വിവേചനത്തിന്റെ കാണാപ്പുറങ്ങള്‍

 
Asha part 3
പാലക്കാട് ജില്ലയിലെ ആശാപ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം


(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി  മലയാളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ആദ്യത്തേത് ആശ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ളതാണ്. ഡോ.അര്‍ച്ചന സി.എ  പാലക്കാട്ടെ ആശ വര്‍ക്കര്‍മാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അവസാന ഭാഗം ആശമാര്‍ക്ക് അഭിമുഖം കാണേണ്ടിവരുന്ന  വിവേചനങ്ങളെക്കുറിച്ചും വേതനം അടക്കമുള്ള കാര്യങ്ങളില്‍ ഉണ്ടാകേണ്ട ഗുണാത്മകമായ മാറ്റങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. ആദ്യരണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം. പത്തു മാധ്യമപ്രവര്‍ത്തകരെയാണ് ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തത്. )

പാലക്കാട് ജില്ലയിലെ ആശമാരില്‍ ഭൂരിഭാഗവും ഒബിസി, എസ് സി - എസ് ടി വിഭാഗത്തില്‍നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ, ഇവരുടെ പ്രവര്‍ത്തനവേളയില്‍ സാമൂഹിക  രാഷ്ട്രീയ  ലിംഗ - സാമ്പത്തികപരമായി പല വെല്ലുവിളികളും നേരിടുന്നുണ്ട്. ആശമാര്‍ നടത്തുന്ന അവബോധ പ്രവര്‍ത്തനങ്ങളും ഉപദേശങ്ങളും മേല്‍സൂചിപ്പിച്ച വേര്‍തിരിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നയിക്കാറുണ്ട്. ക്രമേണ ഇത് കുടുംബവൈരാഗ്യങ്ങളിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഈ രീതിയില്‍ അഹംബോധത്തോടെ അധിക്ഷേപങ്ങള്‍ നടത്തുന്നവര്‍ കൃത്യമായ ലിംഗവിവേചന മനോഭാവത്തോടെയാണ് ആശമാരോട് പെരുമാറുന്നത്. പലപ്പോഴും ആശമാര്‍ സമൂഹത്തില്‍നിന്ന് ബഹിഷ്‌ക്കരണഭീഷണി നേരിടുന്നുമുണ്ട്. ഇവ സമൂഹത്തിലെ അനാരോഗ്യ പ്രവണതകളാണെന്നതില്‍ സംശയമില്ല.

രാജ്യത്താകമാനം, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ആശമാരെ പൊതുവഴിയില്‍വെച്ച് ശാരീരികമായി ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ആശയെ കൈയേറ്റം ചെയ്തതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തത് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ട് ഏറെയായിട്ടില്ല. കേരളത്തിലും തിരുവനന്തപുരത്തുള്‍പ്പെടെ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് സാക്ഷരകേരളത്തിന് അപമാനകരമാണ്5. കഴിഞ്ഞ വര്‍ഷമാണ് ലിസി എന്ന ആശയെ വിദേശത്തുനിന്നെത്തിയ വിവരം അധികൃതരെ അറിയിച്ചുവെന്നാരോപിച്ച് വീട്ടില്‍ക്കയറി ദേഹോപദ്രവം ചെയ്തത്. ഇതില്‍ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ലിസിയെ വിളിച്ച് ആശ്വസിപ്പിക്കുകയും നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ആശമാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം മാനസികമായി തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനോ അവയ്ക്ക് നിയമപരമായ തൊഴില്‍ പരിരക്ഷയോ നല്‍കുന്ന യാതൊരു നിയമസംവിധാനവും നിലവിലില്ല. പ്രാദേശികതലത്തില്‍ കക്ഷിരാഷ്ട്രീയപരമായ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും ആശാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള വിവിധ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് കേന്ദ്ര  സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ ജനങ്ങളിലെത്തിക്കുന്നതും അവബോധം നല്‍കുന്നതിലും ആശമാര്‍ സുസ്ഥിരസേവനം കാഴ്ച്ചവെക്കുന്നു. ഇതിലൂടെ ആശമാര്‍ക്ക് ലഭിക്കുന്ന പൊതുജന സ്വീകാര്യതയെ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ സംഘടനയിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ അപര്യാപ്തതയെ മറികടക്കുന്നതിന് ഉപയോഗിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

