സമൂല പരിഷ്‌കരണം ആവശ്യപ്പെടുന്ന തൊഴില്‍ മേഖല

 
Arshak Story1
.....

(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി സ്വതന്ത്രമാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ഇക്കുറി പ്രസിദ്ധീകരിക്കുന്നത് ഗിഗ് തൊഴിലാളികള്‍ കോവിഡ് മഹാവ്യാധികാലത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. അര്‍ഷഖ് എം.എ തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ട് ഭാഗങ്ങളായി പൂര്‍ത്തിയാകും.)


ഒരു പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചാണ് എറണാകുളം കാക്കനാട്ട് പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനത്തിലെ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അജിത് എന്ന അമ്പത്തിരണ്ടുകാരനെ കുറിച്ച് അറിയുന്നത്. കോവിഡിന്റെ ഇരു തരംഗങ്ങളും അതിനെ തുടര്‍ന്നുള്ള ലോക്ഡൗണുകളും നമ്മുടെ രാജ്യത്ത് സാങ്കേതിക മേഖലയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗിഗ് തൊഴിലാളികളുടെ ജീവിതത്തെ ഏതുവിധത്തിലാണ് ദുസ്സഹമാക്കിയതെന്ന എന്റെ അന്വേഷണത്തിന്റെ ഭാഗമായി തികച്ചും താല്പര്യമുയര്‍ത്തുന്ന ഒരു വാര്‍ത്തയെന്ന നിലയിലാണ് അജിത്തേട്ടനെ ഫോണില്‍ ബന്ധപ്പെട്ടത്. എന്റെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഒരു മുഖവുര ചെറുതായി പറഞ്ഞൊപ്പിക്കുന്നതിനിടെ തന്നെ അദ്ദേഹം സംസാരിച്ചു തുടങ്ങി.

''കഴിഞ്ഞ മൂന്ന് മാസമായി ഈ പണിക്ക് വന്നിട്ട്. കഴിഞ്ഞ ദിവസം ജോലിക്ക് ഉപയോഗിക്കുന്ന ആകെയുള്ള ഒരു ബൈക്കിന്റെ ആക്സില്‍ ഒടിഞ്ഞു. പതിനാലായിരം രൂപയെങ്കിലും വേണം വണ്ടി നന്നാക്കിയെടുക്കാന്‍ . ഓണത്തിന് കുഞ്ഞുങ്ങള്‍ക്കെന്തെങ്കിലും വാങ്ങി കൊടുക്കാം എന്ന് വിചാരിച്ചാണ് ഈ പണിക്ക് കേറിയത്. ഇതിപ്പോള്‍ മുറി വാടക പോലും കൊടുക്കാന്‍ നിവര്‍ത്തിയില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.' അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജീവിത യാഥാര്‍ഥ്യത്തില്‍നിന്ന് സംസാരിക്കുന്ന അജിത്തേട്ടന്‍ തുടരുകയാണ്. 'മുമ്പ് ഇടുക്കിയില്‍ ഡ്രൈവര്‍ പണിയായിരുന്നു. കോവിഡ് കാരണം ആ ജോലി പോയപ്പോള്‍ ഈയിടെയാണ് ഈ പണിക്ക് ചേര്‍ന്നത്. ഇപ്പോള്‍ ഇതില്‍ നില്‍ക്കാന്‍ മനസ്സും ശരീരവും അനുവദിക്കുന്നില്ല. രാവിലെ ഏഴു മണിക്ക് തുടങ്ങി രാത്രി പത്ത് മണിവരെ നിര്‍ത്താതെയുള്ള ഓട്ടമാണ്. അതും മികച്ച വേഗതയുള്ള ബൈക്കുകളുമായി ഈ പണിക്കിറങ്ങിയ കോളജ് പിള്ളേരടക്കമുള്ള യുവാക്കളോടാണ് മത്സരിക്കേണ്ടത്. എന്നാലും ദിവസവും അറുനൂറു രൂപ വരെയൊക്കെ ഒപ്പിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. കുടുംബത്തിലെ ചിലവൊക്കെ കഴിഞ്ഞുപോവുമായിരുന്നു. രണ്ടു ലോണ്‍ അടവുള്ളതിനാല്‍ ബാങ്കുകാര്‍ നിര്‍ത്താതെ വിളിക്കുന്നുണ്ട്. അവരോട് എന്റെ  വിഷമങ്ങള്‍ പറയും. വേറെ നിവര്‍ത്തിയില്ല. കിടന്നിട്ട് ഉറക്കം വരുന്നില്ല.' അജിത്തേട്ടന്‍ ടെന്‍ഷന്‍ ഒട്ടും മറച്ചുവെക്കാതെ പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങളുടെ നേര്‍ചിത്രവും അത് ഗിഗ് തൊഴിലാളികളുടെ ജീവിതത്തില്‍ സൃഷ്ടിച്ച അനിശ്ചിതത്വങ്ങളും വിവരിക്കാന്‍ അജിത്തേട്ടന്റെ വാക്കുകള്‍ മാത്രം മതിയാവും. നമ്മുടെ രാജ്യത്ത് താരതമ്യേന പുതിയ തൊഴില്‍ മേഖലയാണ് ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയെ ആശ്രയിച്ചുള്ള ഡെലിവറി ജീവനക്കാര്‍, ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരുടേത്. ആഗോളതലത്തില്‍ തന്നെ ഏതാണ്ട് 200 മില്യണ്‍ ജനങ്ങള്‍ ഗിഗ് മേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തുന്നുണ്ട് എന്നാണ് കണക്കുകള്‍. അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായ പ്രമുഖ ഗവേഷണ ഏജന്‍സിയായ മൈക്കല്‍ ആന്‍ഡ് സൂസന്‍ ഡെല്‍ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് പ്രകാരം വരും കാലങ്ങളില്‍ ഇന്ത്യയില്‍ 90 മില്യണ്‍ തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യാനും ഇന്ത്യന്‍ ആഭ്യന്തര ഉല്പാദന നിരക്കിലേക്ക് 1.25% സംഭാവന ചെയ്യാനും രാജ്യത്ത് വളര്‍ന്നുവരുന്ന ഗിഗ് സാമ്പത്തിക വ്യവസ്ഥക്ക് സാധിക്കും. കാലാനുസൃതമായ സാമ്പത്തിക വ്യവസ്ഥകളുടെ വളര്‍ച്ചക്ക് അനുസരിച്ച് അനന്തമായ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗിഗ് സാമ്പത്തിക വ്യവസ്ഥകള്‍. തൊഴില്‍ സാധ്യതയും തൊഴില്‍ ലഭ്യതയിലെ എളുപ്പവും മുഖമുദ്രയാണെങ്കിലും ഈ രംഗത്തെ തൊഴില്‍ ചൂഷണങ്ങളും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്.

