'ജെന്റര്‍ ന്യൂട്രല്‍' യൂണിഫോം; സര്‍ക്കാരിന്റേത് മുസ്ലീംസ്വത്വത്തെ നിരാകരിക്കാനുള്ള ശ്രമമോ? അന്വേഷണം

 
balussery school

'കംഫര്‍ട്ട് എന്ന് പറയുന്നത് ശാരീരികം മാത്രമല്ലല്ലോ, മാനസികവും കൂടിയാണല്ലോ'

ഒരു ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വലിയ ബഹളമുണ്ടാക്കിയത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന ആശയത്തിന്റെ പുറത്താണ് വിദ്യാലയങ്ങളില്‍ 'ജെന്റര്‍ ന്യൂട്രല്‍' യൂണിഫോം എന്ന ആശയം നിലവില്‍ വരുന്നത്. എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിലെ വളയന്‍ചിറങ്ങര യുപി സ്‌കൂളിലാണ് ഈ യൂണിഫോം ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അവിടെ ഒരിലയനക്കം പോലുമുണ്ടായില്ല. പക്ഷേ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലേക്ക് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം ആശയം എത്തുമ്പോഴേക്കും വിവാദമായി. യൂണിഫോം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചില വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതിന്റെ ചുവടേറ്റു പിടിച്ച് മതസംഘടനകളും രംഗത്തുവന്നു. സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. ഉപരോധിച്ചു, പ്രതിഷേധിച്ചു. വിവാദമായ 'ജെന്റര്‍ ന്യൂട്രല്‍' യൂണിഫോമിന്റെ പശ്ചാത്തലത്തില്‍ എതിര്‍പ്പുന്നയിക്കുന്നതിന്റെ വിവിധ തലങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ് 'അഴിമുഖം'.

200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും അടങ്ങുന്ന പ്ലസ് വണ്ണിലാണ് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം കോളിളക്കമുണ്ടാക്കിയത്. സ്വാഭാവികമായും എന്തുകൊണ്ട് ഈ യൂണിഫോമിനെ എതിര്‍ക്കുന്നുവെന്ന് എതിര്‍ക്കുന്നവര്‍ക്ക് പറയാനുണ്ടാവും. അതിന്റെ അടിസ്ഥാനത്തിലാണ് യൂണിഫോമിനോട് പ്രതിഷേധമുള്ള വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളോട് സംസാരിക്കുന്നത്. അവര്‍ പറയുന്നത് ഇങ്ങനെയാണ്. 'ഞാനൊരു അധ്യാപകനാണ്. ഞങ്ങളുടെ മകള്‍ക്ക് ബാലുശ്ശേരിയിലെ യൂണിഫോമിനോട് എതിര്‍പ്പുകള്‍ ഉണ്ട്. എന്നാല്‍ അത് പറയേണ്ടത് പിടിഎ യോഗത്തിലാണ് എന്നാണ് ഞങ്ങള്‍ കരുതുന്നത്. പുറത്ത് ഒരുപാട് സംഘടനകള്‍ സമരം നടത്തുന്നുണ്ട്. എന്നാല്‍ അതിന്റെ കൂടെ നില്‍ക്കാത്തത് എന്റെയൊരു ബോധ്യം അനുസരിച്ച് പൊതുവിദ്യാലയമായ അവിടെ പരാതി പറയേണ്ടത് അധ്യാപകരോടാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. അത് വേറെ സംഘടനകള്‍ ഉപയോഗപ്പെടുത്തിയാല്‍ വിദ്യാലയത്തിന് നഷ്ടമാണ് സംഭവിക്കുക. അതുകൊണ്ടു തന്നെ ആ രീതിയില്‍ പറയാന്‍ എന്റെ ബോധ്യം സമ്മതിക്കുന്നില്ല'.

valayan chirangara
വളയന്‍ചിറങ്ങര സ്‌കൂളിലെ ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം

നിങ്ങളുടെ പേരോ വിലാസമോ വെളിപ്പെടുത്തുകയില്ല. നിങ്ങള്‍ക്ക് യൂണിഫോമില്‍ എതിര്‍പ്പുണ്ടോ എന്ന് മാത്രമാണ് അറിയേണ്ടതുള്ളൂ. ഈ ചോദ്യത്തിനോട് രക്ഷിതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'എന്റെ പേര് വെളിപ്പെടുത്തുന്നതിന് യാതൊരു പ്രശ്നവും ഇല്ല. എന്നെ സ്‌കൂള്‍ അധികൃതര്‍ക്ക് കൃത്യമായി അറിയാം. എന്റെ ബോധ്യമനുസരിച്ച് വസ്ത്രം ധരിക്കാനുള്ള ഒരു അവകാശത്തിനാണ് നിലകൊള്ളുന്നത്. അത് പുറത്തുകാണുന്ന ബഹളമല്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള കുട്ടികള്‍ക്കുള്ള സ്വാതന്ത്ര്യമാണത്. അവര്‍ ജെന്റര്‍ ന്യൂട്രാലിറ്റി യൂണിഫോമിന് എതിരുമല്ല. അവര്‍ക്കത് ഉപയോഗിക്കാന്‍ കഴിയില്ല. കഴിയുന്നവര്‍ ഉപയോഗിക്കട്ടെ. എന്നാല്‍ അത് പുറത്തുപറയേണ്ടതല്ല. പിടിഎ യോഗത്തില്‍ പറയും. ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ അതിന് പരിമിതികളുണ്ടാവും. ഒരു സ്ഥാപനത്തെ പൊളിക്കാന്‍ പറ്റും. അതുണ്ടാക്കിയെടുക്കാന്‍ ഒരുപാട് സമയമെടുക്കും. അതിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. ഒരു ജനറല്‍ പിടിഎ ഉണ്ടെങ്കില്‍ ശക്തമായി പറയും. അല്ലെങ്കില്‍ പലരും പല രീതിയില്‍ ഉപയോഗപ്പെടുത്തും.'

