ളാഹ ഗോപാലന്‍: ദളിത് ഭൂമി പ്രശ്നത്തെയും സമരത്തെയുംകുറിച്ച് കേരളത്തെ പഠിപ്പിച്ച പോരാളി

 
Laha Gopalan

ഇനിയൊരു ഭൂസമരത്തിനുള്ള സാധ്യത പോലുമില്ലെന്ന് പറഞ്ഞാണ് വിടപറയുന്നത് 

ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെത്തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 21നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമയാതോടെ, കോവിഡ് ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. ഇന്ന് രാവിലെ 11.20ഓടെ മരണം സ്ഥിരീകരിച്ചു. ചെങ്ങറയ്‌ക്കൊപ്പം കേരളത്തിലെ നിരവധി ദളിത്, ഭൂ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് ഗോപാലന്‍. 

കെഎസ്ഇബിയില്‍ നിന്ന് വിരമിച്ചതിനു പിന്നാലെയാണ് ഗോപാലന്‍ ചെങ്ങറയില്‍ ഭൂസമരം ആരംഭിച്ചത്. ഗോപാലന്റെ നേതൃത്വത്തിലുള്ള സാധുജന വിമോചന സംയുക്തവേദിയാണ് സമരത്തിന് തുടക്കമിട്ടത്. സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥയോട് ഐക്യപ്പെട്ട് സമരക്കാരില്‍ പലരും ചെങ്ങറയില്‍ നിന്ന് ഇറങ്ങുകയും സമരക്കാര്‍ക്കിടയില്‍ വിഭാഗീയത തലപ്പൊക്കുകയും ചെയ്തതോടെ, ഗോപാലന്‍ സമരഭൂമി വിട്ടു. ചെങ്ങറ ഒരു പരാജയമാണെന്ന് വിളിച്ചുപറയുകയും ഇനിയൊരു ഭൂസമരത്തിനുള്ള സാധ്യതകള്‍ കേരളത്തിലില്ലെന്ന് തുറന്നുപറകയും ചെയ്തു. സ്വന്തം ജനതയുടെ ഉന്നമനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ടായിരുന്നു തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതം.

അകറ്റിനിര്‍ത്തലുകളോട് കലഹിച്ച ജീവിതം
ചെറിയ പ്രായത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഗോപാലന്‍ ദാരിദ്ര്യവും കഷ്ടപ്പാടും ഏറെ അനുഭവിച്ചിരുന്നു. അധികം വിദ്യാഭ്യാസം നേടാനുമായില്ല. അവജ്ഞതയോടെയുള്ള പതിവു നോട്ടങ്ങള്‍ക്കിടയില്‍ തന്നെയാണ് ആ ദളിത് ജീവിതവും പരുവപ്പെട്ടത്. അവിടെനിന്നും കിട്ടിയ ഊര്‍ജമാകണം, കേരളത്തിലെ ദളിത്, ഭൂ സമരങ്ങളിലേക്ക് ഗോപാലനെ നയിച്ചത്. 1950ല്‍ ആലപ്പുഴ ജില്ലയില്‍ തഴക്കരയിലായിരുന്നു ഗോപാലന്റെ ജനനം. എട്ട് വയസുള്ളപ്പോള്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടു. അതിനുശേഷമാണ്, എല്ലാം വിറ്റുപെറുക്കി കുടുംബം ളാഹയില്‍ എത്തുന്നത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുണ്ടായിരുന്നതിനാല്‍ കെഎസ്ഇബിയില്‍ മസ്ദൂറായി ജോലി ലഭിച്ചു. എന്നാല്‍, പലതരത്തിലുള്ള അകറ്റിനിര്‍ത്തലുകള്‍ പലയിടത്തും അനുഭവിച്ചു. അവയോടെല്ലാം നിരന്തരം കലഹിച്ചായിരുന്നു ഗോപാലന്‍ ജീവിതം തുടര്‍ന്നത്. 

