ആശയില്‍നിന്നും പ്രത്യാശയിലേക്ക്

 
Asha Workers
പാലക്കാട് ജില്ലയിലെ ആശാപ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം


(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി മലയാളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്. പത്തു മാധ്യമപ്രവര്‍ത്തകരെയാണ് ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തത്. ആശവര്‍ക്കര്‍മാര്‍ നേരിടുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ പഠിച്ച ഡോ.അര്‍ച്ചന സി.എ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇതില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.പാലക്കാട്ടെ ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം മൂന്നു ഭാഗങ്ങളില്‍ പൂര്‍ത്തിയാകും. ആശമാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്  ആദ്യഖണ്ഡം.)


വടക്കഞ്ചേരി- പൊള്ളാച്ചി സംസ്ഥാനപാതയില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ മുതലമടയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ദിനമായ ഞായറാഴ്ചയും വിജനമായ പാതയോരത്തെ വ്യാപാരകേന്ദ്രങ്ങളില്‍ അണുനശീകരണ പ്രവൃത്തിയില്‍ വ്യാപൃതരായിരുന്നു കനകവും ഭര്‍ത്താവും. ''കഴിഞ്ഞ ഒന്നരവര്‍ഷമായി ഒഴിവുദിവസങ്ങളില്ല. നാടിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു; അത്രതന്നെ.'' കിഴക്കന്‍ പാലക്കാട്ടെ നാട്ടുമൊഴിയില്‍ ഇത് പറയുമ്പോള്‍ നൂറ്റാണ്ടിന്റെ മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പങ്കാളിയായതിന്റെ അഭിമാനവും കോവിഡ് മുക്തസമൂഹം സാധ്യമാവുമെന്നുള്ള പ്രതീക്ഷയും കനകത്തിന്റെ കണ്ണുകളില്‍ പ്രതിഫലിച്ചിരുന്നു.

കനകം ഒരു ആശയാണ്; ആലംബര്‍ക്കും നിരാലംബര്‍ക്കും പ്രത്യാശപകരുന്ന ലക്ഷക്കണക്കിന് ആശമാരില്‍ ഒരാള്‍.

ആരാണ് ആശ?

1978-ല്‍ കസഖിസ്ഥാനില്‍ നടന്ന അല്‍മ അറ്റ സമ്മേളനത്തിനുശേഷമാണ് സാമൂഹികാരോഗ്യ പ്രവര്‍ത്തകരുടെ പ്രാധാന്യത്തെക്കുറിച്ച് ലോകം ചിന്തിച്ചുതുടങ്ങിയത്1. ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം 2005 ഏപ്രില്‍ 12 ന് ആരോഗ്യവികേന്ദ്രീകരണം, ഗ്രാമീണാരോഗ്യമേഖലയുടെ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരാണ് ദേശീയ ഗ്രാമീണാരോഗ്യ മിഷന്‍ (National Rural Health Mission) ആരംഭിച്ചത്. ഇതിനു കീഴില്‍ 2006 ല്‍ ആശാ (Accredited Social Health Activist) പദ്ധതിക്ക് തുടക്കമായി. 2013-ല്‍ ദേശീയ ഗ്രാമീണാരോഗ്യ മിഷനും ദേശീയ നഗര ആരോഗ്യ മിഷനും (National Urban Health Mission)സംയോജിച്ച് ദേശീയാരോഗ്യ മിഷന്‍ (National Health Mission) പ്രാബല്യത്തില്‍വന്നു.