ഒരു വിദ്യാലയം നഷ്ടപ്പെട്ടാല്‍ ഒരുപാട് തൊഴില്‍ സാധ്യതകള്‍ നഷ്ടപ്പെടും. എന്റെ ഭാര്യ ഒരു ടീച്ചറാണ്. പിഎസ്‌സി വഴിയാണ് ജോലി നേടിയത്. അപ്പോള്‍ ഉയര്‍ത്തുന്ന വിമര്‍ശനം കൃത്യമായില്ലെങ്കില്‍ ഏതെങ്കിലും ഒരു ബാച്ച് നഷ്ടപ്പട്ടാല്‍ ഏതെങ്കിലും പാവപ്പെട്ട മനുഷ്യരുടെ വീട്ടിലെ സ്ഥിതി മോശമാവും. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ പുറത്തുപറയാത്തത്. നിലപാടില്ലായ്മയല്ല. പക്ഷേ സ്‌കൂളില്‍ എതിര്‍പ്പ് പറയും. പിടിഎ മീറ്റിങ്ങ് എന്നാണെന്ന് വ്യക്തമല്ല. ഞങ്ങള്‍ എതിര്‍പ്പുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ യോഗത്തില്‍ പറയും. അതിന് സാഹചര്യം ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്. അതിന് വഴിയുണ്ടല്ലോ. ഇത് പെട്ടെന്ന് ചുട്ടെടുക്കേണ്ട ഒന്നല്ലല്ലോ. -പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് തുടക്കത്തില്‍ വ്യക്തമാക്കിയ പിതാവ് കുറച്ചുകൂടി കൃത്യമായി വിഷയം പറയുകയാണുണ്ടായത്.

'എത്ര ആളുകള്‍ പരാതി പറയുന്നു എന്നെനിക്കറിയേണ്ട. എന്റെ മകള്‍ക്ക് യൂണിഫോം ധരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നത് മാത്രമാണ് വിഷയം. ഒരു പക്ഷേ കുറേ ആളുണ്ടാവാം. എന്നെ സംബന്ധിച്ച് ഞാനൊരാളുമതി. എന്റെ മകളുടെ കാര്യം പറയാന്‍. മറ്റുള്ളവരുടെ കാര്യം അന്വേഷിക്കേണ്ടതില്ല. ഞാനത് ചെയ്യാറുമില്ല. എന്റേതായ നിലപാടുകളാണ്. ഞാനത് കൃത്യമായി പറയുകയും ചെയ്യും. അവിടെയുള്ള ഒരുപാട് പേര്‍ സുഹൃത്തുക്കളാണ്. പക്ഷേ നിലപാടുകളില്‍ സൗഹൃദബന്ധങ്ങളില്ല എന്നാണ്. അതവിടെ പറയും. ഞാനും വൈഫും എഡുക്കേറ്റഡാണ്. അതുകൊണ്ടുതന്നെ മറ്റു രക്ഷിതാക്കളുടെ നിലപാട് എന്താണെന്ന് അന്വേഷിക്കാന്‍ പോകാറില്ല. മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്ന് നോക്കാറുമില്ല. '

മകള്‍ക്ക് യൂണിഫോം ധരിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് എതിര്‍പ്പിന് കാരണം. ഇഷ്ടമുള്ളത് ധരിക്കാനും ഇഷ്ടമുള്ളത് പോലെ നടക്കാനുമുള്ള സ്വാതന്ത്ര്യം. നവ ലിബറല്‍ ആശയങ്ങളേയും അല്ലാത്തവയേയും ഉള്‍ക്കൊള്ളാന്‍ കഴിയും. ബഹുമാനിക്കാനും കഴിയും. എന്റെ കുട്ടിക്ക് മതമുണ്ട്. ഒരുപക്ഷേ അവളുടെ ഡിസ്‌കംഫര്‍ട്ട് മതത്തിന്റെ ഭാഗമായിരിക്കാം. അവള്‍ക്ക് അനുയോജ്യമല്ലെന്നുള്ള തോന്നലാണ്. അവള്‍ക്ക് അങ്ങനെയൊരു തോന്നലില്ലെങ്കില്‍ നതിംഗ്. ഉള്ളതുകൊണ്ട് മാത്രമാണ് പ്രശ്നം. മകള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ സംസാരിക്കില്ലായിരുന്നു. അല്ലെങ്കില്‍ ഇത് ആണധികാരമാവുമല്ലോ എന്റെ. -ഇത്രയും പറഞ്ഞുനിര്‍ത്തുന്നുണ്ട് ആ പിതാവ്. തുടര്‍ന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുന്നത് വരെയെത്തിയ വിഷയങ്ങളില്‍ കൂടിയും നിലപാട് വ്യക്തമാക്കുകയാണുണ്ടായത്.

ഇപ്പോള്‍ മുസ്ലീംസംഘടനകളോട് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞ കാര്യങ്ങള്‍ ഒരുമാസം മുമ്പേ പറഞ്ഞതാണ്. എന്നാല്‍ പൊതുസമൂഹത്തിനോട് പറയാനും വിദ്യാര്‍ത്ഥികളോട് സുതാര്യമാക്കാനും സ്‌കൂളിന് കഴിഞ്ഞില്ല. അതാണ് അപാകത. വേണ്ടവര്‍ ഇട്ടോട്ടെ എന്ന് പറയാതിരുന്നതാണ് സംഘടനകള്‍ ദുരുപയോഗം ചെയ്തത്. നവംബര്‍ 17ന് തീരുമാനിച്ച വിഷയത്തില്‍ തന്നെ അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഒരു സംഘടനകളും സ്‌കൂളില്‍ കയറില്ലായിരുന്നു. എന്റെ പേരുനോക്കിയും ആരും ഒന്നും പറയരുത്. ഞാന്‍ വിശ്വാസിയാണ്. അവിശ്വാസികളുടെ കൂടെ നടക്കുന്നവനാണ്. എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയും. അതേസമയം, എന്നെക്കുറിച്ച് ആരെന്ത് വിചാരിച്ചാലും പ്രശ്നവുമില്ല.

protest

കംഫര്‍ട്ട് എന്ന് പറയുന്നത് ശാരീരികം മാത്രമല്ലല്ലോ, മാനസികവും കൂടിയാണല്ലോ. അതവളുടെ സാംസ്‌ക്കാരിക ബോധ്യത്തിനനുസരിച്ച് രൂപ്പെട്ടതാവാമെന്നും പിതാവ് പറയുന്നു. 'അതവള്‍ വളര്‍ന്നുവന്ന പരിസരത്തുനിന്നായിരിക്കും. പാന്റും ഷര്‍ട്ടും മതപരമല്ലെന്നല്ല. ആ അയഞ്ഞ വസ്ത്രം മതി എന്നവളുടെ ചോയ്സ് അവളുടെ ഭാഗത്തുനിന്ന് മനസ്സിലാക്കണം. പാന്റ്‌സും ഷര്‍ട്ടുമിട്ട് സ്‌കൂളിലും പോയിട്ടുണ്ട്. പുറത്തുപോകാറുണ്ട്. മഫ്തയല്ല, ഷാളുപയോഗിക്കുന്ന കുട്ടിയൊക്കെയാണ്. ജീന്‍സും ടോപ്പും ലെങ്ത് ഉള്ളതും ഇല്ലാത്തതുമൊക്കെ ഇട്ട് പോകുന്ന കുട്ടിയല്ലേ. കുറേ കുട്ടികളുണ്ട് എതിര്‍പ്പുള്ളവര്‍. പലരും പുറത്തുപറയില്ല. ചിലര്‍ മൗനമായി നിന്ന് പിന്തുണക്കും. മറ്റുള്ളവരുടെ തീരുമാനം എങ്ങനെയാവണമെന്നില്ല. എന്റെ തീരുമാനം ഞാന്‍ പറയും. ഇതുമായി ബന്ധപ്പെട്ട് ആരോടും സംസാരിച്ചിട്ടില്ല. വിളിക്കുന്നവരോട് എന്റെ നിലപാട് വ്യക്തമാക്കും എന്നാണ് പറയുന്നത്. '-എന്തുകൊണ്ട് മകള്‍ക്ക് അനുയോജ്യമല്ലെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് ആ രക്ഷിതാവ് നിര്‍ത്തുകയായിരുന്നു.

അടിച്ചേല്‍പ്പിക്കേണ്ട കാര്യമെന്താണ്?
മതപരമായ ബോധ്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാകാം മകളുടെ എതിര്‍പ്പിന് കാരണമെന്ന് വ്യക്തമാക്കുന്ന ആ പിതാവ് ലിബറല്‍ ആശയങ്ങളെ ഉള്‍ക്കൊള്ളാനാകാത്ത ആളല്ലെന്നും ഇടക്കിടെ പറയുന്നുണ്ട്. എന്നാല്‍ ഇതിന്റെ മതപരമായ വശങ്ങള്‍ എങ്ങനെയാണ്? രണ്ടാം ഇടതുസര്‍ക്കാരിന്റെ മുസ്ലീംസ്വത്വത്തിന് മേലുള്ള നിരാകരണമാണോ എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ക്കും വിഷയത്തോടുമുള്ള സമീപനത്തെ കുറിച്ചും എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

'ഇത് സ്ത്രീകളുടെ മതവേഷത്തെ നിഷേധിക്കുന്നില്ല. ഇസ്ലാമിക വേഷവിധാനം അനുസരിച്ച് യൂണിഫോം അങ്ങനെ ക്രമീകരിക്കാവുന്നതാണ് എന്നാണ് പ്രിന്‍സിപ്പാള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മഫ്തയിടാം, ഇറക്കം കൂട്ടാം, ലൂസാക്കാം എന്നിവയൊക്കെ ചെയ്യാം. എന്നാല്‍ പാന്റ്‌സും ഷര്‍ട്ടും കുട്ടികള്‍ ഇടുന്നതല്ല പ്രശ്നം. അവിടെ 'ജെന്റര്‍ ന്യൂട്രല്‍' എന്ന പദം ഉപയോഗിച്ചതിനാണ് പ്രശ്നം. അത് കേവലമൊരു ഷര്‍ട്ടിലും പാന്റിലുമൊതുങ്ങുന്നതല്ല. അതാണ് ഞങ്ങളുടെ വിഷയം.'-അവരുടെ പ്രശ്നം വ്യക്തമാക്കുകയാണ് അദ്ദേഹം.

'ഞങ്ങളവിടെ സമരത്തിനൊന്നും പോയിട്ടില്ല. യൂണിഫോമുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നപ്പോള്‍ ഞങ്ങള്‍ സ്‌കൂളില്‍ പോയി അധികൃതരുമായി സംസാരിച്ചു. പിടിഎ കമ്മിറ്റിയോടും ബന്ധപ്പെട്ടു. അവര്‍ അടിച്ചേല്‍പ്പിക്കില്ലെന്നാണ് പറഞ്ഞത്. യൂണിഫോം കുട്ടികളുടെ താല്‍പ്പര്യത്തിനനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടുമാക്കാം എന്നാണ് പറഞ്ഞത്. മഫ്തയും കോട്ടും ധരിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അതുരണ്ടും കഴിയുമെന്നാണ് അധികൃതര്‍ പറഞ്ഞത്. കുട്ടികളുടെ താല്‍പ്പര്യത്തിനനുസരിച്ച് യൂണിഫോം ക്രമീകരിക്കാമെന്ന് പറഞ്ഞതോടെ അവിടെ സമരത്തിനോ പ്രതിഷേധത്തിനോ പോയിട്ടില്ല. പക്ഷേ ഇങ്ങനെയൊരു ആശയം കൊണ്ടുവരാന്‍ പോകുന്നു എന്നതാണ് പ്രശ്നം. '