2005ല്‍ ഓവര്‍സീയറായി ജോലിയില്‍നിന്ന് വിരമിച്ചു. പിന്നീട്, ദളിത് ഭൂമി വിഷയം മുന്‍ നിര്‍ത്തി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടു. പത്തനംതിട്ട കളക്ടറേറ്റിനു മുന്നില്‍ രാപ്പകല്‍ സമരമായിരുന്നു തുടക്കം. കൂടെയുണ്ടായിരുന്നത് വളരെ കുറച്ചുപേര്‍. 22 ആവശ്യങ്ങളുമായി തുടങ്ങിയ സമരം 150 ദിവസത്തോളം നീണ്ടു. സമരക്കാരുടെയും പിന്തുണക്കുന്നവരുടെയും എണ്ണം കൂടി. അതോടെ, തോട്ടങ്ങളിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. ആളുകള്‍ കൂട്ടത്തോടെ എത്തി. ദളിത് സംഘടനാ നേതാക്കളും സമരത്തില്‍ പങ്കാളികളായി. കേരളം കണ്ട ഏറ്റവും വലിയ ഭൂസമരമായി അത് മാറി.

കേരളം ശ്രദ്ധിച്ച ചെങ്ങറ സമരം
2007 ഓഗസ്റ്റ് 4നായിരുന്നു ചെങ്ങറയിലെ സമരത്തിന്റെ തുടക്കം. ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റില്‍ ഗോപാലന്‍ നേതൃത്വം നല്‍കിയ സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ പ്രവേശിച്ചു. എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനില്‍ 143 ഹെക്ടറോളം ഭൂമിയില്‍ സമരക്കാര്‍ കുടില്‍ കെട്ടി. കുടിയേറ്റക്കാര്‍ വലിയ തോതിലുള്ള ആക്രമങ്ങള്‍ക്കും ഉപരോധത്തിനും ഇരയായി. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നും നേരിട്ടുള്ള സഹകരണമില്ലാതെ നടന്ന സമരം രാഷ്ട്രീയ-സാമൂഹിക വേദികളില്‍ ചര്‍ച്ചാ വിഷയമായി. തോട്ടം മേഖലയില്‍ ലക്ഷകണക്കിന് ഏക്കര്‍ ഭൂമി യാതൊരു രേഖയുമില്ലാതെ കുത്തകകള്‍ കൈയ്യടക്കിയിരിക്കുമ്പോള്‍, കയറികിടക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഈ നാട്ടിലുണ്ടെന്ന് കേരളത്തെ പഠിപ്പിച്ചത് ചെങ്ങറ സമരമായിരുന്നു. 

Chengara

2009 ഒക്ടോബര്‍ 5ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചനമുന്നണി പ്രതിനിധികള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് പിന്നാലെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കും ളാഹ ഗോപാലനാണ് നേതൃത്വം നല്‍കിയത്. അന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എ.കെ ബാലന്‍, കെ പി രാജേന്ദ്രന്‍ തുടങ്ങിയവരുള്‍പ്പെട്ട സമിതി ചര്‍ച്ച ചെയ്താണ് ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കാനുള്ള പാക്കേജ് തയ്യാറാക്കിയത്. ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഒരേക്കര്‍ ഭൂമിയും പട്ടികജാതിക്കാര്‍ക്ക് അരയേക്കറും മറ്റുള്ളവര്‍ക്ക് 25 സെന്റ് വീതവും നല്‍കാമെന്നായിരുന്നു അന്നത്തെ സര്‍ക്കാര്‍ പാക്കേജ്.

