'ആക്ഷന്‍ ഹീറോ' vs 'ജനപ്രിയ നായകന്‍'

ഗുരുതരമായ ആരോപണങ്ങളാണ്  ബൈജു പൗലോസിനെതിരേ ദിലീപ്  ഉയര്‍ത്തിയിരിക്കുന്നത്.
 
baiju-dileep

നടി ആക്രമിക്കപ്പെട്ട കേസിലെ അപ്രതീക്ഷിത ക്ലൈമാക്‌സ് ട്വിസ്റ്റില്‍ കേരള പൊലീസിനിലെ 'ആക്ഷന്‍ ഹീറോ'യ്‌ക്കെതിരേ സിനിമയിലെ ജനപ്രിയ നായകന്‍. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണത്തിന് ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കിയ ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസിനെതിരേ ഉയര്‍ത്തിയിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘം തയ്യാറെടുക്കുമ്പോഴാണ് പൊലീസിനെതിരേ ഗൂഢാലോചന ആരോപണവുമായി ദിലീപ് വരുന്നത്. കഴിഞ്ഞ ദിവസം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ബൈജു പൗലോസിനെയാണ് ഗൂഢാലോചനയില്‍ ദിലീപ് നേതൃത്വസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായി അറിയുന്ന ബൈജു പൗലോസ് പറഞ്ഞുകൊടുത്ത കഥയാണ് ബാലചന്ദ്ര കുമാര്‍ ആവര്‍ത്തിച്ചിരിക്കുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. പ്രോസിക്യൂഷന്‍ സാക്ഷിയായ ബൈജു പൗലോസിന്റെ ക്രോസ് വിസ്താരം ആരംഭിക്കുന്ന ദിവസം തന്നെ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും പരാതിയുണ്ട്. ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണത്തില്‍ തനിക്ക് എതിര്‍പ്പില്ലെങ്കിലും അന്വേഷണ ചുമതല ബൈജു പൗലോസിനെ ഏല്‍പ്പിക്കരുതെന്ന ആവശ്യമാണ് ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതികളില്‍ ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.

സിനിമാക്കഥയിലെ പെണ്ണല്ല യഥാര്‍ത്ഥ പെണ്ണ്; ക്വട്ടേഷന്‍ നായകന്മാര്‍ അതു മനസിലാക്കി കാണുമോ എന്തോ?

ബൈജു പൗലോസ് പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയത് ബൈജു പൗലോസായിരുന്നു. ദിലീപിന്റെ അറസ്റ്റ് ഉറപ്പാക്കുന്ന തെളിവുശേഖരമാണ് അന്നത്തെ പെരുമ്പാവൂര്‍ സി ഐയുടെ നേതൃത്വത്തില്‍ നടന്നത്. അന്വേഷണ സംഘത്തില്‍ നിന്നും അദ്ദേഹത്തെ നീക്കാന്‍ ചില ശ്രമങ്ങളും ഇതിനിടയില്‍ നടന്നിരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നും ബൈജു പൗലോസ് കണ്ടെത്തി. ദിലീപ് എക്കാലും ഈ ബന്ധം നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ പറയുന്നത് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ്. സുനിയെ ദിലീപിന്റെ വീട്ടില്‍ വച്ചും വാഹനത്തില്‍വച്ചും കണ്ടതിന് താന്‍ സാക്ഷിയാണെന്നാണ് ബാലചന്ദ്രകുമാറിന്റെ അവകാശവാദം. ദിലീപിന്റെ വാഹനത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപിനും പള്‍സര്‍ സുനിക്കും ഒപ്പം താനും യാത്ര ചെയ്തിട്ടുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറയുമ്പോള്‍ അന്വേഷണ സംഘത്തിന് നടനെതിരേ കിട്ടുന്ന നിര്‍ണായക മൊഴികളാണിത്. പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കിയാണ് നടിയെ ആക്രമിച്ചതെന്നു സമര്‍ത്ഥിക്കാന്‍ പൊലീസിനാവും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടിട്ടുണ്ടെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിക്ക് കൂടി തെളിവുകള്‍ ശേഖരിച്ചാല്‍ വലിയ നേട്ടമാകും. കേസിന്റെ തുടക്കം മുതല്‍ തന്നെ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്ന ബൈജു പൗലോസിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് ഇപ്പോഴത്തെ കാര്യങ്ങള്‍ നടക്കുന്നതെന്നാരോപിച്ചാണ് ഇതിനെയെല്ലാം ദിലീപ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.
 

പൊലീസിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം കേസില്‍ ദിലീപിന് അനുകൂലമായ നിലപാട് എടുത്തപ്പോഴും അന്വേഷണത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടുപോയ ഉദ്യോഗസ്ഥനെന്ന വിശേഷണം ബൈജു പൗലോസിന് കിട്ടിയിരുന്നു. പള്‍സര്‍ സുനിയും സംഘവും നടത്തിയ ക്രൂരതയ്ക്ക് പിന്നില്‍ മറ്റൊരുടെയോ നേതൃത്വത്തില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന പരാതിക്ക് അടിസ്ഥാനമുണ്ടാക്കിയതും ബൈജു പൗലോസായിരുന്നു. കേസിലെ നിര്‍ണായക വഴിത്തിരിവുകളില്‍ ബൈജു പൗലോസിന്റെ അടയാളങ്ങളുണ്ടായിരുന്നു.

സുമനില്‍ നിന്നും ദിലീപില്‍ എത്തുമ്പോള്‍ സാമ്യതകളേറെ; ക്ലൈമാക്‌സ് ഒരുപോലെയാകുമോ 

ദിലീപിനും പള്‍സര്‍ സുനിക്കും തമ്മില്‍ ബന്ധമുണ്ടെന്ന വിവരം കിട്ടിയെങ്കിലും അത് തെളിയിക്കുക എന്ന വെല്ലുവിളി അന്വേഷണ സംഘത്തിനുമുന്നിലുണ്ടായിരുന്നു. അതിനുള്ള മാര്‍ഗം അന്വേഷിച്ച് നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കണ്ടൊരു സെല്‍ഫി സഹായകമായത്. തൃശൂരിലെ ഒരു ടെന്നീസ് ക്ലബ്ബില്‍ ദിലീപ് എത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പൊലീസ് ക്ലബ്ബ് ജീവനക്കാരെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. അയാളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ദിലീപ് എന്നാണ് അവിടെ എത്തിയതെന്ന് ചോദിച്ചറിഞ്ഞപ്പോഴാണ് സെല്‍ഫ് പൊങ്ങിവന്നത്. കൃത്യമായ തീയതി അറിയുകയായിരുന്നു ലക്ഷ്യം. പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. തീയതി കണ്ടെത്താന്‍ വേണ്ടി ജീവനക്കാരന്‍ പരതിയത് സ്വന്തം മൊബൈല്‍ ഫോണായിരുന്നു. എന്തിനാണ് ഫോണ്‍ പരിശോധിക്കുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു അന്നേ ദിവസം ദിലീപിനൊപ്പം ഒരു സെല്‍ഫി എടുത്തിരുന്നതായി അയാള്‍ പറയുന്നത്. ആ സെല്‍ഫി എടുത്ത ദിവസം തന്നെയാണ് ദിലീപ് ക്ലബ്ബില്‍ എത്തിയതും. ഉടന്‍ തന്നെ പൊലീസ് ആ ഫോണ്‍ വാങ്ങി പരിശോധിക്കാന്‍ തുടങ്ങി. ജീവനക്കാരന്‍ പറഞ്ഞ സെല്‍ഫി കിട്ടി. ആ സെല്‍ഫിയില്‍ പൊലീസ് തേടി നടന്നിരുന്ന തെളിവ് കൃത്യമായി പതിഞ്ഞിരുന്നു; പള്‍സര്‍ സുനി. പള്‍സര്‍ എന്തിനവിടെ എത്തിയെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ദിലീപ്.ദിലീപ് സംശയത്തിന്റെ നിഴലിലായ സമയം തൊട്ട് നടനുമേലുള്ള നിരീക്ഷണം പൊലീസ് സംഘം ശക്തമാക്കിയിരുന്നു. പള്‍സര്‍ സുനിയിലൂടെ ദിലീപിലേക്ക് എത്താനുള്ള വഴികളായിരുന്നു തേടിയിരുന്നത്. അതിന്റെ ഭാഗമായിട്ടായിരുന്നു സുനിയോടൊപ്പം ഒരു പൊലീസ് ചാരനെ നിയോഗിച്ചതും. ഇതിന്റെയെല്ലാം പിന്നില്‍ ബൈജുവിന്റെ പൊലീസ് ബുദ്ധിയായിരുന്നു.  ഈ സമയം മാധ്യമങ്ങളും പൊതുസമൂഹവും തങ്ങളുടെ സംശയങ്ങളും പരാതികളും ഈ സമയത്ത് ദിലീപിനുമേല്‍ ഉന്നയിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, ഒരു എടുത്തു ചാട്ടത്തിനു മുതിരാതെ തങ്ങളുടെ സംശയങ്ങള്‍ക്ക് ബലം കിട്ടിയതിനുശേഷം മാത്രമാണ് ബൈജു പൗലോസും സംഘവും ദിലീപിനെ തേടി ചെന്നത്. വ്യക്തമായ ഹോം വര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍. കഥയിലെ അപ്രതീക്ഷിത ട്വിസ്റ്റുപോലെ ദിലീപിനെ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബില്‍ കൊണ്ടു വരുന്നു. ഒപ്പം സുഹൃത്തായ നാദിര്‍ഷായെയും. അവിടെ നടന്നതൊരു മാരത്തോണ്‍ ചോദ്യം ചെയ്യലായിരുന്നു. പതിമൂന്നു മണിക്കൂറായിരുന്നു രണ്ടുപേരെയും വെവ്വേറെ മുറികളിലിരുത്തി ചോദ്യം ചെയ്തത്. പ്രതീക്ഷിച്ചതുപോലെ ഒരേ ചോദ്യങ്ങള്‍ക്ക് ഇരുവരില്‍ നിന്നും ലഭിച്ചത് വിപരീത മറുപടികള്‍. തങ്ങളുടെ സംശയങ്ങള്‍ ശരിയാണെന്ന വിശ്വാസത്തില്‍ പിന്നീടുള്ള അന്വേഷണവും തെളിവ് ശേഖരിക്കലും. എല്ലാം അതീവ രഹസ്യമായിട്ട് തന്നെ. പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമുള്ള നടന്റെ വാദം പൊളിക്കാന്‍ തൃശൂരിലെ ഷൂട്ടിംഗ് സെറ്റില്‍ പള്‍സര്‍ വന്നിട്ടുള്ളതിന്റെ തെളിവ് കണ്ടെത്തിയത് ദിലീപിനെതിരേയുള്ള പൊലീസിന്റെ ആദ്യത്തെ ചെക്ക് ആയിരുന്നു. അതിന്റെ പിന്നിലും സി ഐ ബൈജു പൗലോസിന്റെ അന്വേഷണ ബുദ്ധിയായിരുന്നു.

