ശവഘോഷയാത്രയും ശവമടക്കും നടത്തിയ സഭ, പേടിച്ചു കൈവിട്ട സ്വന്തം പാര്‍ട്ടി: എന്നിട്ടും കീഴടങ്ങിയില്ല പി ടി

നിലപാടുകളുടെ പേരില്‍ ഉണ്ടാകുന്ന നഷ്ടങ്ങളെ ഭയപ്പെടാതിരുന്ന നേതാവ്
 
p t thomas mla

രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും നിലപാടുകളുടെ പേരില്‍ പക്ഷം ചേരാന്‍ പ്രേരിപ്പിച്ചിരുന്ന നേതാവായിരുന്നു പി ടി തോമസ്. രാഷ്ട്രീയ വളര്‍ച്ചയ്ക്കും അധികാര നേട്ടത്തിനും വേണ്ടി എന്തിനോടും വിട്ടുവീഴ്ച്ച ചെയ്യുന്നവര്‍ക്കിടയില്‍ പി ടി എന്നും വേറിട്ടു നിന്നിരുന്നു. തന്റെ നിലപാടുകളുടെ പേരില്‍ പി ടി യോളം നഷ്ടം സഹിക്കേണ്ടി വന്ന മറ്റൊരു നേതാവ് കേരളത്തില്‍ ഉണ്ടായിക്കാണില്ല. സ്വാധീനശക്തികളോട് വിധേയത്വം കാണിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോലും. അതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമായിരുന്നു ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം. ഇടുക്കി പോലൊരു മണ്ഡലത്തില്‍, അവിടുത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി നില്‍ക്കുന്ന ക്രിസ്ത്യന്‍ സഭ നേതൃത്വത്തെ പോലും വെല്ലുവിളിക്കാന്‍ പി ടി ധൈര്യം കാണിച്ചു. അതിന്റെ ഫലമായി അദ്ദേഹത്തിന് നഷ്ടമായത് പാര്‍ലമെന്റ് സിറ്റിംഗ് സീറ്റായിരുന്നു. പക്ഷേ, പി ടി ഒരിക്കല്‍ പോലും അതില്‍ ഖേദിക്കുകയോ, ആരോടെങ്കിലും ക്ഷമാപണത്തിന് തയ്യാറാവുകയോ ചെയ്തില്ല. മരണം വരെ ആ ധൈര്യം അദ്ദേഹം പുലര്‍ത്തി. 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ട അവസരം മുതല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടി- മത സാമൂദായിക നേതൃത്വങ്ങള്‍ അതിനെതിരായിരുന്നു. എന്നാല്‍ പശ്ചിമ ഘട്ട സംരക്ഷണത്തിന് ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ടതാണെന്ന ഉറച്ച നിലപാടായിരുന്നു അദ്ദേഹത്തിന്. പ്രളയങ്ങളും ഉരുള്‍പൊട്ടലും ആവര്‍ത്തിക്കപ്പെടുന്ന കാലത്ത് തുടക്കം മുതല്‍ പശ്ചിമ ഘട്ട സംരക്ഷണത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ കടുംപിടുത്തം നല്ലതിനുവേണ്ടിയായിരുന്നുവെന്ന് കേരളം മനസിലാക്കിയിരുന്നു.

