ഹിന്ദു ഐടി സെല്ലിനുള്ളില്‍ സംഭവിക്കുന്നത്; ഓണ്‍ലൈനില്‍ ദൈവസംരക്ഷകരായി ഇറങ്ങുന്നവര്‍

 
ഹിന്ദു ഐടി സെല്ലിനുള്ളില്‍ സംഭവിക്കുന്നത്; ഓണ്‍ലൈനില്‍ ദൈവസംരക്ഷകരായി ഇറങ്ങുന്നവര്‍

''നല്ലവരായ മനുഷ്യരെ ഞങ്ങള്‍ ലക്ഷ്യമിടുന്നില്ല, ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത് ഹിന്ദുക്കളെ ലക്ഷ്യമിടുന്നവരെ, ഹിന്ദുത്വവയെ ലക്ഷ്യമിടുന്നവരെ, ഇന്ത്യയെ ലക്ഷ്യമിടുന്നവരെ. അതവര്‍ ചെയ്യുന്ന തെറ്റാണ്.''

2020 ലെ വേനല്‍ക്കാലം. കോവിഡ് മഹാമാരി പടര്‍ന്നു പിടിയ്ക്കുന്നു. രോഗവ്യാപനം കുറയ്ക്കാനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ തെല്ല് ഗൃഹാതുരതയിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്നതിനായി തീരുമാനിക്കുന്നു. 1990ലെ ഹിന്ദു പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് ജനപ്രിയ ടെലിവിഷന്‍ ഷോകളായ രാമായണവും മഹാഭാരതവും വീണ്ടും സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന് ഉത്തരവ് നല്‍കി. വര്‍ദ്ധമാനമായ തോതിലുള്ള ജനങ്ങളുടെ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് അത് ചെയ്യുന്നതെന്ന് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേദ്ക്കര്‍ പ്രഖ്യാപിച്ചു. ഗൃഹാതുരതകള്‍ക്കപ്പുറം പോകുന്നതായിരുന്നു അതിന്റെ പ്രതികരണങ്ങള്‍.

സോഷ്യല്‍ മീഡിയ പേജുകളിലും ഹാന്‍ഡിലുകളിലും ഹിന്ദു ദൈവങ്ങളേയും ദേവതകളേയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങളുടെ സുനാമിതന്നെ ഉണ്ടായതായി മുംബൈവാസിയും 39 കാരനുമായ രാകേഷ് സോളങ്കി എന്ന സ്വയം പ്രഖ്യാപിത വലതുപക്ഷ ആക്ടിവിസ്റ്റ് അവകാശപ്പെട്ടു. അതുകൊണ്ട് അദ്ദേഹവും 10 പേരും ചേര്‍ന്ന് ദൈവസംരക്ഷണത്തിനായി ഹിന്ദു സന്നദ്ധസേവക സംഘം രൂപീകരിച്ചു. നിയമവിധേയമായി ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നതിനായി. അവരുടെ രീതിയിലുള്ള ആക്ടീവിസം. 2020 മെയില്‍ അവര്‍ ഓണ്‍ലൈനില്‍ ''ഹിന്ദു ഐടി സെല്ല്''പ്രഖ്യാപിച്ചു.

'' ഹിന്ദുവിരുദ്ധരാരേയും വെറുതെ വിടില്ല. ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. അത്തരക്കാരാരേയും 'നിയമപരമായി' വെറുതെ വിടില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അത്തരക്കാര്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കത്തക്ക തരത്തിലുള്ള പാഠം പഠിപ്പിക്കുന്നതിനായി പരാതി നല്‍കണമെങ്കില്‍ ഞങ്ങളെ ബന്ധപ്പെടുക'' അവര്‍ ട്വിറ്റര്‍ പോസ്റ്റില്‍ എഴുതി. മറ്റുള്ളവരെ തങ്ങളോടൊപ്പം ചേരുന്നതിനായി അവര്‍ ക്ഷണിച്ചു. '' നിങ്ങളുടേത് ഒരു ചെറിയ അക്കൗണ്ടാണോ വലിയതാണോ എന്നതല്ല, ധര്‍മ്മത്തിന്റെ വ്യാപനത്തിനായി കുറച്ചുകൂടി പോകാന്‍ നിങ്ങള്‍ സന്നദ്ധനാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ അംഗത്വമെടുക്കാം.''

ശക്തമായ ആശയപരമായ പ്രതിബദ്ധതയുള്ള സന്നദ്ധ സേവകര്‍ക്കുമാത്രമേ ഈ സംഘത്തില്‍ അംഗമാകാന്‍ ആവൂ. ഹിന്ദുക്കളുടെ അഭ്യുന്നതിയെ മുന്‍നിര്‍ത്തി നിയമപരമായ ഒരു പരാതിയെങ്കിലും അവര്‍ നല്‍കിയിരിക്കണം. അവര്‍ ഒരിയ്ക്കലും മോശമായ ഭാഷ ഓണ്‍ലൈനില്‍ ഉപയോഗിക്കാന്‍ പാടില്ല. അതുപോലെ തന്നെ മറ്റ് ആര്‍ഡബ്ലിയുക്കാരെ ലക്ഷ്യം വെയ്ക്കുകയും ചെയ്യരുത്. സഹയാത്രികരായ വലതുപക്ഷക്കാര്‍ എന്ന അര്‍ത്ഥം വരുന്ന റൈറ്റ് വിംഗ്( right wing) എന്നാവണം ആര്‍ഡബ്ലിയു കൊണ്ട് ഉദ്ദേശിക്കുന്നത്.

ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നവര്‍ക്കെതിരെ നിയമപരമായ പരാതികള്‍ നല്‍കുകയും അതിലെ പോലീസ് നടപടികള്‍ പിന്തുടര്‍ന്ന് നടപടി ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണവര്‍ അവകാശപ്പെടുന്നത്. ഒരു സംഘം നിയമജ്ഞരുമായും സൈബര്‍ ഇടത്തിലെ സന്നദ്ധസേവകരുമായും ചേര്‍ന്നാണിതിനായി അവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ വിശദീകരണം മുന്‍നിര്‍ത്തി നോക്കുമ്പോള്‍, ആരൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിയമത്തിന്റെ ചിട്ടവട്ടങ്ങളില്‍ നിന്നുകൊണ്ടുള്ള വളരെ നിരുപദ്രവകരമായ രീതിയിലാണ് ഐടി സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍.

പ്രവര്‍ത്തിപഥത്തില്‍ പക്ഷെ, അത് ഇരുളിമ പടര്‍ന്നതാകുന്നു.

