സര്‍ക്കാര്‍ അവള്‍ക്കൊപ്പമോ അതോ അവര്‍ക്കൊപ്പമോ?

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത് ആര്‍ക്കുവേണ്ടി?
 
wcc-pinarayi

കൊച്ചിയില്‍ യുവ നടിക്ക് നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ക്രൂരതയ്ക്ക് പിന്നാലെ ഒരു കൂട്ടം സ്ത്രീകള്‍ സിനിമ മേഖലയില്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് ഒപ്പം നില്‍ക്കുന്നുവെന്ന പ്രതിതീ ഒന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നു. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതും അവര്‍ക്ക് മുഖ്യമന്ത്രി പിന്തുണ നല്‍കിയതുമെല്ലാം വാര്‍ത്തകളായതാണ്. 2017 മേയ് 17-ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പരാതി നല്‍കിയതിനു പിന്നാലെ, ഈ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ജസ്റ്റിസ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു.  രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഇത്തരത്തിലൊരു കമ്മീഷനെ നിയോഗിക്കല്‍. സര്‍ക്കാര്‍ നടപടി കേരളത്തിനകത്ത് പുറത്തും പ്രശംസിക്കപ്പെട്ടു. എന്നാല്‍, വര്‍ഷം നാല് ആകാറായിട്ടും മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് പുറത്തു വിടാനോ, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കമ്മീഷനെ നിയോഗിച്ച അതേ മുഖ്യമന്ത്രിക്ക് തന്നെ തുടര്‍ന്നും ഭരിക്കാന്‍ അവസരം കിട്ടിയതും കൂടിയോര്‍ക്കണം. ഇവിടെയാണ് ഒരു സംശയം; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണോ, അതോ അങ്ങനെയൊരു പ്രതിതീ സൃഷ്ടിച്ചുകൊണ്ട് വേട്ടക്കാരെ സംരക്ഷിക്കുകയാണോ?

എന്തുകൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നില്ല എന്നത് വളരെ കാലമായി ഉയരുന്ന ചോദ്യമാണ്. വ്യക്തമായൊരു ഉത്തരം കമ്മീഷന്റെ ഭാഗത്ത് നിന്നോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ കിട്ടിയിട്ടില്ല. അതേസമയം തന്നെ, പരാതിക്കാരെയും ഇരകളെയും അപമാനിക്കുന്ന തരത്തിലുള്ള മറുപടികള്‍ ഉണ്ടാകുന്നുമുണ്ട്. കമ്മീഷന്‍ അംഗമായ നടി ശാരദയുടെ പ്രതികരണം അത്തരത്തിലായിരുന്നു. റിപ്പോര്‍ട്ട് എപ്പോള്‍ പുറത്തുവിടുമെന്നതിനെകുറിച്ചോ, അതിലെ നിര്‍ദേശങ്ങള്‍ എന്താണെന്നതിനെ കുറിച്ചോ സംസാരിക്കാതെ, സിനിമ ലോകത്തുള്ള ചൂഷണങ്ങളെയും അസമത്വങ്ങളെയും ലഘൂകരിക്കുന്ന നിലപാട് എടുക്കുകയായിരുന്നു. 'സെക്ഷ്വല്‍ ഹരാസ്മെന്റ് സിനിമയില്‍ മാത്രമല്ല, ഓഫീസുകളില്‍ ഇല്ലേ? എത്ര ബോറായിട്ടാണ് ഓഫിസുകളില്‍ ആളുകള്‍ പെരുമാറുന്നത്. സിനിമയിലെ പ്രശ്നങ്ങളെ മാത്രം ഹൈലൈറ്റ് ചെയ്യുന്നതില്‍ കാര്യമില്ല. ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലംതൊട്ടുള്ളതാണ് ലൈംഗിക ചൂഷണം. പക്ഷേ, ഞങ്ങളത് പുറത്തു പറയില്ലായിരുന്നു, ഇവര്‍ പറയുന്നുണ്ട്. എന്നാലും അന്ന് ഇത്ര മോശമായിരുന്നില്ല അവസ്ഥ. പക്ഷേ, ഞങ്ങള്‍ പറയില്ലായിരുന്നു. സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ഇതുണ്ട്. ഇനി നിങ്ങള്‍ക്ക് സിനിമ ഇഷ്ടമില്ലെങ്കില്‍ അതുപക്ഷേച്ച് വേറെ ജോലിക്ക് പോവുക. എന്തിനാണ് ഈ ചീത്ത സ്ഥലത്ത് സിനിമ സിനിമ എന്നു പറഞ്ഞു നില്‍ക്കുന്നത്'- എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനോട് ശാരദ സംസാരിച്ചത്.