രാജ്യത്ത് സാങ്കേതിക മേഖലയിലുണ്ടായ കുതിച്ചുചാട്ടവും ഇന്റര്‍നെറ്റ് ലഭ്യതയും മികച്ച തൊഴിലവസരമാക്കി ഗിഗ് മേഖലയെ മാറ്റികൊണ്ടിരിക്കുന്നതിനിടെ ആഗോള തലത്തിലുണ്ടായ കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരിതങ്ങള്‍ മറ്റെല്ലാ തൊഴില്‍ മേഖലയെയും പോലെ ഗിഗ് തൊഴിലാളികളുടെ ജീവിതത്തെയും ദുരിതത്തിലാക്കി. സര്‍ക്കാരുകളും വന്‍ നിക്ഷേപകരായ ബഹുരാക്ഷ്ട്ര കമ്പനികളും ഒരുപോലെ കയ്യൊഴിഞ്ഞ ഈ സാധാരണ തൊഴില്‍ വിഭാഗങ്ങള്‍ പക്ഷെ രാജ്യത്തെ പരമ്പരാഗത തൊഴിലാളി സംഘടനകളുടെയെല്ലാം നിര്‍വചനങ്ങള്‍ക്ക് പുറത്താണ്. കുറഞ്ഞ വേതനം, കൂടുതല്‍ തൊഴില്‍ സമയം, ജോലി സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ ഈ മേഖലയിലെ തൊഴില്‍ പ്രശ്നങ്ങള്‍ അതര്‍ഹിക്കുന്ന തരത്തില്‍ അഭിസംബോധന  ചെയ്യാന്‍ രാജ്യത്തെ പരമ്പരാഗത തൊഴിലാളി സംഘടനകളൊന്നും തന്നെ താല്പര്യം പ്രകടിപ്പിച്ചു കാണുന്നില്ല. ആഗോള നിക്ഷേപക ഭീമന്മാരായ ഓണ്‍ലൈന്‍ കമ്പനികളുടെ കടുത്ത തൊഴില്‍ ചൂഷണങ്ങളും നീതി നിഷേധങ്ങളും രാജ്യത്തെ തൊഴില്‍ മന്ത്രാലയമോ അതാത് പ്രദേശങ്ങളിലെ ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരോ അവഗണിക്കുന്നത് പതിവ് കാഴ്ച്ചയാണ്.