വേദനയാവരുത് വേതനം

പൊതുജനാരോഗ്യരംഗത്തിന്റെ സംരക്ഷകരെന്ന നിലയില്‍ ആശാപദ്ധതിയുടെ ആരംഭംതൊട്ട് ആശമാരും മാധ്യമങ്ങളും ഏറെ ചര്‍ച്ചചെയ്യുന്ന വിഷയമാണ് ആശമാരുടെ വേതനം. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍നിന്നുള്ള ആറായിരം രൂപയാണ് നിലവില്‍ ഇവര്‍ക്ക് ലഭിക്കുന്ന ഓണറേറിയം.  ഇതുകൂടാതെ രണ്ടായിരം രൂപ ഫിക്‌സഡ് ഇന്‍സന്റീവായും ആയിരം രൂപ കോവിഡ് ഇന്‍സന്റീവായും സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ഫിക്‌സഡ് ഇന്‍സന്റീവിന് നിരവധി മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും കോവിഡ് സാഹചര്യത്തില്‍ മാനദണ്ഡങ്ങളെ പരിഗണിക്കാറില്ലെന്നാണ് പാലക്കാട് ജില്ലയിലെ ദേശീയാരോഗ്യ മിഷന്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ജനനി സുരക്ഷാ യോജന, പ്രസവ  നവജാത ശിശുസംരക്ഷണം, ഹോം പാലിയേറ്റീവ് കെയര്‍, പ്രതിരോധ കുത്തിവെപ്പ്, പ്രതിമാസ അവലോകനയോഗങ്ങളില്‍ പങ്കെടുക്കല്‍ മുതലായവയാണ് മേല്‍സൂചിപ്പിച്ച മാനദണ്ഡങ്ങള്‍. എന്നാല്‍, ആശമാരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യവും വ്യക്തവുമായ രേഖകളാക്കി, അവയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലെത്തിച്ച്, അവരുടെ അനുമതി ലഭിച്ച്, പണമായി ആശമാരുടെ ബാങ്ക് അക്കൗണ്ടിലെത്തുന്നതിന് നീണ്ട കാലതാമസംതന്നെ നേരിടുന്നു. ഇവയൊന്നും അതാത് മാസങ്ങളില്‍ ലഭിക്കുന്നില്ല. ലഭിക്കുന്ന തുകയാവട്ടെ, ആശമാരുടെ ഇരുപത്തിനാല് മണിക്കൂര്‍ സേവനത്തിന് ആനുപാതികവുമല്ല. വീടുവീടാന്തരം കയറിയിറങ്ങി, സര്‍വേ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നതും, ജനങ്ങളോട് ആശയവിനിമയം നടത്തുന്നതും, കാര്യങ്ങള്‍ രേഖപ്പെടുത്തി അവ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും കഠിനാധ്വാനം ആവശ്യമാണ്. വീട്ടില്‍വെച്ചുള്ള കടലാസുപണികള്‍ക്കും, ഫോണിലൂടെയുള്ള തുടരന്വേഷണങ്ങള്‍ക്കും കുടുംബത്തിന്റെ മാനസികപിന്തുണ കൂടിയേതീരൂ. പല ആശമാരും കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയോടെയും സഹായത്തോടെയുമാണ് തങ്ങളുടെ ജോലികള്‍ പൂര്‍ത്തീകരിക്കുന്നത്. മഹാമാരിയുടെ വര്‍ധിച്ച ആശങ്കകള്‍ക്കിടയില്‍ സ്വജീവിതം പണയപ്പെടുത്തിയാണ് ഇവര്‍ പരാതികളില്ലാതെ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നത്.

ആശാകിരണം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആശമാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. 2015 ജൂലായ് ഒന്നിനാണ് ഇത് പ്രാബല്യത്തില്‍വന്നത്. കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷംരൂപയുടെ ആരോഗ്യപരിരക്ഷ അനുവദിച്ചെങ്കിലും അതെല്ലാം കടലാസില്‍മാത്രമായി ഒതുങ്ങുന്നു.

