപ്പെട്ടു' അദ്ദേഹം പറ്ഞ്ഞു.
തന്റെ ഭരണകാലത്ത ഇന്ത്യ-പാക് ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനായി താന്‍ ഒരിക്കലും ബിസിസിഐയുടെ പിന്നാലെ ഓടിയിട്ടില്ല, ആദ്യ ചുവടുവെപ്പ് ഇന്ത്യയുടേതാകണം എന്ന നിലപാടില്‍ താന്‍ എപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നും മണി പറഞ്ഞു. ''അവര്‍ക്ക് മത്സരിക്കണം എങ്കില്‍ അവര്‍ പാകിസ്താനിലേക്ക് വരട്ടെ. നമ്മള് ഒരിക്കലും അവരോട് ആവശ്യപ്പെടില്ല, ആദ്യം അവരായിട്ട് പറയണം.നമുക്ക് നമ്മുടെ സ്വന്തം അഖണ്ഡതയുണ്ടെന്നും നമ്മുടെ അഭിമാനമുണ്ടെന്നും ഞാന്‍ എപ്പോഴും പറഞ്ഞു. നമ്മള് എന്തിന് ഇന്ത്യയുടെ പുറകെ ഓടണം? നമ്മള് പാടില്ല. അവര്‍ തയ്യാറാകുമ്പോള്‍ മാത്രമേ ഞങ്ങളും തയ്യാറാകൂ,'' മണി ക്രിക്കറ്റ് പാകിസ്ഥാനോട് പറഞ്ഞു. 2012 ന് ശേഷം ഇരുരാജ്യങ്ങളും പരമ്പരകളില്‍ പരസ്പരം കളിച്ചിട്ടില്ല. മുഖാമുഖം വരുന്നത് ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ്.