ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വച്ച് മഞ്ജു വാര്യര്‍ ചൂണ്ടിക്കാണിച്ച ഗൂഢാലോചന, അജ്ഞാത വി ഐ പി,  ക്ലൈമാക്‌സ് ട്വിസ്റ്റ്

 
dileep

'ഇവിടെയിരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരേയും പല അര്‍ദ്ധ രാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ കൊണ്ടാക്കിയിട്ടുള്ള ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുമുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. അതിന് നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു മാത്രം എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'.

എറണാകുളം ദര്‍ബര്‍ ഹാള്‍ ഗ്രൗണ്ടില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയര്‍പ്പിക്കാന്‍ മലയാള സിനിമ മേഖല ഒത്തുകൂടിയ ഒരു സായാഹ്നം. അന്നവിടെ ചലച്ചിത്ര രംഗത്തെ പലരും സംസാരിച്ചു, വികാരം കൊണ്ടു, ആവേശം കൊണ്ടു, കണ്ണീരൊഴുക്കി, കൈയടി വാങ്ങി. പക്ഷേ അതിലൊരാളുടെ വാക്കുകള്‍ പ്രത്യേകമായി ഉയര്‍ന്നു കേട്ടു; മഞ്ജു വാര്യരുടെ!  മുകളില്‍ കൊടുത്തിരിക്കുന്ന ആ വാക്കുകളില്‍ നിന്നാണ് കേരളത്തെ ഞെട്ടിച്ച വലിയൊരു ക്രിമനല്‍ ഗൂഢാലോചനയുടെ ചുരുളഴിയുന്നത്.

മഞ്ജു വാര്യര്‍, ഹാറ്റ്‌സ് ഓഫ്; നിങ്ങള്‍ മാത്രമാണ് ആ യാഥാര്‍ത്ഥ്യം പറഞ്ഞത്

യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും സിനിമാക്കഥകളെക്കാള്‍ നാടകീയമായിരിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്ന കാര്യങ്ങള്‍. ജനപ്രിയ നായകനെന്ന വിശേഷണത്തോടെ സിനിമാലോകത്ത് തന്റെതായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായി. 90 ദിവസത്തോളം റിമാന്‍ഡ് പ്രതിയായി ജയിലറയ്ക്കുള്ളില്‍ കിടന്നു. മലയാള ചലച്ചിത്ര ലോകം രണ്ടായി പിരിഞ്ഞു. ശക്തരും ആള്‍ബലമേറിയതുമായൊരു സംഘം ദിലീപിനുവേണ്ടി പക്ഷമൊരുക്കി. മറുഭാഗത്ത് സമൂഹത്തിന്റെ പിന്തുണയോടെ ഒരു കൂട്ടം അഭിനേത്രികളും അവരെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് മറ്റൊരു ചെറു സംഘവും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊണ്ടു.

അഞ്ചു വര്‍ഷത്തോളമായി നീളുകയാണ് ആ കേസ്. പ്രത്യേക വിചാരണ കോടതി രൂപീരിക്കപ്പെട്ടു. വനിത ജഡ്ജിയെ നിയമിച്ചു. സാക്ഷികളില്‍ ഭൂരിഭാഗവും പ്രതിക്ക് അനുകൂലമായി കൂറുമാറി. അവരില്‍ പലരും ദിലീപിനെന്നപോലെ ആക്രമിക്കപ്പെട്ട നടിക്കും അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നു. സിനിമ പുറത്തു നിന്നുള്ള സാക്ഷികളെ പ്രലോഭിപ്പിച്ചും ഭീഷമി മുഴക്കിയും കൂറുമാറാന്‍ നിര്‍ബന്ധിച്ചു. ചിലര്‍ അനുസരിച്ചു, ചിലരത് വിളിച്ചു പറഞ്ഞു, പരാതി കൊടുത്തു. കോടതി തന്നെ തനിക്ക് എതിരു നില്‍ക്കുന്നതായി ആക്രമിക്കപ്പെട്ട നടിയില്‍ നിന്നും പരാതി ഉയര്‍ന്നു. സര്‍ക്കാരും പ്രോസിക്യൂഷനും അതേ പരാതി ഉയര്‍ത്തി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതിയില്‍ എത്തി, പക്ഷേ, നിരാകരിക്കപ്പെട്ടു. പ്രോസിക്യൂട്ടര്‍ രാജിവച്ചു. പരാതികള്‍ സുപ്രിം കോടതിയിലെത്തി. ഇനിയും വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്ന് എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. 

ക്ലൈമാക്‌സ് ട്വിസ്റ്റ്

വരുന്ന ഫെബ്രുവരിയില്‍(2022 ഫെബ്രുവരി) വിധി പറയാമെന്ന നിലയില്‍ വിചാരണ അവാസന ഘട്ടത്തിലേക്ക് അടക്കുമ്പോഴാണ് തീര്‍ത്തും അപ്രതീക്ഷിതമായൊരു ക്ലൈമാക്‌സ് ട്വിസ്റ്റ് സംഭവിക്കുന്നത്.

ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലാണ് കാര്യങ്ങള്‍ മറ്റൊരു വഴിയിലേക്ക് തിരിച്ചിരിക്കുന്നത്. അതീവ ഗൗരവമുള്ള മൂന്നു കാര്യങ്ങളാണ് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തുന്നത്. 

ഒന്ന്-നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സ്വന്തം വീട്ടില്‍ വച്ച് സഹോദരന്റെയും സഹോദരി ഭര്‍ത്താവിന്റെയും സാന്നിധ്യത്തില്‍ ദിലീപ് കണ്ടു.

രണ്ട്- ആ ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് കൊടുത്തത് ഒരു വി ഐ പിയായിരുന്നു (ആരാണ് ആ വി ഐ പി എന്ന് ബാലചന്ദ്ര കുമാര്‍ പൊതുമധ്യത്തില്‍ വെളിപ്പെടുത്തിയിട്ടില്ല) 

മൂന്ന്- കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു

വിചാരണയുടെ അന്തിമഘട്ടത്തില്‍ വന്ന ഈ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുത്തതോടെയാണ് ക്ലൈമാക്‌സ് ട്വിസ്റ്റിന് ആവേശം കൈവന്നത്. കേസില്‍ പുനരന്വേഷണം വേണമെന്നും അതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നുമാവശ്യപ്പെട്ട് അന്വേഷണ സംഘം വിചാര കോടതയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. പ്രസ്തുത അപേക്ഷ കോടതി സ്വീകരിക്കുമോ, തള്ളുമോയെന്നതില്‍ ചെറിയൊരു ആകാംക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമരംഗത്തുള്ളവര്‍ പറയുന്നത്, പുനരന്വേഷണം സാധ്യമാവുക തന്നെ ചെയ്യുമെന്നാണ്. വിചാരണ അവസാനിച്ചിട്ടില്ലെന്നതിനാല്‍ തന്നെ പുതിയ തെളിവുകള്‍ ഹാജരാക്കാനും,സിആര്‍പിസി 173(8) പ്രകാരം പുനരന്വേഷണം നടത്താനുമുള്ള നിയമാധികാരം അന്വേഷണ സംഘത്തിനുണ്ടെന്നാണ് മുന്‍ എസ് പി അടക്കമുള്ള നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇനിയൊരു പക്ഷേ വിചാരണ കോടതി അപേക്ഷ നിരസിച്ചാല്‍ തന്നെ അന്വേഷണ സംഘത്തിന് മേല്‍ക്കോടതികളെ സമീപിക്കാം. സുപ്രിം കോടതയില്‍ വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യാം. കേസിന്റെ വിചാരണ തടസം കൂടാതെ വേഗം പൂര്‍ത്തിയാക്കാനാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ തെളിവകളൊന്നും പരിശോധിക്കേണ്ടതില്ലെന്നു പറഞ്ഞിട്ടില്ല. ഇപ്പോഴുണ്ടായിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഈ കേസ് പരിഗണിക്കുന്ന വേളയില്‍ സുപ്രിം കോടതിയുടെ മുന്നില്‍ വന്നിട്ടുമില്ല. അതുകൊണ്ട് തന്നെ പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും എതിര്‍ത്ത് ദിലീപും സുപ്രിം കോടതി വരെ ചെന്നാലും അനുകൂലമായ ഉത്തരവ് കിട്ടുമെന്ന് കരുതേണ്ടെന്നാണ് നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

ആരാണ് ആ വി ഐ പി?

മാധ്യമങ്ങളുടെയടക്കം അന്വേഷണം നീളാന്‍ സാധ്യതയുള്ള അജ്ഞാത കഥാപാത്രമാണ് ബലചന്ദ്ര കുമാര്‍ പറഞ്ഞ്,  ദിലീപിന് വീഡിയോ ദൃശ്യങ്ങള്‍ കൈമാറിയ ' വി ഐ പി'. ചാനല്‍ അഭിമുഖങ്ങളില്‍ ആ പേര് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടില്ല. ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ചില ഓഡിയോ റെക്കോര്‍ഡുകള്‍ കേട്ടെന്നു പറയുന്നവര്‍ക്കും വി ഐ പി ആരാണെന്ന് മനസിലായിട്ടില്ലെന്നാണ് പറയുന്നത്. അങ്ങനെയൊരു വി ഐ പി ഉണ്ടെങ്കില്‍, ഈ കേസില്‍ ആ വ്യക്തിക്ക് നിര്‍ണായക പങ്കുണ്ട്. പള്‍സര്‍ സുനി നശിപ്പിച്ചെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ കൈമാറി കിട്ടിയ വ്യക്തിയാണോ, അതോ ആ ഫോണ്‍ അതീവ രഹസ്യമായി മറ്റാരെങ്കിലും സൂക്ഷിച്ചിട്ട് അതിലെ ദൃശ്യങ്ങള്‍ പ്രസ്തുത വ്യക്തിക്ക് നല്‍കുകയാണോ ഉണ്ടായിട്ടുള്ളതെന്നൊക്കെ കണ്ടെത്താന്‍ ആളാരാണെന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട്.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പ്രകാരം വി ഐ പി യെ അയാള്‍ കണ്ടിട്ടുണ്ടാകും. അങ്ങനെയാണെങ്കില്‍ ബാലചന്ദ്രകുമാറില്‍ നിന്നു തന്നെ വിവരങ്ങള്‍ പൊലീസിന് കിട്ടുകയും ചെയ്യും.

തൊണ്ടി മുതലും ദൃശ്യങ്ങളും

ഓടുന്ന കാറില്‍ വച്ച് നടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഈ കേസിലെ ഏറ്റവും നിര്‍ണായകമായ ഘടകം. മൊബൈല്‍ വീഡിയോയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഈ ഫോണ്‍ നശിപ്പിച്ചു കളഞ്ഞെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. ഫോണ്‍ കണ്ടെത്താന്‍ അന്വേഷണ സംഘം പലവഴികള്‍ തെരഞ്ഞെങ്കിലും ഫലം കണ്ടിരുന്നില്ല. മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പറയുന്നത്. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ തന്റെ ജൂനിയറായ അഡ്വ. രാജു ജോസഫിന്റെ കൈവശം ഏല്‍പ്പിച്ചുവെന്നു പറഞ്ഞു. രാജു ജോസഫിനെ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ നശിപ്പിച്ചതായി പറഞ്ഞു. രാജു ജോസഫും പ്രതീഷ് ചാക്കോയും കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവരാണ്. ഫോണ്‍ ആരുടെ കൈവശം ഉണ്ടെന്നറിയാന്‍ ദിലീപിനോട് തന്നെ പൊലീസ് പലവട്ടം ചോദിച്ചതായി വിവരമുണ്ട്. അവിടെ നിന്നും ഉത്തരം കിട്ടാത്തതുകൊണ്ട് സംശയപ്പട്ടികയില്‍ ഉള്ള കാവ്യ മാധാവനെയും നാദിര്‍ഷായേയും ചോദ്യം ചെയതു. അപ്പോഴും ഫോണ്‍ കാണാമറയത്ത് തന്നെ നിന്നു. ദൃശ്യങ്ങള്‍ പകര്‍ത്തി നടിയെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു ആക്രമി സംഘത്തിന്റെ ലക്ഷ്യം. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പറയുന്നതിന്റെ കാരണവും അതായിരുന്നു. മറ്റാരുടെയോ പ്രേരണയാലാണ് നടിക്കെതിരേ ആക്രമം നടന്നതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാനവാദം.

