ദുരിതകാലത്തെ ആശ

 
Asha part 2
പാലക്കാട് ജില്ലയിലെ ആശാപ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി  മലയാളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ആദ്യത്തേത് ആശ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ളതാണ്. ഡോ.അര്‍ച്ചന സി.എ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗമാണിത്.  പാലക്കാട്ടെ ആശ വര്‍ക്കര്‍മാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ ഈ ഭാഗത്ത്  കോവിഡ് മഹാമാരിക്കാലത്തെ  പ്രവര്‍ത്തനങ്ങളേയും  നേരിടേണ്ടിവന്ന വെല്ലുവിളികളേയും കൂടുതല്‍ അടുത്ത് നിന്നും പരിശോധിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക.  പത്തു മാധ്യമപ്രവര്‍ത്തകരെയാണ് ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തത്. )

ലോകം 2020 ന് മുമ്പും ശേഷവും എന്ന് വിഭജിക്കപ്പെട്ടപ്പോള്‍ ആശമാരുടെ ജീവിതത്തിലും നിര്‍ണായക വേര്‍തിരിവുണ്ടായി- ആശാജീവിതം; കോവിഡിന് മുമ്പും കോവിഡ് കാലത്തും.അവഗണനകളെയും  മുഖംതിരിക്കലുകളെയും മറികടന്നുകൊണ്ട് മുഴുവന്‍ സമൂഹവും സ്വീകരിക്കുന്ന നിലയിലേക്ക് ആശമാരുടെ ജീവിതം മാറിമറിഞ്ഞതിന് പ്രത്യക്ഷമായോ പരോക്ഷമായോ കോവിഡ് ഒരു കാരണമായി.

ഒരുപക്ഷേ, സാനിറ്റൈസര്‍, ക്വാറന്റൈന്‍, ബ്രേക്ക് ദ ചെയിന്‍, കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്‌സ്‌പോട്ട്, ഐസൊലേഷന്‍ മുതലായ കോവിഡ് അനുബന്ധ പദാവലികള്‍ ഏറ്റവും അധികം ഉപയോഗിക്കുന്നവര്‍ ആശമാരാവാം. രോഗലക്ഷണമുള്ളവരോട് ടെസ്റ്റിന് വിധേയരാവാന്‍ ആവശ്യപ്പെട്ടുകൊണ്ടും, രോഗബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കും ക്വാറന്റൈന്‍ തയ്യാറെടുപ്പുകളെക്കുറിച്ച് അവബോധം നല്‍കിയും ആശമാര്‍ കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നു. വിദേശത്തുനിന്നും അന്യസംസ്ഥാനത്തുനിന്നും എത്തുന്നവരെ നിരീക്ഷിക്കുന്നതിലും ഇവര്‍ മുന്‍കൈയെടുത്തു.  

കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ആശമാര്‍ തങ്ങളുടെ പതിവു കര്‍ത്തവ്യങ്ങളില്‍നിന്നും വ്യതിചലിച്ചില്ല. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും മഹാമാരിയുടെ പിടിയില്‍നിന്നുള്ള പ്രതിരോധകവചം തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിച്ചു. അതുകൊണ്ടുതന്നെയാണ് കോവിഡിന്റെ മുന്നണിപ്പോരാളികളെന്ന് ഭരണകര്‍ത്താക്കള്‍പ്പോലും ആശമാരെ വിശേഷിപ്പിച്ചത്.  

''കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിന്റെ ആശങ്കകള്‍ക്കിടയിലാണ് ഞങ്ങള്‍ പതിവു ചുമതലകളും നിര്‍വഹിക്കുന്നത്.അതിനാല്‍ പലപ്പോഴും നേരിട്ടുപോയി അന്വേഷിക്കേണ്ടതും പരിചരിക്കേണ്ടതുമായ ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും വിവരങ്ങള്‍ ഫോണിലൂടെയാണ് അറിയുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ പിപിഇ കിറ്റും മറ്റ് പ്രതിരോധസാമഗ്രികളും ഉപയോഗിച്ചുകൊണ്ട് ഇത്തരം വ്യക്തികളെ സന്ദര്‍ശിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെയും സന്നദ്ധ സേവകരുടെയും സഹകരണം ലഭിക്കുന്നു. രോഗവാഹകരാവാതിരിക്കാനുള്ള പരമാവധി വ്യക്തിശുചിത്വവും സുരക്ഷാമാര്‍ഗങ്ങളും ഞങ്ങള്‍ സ്വീകരിക്കാറുണ്ട്''. സംസാരത്തില്‍പ്പോലും കനകത്തിന് കോവിഡ് ജാഗ്രത.