മാധവ് ഗാഡ്ഗില്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പശ്ചിമഘട്ടത്തെ പൊതുവായി സംരക്ഷിക്കാന്‍ ഉതകുന്ന ഏറ്റവും വ്യക്തതയുള്ള റിപ്പോര്‍ട്ടാണെന്നായിരുന്നു പി ടി യുടെ വാദം. അതിനെ എതിര്‍ക്കുന്നവര്‍ക്ക് വ്യക്തമായ അജണ്ടയുണ്ടായിരുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഗാഡ്ഗില്‍ കമ്മിറ്റിക്കെതിരേ ജനരോഷം ഉയര്‍ത്തിയതെന്നും അദ്ദേഹം തുറന്നടിച്ചു. സഭ നേതൃത്വത്തെയും അദ്ദേഹം മറയില്ലാതെ വിമര്‍ശിച്ചു. കേരളത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനായി മുഖ്യ നേതൃത്വം നല്‍കിയത് ഇടുക്കി, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാര്‍ ആയിരുന്നുവെന്ന് വിളിച്ചു പറയാന്‍ പി ടി ആരെയും ഭയപ്പെട്ടില്ല. അനധികൃത പാറമട ലോബികള്‍, വനം കൊള്ളക്കാര്‍, ഭൂമി കയ്യേറ്റക്കാര്‍ തുടങ്ങിയ മാഫിയ സംഘങ്ങള്‍ ഇവര്‍ക്ക് സാമ്പത്തികമായി ഉള്‍പ്പെടെ പിന്തുണ കൊടുത്തുവെന്നും അദ്ദേഹം തുറന്നടിച്ചു. ഇവരെല്ലാം കൂടിയാണ് ജനങ്ങളെ ഭയപ്പെടുത്തി ഇളക്കി വിട്ടതെന്നും, പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ആരാണോ പറഞ്ഞത് അയാളെ കൊല്ലണമെന്നും അദ്ദേഹത്തിനു പിന്തുണ കൊടുത്തെന്ന പേരില്‍ തന്നെ നാടുകടത്താന്‍ ആഹ്വാനം ചെയ്‌തെന്നും ഉറച്ച ശബ്ദത്തില്‍ പറയുമ്പോള്‍ തനിക്ക് നഷ്ടപ്പെടാനുള്ളതൊന്നിനെ കുറിച്ചും അദ്ദേഹത്തിന് ആവലാതിയുണ്ടായിരുന്നില്ല.

2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും 75,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച നേതാവായിരുന്നു പി ടി തോമസ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സ്വഭാവികമായി പി ടി തന്നെയായിരുന്നു ഇടുക്കിയില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകേണ്ടതായിരുന്നത്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം തുടങ്ങിയിരുന്നു. ഈ സമയത്താണ് പശ്ചിമഘട്ടം സംരക്ഷണത്തിന്റെ മേലുള്ള വിവാദങ്ങള്‍ കത്തിപ്പിടിക്കുന്നത്. സാഹചര്യം മുതലെടുത്ത് രാഷ്ട്രീയ എതിരാളികളും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അദ്ദേഹത്തിനെതിരേയുള്ള ആയുധമാക്കി. ആ പ്രചാരണ കോലാഹലത്തില്‍ ഭയപ്പെട്ട്  പി ടി മത്സരിച്ചാല്‍ ഇടുക്കിയില്‍ തോറ്റുപോകുമെന്ന് ഭയന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫും അദ്ദേഹത്തിനു സീറ്റ് നിഷേധിക്കുകയായിരുന്നു.

കട്ടപ്പന ടൗണ്‍ ഹാളില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്താണെന്ന് വിശദീകരിക്കാന്‍ പി ടി തോമസ് ഒരു യോഗം വിളിച്ചിരുന്നു. ജില്ലയിലെ ജനപ്രതിനിധികളെയും ജനങ്ങളെയും ഉള്‍പ്പെടുത്തിയായിരുന്നു യോഗം. വെറുമൊരു രാഷ്ട്രീയ പ്രസംഗമയിരുന്നില്ല പി ടി ഉദ്ദേശിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ആളുകള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ വിദഗ്ധരായവര്‍ തന്നെ തീര്‍ത്തു കൊടുക്കുകയായിരുന്നു ചെയ്തത്. പ്രതീക്ഷിച്ചതുപോലെ അവിടെയെത്തിയവര്‍ക്ക് നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. അതിനെല്ലാം വിദഗ്ധരായവര്‍ തന്നെ മറുപടിയും നല്‍കി. അവര്‍ നല്‍കിയ വിശദീകരണങ്ങള്‍ കേട്ടപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നാട്ടില്‍ ഉണ്ടായ കലാപങ്ങള്‍ക്കൊന്നും ഒരു കാരണവുമില്ലെന്ന ബോധത്തിലേക്ക് ജനപ്രതിനിധികള്‍ എത്തിച്ചേരുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടി അവസാനിക്കാന്‍ പോകുന്ന ഘട്ടത്തിലാണ് ഒരു പറ്റം വൈദികരും കുറെ പൊതുപ്രവര്‍ത്തകരും ഹാളിലേക്ക് ഇരച്ചു കയറി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് ബഹളം വച്ചത്. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ശരിയോ തെറ്റോ എന്നു പോലും വിശദീകരിക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു അവരുടെ ആക്രോശം. അവര്‍ മനഃപൂര്‍വം കുഴപ്പം ഉണ്ടാക്കുകയും യോഗം കലക്കുകയും ചെയ്തു. പിറ്റേദിവസം മുതല്‍ ഗാഡ്ഗിലിനും പി ടിക്കുമെതിരേ വ്യാപക നുണ പ്രചാരണങ്ങള്‍ ആരംഭിച്ചു. കാട്ടുമൃഗങ്ങള്‍ക്കു വേണ്ടിയുള്ള റിപ്പോര്‍ട്ടാണിത്, മനുഷ്യരെ മുഴുവന്‍ കുടിയിറക്കും, ഇനിയാര്‍ക്കും വീട് വയ്ക്കാന്‍ സമ്മതിക്കില്ല, പള്ളികള്‍ പൊളിക്കും, വീടുകള്‍ പൊളിക്കും, ഇപ്പോഴുള്ള വീടുകളെല്ലാം പച്ച കളര്‍ അടിക്കേണ്ടി വരും, കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റില്ല തുടങ്ങി പലതരത്തില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു, വലിയൊരു വിഭാഗത്തെ വിശ്വസിപ്പിക്കാനും പി ടി തോമസിനെതിരേ തിരിക്കാനും അവര്‍ക്ക് കഴിയുകയും ചെയ്തു.

പക്ഷേ, പി ടി തോറ്റ് പിന്മാറാന്‍ തയ്യാറായില്ല. തനിക്കെതിരേ കള്ളപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ വഴി തെറ്റിച്ച സഭ നേതൃത്വത്തിനെതിരേ പി ടി പൊട്ടിത്തെറിച്ചു. കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ ആത്മീയതയുടെ മുഖാവരണം അണിഞ്ഞ കുറെ വൈദികരാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. യേശു ക്രിസ്തുവിന്റെ പ്രതിപുരുഷനായിട്ടാണ് വൈദികരെ വിശ്വാസികള്‍ കാണുന്നത്. അവരാണ് സത്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഒളിച്ചു വച്ചിട്ട് തെറ്റിദ്ധാരണ പരത്തുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. സഭയാകട്ടെ, പി ടിക്കെതിരേ പ്രഖ്യാപിച്ചിരുന്ന കുരിശുയുദ്ധം കൂടുതല്‍ ശക്തമാക്കി. അവര്‍ അദ്ദേഹത്തിന്റെ ശവഘോഷയാത്ര നടത്തി. പ്രതീകാത്മകമായി ശവമടക്ക് നടത്തി. സാധാരണ ഇത്തരം പ്രതിഷേധങ്ങളോ ടാബ്ലോകളോ നടത്തുമ്പോള്‍ ആരെങ്കിലുമൊക്കെ വേഷം കെട്ടി വരികയാണ് ചെയ്യുന്നതെങ്കില്‍ പി ടിയോടുള്ള പക നിമിത്തം നാലഞ്ച് യഥാര്‍ത്ഥ വൈദികര്‍ മരണസമയത്ത് ചൊല്ലുന്ന ഓപ്പീസൊക്കെ ചൊല്ലി ധൂപക്കുറ്റിയൊക്കെ പുകച്ചാണ് അദ്ദേഹത്തിന്റെ ശവഘോഷ യാത്ര നടത്തിയത്. ആ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:  'അന്നവര്‍ ചെയ്തതോര്‍ക്കുമ്പോള്‍ ഒരുതരത്തില്‍ സന്തോഷവുമുണ്ട്. ഞാന്‍ നാളെ മരിക്കുമ്പോള്‍ എങ്ങനെയൊക്കെയാണ് എന്റെ ശവസംസ്‌കാരം നടക്കുന്നതെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ കാണാനും മനസിലാക്കാനും കഴിഞ്ഞത് അവര്‍ കാരണമാണല്ലോ'.

പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ നാനാഭാഗത്തു നിന്നും പി ടി ക്കെതിരേ അക്രമങ്ങളുണ്ടായി. അദ്ദേഹത്തോട് വളരെ അടുപ്പമുണ്ടായിരുന്നവര്‍ പോലും തള്ളിപ്പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെപ്പോലും എതിരാളികള്‍ വെറുതെ വിട്ടില്ല. പി ടി യെയും ഭാര്യയേയും കുടുംബാംഗങ്ങളെയുമെല്ലാം അധിക്ഷേപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലും പൊതുയോഗങ്ങളിലും പ്രചാരണം നടത്തി. പി ടിക്ക് എറണാകുളത്ത് വന്‍കിട ബിസിനസാണ്, തമിഴ്‌നാട്ടില്‍ മുന്തിരി തോട്ടം ഉണ്ട്. കൊച്ചിയില്‍ പത്ത് നിലയുള്ള കെട്ടിടം സ്വന്തമായിട്ടുണ്ട് എന്നൊക്കെയായിരുന്നു പ്രചാരണങ്ങള്‍. ഒരു വൈദികന്‍ അദ്ദേഹത്തിന്റെ ഭാര്യയെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടു. ഇതു കണ്ട് ജ.വി ആര്‍ കൃഷ്ണയ്യര്‍ ആ വൈദികനെ വിളിക്കുകയും പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് ആ വൈദികന്‍ പോസ്റ്റ് പിന്‍വലിച്ചത്, മാപ്പും പറഞ്ഞു.

ഇത്രയും അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നപ്പോഴും സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും വേണ്ട പിന്തുണ കിട്ടിയില്ലെന്നതായിരുന്നു അദ്ദേഹത്തെ വിഷമിപ്പിച്ചത്. 2019 ല്‍ അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് പി ടി തോമസ് ഇങ്ങനെ പറയുന്നുണ്ട്: 'ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പിന്തുണച്ചെന്ന പേരില്‍ വല്ലാത്ത രീതിയില്‍ ആക്ഷേപങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ഒരുപാട് മാനസിക വേദന തോന്നി. ഞാന്‍ കൊണ്ടുവന്ന ഒന്നല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാരിന്റെ തീരുമാന പ്രകാരം, അതായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാന പ്രകാരം തയ്യാറാക്കിയ ഒന്നാണത്. എനിക്കതിനെ പിന്തുണയ്ക്കാനുള്ള പ്രേരണ നല്‍കിയത് സെലന്റ് വാലി വിഷയം ഉണ്ടായപ്പോള്‍ ഇന്ദിര ഗാന്ധി എടുത്ത ധീരമായ നിലപാടാണ്. അന്ന് കേരളത്തിലെ പൊതുസമൂഹം ഇന്ദിര ഗാന്ധിക്ക് എതിരായിരുന്നു. സൈലന്റ് വാലി സംരക്ഷിക്കുന്നവര്‍ക്ക് സിംഹവാലന്‍ കുരങ്ങനെ വേണോ ജനങ്ങളോ വേണോ? എന്നായിരുന്നു ഇന്ദിര ഗാന്ധിക്ക് എതിരേ ഉയര്‍ന്ന ചോദ്യം. എത്രയൊക്കെ എതിര്‍പ്പ് ഉണ്ടായിട്ടും ഇന്ദിരഗാന്ധി തന്റെ തീരുമാനം നടപ്പാക്കി. ആ ഇന്ദിര ഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരായ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് പരസ്യമായി മുന്നോട്ടു വരേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഉണ്ടായില്ല. ചില നേതാക്കള്‍ ഞാന്‍ എടുത്ത നിലപാട് ശരിയാണെന്ന് ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, അതുപോര. അത് സമ്മതിക്കാനും അവര്‍ താമസിച്ചു പോയി. പക്ഷേ, ഒരു കാര്യത്തില്‍ സംതൃപ്തിയുണ്ട്. ഭൂമി കയ്യേറ്റം, മാഫിയ പ്രവര്‍ത്തനം എന്നിവയെ പരസ്യമായി പിന്തുണയ്ക്കുന്നവരെ വിജയിപ്പിക്കാന്‍ വേണ്ടി നടത്തിയ ഗൂഢശ്രമങ്ങളായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നടത്തിയ കലാപങ്ങള്‍ എന്ന് ഇടുക്കിയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് തെളിയിക്കുന്നതാണ്, യുഡിഎഫിന് കിട്ടിയ വന്‍ഭൂരിപക്ഷം'.

