ചരിത്ര നേട്ടം: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയക്ക് വെള്ളി

 
neeraj

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍. ഇന്ത്യക്കായി ചരിത്ര നേട്ടം സ്വന്തമാക്കിയ 
ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. ഇതോടെ ഒളിംപിക്സ്, ലോക ചമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചോപ്ര. ആദ്യ ശ്രമത്തില്‍ത്തന്നെ 90.46 മീറ്റര്‍ ദൂരം പിന്നിട്ട നിലവിലെ ചാംപ്യന്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സന്‍ സ്വര്‍ണം നിലനിര്‍ത്തി. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 2019ല്‍ 86.89 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്‌സന്‍ സ്വര്‍ണം നേടിയത്.

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമായും ചോപ്ര മാറി. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍.

നേരത്തെ യോഗ്യതാ റൗണ്ടില്‍ 88.39 മീറ്റര്‍ ദൂരത്തോടെ രണ്ടാംസ്ഥാനക്കാരനായാണ് നീരജ് തന്റെ കന്നി ലോക ഫൈനലിന് യോഗ്യത നേടിയത്. കരിയറില്‍ 89.94 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളൂവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി.