ലക്ഷംവീട് കോളനിയിലെ കോവിഡ് കാലം: പ്രശ്നങ്ങള്‍, ആശങ്കകള്‍, ഉപജീവനം

 
eminta
.......


(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും ചേര്‍ന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി എമിനിറ്റ പോള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ ഗ്രാമത്തിലെ തുരുത്ത് ലക്ഷംവീട് കോളനിയിലെ വീട്ടമ്മമാര്‍ കോവിഡ് കാലത്ത് നേരിട്ട വിവിധങ്ങളായ പ്രശ്നങ്ങളെ അവതരിപ്പിക്കുന്നു.)

ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സ്ഥിര വരുമാനം, സമാധാനപരമായ ജീവിത അന്തരീക്ഷം ഇവയൊക്കെ ഓരോ മനുഷ്യരുടേയും ജീവിതം ആശങ്ക ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനു അത്യാവശ്യമായ കാര്യങ്ങളാണ്. സാമ്പത്തിക അടിത്തറ ഉള്ളവര്‍ക്കും സാമൂഹികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്കും എളുപ്പത്തില്‍ ഇവ നേടിയെടുക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും അപ്രാപ്യമായ കാര്യങ്ങളായി ഇവ തീരാറുണ്ട്. ദിവസ വേതന തൊഴിലുകള്‍ ചെയ്യുന്നവരുടെ ജീവിതം അന്നന്നു ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. കോവിഡ് പോലെയുള്ള മഹാവ്യാധികള്‍ വന്നുപെടുമ്പോള്‍ ജീവിത പ്രശ്നങ്ങള്‍ കടുത്തപ്രതിസന്ധിയാകുന്നതും ഈ വിഭാഗത്തിനാണ്. വിദ്യാഭ്യാസവും തൊഴിലും അടക്കം ജീവിതത്തിന്റെ സമസ്തതലങ്ങളും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.

ഒബ്‌സെര്‍വേഷന്‍സ് ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികളില്‍ നടത്തിയ പഠനം അനുസരിച്ച് ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ 8.1 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണു ലൈവ് ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. ഗ്രാമീണ മേഖലയിലെ തന്നെ പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 17.7 ശതമാനം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വലിയ ഡിജിറ്റല്‍ വേര്‍തിരിവാണ് സൃഷ്ടിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഇന്റര്‍നെറ്റ് അടിസ്ഥാന ആവശ്യങ്ങളിലൊന്നായി കണക്കിലെടുത്ത് അത് വ്യാപകമാക്കുന്നതിനായി നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാനമാണ് കേരളം. ഹൈ സ്പീഡ് ഇന്റര്‍നെറ്റ്േ കരളത്തിലുടനീളം നല്‍കുന്നതിനുവേണ്ടി 1548 കോടി രൂപയുടെ പദ്ധതിയാണ് കേരള സര്‍ക്കാര്‍ തയ്യാറാക്കിയത്. 2019 നവംബറില്‍ കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി നടപ്പിലാവാന്‍ വലിയ കാലതാമസമാണ് നേരിടുന്നത്. ദാരിദ്ര്യരേഖക്കു കീഴിലുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് 2020 ഡിസംബറിനുള്ളില്‍ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 2021ലും പദ്ധതിയുടെ പ്രയോജനം വേണ്ടവിധം ലഭിച്ചിട്ടില്ല.

ഓണ്‍ലൈന്‍ പഠനത്തിനായി കെ.എസ്.എഫ്.ഇ.യും കുടുംബശ്രീയും ഐ.ടി. മിഷനും ചേര്‍ന്ന് തുടങ്ങിയ 'വിദ്യാശ്രീ' പോലുള്ള പദ്ധതികളും നിലവിലുണ്ടെങ്കിലും അവയും വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര പ്രയോജനം നല്‍കിയിട്ടില്ല. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഇത്തരം പദ്ധതികളെക്കുറിച്ചുള്ള അവബോധവും കുറവാണ്. ഡിജിറ്റല്‍ വിദ്യാഭ്യാസവും അതുണ്ടാക്കുന്ന പ്രശ്നങ്ങളും കേരള ഹൈക്കോടതിയുടെ അടക്കം പരിഗണനയ്ക്കായി എത്തുകയും സുപ്രധാനമായ ഇടപെടലുകള്‍ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്തു. കോവിഡ് കാലത്തെ വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച പ്രശ്നങ്ങള്‍ സുപ്രികോടതിയുടെ മുന്നിലെത്തുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ പഞ്ചായത്തിലുള്ള തുരുത്ത് ലക്ഷംവീട് കോളനിയിലെ വീട്ടമ്മമാര്‍ കോവിഡാനന്തര കാലത്ത് നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ അടുത്തറിയാന്‍ ശ്രമിച്ചത്. ദിവസവേതന തൊഴിലുകള്‍ വഴി ജോലി ലഭിച്ചിരുന്ന സ്ത്രീകളില്‍ കോവിഡ് ലോക്ഡൗണ്‍ സമയങ്ങള്‍ക്കുശേഷം നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും, അവരുടെ  കുടുംബവും കുട്ടികളും ചുറ്റുമുള്ള, സാമൂഹികമായി മുന്നാക്കം നില്‍ക്കുന്ന ആളുകളില്‍ നിന്നും എത്രത്തോളം പിന്നില്‍ ആണെന്നും ഈ പഠനത്തില്‍ നിന്നും മനസ്സിലായി. വിവിധ മത സാമുദായിക വിഭാഗങ്ങളില്‍ പെടുന്ന പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ആറ് വീട്ടമ്മമാരുടെ പ്രശ്നങ്ങളാണ് അടുത്തറിയാന്‍ ശ്രമിച്ചത്.  കോളനിയില്‍ ജീവിക്കുന്ന വിവിധ അവസ്ഥകളില്‍ ഉള്ള സ്ത്രീകളെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യത്തോടെ ദിവസ വേതന ജോലി ചെയ്യുന്ന വ്യത്യസ്തരായ സ്ത്രീകളെയാണ് പഠനത്തിനുവേണ്ടി തിരഞ്ഞെടുത്തത്. ലക്ഷം വീട് കോളനിയില്‍ ജീവിക്കുന്ന കുടുംബങ്ങളില്‍, പഠിക്കുന്ന കുട്ടികള്‍ ഉള്ള കുടുംബങ്ങളെയും, ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട കുടുംബങ്ങളെയും, വിധവ ഗൃഹനാഥയായ കുടുംബത്തെയും ഇതില്‍ ഉള്‍പ്പെടുത്തി. സാമൂഹിക, ആരോഗ്യ പ്രശ്‌നങ്ങളും, വരുമാനത്തിലെ സ്ഥിരത ഇല്ലായ്മയും, കുട്ടികളുടെ പഠനത്തില്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും  മനസ്സിലാക്കാനായി.

lakshamveedu

തുരുത്ത് ലക്ഷംവീട് കോളനി
1972ലാണ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുവേണ്ടി കേരളത്തില്‍ ലക്ഷം വീട് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. സി അച്യുതമേനോനന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരുടെ നേതൃത്വത്തിലാണ് പദ്ധതി തുടങ്ങിയത്. എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ പഞ്ചായത്തിലുള്ള തുരുത്ത് ലക്ഷം വീട് കോളനിയില്‍ 20 കുടുംബങ്ങള്‍ താമസക്കാരായി ഉണ്ട്. നാല് സെന്റില്‍ താഴെയുള്ള ഭൂമിയാണ് ഓരോ കുടുംബത്തിനും ലഭിച്ചിട്ടുള്ളത്. 66 ആളുകള്‍ കോളനിയില്‍ ജീവിക്കുന്നു. 1973ലാണ് ലക്ഷം വീട് പദ്ധതി തുരുത്ത് എന്ന പ്രദേശത്തേക്ക് എത്തുന്നത്. സാമൂഹികമായി പിന്നോക്കാവസ്ഥയിലായ പട്ടികജാതിയില്‍ ഉള്‍പ്പെട്ടവരും, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതിയില്‍ നിന്നുള്ളവരും, പിന്നാക്ക ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളുമാണ് കോളനിയിലെ അന്തേവാസികള്‍.  

ദിവസവേതന തൊഴിലുകളാണ് ഇവരുടെ ഉപജീവന മാര്‍ഗം. തൊഴിലുറപ്പ്, ക്ലീനിംങ്, തയ്യല്‍, വീട്ടുജോലി, പലഹാരനിര്‍മ്മാണ കേന്ദ്രത്തിലെ സഹായി തുടങ്ങിയ ജോലികളാണ് കോളനിയിലെ സ്ത്രീകള്‍ ചെയ്യുന്നത്. ഡ്രൈവിങ്ങ്, ആശാരിപ്പണി, മരപ്പണി, പെയിന്റിങ്ങ്, കല്‍പ്പണി, മണ്‍പണി തുടങ്ങിയ ദിവസ വേതന തൊഴിലുകള്‍ പുരുഷന്മാര്‍ ചെയ്യുന്നു. ദരിദ്രമായ ചുറ്റുപാടാണ് ഓരോരുത്തര്‍ക്കും ഉള്ളത്. ഓടു മേഞ്ഞതും, ചോരാതിരിക്കാന്‍ ടാര്‍പോളിന്‍ ഷീറ്റ് ഓടിന് മീതെ വലിച്ചു കെട്ടിയതും നിര്‍മ്മാണം പാതിവഴിയിലായതുമായ വീടുകള്‍ ഇവിടെകാണാം.

കോളനിയില്‍ താമസിക്കുന്നവര്‍

 • പുരുഷന്മാര്‍ 27
 • സ്ത്രീകള്‍ 23
 • വിദ്യാര്‍ഥികള്‍ 16
 • ആകെ 66

കോളനിക്കു ചുറ്റുമുള്ള പ്രദേശത്തുള്ളവരുടെ ജീവിതം കോളനിവാസികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറെ മുന്നിലാണ്. ജാതി, തെങ്ങ്, കപ്പ, വാഴ, ചക്ക തുടങ്ങിയ കാര്‍ഷിക വിളകള്‍ കൊണ്ടു പ്രദേശം സമൃദ്ധമാണ്. എന്നാല്‍ കോളനിവാസികളാകട്ടെ, സര്‍ക്കാര്‍ സഹായങ്ങള്‍ക്കും ദിവസ വേതന വരുമാനത്തിനും അടിസ്ഥാനമാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട അവസ്ഥയിലാണ്. ഗള്‍ഫ് മേഖലകളിലേക്കും, ഗവണ്‍മെന്റ് ജോലികളിലേക്കും വലിയ കച്ചവടങ്ങളിലേക്കും ചുറ്റുമുള്ളവര്‍ ചേക്കേറിയപ്പോള്‍ കോളനിയില്‍ ഉള്ളവര്‍ വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും പിന്നില്‍ തന്നെ നിലകൊണ്ടു.

കോവിഡ് ലോക്ഡൗണ്‍ കാലങ്ങള്‍ ഇവരുടെ ജീവിതക്രമത്തിന് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ തൊഴിലിനു ബുദ്ധിമുട്ട് നേരിട്ടു. വരുമാനം ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ ആശങ്കകളും വര്‍ധിച്ചു കുടുംബത്തിന്റെ ചുമതല സ്ത്രീകള്‍ക്ക് ഏറ്റെടുക്കേണ്ട അവസ്ഥയുണ്ടായി. ജീവിതം മുന്നോട്ടു നീക്കുന്നതിന് പുതിയ തൊഴിലുകള്‍ ഇവര്‍ അന്വേഷിച്ചു. കുട്ടികളുടെ പഠനത്തിനടക്കം ഏറെ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ സഹിക്കേണ്ടതായി വന്നു.

സ്ത്രീകളുടെ തൊഴില്‍ നില

 • ക്ലീനിങ് ജോലി 7
 • ബേക്കറിയില്‍ പലഹാരനിര്‍മ്മാണ സഹായി 1
 • ബേക്കറിയില്‍ സെയില്‍സ് ജോലി 1
 • വീട്ടുസഹായി 4
 • തയ്യല്‍ ജോലി 2
 • തൊഴിലുറപ്പ് ജോലികളും കൂലിപ്പണികളും 3
 • പ്രായാധിക്യം മൂലം ജോലിയൊന്നും ചെയ്യാന്‍ സാധിക്കാത്തവര്‍ 2
 • ജോലി അന്വേഷിക്കുന്നവര്‍ 3
 • ആകെ 23

മക്കളുടെ പഠനം: ആശങ്കകള്‍
ലോക്ഡൗണ്‍ മൂലം വിദ്യാലയങ്ങള്‍ അടച്ചിട്ടതോടെ പഠനം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുകയും കുട്ടികളുടെ ലോകം വീട് മാത്രമായി ചുരുങ്ങുകയും ചെയ്തു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലക്ഷം വീട് കോളനിയിലെ കുട്ടികളുടെ പഠനത്തെ ഏത് രീതിയിലൊക്കെ ബാധിച്ചു എന്നു വീട്ടമ്മമാരില്‍ നിന്നും മനസിലാക്കാന്‍ ശ്രമിച്ചു. ആറ് വീട്ടമ്മകളില്‍ നാലുപേരുടെ വീട്ടിലും വിദ്യാര്‍ഥികള്‍ ഉണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളെയാണ് കുട്ടികള്‍ ആശ്രയിക്കുന്നത്. ഓരോ വീട്ടമ്മയ്ക്കും അവരുടേതായ ആശങ്കകള്‍ മക്കളുടെ ഭാവിയെക്കുറിച്ച് ഉണ്ടായിരുന്നു. കുട്ടികളുടെ പഠനം കോവിഡ് കാലത്ത് ശരിയായ രീതിയില്‍ നടത്താന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ ലഭിക്കാത്ത കുട്ടികളും, ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നവരും പഠന സഹായത്തിന് ആശ്രയിക്കാന്‍ ആരുമില്ലാത്തവരും കോളനിയിലെ കുട്ടികളില്‍ ഉണ്ട്.

വീട്ടമ്മ 1
രണ്ട് പേരക്കുട്ടികളുടെ രക്ഷകര്‍ത്താവ് ആയ വീട്ടമ്മക്കു വയസ് 60 കഴിഞ്ഞു. തൊഴിലുറപ്പ്, മറ്റു വീടുകളിലെ ജോലി, മരപ്പണി തുടങ്ങിയവയാണ് കുടുബത്തിലുള്ളവരുടെ ജോലി. കോവിഡ് പ്രതിസന്ധികള്‍ മൂലം  ജോലി ലഭിക്കുന്നത് വല്ലപ്പോഴുമൊക്കെയായി. ഭര്‍ത്താവും മകനും മകന്റെ രണ്ടു കുട്ടികളും അടങ്ങുന്നതാണ് അഞ്ചംഗ കുടുംബം. എല്ലാവരുടേയും വിദ്യാഭ്യാസം 10 ക്ലാസിലും താഴെയാണ്. കുട്ടികള്‍ ഒന്ന്, അഞ്ച് ക്ലാസ്സുകളില്‍ പഠിക്കുന്നു. അവരെ പഠനത്തില്‍ സഹായിക്കാനുള്ള ശേഷി മുതിര്‍ന്നവര്‍ക്കില്ല. മൊബൈല്‍ സാങ്കേതിക വിദ്യയിലും ഇംഗ്ലിഷ് ഭാഷയിലും ഇവര്‍ക്ക് പരിജ്ഞാനമില്ല. സഹകരണ ബാങ്ക് നിര്‍ദ്ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കിയ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് കുട്ടികളുടെ പഠനം. 2021ലാണ് ഇവര്‍ക്ക് ഫോണ്‍ ലഭിച്ചത്. സ്‌കൂളില്‍ പോയിരുന്ന സമയത്ത് ഉണ്ടായിരുന്ന പഠനനിലവാരം, മാറിയ സാഹചര്യത്തില്‍ ഉറപ്പിക്കാനാവുന്നില്ല.

വീട്ടമ്മ 2
40 വയസ്സുള്ള ഇവരുടെ വീട്ടില്‍ മൂന്ന് കുട്ടികള്‍ പഠിക്കുന്നുണ്ട്. പത്താം ക്ലാസില്‍ തഴെയാണ് വിദ്യാഭ്യാസം. പലഹാര നിര്‍മ്മാണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നു. ഏഴംഗ കുടുംബം. കെട്ടിടനിര്‍മ്മാണ തൊഴില്‍, വീട്ടുജോലി, മണ്‍പണി എന്നിങ്ങനെ ജോലികള്‍ ഉള്ളവരാണ് വീട്ടിലെ മറ്റ് അംഗങ്ങള്‍. എന്നാല്‍ കോവിഡ് വന്നതിനുശേഷം ഇപ്പോള്‍ വീട്ടില്‍ വരുമാനം ലഭിക്കുന്നത് വീട്ടമ്മയ്ക്കു മാത്രമാണ്. വീട്ടിലെ മറ്റു അംഗങ്ങള്‍ക്ക് ജോലി ലഭിക്കുന്നത് വല്ലപ്പോഴുമൊക്കെയാണ്. പ്ലസ് ടു, പത്ത്, നാല് എന്നീ ക്ലാസ്സുകളില്‍ കുട്ടികള്‍ പഠിക്കുന്നു. 2020-2021 അധ്യയന വര്‍ഷത്തില്‍ മൂത്ത കുട്ടിക്കു മാത്രമാണ് പഠിക്കാന്‍ മൊബൈല്‍ ഉണ്ടായിരുന്നത്. ഇളയ രണ്ട് കുട്ടികളും മൂത്ത കുട്ടിയുടെ പഠന ആവശ്യം കഴിഞ്ഞുള്ള സമയങ്ങളില്‍ ആയിരുന്നു ക്ലാസുകള്‍ കേട്ടിരുന്നത്. 2021ല്‍ ഇവരുടെ ബന്ധുവിന്റെ സഹായത്തിലാണ് രണ്ടാമത്തെ കുട്ടിക്ക് ഫോണ്‍ വാങ്ങി നല്‍യത്. കുട്ടികളുടെ സംശയങ്ങള്‍ പറഞ്ഞുകൊടുക്കാനുള്ള അറിവ് ഇവര്‍ക്കില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനും അറിവില്ല. പഠന നിലവാരത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ പിന്നാക്കമാണ്.

വീട്ടമ്മ 3  
44 വയസ്സുള്ള വീട്ടമ്മ തയ്യല്‍ ജോലി ചെയ്തുവരുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസം വീട്ടമ്മക്കുണ്ട്. ഭര്‍ത്താവ് മേസ്തിരി പണിചെയ്യുന്നു. ഇവരുടെ മൂത്ത കുട്ടി കോളജിലും ഇളയ കുട്ടി പ്ലസ് വണ്‍ ക്ലാസിലും പഠിക്കുന്നു. മൂത്ത കുട്ടിക്ക് പഠിക്കാനുള്ള ഫോണ്‍ വാങ്ങാന്‍ മാത്രമേ  കഴിഞ്ഞിരുന്നുള്ളൂ. മകള്‍ക്കു സ്‌കൂള്‍ നല്‍കിയ സ്‌കോളര്‍ഷിപ്പില്‍  നിന്നാണ് ഫോണ്‍ വാങ്ങിയത്. ഫോണ്‍ ഡാറ്റ റീചാര്‍ജ് ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഒരാളുടെ ഫോണ്‍ മാത്രം റീചാര്‍ജ് ചെയ്തു രണ്ട് കുട്ടികളും ഡാറ്റ ഷെയര്‍ ചെയ്തു ക്ലാസ് കേള്‍ക്കുന്ന അവസ്ഥയും ഉണ്ട്. ക്ലാസ് കേള്‍ക്കുമ്പോള്‍ ഡാറ്റ അവസാനിക്കുന്ന അവസ്ഥയും, റീചാര്‍ജ് ചെയ്യാന്‍ പണമില്ലാത്ത അവസ്ഥയും പല തവണ നേരിട്ടു. നന്നായി പഠിക്കുന്നവരാണ് കുട്ടികള്‍. എന്നാല്‍, ഓണ്‍ലൈന്‍ പഠനത്തില്‍ പഴയ നിലവാരം നിലനിര്‍ത്താന്‍ കഴിയുന്നില്ല. ക്ലാസുകള്‍ ശരിയായ രീതിയില്‍ ലഭിക്കാതെ വരുകയും, ഫോണ്‍ റേഞ്ച് ലഭിക്കാത്ത അവസ്ഥയും ഇവര്‍ക്കുണ്ട്. വരുമാനക്കുറവ് ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ബന്ധുക്കളുടെ സഹായം ചോദിക്കേണ്ട അവസ്ഥയില്‍ വരെ എത്തിച്ചു.

വീട്ടമ്മ 4
48 വയസ്സുള്ള വീട്ടമ്മയുടെ മകന്‍ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. മികച്ച പഠന നിലവാരം പുലര്‍ത്തുന്നയാളല്ല കുട്ടി. പത്താം  ക്ലാസില്‍ തഴെയാണ് വീട്ടമ്മയുടെ വിദ്യാഭ്യാസം. നാല് അംഗങ്ങള്‍ ഇവരുടെ വീട്ടിലുണ്ട്. ക്ലീനിങ് ജോലിയാണ് വീട്ടമ്മക്ക്. ഭര്‍ത്താവ് കൂലിപ്പണി ചെയ്യുന്നു. പഠനത്തിലെ സംശയങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. ട്യൂഷന്‍ നല്‍കാനും കഴിയുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനും വീട്ടമ്മക്ക് അറിയില്ല. മൊബൈല്‍ റേഞ്ച് പ്രശ്‌നം ഇവരുടെ വീട്ടിലുമുണ്ട്.

വീട്ടമ്മ 5  
52 വയസ്സുള്ള വീട്ടമ്മയുടേത് മൂന്നംഗ കുടുംബമാണ്. ബേക്കറിയില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് ഡ്രൈവറാണ്. കോവിഡ് കടുത്ത സമയങ്ങളില്‍ കുറച്ചുദിവസങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. ബിരുദധാരിയായ മകന് ധനകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടെങ്കിലും അവിടെനിന്നും ലഭിക്കുന്ന പണം ഇരുചക്രവാഹനത്തിന്റെ ലോണ്‍ അടയ്ക്കുന്നതിന് മാത്രമേ തികയൂ. വീട്ടമ്മക്കും കുടുംബത്തിനും കോവിഡ് കടുത്തുനിന്ന സമയത്ത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് നേരിടേണ്ടിവന്നത്. കാലിന് പരിക്ക് പറ്റിയ വീട്ടമ്മ ഒരു മാസത്തിലധികം വിശ്രമത്തിലായി. ഭര്‍ത്താവിന് ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. പലതും വിറ്റുപെറുക്കിയും കടം വാങ്ങിയുമൊക്കെയാണ് ചികിത്സ നടത്തിയത്. ഭര്‍ത്താവിന് തുടര്‍ ചികിത്സകള്‍ ആവശ്യമാണ്. ഇതിനും പണം കണ്ടെത്തണം. ദാരിദ്ര്യരേഖക്ക് മുകളിലുള്ള റേഷന്‍ കാര്‍ഡ് തെറ്റായി നല്‍കപ്പെട്ടതിനാല്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും ലഭിക്കാന്‍ തടസമുണ്ടാകുന്നു. വലിയ കടക്കെണിയിലാണ് കുടുംബം.

വീട്ടമ്മ 6
വിധവയായ ഇവരുടെ കുടുംബത്തില്‍ മൂന്ന് അംഗങ്ങളാണ് ഉള്ളത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളുള്ള അമ്മയും ഏക മകനും അടങ്ങുന്നതാണ് കുടുംബം. ഡിപ്ലോമ പഠനം കഴിഞ്ഞ മകന് ജോലി ലഭിച്ചിട്ടില്ല. ക്ലീനിങ് ജോലി ചെയ്യുന്ന വീട്ടമ്മയുടെ വരുമാനമായിരുന്നു ഏക ആശ്രയം. വീട് പുനര്‍നിര്‍മിക്കുന്നതിന് ജില്ലാ സഹകരണ ബാങ്കില്‍ നിന്നുമെടുത്ത  ലോണ്‍, കഴിഞ്ഞ എട്ടു മാസങ്ങളായി തിരിച്ചടക്കാന്‍ സാധിച്ചിട്ടില്ല. വേറെയും വായ്പകളുണ്ട്. കടം വാങ്ങിയും മറ്റുമാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

കോളനിയില്‍ ജീവിക്കുന്ന മറ്റു സ്ത്രീകളും ഇതുപോലെ തന്നെ വിഷമതകള്‍ അനുഭവിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരും വലിയ തരത്തില്‍ കടക്കെണിയില്‍ പെട്ട് ഉഴറുന്നവരുമാണവര്‍. പലര്‍ക്കും വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തതുമൂലമുള്ള പ്രശ്നങ്ങളുമുണ്ട്.

 • ആശുപത്രി വാസം വേണ്ടി വന്ന കുടുംബങ്ങള്‍ 4
 • കോവിഡ്് വന്ന കുടുംബങ്ങള്‍ 1
 • ക്വാറന്റീന്‍ ഇരിക്കേണ്ടി വന്ന കുടുംബങ്ങള്‍ 4
 • ചികില്‍സക്ക് വേണ്ടി കടം വാങ്ങേണ്ടി വന്ന കുടുംബങ്ങള്‍ 

ജോലിയില്‍ പ്രതിസന്ധി നേരിട്ട സ്ത്രീകള്‍, നേരിട്ട വെല്ലുവിളികള്‍

 • ജോലി ദിവസങ്ങള്‍ കുറഞ്ഞവര്‍ 5: മാസത്തില്‍ ലഭിക്കുന്ന ജോലി 4 മുതല്‍ 6 ദിവസങ്ങളിലേക്ക് ചുരുങ്ങി
 • മറ്റ് ജോലികള്‍ അന്വേഷിച്ച് കണ്ടെത്തിയവര്‍ 2: വരുമാനം കുറഞ്ഞ മറ്റ് ജോലികള്‍ക്ക് ഇവര്‍ പോയി
 • വരുമാനം കുറഞ്ഞവര്‍ 6: തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതിനൊപ്പം വരുമാനവും കുറഞ്ഞു
 • കുടുംബത്തിലെ ഏക ആശ്രയമായി മാറിയവര്‍ 4: കുടുംബത്തില്‍ മറ്റാര്‍ക്കും വരുമാനം ഇല്ലാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നു
 • ഭക്ഷണത്തില്‍ കുറവു വന്നവര്‍ 5: വരുമാനക്കുറവ് മൂലം ഭക്ഷണ കാര്യങ്ങളില്‍ ചിലവ് ചുരുക്കി
 • പാചക വാതക സിലണ്ടര്‍ വാങ്ങാന്‍ ബുദ്ധിമുട്ടിയവര്‍ 6: വരുമാനക്കുറവും വിലക്കയറ്റവും മൂലം പാചക വാതക സിലണ്ടര്‍ നിറക്കാന്‍ സാധിക്കാതെ വന്നു
 • പാചകത്തിന് വിറക് വാങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടവര്‍ 6: വിറക് പുറത്തു തടി മില്ലില്‍  നിന്നും പണം കൊടുത്തു വാങ്ങിയിരുന്ന സ്ത്രീകള്‍ക്ക് അതിനും പണമില്ലാത്ത അവസ്ഥ വന്നു. കാറ്റും മഴയുമുള്ളപ്പോള്‍ വലിയ പറമ്പുകളില്‍ വീഴുന്ന (വീട്ടുകാര്‍ക്ക് ആവശ്യമില്ലാത്ത) വിറക് ശേഖരിക്കാന്‍ ഇവര്‍ക്ക് പോകേണ്ടതായി വന്നു.
 • വീടിന് ചോര്‍ച്ച പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ജീവിക്കേണ്ടി വന്നവര്‍ 3: സ്വന്തമായി വര്‍ഷം തോറും അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന വീടുകളില്‍ അതിനുള്ള പണമില്ലാത്ത അവസ്ഥ വന്നു. (ഭൂമിയുടെ പേരില്‍ അല്ലാത്ത ചില പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വീടുകളില്‍ പഞ്ചായത്ത് സഹായം ലഭിക്കാതെ വരുന്ന അവസ്ഥയും ഉണ്ടായി)
 • ശൗചാലയം മോശമായ അവസ്ഥയില്‍ ഉള്ളവര്‍ 1: ജീര്‍ണിച്ച നിലയിലുള്ള ശൗചാലയം പുനര്‍നിര്‍മിക്കുന്നതിന് സ്വന്തമായി സാധിക്കാത്ത അവസ്ഥ  പഞ്ചായത്തില്‍ അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിലും കാലതാമസം നേരിടുന്നു)