മൊബൈല്‍ ഫോണ്‍ ഒളിവില്‍ തന്നെ; കുറ്റപത്രവുമായി പൊലീസ് കോടതിയിലേക്ക്
 

പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. എന്നാല്‍, ദിലീപ് ഇതിനെ പൊലീസിന്റെ ഗൂഢാലോചനയായാണ് കുറ്റപ്പെടുത്തിയത്.  നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ പൊലീസ് ഹാജരാക്കിയിരിക്കുന്നത് കൃത്രിമമായി ഉണ്ടാക്കിയ വീഡിയോ ആണെന്നു കോടതിയില്‍ ദിലീപ് പരാതിപ്പെട്ടു. ആരുടെയോ നിര്‍ദേശപ്രകാരം ഉണ്ടാക്കിയത് എന്നാണ് ഈ വീഡിയോ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും  വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതമാണെന്നു പരാതിയില്‍ പറയുന്നു. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടമുള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. ദിലീപിന്റെ ആരോപണങ്ങളില്‍ പ്രധാനമായവ ഇവയായിരുന്നു;  ഒന്ന്, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളില്‍ നിന്ന് മായ്ച്ച് കളയാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീ ശബ്ദമുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇതേ സ്ത്രീശബ്ദം ചില നിര്‍ദേശങ്ങള്‍ നല്‍കുന്നതായി കേള്‍ക്കാം. രണ്ട്, പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വിഡിയോയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ വച്ച് നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ഇതിനൊപ്പം ദിലീപിന്റെ മറ്റൊരാരോപണം ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് പൊലീസിന്റെ തന്ത്രമാണെന്നും ആ ഫോണ്‍ അന്വേഷണ സംഘത്തിന്റെ കൈയില്‍ തന്നെയുണ്ടെന്നുമാണ്.

അന്നത്തെ സംശയങ്ങള്‍ ദിലീപിന് തിരിച്ചടിയാകുമോ?

ഏതായാലും മേല്‍പ്പറഞ്ഞ പ്രകാരമുള്ള, വീഡിയോയെ പറ്റിയുള്ള ദിലീപിന്റെ ആധികാരികത നിറഞ്ഞ വിമര്‍ശനങ്ങള്‍ തന്നെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നേരത്തെ കണ്ടിട്ടുള്ളതുകൊണ്ടാണ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച വിഡിയോയിലെ ദൃശ്യങ്ങളെക്കുറിച്ച് പരാതികളും ആരോപണങ്ങളും ഉന്നയിക്കാന്‍ ദിലീപിന് കഴിയുന്നതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായിരുന്നു. ആ സംശയത്തിന് ബലമേകുന്ന തെളിവുകള്‍ അന്നുണ്ടായിരുന്നില്ല, എങ്കിലിപ്പോള്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ അത്തരമൊരു തെളിവായിട്ടാണ് അന്വേഷണ സംഘത്തിനു മുന്നിലെത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ ദിലീപ് കണ്ടിട്ടുണ്ടെങ്കില്‍, ഈ സംഭവത്തിനു പിന്നിലെ ഗൂഢാലോചനയാരുടെതാണെന്ന് പകല്‍പോലെ വ്യക്തമാക്കാന്‍ കഴിയും. അതൊടൊപ്പം തന്നെയാണ് ഇത്രനാളും തള്ളിപ്പറഞ്ഞിരുന്ന പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന മൊഴിയും. സുനിയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പുറത്തു പറയാതിരിക്കാന്‍ ദിലീപും അദ്ദേഹത്തിന്റെ ബന്ധുക്കളും തന്നെ പലതവണയായി വിളിച്ചിരുന്നുവെന്നാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്. അതിനെല്ലാമുള്ള ഇലക്ട്രോണിക്‌സ് തെളിവുകളും തന്റെ കൈയിലുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്.