''അതിര്‍ത്തി ഗ്രാമമായതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചുമുള്ള വ്യാപാരികളുടെയും യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും മറ്റും ഇടത്താവളം കൂടിയാണ് മുതലമട. യാത്രക്കിടയില്‍ അവശ്യവസ്തുക്കളുടെ ആവശ്യത്തിനായി ഇവര്‍ ഇവിടുത്തെ ചെറുകിട വ്യാപാരസ്ഥാപനങ്ങളെ ആശ്രയിക്കുന്നതിലൂടെ രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ ഈ മേഖലകളിലെ ആളുകള്‍ക്കിടയില്‍ ബോധവത്ക്കരണവും പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കേണ്ടതുണ്ട്.''തന്റെ റെക്കോഡ് പുസ്തകത്തില്‍നിന്ന് കണ്ണെടുക്കാതെ കനകം തുടര്‍ന്നു.

പാലക്കാട് ജില്ലയിലെ ഏതാണ്ട് ആയിരത്തോളം ആശമാര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചെന്നും ചികിത്സാനന്തരം, വീണ്ടെടുത്ത രോഗപ്രതിരോധശേഷിയും പോസിറ്റീവായ മനസ്സുമായി പൂര്‍വ്വാധികം പ്രവര്‍ത്തനസജ്ജരാവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ആശമാര്‍ പറയുന്നു. 2020 മെയ് 27 വരെയുള്ള കണക്കനുസരിച്ച് മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോ ആശമാര്‍ക്ക് കോവിഡിനാല്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്4.

ആശയുടെ നിരാശ

കേന്ദ്ര  സംസ്ഥാന ആരോഗ്യവകുപ്പുകളുടെ മാനവ വിഭവശേഷിയില്‍ ആശമാരുടെ പങ്ക് നിസ്തര്‍ക്കമാണ്. 2020 മാര്‍ച്ച് 24 ന് സംസ്ഥാന ആരോഗ്യവകുപ്പ് കോവിഡ് മഹാമാരിയെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ഒരു മൈക്രോ പ്ലാന്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി അനുയോജ്യമായ നടപടികള്‍ കൈക്കൊണ്ട് പ്രസ്തുതപ്രദേശം രോഗവിമുക്തമാക്കുന്ന  ചുമതലയും ആശമാര്‍ക്ക് നല്‍കിയിരുന്നു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഏത് ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കുന്നതിനും ആശമാര്‍ നിര്‍ബന്ധിതരാണ്. അതേസമയം, ഇവര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിരവധിയാണ്.

''തമിഴ് സംസാരിക്കുന്ന തോട്ടംതൊഴിലാളികളും പട്ടികവര്‍ഗക്കാരും താമസിക്കുന്ന കിഴവന്‍പുത്തൂര്‍, ആലാംപാളയം തുടങ്ങിയ ഉള്‍പ്രദേശങ്ങളില്‍ പരസഹായമില്ലാതെ എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണ്. വലിയ തോട്ടങ്ങള്‍ക്കകത്ത് ഒറ്റപ്പെട്ട് താമസിക്കുന്ന കുടുംബങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത, ഇഴജന്തുക്കള്‍, വന്യജീവികള്‍ എന്നിവയെല്ലാം പ്രശ്‌നമാണ്. പലപ്പോഴും ഭര്‍ത്താവിനോ മക്കള്‍ക്കോ ഒപ്പമാണ് ഈ സ്ഥലങ്ങളിലേക്ക് പോവുന്നത്. മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര കൂടുതല്‍ ദുര്‍ഘടമാണ്. അതിനാല്‍ ഫോണിലൂടെയുള്ള അന്വേഷണം മാത്രമേ സാധ്യമാവൂ. 2008-ല്‍ ആശാജീവിതത്തിന്റെ തുടക്കകാലത്ത് ഇതിനേക്കാള്‍ പ്രതിബന്ധങ്ങളും വെല്ലുവിളികളും നേരിട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഭാഷ ഒരു പ്രതിസന്ധിയായിട്ടില്ല. എങ്കിലും, സാമൂഹികാരോഗ്യ പ്രവര്‍ത്തക എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനെയും വ്യക്തി  പരിസര ശുചീകരണത്തെയും സംബന്ധിച്ച അവബോധം നല്‍കുന്നതിനിടെ അനവധി പരിഹാസങ്ങളും ഒറ്റപ്പെടുത്തലും അനുഭവിച്ചിട്ടുണ്ട്. മഴക്കാല പൂര്‍വ ശുചീകരണവുമായും സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് തടയുന്നതുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.'' ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ തന്റെ ആശാജീവിതത്തിലെ പ്രഥമഘട്ടത്തിലെ അനുഭവങ്ങളുടെ കയ്പ്പ് മുതലമട പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളിലെ ആശയായ ദീപയുടെ വാക്കുകളില്‍ നിഴലിച്ചിരുന്നു.