'ഇത് ബാലുശ്ശേരിയില്‍ മാത്രമായി ഒതുങ്ങുന്നതല്ല. അങ്ങനെയാണെങ്കില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയൊക്കെ ചടങ്ങില്‍ പങ്കെടുത്ത് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കില്ലല്ലോ. വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിലൊക്കെ പോസ്റ്റിട്ട് വലിയ രീതിയില്‍ മുന്നേറ്റമായി അവതരിപ്പിക്കുമ്പോള്‍ ഇങ്ങനെയൊരു ആശയം പ്രചരിപ്പിക്കാനുള്ള അജണ്ടയുണ്ടെന്ന് മനസ്സിലാവുന്നുണ്ട്. ജെന്റര്‍ ന്യൂട്രല്‍ എന്ന ആശയം ഉള്ളവര്‍ക്ക് അതിനനുസരിച്ച് വസ്ത്രം ധരിക്കാം. പക്ഷേ അടിച്ചേല്‍പ്പിക്കേണ്ട കാര്യമെന്താണ്? വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അത്തരത്തില്‍ ഒരാശയം തന്നെ അതുള്‍ക്കൊള്ളുന്നവര്‍ അങ്ങനെ ചെയ്തോട്ടെ. പക്ഷേ എതിര്‍പ്പുള്ളവര്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ആ വിദ്യാര്‍ത്ഥിക്ക് അതിനുള്ള അവസരം നല്‍കണമെന്നാണ് അഭിപ്രായം.'

സമരം ചെയ്തവര്‍ ശരിയാണോ തെറ്റാണോ എന്നുള്ള അഭിപ്രായമില്ല. ഈ വിഷയത്തില്‍ ഓരോരുത്തരും ഓരോ രീതിയിലാണ് ഇടപെട്ടത്. ഞങ്ങള്‍ നേരിട്ട് സംസാരിച്ചു. ചിലര്‍ മാര്‍ച്ച് നടത്തി. ചിലര്‍ ഉപരോധിച്ചു. പലരും പല രീതിയിലും പ്രതികരിച്ചു. അത് ഓരോരുത്തര്‍ക്കും അവരുടെ സംഘടനയുടെ രീതിയനുസരിച്ച് ചെയ്യേണ്ടതാണ് എന്നാണ്. കുട്ടികളുടെ യൂണിഫോമിനോട് പ്രശ്നമുള്ള രക്ഷിതാക്കളുണ്ട്. സ്‌കൂളില്‍ ഒരു പ്രശ്നം വരുമ്പോള്‍ എല്ലാവരും പരസ്യമായി എതിര്‍ക്കണമെന്നില്ല. നിര്‍ബന്ധിതാവസ്ഥയില്‍ അതിന്റെ ഭാഗമായി മാറേണ്ടിയും വരും. -സത്താര്‍ പന്തല്ലൂര്‍ പറയുന്നു.

കമ്മ്യൂണിസ്റ്റ് ലിബറല്‍ ചിന്താഗതികള്‍ വ്യാപിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ചിന്തകള്‍ പിറകോട്ട് പോയതായാണ് മനസ്സിലാക്കുന്നത്. അല്ലെങ്കില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പെട്ടെന്ന് പിറകോട്ട് പോകില്ലായിരുന്നു. ഇടത് ലിബറല്‍ ബുദ്ധിജീവികള്‍ സ്വാഭാവികമായും ഇടതുപക്ഷത്തോട് ചായ്വുള്ളവരാണ്. അതില്‍ സിപിഎമ്മുകാര്‍ ഇതിനെ പിന്തുണക്കുന്നുമുണ്ട്. അവര്‍ക്ക് അവരുടെ ആശയങ്ങള്‍ സ്വാഭാവികമായും ഇപ്പോള്‍ നടപ്പിലാക്കാനും കഴിയും. അതിന് ശക്തമായ എതിര്‍പ്പുകള്‍ ഉള്ളതുകൊണ്ട് ഇത് പ്രായോഗികമായി എങ്ങനെ വിജയിപ്പിച്ചെടുക്കാനാവും എന്നതില്‍ അവര്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ തന്നെ കേരളം മുഴുവന്‍ ഇത് വ്യാപിപ്പിക്കാന്‍ സാധ്യതയില്ല. -ഇടതുസര്‍ക്കാരിന്റെ ലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമമുണ്ടോ എന്നതിന് പ്രതികരണം ഇങ്ങനെയായിരുന്നു.

ഈ സര്‍ക്കാരും പാര്‍ട്ടിയും പാര്‍ട്ടിയുടെ അനുഭാവികളും ലിബറല്‍ ആശയങ്ങള്‍ കൊണ്ടുനടക്കുന്നവരാണല്ലോ. പക്ഷേ അവര്‍ക്കിവിടെ അത് ഇംപ്ലിമെന്റ് ചെയ്യാനുള്ള സാമൂഹിക പരിസരം ആയിട്ടില്ല. എന്തൊക്കെ പറഞ്ഞാലും ഇവിടെയിപ്പോഴും ഹിന്ദുവാകട്ടെ, മുസ്ലിമാകട്ടെ, ക്രിസ്ത്യാനിയാകട്ടെ മതവിശ്വാസികളും മതവിശ്വാസത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഒരു പരിധിവിട്ട ലിബറല്‍ ചിന്തകള്‍ക്കൊന്നും പിന്തുണ ലഭിക്കില്ല. പലതും പറഞ്ഞ് ഇംപ്ലിമെന്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അത് ബന്ധപ്പെട്ട ആളുകള്‍ തിരിച്ചറിയുന്നുണ്ട്. സര്‍ക്കാരത് തിരിച്ചറിയുന്നുണ്ട്. ബാലുശ്ശേരിയിലെ കുട്ടികളുടെ യൂണിഫോം ഇപ്പോള്‍ അവര്‍ പറഞ്ഞ പോലെയല്ലല്ലോ. ഷര്‍ട്ട് ധരിച്ചവര്‍, കോട്ടിട്ടവര്‍, ഷര്‍ട്ട് ഇറക്കമുള്ളവര്‍, മഫ്തയിട്ടവര്‍ എന്നിങ്ങനെയാവുമ്പോള്‍ അവര്‍ പറഞ്ഞ രീതിയില്‍ നിന്ന് വ്യത്യസ്തമാണല്ലോ. അവരുടെ അജണ്ട പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയില്ല. ഘട്ടം ഘട്ടമായി ഇതിനുള്ള ഒരുക്കമായിരിക്കാം. അപ്പോള്‍ പാന്റ്‌സിലും ഷര്‍ട്ടിലും തൂങ്ങാതെ അതിനേക്കാള്‍ അപ്പുറം അതിനുപിന്നില്‍ ഐഡിയോളജി ഉണ്ടെന്ന് തിരിച്ചറിയുകയും അത് പുറത്തുകൊണ്ടുവരികയുമാണ് ചെയ്യേണ്ടത്. അത് പാര്‍ട്ടിക്കെതിരെയോ രാഷ്ട്രീയപരമായോ അല്ല. സാംസ്‌ക്കാരിക പ്രതിരോധം എന്ന രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്.