അവരുടെ നിയമപരമായ നടപടികള്‍ക്കു സമാന്തരമായി അവര്‍ ആരെയാണോ ലക്ഷ്യം വെയ്ക്കുന്നത് അവര്‍ക്കെതിരെ വിഷലിപ്തമായ തരത്തിലുള്ള ട്രോളുകളും ശല്യപ്പെടുത്തലുകളും ഭീഷണികളും സ്വകാര്യവിവരങ്ങള്‍ അപകീര്‍ത്തിച്ചുകൊണ്ടുള്ള ഡോക്‌സിംഗ് അടക്കമുള്ളവയും നടത്തും.

ഹിന്ദു ഐടി സെല്‍ തങ്ങളുടെ സൈബര്‍ ഇടത്തിലെ സന്നദ്ധ സേവകരെ ഉപയോഗിച്ച് ആരെയൊക്കെയാണ് ലക്ഷ്യമിടേണ്ടതെന്ന് കണ്ടെത്തും. ഇത്തരക്കാരെ കണ്ടെത്തുന്നതിനായിട്ട് അവരെ നേരിട്ട് അറിയുന്നവരേയോ പ്രഫഷണലായി ബന്ധമുള്ളവരേയോ തൊഴിലുടമയേയോ ടെലഫോണിലൂടേയും നേരിട്ടും ബന്ധപ്പെടുന്ന രീതി അവര്‍ അവലംബിക്കുന്നതായി ഞങ്ങള്‍ക്ക് മനസ്സിലായി. ഇങ്ങനെ ബന്ധപ്പെടുന്നവരെ പ്രകീര്‍ത്തിച്ചോ സമ്മര്‍ദ്ദത്തിലാക്കിയോ ഒക്കെ അവര്‍ ലക്ഷ്യം വെയ്ക്കുന്നവര്‍ക്കെതിരായ നടപടിയ്ക്കു പ്രേരിപ്പിക്കും. ഇതിനൊപ്പം ഇടതടവില്ലാതെ, വളരെ ക്രമബദ്ധമായ തരത്തില്‍ വിഷലിപ്തവും അവഹേളനപരവുമായ ട്രോളിംഗും തൊടുത്തുവിടും.

സെല്ലിന്റെ സ്ഥാപകര്‍ ഇത്തരം സൈബര്‍ ട്രോളിംഗില്‍ നിന്നും അകലം പാലിക്കും. എന്നാല്‍ ഇവര്‍ ഭാഗഭാക്കായിട്ടുള്ള ഓണ്‍ലൈന്‍ ആവാസവ്യവസ്ഥയാകട്ടെ ഇത്തരം പ്രവര്‍ത്തിചെയ്യുന്നവരെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെന്നുംവരില്ല. എന്നാല്‍ സാങ്കേതികാര്‍ത്ഥത്തില്‍ സെല്ലിന് കൈകഴുകാന്‍ ആവുകയും ചെയ്യും.

മറ്റ് പല കേസുകളിലുമെന്ന പോലെ, എഫ്‌ഐആറും മറ്റും സമര്‍പ്പിച്ച് ഐടി സെല്ലിന്റെ പരാതിയിലെ നടപടികള്‍ പോലീസ് അവസാനിപ്പിക്കുകയാണെങ്കില്‍പോലും മെല്ലെയുള്ള നടപടിക്രമങ്ങളിലൂടെ ആരെയാണോ ലക്ഷ്യമിട്ടത് അവര്‍ ഏറെ വര്‍ഷങ്ങള്‍ നിയമവ്യവഹാരത്തില്‍ പെട്ടുപോകുകയും ചെയ്യു. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സുഷ്മിത സിന്‍ഹ എന്ന 26കാരിയായ പത്രപ്രവര്‍ത്തകയുടെ കാര്യം തന്നെ എടുക്കുക. ഹൈന്ദവാഘോഷമായ തീജ് നടക്കുന്ന സമയത്ത് സിന്‍ഹ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം അപ്‌ലോഡ് ചെയ്തു. വടക്കേ ഇന്ത്യയില്‍ ഏറെ പ്രസിദ്ധമായ ഈ ഉത്സവനാളുകളില്‍ സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനായി ഉപവാസം അനുഷ്ടിക്കുന്നതായി അവര്‍ എഴുതി. '' ഈ ഉത്സവ സമയത്ത് സ്ത്രീകളെ വെള്ളം കുടിയ്ക്കാന്‍ പോലും അനുവദിക്കാറില്ല. ഇത് സ്ത്രീവിരുദ്ധവുമാണെന്നു പറഞ്ഞാല്‍ നിങ്ങള്‍ എന്നെ അപഹസിച്ചേക്കും. അതുകൊണ്ട് ഞാനായിട്ട് ഒന്നും പറയുന്നില്ല. ഈ പുസ്തകത്തില്‍ നിന്നും ഒരു പേജ് ഞാന്‍ വായിക്കാം. നിങ്ങള്‍ സ്വന്തമായി തീരുമാനിക്കുക.''ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമല്‍ പുസ്തകാലയ പ്രസിദ്ധീകരിച്ച 'ഹാര്‍ത്താലിക തീജ് വ്രത് കഥ' എന്ന ബുക് ലെറ്റ് അവരുടെ കൈയിലുണ്ടായിരുന്നു.

അവര്‍ ബുക് ലെറ്റില്‍ നിന്നുള്ള ഭാഗം വായിച്ചു.:തീജ് കാലത്ത് വ്രതാനുഷ്ടാനം നടത്തിയില്ലെങ്കില്‍ സ്ത്രീകള്‍ ദരിദ്രകളും തൊട്ടുകൂടാത്തവരും വഴക്കാളികളും പിശുക്കികളും അസന്തുഷ്ടരും ആയിത്തീരുമെന്നു പുസ്തകം അവകാശപ്പെടുന്നു. ഉപവാസ ദിനത്തില്‍ സ്ത്രീകള്‍ ഏത് ഭക്ഷണമാണോ കഴിക്കുന്നത് അനുസരിച്ച് അവര്‍ മൃഗമായി തീരുകയും ചെയ്യുമെന്നും പുസ്തകത്തില്‍ പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അത് വായിച്ചശേഷം സുഷ്മിത തന്റെ കാഴ്ചക്കാരോട് ആരാഞ്ഞു സ്ത്രീവിരുദ്ധമാണോ അല്ലയോ അതെന്ന്. ടോയ്‌ലെറ്റിലെ ടിഷ്യു പേപ്പര്‍ ആക്കാനുള്ള മൂല്യമേ ഈ ബുക് ലൈറ്റിനുള്ളുവെന്ന ചോദ്യവും അവര്‍ ഉയര്‍ത്തി. '' ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിനുവേണ്ടി ഉപവാസവ്രതം അനുഷ്ടിച്ചില്ലെങ്കില്‍ അവര്‍ മൃഗമായിത്തീരും എന്നു പുസ്തകത്തില്‍ അവകാശപ്പെടുന്നതിനെതിരെയുള്ള എന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനുള്ള മറ്റൊരു വഴി മാത്രമായിരുന്നു അത്''സുഷ്മിത പറഞ്ഞു. രണ്ട് മിനിട്ടും 20 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കുനേരെ ഹിന്ദു ഐടി സെല്ല് തിരിഞ്ഞു. ട്രോളുകള്‍ ഇരച്ചെത്തി. ബുക് ലെറ്റ് ടിഷ്യുപേപ്പറായി ഉപയോഗിക്കണമെന്നു പറയുന്ന 17 സെക്കന്റ് ക്ലിപ്പ് വ്യാപകമായി ഷെയര്‍ചെയ്യപ്പെട്ടു. ടിഷ്യു പേപ്പര്‍ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്നും തെല്ല് മാറ്റുന്ന വിധം ട്രിം ചെയ്തിരുന്നു. അത് വൈറലായി. വളരെ വേഗത്തില്‍ വിഷലിപ്തമായ ട്രോളുകള്‍ക്ക് സുഷ്മിത ഇരയാകുകയും ചെയ്തു.