വാക്‌സീനും 'ആശ'

2021 ന്റെ ആരംഭത്തോടെ ആശമാരുടെ ഉത്തരവാദിത്തങ്ങള്‍ വീണ്ടും വര്‍ധിച്ചു. കോവിഡ് പ്രതിരോധ വാക്‌സീന്‍ മുന്‍ഗണനാക്രമത്തില്‍ വിതരണം ചെയ്യുന്നതില്‍ ആശമാരുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പുവരുത്തി. വാക്‌സീന്റെ ആവശ്യകതയെപ്പറ്റിയും, പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള സംശയദൂരീകരണം നടത്തിയും വാക്‌സീനെ ജനപ്രിയമാക്കുന്നതില്‍ ആശമാരുടെ സേവനം സ്തുത്യര്‍ഹമാണ്. വാക്‌സീന്‍ സംബന്ധിച്ച കൃത്യമായ അവബോധവും പ്രചാരവും നല്‍കുന്നതില്‍ ആരോഗ്യവകുപ്പിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇവര്‍ മുന്‍നിരയിലുണ്ടായിരുന്നു.വാക്‌സീന്‍ ക്യാംപുകളിലേക്ക് നേരില്‍പോയി ക്ഷണിച്ചിട്ടും അതിനോട് മുഖംതിരിച്ചവര്‍ പിന്നീട് വാക്‌സീനായി ആശമാരെ തേടിയെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

''തമിഴ്‌നാട്ടിലേക്ക് നിത്യവും ചരക്കുമായി പോവുന്ന ഡ്രൈവര്‍മാര്‍ക്ക് വാക്‌സീന്‍ മുന്‍ഗണന നല്‍കിയിരുന്നു. ഒരു കാരണവശാലും വാക്‌സീന്‍ സ്വീകരിക്കില്ലെന്ന പിടിവാശിയിലായിരുന്ന ഒരു ഡ്രൈവര്‍ എന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചു. എന്നാല്‍, ഒരു ഡോസ് വാക്‌സീന്‍ എങ്കിലും എടുക്കാത്തവര്‍ക്ക് അതിര്‍ത്തി കടന്ന് യാത്രചെയ്യാനാവില്ലെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം വന്നതോടെ അദ്ദേഹത്തിന് വാക്‌സീന്‍ എടുക്കാതെ നിവൃത്തിയില്ലെന്ന സ്ഥിതിയായി. തുടര്‍ന്ന് അദ്ദേഹം എന്നെ സമീപിക്കുകയും ഒരിക്കല്‍ എന്റെ വാക്കുകളെ അവഗണിച്ചതിന് ക്ഷമ ചോദിക്കുകയും ചെയ്തു. ആശമാരെ അംഗീകരിച്ച ആ വ്യക്തി പിന്നീട് ആശമാരുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്തു.'' ദീപ ആത്മവിശ്വാസത്തോടെ മനസ്സ് തുറന്നു.