തദ്ദേശീയ ആരോഗ്യാസൂത്രണം, സാമൂഹിക ഏകോപനം, പകര്‍ച്ചവ്യാധി പ്രതിരോധം, പ്രാഥമികാരോഗ്യസംരക്ഷണം, ജീവിതശൈലീ രോഗങ്ങള്‍ തടയല്‍, വ്യക്തിഗത -പരിസര ശുചിത്വം, ലഘുലേഖാ വിതരണം, ക്ഷയരോഗ മരുന്ന് വിതരണം, മന്ത് നിവാരണം, ക്യാന്‍സര്‍ നിര്‍ണയവും പ്രതിരോധവും തുടങ്ങിയവയാണ് ആശമാരുടെ പ്രധാന ചുമതലകള്‍. എന്നാല്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താന്‍ അക്ഷീണം പ്രയത്‌നിക്കുന്നു എന്നതാണ് ആശമാരുടെ സുപ്രധാന ഉത്തരവാദിത്തം. ആര്‍ത്തവ ശുചിത്വം, ഗര്‍ഭധാരണം, ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യസംരക്ഷണം, ഗര്‍ഭിണികളുടെ പോഷകാഹാരം ഉറപ്പുവരുത്തല്‍, സുരക്ഷിത പ്രസവം, മുലയൂട്ടല്‍, നവജാതശിശുപരിപാലനം, രോഗപ്രതിരോധ കുത്തിവെപ്പ് എന്നീ കാര്യങ്ങളില്‍ നിതാന്ത ജാഗ്രതയോടെ കര്‍മനിരതരായിരിക്കുന്നവരാണ് ആശമാര്‍. നല്ല ആരോഗ്യശീലങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവത്കരിക്കുന്നതിലൂടെ സാമൂഹികാരോഗ്യത്തിന്റെ കാവല്‍ക്കാരാവുകയാണ് ഇവര്‍.

പഞ്ചായത്തംഗങ്ങളുമായും ആരോഗ്യവകുപ്പ്- അംഗന്‍വാടിജീവനക്കാരുമായും സഹകരിച്ചാണ് ആശമാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രഥമശ്രുശൂഷ നല്‍കുന്നതും വയോജനങ്ങളുടെ മാനസിക -ശാരീരികാരോഗ്യം നിരീക്ഷിക്കുന്നതും ഇവരുടെ പരിഗണനയില്‍ വരുന്നുണ്ട്2. 25 നും 45 നും ഇടയില്‍ പ്രായവും പത്താംക്ലാസ് വിദ്യാഭ്യാസയോഗ്യതയുമുള്ള തദ്ദേശവാസിയെയാണ് ആശയായി തെരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ തുടക്കത്തില്‍ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവയില്‍ ഇളവുനല്‍കിയിരുന്നു. സമൂഹവുമായി മികച്ച രീതിയില്‍ ഇടപഴകുന്നതിനും, ദ്രുതഗതിയില്‍ തീരുമാനമെടുക്കുന്നതിനും, സാമൂഹിക ഏകോപനത്തിനും പ്രാപ്തരാവണം ആശമാര്‍.

എട്ട് മൊഡ്യൂള്‍ പരിശീലനത്തിനുശേഷമാണ് ആശമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. ദേശീയാരോഗ്യ മിഷന്‍, ആശാ പദ്ധതി, പ്രാഥമിക സാമൂഹികാരോഗ്യ സംരക്ഷണം, സാംക്രമിക രോഗബാധ തടയല്‍, പ്രതിരോധ കുത്തിവെപ്പ്, പ്രഥമ ശുശ്രൂഷ, പാലിയേറ്റീവ് കെയര്‍, മാനസികാരോഗ്യ ബോധവത്ക്കരണം, സുരക്ഷിത ലൈംഗികബന്ധം, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, കുടുംബാസൂത്രണം തുടങ്ങിയവയെല്ലാം പരിശീലനത്തിലെ ഉള്ളടക്കങ്ങളാണ്3. ആശമാരുടെ ആശയവിനിമയശേഷി മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ നാനാതുറയിലുള്ളവരുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനും ഈ പരിശീലനം സഹായിക്കുന്നു. ഇതിനു പുറമെ, ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലും പൊതുജനാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട തുടര്‍പരിശീലനങ്ങള്‍ നല്‍കാറുണ്ട്.  

