പ്രതീക്ഷിച്ച പ്രകടനമില്ല, സാഹതാരങ്ങളുടെയും എതിരാളികളുടെയും കാണികളുടെയും ഹൃദയം കീഴടക്കി ഗെയ്ല്‍ മടങ്ങുമോ?  

 
gayle

മഴവില്‍ നിറത്തിലുള്ള സണ്‍ഗ്ലാസ്, കറുത്ത നിറത്തിലുള്ള താടിയില്‍ അങ്ങിങായി നരച്ച മുടികള്‍, നീളത്തില്‍ പിന്നിയിട്ടിരിക്കുന്ന തലമുടിയില്‍ പല ഇടങ്ങളിലായി കറുപ്പും ഗോള്‍ഡനും  ചുവപ്പും നിറങ്ങള്‍, ആറടി മൂന്നിഞ്ചുകാരന്‍ ബാറ്റുമായി പുറപ്പെടുകായാണ്, ബാറ്റ് പിടിച്ചിരിക്കുന്നതോ ഒരു പൂവ് പിടിച്ചിരിക്കുന്ന ലാഘവത്തോടെ.. മറ്റാരുമല്ല 'യൂണിവേഴ്‌സല്‍ ബോസ്' എന്ന് അവകാശപ്പെടുന്ന ക്രിസ് ഗെയ്ല്‍  തന്നെ. ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരം ഗെയ്‌ലിന്റെ കരിയറിലെ അവസാന മത്സരമെന്നറിഞ്ഞപ്പോള്‍ അല്‍പമെങ്കിലും സങ്കടപ്പെടാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. 

വെടിക്കെട്ട് ബാറ്റിംഗുണ്ടായില്ലെങ്കിലും മൈതാനത്തെ തന്റേതായ സ്‌റ്റൈല്‍ അവസാന മത്സരത്തിലും ഗെയ്ല്‍ കാണിച്ചു. ഓസീസിനെതിരെ ബാറ്റ് ചെയ്യാന്‍ ക്രിസ് ഗെയ്ല്‍ കീസിലേക്ക് വരുമ്പോള്‍ മുതല്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. വിന്‍ഡീസ് താരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്ലിനെ ക്രീസിലേക്ക് വിട്ടത്. ഒമ്പത് പന്തില്‍ രണ്ട് സിക്‌സ് അടക്കം 15 റണ്‍സടിച്ച ഗെയ്ലിനെ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കി. തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഗെയ്ല്‍ ചിരിച്ചുകൊണ്ട് ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് ക്രീസ് വിട്ടത്. ഡ്രസ്സിംഗ് റൂമിലേക്ക് കയറും മുമ്പ് ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന ഗെയ്ലിനെയും കാണാമായിരുന്നു. ഇതുവരെ ഔദ്യോഗികമായി ഗെയ്ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ടി20 ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്റെ അവസാന മത്സരമായിരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

മറുപടി ബാറ്റിംഗില്‍ താരതമ്യേന കരുത്തരായ ഓസീസിന് മുന്നില്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ചായിരുന്നു. വീന്‍ഡിസ് ഇറങ്ങിയത്. സഹതാരങ്ങള്‍ക്കൊപ്പം ഗെയ്‌ലും ഫീല്‍ഡിംഗിനെത്തി.  16ആം ഓവറെറിയാന്‍ ഗെയ്ലിന് അവസരം ലഭിച്ചു.  മത്സരത്തില്‍ അവസാന അഞ്ചോവറില്‍ 9 റണ്‍സ് വേണമെന്നിരിക്കെയാണ് പൊള്ളാര്‍ഡ് ഓവര്‍ ക്രിസ് ഗെയ്ലിന് നല്‍കിയത്. രണ്ട് വൈഡ് അടക്കം ആദ്യ അഞ്ച് പന്തില്‍ 7 റണ്‍സാണ് ഗെയ്ല്‍ വഴങ്ങിയത്. തുടര്‍ന്ന് ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടി ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മിച്ചല്‍ മാര്‍ഷ് പുറത്തായത്. പുറത്തായ ശേഷം മടങ്ങുകയായിരുന്ന മിച്ചല്‍ മാര്‍ഷിനെ പുറകില്‍ ചെന്ന് കെട്ടിപ്പിടിച്ചുകൊണ്ടാണ് ക്രിസ് ഗെയ്ല്‍ തന്റേതായ സ്‌റ്റെലില്‍ വിക്കറ്റ് ആഘോഷിച്ചത്. 

അതേസമയം വിരമിക്കല്‍ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ താന്‍ വിരമിക്കുകയാണെന്ന് പറയാന്‍ ഗെയ്ല്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിടവാങ്ങല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാന് താരം വ്യക്തമാക്കിയത്. ജന്മനാടായ ജമൈക്കയില്‍ വിരമിക്കല്‍ മത്സരം കളിക്കാനാണ് ആഗ്രഹമെന്നാണ് ഗെയ്ല്‍ പറഞ്ഞത്.  'എനിക്ക് ഒരു ലോകകപ്പ് കൂടി കളിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ അവര്‍ എന്നെ അനുവദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.' ഗെയ്ല്‍ പറഞ്ഞു. 