പാളിപ്പോയ പാക്കേജ്
2010 ജനുവരിയിലാണ് ഭൂമി വിതരണത്തിന് ഉത്തരവിറങ്ങിയത്. സമരഭൂമിയിലെ 1495 കുടുംബങ്ങള്‍ ഭൂമിക്ക് അര്‍ഹരാണെന്ന് കണ്ടെത്തി. ഇതില്‍ പട്ടികവര്‍ഗക്കാരായ 38 കുടുംബത്തിന് ഒരേക്കര്‍ ഭൂമി വീതവും പട്ടികജാതിക്കാരായ 1227 കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതവും ഇതര സമുദായക്കാരായ 230 പേര്‍ക്ക് 25 സെന്റ് വീതവും നല്‍കാനായിരുന്നു ഉത്തരവ്. എന്നാല്‍, ഇതൊരു തട്ടിപ്പാണെന്നും പട്ടയം നല്‍കി സമരക്കാരെ സമരഭൂമിയില്‍ നിന്നൊഴിപ്പിക്കാനുള്ള അടവുനയമാണെന്നും ഗോപാലന്‍ നിലപാടെടുത്തു. ആരും പട്ടയം കൈപ്പറ്റരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, 900 പേരോളം പട്ടയം കൈപ്പറ്റി, സമരഭൂമിയില്‍ നിന്നിറങ്ങി. സമര സമിതിയില്‍ ഉള്‍പ്പെടെ വിഭാഗീയ തലപ്പൊക്കിയതോടെ, 2017ല്‍ ഗോപാലന്‍ ചെങ്ങറയില്‍ നിന്നിറങ്ങി. 

താമസയോഗ്യമല്ലാത്ത ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് പിന്നീട് പ്രതിഷേധമുണ്ടായി. സമരക്കാര്‍ക്കായി 10 ജില്ലയിലായി 831 ഏക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. ഇതില്‍ എട്ടുജില്ലയിലേതും വാസയോഗ്യ ഭൂമിയല്ലെന്നായിരുന്നു ആക്ഷേപം. പട്ടയം കൈപ്പറ്റിയവരില്‍ ഭൂമികിട്ടിയത് 140ഓളം പേര്‍ക്കാണ്. സമരക്കാരില്‍ അഞ്ഞൂറിലധികം കുടുംബം ഇപ്പോഴും സമരഭൂമിയില്‍തന്നെയുണ്ട്. ഇവര്‍ക്ക് സമരസമിതി 50 സെന്റ് വീതം അളന്നുതിരിച്ചു നല്‍കിയിട്ടുണ്ട്. അതേസമയം, പട്ടയം കിട്ടി സമരഭൂമി വിട്ട 750ലധികം പേര്‍ വഴിയാധാരമായി.

Laha gopalan

ഇനിയൊരു ഭൂസമരത്തിന് സാധ്യത പോലുമില്ല
ഭൂസമരങ്ങളെക്കുറിച്ച് ഇനിയും പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു ഗോപാലന്റെ പിന്നീടുള്ള പ്രതികരണം. സമരത്തിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും നഷ്ടപ്പെട്ടു. സമരത്തെ പൊളിക്കാന്‍ ഒരുപാട് സമരങ്ങളും സമരക്കാരുമുണ്ടായി. ഭൂമാഫിയകളായിരുന്നു അവരുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒറ്റ സമരമായി നിന്നപ്പോഴുണ്ടായിരുന്ന ശക്തി അതോടെ നഷ്ടമായി. സമരത്തെ പൊളിച്ചെടുത്തു എന്നതാണ് സത്യം. ദളിതരെക്കുറിച്ചുള്ള കാഴ്ചപ്പാട് കൂടി മാറണം എന്നതായിരുന്നു ചെങ്ങറയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ദളിതന് ഭൂമി കിട്ടിയാല്‍ അവര്‍ കൃഷി ചെയ്ത് മാതൃകാജീവിതം നയിക്കുമെന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ ഭൂമിയില്ലാത്ത മറ്റുള്ളവര്‍ക്കുകൂടി ഭൂമി വാങ്ങി കൊടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍ അവര്‍ ആ മാറ്റത്തെക്കുറിച്ച് ആലോചിച്ചില്ല. ദളിതന്‍ അല്ലാത്ത ആരെങ്കിലും ഇപ്പോഴും ലക്ഷം വീട്ടില്‍ താമസിക്കുമോ? ഇനി പറഞ്ഞിട്ട് ഒരു കാര്യമില്ല. ഇനിയൊരു ഭൂസമരത്തിനുള്ള സാധ്യത പോലുമില്ലെന്ന് പറഞ്ഞാണ് ഗോപാലന്‍ വിട പറയുന്നത്.