ആശമാര്‍ക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായി ജോലി നല്‍കുന്നതിനുള്ള വ്യവസ്ഥയുണ്ട്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് പരിശീലനത്തിനുശേഷമാണ് ഈ ജോലി നല്‍കുന്നത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിലാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ പ്രവര്‍ത്തനവും സേവനവും വലിയതോതില്‍ ലഭിക്കുന്നത് എന്നതിനാല്‍ ആശമാരെ ഈ ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നത് അവരുടെ സുരക്ഷിതഭാവി ഉറപ്പുവരുത്തും.ആശാപ്രവര്‍ത്തകരുടെ സേവനവും വേതനവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ഉന്നയിച്ച് 2018 ഡിസംബര്‍ 28 ന് പാര്‍ലമെന്റംഗം എന്‍.കെ.പ്രേമചന്ദ്രന്‍ ദ ആശാവര്‍ക്കേഴ്‌സ് (റെഗുലറൈസേഷന്‍ ഓഫ് സര്‍വീസ് ആന്റ് അതര്‍ ബെനഫിറ്റ്‌സ്) ബില്‍ 2018 കൊണ്ടുവന്നിട്ടുണ്ട്. ഇതിനു മുന്നോടിയായി 2018 ആഗസ്റ്റ് 3 ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യമായും അദ്ദേഹം ആശാപ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിയ്ക്കുകയുണ്ടായി.

കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെയുമുള്ള സംഘടനകള്‍ ആശമാര്‍ക്കുണ്ട്. ഇവരുടെ പ്രവര്‍ത്തനം വിലയിരുത്താനും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍  അധികൃതരുടെ ശ്രദ്ധചെലുത്താനും കൂട്ടായപ്രവര്‍ത്തനത്തിനും സംഘടനകള്‍ സഹായിക്കുന്നു. നവമാധ്യമങ്ങളുടെ ഉപയോഗത്തിലും ആശമാര്‍ ഒട്ടും പിറകിലല്ല. ആശാവര്‍ക്കേഴ്‌സ് കേരള എന്ന ഫേസ്ബുക്ക് പേജിലൂടെ ആശാപ്രവര്‍ത്തകരുടെ ആവശ്യങ്ങളിലേക്ക് പൊതുജനശ്രദ്ധ എത്തിക്കാന്‍ സാധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ യോഗങ്ങളിലും ഇവരുടെ സജീവസാന്നിദ്ധ്യമുണ്ട്. മിനിമം വേതനം ഇരുപത്തിയൊന്നായിരം രൂപയാക്കണമെന്നും കോവിഡ് റിസ്‌ക് അലവന്‍സായി പതിനഞ്ചായിരം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ ആശമാര്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തിയത് ഈയടുത്താണ്. ആശമാരെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരാക്കുക, ഓണറേറിയത്തിന്റെ കുടിശ്ശിക തീര്‍ക്കുക, എല്ലാ മാസവും അഞ്ചാം തിയ്യതിക്കകം വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു6. ഒക്ടോബര്‍ ഒന്നിന് വിവേചന വിരുദ്ധദിനവും ആചരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.  

ആശയെന്ന പ്രത്യാശ

പട്ടികവര്‍ഗ കോളനികളിലുള്ള കുഞ്ഞുങ്ങളിലെ പോഷകാഹാരത്തിന്റെ അപര്യാപ്തത, പെണ്‍കുട്ടികളിലെ ആരോഗ്യക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടതും അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് നടത്തുന്നതുമായ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിന് ആശമാര്‍ നേതൃത്വം നല്‍കുന്നു. ഇതിനോടനുബന്ധിച്ചുള്ള ഗൃഹസന്ദര്‍ശനങ്ങള്‍ക്കിടെ ഈ വിഭാഗക്കാരുടെ  വേദന നിറഞ്ഞ  ജീവിതസാഹചര്യങ്ങള്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ആശമാര്‍ മുന്‍കൈയെടുക്കുന്നുണ്ട്. സാമൂഹികാരോഗ്യം ഉറപ്പുവരുത്തുമ്പോള്‍ത്തന്നെ താഴെത്തട്ടിലുള്ളവരുടെ ജീവിതപ്രശ്‌നങ്ങളെ നേരിട്ട് മനസ്സിലാക്കാനും അനുയോജ്യമായ പരിഹാരങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുവെന്നത് അഭിനന്ദനീയാര്‍ഹമാണ്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന സേവനങ്ങളെ ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിലും,മുഖ്യധാരയിലേക്കുള്ള പ്രവേശനം അപ്രാപ്യമായവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിലും, അവരെ ഇത്തരം ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാക്കുന്നതിലും ആശമാരുടെ ഇടപെടല്‍ ശ്ലാഘനീയമാണ്. സാമൂഹിക  സാമ്പത്തിക  വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയാല്‍ സര്‍ക്കാര്‍ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങള്‍ യഥാസമയം അറിയാതെ പോവുന്നവര്‍ക്ക് ആശമാര്‍  പ്രത്യാശ തന്നെയാണ്. ഈ സവിശേഷ സാഹചര്യത്തില്‍ ആശമാര്‍ പൊതുസമൂഹത്തിന്റെ സുപ്രധാന വിവരസ്രോതസ്സായും മാറുന്നു.