സ്വാധീനശക്തികളുടെ ഭീഷണിക്കു മുന്നില്‍ തലകുനിച്ച് തന്നെ കൈവിട്ട പാര്‍ട്ടി/ മുന്നണി നേതൃത്വത്തോട് അദ്ദേഹം വിരോധം വച്ചുപുലര്‍ത്തിയില്ല. താനായിരുന്നു ശരിയെന്ന് ഒരുകാലത്ത് എല്ലാവര്‍ക്കും മനസിലാകുമെന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. തന്നോട് കാണിച്ച പ്രവര്‍ത്തിയുടെ പേരില്‍ ആരോടും വിരോധമില്ലെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍:  '75,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച എനിക്ക് അടുത്ത തവണ പാര്‍ലമെന്റില്‍ പോകാന്‍ കഴിഞ്ഞില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ അവന്റെ പൊതുപ്രവര്‍ത്തന ജീവതത്തില്‍ എംഎല്‍എയോ എംപിയോ ആകാന്‍ ആഗ്രഹിക്കുന്നത് ദുരാഗ്രഹമല്ല. അതിനുവേണ്ടി അധ്വാനിച്ചിട്ടുമുണ്ട്. ഇടുക്കിയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാവുന്നൊരാളാണ് ഞാന്‍. എംപിയാകുന്നതിനു മുമ്പ് രണ്ടു തവണ ഇടുക്കിയിലെ എംഎല്‍എ ആയിരുന്നു. ഞാനെപ്പോഴും നിലകൊണ്ടിട്ടുള്ളത് ജനങ്ങള്‍ക്കു വേണ്ടിയാണ്. ഏതെങ്കിലും മതത്തെയോ ജാതിയേയോ സുഖിപ്പിക്കാന്‍ നിന്നിട്ടില്ല. എംപി എന്ന നിലയില്‍ എല്ലാതരത്തിലുമുള്ള ജനങ്ങള്‍ക്കും എന്റെയടുത്ത് വരാമായിരുന്നു. ഞാനൊരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രം എംപി അല്ലായിരുന്നു. അതൊക്കെ ജനങ്ങള്‍ക്കും അതറിയാം. അവരില്‍ എനിക്കും വിശ്വാസമുണ്ടായിരുന്നു. ആരൊക്കെ എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ നടത്തിയാലും മത്സരിച്ചാല്‍ ജയിക്കുമെന്ന് ആത്മവിശ്വാസം തന്നെയുണ്ടായിരുന്നു. എന്നിട്ടും എന്നെ ഒഴിവാക്കിയപ്പോള്‍ ശരിക്കും വിഷമം തോന്നി. പാര്‍ട്ടി എനിക്ക് സീറ്റ് നല്‍കിയിരുന്നുവെങ്കില്‍ അവിടെ ഞാന്‍ രണ്ടാമതും ജയിക്കുമായിരുന്നു'.