ഗൂഢാലോചനയാണെന്ന് ദിലീപ് അനുകൂലികള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന ആരുടെതായിരുന്നുവെന്നും ദിലീപ് നിരപരാധിയായിരുന്നുവെന്നും തെളിയാന്‍ പോകുന്ന സമയത്തുണ്ടായിരിക്കുന്ന വെളിപ്പടുത്തലിനു പിന്നില്‍ മറ്റ് അജണ്ടകളുണ്ടെന്നാണ് ദിലീപ് അനുകൂലികളുടെ ആക്ഷേപം. ഇത്രയും വര്‍ഷങ്ങള്‍ മിണ്ടാതിരുന്നിട്ട് ഈയൊരു സമയത്ത് ബലചന്ദ്രകുമാര്‍ എന്തുകൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തുന്നുവെന്നാണ് അവരുടെ ചോദ്യം. തെളിവുകളൊന്നും കിട്ടാതെ കോടതിയില്‍ കേസ് തോറ്റുപോകുമെന്ന് മനസിലായതോടെ പുതിയ കളികള്‍ കൡക്കുകയാണെന്ന പരിഹാസവും പ്രോസിക്യൂഷനും പൊലീസിനുമെതിരേ ഇവര്‍ നടത്തുന്നുണ്ട്. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുകേശന്‍ രാജിവച്ചതും ദിലീപ് അനുകൂലികള്‍ ആയുധമാക്കുന്നുണ്ട്.

അവള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ കാല് മാറിയപ്പോള്‍

തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറിയതും വിചാരണയ്ക്കിടയില്‍ കോടതിയില്‍ തനിക്ക് പ്രതികൂല അന്തരീക്ഷം നേരിടേണ്ടി വന്നതെന്ന ആക്രമിക്കപ്പെട്ട നടിയുടെ പരാതിയും ഈ കേസിനെ സംബന്ധിച്ച വഴിത്തിരുവകളായിരുന്നു. ചലച്ചിത്ര മേഖലകളില്‍ നിന്നുള്ള ഭൂരിഭാഗവും പൊലീസിന് നല്‍കിയ മൊഴിക്ക് വിപരീതമായാണ് കോടതിയില്‍ പറഞ്ഞത്. താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, നടന്‍ സിദ്ദീഖ്, നടിമാരായ ഭാമ, ബിന്ദു പണിക്കര്‍, കാവ്യ മാധവന്‍ തുടങ്ങിയവരൊക്കെ ദിലീപിന് അനുകൂലമായി വിചാരണ കോടതിയില്‍ മൊഴി മാറ്റിയവരാണ്. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി എഎംഎംഎയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴി. വിചാരണ കോടതയില്‍ എത്തിയപ്പോള്‍, അങ്ങനെയൊരു പരാതി നല്‍കിയതായി ഓര്‍മയില്ലെന്നായിരുന്നു ബാബുവിന്റെ മൊഴി. 2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ദിലീപ് കണ്ട കാര്യം അറിയാമെന്നു പൊലീസിനോടു പറഞ്ഞ ബിന്ദു പണിക്കരും കോടതിയിലെത്തിയപ്പോള്‍ അക്കാര്യം നിഷേധിച്ചു. എഎംഎംഎയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായതായി സിദ്ദിഖും ഭാമയും നേരത്തെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ ഇക്കാര്യം കോടതിയില്‍ സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. ഇതിനു പുറമെയാണ് സിനിമയ്ക്ക് പുറത്തുള്ള ചില സാക്ഷികളെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ വിവരങ്ങള്‍ പുറത്തു വരുന്നത്. മൊഴി മാറ്റാന്‍ വേണ്ടി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന വിപിന്‍ ലാല്‍ എന്ന സാക്ഷിയുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍  കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി തിരുത്തിപ്പറയാന്‍ വേണ്ടിയാണ് പ്രദീപ് കുമാര്‍ സ്വാധീനിക്കാന്‍ നോക്കിയതെന്നായിരുന്നു വിപിന്‍ ലാലിന്റെ പരാതി.