''ഓസ്ട്രേലിയക്കെതിരേ ഞാന്‍ ചില തമാശകള്‍ കാണിച്ചു എന്നേയുള്ളു. മറ്റു കാര്യങ്ങള്‍ നമുക്ക് മാറ്റിവെയ്ക്കാം. ലോകകപ്പിലെ എന്റെ അവസാന മത്സരം എന്ന നിലയില്‍ ആരാധകരെ രസിപ്പിച്ചെന്നേയുള്ളു. ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്റെ വിരമിക്കല്‍ ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. ജന്മനാടായ ജമൈക്കയില്‍ ഒരു മത്സരം കൂടി കളിക്കാന്‍ അനുവദിച്ചാല്‍ എനിക്ക് ആരാധകരോട് നന്ദി പറയാന്‍ കഴിയും. അതു നടന്നില്ലെങ്കില്‍ ഞാന്‍ ഔദ്യോഗികമായി വിരമിക്കും. തത്ക്കാലം ഇതില്‍ കൂടുതലൊന്നും പറയാനാകില്ല.' ഓസ്ട്രേലിയക്കെതിരായ മത്സരശേഷം നടന്ന ഐസിസി ഫെയ്സ്ബുക്ക് ലൈവ് ഷോയില്‍ ഗെയ്ല്‍ വ്യക്തമാക്കി. 22 വര്‍ഷങ്ങള്‍ പിന്നിട്ട രാജ്യാന്തര കരിയറില്‍ രണ്ടു തവണ ട്വന്റി-20 ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമില്‍ ഗെയ്ല്‍ അംഗമായിരുന്നു. 79 ട്വന്റി-20യില്‍ നിന്ന് 137.51 സ്‌ട്രൈക്ക് റേറ്റില്‍ 1899 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 19 വിക്കറ്റുകളും അക്കൗണ്ടിലുണ്ട്. 2006-ല്‍ ന്യൂസീലന്‍ഡിന് എതിരെ ആയിരുന്നു 42-കാരനായ ഗെയ്‌ലിന്റെ ട്വന്റി-20 അരങ്ങേറ്റം. 
ഐപിഎല്‍ ഉള്‍പ്പെടെയുള്ള ട്വന്റി-20 കരിയറില്‍ 452 മത്സരങ്ങളില്‍ നിന്ന് 14306 റണ്‍സ് അടിച്ചെടുത്തു. 12000-ത്തിന് മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയ ഏകതാരവും ഗെയ്‌ലാണ്. 

ടിന്റി20 മത്സരങ്ങളില്‍ മാത്രമല്ല ഒട്ടുമിക്ക മത്സരത്തലും വീന്‍ഡിസ് വിജയത്തില്‍ ക്രെഡിറ്റ് അവകാശപ്പെടാന്‍ ഗെയ്‌ലിന് അവകാശമുണ്ടായിരുന്നു.
മൈതാനത്ത് മികവുകൊണ്ട് മാത്രമല്ല, ഒരു ഫുള്‍ ടൈം എന്റര്‍ടൈനറെന്ന നിലയിലും താരത്തിന് ആരാധകരുണ്ടായിരുന്നു. എപ്പോഴും ഒരു ഗൗരവമുഖമായിരിക്കുമെങ്കിലും മത്സരത്തിനിടെയുള്ള ഓരോ നിമിഷത്തെയും അദ്ദേഹം പുഞ്ചിരിയോടെ ആണ് സമീപിക്കാറ്. വിക്കറ്റെടുത്താല്‍ അടുത്ത നിമിഷത്തില്‍ പുറത്താക്കിയ ബാറ്റ്‌സ്മാനെ ആലിംഗനം ചെയ്ത് മടക്കുക, തനിക്ക് നേരെ ക്യാമറ തിരിഞ്ഞെന്ന് അറിഞ്ഞാല്‍ സ്വന്തം ശൈലിയില്‍ നൃത്തം ചെയ്യുക, മറ്റെന്തെങ്കിലും തമാശ കാണിക്കുക ഇതെല്ലാം ലോകക്രിക്കറ്റില്‍ ഗെയ്‌ലിനെ വ്യത്യസ്തനാക്കുന്നു. 