ക്യാമ്പസ്സുകളില്‍ സമാനമായിട്ടുള്ള ആശയപ്രചാരണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുണ്ട്. ക്യാമ്പസുകളിലാണല്ലോ ഏറ്റവും കൂടുതല്‍ സ്വാധീനിക്കപ്പെടുന്നത്.ക്യാമ്പസ്സുകള്‍ തുറന്നിട്ടേയുള്ളൂ. കമ്മിറ്റികളും കാര്യങ്ങളും ആക്ടീവ് ആയി വരുന്നതേയുള്ളൂ. അപ്പോള്‍ സ്വാഭാവികമായും ക്യാമ്പസ്സുകളില്‍ ഇതെന്തായാലും ഡിസ്‌കഷനായി വ്യാപിപ്പിക്കാനാണ് തീരുമാനം.

കമ്മ്യൂണിസവും ഇസ്ലാമും ഒരിയ്ക്കലും യോജിക്കുന്ന ആശയങ്ങളല്ല. രണ്ടും രണ്ടു ആശയങ്ങളാണ്. വിരുദ്ധആശയങ്ങളാണ്്. വിശ്വാസികളില്‍ കമ്മ്യൂണിസ്റ്റുകാരനുണ്ട് എന്നത് വേറെ ചോദ്യമാണ്. കമ്മ്യൂണിസ്റ്റ് ആശയത്തെകുറിച്ച് പറയുമ്പോള്‍ തന്നെ എത്രപേര്‍ കമ്മ്യൂണിസ്റ്റുകളുണ്ട് എന്ന ചോദ്യമാണ് ഞാനുയര്‍ത്തുന്നത്. ഇവരൊക്കെ പലരും അമ്പലത്തിലും പള്ളിയിലും പോകുന്നവരാണ്. പ്രാക്ടീസിങ്ങ് മതവിശ്വാസികളാണ്. എന്നാല്‍ മറുഭാഗത്ത് ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്. അങ്ങനെയൊരു വിഭാഗം ഉണ്ട്. നേരത്തെ, ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നെങ്കില്‍ അയാള്‍ പള്ളിക്കമ്മറ്റിയിലൊന്നും ഉണ്ടായിരുന്നില്ല. അകലം പാലിക്കണമെന്നൊക്കെയായിരുന്നു പാര്‍ട്ടിയുടെ നിര്‍ദ്ദേശം. ഇപ്പോള്‍ അതൊക്കെ നേരെ തിരിച്ചാണല്ലോ. മതവിശ്വാസികളുമായി കോംപ്രമൈസ് ആയി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അവരും മനസ്സിലാക്കിയിട്ടുണ്ടാവും. പ്രായോഗികമായി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഇതേവഴിയുള്ളൂ എന്നതാണ് അവര്‍ ചെയ്യുന്നത്. -ഇടതുസര്‍ക്കാരിനോടും അവരുടെ കമ്മ്യൂണിസ്റ്റ് ലിബറല്‍ ആശയങ്ങളോടും ഉള്ള പ്രതികരണങ്ങളും നയപരിപാടികളും സത്താര്‍ പന്തല്ലൂര്‍ വിശദീകരിക്കുന്നു.