നിഷ്പക്ഷമായും വിവേചനരഹിതമായും സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെയും ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുകയും, ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ സംയോജിത വികസനത്തിന്റെ (Inclusive development) പാത തെളിയിക്കുകയാണ് ആശമാരെന്ന് അട്ടപ്പാടിയിലെ ഡോ.ആര്‍.കാര്‍ത്തിക അഭിപ്രായപ്പെടുന്നു. ''ആശമാരുടെ സേവനം ഏറ്റവുമധികം പ്രകീര്‍ത്തിക്കേണ്ടത് കോവിഡ് വാക്‌സിനേഷന് ചുക്കാന്‍ പിടിക്കുന്നതിന്റെ കാര്യത്തിലാണ്. വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി, അതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി, കൃത്യമായ രേഖകള്‍ സഹിതം അവരെ വാക്‌സിനേഷന്‍ സെന്ററിലെത്തിക്കാനും തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആശമാര്‍ രാപ്പകല്‍ കഷ്ടപ്പെടുന്നുണ്ട്. കിടപ്പുരോഗികള്‍ക്കും മറ്റും വീടുകളിലെത്തി വാക്‌സീന്‍ നല്‍കുന്നതിലും ഇവര്‍ ശ്രദ്ധിക്കുന്നു.''   ഡോക്ടറുടെ ബന്ധുവും ഒരു ആശയാണെന്നതിന്റെ അഭിമാനം വാക്കുകളില്‍ പ്രകടമായിരുന്നു.

പുതുപ്പിറവിയുടെ കാവലാള്‍

മാതൃ-ശിശു സംരക്ഷണത്തിന്റെ വക്താക്കളാണ് ആശമാര്‍. തങ്ങളുടെ പ്രവര്‍ത്തനപരിധിയിലെ ഗര്‍ഭിണികള്‍, നവജാതശിശുക്കള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെക്കുറിച്ചുള്ള വ്യക്തമായ കണക്കുകളും വിവരങ്ങളും ആശമാര്‍ സൂക്ഷിക്കുന്നുണ്ട്. ഗര്‍ഭകാല പരിചരണം, സുരക്ഷിത പ്രസവത്തിന്റെ ആവശ്യകത, ആശുപത്രിയില്‍വെച്ചുള്ള പ്രസവത്തിന്റെ പ്രാധാന്യം മുതലായ കാര്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ബോധവത്ക്കരിക്കുന്നതിലൂടെ ആരോഗ്യകരമായ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അടിസ്ഥാനശില പാകുകയാണ് ആശമാര്‍. വീട്ടില്‍വെച്ചുള്ള പ്രസവം പ്രോത്സാഹിപ്പിക്കരുതെന്നും പ്രസവം ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആളുകളെ പ്രേരിപ്പിക്കണമെന്നും ആശമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ അപ്രതീക്ഷിത സാഹചര്യങ്ങളില്‍ വീട്ടില്‍വെച്ചുള്ള പ്രസവം സംഭവിക്കാറുണ്ട്.

''പലപ്പോഴും പട്ടികവര്‍ഗ കോളനികളിലെ ഗര്‍ഭിണികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവാറില്ല. പലരും ഗര്‍ഭവിവരം മറച്ചുവെക്കുന്നു. ഗര്‍ഭസംബന്ധിയായ സങ്കീര്‍ണതകള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് ഞങ്ങളെ അറിയിക്കുന്നത്. ആശുപത്രിയില്‍ പോവാനോ, ഡോക്ടറുടെ സേവനം സ്വീകരിക്കാനോ ഭൂരിഭാഗംപേരും വിമുഖത കാണിക്കുന്നു. അതിനാല്‍ വീട്ടില്‍വെച്ചുള്ള പ്രസവം ഈ പ്രദേശങ്ങളില്‍ സംഭവിക്കുന്നുണ്ട്. എന്റെ ആശാജീവിതത്തില്‍ 2013 ലും 2020 ലും ഇങ്ങനെയുള്ള രണ്ട് പ്രസവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സിന്റെ സഹായത്തോടെയാണ് രണ്ടു പ്രസവവും നടന്നത്.'' ഭയവും ആശങ്കയും നിറഞ്ഞ ആ നിമിഷങ്ങളെ മനോധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാന്‍ കഴിഞ്ഞത് ആശാപദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തില്‍നിന്നും അനുഭവസമ്പത്തില്‍നിന്നുമാണെന്ന് ദീപ പറയുന്നു.

''കോവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയില്‍ 2020 മെയ് 20 നാണ് എന്റെ പ്രവര്‍ത്തനപരിധിയിലുള്ള അംബേദ്കര്‍ കോളനിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതിയുടെ വീട്ടില്‍വെച്ചുള്ള പ്രസവത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നത്. അര്‍ധരാത്രിയോടെ ചെറിയ അസ്വസ്ഥതള്‍ പ്രകടിപ്പിച്ച ആ പെണ്‍കുട്ടിക്ക് പുലര്‍ച്ചയോടെ പ്രസവവേദന ആരംഭിച്ചു. എന്നാല്‍, കോവിഡ് സാഹചര്യമായതിനാല്‍ ആ സമയത്ത് ആംബുലന്‍സോ മറ്റ് വാഹനസൗകര്യങ്ങളോ ലഭ്യമായില്ല. പ്രസവഘട്ടം എത്തിയതിനാല്‍ ആശുപത്രിയിലേക്ക് എത്തിക്കേണ്ട സാഹചര്യം അതിക്രമിക്കുകയും ചെയ്തു. കോവിഡ് പോസിറ്റീവ് കേസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലായിരുന്ന എനിക്ക് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ആശങ്കയുണ്ടായിരുന്നു. പക്ഷേ, രണ്ടു ജീവനുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ പ്രാഥമികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട്, ആശങ്കകളെ അസ്ഥാനത്തുനിര്‍ത്തി സുരക്ഷാക്രമീകരണങ്ങളുമായി ഞാന്‍ ആ വീട്ടിലെത്തി. അപ്പോഴേക്കും പ്രസവഘട്ടം എത്തിയിരുന്നു. ഭാഗ്യവശാല്‍, മറ്റു സങ്കീര്‍ണതകളില്ലാതെ പ്രസവം നടന്നു. പിഎച്ച്‌സി യിലെ സിസ്റ്റര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഞാന്‍ പൊക്കിള്‍ക്കൊടി മുറിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രസവാനന്തര പ്രഥമശുശ്രൂഷകള്‍ ചെയ്യുകയും പെണ്‍കുട്ടിക്ക് മാനസികപിന്തുണ നല്‍കുകയും ചെയ്തു.

മുന്‍പും സമാനമായ സംഭവത്തിന് നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും കോവിഡിന്റെ ആശങ്കകള്‍ പ്രസവമെന്ന സുപ്രധാനഘട്ടത്തില്‍ നമ്മുടെ മനോധൈര്യത്തെ തകര്‍ക്കാനിടയുണ്ട്. ആശമാര്‍ക്ക് ലഭിക്കുന്ന പരിശീലനവും, സമൂഹത്തിനിടയില്‍ പ്രവര്‍ത്തിച്ച അനുഭവവും, ആരോഗ്യവകുപ്പിന്റെയും സമൂഹത്തിന്റെയും പിന്തുണയാലും മാത്രമാണ് ഭയരഹിതമായും ആശങ്കകളില്ലാതെയും ഇത്തരം സവിശേഷവും സങ്കീര്‍ണവുമായ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിച്ചത്.'' ഇടറിയ ശബ്ദത്തോടെ ദീപ ഇത്രയും പറഞ്ഞവസാനിച്ചപ്പോള്‍ അവരുടെ മുഖത്തും വാക്കുകളിലും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ആത്മനിര്‍വൃതിയുടെയും ഭാവങ്ങള്‍ മിന്നിമറിഞ്ഞു. കനകത്തെയും ദീപയെയും കൂടാതെ സലീനയുടെയും സിന്ധുവിന്റെയും പ്രേമയുടെയും ആശാജീവിതത്തില്‍ ഇങ്ങനെ ഒട്ടനവധി അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ട്. പച്ചയായ ജീവിതങ്ങളെ കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ 'കഥകള്‍...'

(അടുത്തഭാഗം: വിവേചനത്തിന്റെ കാണാപ്പുറങ്ങള്‍)

അവലംബം:
4. https://www.newindianexpress.com/states/kerala/2021/may/29/1798-asha-workers-infected-with-covid-19-in-keralaso-far-two-died-2308964.html 2020 sabv 29.

(തൃശ്ശൂര്‍ തിരുവില്ല്വാമല സ്വദേശിനി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസില്‍ അതിഥി അധ്യാപിക. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്.)