'അപകടകരമായ ഇമാജിനു'കള്‍; എല്ലാം അവള്‍ കാരണം എന്നാണോ കാവ്യ പറയുന്നത്!  

സുപ്രധാന ലിങ്ക് കിട്ടിയിട്ടും ബൈജു ആവേശം കാട്ടിയില്ല. രഹസ്യാന്വേഷണം വീണ്ടും തുടര്‍ന്നു. കാവ്യ മാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന തുണിക്കടയിലെ റെയ്ഡ് അതിന്റെ ഭാഗമായിരുന്നു. ദിലീപിന്റെ ഡ്രൈവറും സഹായിയുമായ അപ്പുണ്ണി, നാദിര്‍ഷ തുടങ്ങിയവരെ ചോദ്യം ചെയ്തു. ഇതെല്ലാം നടന്നു കഴിഞ്ഞു മാത്രമായിരുന്നു മാധ്യമങ്ങള്‍ അറിഞ്ഞത് എന്നത് ബൈജു പുലര്‍ത്തിയ രഹസ്യാത്മകതയ്ക്ക് തെളിവായിരുന്നു. മാധ്യമങ്ങളില്‍ നിന്നു മാത്രമല്ല, തന്റെ മേലുദ്യോഗസ്ഥരില്‍ നിന്നുവരെ പലതും മറച്ചുവച്ചു അദ്ദേഹം. ദിലീപിന് അനുകൂലമായി നിന്നവരില്‍ പൊലീസിലെ ഉന്നതന്മാരും ഉണ്ടെന്ന തിരിച്ചറിവിലായിരിക്കാം അങ്ങനെയൊരു നീക്കം നടത്തിയത്. അത് ശരിയായിരുന്നുവെന്നത് പിന്നീട് നടന്ന ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒരുഘട്ടത്തില്‍ ബൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ശാസിക്കുകയും അന്വേഷണ സംഘത്തില്‍ നിന്നും മാറ്റാനുള്ള ശ്രമം നടത്തിയതുമൊക്കെ അതിന്റെ ഭാഗമായിരുന്നു. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്ന തരത്തിലുള്ള പരാതികള്‍ ഉയരുകയും പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യമുന്നയിച്ച് വിമര്‍ശനങ്ങള്‍ നടത്തുകയും ചെയ്തതോടെ കേസിന്റെ അന്വേഷണ മേല്‍നോട്ടം വഹിച്ചിരുന്ന എഡിജിപി ബി സന്ധ്യയെ ഡിജിപി സെന്‍കുമാര്‍ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പകരം, മറ്റൊരു ഐപിഎസ് ഉന്നതനായ ദിനേന്ദ്ര കശ്യപിന് ചുമതല നല്‍കി. അതോടെ കേസിന്റെ ഏകോപന സ്വഭാവം നഷ്ടപ്പെടുകയും ഉണ്ടായി എന്നാണ് പരാതി. ഇതിനെല്ലാം പിന്നില്‍ ബൈജു പൗലോസിനെ ഒതുക്കുകയെന്ന ലക്ഷ്യം കൂടി പൊലീസ് സേനയിലെ ഉന്നതര്‍ക്കുണ്ടായിരുന്നുവെന്നു പറയുന്നു.