ഹിന്ദു ഐടി സെല്‍ 3.29 ഫോളോവേഴ്‌സുള്ള അവരുടെ ടെലഗ്രാം ചാനലില്‍ വിഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തു. ഇതിനകം അതിന് 2,04,832 വ്യൂസും 16.9 കെ കമന്റുകളും ലഭിച്ചു. സുഷ്മിതയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായുള്ള പരസ്യമായ നിര്‍ദ്ദേശങ്ങളുണ്ടായെന്നു മാത്രമല്ല പരാതി നല്‍കുന്നതിനുള്ള അടിസ്ഥാന ഡ്രാഫ്റ്റും സന്നദ്ധ സേവകര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു. ഇത്തരത്തില്‍ പരാതി നല്‍കിയവരെ 'പോരാളികള്‍' എന്നു ട്വിറ്ററിലും മറ്റും വിശേഷിപ്പിക്കപ്പെടുകയും അവര്‍ക്ക് ഫോളോവേഴ്‌സ് ഉണ്ടാവുകയും ചെയ്തു.

വലതുപക്ഷ വെബ് സൈറ്റുകള്‍ ഐടി സെല്ലിന്റെ ട്വീറ്റുകള്‍ തെരഞ്ഞെടുത്ത് സുഷ്മിതയുടെ പ്രതിച്ഛായയെ മോശമാക്കുന്ന തരത്തിലുള്ള ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെ ഒരു ഹിന്ദി ടെലിവിഷന്‍ ചാനല്‍ അതേക്കുറിച്ച് ഒരു മണിക്കൂര്‍ നീളുന്ന സംവാദ പരിപാടിയും സുഷ്മിതയുടെ വീഡിയോയോ വിശദീകരണമോ പൂര്‍ണമായി നല്‍കാതെ നടത്തുകയുമുണ്ടായി. ട്രോളിംഗ് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു.അവര്‍ക്കു നേരെ കൊലപ്പെടുത്തുമെന്നും ബലാത്സംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയാക്കുമെന്നുമൊക്കെയുള്ള ഭീഷണികളും ഉണ്ടായി. അവരുടെ കുടുംബം സാമൂഹികമായി തിരസ്‌ക്കരിക്കപ്പെട്ടു. അവരുടെ തൊഴില്‍ ദാതാക്കളേയും വിളിച്ചുവരുത്തി.

'''ഐടി സെല്ലിന്‍െ സന്നദ്ധസേവകര്‍ എന്റെ സുഹൃത്തുക്കളെ വിളിക്കുകയും എന്റെ മേല്‍വിലാസം നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നെ വ്യക്തിപരമായി ഉപദേശിക്കുന്നതിനു വേണ്ടിയാണെന്ന് ചങ്ങാതിയോട് പറയുകയും ചെയ്തു. സുഷ്മിത പറഞ്ഞു.'' ഭീഷണി കടുത്തതോടെ ഞാന്‍ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും മാറി''

സുഷ്മിതയ്‌ക്കെതിരായ കാംപെയിന്‍ കൂടുതല്‍ ശക്തമായി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താവ് സാമ്പിത് പാത്ര കാംപെയിനു പിന്തുണയുമായി എത്തി. # അറസ്റ്റ് സുഷ്മിത സിന്‍ഹ ട്വിറ്റര്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗായി.

'ട്വിറ്റര്‍ ട്രെന്‍ഡ് മനസ്സിലാക്കിയതോടെ മനസ്സ് നിരുന്മേഷമായി. അറസ്റ്റ് ചെയ്യപ്പെടുമെന്ന് എനിക്കുറപ്പായിരുന്നു.'സുഷ്മിത പറഞ്ഞു. '' ഞാന്‍ ഒറ്റപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നു തോന്നി.'' സെപ്റ്റംബര്‍ ഏഴിന് സെല്‍ അതിന്റെ അടുത്ത ഇരയെ കണ്ടെത്തുന്നതുവരെ വിഷലിപ്തമായ ട്രോളുകള്‍ തുടര്‍ന്നു. എഥീയിസ്റ്റ് റിപ്പബ്ലിക് ഗ്രൂപ്പിലെ അര്‍മിന്‍ നവാബി എന്നയാളായിരുന്നു അടുത്തത്. ഹിന്ദു ദേവതയുടെ കാരിക്കേച്ചര്‍ 'സെക്‌സി' എന്ന വിശേഷണത്തോടെ നവാബി ട്വീറ്റ് ചെയ്തു. പരാതികള്‍ ഈ വ്യക്തിക്കെതിരെയും ഉയര്‍ന്നു. സുഷ്മിതയ്‌ക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ കാര്യമായി മുന്നോട്ട് പോയില്ല. ആറു മാസത്തിനുശേഷവും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ' പക്ഷെ സംഭവഗതികള്‍ എന്റെ ആത്മവിശ്വാസം കെടുത്തി. പ്രതീക്ഷയറ്റ ശബ്ദത്തില്‍ ടെലഫോണില്‍ അവര്‍ പ്രതികരിച്ചു. '' ഇപ്പോഴും എനിയ്ക്കു ഭയമുണ്ട്. അതെന്നെ ജീവിതത്തിലുടനീളം ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും.'

സുഷ്മിതയുടേത് ഒറ്റപ്പെട്ട സംഭവമല്ല.