ആ പേരുകള്‍ പുറത്തു വരുമെന്ന ഭയത്താലാണോ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തത്?

യഥാര്‍ത്ഥ വിഷയത്തെ ഇവര്‍ അഡ്രസ് ചെയ്യാന്‍ മടിക്കുന്നത് എന്തുകൊണ്ടായിരിക്കും? ആക്രമിക്കപ്പെട്ട നടിക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും നീതി നേടിക്കൊടുക്കുമെന്നു പറയുന്ന സര്‍ക്കാരിന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ എന്താണ് മടി? സിനിമയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലേ? എത്രയെത്ര പരാതികള്‍ ഇതിനകം ഉണ്ടായിട്ടും, സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?  മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരമായി കരുതാവുന്നതാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പാര്‍വതി തിരുവോത്ത് പറഞ്ഞ കാര്യങ്ങള്‍. മലയാള സിനിമ ലോകത്തെ പല പ്രമുഖരുടെയും പേരുകള്‍ പുറത്തുവരുമെന്ന ഭയത്താലാണ് ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്നാണ് പാര്‍വതി പറയുന്നത്. അഭിനേത്രികള്‍ തൊട്ട് സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വ്യാപകമായ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും അതിനു പിന്നിലുള്ളവരുടെ പേരുകള്‍ താനടക്കമുള്ളവര്‍ കമ്മീഷനോട് വിശദമായി പറഞ്ഞുകൊടുത്തതാണെന്നും പാര്‍വതി പറഞ്ഞു. എന്നാല്‍ മൊഴി കൊടുത്തവരെ സംരക്ഷിക്കാനെന്ന വ്യാജേന, കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്ന ആക്ഷേപമാണ് പാര്‍വതിക്കുള്ളത്. ' എട്ടോ ഒമ്പതോ മണിക്കൂറുകള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ് പോലും ചെയ്യാതെ എഴുതിയെടുക്കുകയാണ് അവര്‍ ചെയ്തത്. പാര്‍വതിയുടെ പേര് വരല്ലല്ലോ എന്നാണവര്‍ പറഞ്ഞത്, പേര് വന്നാലും കുഴപ്പമില്ല, നീതി കിട്ടിയാല്‍ മതി എന്നാണ് ഞാന്‍ പറഞ്ഞത്. പേര് ചേര്‍ക്കുന്നില്ല എന്നു പറഞ്ഞവര്‍ പിന്നീട് പറയുന്നത് പേര് എഴുതിയിട്ടുണ്ടെന്നാണ്. അതെന്ത് അവകാശത്തിലാണ്? പേര് ഉള്ളതുകൊണ്ട് ഞങ്ങളെ പ്രൊട്ടക്റ്റ് ചെയ്യാന്‍ വേണ്ടി ആ റിപ്പോര്‍ട്ട് മാറ്റി വയ്ക്കുന്നു, എന്തിനാണത്? ഞങ്ങളെ അപമനിക്കലല്ലേയത്? പാര്‍വതി ചോദിക്കുന്നു.

പാര്‍വതി പറഞ്ഞതുപോലെയാണെങ്കില്‍, ആ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സിനിമലോകത്തെ പല പ്രമുഖരുടെയും യഥാര്‍ത്ഥ മുഖം വെളിച്ചത്തു വരും. വലിയ നടുക്കങ്ങള്‍ ഉണ്ടാക്കും. മലയാള സിനിമ മേഖലയില്‍ നടക്കുന്ന സകല വൃത്തികേടുകളും ജനം അറിയും. ആരാധിച്ചിരുന്നവരെ കല്ലെറിയാന്‍ അവര്‍ ഒത്തുകൂടും. ഇതൊക്കെ പേടിക്കുന്നവര്‍ സര്‍ക്കാരിനെ വിലയ്‌ക്കെടുത്തിരിക്കുകയാണോ? നീതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ആര്‍ക്കാണോ വാക്ക് കൊടുത്തത്, അവര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെങ്കില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയല്ലേ വേണ്ടത്?  

എന്തുകൊണ്ടവര്‍ മഞ്ജുവിനെ ഭയപ്പെടുന്നു

പള്‍സര്‍ സുനി എഴുതിയതെന്നു പറയുന്ന കത്തില്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണമുണ്ട്. ഇങ്ങനെയൊരു ആരോപണം തന്നെ ഒരു തരത്തിലും അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് പാര്‍വതി പറയുന്നത്. സെക്സ് റാക്കറ്റ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും, അതിനു പിന്നിലുളളവരെ കുറിച്ചും പേര് വിവരങ്ങള്‍ അടക്കം ഹേമ കമ്മിഷനോട് പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ചൂഷണങ്ങള്‍ നടക്കുന്നത്, ഇരകളായവരെ എങ്ങനെയൊക്കെയാണ് ഭീഷണിപ്പെടുത്തി കുറ്റവാളികള്‍ അവരുടെ വരുതിയില്‍ നിര്‍ത്തുന്നതെന്നതിനെ കുറിച്ചും വിശദമാക്കിയിട്ടുണ്ടെന്നും പാര്‍വതി പറയുന്നു. അങ്ങനെയെങ്കില്‍ ഈ കാര്യങ്ങളൊക്കെ സര്‍ക്കാര്‍ നേരത്തെ തന്നെ മനസിലാക്കിയിട്ടുണ്ടാകും. എന്നിട്ട് എന്ത് നടപടിയെടുത്തു?  

എല്ലാം തുറന്നു പറഞ്ഞ് മുന്നോട്ടു വന്ന കുറച്ച് സ്ത്രീകള്‍ അവരുടെ തൊഴിലിടങ്ങളില്‍ നിന്നും പോലും അകറ്റി നിര്‍ത്തപ്പെടുകയാണ്. അവരുടെ കരിയറും ജീവിതവും ഒരുകൂട്ടര്‍ തകര്‍ക്കുകയാണ്. സ്ത്രീപക്ഷ കേരളമെന്നാണ് സര്‍ക്കാരിന്റെ മുദ്രവാക്യം. എന്നിട്ടും ആ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ ഭരണകൂടം അവഗണിക്കുന്നതെന്താണ്? അവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ ഒളിച്ചുകളിയെന്തിനാണ്? തൊഴില്‍ നഷ്ടപ്പെടുത്തുക മാത്രമല്ല, ജീവന് തന്നെ ഭീഷണി നേരിടുന്നവരാണ് പാര്‍വതിയെ പോലുള്ളവര്‍. പലതും തുറന്നു പറയാന്‍, പല വമ്പന്മാരുടെയും പേരുകള്‍ വെളിപ്പെടുത്താന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും ജീവഭയം മൂലം മടിച്ചു നില്‍ക്കുകയാണവര്‍. അവര്‍ക്ക് സംരക്ഷണവും ധൈര്യവും നല്‍കി കുറ്റവാളികളെ വെളിച്ചത്തില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്, എന്നാല്‍ തങ്ങളെ സംരക്ഷികരിക്കാനോ ഒപ്പം നില്‍ക്കാനോ സര്‍ക്കാര്‍ കാണില്ലെന്ന ഭയമാണ് ആ സ്ത്രീകളില്‍ ഇപ്പോഴുള്ളത്. സമയം കടന്നുപോകുന്തോറും ശത്രുക്കള്‍ കൂടുതല്‍ ശക്തരാവുകയും, ഇരകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. അത് തടയാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കണം; അവള്‍ക്കൊപ്പമാണോ, അതോ അവര്‍ക്കൊപ്പമാണോ?

ശാരദയോടാണ്; സിനിമ ഒരു തൊഴിലാണ്, അതങ്ങനെ ഇട്ടിട്ടുപോകാന്‍ വയ്യെങ്കിലോ?