എന്താണ് കെ-റെയില്‍ പദ്ധതി? പാത കടന്നുപോകുന്ന വില്ലേജുകള്‍, വെല്ലുവിളികള്‍, പ്രതിഷേധം: അറിയേണ്ടതെല്ലാം

സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അതിരില്‍ കല്ലിടല്‍ തുടങ്ങി
സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി, അതിര് രേഖപ്പെടുത്തിയുള്ള കല്ലിടല്‍ പുരോഗമിക്കുകയാണ്. 1961ലെ കേരള സര്‍വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് സര്‍വേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടല്‍. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്. പതിനൊന്നു ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കുടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ ഇവിടെ സ്ഥാപിച്ചു. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടല്‍ ആരംഭിക്കും. അതിനുശേഷം സാമൂഹികാഘാതപഠനവും സര്‍വേയും നടത്തും. പദ്ധതി എത്രപേരെ ബാധിക്കും എന്നതുള്‍പ്പെടെ കാര്യങ്ങള്‍ ഭൂമി വേര്‍തിരിക്കുന്നതോടെ കൃത്യമായി മനസ്സിലാക്കാനാകും. എത്രവീടുകള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ മാറ്റേണ്ടിവരുമെന്നതിനെക്കുറിച്ചും വിശദമായ പട്ടിക തയ്യാറാകും. പൊതുജനാഭിപ്രായം അറിയുന്നതിന് ഹിയറിങ്ങും നടത്തും. അതേസമയം, പദ്ധതിക്കും ഭൂമി ഏറ്റെടുക്കലിനുമെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ജനകീയ പ്രക്ഷോഭം തുടരുകയാണ്. യുഡിഎഫും സമരരംഗത്തുണ്ട്. പദ്ധതിക്കെതിരെ ഹരിത ട്രിബ്യൂണലില്‍ കേസും തുടരുന്നുണ്ട്. എന്നാല്‍, പദ്ധതിക്കുള്ള അധികച്ചെലവ് വഹിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. റെയില്‍വേ ബോര്‍ഡ് മുമ്പാകെയും ഇത്തരമൊരു ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍, നീതി ആയോഗ് മുന്നോട്ടുവെച്ച എതിര്‍പ്പ് ഉള്‍പ്പെടെ മാറുമെന്ന പ്രതീക്ഷയിലാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

എന്താണ് കെ റെയില്‍ പദ്ധതി?
കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ റെയില്‍ പദ്ധതി എന്ന് അറിയപ്പെടുന്നത്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്നാണ് വിശേഷണം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. 11 ജില്ലകളിലൂടെയാണ് നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച 'കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന്' (കെ-റെയില്‍) എന്ന കമ്പനിയാണ് പദ്ധതി നടത്തിപ്പുകാര്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, കാസര്‍ഗോഡ് നിന്നും നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരം എത്താമെന്നതാണ് നേട്ടം. പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാനും പദ്ധതിയുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും അയ്യായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ പറയുന്നു. പദ്ധതി 2027ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 63,941 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക.
റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍
തിരുവനന്തപുരം: കടകംപള്ളി, ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, പള്ളിപ്പുറം, വെയിലൂര്‍, അഴൂര്‍, കൂന്തള്ളൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, കരവാരം, മണമ്പൂര്‍, നാവായിക്കുളം, പള്ളിക്കല്‍.
കൊല്ലം: പാരിപ്പള്ളി, കല്ലുവാതുക്കല്‍, ചിറക്കര, മീനാട്, ആദിച്ചനല്ലൂര്‍, തഴുത്തല, തൃക്കോവില്‍വട്ടം, വടക്കേവിള, കൊറ്റങ്കര, ഇളമ്പള്ളൂര്‍, മുളവന, പവിത്രേശ്വരം, കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട.