ഐടി സെല്‍ അതിന്റെ സ്ഥാപകര്‍ തന്നെ പറയുന്നത് അനുസരിച്ച് 2020 മെയ് മാസം മുതല്‍ 500ലേറെ പരാതികള്‍ നല്‍കുകയുണ്ടായി. ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സംഘടനായണിന്നത്. . 11 സന്നദ്ധ സേവകരുമായി ആരംഭിച്ച സംഘടനയ്ക്ക് 200ലേറെ സജീവ സന്നദ്ധസേവകര്‍ ഇപ്പോള്‍ ഇന്ത്യയിലുടനീളമായിട്ടുണ്ട്. പത്രപ്രവര്‍ത്തകരേയും നിയമജ്ഞരേയും ആക്ടിവിസ്റ്റുകളേയുമൊക്കെ അവര്‍ ലക്ഷ്യമിടുന്നു. (ഈ റിപ്പോര്‍ട്ട് തയാറാക്കുന്ന സംഘത്തിലുള്ള ഒരു പത്രപ്രവര്‍ത്തകനേയും ഹിന്ദു ഐടി സെല്‍ ഒരു ട്വീറ്റിന്റെ പേരില്‍ ലക്ഷ്യമിടുകയുണ്ടായി. )

സ്ഥാപകര്‍

രമേഷ് സോളങ്കിയുടേയും വികാസ് പാണ്ഡേയുടേയും സൃഷ്ടിയാണ് ദ ഹിന്ദു ഐടി സെല്‍.

താനൊരു ''അഭിമാനബോധമുള്ള ഹിന്ദു ദേശീയതാവാദി''യാണെന്ന് രമേഷ് തന്റെ ട്വിറ്ററിലെ ബയോയില്‍ വിശദീകരിക്കുന്നു. ഇന്ത്യന്‍ രജ്പുത് എന്ന ഒരു ബ്ലോഗും അദ്ദേഹത്തിനുണ്ട്. ഐറണി പൂണ്ടതാണ് അതിന്റെ ടാഗ് ലൈന്‍. ''സന്തുഷ്ടിയുടെ രഹസ്യം സ്വാതന്ത്രമാണ്. സ്വാതന്ത്ര്യത്തിന്റെ രഹസ്യമാവട്ടെ ധൈര്യവും.''

1998ല്‍ രമേഷ് ശിവസേനയില്‍ ചേര്‍ന്നു. ഒരു വര്‍ഷക്കാലം അതിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ച ഘട്ടത്തില്‍, 2019ല്‍, അദ്ദേഹം സംഘടന വിട്ടു. ഹിന്ദുത്വ എന്ന ലക്ഷ്യം പക്ഷെ രമേഷിനു കൈവിടാന്‍ കഴിഞ്ഞില്ല. വികാസുമായി ചേര്‍ന്നുള്ള അഭിമുഖത്തില്‍ രമേഷ് അത് വിശദീകരിക്കുന്നുണ്ട്.

ശിവസേനയില്‍ നിന്നും പുറത്തുവന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന ട്വീറ്റില്‍ രമേഷ് ഒരു ഹിന്ദി പഴമൊഴി ഉദ്ധരിക്കുന്നുണ്ട്.'' എലികളാണ് മുങ്ങുന്ന കപ്പലില്‍ നിന്നും ആദ്യം പുറത്തേയ്ക്കു ചാടുന്നത്.'' രമേഷ് തന്നെക്കുറിച്ച് തന്നെയാണോ ഇത്തരത്തില്‍ സൂചിപ്പിക്കുന്നതെന്ന് പറയുക വയ്യ

വികാസ് ഉത്തര്‍ പ്രദേശിലെ ഗൊരക്പ്പൂര്‍ സ്വദേശിയാണ്. ബിജെപിയുടെ ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിലെ അവരുടെ സോഷ്യല്‍ മീഡിയ കാംപെയിന്റെ നടത്തിപ്പില്‍ സഹായിയായിരുന്നു. തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മേദിയുമായും ബിജെപി നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് വികാസ് സാമൂഹ്യമാധ്യമങ്ങളില്‍ അടിയ്ക്കടി പറയുമായിരുന്നു. 2020 നവംബര്‍ 17ന് നരേന്ദ്ര മോദിയും തന്റെ മകനുമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഹിന്ദു ഐടി സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ മോദിയ്ക്കു പിന്തുണ നല്‍കുന്ന ട്വിറ്റര്‍ ഹാന്‍ഡിലും വികാസ് കൈകാര്യം ചെയ്യുന്നു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതെന്ന് രമേഷ് ഓര്‍ത്തെടുക്കുന്നുണ്ട്. '' ലോക്ഡൗണ്‍ കാലത്ത് മഹാഭാരതത്തിന്റേയും രാമായണത്തിന്റേയും സംപ്രേഷണത്തിനുശേഷം ഹിന്ദു ദൈവങ്ങള്‍ക്കുനേരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. അതിനുശേഷം വികാസ് എന്നെ വിളിക്കുകയും നമുക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് പറയുകയും ചെയ്തു.'' അദ്ദേഹം പറഞ്ഞു.'' എനിയ്ക്കറിയാം ജനങ്ങള്‍ എന്നില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ എനിക്കും എന്റേതായ പരിമിതികളുണ്ട്. നമ്മുടെ മതത്തിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരായി 100 ഓളം പരാതികള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. വികാസുമായി ദീര്‍ഘമായി സംസാരിച്ചതിനുശേഷം സമാനചിന്താഗതിക്കാരുമായി ചേര്‍ന്നു നിയമവിധേയമായി ഞങ്ങളുടെ ധര്‍മ്മത്തിനായി പോരാടുന്നതിനായി തീരുമാനിച്ചു. അങ്ങനെയാണ് ഹിന്ദു ഐടി സെല്ല് രൂപപ്പെടുന്നത്.''

രമേഷ് നിരവധി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ടിക് ടോക് ഉപയോക്താക്കള്‍, നെറ്റ് ഫ്‌ളിക്‌സ് ഇന്ത്യ., അഭിനേതാക്കള്‍ തുടങ്ങി ഹിന്ദു വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നവര്‍ക്കെതിരെ. നെറ്റ്ഫ്‌ളിക്‌സിനെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെ രമേഷ്് ഓര്‍മ്മിച്ചെടുത്തു: '' എന്റെ ലക്ഷ്യം ഒരു ദിവസം 2500 ട്വീറ്റുകളുമായി ഇന്ത്യയില്‍ ബോയ്‌ക്കോട്ട് നെറ്റ്ഫ്‌ളിക്‌സ് ട്രെന്‍ഡാക്കുകയായിരുന്നു. രാവിലെ എട്ടു മണിയ്ക്ക് അത് ആരംഭിച്ചു. ഒരു മണിക്കൂറിനകം 70,000-80,000 ട്വീറ്റുകളുമായി അത് ലോകമെങ്ങും ട്രെന്‍ഡ് ആകുകയായിരുന്നു.'