'ഞാന്‍ ദിലീപിന്റെയാള്‍, മൊഴി മാറ്റി പറഞ്ഞാല്‍ എന്തു സഹായവും ചെയ്യാം, ഗണേഷ് കുമാറിന്റെ സ്റ്റാഫിന്റെ വാഗ്ദാനം; നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചന
 

വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ട ഇര

ഉറ്റസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നവര്‍ തനിക്കൊപ്പം നില്‍ക്കാതെ എതിര്‍പക്ഷത്തേക്ക് പോയത് ആക്രമിക്കപ്പെട്ട നടിയെ ഏറെ വേദനിപ്പിച്ചിരുന്നു. അതിനേക്കാള്‍ വേദനിപ്പിക്കുന്ന സാഹചര്യമായിരുന്നു വിചാരണ കോടതിയ്ക്കുള്ളില്‍ നിന്നും നടിക്ക് നേരിടേണ്ടി വന്നത്. ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ നടി പറഞ്ഞത്, വിചാരണ കോടതിയില്‍ വച്ച് പല തവണ കരയേണ്ട സാഹചര്യം നേരിട്ടുവെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നത് തടയാന്‍ കോടതി ഇടപെട്ടില്ലെന്നുമായിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു നടി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ വിചാരണക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് നടി പരാതിപ്പെട്ടത്. വനിത ജഡ്ജിയായിട്ടുപോലും ഇരയാക്കപ്പെട്ട നടിയുടെ അവസ്ഥ മനസിലാക്കാന്‍ സാധിച്ചില്ല. ക്രോസ് വിസ്താരത്തിനിടയില്‍ തന്നെ അപമാനിക്കും വിധത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അത് തടയാന്‍ കോടതി ഒരു ഇടപെടലും നടത്തിയില്ല. പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും അംഗീകരിക്കാനും കോടതി തയ്യാറായില്ല. അനേകം അഭിഭാഷകര്‍ കോടയില്‍ ഉള്ളപ്പോള്‍ തന്നെയായിരുന്നു പ്രതിഭാഗം ചോദിക്കാന്‍ പാടില്ലാത്ത പല ചോദ്യങ്ങളും ചോദിച്ചത്. എല്ലാവരുടെയും മുന്നില്‍ വച്ചായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നത്. പലവട്ടം കോടതിയില്‍ നിന്നും കരയേണ്ട സാഹചര്യമുണ്ടായി. അപ്പോഴൊന്നും കോടതി അവരെ തടഞ്ഞില്ല. വിചാരണക്കോടതയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഒരുതരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് കോടതി മാറ്റാന്‍ ഹര്‍ജി നല്‍കിയതെന്നാണ് നടി ഹൈക്കോടതിയില്‍ ഹൈക്കോടതിയോടെ പരാതിപ്പെട്ടത്. വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാരും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അപേക്ഷ തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്. ഹൈക്കോടതി വിധിയ്‌ക്കെതിരേ നടിയും സര്‍ക്കാരും സുപ്രിം കോടതിയെ സമീപിച്ചു. വിചാരണ കോടതി മാറ്റാന്‍ തയ്യാറായില്ലെങ്കിലും വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കി. രാജ്യം തന്നെ ശ്രദ്ധിച്ച ഒരു കേസില്‍ എന്താകും അന്തിമ വിധിയെന്നറിയാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടെന്ന് സുപ്രിം കോടതി നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുന്നത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക ;  ക്ലൈമാക്‌സ് ട്വിസ്റ്റ്‌