ആയിരം പേര്‍ക്ക് ഒരു ആശ എന്ന നിലയിലാണ് ഗ്രാമങ്ങളില്‍ ആശമാര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ബുധനാഴ്ച്ചകളിലും പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അവലോകനയോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കണം. റിപ്പോര്‍ട്ട് അവതരണം, പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, തുടര്‍മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശമാരെ വിന്യസിക്കല്‍ എന്നിവ പ്രതിമാസ യോഗങ്ങളിലാണ് തീരുമാനിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഘടനയ്ക്കനുസൃതമായി ആശമാരുടെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുകയും അത് വിശകലനം ചെയ്ത് അവലോകനയോഗങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിനൊപ്പം പ്രാദേശികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന  പകര്‍ച്ചവ്യാധികളെക്കുറിച്ചും അത് നേരിടാന്‍ കൈക്കൊണ്ട പ്രതിരോധ നടപടികളെപ്പറ്റിയും ചര്‍ച്ചചെയ്യുന്നു. ഇത്തരത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിവരസ്രോതസ്സായി ആശമാര്‍ മാറുന്നുണ്ട്. സമൂഹത്തെ പൊതുജനാരോഗ്യവുമായി ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയില്‍ ആശാപ്രവര്‍ത്തനം രാജ്യാന്തരതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, ദാരിദ്ര്യനിര്‍മാര്‍ജ്ജനം എന്നിവയും ആശാപദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. സ്ത്രീകളെ മുന്‍നിരയിലെത്തിച്ച് അവരുടെ ജീവിതത്തിന് സാമൂഹിക  സാമ്പത്തിക സുരക്ഷിതത്വം നല്‍കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

Asha Workers
അംഗന്‍വാടിയില്‍വെച്ചുള്ള യോഗത്തില്‍ ആശമാര്‍നമ്മുടെ ആശ

സാമൂഹിക വികസനത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളം. സംസ്ഥാനരൂപീകരണം മുതല്‍ക്കുള്ള കൂട്ടായ പരിശ്രമത്തിന്റെയും ലോകം അംഗീകരിച്ച കേരള വികസന മാതൃകയുടെയും ഫലമായി വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലുണ്ടായ വളര്‍ച്ച ഇവിടുത്തെ മാനവ വിഭവശേഷി വര്‍ധിപ്പിച്ചു. ദേശീയതലത്തിലെ ആശാപ്രവര്‍ത്തനത്തിന്റെ പ്രാഥമികഘട്ടത്തില്‍ത്തന്നെ പദ്ധതിക്കായി കേരളത്തെയും തെരഞ്ഞെടുത്തിരുന്നു. ആരോഗ്യകേരളം എന്ന പേരിലാണ് സംസ്ഥാനത്തെ ദേശീയാരോഗ്യ മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് ഇരുപത്തിയേഴായിരം ആശമാര്‍ കേരളത്തിലുണ്ട്.

കേരളത്തിലെ ഏറ്റവും വലുതും, എന്നാല്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നതുമായ ജില്ലയാണ് പാലക്കാട്. സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ വൈവിധ്യതകളുള്ള ജില്ലയാണിത്. ഭാഷാപരമായി നിരവധി പ്രതിബന്ധങ്ങള്‍ നിലനില്‍ക്കുന്ന പാലക്കാടന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ജിവിതം നയിക്കുന്നവരാണ് ഭൂരിഭാഗവും. മണ്ണില്‍ അധ്വാനിക്കുന്നവരായതിനാല്‍ മറ്റു ശാരീരിക വ്യായാമങ്ങള്‍ അനിവാര്യമല്ലെങ്കിലുംആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന് ഈ പ്രദേശത്ത് വളരെയധികം പ്രസക്തിയുണ്ട്. ഇത്തരം പ്രദേശങ്ങളിലാണ് ആശമാര്‍ക്ക് പ്രാധാന്യം കൈവരുന്നത്. ഈ സാഹചര്യത്തിലാണ് പാലക്കാട് ജില്ലയിലെ ആശമാരുടെ ജീവിതത്തിലൂടെയുള്ള അന്വേഷണം നടത്തിയത്.  2364 ആശമാരാണ് പാലക്കാട് ജില്ലയിലുള്ളതെന്ന് ദേശീയാരോഗ്യ മിഷന്‍ ജില്ലാ കാര്യാലയത്തില്‍നിന്നുള്ള രേഖകള്‍ സൂചിപ്പിക്കുന്നു. 