പ്രവര്‍ത്തനരീതി

തങ്ങളുടെ നെറ്റ് വര്‍ക്ക് ഏത് തരത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് രമേഷ് വിശദീകരിച്ചു. ' ഹിന്ദു വിരുദ്ധമെന്ന് ശ്രദ്ധയില്‍പ്പെടുന്ന കാര്യങ്ങള്‍ അവര്‍ ഞങ്ങള്‍ക്ക് ടാഗ് ചെയ്യുന്നു.' സന്നദ്ധസേവകരുടെ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ' ഈ പോസ്റ്റുകള്‍ ഞങ്ങളുടെ കോര്‍ ടീമിന്റെ മുന്നിലെത്തും. അതോടെ അത് സംബന്ധിച്ച ഗവേഷണം ആരംഭിക്കും. ഇത് വെരിഫൈ ചെയ്യപ്പെട്ട ഹാന്‍ഡിലിലുള്ളതാണോ? ഈ വ്യക്തിയുടെ അജന്‍ഡ എന്താണ്? ഇതേ ഹാന്‍ഡിലില്‍ നിന്നും ഹിന്ദു വിരുദ്ധമോ ദേശവിരുദ്ധമോ ആയ ഏതെങ്കിലും മറ്റ് പോസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. കോര്‍ ടീം ഇത് പിന്‍തുടരേണ്ട കേസാണെന്ന് വിലയിരുത്തികഴിഞ്ഞാല്‍ ഈ വ്യക്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടും. സോഷ്യല്‍ മീഡിയയിലൂടെ ഈ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍, ജോലി സ്ഥലം. വിലാസം അടക്കമുള്ളവ തേടും.''

'' അതിനുശേഷം ഞങ്ങളുടെ വക്കീലന്മാര്‍ നിയമനടപടികള്‍ സ്വീകരിക്കും. ചര്‍ച്ചകള്‍ നടത്തി അവര്‍ പരാതി തയ്യാറാക്കും. അത് രണ്ടാം നിരയിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്കു നല്‍കും. അവര്‍ പരാതി നല്‍കും. വ്യക്തിയുടെ വിലാസവും ആഭ്യന്തരമന്ത്രാലയത്തിലെ സൈബര്‍ സെല്ലിന്റെ വിലാസവും അവര്‍ക്ക് കൈമാറും. 20-30 സന്നദ്ധ സേവകര്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖാന്തരമോ പരാതി നല്‍കിക്കഴിയുമ്പോള്‍ അത് സംബന്ധിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ അപ് ലോഡ് ചെയ്യും. തങ്ങളുടെ ഫോളോവര്‍മാരോട് പരാതി സമര്‍പ്പിച്ച സന്നദ്ധസേവകരെ ഫോളോ ചെയ്യാന്‍ ആവശ്യപ്പെടും.' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആഘട്ടത്തിനുശേഷം നിയമനടപടികള്‍ ആരംഭിക്കും. സൈബര്‍ ക്രൈം വെബ് സൈറ്റില്‍ നിന്നും പരാതി പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ എത്തും. പോലീസ് ഞങ്ങളുടെ സന്നദ്ധസേവകരെ സ്‌റ്റേറ്റ്‌മെന്റിനായി വിളിക്കും. സന്നദ്ധ സേവകര്‍ പോലീസിനോട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. '' രമേഷ് പറഞ്ഞു. '' ആദ്യത്തെ ട്വീറ്റുമുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെ സന്നദ്ധസേവകര്‍ ശ്രദ്ധാപൂര്‍വം പിന്‍തുടരും. ആ വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നത് ഉറപ്പാക്കും.'

ഇരകള്‍

2020 ജൂലൈ മാസത്തില്‍ കോമേഡി നടി അഗ്രിമ ജോഷ്വാ മറാത്ത ഭരണാധികാരി ഛത്രപതി ശിവജിയുടെ പ്രതിമയുമായി ബന്ധപ്പെട്ട പഴയ ഒരു വീഡിയോയുടെ പേരില്‍ വളരെ വിഷലിപ്തമായ തരത്തില്‍ ട്രോള്‍ ചെയ്യപ്പെട്ടു. ഹിന്ദു ഐടി സെല്‍ ആ വീഡിയോ ഫ്‌ളാഗ് ചെയ്തു.

കുപ്രസിദ്ധമായ കത്വ കേസില്‍ കുറച്ചുകാലത്തേക്ക് ഹാജരായ ദീപിക രാജാവത്ത് ഹിന്ദു വിരുദ്ധയായി ഐടി സെല്ലിനാല്‍ 2020 ഒക്ടോബറില്‍ മുദ്രചാര്‍ത്തപ്പെട്ടു. ബലാത്സംഗ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് അവര്‍ ഷെയര്‍ .ചെയ്ത പോസ്റ്റര്‍ ഹിന്ദു ഉത്സവമായ നവരാത്രിയെ അധിക്ഷേപിക്കുന്നതരത്തിലുള്ളതാണെന്ന് തെറ്റായി ചിത്രീകരിക്കപ്പെട്ടു. 2020 ഒക്ടോബര്‍ 21ന് രാത്രിയില്‍ വീടിനു പുറത്ത് ആളുകള്‍ തടിച്ചുകൂടിയതിനെത്തുടര്‍ന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായാഭ്യര്‍ത്ഥന നടത്തി. ഐടി സെല്ലിന്റെ ട്രോളിംഗിനാല്‍ പ്രചോദിതരായ ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞു: '' ദീപിക നിങ്ങളുടെ ശവക്കുഴി തോണ്ടും''

വേദനാജനകമായ അനുഭവത്തെ ഓര്‍ത്തെടുത്തുകൊണ്ട് രാജാവത്ത് പറഞ്ഞു.'' ഐടി സെല്ലില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താനിത് ചെയ്യുന്നതെന്ന് തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഓഫീസര്‍ വ്യക്തമായി പറഞ്ഞു. ഇത് രേഖപ്പെടുത്താനായി സ്വേച്ഛയാല്‍ പറയുന്നതാണ്.' എന്നാലിത് നമുക്ക് സ്വന്തം നിലയില്‍ സ്ഥിരീകരിക്കാനാവില്ല.

ഹിന്ദു ദൈവമായ ഹനുമാനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സകീത് കുമാര്‍ എന്ന ദളിത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പത്രപ്രവര്‍ത്തകന്‍ ട്രോള്‍ ചെയ്യപ്പെട്ടു.