പത്തനംതിട്ട/ആലപ്പുഴ: കടമ്പനാട്, പള്ളിക്കല്‍, പാലമേല്‍, നൂറനാട്, പന്തളം, വെണ്മണി, മുളക്കുഴ, ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം.
കോട്ടയം: മാടപ്പള്ളി, തോട്ടയ്ക്കാട്, വാകത്താനം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം, നാട്ടകം, മുട്ടമ്പലം, പെരുമ്പായിക്കാട്, പേരൂര്‍, ഏറ്റുമാനൂര്‍, കാണക്കാരി, ഞീഴൂര്‍, കുറവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം.
എറണാകുളം: പിറവം, മണീട്, തിരുവാണിയൂര്‍, കുരീക്കാട്, കാക്കനാട്, പുത്തന്‍കുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം, ആലുവ ഈസ്റ്റ്, കീഴ്മാട്, ചൊവ്വര, ചെങ്ങമനാട്, നെടുമ്പാശേരി, പാറക്കടവ്, അങ്കമാലി.
തൃശൂര്‍: കാടുകുറ്റി, അണ്ണല്ലൂര്‍, ആളൂര്‍, കല്ലേറ്റുംകര, കല്ലൂര്‍ തെക്കുമുറി, താഴെക്കാട്, കടുപ്പശ്ശേരി, മുരിയാട്, ആലത്തൂര്‍, ആനന്ദപുരം, മാടായിക്കോണം, പൊറത്തിശ്ശേരി, ഊരകം, ചേര്‍പ്പ്, ചൊവ്വൂര്‍, വെങ്ങിണിശ്ശേരി, കണിമംഗലം, കൂര്‍ക്കഞ്ചേരി, തൃശൂര്‍, പൂങ്കുന്നം, വിയ്യൂര്‍, കുറ്റൂര്‍, പല്ലിശ്ശേരി, പേരാമംഗലം, ചൂലിശ്ശേരി, കൈപ്പറമ്പ്, ചെമ്മന്‍തട്ടി, ചേരാനല്ലൂര്‍, ചൂണ്ടല്‍, ചൊവ്വന്നൂര്‍, എരനല്ലൂര്‍, പഴഞ്ഞി, പോര്‍ക്കളം, അഞ്ഞൂര്, അവനൂര്‍.
മലപ്പുറം: ആലങ്കോട്, കാലടി, വട്ടംകുളം, തവനൂര്‍, തിരുനാവായ, തലക്കാട്, തൃക്കണ്ടിയൂര്‍, തിരൂര്‍, നിറമരുതൂര്‍, താനാളൂര്‍, പരിയാപുരം, താനൂര്‍, നെടുവ, അരിയല്ലൂര്‍, വള്ളിക്കുന്ന്.
കോഴിക്കോട്: കരുവന്തിരുത്തി, ബേപ്പൂര്‍, പന്നിയങ്കര, കോഴിക്കോട് സിറ്റി, കസബ, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, പന്തലായനി, മൂടാടി, തിക്കോടി, വിയ്യൂര്‍, പയ്യോളി, ഇരിങ്ങല്‍, വടകര, നടക്കുതാഴ, ചോറോട്, ഒഞ്ചിയം, അഴിയൂര്‍.
കണ്ണൂര്‍: തിരുവങ്ങാട്, തലശ്ശേരി, കോടിയേരി, ധര്‍മടം, മുഴപ്പിലങ്ങാട്, എടക്കാട്, കടമ്പൂര്, ചേലോറ, കണ്ണൂര്‍, പള്ളിക്കുന്ന്, ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, കുഞ്ഞിമംഗലം, പയ്യന്നൂര്‍.