ആശാപദ്ധതിയുടെ ജില്ലാതല അധികാരശ്രേണി ചുവടെ ചേര്‍ക്കുന്ന വിധമാണ്:

  • ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (ജില്ലാ മെഡിക്കല്‍ ഓഫീസര്‍)
  • ജില്ലാ പ്രോഗ്രാം മാനേജര്‍
  • ജില്ലാ ആശാ കോഡിനേറ്റര്‍
  • പബ്ലിക് റിലേഷന്‍ ഓഫീസര്‍ / ലെയ്‌സണ്‍ ഓഫീസര്‍
  • ആശ


'കനകം' പോലുള്ള ആശമാര്‍

ജില്ലയില്‍ തമിഴ് സംസാരിക്കുന്ന കേരളീയരുള്ളതും തികച്ചും സാധാരണജീവിതം നയിക്കുന്നതുമായ ജനങ്ങള്‍ അധിവസിക്കുന്ന മുതലമടയാണ് കനകത്തിന്റെ കര്‍മമണ്ഡലം. പ്രധാന പാതയില്‍നിന്നും ഉള്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന വീട്ടിലേക്ക് നടക്കുമ്പോഴും വഴിനീളെയുള്ള തദ്ദേശവാസികള്‍ കനകത്തോട് കോവിഡ് പ്രതിരോധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ലേഖിക കനകത്തിന്റെ വീട്ടില്‍ ചെലവഴിച്ച രണ്ട് മണിക്കൂറില്‍ പകുതിസമയവും അവരുടെ ഫോണിന് വിശ്രമമുണ്ടായിരുന്നില്ല. ഓരോ ഫോണ്‍സംഭാഷണത്തിലും സാന്ത്വനത്തിന്റെയും പ്രതീക്ഷയുടെയും സ്വരമായിരുന്നു കനകത്തിന്.

ഇത് കനകത്തിന്റെ മാത്രം ജീവിതമല്ല. മുതലമട ഗ്രാമപ്പഞ്ചായത്തിലെത്തന്നെ ദീപ, സരിത, പട്ടാമ്പിയിലെ പ്രേമ, നെന്മാറയിലെ സലീന, അട്ടപ്പാടിയിലെ സിന്ധു തുടങ്ങിയ എണ്ണമറ്റ ആശമാരുടെ ഓരോ ദിനങ്ങളും ഇങ്ങനെയാണ്. വാതില്‍പ്പടി സേവനം ലഭ്യമാക്കിയും സമൂഹത്തിന്റെയൊന്നാകെ പ്രതീക്ഷയുംപേറിയാണ് ഇവരുടെ ദൈനംദിനജീവിതം. ഇവരെല്ലാം സാധാരണ കുടുംബങ്ങളില്‍നിന്നുള്ളവരാണ്. ഗൃഹസന്ദര്‍ശനത്തിനും, ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും, ആംബുലന്‍സ് സൗകര്യംആവശ്യപ്പെട്ടുമുള്ള നിലയ്ക്കാത്ത ഫോണ്‍വിളികള്‍ ഇവരുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഒന്നരവര്‍ഷമായി. ഇവരുടെ ദിവസത്തിന് ഇരുപത്തിനാല് മണിക്കൂറിന്റെ ദൈര്‍ഘ്യം മതിയാവുന്നില്ല. കണ്ണും കാതും തുറന്നുവെച്ച് സദാ ജാഗരൂകരായിരിക്കുകയാണ് ആശമാര്‍.

(അടുത്തഭാഗം: ദുരിതകാലത്തെ ആശ)

അവലംബം:

1. TissyEruthickal, Role of ASHA workers in Rural development- Special reference to Kottayam district, 2016
2. ASHA- Which way forward? Evaluation of ASHA programme, National Rural Health Mission, 2011.
3. ASHA- Which way forward? Evaluation of ASHA programme, National Rural Health Mission, 2011.

(തൃശ്ശൂര്‍ തിരുവില്ല്വാമല സ്വദേശിനി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസില്‍ അതിഥി അധ്യാപിക. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്.)