വരുമാനം കുറഞ്ഞു ആകുലതകള്‍ കൂടി
തുരുത്ത് ലക്ഷം വീട് കോളനിയിലെ ഓരോ സ്ത്രീക്കും അവരുടേതായ വിഷമങ്ങളും ആശങ്കകളും പങ്കുവയ്ക്കാനുണ്ട്. കുടുംബത്തിന്റെ വരുമാനം കുറഞ്ഞതും, റേഷന്‍ കട മാത്രം ആശ്രയമായ അവസ്ഥയും, വര്‍ദ്ധിച്ചു വരുന്ന കടങ്ങളും, രോഗങ്ങളും, കുട്ടികളുടെ പഠനത്തിലെ ബുദ്ധിമുട്ടുകളും അടക്കം ഓരോ വീടിനും അവരുടേതായ കോവിഡ് കാല ദുരനുഭവങ്ങളുണ്ട്. മഹാവ്യാധിയ്ക്കു കാരണമായ വൈറസിന്റെ പുതിയ വകഭേദങ്ങളെ കുറിച്ചു വരുന്നുവെന്ന വാര്‍ത്തകളാകട്ടെ ഇവരില്‍ കൂടുതല്‍ ഭീതികളും ആശങ്കകളും സൃഷ്ടിക്കുന്നു.

അവലംബം:

1. http://paa2019.populationassociation.org/uploads/190986
2. http://dsel.education.gov.in/rte#:~:text=The%20Constitution%20(Eighty%2Dsixth%20Amendment,may%2C%20by%20law%2C%20determine
3. https://shodhgangotri.inflibnet.ac.in/bitstream/123456789/5192/2/2_synopsis.pdf
4. https://www.thehindubusinessline.com/economy/15-lakh-crore-business-loss-for-retail-wholesale-traders-due-to-second-wave-cait/article34705426.ece
5. https://kfon.kerala.gov.in/
6. https://www.orfonline.org/research/regression-in-learning/#:~:text=India's%20Children%20%7C%20ORF-,Regression%20in%20Learning%3A%20The%20High%20Cost,COVID%2D19%20for%20India's%20Children&text=This%20brief%20examines%20the%20education,to%20the%20COVID%2D19%20pandemic.


* വിവരാവകാശ നിയമം മുഖേന ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
*2021 ജൂലൈ-ഓഗസ്റ്റ് കാലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ആ കാലത്ത് ലഭ്യമായ വിവരങ്ങളാണ് ആധാരം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)