ആശമാരുടെ പ്രവര്‍ത്തനഫലമായി ജനങ്ങള്‍ പൊതുജനാരോഗ്യ സംവിധാനങ്ങളെ നിര്‍ഭയത്തോടെ സമീപിക്കുകയും അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ആശമാരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്. മത  സാമൂഹികപരമായ കാരണങ്ങളാല്‍ രോഗപ്രതിരോധ കുത്തിവെപ്പുകളില്‍നിന്നും അകലംപാലിച്ചിരുന്നവരെ അതിന്റെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തി കുത്തിവെപ്പിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞതും ഇവരുടെ നേട്ടമാണ്. അട്ടപ്പാടി പോലെയുള്ള പാര്‍ശ്വവത്ക്കൃത സമൂഹങ്ങളിലെ സ്തീകള്‍ നേരിടുന്ന അവിഹിത ഗര്‍ഭം, പോഷകാഹാരക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥചിത്രം പുറത്തുകൊണ്ടുവരാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെ കണ്ണും കാതുമായ ആശമാര്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെയും സാമൂഹിക വികസനത്തിന്റെയും വക്താക്കളായി മാറുന്നതിന്റെ ദൃശ്യമായ തെളിവുകളാണിവ.

മറ്റേത് തൊഴിലിലുമുള്ള സാമൂഹിക  സാമ്പത്തിക വെല്ലുവിളികള്‍ ആശമാര്‍ക്കുമുണ്ട്. എന്നാല്‍, വേതനമെന്ന മൂന്നക്ഷരത്തോടുള്ള താല്‍പ്പര്യത്തേക്കാള്‍ ജനങ്ങള്‍ക്കിടയില്‍, അവരില്‍ ഒരാളെന്ന നിലയില്‍, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യമാണ് ആശമാര്‍ക്കുള്ളത്. വേതനം സേവനത്തിലേക്ക് വഴിമാറുന്നതിന്റെയും, അര്‍പ്പണബോധത്തിന്റെയും, വ്യക്തിത്വരൂപീകരണത്തിന്റെയും പേരാണ് ആശ. ഇവിടെ ആശമാരുടെ പേരുകള്‍ അപ്രസക്തമാവുന്നു; ആശമാര്‍ അനാമികരാവുന്നു. മുഴുവന്‍ സമൂഹത്തിനും പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നിടത്തുവെച്ച് ഇവരുടെ പേരുകള്‍ ആശ എന്ന് മാത്രമായി തുടരുന്നു.

അവലംബം:

1. TissyEruthickal, Role of ASHA workers in Rural development- Special reference to Kottayam district, 2016
2. ASHA- Which way forward? Evaluation of ASHA programme, National Rural Health Mission, 2011.
3. ASHA- Which way forward? Evaluation of ASHA programme, National Rural Health Mission, 2011.
4. https://www.newindianexpress.com/states/kerala/2021/may/29/1798-asha-workers-infected-with-covid-19-in-keralaso-far-two-died-2308964.html 2020 മെയ് 29.
5. https://www.firstpost.com/india/coronavirus-outbreak-uttar-pradesh-police-files-fir-against-five-arrests-two-for-manhandling-asha-worker-in-gonda-district-8239651.html
6. https://www.thenewsminute.com/article/delayed-honorariums-no-covid-19-safety-gear-asha-workers-kerala-struggle-148542, മെയ് 9, 2021.

(തൃശ്ശൂര്‍ തിരുവില്ല്വാമല സ്വദേശിനി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസില്‍ അതിഥി അധ്യാപിക. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്.)