വിവാദങ്ങള്‍ക്കുപിറകില്‍ എല്ലാ കാലത്തും സ്ത്രീകളെ അടിമകളായി കാണുന്നവര്‍
ജെന്റര്‍ ന്യൂട്രല്‍ എന്ന ആശയത്തേയും സര്‍ക്കാരിന്റെ ഐഡിയോളജിയേയും എതിര്‍ക്കപ്പെടേണ്ടതാണെന്ന വാദത്തെയും ഇടതു സൈദ്ധാന്തികനായ കെ.ടി കുഞ്ഞിക്കണ്ണന്‍ നോക്കിക്കാണുന്നത് ഇപ്രകാരമാണ്. 'നമ്മുടെ സമൂഹം കടുത്ത സ്ത്രീവിരുദ്ധതയില്‍ അധിഷ്ഠിതമായ പുരുഷാധിപത്യ സമൂഹമാണ്. കേരളം നവോത്ഥാനമുന്നേറ്റങ്ങളിലൂടെ വലിയ സാമൂഹിക മുന്നേറ്റം നേടിയ സമൂഹമാണ്. പക്ഷേ സമൂഹത്തിലിന്നും സ്ത്രീയുടെ തുല്യത, സ്വാതന്ത്ര്യം ഒക്കെ പറയുന്നത് അങ്ങേയറ്റം അസഹനീയമായ ഒന്നായിട്ടാണ് നമ്മുടെ മധ്യവര്‍ഗ്ഗവിഭാഗവും പൊതുവെ സമൂഹവും കാണുന്നത്. നമ്മുടെ പൊതുബോധത്തിലിപ്പോഴും സ്ത്രീയെ രണ്ടാം സ്ഥാനക്കാരായി കാണുന്ന സമീപനം തന്നെയാണ് നിലനില്‍ക്കുന്നത്. ആ സമീപനത്തെ ബ്രേക്ക് ചെയ്യണമെങ്കില്‍ കേരള നവോത്ഥാനത്തിലൂടെ നേടിയ സാമൂഹിക പുരോഗതി സമ്പത്തിന്റെ പുനര്‍വിതരണത്തിലൂടെ തുല്യതയുണ്ടാക്കാനുള്ള വികസന സാമ്പത്തിക നയങ്ങളൊക്കെത്തന്നെ ഫലവത്താകണമെങ്കില്‍ സ്ത്രീ പുരുഷ സമത്വമെന്ന് പറയുന്നത് പ്രധാനമാണ്. നമ്മള്‍ പുരുഷാധിപത്യഘടനയിലുള്ള സമൂഹമാണ്.
പെണ്ണിനെ എല്ലാ കാലത്തും നിയന്ത്രിച്ചുകൊണ്ടിരുന്നു. പെണ്ണിന്റെ ചലനാത്മകതയെ പെണ്ണിന്റെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ എല്ലാം പുരുഷാധിപത്യബോധം ഭയപ്പെടും. കുടുംബങ്ങളില്‍ രക്ഷിതാക്കള്‍ക്ക് കീഴില്‍ ജീവിക്കേണ്ടവരാണ് എന്നാണ് പുരുഷാധിപത്യബോധം കണക്കാക്കുന്നത്. അപ്പോള്‍ സ്ത്രീകളെ അവരുടെ സ്ത്രൈണതയെ കുറിച്ചൊക്കെ വളരെ പ്രതിലോമകരമായ കാഴ്ച്ചപ്പാടുകള്‍ നമ്മുടെ സാഹിത്യത്തിലൂടേയും കവിതയിലൂടേയുമൊക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാവര്‍ക്കുമറിയുന്ന കാര്യവുമാണ്.

നമ്മുടെ ഭാഷയിലും വേഷത്തിലുമൊക്കെ തന്നെ സ്ത്രീ ഒതുങ്ങിക്കഴിയേണ്ടവരാണെന്നുള്ള ചിന്തയുണ്ട്. അവരെ ഒതുങ്ങിക്കഴിയാന്‍ പഠിപ്പിക്കുകയാണ് കുടുംബങ്ങളിലായാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും. എങ്ങനെ ഒതുങ്ങിക്കഴിയണം, എങ്ങനെ അനുസരണയുള്ളവളാവണം എന്നു പറഞ്ഞാല്‍ ആണധികാരത്തിനു നേരെ ഉയര്‍ന്നുവരാന്‍ സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള സ്വാതന്ത്ര്യത്തെ സ്ത്രീ ചലനങ്ങളെയൊക്കെ അടക്കി നിര്‍ത്തുക എന്നതാണ് ഒരു പാട്രിയാര്‍ക്ക്യല്‍ സമൂഹത്തിന്റെ അതിജീവനമെന്ന് പറയുന്നത്. അതുകൊണ്ടുതന്നെ വിധേയത്വവും സഹനവും ചലന രാഹിത്യവുമാണ് സ്ത്രൈണത പെണ്ണത്തം എന്ന് നമ്മുടെ അബോധത്തിലൊക്കെ നിലനില്‍ക്കുന്നുണ്ട്. അത് തീര്‍ച്ചയായും ആ ബോധം അധീശത്വ വിധേയത്വ ബന്ധങ്ങള്‍ക്ക് ആവശ്യമായ രീതിയിലുള്ള ഒരു പ്രത്യയശാസ്ത്ര പുനരുല്‍പ്പാദനമായി നമ്മള്‍ കാണേണ്ടതുണ്ട്. പുരുഷാധിപത്യാനുകൂലമായ നമ്മുടെ ഭാഷയിലൂടെ പലതരം രീതികളുടേയും സമ്പ്രദായങ്ങളിലൂടെയൊക്കെത്തന്നെ സ്ത്രൈണതയെ ആദര്‍ശവല്‍ക്കരിക്കുന്ന ഒരു സമൂഹം സ്ത്രീയെ വേഷത്തിലൂടെ അവരുടെ പെരുമാറ്റത്തിലൂടെ അവരുടെ സംസാരത്തിലൂടെയൊക്കെ സ്ത്രീയെ രണ്ടാംകിടയായി കാണുന്ന ഒരു സമീപനം. ഇതിന് പരിഹാരമുണ്ടാക്കുക എന്നതിന് സ്ത്രീകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന വിധിവിലക്കുകളെ ലംഘിക്കുക എന്നത് തന്നെയാണ്. ആ രീതിയിലാണ് ആണ്‍-പെണ്‍ ഭേദമില്ലാതെ യൂണിഫോം ഉപയോഗിക്കുക എന്നത്.

അത് നമ്മുടെ പെണ്‍കുട്ടികളില്‍ സമഭാവനയുടേയും സ്വാതന്ത്ര്യത്തിന്റേയും ഒരു പുതിയ ഉണര്‍വ്വുണ്ടാക്കും. സമഭാവനക്കും സ്വാതന്ത്ര്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തന്നെ സ്ത്രീപുരുഷ തുല്യത പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ ചലിക്കാനും ഒരുപോലെ ഇടപെടാനും കഴിയുന്ന ഒരു സാഹചര്യം ആ അര്‍ത്ഥത്തില്‍ തന്നെയാണ് വിദ്യഭ്യാസവകുപ്പ് അതാത് സ്‌കൂളിലെ പിടിഎകളോട് ആലോചിച്ച് കൊണ്ടുതന്നെ ഇത്തരം ജെന്റര്‍ ഉള്‍പ്പെടെയുള്ള യൂണിഫോമുകള്‍ എന്ന നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഇത് കേരളത്തിലെ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ഭാഗമാണ്. അതിനെ എല്ലാ മതയാഥാസ്ഥിതികരും പിന്തിരിപ്പന്‍മാരും പ്രതിലോമകരന്‍മാരും ഭയപ്പെടുന്നുണ്ട്.

