ചെന്നൈയില്‍ നിന്ന് ജഡേജ പുറത്ത്; ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ അണ്‍ഫോളോ ചെയ്തു, വിവാദങ്ങളില്‍ പ്രതികരിച്ച് ടീം സിഇഒ

 
jadeja

വാരിയെല്ലിനു പരുക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവീന്ദ്ര ജഡേജ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നു.
വാരിയെല്ലിന് പരിക്കേറ്റ ജഡേജയെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥന്‍ രംഗത്തു വന്നു.
മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്  ജഡേജയെ മടക്കി അയച്ചതെന്ന് അദ്ദേഹം  ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ലീഗില്‍ എട്ട് പോയിന്റുള്ള സിഎസ്‌കെക്ക് ടൂര്‍ണമെന്റില്‍ മൂന്ന് ഗ്രൂപ്പ് ലീഗ് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് വാരിയെല്ലില്‍ ചതവ് റിപ്പോര്‍ട്ട് ചെയ്തതായി സിഎസ്‌കെ പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹം നിരീക്ഷണത്തിലായിരുന്നു, വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഐപിഎല്‍ സീസണിന്റെ ശേഷിച്ച മത്സരങ്ങളില്‍ താരത്തെ ഒഴിവാക്കിയെന്നും പ്രസ്താവന പറഞ്ഞു. 

അതേസമയം സിഎസ്‌കെയുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ജഡേജയെ അണ്‍ഫോളോ ചെയ്തതും വിവാദമായി. സൂപ്പര്‍ കിങ്സും ജഡേജയും തമ്മില്‍ വേര്‍പിരിയുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടത്. ടീം ടൂര്‍ണമെന്റില്‍ മോശം പ്രകടനത്തോടെ തുടങ്ങിയതിന് ശേഷം
ജഡേജ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ സ്ഥാനം എം.എസ്. ധോണിയെ തിരികെയേല്‍പിച്ചിരുന്നു താരം.

ജഡേജയ്‌ക്കെതിരായ സിഎസ്‌കെയുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിന്റെ നടപടിയിലുള്ള ചോദ്യങ്ങള്‍ക്ക് ടീം സിഇഒ കാശി വിശ്വനാഥന്റെ മറുപടി ഇങ്ങനെ ആയിരുന്നു. സമൂഹമാധ്യമങ്ങളെ ഞാന്‍ പിന്തുടരുന്നില്ല. ഇവിടെ യാതൊരു പ്രശ്നവും ഇല്ല എന്നാണ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് എനിക്ക് പറയാനാവുക. ചെന്നൈയുടെ ഭാവി പദ്ധതികളിലും ജഡേജ ഭാഗമായിരിക്കും എന്നും അദ്ദേഹം പ്രതികരിച്ചു. 

16 കോടി രൂപയ്ക്കാണ് ജഡേജയെ ചെന്നൈ ടീമില്‍ നിലനിര്‍ത്തിയത്. ധോണിയേക്കാള്‍ കൂടുതല്‍ തുകയ്ക്ക് ജഡേജയെ നിലനിര്‍ത്തിയതോടെ ജഡേജ ധോണിയുടെ പിന്‍ഗാമിയാവും എന്ന സൂചന വന്നു. സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. 

സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ജഡേജ എത്തുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നടന്നില്ല. തുടര്‍ തോല്‍വികളിലേക്ക് ചെന്നൈ വീണു. ജഡേജയുടെ വ്യക്തിഗത പ്രകടനവും മോശമായി. ഇതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ധോണി തിരിച്ചെത്തുകയായിരുന്നു.