ദിലീപിന് മുന്നില്‍ മുട്ടിടിച്ച് അമ്മ; മോഹന്‍ലാലിന്റെ ഈ മെയ്‌വഴക്കത്തിന്റെ പേര് നട്ടെല്ലില്ലായ്മയെന്ന്‌  


 എന്നാല്‍ മേലുദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെ ബൈജു മുന്നോട്ടു പോവുകയായിരുന്നുവെന്നാണ് പൊലീസില്‍ നിന്നു തന്നെ കിട്ടിയ വിവരം. ശക്തമായ തെളിവുകള്‍ തന്നെ അദ്ദേഹം ദിലീപിനെതിരേ ശേഖരിച്ചു. പള്‍സര്‍ സുനി ജയിലില്‍ നിന്നും അപ്പുണ്ണിയെയും നാദിര്‍ഷായെയും വിളിച്ചിരുന്നുവെന്നതടക്കമുള്ള തെളിവുകള്‍ അദ്ദേഹം നിരത്തിയതോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. മലയാള സിനിമ ലോകത്തെ ഏറ്റവും ശക്തനും വലിയ പ്രേക്ഷക പിന്തുണയുമുള്ള ഒരു നടനെതിരേ വെറും ആരോപണങ്ങള്‍ മാത്രമല്ല, തെളിവുകളും ഉണ്ടെന്ന് സമര്‍ത്ഥിച്ചശേഷമായിരുന്നു ആ അറസ്റ്റ്. അതിന് പിന്നില്‍ നിര്‍ണായക സ്ഥാനം ബൈജു പൗലോസിന്റെ പൊലീസ് ബുദ്ധിക്കുണ്ടായിരുന്നു. 2017 ജൂലൈ 10 നു നടന്ന അറസ്റ്റിലൂടെ ജനപ്രിയ നായകനില്‍ നിന്നും വില്ലന്‍ പരിവേഷത്തിലേക്ക് വീണുപോയപ്പോള്‍, അതിന്റെ പേരില്‍ കൈയടികള്‍ മാത്രമല്ല, ശക്തമായ വിയോജിപ്പുകളും വിമര്‍ശനങ്ങളും ബൈജു പൗലോസിനു നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ ദിലീപ് ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങളും അതിന്റെ ഭാഗമാണ്. അതെല്ലാം തെറ്റായിരുന്നുവെന്ന് ബൈജു പൗലോസ് എന്ന പൊലീസ് ഉദ്യോഗസ്ഥന് തെളിയിക്കാനാവുക അന്തിമ വിധിയിലൂടെ മാത്രമാണ്. അവിടെ യഥാര്‍ത്ഥ നായകനും വില്ലനും ആരെന്നതില്‍ തീര്‍പ്പ് ഉണ്ടാകും.

അഴിമുഖം യൂട്യൂബ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക