ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് ആശ്വാസം; ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി കോടതി തള്ളി

 
E-Bull Jet
കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം

കണ്ണൂര്‍ ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് ആശ്വാസം. ലിബിന്റെയും എബിന്റെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ ഒരുദിവസം ജയിലില്‍കഴിഞ്ഞ പ്രതികള്‍ക്ക് പിറ്റേദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്. 

ലിബിനും എബിനും ജാമ്യത്തില്‍ തുടരുന്നത് തെറ്റായ സന്ദേശമാകും നല്‍കുന്നതെന്നായിരുന്നു പൊലീസിന്റെ വാദം. ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യണം. സോഷ്യല്‍ മീഡിയയിലൂടെ കലാപാഹ്വാനം ചെയ്തതില്‍ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പൊലീസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

അതേസമയം, കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. വാഹനത്തിന്റെ പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ കോടതിയെ അറിയിച്ചു. നേരത്തെ, കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു.

ഈമാസം ഒമ്പതിനാണ് എബിനും ലിബിനും കണ്ണൂര്‍ ആര്‍.ടി ഓഫീസില്‍ അതിക്രമം കാണിച്ചത്. രൂപമാറ്റം വരുത്തിയതിന് ഇവരുടെ 'നെപ്പോളിയന്‍' എന്ന് പേരിട്ട ടെംമ്പോ ട്രാവലര്‍ വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെ ആര്‍.ടി ഓഫീസിലെത്തിയ ഇരുവരും ഉദ്യോഗസ്ഥര്‍ക്ക് നേരേ തട്ടിക്കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇവരുടെ ആരാധകരും ആര്‍.ടി. ഓഫീസില്‍ തടിച്ചുകൂടിയതോടെ, പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.