കാസര്‍കോഡ്: തൃക്കരിപ്പൂര്‍ സൗത്ത്, നോര്‍ത്ത്, ഉദിനൂര്‍, മണിയാട്ട്, പിലിക്കോട്, ചെറുവത്തൂര്‍, പേരോല്‍, നീലേശ്വരം, ഹൊസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, അജാനൂര്‍, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കളനാട്, തളങ്കര, കുഡ്ലു
വെല്ലുവിളികള്‍, പ്രതിഷേധം
വികസനത്തിലേക്കുള്ള പുത്തന്‍ കുതിപ്പായാണ് കെ റെയില്‍ പദ്ധതിയെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരും പരിസ്ഥിതി സ്നേഹികളും വിദഗ്ധരുമൊക്കെ എതിര്‍പ്പുകളുമായി രംഗത്തുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സാധാരണ ജനങ്ങളുടെ പ്രശ്നം തന്നെയാണ് അതിലേറ്റവും പ്രധാനം. 11 ജില്ലകളില്‍നിന്നായി 1126 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഡിപിആര്‍. സാധ്യതാ പഠന റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിര്‍ദിഷ്ട പാത കടന്നുപോകുന്ന ഇടങ്ങളില്‍ ജനകീയ പ്രതിഷേധ പരിപാടികള്‍ ഇപ്പോഴും തുടരുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെ, കാസര്‍ഗോഡ് മുതല്‍ തിരൂര്‍ വരെ ഭാഗത്തെ നിര്‍ദിഷ്ട റെയില്‍വേ ലൈന്‍ നിലവിലെ പാതയ്ക്ക് സമാന്തരമായി നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ പ്രതിഷേധം തണുത്തിട്ടില്ല. എന്നാല്‍, ഏതൊരു വികസന പദ്ധതി വരുമ്പോഴുമുള്ള സ്വഭാവിക പ്രതിഷേധം എന്ന നിലയിലാണ് സര്‍ക്കാര്‍ അതിനെ കാണുന്നത്.
ഇത്രയയും വലിയ പദ്ധതിക്ക് വിശദമായ പദ്ധതി രേഖ, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമായിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ലഭിച്ച വിവരം വെച്ച് 88 കി.മീ. പാടത്തിലൂടെയുള്ള ആകാശ റെയിലാണ്. 4- 6 മീറ്റര്‍ ഉയരത്തില്‍ തിരുവനന്തപുരം- കാസര്‍കോഡ് മതില് പോലെ ഉയരത്തിലാണ് പാത. 11 കി.മീ. പാലങ്ങള്‍, 11.5 കി.മീ. തുരങ്കങ്ങള്‍ 292 കി.മീ. എംബാങ്ക്മെന്റ് എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് വീടുകള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവ ഇല്ലാതാകുമെന്നും ലഭ്യമായ പാരിസ്ഥിതിക ആഘാത പഠനത്തില്‍ പറയുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാരിസ്ഥിതിക പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഏജന്‍സിയെ വെച്ചിരുന്നു. എന്നാല്‍, പാരിസ്ഥിതിക പഠനം തന്നെ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ അറിയിച്ചത് സംസ്ഥാന സര്‍ക്കാരിന് നേട്ടമായി. അതേസമയം, പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം തയ്യാറാക്കി, പ്രസ്തുത രേഖയും വിശദ പദ്ധതി രേഖയും ജനങ്ങള്‍ക്ക് ചര്‍ച്ചയ്ക്കായി നല്‍കണമെന്നും അത്തരമൊരു ചര്‍ച്ച നടക്കും വരെ പദ്ധതി സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒറ്റയാന് പാത, മതിപ്പ് ചെലവ് ഇരട്ടിയാകും