വിവാദങ്ങള്‍ക്കു പിറകിലുള്ളവര്‍ എല്ലാ കാലത്തും സ്ത്രീകളെ അടിമകളായി കാണുന്നവരാണ്. അതൊരു താലിബാന്‍ ബോധത്തില്‍ നിന്നുയര്‍ന്നു വരുന്നവരാണ്. സ്ത്രീയെന്ന് പറയുന്നത് പുരുഷന്റെ ലൈംഗിക അടിമ മാത്രമാണവര്‍ക്ക്. അല്ലാത്ത ഒരു സാമൂഹികമായ വ്യക്തിത്വമോ സ്വാതന്ത്ര്യമോ തുല്യതയുടെ അവസരങ്ങളോ സ്ത്രീക്ക് കൊടുക്കാന്‍ പാടില്ലെന്ന് വാദിക്കുന്ന രാഷ്ട്രീയപ്രത്യയ ശാസ്ത്രമാണത്.

ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടപ്പാക്കിയ ഈ മുന്നേറ്റം സ്വാഭാവികമായും പാരന്റ്സിന്റെ സമ്മതത്തോടെ പിടിഎ അവരുടെ അനുമതിയോടെയാണ് നടപ്പാക്കിയത്. സാമൂഹിക ചലനങ്ങളുടേതായ മാറ്റങ്ങള്‍ക്ക് പ്രത്യേകതയുണ്ട്. കേരളത്തിലെ എല്ലാ സ്‌കൂളിലേക്കും ഈ രീതിയിലുള്ള മാറ്റങ്ങള്‍ അനിവാര്യമായി വരും. അത് സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ നടപ്പിലാക്കുകയല്ല. പിടിഎ ആലോചിച്ച് സ്‌കൂള്‍ അധികൃതര്‍ അതിന് മുന്‍കൈ എടുക്കുകയാണ് വേണ്ടത്. അതിന് സ്ത്രീപുരുഷ തുല്യതക്ക് വേണ്ടി നിലകൊള്ളുന്ന സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടേയും പിന്തുണയുണ്ടാവണം. തീവ്ര മതവാദികളും വലതുപക്ഷ ശക്തികളും ഇത്തരം സാമൂഹിക മാറ്റങ്ങള്‍ക്കെതിരായി നടത്തുന്ന ചലനങ്ങളെ കടന്നാക്രമണങ്ങളെ അതിശക്തിമായി മതനിരപേക്ഷതയുടെ ഭാഗത്തുനിന്ന് കൊണ്ട് പ്രതിരോധിക്കണം' -കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കുന്നു.

ഇത്തരം പരിഷ്‌ക്കാരങ്ങള്‍ക്ക് എല്ലാ കാലത്തും തീവ്രവലതുപക്ഷവും മതയാഥാസ്ഥിതികരും എതിരായിരിക്കും. കേരളത്തിലെ നവോത്ഥാനം സാക്ഷ്യപ്പെടുത്തുന്നതാണ്. അതുകൊണ്ട് വലതുപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ കാര്യമായി കാണേണ്ടതില്ല. അതിനെ നമ്മള്‍ നവോത്ഥാന ജനാധിപത്യബോധത്തോടെ പ്രതിരോധിക്കുക എന്നുള്ളതാണ് പ്രധാനം. -കുഞ്ഞിക്കണ്ണന്‍ പറയുന്നു.

balussery2

'സര്‍ക്കാര്‍ മുസ്ലീം സ്വത്വത്തെ എന്നല്ല, ഒരു വിഭാഗങ്ങളുടേയും സ്വത്വത്തേയും സംസ്‌ക്കാരത്തേയും ഏതെങ്കിലും രീതിയില്‍ നിരാകരിക്കുന്ന ഒരു നിലപാട് ഇതുവരെ എടുത്തിട്ടില്ല. മുസ്ലിംങ്ങള്‍ക്ക് അവരുടെ വിശ്വാസവും ആചാരവും സംരക്ഷിച്ച് നമ്മുടെ രാജ്യത്ത് നിര്‍ഭയം കഴിയാന്‍ മുന്നിട്ടുള്ള സിപിഎമ്മാണ് കേരളത്തിലെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. മുസ്ലീംങ്ങളുടെ സ്വത്വത്തേയും സംസ്‌ക്കാരത്തേയും അവരുടെ മതവിശ്വാസപരമായ ആരാധനാ അവകാശങ്ങളെയുമെല്ലാം നിരന്തരമായി ധ്വംസിക്കുന്ന സംഘ്പരിവാര്‍ നയങ്ങള്‍ക്ക് ലീഗു കൂടി പിന്തുണച്ച നരസിംഹറാവു സര്‍ക്കാരാണ് കൂട്ടുനിന്നത്. ചരിത്ര പ്രസിദ്ധമായ അയോധ്യയില്‍ നിലനിന്നിരുന്ന ബാബറി മസ്ജിദ് തകര്‍ക്കാന്‍ നരസിംഹറാവു അതിനാവശ്യമായിട്ട് അന്നത്തെ കല്യാണ്‍സിങ് സര്‍ക്കാര്‍ ചെയ്തുകൊടുത്ത ഒത്താശ അതിനെല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയാണുണ്ടായത്. മുസ്ലീംങ്ങള്‍ക്കുമേല്‍ ഉയര്‍ന്നുവരുന്ന സംഘ്പരിവാറിന്റെ ഭീഷണിയെ ലീഗിന്റെ സഖ്യകക്ഷികളായിട്ടുള്ള കോണ്‍ഗ്രസ് ഏതെങ്കിലും നേരിടാനോ പ്രതിരോധിക്കാനോ തയ്യാറായിട്ടില്ല. ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്താണ് ഇപ്പോള്‍ പള്ളി ഉയരുന്നത്. ഭരണഘടനാവിരുദ്ധമായ ഒരു കോടതിവിധിയിലൂടെ ആ സ്ഥലത്ത് ക്ഷേത്രം പണിയാന്‍ ഹിന്ദുത്വവാദികള്‍ കയ്യടക്കിയ സ്ഥലത്ത് ക്ഷേത്രം പണിയുമ്പോള്‍ തങ്ങളെ വിളിച്ചില്ലെന്ന് പരിഭവം പറയുകയും വെള്ളിശിലകള്‍ സംഭാവന ചെയ്യുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിനൊപ്പം നിന്നിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലീംസ്വത്വത്തെ എതിര്‍ക്കുകയാണ് എന്നൊക്കെ പറയുന്നത്. പുരോഗമനം പറഞ്ഞ് കമ്മ്യൂണിസ്റ്റ് ആശയം നടപ്പിലാക്കുകയാണെന്നുള്ള ഒതളങ്ങ വര്‍ത്തമാനം ലീഗിന്റെ പുത്തന്‍വക്താക്കളായുള്ള വെറും ചാനല്‍ജീവിതം മാത്രമായി സാമൂഹിക സേവനം ചെയ്യുന്നവര്‍ പറയുന്നത്.