ഇന്ത്യയില്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാധാരണ തൊഴിലാളികള്‍ എന്നറിയപ്പെടുന്ന 'ഗിഗ്' തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമാണ്   തെലുങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട് വര്‍ക്കേഴ്സ് എന്ന സംഘടന (IFAT). രാജ്യാന്തര തലത്തില്‍ തന്നെ ഇത്തരം സംഘടനാ സംവിധാനത്തിന് മുന്‍ മാതൃകകള്‍ നിലവിലുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് ഇത്തരമൊരു സംവിധാനം ഇതാദ്യത്തേതാണ് . രാജ്യത്തുടനീളം വമ്പിച്ച നിക്ഷേപമുള്ള അന്താരാഷ്ട്ര കമ്പനി ഭീമന്മാരായ ഓല, ഊബര്‍, സൊമാറ്റോ, സ്വിഗ്ഗി, തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സാധാരണ ടാക്സി ഡ്രൈവര്‍മാരാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് പ്രധാനമായും ഐഎഫ്എടി പ്രവര്‍ത്തിക്കുന്നത്. ഡെലിവറി ജീവനക്കാര്‍,  ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരുടെ അടിസ്ഥാന തൊഴില്‍ പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട് ഐഎഫ്എടി ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ദേശീയ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. 2020 മാര്‍ച്ച് മുതല്‍ ആരംഭിച്ച ഇന്ത്യയിലെ കോവിഡ് വ്യാപനവും അതിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ പ്രതിസന്ധിയും ഇന്ത്യയിലെ ഗിഗ് തൊഴിലാളികളെ ഏതു വിധത്തിലാണ് ബാധിച്ചത് എന്നതിനെ കുറിച്ച് ഐഎഫ്എടി ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി (1). ഇന്ത്യയിലെ 55 നഗരങ്ങളിലായി ആയിരക്കണക്കിന് ഗിഗ് തൊഴിലാളികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സാധാരണ സാങ്കേതിക തൊഴില്‍ മേഖലയില്‍ കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ദുരിതങ്ങളെ കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഗിഗ് ജീവനക്കാരില്‍ 84.5% പേര്‍ക്കും കോവിഡ് പ്രതിസന്ധി രൂക്ഷമായ ആദ്യ ഘട്ടത്തില്‍ തൊഴില്‍ ദാതാക്കളായ കമ്പനികള്‍ ഒരു വിധ സാമ്പത്തിക സഹായവും നല്‍കിയില്ല. ഇന്ത്യയിലെ ഒരു ഗിഗ് തൊഴിലാളിയുടെ ശരാശരി ബാങ്ക് വായ്പ തിരിച്ചടവ് 10,000 മുതല്‍ 20,000 രൂപ വരെയാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