സില്‍വര്‍ ലൈന്‍ പദ്ധതി സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ബ്രോഡ്ഗേജുമായി പരസ്പരം ചേര്‍ന്നുപോകില്ല. അതിനാല്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യില്ല. മാത്രമല്ല, നിലവിലുള്ള പാതയില്‍ നിന്ന് വളരെ മാറിയാണ്. അതുകൊണ്ടുതന്നെ അതൊരു ഒറ്റയാന് പാതയായിരിക്കും. പദ്ധതിയുടെ ഇപ്പോഴത്തെ മതിപ്പ് ചെലവായ 65000 കോടി രൂപ എന്നത് ഇരട്ടിയെങ്കിലും ആകുമെന്നാണ് നീതി ആയോഗ് പറയുന്നത്. പണി പൂര്‍ത്തിയാകുമ്പോള്‍ അതില്‍ കൂടുതലാകുമെന്ന് വിദഗ്ധരും പറയുന്നു. 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്. ഒരു ട്രിപ്പില്‍ 675 യാത്രക്കാരുള്ള 74 ട്രിപ്പുകള്‍ ആണ് പ്രതിദിനമെന്നു മനസ്സിലാക്കുന്നു. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രാക്കൂലി ഇപ്പോള്‍ കണക്കാക്കുന്നത്. തുടക്കത്തില്‍ പ്രതിദിനം 79000 യാത്രക്കാര്‍ ഉണ്ടാകുമെന്നും പദ്ധതി സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. ഇത്രയും വലിയ ചാര്‍ജ് നല്കി ഇത്രയും യാത്രക്കാര്‍ പ്രതിദിനം ഉണ്ടാകുമോയെന്നത് സംശയമാണ്. ഉണ്ടായാലും ടിക്കറ്റ് പണം കൊണ്ട് പദ്ധതി ലാഭകരമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തം.
വേണ്ടത് സമഗ്രമായ ഗതാഗത നയം
കേരളത്തിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവര്ത്തനങ്ങളുമാണെന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറയുന്നത്. പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടത്. റെയില്‍ ഗതാഗതം ആകണം അതിന്റെ കേന്ദ്ര സ്ഥാനത്ത്. കേരളത്തിലങ്ങോളമിങ്ങോളം പാളം ഇരട്ടിപ്പിക്കലും പൂര്‍ണമായ ഇലക്ട്രോണിക്സ് സിഗ്നലിങ് സംവിധാനവും നടപ്പാക്കിക്കഴിഞ്ഞാല്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തിന്റെ ശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ വണ്ടികള്‍ ഓടിക്കാനും കഴിയും. ഒപ്പം ബ്രോഡ്ഗേജില്‍ തന്നെ സമാന്തരമായി മൂന്ന്, നാല് ലൈനുകള്‍ ആദ്യം എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടിലും പിന്നിട് തിരുവനന്തപുരം- മാംഗ്ലൂര്‍ റൂട്ടിലും വന്നാല്‍ അതനുസരിച്ച് തിരുവനന്തപുരത്തു നിന്ന് കാസര്‍കോഡുവരെ 5- 6 മണിക്കൂറില്‍ എത്താന്‍ കഴിയും വിധം വേഗം കൂടിയ വണ്ടികളും ഓടിക്കാന്‍ കഴിയും.
96 ശതമാനവും ബ്രോഡ്ഗേജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുമായി പൂരകമായി നിലകൊള്ളാനും കേരളത്തില്‍ നിന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനും കഴിയും. കേരളത്തിലെ റെയില്‍ യാത്രക്കാരില്‍ ഭൂരിഭാഗവും അന്തര്‍ സംസ്ഥാന യാത്രക്കാരും, അന്തര്‍ ജില്ലാ യാത്രക്കാരുമാണ്; ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ റെയില്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദവും ബഹുജന പ്രക്ഷോഭങ്ങളും ഉണ്ടാകണം. ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ റെയില്‍വേക്ക് നല്കാന് കഴിയുന്ന മറ്റു പിന്തുണ സംവിധാനങ്ങളും നല്‍കണം.
പദ്ധതി അപ്രായോഗികമെന്ന് പ്രതിപക്ഷം
കെ റെയില്‍ പദ്ധതി അപ്രായോഗികമാണെന്നാണ് എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ റിപ്പോര്‍ട്ട്. കേരളത്തെ നെടുകെ മുറിക്കുന്ന അതിവേഗ റെയില്‍ പാത, പരിസ്ഥിതിക്ക് വന്‍ ദോഷം ഉണ്ടാക്കും. പദ്ധതി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കും. അതിവേഗ പാത ഒരുക്കാന്‍ നിരപ്പായ സ്ഥലത്ത് നാലു മീറ്ററും ചതുപ്പില്‍ പത്ത് മീറ്റര്‍ ഉയരത്തിലും മണ്ണിട്ട് നിരത്തിയും പാളം നിര്‍മ്മിക്കേണ്ടിവരും. ഇത് കേരളത്തെ കീറിമുറിക്കും. നദികളുടെ ഒഴുക്കിനെയും ബാധിക്കും. 63000 കോടി ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കില്‍ ചെലവ് ഒന്നേകാല്‍ ലക്ഷം കോടിയിലേറെ വരും. ഇത്രയേറെ ചെലവില്‍ ഉണ്ടാക്കുന്ന പാളങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയതിനാല്‍ മറ്റു ട്രെയിനുകള്‍ക്കൊന്നും ഓടാനുമാകില്ല. നിലവിലെ റെയില്‍വേ പാതകളുടെ നവീകരണവും ചുരുങ്ങിയ ചെലവില്‍ വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ചുള്ള വിമാനസര്വസും ഉപസമിതി മുന്നോട്ട് വെക്കുന്ന ബദലാണ്.
മുഖ്യമന്ത്രി പറയുന്നത്
കെ റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞമാസം നിയമസഭയില്‍ പറഞ്ഞത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 4 മണിക്കൂറില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും പദ്ധതി കാരണമാകും. 11 ജില്ലകളിലൂടെയാണ് നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നത്. വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ ബാധിക്കും. പ്രതീക്ഷിക്കുന്ന ചെലവ് 63,941 കോടി രൂപ. 6,085 കോടി രൂപ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട നികുതി ഒഴിവാണ്. 975 കോടി രൂപ റെയില്‍വേ ഭൂമിയുടെ വിലയാണ്. ഇതിനുപുറമെ 2,150 കോടി രൂപയാണ് കേന്ദ്ര റെയില്‍വേ വിഹിതം. സംസ്ഥാന സര്‍ക്കാര്‍ 3,225 കോടി രൂപയാണ് വഹിക്കുക. പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെ 4,252 കോടി രൂപ സമാഹരിക്കും. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് 33,700 കോടി രൂപയും സമാഹരിക്കും. ഹൈ സ്പീഡ് റെയില്‍വേ ഒരു കിലോമീറ്റര്‍ പണിയണമെങ്കില്‍ 280 കോടി രൂപയാണ് ചെലവ്. സെമി ഹൈസ്പീഡ് റെയില്‍വേയ്ക്ക് 120 കോടി രൂപ മാത്രമാണ് ചെലവ്. ഹൈ സ്പീഡ് റെയില്‍വേയിലെ ടിക്കറ്റ് നിരക്ക് കിലോമീറ്ററിനു 6 രൂപയായിരുന്നു. സെമി ഹൈസ്പീഡ് റെയില്‍വേയില്‍ ടിക്കറ്റ് നിരക്ക് 2 രൂപയാണ്.
പുനരധിവാസത്തിനുള്‍പ്പെടെ 1,383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായിവരുക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി 13,265 കോടി രൂപയാണ് കണക്കാക്കുന്നത്. 1,730 കോടി രൂപ പുനരധിവാസത്തിനും 4,460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവച്ചിരിക്കുന്നത്. കിഫ്ബി വഴി 2100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. പദ്ധതിക്ക് റെയില്‍വേ ബോര്‍ഡും തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കുമെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്പ്മെന്റ് മുഖേന പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ട്. ആരും ഭവനരഹിതരാകില്ല. പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും പബ്ലിക് ഹിയറിങ് നടത്തുമെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ നല്കിയ ഉറപ്പ്.