ഈ ആത്മവിശ്വാസമായിരുന്നു പി ടിയുടെ ഏറ്റവും വലിയ കരുത്ത്. എത്രയൊക്കെ തിരിച്ചടികള്‍ വ്യക്തിപരമായി നേരിടേണ്ടി വന്നാലും തന്റെ നിലപാടുകള്‍ ഒരിക്കല്‍ അംഗീകരിക്കപ്പെടുമെന്ന വിശ്വാസമായിരുന്നു ആരോടും വിട്ടുവീഴ്ച്ചയ്ക്ക് പോകാതിരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. പി ടി തന്നെ കുറിച്ച് പറഞ്ഞിരുന്നത്, എപ്പോഴും നല്ല ആത്മവിശ്വാസത്തില്‍ ജീവിക്കുന്നൊരാളാണ് താനെന്നായിരുന്നു. എല്ലാക്കാര്യത്തിലും ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്ന, എന്താകും ആകില്ല എന്നൊക്കെയുള്ള ആകാംക്ഷയോ ഭയമോ കൊണ്ടുനടക്കാത്ത ഒരാളാണെന്ന്.

രാഷ്ട്രീയത്തില്‍ ഘട്ടം ഘട്ടമായി വളര്‍ന്നു വന്ന നേതാവായിരുന്നു പി ടി തോമസ്. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നിങ്ങനെ വളര്‍ന്നു വന്നൊരു പാര്‍ട്ടിക്കാരന്‍. പക്ഷേ, അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. സജീവ രാഷ്ട്രീയത്തില്‍ പി ടി യുടെ അനുഭവ സമ്പത്തിന്റെ ഏഴയലത്ത് എത്താത്തവര്‍ പോലും മന്ത്രിസ്ഥാനങ്ങള്‍ സ്വന്തമാക്കിയപ്പോഴും അദ്ദേഹത്തിന് അതിനുള്ള അവസരം പാര്‍ട്ടി കൊടുത്തില്ല. എങ്കിലും പി ടി തോമസ് ഒരിക്കലും ഒരു ഹതാശന്റെ വേഷം കെട്ടി നടന്നില്ല. ഇപ്പോള്‍ ആയതിനെക്കാള്‍ കൂടുതല്‍ ഒന്നും ആയില്ലെങ്കിലും വിഷമമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇടുക്കി പോലൊരു പിന്നാക്ക പ്രദേശത്തു നിന്നും വന്ന ഒരു സാധാരണക്കാരന് എത്താന്‍ കഴിയാവുന്നതിന്റെ പരാമാവധി എത്തി എന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറയുന്നിതടത്തായിരുന്നു പി ടി തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഔന്നിത്യം. 

'സ്ഥാനമാനങ്ങള്‍ വേണമെന്നു ചോദിച്ചാല്‍ വേണ്ടെന്നും പറയില്ല. പക്ഷേ, ഒരു നിലപാടിന്റെ പേരില്‍ അതൊക്കെ നഷ്ടപ്പെടും എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ വന്നാല്‍ അംഗീകരിച്ചു കൊടുക്കില്ല. എന്റെ നിലപാട് ശരിയാണെന്നു ഉറച്ചു വിശ്വസിച്ചു കൊണ്ട് മുന്നോട്ടു പോകും. എവിടെയെങ്കിലും തെറ്റുണ്ടെന്ന് എനിക്കും കൂടി ബോധ്യമാകുന്ന തരത്തില്‍ ആരു ചൂണ്ടിക്കാണിച്ചാലും അത് തിരുത്തുകയും ചെയ്യും'- അതായിരുന്നു പി ടി തോമസിന്റെ നിലപാട്.