മുസ്ലീംങ്ങള്‍ക്ക് അവരുടെ സ്വത്വം, വിശ്വാസം, സംസ്‌ക്കാരം, ഹിന്ദുക്കള്‍ക്ക് അവരുടെ വിശ്വാസം, സംസ്‌ക്കാരം, സ്വത്വം എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടനാപരമായി രാജ്യത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. അത് സംരക്ഷിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. അതിന്റെ അര്‍ത്ഥമെന്താണ് ഭരണഘടനയുടെ അടിസ്ഥാനമായിരിക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ സമൂഹമായി നമ്മള്‍ പരിവര്‍ത്തനപ്പെടുന്നതിനെ ഇതൊന്നും ഒരു വിലങ്ങുതടിയല്ല. ഈ ബഹുസ്വരതയൊക്കെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് ആണ്‍പെണ്‍ഭേദമില്ലാതെ സ്‌കൂളുകളിലെ യൂണിഫോം ഉപയോഗിക്കാം. ബാലുശ്ശേരിയിലെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുന്ന മുസ്ലീംലീഗ് എന്തുകൊണ്ടാണ് മഞ്ചേരി യൂണിറ്റി കോളേജില്‍ മാര്‍ച്ച് നടത്താത്തത്? പാന്റ്‌സിട്ടാല്‍ പെണ്‍കുട്ടികളെങ്ങനെ മൂത്രമൊഴിക്കും തുടങ്ങി യുക്തിരഹിതമായ വാദങ്ങളും അസംബന്ധങ്ങളും മുസ്ലീംലീഗിന്റെ പോസ്റ്റ്മോഡേണ്‍ വാദങ്ങളുന്നയിക്കുന്നവര്‍ ചാനല്‍ ചര്‍ച്ചയില്‍ വന്നിട്ട് ഉളുപ്പുമില്ലാതെ ഉന്നയിക്കുകയാണ്. മതവര്‍ഗ്ഗീയ വാദം ഉള്ളില്‍വെച്ചുകൊണ്ടാണ് അവര്‍ പറയുന്നത്. ഇടതുപക്ഷത്തിനെതിരെ മുസ്ലീംവിരുദ്ധമാണെന്ന് പറയുക, ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ ഹിന്ദുക്കള്‍ക്കെതിരാണെന്ന് പറയുക ഇതെല്ലാം മനസ്സിലാക്കുന്ന ബോധം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.

ഇസ്ലാമിന്റെ വിമോചനശാസ്ത്രപരമായ വായനകള്‍ ലോകത്താകമാനം ഉണ്ടാവുകയാണ്. അപ്പോഴും ഇവിടെ മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വളരെ ഫണ്ടമെന്റലായ ചില വാദങ്ങള്‍ ഉന്നയിക്കുകയാണ്. അതിന് ഇസ്ലാമിന്റെ ദര്‍ശനവുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. പ്രവാചകന്റെ ചരിത്രവുമായോ പ്രബോധന ചരിത്രവുമായോ അതിന് യാതൊരു ബന്ധവുമില്ല. അതിന് താലിബാനുമായും ഐഎസുമായുമാണ് ബന്ധം. ഐഎസിന്റേയും താലിബാന്റേയും അബൂബക്കര്‍ ബാഗ്ദാദിയുടേയും മുല്ലാ ഉമറിന്റേയും ആത്മാക്കള്‍ ഉള്ളില്‍ കടന്ന വര്‍ഗ്ഗീയതയുടെ തിളച്ചുമറിയലായിട്ടുമാത്രമാണ് ഇടതുപക്ഷസര്‍ക്കാര്‍ മുസ്ലിംസ്വത്വത്തെ നിരാകരിക്കുന്നുവെന്നൊക്കെയുള്ള ആക്ഷേപങ്ങളെ കാണാന്‍ കഴിയൂ.'-കെടി കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചര്‍ക്കുന്നു.

സ്ത്രീകള്‍ അരികുവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമാണ്. അതുകൊണ്ടുതന്നെ ഒരു മാറ്റം ഉള്‍ക്കൊണ്ട് കൊണ്ടുള്ള മുന്നേറ്റം സംഭവിക്കുമ്പോള്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്. സ്ത്രീകളുടെ ചലനാത്മകത സ്വതന്ത്രമായി സംഭവിക്കാനും ആയാസവുമുള്ള വസ്ത്രധാരണവും എന്തുകൊണ്ടും ഈ 21-ാം നൂറ്റാണ്ടിലെ സമൂഹം പിന്തുണക്കേണ്ടതുണ്ട്. അതിനെ പ്രതിരോധിക്കേണ്ടത് ഒരു പുരോഗമന സമൂഹമെന്ന നിലയില്‍ ഏവരുടേയും ഉത്തരവാദിത്തമാണ്.