ഒരു കാലത്ത് ലോകക്രിക്കറ്റിനെ അടക്കിവാണിരുന്ന കരുത്തരുടെ രാജ്യമായ വെസ്റ്റ് ഇന്‍ഡീസിലെ ജമൈക്കയില്‍ നിന്നാണ് ക്രിസ് ഗെയില്‍ വരുന്നത്. 1979 സെപ്റ്റംബര്‍ 21ന് ജനിച്ച ഗെയില്‍ ക്രിക്കറ്റിലേക്ക് വന്നത് വളരെപ്പെട്ടെന്നാണ്. വിവ് റിച്ചാര്‍ഡ്‌സിന്റെയും ബ്രയാന്‍ ലാറയുടെയും മാസ്മരിക പ്രകടനത്തില്‍ കരീബിയന്‍ നാട് ഇളകി മറിഞ്ഞിരുന്ന സമയത്താണ് താരത്തെ ക്രിക്കറ്റിലേക്കെത്തിക്കുന്നത്. 

അര്‍ദ്ധസെഞ്ചുറിയും സെഞ്ചുറിയും പതിവായി നേടുന്നതും ക്രിക്കറ്റ് കോപ്പി ബുക്കുകളില്‍ ഇല്ലാത്ത ഷോട്ടുകള്‍ കൂളായി കളിച്ച് ശ്രദ്ധനേടിയാണ്
വീന്‍ഡിസ് ടീമില്‍ ശ്രദ്ധയാകര്‍ഷിച്ചത്. 1999-ല്‍ സെപ്റ്റംബര്‍ പതിനൊന്നിന് സിംബാംബ്വെയ്‌ക്കെതിരെയാണ് ആദ്യമായി ഗെയ്ല്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞത്. 2000-ല്‍ ഇന്ത്യക്കെതിരെ ടെസ്റ്റും കളിച്ചു. പിന്നീടങ്ങോട്ട് വിന്‍ഡീസ് ക്രിക്കറ്റിലെ അഭിവാജ്യഘടകമായി മാറി ക്രിസ് ഗെയില്‍. പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ എന്ന വിശേഷണത്തോടെ ഗെയില്‍ പിന്നീടിതുവരെ അറിയപ്പെട്ടത്. 
പ്രായം 42 കഴിഞ്ഞുവെന്ന തോന്നല്‍ ഇദ്ദേഹത്തിന്റെ പ്രകടനത്തിലുണ്ടായിട്ടില്ല. 

രണ്ട് ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ചുറി, ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി, ടി20 ഇന്റര്‍നാഷണലില്‍ സെഞ്ചുറി, എന്നിവ നേടിയ ഒരേയൊരു താരം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടിയ ആദ്യ കളിക്കാരന്‍ കൂടിയാണ് ഈ വിന്‍ഡീസ് താരം. ടി20 യില്‍ തുടര്‍ച്ചയായ നാല് ഇന്നിംഗ്‌സുകളില്‍ അര്‍ധ സെഞ്ചുറി നേടിയ താരം, കരിയറില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിത താരം(553), ഏറ്റവും ദൈര്‍ഘ്യമേറിയ ട്വന്റി-20 കരിയര്‍ (15 വര്‍ഷവും 261 ദിവസവും), ഏകദിനത്തില്‍ രണ്ടാം വിക്കറ്റില്‍ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ട്, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ട്രിപ്പിള്‍ സെഞ്ചുറി (2) തുടങ്ങിയ റെക്കോഡുകളെല്ലാം ഗെയ്‌ലിന്റെ പേരിലാണ്

2007ലെ ട്വന്റി - ട്വന്റി ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ നേടിയ 117 റണ്‍സ്, അന്താരാഷ്ട്ര 20 - 20യിലെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായതും വെടികെട്ട് പ്രകടനം കാഴ്ചവെച്ചതും താരത്തിന് നിരവധി ഇന്ത്യന്‍ ആരാധകരെ സമ്പാദിക്കുന്നതിലും നിര്‍ണായകമായി. 

103 ടെസ്റ്റ് കളിച്ച ഗെയില്‍ 42.14 ആവറേജില്‍ 7214 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടെസ്റ്റില്‍ 333 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ഏകദിനത്തിലാണ് ഈ ആറടിക്കാരന്‍ ഏറ്റവും അപകടകാരി. 301 ഏകദിനങ്ങളില്‍ നിന്ന് 37.83 ശരാശരിയില്‍ 10,480 റണ്‍സാണ് അക്കൗണ്ടിലുള്ളത്. 79 ടി20 മത്സരങ്ങള്‍ കളിച്ച താരത്തിന്റെ അക്കൗണ്ടില്‍ 137 സ്‌ട്രൈക്ക് റേറ്റോടെ 1899 റണ്‍സാണുള്ളത്. ബൗളിംഗിലും മികവ് കാട്ടിയ വലംകൈ ഓഫ് ബ്രേക്ക് ബോളര്‍ ടെസ്റ്റില്‍ 103 കളികളില്‍ നിന്ന് 73 വിക്കറ്റുകള്‍ നേടിയപ്പോള്‍ ഏകദിനത്തില്‍ 301 മത്സരങ്ങളില്‍ നിന്ന് 167 വിക്കറ്റുകളും നേടി.