IFAT
തെലുങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട് വര്‍ക്കേഴ്സ്

ഇന്ത്യയില്‍ കോവിഡ് ആദ്യ ഘട്ടം ആരംഭിക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ കമ്പനികള്‍ കൂട്ടത്തോടെ തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായി. രാജ്യത്ത് ഘട്ടം ഘട്ടമാക്കി നടപ്പിലാക്കിയ കഴിഞ്ഞ വര്‍ഷത്തെ കോവിഡ് ഇളവുകളുടെ അവസാന ഘട്ടത്തില്‍ പോലും സര്‍വേയില്‍ പങ്കെടുത്ത ഗിഗ് തൊഴിലാളികളില്‍ 69.7% പേര്‍ക്കും തിരിച്ചു ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. തിരികെ കമ്പനികളില്‍ ജോലിക്കു കയറിയ തൊഴിലാളികള്‍ക്കാവട്ടെ ഉയര്‍ന്ന ഇന്ധനന വിലയും ഓണ്‍ലൈന്‍ കമ്പനികള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ വിട്ടുവീഴ്ച ചെയ്യാത്തതും മൂലം കടുത്ത സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന സാമഗ്രികളായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ പോലും സൗജന്യമായി നല്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ തൊഴിലാളികളോട് കരുണ കാട്ടിയില്ല. ഈ പ്രതിസന്ധി കാലത്തും ഓണ്‍ലൈന്‍ മേഖലയെ അടിസ്ഥാനപ്പെടുത്തിയ വ്യവസ്ഥയായിരിന്നിട്ടുകൂടി സാമ്പത്തിക കാര്യങ്ങളില്‍ കമ്പനികള്‍ തൊഴിലാളികളുമായി സുതാര്യ ഇടപാടിന് തയ്യാറായില്ല. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയങ്ങളിലെല്ലാം പുലര്‍ത്തിയ നിസ്സംഗമായ നിലപാടുകള്‍ പരോക്ഷമായി ബഹുരാഷ്ട്ര കുത്തക കമ്പനികളെ സഹായിക്കുന്ന രീതിയിലുള്ളതായിരുന്നുവെന്നും ആക്ഷേപങ്ങള്‍ ശക്തമാണ്. കോവിഡ് രംഗത്തെ മുന്നണി പോരാളികളായി തങ്ങളുടെ തൊഴില്‍ മേഖലയെ പ്രഖ്യാപിക്കണമെന്ന ഏറെ കാലത്തെ ആവശ്യമാണ് ഗിഗ് തൊഴിലാളികള്‍ ഇന്ത്യയിലെ സര്‍ക്കാരിന് മുന്നില്‍ വെയ്ക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുകയും തൊഴില്‍ തര്‍ക്ക പരിഹാര കോടതികള്‍ വഴി ഗിഗ് തൊഴിലാളികളെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള കോവിഡ് മറ്റു മഹാമാരികളെയെല്ലാം മുന്നില്‍ കണ്ടു കൊണ്ട് ഇത്തരത്തിലുള്ള നിയമ, ആരോഗ്യ പരിരക്ഷകള്‍ ഗിഗ് തൊഴില്‍ മേഖല ആശ്രയിക്കുന്ന സാധാരണ തൊഴിലാളികളുടെ അന്തസ്സുയര്‍ത്തുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

പുത്തന്‍തലമുറയെ ആകര്‍ഷിക്കുന്ന ഗിഗ് തൊഴില്‍ മേഖല
നമ്മുടെ രാജ്യത്ത് ന്യൂജനറേഷന്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കുന്ന തൊഴില്‍ മേഖലയാണ് ഓണ്‍ലൈന്‍ സേവന രംഗമെന്നത്. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, എന്നിവര്‍ക്ക് എളുപ്പത്തില്‍ തൊഴില്‍ ലഭിക്കാന്‍ അവസരമുള്ള മേഖലയാണത്. അടിക്കിടെയുണ്ടാവുന്ന കോവിഡ് പോലെയുള്ള പ്രതിസന്ധികളും മറ്റും യുവാക്കളെ ഈ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നു. ആമസോണ്‍, ഫ്ളിപ്കാര്‍ട്, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവരുടെ ഡെലിവറി ജീവനക്കാരായും മറ്റും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അടക്കം പുതിയ തലമുറ ഈ രംഗത്ത് തൊഴിലെടുത്തുകൊണ്ടിരിക്കുന്നു. പുതിയ, നഗര കേന്ദ്രീകൃത ജീവിത ശൈലിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍പ്പോലും സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളിലും പതിനെട്ടു മുതല്‍ ഇരുപത്തിയഞ്ച് വയസ്സ് വരെ പ്രായമുള്ളവര്‍ പണിയെടുക്കുന്ന ഈ  പുതിയ തൊഴില്‍ മേഖല സജീവമാവുകയാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട് ടൈം-ഫുള്‍ ടൈം കരാര്‍ വ്യവസ്ഥകളില്‍ നാട്ടിപുറങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ ഡെലിവറി ജോലിക്കാരായി തൊഴിലെടുത്ത് കൊണ്ടിരിക്കുകയാണ്.