''ഒരാഴ്ചയോളം നീണ്ടു ആ വെറുപ്പിന്റെ കാംപെയിന്‍. അതൊരു പേടി സ്വപ്‌നം പോലെ തോന്നിപ്പിച്ചു.'' സകീത് കുമാര്‍ പറഞ്ഞു. '' എനിക്കെതിരെ മാത്രമല്ല, എന്റെ ഗേള്‍ ഫ്രണ്ടിനെതിരേയും അവര്‍ രംഗത്തെത്തി. അവരെന്റെ ജോലിസ്ഥലം ലക്ഷ്യം വെച്ചു. എന്റെ വ്യക്തി ബന്ധങ്ങളെ ലക്ഷ്യമിട്ടു. കണ്ടതെല്ലാം അവര്‍ ലക്ഷ്യമാക്കി. അതിന്റെ ആഘാതത്തില്‍ നിന്നും പുറത്തുവരുന്നതേയുള്ളു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗ ഭീഷണികള്‍ നേരിട്ട അഗ്രിമയാവട്ടെ ട്രോളിംഗിനെ വെട്ടുകിളിക്കൂട്ടത്തോടാണ് ഉപമിച്ചത്. ട്രോളിംഗ് സാമൂഹ്യമാധ്യമങ്ങളിലെ ഒരു രീതിയാണ്. എന്നാല്‍ ഹിന്ദു ഐടി സെല്‍ വ്യക്തമായ ലക്ഷ്യമിട്ട് തുടര്‍ച്ചയായി നടത്തുന്ന ട്രോളിംഗ് ഭീതിപ്പെടുത്തുന്നതാണ്. ഉദാഹരണമായി ഹനുമാന്‍ മന്‍മോഹന്‍ എന്ന പേരിലുള്ള യു ട്യൂബര്‍ ഐടി സെല്‍ ലക്ഷ്യം വെയ്ക്കുന്നവരെ നിന്ദിക്കുന്നതിനായി ട്രോള്‍ വീഡിയോകള്‍ നിര്‍മിക്കുന്നു.

.രമേഷും സംഘടനയും വ്യക്തികളെ ലക്ഷ്യം വെച്ചുള്ള ട്രോളിംഗില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ ന്യായീകരിക്കുകയും ചെയ്തു.

.'' ഞങ്ങള്‍ ട്രോളിംഗിനെ അപലപിക്കുന്നു. പക്ഷെ ഈ ആളുകള്‍ ഇരക്കാര്‍ഡ് കളിയ്ക്കുകയാണ്.'' അദ്ദേഹം പറഞ്ഞു.

അനിമയുടെ കേസ് എടുത്തു കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.'' അവര്‍ എന്താണ് ചെയ്യുന്നതെന്നവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും അവര്‍ മുന്നോട്ടു പോവുകയും ഇരക്കാര്‍ഡ് കളിക്കുകയും ചെയ്തു. '

ഐടി സെല്‍ ഒരു വ്യക്തിയെ ലക്ഷ്യമിട്ട് നടത്തുന്ന ട്രോളിംഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ' അവര്‍ ഹിന്ദുക്കളെ നിന്ദിക്കുമ്പോള്‍ എല്ലാത്തിനും ഒരു പ്രതിക്രീയ ഉണ്ടാകുമെന്ന് ഓര്‍മ്മിക്കണമായിരുന്നു. എല്ലാവരും മഹാത്മഗാന്ധിയുടെ പാത പിന്‍തുടരണമെന്നില്ല. ചിലര്‍ ഭഗത് സിംഗിന്റെ വഴി പിന്തുടര്‍ന്നേക്കാം. ഇതാണ് മുനാവര്‍ ഫറൂഖിയില്‍ സംഭവിച്ചത്.'

സ്റ്റാന്റപ്പ് കൊമേഡിയനായ ഫറൂഖി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു പുതുവര്‍ഷ ദിനത്തില്‍ അദ്ദേഹം സംസാരിക്കാത്ത ഒരു ഷോയില്‍ ഹിന്ദു ദൈവങ്ങളെ നിന്ദിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു മാസക്കാലം ജയിലില്‍ കഴിഞ്ഞ അദ്ദേഹം സുപ്രിം കോടതിയില്‍ നിന്നും ജാമ്യം സമ്പാദിക്കുകയും ചെയ്തു. രമേഷ് മുനാവറിനെതിരെ 2020 ഏപ്രിലില്‍ ഒരു പരാതി ഫയല്‍ ചെയ്യുകയുമുണ്ടായി. മുനാവറിനെ അറസ്റ്റ് ചെയ്യുന്നതിന് എട്ടു മാസം മുന്‍പ്.

'' നിങ്ങള്‍ക്ക് ചിലരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടു ആളുകളുടെ കൈയടി നേടാമെന്നു കരുതുന്നത് ശരിയല്ല. നിങ്ങള്‍ നിന്ദിക്കുകയും കളിയാക്കുകയും ചെയ്യുമ്പോള്‍ അതിന് പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന് ഓര്‍മ്മിക്കണം. ഞങ്ങളുടെ ദൈവങ്ങളെ നിങ്ങള്‍ നിന്ദിക്കുകയില്ലെങ്കില്‍ നിങ്ങളെ ആരും ട്രോളുകയില്ല. കാര്യങ്ങള്‍ അത്രമാത്രം ലളിതം. രമേഷ് മുന്നറിയിപ്പ് നല്‍കി. '' അവരെ നിന്ദിക്കുന്നതിനും ട്രോളുന്നതിനും കാരണം ഞങ്ങളല്ല. നല്ല മനുഷ്യരെ ഞങ്ങള്‍ ലക്ഷ്യം വെയ്ക്കാറില്ല. ഹിന്ദുക്കളേയും ഹിന്ദുത്വത്തേയും ഇന്ത്യയേയും ലക്ഷ്യം വെയ്ക്കുന്നവരെയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

'അതവരുടെ തെറ്റ്' രമേഷ് ട്രോളിംഗിനെ ന്യായീകരിച്ചുകൊണ്ടു ഉറപ്പിച്ചുപറയുന്നു. ''ഞങ്ങള്‍ക്ക് സഹായിക്കാനാവില്ല.''

നിയമ വഴികള്‍

സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശവും മറ്റുള്ളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ അതിലുള്ള നിയന്ത്രണങ്ങളും ഈ രാജ്യത്ത് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്. വ്യക്തികളും സംഘങ്ങളും ഒരു മതത്തേയോ അല്ലെങ്കില്‍ മറ്റൊന്നിനേയോ സംരക്ഷിക്കുന്നതിനായി എന്ന അവകാശവാദത്തോടെ പൊതു ഇടങ്ങളേയും കോടതികളേയും സ്വതന്ത്രമായ ആശയവിനിമയം നിയന്ത്രിക്കുന്നതിനുള്ള ഇടമാക്കി മാറ്റാന്‍ ശ്രമിക്കാറുണ്ട്.

ഇന്ത്യയുടെ ഭരണഘടന സ്വതന്ത്രമായി ആശയം പ്രകാശനം ചെയ്യുന്നതിനുള്ള അവകാശം ഉറപ്പ് നല്‍കുന്നു. എന്നാല്‍ ഭരണഘടന ഇക്കാര്യത്തില്‍ യുക്തിസഹമായ നിയന്ത്രണങ്ങളും മുന്നോട്ടുവെയ്ക്കുന്നു. മതവിശ്വാസത്തെ നിന്ദിക്കുന്നതിനെതിരേയും മതം, വംശം, ഭാഷ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ശത്രുത പ്രോത്സാഹിപ്പിക്കുന്നവരെ ശിക്ഷിക്കുന്നതിനായും ഇന്ത്യന്‍ പീനല്‍കോഡിലെ രണ്ടു വ്യക്തമായ പ്രൊവിഷനുകളുണ്ട്.

ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 153 എ, 295 എന്നി വകുപ്പുകളാണിത്. ഹിന്ദു ഐടി സെല്‍ ആളുകളെ ലക്ഷ്യമിടുമ്പോള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ വകുപ്പുകളെയാണ്. അവരുടെ സന്നദ്ധസേവകര്‍ ഈ വകുപ്പുകള്‍ തങ്ങളുടെ പരാതികളില്‍ പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത് കാണാം.

ഗൗതം ഭാട്ടിയ എന്ന അഭിഭാഷകന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 295 എ എന്നത് മതനിന്ദാ നിയമം(ബ്ലാസ്‌ഫെമി ലോ)യുടെ വകഭേദമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും ഒരു മതത്തേയോ മതവിശ്വാസികളുടെ വികാരത്തേയോ ഏതെങ്കിലും വിഭാഗത്തില്‍ പെട്ട പൗരന്മാരേയോ നിന്ദിക്കുകയെന്ന ബോധപൂര്‍വ്വവും ക്ഷുദ്രവുമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ സെക്ഷന്‍ 295 എ അനുസരിച്ച് കുറ്റം ചാര്‍ത്താനാവും. കോടതി ഉത്തരവില്ലാതെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന കോഗ്നിസബിള്‍ ഒഫന്‍സാണത്. മതം, വംശം, ജന്മസ്ഥലം, വസതി, ഭാഷ തുടങ്ങിയവയുടെ പേരില്‍ വിവിധ വംശങ്ങള്‍ തമ്മില്‍ ശത്രുതയെ രൂപപ്പെടുത്തുന്നതരത്തില്‍ ഒരാള്‍ പ്രവര്‍ത്തിച്ചാല്‍ അതില്‍ കുറ്റം ചാര്‍ത്തുന്നത് സെക്ഷന്‍ 153 എ അനുസരിച്ചാണ്. വിദ്വേഷഭാഷണം തടയുന്നതിനുള്ള വകുപ്പാണിത്.

സെക്ഷന്‍ 295 എയുടെ സാധുത സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഇതിന്റെ ഭരണഘടനാ സാധുത ഇനി ഏഴംഗ സുപ്രിംകോടതി ബഞ്ചിനു മാത്രമേ റെവ്യു ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും ഭാട്ടിയ ചൂണ്ടിക്കാണിക്കുന്നു. 1957ല്‍ സുപ്രിം കോടതി ബഞ്ച് സ്ഥിരീകരിച്ചുവെങ്കിലും മതനിന്ദ നിയമത്തില്‍ കോടതി വ്യത്യസ്ത നിലപാടുകള്‍ പല കാലങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. ഇതിലെ വകുപ്പുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ പല നിയന്ത്രണങ്ങളും സുപ്രിം കോടതി ഉത്തരവുകളിലൂടെ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

ആര്‍ട്ടിക്കള്‍ 19 എ പ്രകാരം സ്വതന്ത്രമായി സംസാരിക്കുന്നതിനും ആശയം പ്രകാശനം ചെയ്യുന്നതിനുമുള്ള ഭരണഘടനാ സ്വാതന്ത്ര്യം ആവര്‍ത്തിച്ചുറപ്പിക്കുമ്പോള്‍ തന്നെ ഈ രണ്ടു വകുപ്പുകളുടെ ദുരുപയോഗത്തെ കുറിച്ചും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സെക്ഷന്‍ 295 എ പ്രകാരം ക്രിക്കറ്റ് കളിക്കാരനായ എംഎസ് ധോണിയ്ക്കതിരെ എടുത്ത കേസില്‍ കോടതി ഇക്കാര്യം വ്യക്തമാക്കുന്നു. 2013ല്‍ ഒരു ബിസിനസ് മാസികയുടെ മുഖചിത്രത്തിലെ ചിത്രീകരണത്തിനെതിരായിട്ടായിരുന്നു കേസ്. 153 എ പ്രകാരം കേസ് എടുക്കുമ്പോള്‍ ബോധപൂര്‍വ്വവും നിന്ദാപരവുമായ ഉദ്ദേശം ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ സാധിക്കണമെന്നും കഴിഞ്ഞ ഡിസംബറില്‍ കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി.

നിയമത്തിന്റെ വ്യാഖ്യാനങ്ങള്‍ മാത്രമല്ല ഹിന്ദു ഐടി സെല്ലിന്റെ ഇരകളെ വിഷമത്തിലാക്കുന്നത്. നമ്മുടെ നാട്ടിലെ നിയമ നടപടിക്രമങ്ങളുടെ ദൈര്‍ഘ്യവും ട്രോളിംഗും തുടര്‍ന്നുണ്ടാകുന്ന ഗൗരവതരമായ ഭീഷണികളും ഒക്കെ അവരെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

'' ഇത്തരം കേസുകളില്‍ ഒരാളുടെ പേരുമാറ്റം(കണ്ടക്റ്റ്) മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതായിട്ടാണ് ആരോപിക്കപ്പെടുന്നത്. '' ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനുമായി ചേര്‍ന്ന് അഭിപ്രായ സ്വാതന്ത്ര്യ കേസുകളില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ അഭിനവ് സെക്കാരി ചൂണ്ടിക്കാണിക്കുന്നു. ''കേവലം തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ജാമ്യം ലഭിക്കാത്ത കുറ്റങ്ങളുടെ പേരില്‍ ജയിലില്‍ അടയ്ക്കുകയുമാണ്. ഇവിടെയാണ് നിയമത്തിന്റെ ദുരുപയോഗം ആരംഭിക്കുന്നത്. അതുകൊണ്ടാണ് എം.എസ് ധോണിയെപ്പോലെ ഒരാള്‍ക്ക് സുപ്രിംകോടതിയില്‍ അഭയം പ്രാപിക്കേണ്ടിവരുന്നതും. നമ്മുടെ പോലീസ് കുറ്റംകൃത്യം ആരോപിക്കപ്പെടുന്ന സംഭവത്തില്‍ ആരോപിതനായ വ്യക്തിയുടെ മനോവ്യാപാരത്തെ ഏത് തരത്തിലാണ് ഇന്‍വെസ്റ്റിഗേറ്റ്ചെയ്യുകയെന്നതും അത് വിചാരണ വേളയില്‍ തെളിയിക്കാന്‍ ആവുമോയെന്നതും പ്രശ്‌നങ്ങളാണ്.''

സക്കീത് കുമാര്‍ കേസില്‍ ഹിന്ദു ഐടി സെല്‍ ഏറ്റവും കുറഞ്ഞത് ആറ് പരാതികള്‍ എങ്കിലും നല്‍കി. എന്നാല്‍ ഇവയില്‍ ഒന്നില്‍ പോലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. മറ്റ് പല കേസുകളിലും നിയമപരിശോധനകളില്‍ പരാതികള്‍ തള്ളപ്പെടുകയായിരുന്നു.

ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകനും ഐടി സെല്ലിന്റെ നിയമോപദേഷ്ടാവുമായ മുകേഷ് ശര്‍മ പറയുന്നു: '' എഫ്‌ഐആര്‍ ചുമത്താതെ 50-60 പരാതികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ കിടക്കുന്നുണ്ട്. അത്തരം കേസുകളില്‍ പോലീസ് മേലധികാരകളെ കണ്ട് നടപടി ആവശ്യപ്പെടും. അവിടേയും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രാദേശിക കോടതികളെ സമീപിച്ച് സിആര്‍പിസി 156(3) വകുപ്പ് പ്രകാരം നടപടി തേടും.' ഒരു പരാതിയില്‍ പോലീസിനോട് അന്വേഷണം ആവശ്യപ്പെട്ട് ഉത്തരവിടാന്‍ മജിസ്‌ട്രേറ്റിന് അവകാശം നല്‍കുന്ന വകുപ്പാണ് 156(3). '' സുഷ്മിത സിന്‍ഹ കേസില്‍ സമാനമായ സംഭവങ്ങളുണ്ടായി. ഡല്‍ഹി പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഞാന്‍ സകീത് കോടതിയെ സമീപിക്കുകയായിരുന്നു.'

അതേസമയം സുഷ്മിത ചൂണ്ടിക്കാട്ടുന്നു. '' ഹിന്ദു ഐടി സെല്‍ ഗോവിന്ദ്പുരി പോലീസ് സ്‌റ്റേഷനില്‍ തനിക്കെതിരെ പരാതി നല്‍കി. എന്നാല്‍ എസ്എച്ച്ഒ എഫ്‌ഐആര്‍ ഇടാന്‍ തയാറായില്ല. പിന്നീടവര്‍ സകീത് കോടതിയെ സമീപിച്ചു. കോടതി അവരോട് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തനിക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹിന്ദു ഐടി സെല്‍ അതിനെതിരെ കോടതിയില്‍ നിലപാട് സ്വീകരിച്ചുവെങ്കിലും ഒക്ടോബറിലേക്ക് ഷെഡ്യൂള്‍ ചെയ്ത കേസില്‍ അവര്‍ ഹിയറിംഗിന് എത്തിയില്ല. ''

ധര്‍മ്മത്തിനു വേണ്ടി

ഹിന്ദു ഐടി സെല്‍ സ്ഥാപകര്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം നിഷേധിക്കുന്നു. ''ദേശീയതയ്ക്കും ഹിന്ദു ധര്‍മ്മത്തിനും'' വേണ്ടി മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറയുന്നു. എന്നാലും അവര്‍ ബിജെപി നേതാക്കളുമായി അടിക്കടി ബന്ധപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ബിജെപി നേതാവ് കപില്‍ മിശ്രയുമൊത്ത് പൗരത്വം കാത്തിരിക്കുന്ന ഹിന്ദു അഭയാര്‍ത്ഥികളുമായി ചേര്‍ന്ന് ദീപാവലി ആഘോഷിക്കുന്നതിനുള്ള കാംപെയിനില്‍ അവര്‍ ഒത്തുചേരുകയുണ്ടായി.

.കൗതുകകരം എന്നുപറയട്ടെ, ആഭ്യന്തരമന്ത്രാലയം 2019 ഓഗസ്റ്റില്‍ സൈബര്‍ ക്രൈം വോളന്റിയര്‍മാരെ നിയമവിരുദ്ധ ഉള്ളടക്ക ഫ്‌ളാഗര്‍മാരായി ക്ഷണിച്ചു- ഐടി സെല്‍ അംഗങ്ങള്‍കണക്കെ. ഓണ്‍ലൈനിലും മറ്റും നടക്കുന്ന ഭീകരവാദവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നാഷണല്‍ സൈബര്‍ക്രൈം ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി. ''സര്‍ക്കാരിന് ഒറ്റയ്ക്ക് എത്രമാത്രം ഇത് ചെയ്യാനാവും?'' ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടികളെ ന്യായീകരിച്ചുകൊണ്ടു രമേഷ് ചോദിക്കുന്നു. ''ഉണര്‍ന്നിരിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഞങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയവുമായി ഒരു ബന്ധവുമില്ല. ഞങ്ങള്‍ അവരോട് പരാതി പറയുകമാത്രമാണ് ചെയ്യുന്നത്.'' അദ്ദേഹം പറഞ്ഞു. തങ്ങളുടെ സെല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള ഇടമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ഉറപ്പിച്ചു.

നവംബര്‍ 2020ന് ആഭ്യന്തരമന്ത്രാലയം നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ വന്ന പരാതിയില്‍ കേസ് എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2.5 ശതമാനം പരാതികളില്‍ മാത്രമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


തന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചുകൊണ്ടു രമേഷ് പറഞ്ഞു. ''Ye kisi ke baap ka bagicha thori na hai jo app ghum ke chale jao. Agar app apman karoge, kisi ko ungali kroge, toh then you have to face it.'

അതിങ്ങനെ ഏതാണ്ട് തര്‍ജ്ജമ ചെയ്യാമെന്ന് തോന്നുന്നു.'' ചുറ്റിക്കറങ്ങി നടക്കാനും ഇറങ്ങിപ്പോകാനും ഇത് നിങ്ങളുടെ പിതാവിന്റെ പൂന്തോട്ടമല്ല. നിങ്ങള്‍ നിന്ദിച്ചാല്‍ വിരല്‍ ചൂണ്ടും. അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിയും വരും.''

ഹിന്ദിയില്‍ ഇത് കൂടി കൂട്ടിച്ചേര്‍ത്തു. ആശയ പ്രകാശനത്തിനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട്. അത് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ അതിനൊരു പരിധിയുണ്ട്. ഞാന്‍ താങ്കളെ അടിക്കുന്നുവെന്ന് വെയ്ക്കുക. അത് ആശയപ്രകാശന സ്വാതന്ത്ര്യമാണോ?

'' അതൊരു നേര്‍ത്ത രേഖയാണ്.ഒരിയ്ക്കല്‍ അത് അതിലംഘിച്ചാല്‍ കുറ്റകൃത്യമാകുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'' എന്തായാലും ഞങ്ങള്‍ ഇത് നിയമപ്രകാരം ചെയ്യുന്നു.''

(സൃഷ്ടി ജസ്വാള്‍, ശ്രീഗിരീഷ് ജലിഹാള്‍ എന്നിവര്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവുമായി ചേര്‍ന്ന് തയാറാക്കിയത്, കടപ്പാട് www.newslaundry.com)