ഈ പഠനത്തിന്റെ ഭാഗമായി സംസാരിച്ച അഞ്ചോളം ഡെലിവറി ജീവനക്കാരായ വിദ്യാര്‍ത്ഥികള്‍ പറയുന്നത്  പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ ഈ തൊഴിലില്‍ നിന്നും പ്രതിമാസം ലഭിക്കുന്നുണ്ട് എന്നാണ്. അവര്‍ക്ക് ദിവസവും ഇരുപത് മുതല്‍ മുപ്പത് വരെ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട് . ഹോട്ടല്‍ ഡെലിവറി ജോലി ആണെങ്കില്‍ ഉച്ച മുതല്‍ രാത്രി വൈകി വരെയാണ് തൊഴില്‍ സമയം. കാലിഫോര്‍ണിയ ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ SAGE Journasl ഈയിടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ തന്നെ യുവാക്കളില്‍ ഒരു പ്രബല ശതമാനം തങ്ങളുടെ ജോലി സമയം ഫ്െളക്സിബിള്‍ ആവണമെന്നും തങ്ങള്‍ ചെയ്യുന്ന ചെറിയ ജോലിയാണെങ്കിലും അതിന്റെ അര്‍ത്ഥപൂര്‍ണ്ണതയില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവരും പ്രതിഫലം കൈപ്പറ്റണമെന്ന് താല്പര്യപെടുന്നവരുമാണ്. ഫോബ്‌സ് മാഗസിനില്‍ പ്രമുഖ മാനസിക പരിശീലകനായ കാള്‍ മൂര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് നമ്മുടെ യുവസമൂഹം പണം എത്ര ചെറുതാണെങ്കിലും ദിവസേനയുള്ള വരുമാനം ആഗ്രഹിക്കുന്നവരും ജീവിതത്തില്‍ വലിയ പണക്കാരാവുന്ന 'ബൃഹത് സാമ്പത്തിക' പ്ലാനിങ്ങുകളോട് വിമുഖരാണ് എന്നുമാണ്. സാമ്പ്രദായിക ഓഫീസ് ജോലി പ്രദാനം ചെയ്യുന്ന നിശ്ചലാവസ്ഥയോട് വളര്‍ന്നുവരുന്ന നമ്മുടെ യുവതലമുറക്ക് താല്പര്യക്കുറവുണ്ട് എന്നും കാള്‍ മൂര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ക്‌ളാസില്‍ പഠിക്കുന്ന ഒരേ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ പോലെ തൊഴിലിടത്തില്‍ ഒരു നിശ്ചിത ടാര്‍ഗറ്റ് തികയ്ക്കാന്‍ മത്സരക്ഷമതയോടെ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ തൊഴില്‍ രീതിയാണ് ഗിഗ് തൊഴില്‍ മേഖല യുവതലമുറക്ക് സമ്മാനിക്കുന്നത്.

പുതിയ ഗിഗ് സാമ്പത്തിക വ്യവസ്ഥ
അന്താരാഷ്ട്ര നാണ്യ നിധി റിപ്പോര്‍ട്ട് പ്രകാരം (2) 2020ലെ ഇന്ത്യയിലെ തൊഴില്‍ ഇല്ലായ്മ നിരക്ക് 7.8 ശതമാനമാണ്. കോവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി 1991 മുതല്‍ ആദ്യമായി രാജ്യത്ത് അതിന്റെ ഏറ്റവും കുറവ് ആഭ്യന്തര ഉല്പാദന നിരക്കിലേക്കാണ് 2021 ല്‍ രാജ്യമെത്തുക (1.9) എന്നതായിരുന്നു ഐ.എം.എഫ് നടത്തിയ പ്രവചനം. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയാണ് വിദ്യാസമ്പന്നരും ബിരുദാനന്തര ബിരുദധാരികളുമായ നിരവധി പേരെ നമ്മുടെ രാജ്യത്ത് ഗിഗ് തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിച്ചത്. മൊബൈല്‍ സാങ്കേതിക വിദ്യയെ ആശ്രയിച്ച് ജോലി ചെയ്യുന്ന ഡെലിവറി ബോയ്സ്, ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ പുതിയ നഗര വ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളായി വര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി സേവനം നല്‍കുന്ന ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, മരപ്പണിക്കാര്‍, അലക്കുകാര്‍, ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ വരെ ഈ ഗിഗ് സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാണിന്ന്. 2019ല്‍ ഡല്‍ഹിയില്‍ നടത്തിയ ഒരു വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയിലെ നീതി ആയോഗ് ചീഫ് എക്സിക്യു്ട്ടീവ് അമിതാഭ് കാന്ത് രാജ്യത്തെ തൊഴില്‍ ഇല്ലായ്മ നിരക്ക് വര്‍ധിക്കുന്നതിന് പരിഹാരമായി ഓല, ഊബര്‍ കമ്പനികള്‍ 2.2 മില്യണ്‍ തൊഴില്‍ അവസരങ്ങള്‍ രാജ്യത്തുണ്ടാക്കിയതായി പറയുന്നുണ്ട് (3).

കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തുനിന്നും ജോലി നഷ്ടപെട്ട നിരവധി യുവാക്കള്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയും ജീവിതായോധനത്തിന് മറ്റുമാര്‍ഗ്ഗങ്ങളില്ലാത്തതുമൂലം ഡെലിവറി ജീവനക്കാരായി തൊഴിലെടുക്കുകയും ചെയ്ത നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിപ്പാര്‍ട്മെന്റ് ഓഫ് നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്‌സ് (NORKA) റിപ്പോര്‍ട്ട് പ്രകാരം കോവിഡ് പ്രതിസന്ധി മൂലം കേരളത്തില്‍ മാത്രം വിദേശത്ത് ജോലിയുണ്ടായിരുന്ന 10.4 ലക്ഷം മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും തിരിച്ചുപോകാന്‍ കഴിയാതെ നാട്ടില്‍ അകപ്പെടുകയും ചെയ്തിട്ടുണ്ട് (4). ഇത്തരത്തിലുള്ളവരുടെ സ്വാഭാവിക തൊഴില്‍ ആവാസ വ്യസ്ഥയായി ഗിഗ് തൊഴില്‍ മേഖല മാറിക്കഴിഞ്ഞു. ലോക്ഡൗണ്‍ കാലത്തെ ഏറ്റവും സജീവമായതും സുസ്ഥിരവുമായി നിന്ന തൊഴില്‍ മേഖല എന്ന ഖ്യാതിയും മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ തൊഴില്‍ മേഖലക്കുണ്ട്.

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഇന്റര്‍നെറ്റ് ഉപയോഗ നിരക്കിലെ കടുത്ത കുതിച്ചു ചാട്ടം രാജ്യത്തെ മികച്ച ഗിഗ് എകണോമി എന്ന നിലയിലേക്ക് പരുവപ്പെടുത്തി. 2015ല്‍ 15 ശതമാനമുണ്ടായ രാജ്യത്തെ ഇന്റര്‍നെറ്റ് ലഭ്യതയും ഉപയോഗവും 2020ല്‍ 40 ശതമാനത്തിലെത്തി ചേര്‍ന്നു. ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തിയിരിക്കുന്ന സൊമാറ്റോ' കമ്പനി തങ്ങളുടെ ഇനിഷ്യല്‍ പബ്ലിക് ഓഫറിങ് നിരക്ക് (IPO) ഉയര്‍ത്താന്‍ തീരുമാനിച്ചതും 1.26 ബില്യണ്‍ ഡോളര്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതും. ചൈനീസ് കമ്പനിയായ എഎന്‍ടി (Ant) ഗ്രൂപ് ഉടമസ്ഥതയിലുള്ള സൊമാറ്റോ കമ്പനിയുടെ അകെ മൂല്യം ഇതോടെ എട്ടു ബില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2008ല്‍ ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായ മേഖലയെ അടിസ്ഥാനമാക്കി ആരംഭിച്ച സൊമാറ്റോ തങ്ങളുടെ മുഖ്യ എതിരാളികളായ സ്വിഗ്ഗി, ആമസോണ്‍ എന്നിവയെ കടത്തി വെട്ടിയാണ് ഇന്ത്യയില്‍ നിന്നും ഈ നേട്ടം ഉണ്ടാക്കിയതെന്ന് എടുത്തുപറയേണ്ട കാര്യമാണ്. ഇതേ കാലയളവില്‍ ബംഗളൂരു ആസ്ഥാനമായ സ്വിഗ്ഗി കമ്പനി 1.25 ഡോളര്‍ നിക്ഷേപം വര്‍ധിപ്പിച്ചുവെന്ന വാര്‍ത്തയും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഗിഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് മാത്രമാണ് ഈ കോവിഡ് കാലത്തും തങ്ങളുടെ ലാഭ വിഹിതവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ സാധിച്ചതെന്ന സവിശേഷമായ സാഹചര്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

(അടുത്തഭാഗം: തൊഴില്‍ ചൂഷണത്തിന്റെ കാണാപ്പുറങ്ങള്‍)

(ദോഹ ആസ്ഥാനമായ പ്രസ്ഫോര്‍ ന്യൂസില്‍ ഓണ്‍ലൈന്‍ എഡിറ്റര്‍. പൂനെ ഫിലിം ഇനിസ്റ്റിറ്റിയൂട്ടില്‍ നിന്നും ഡിപ്ലോമ. ജേര്‍ണലിസത്തിലും മാസ് കമ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി. പാലക്കാട് മങ്കര സ്വദേശി.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)