പാറിപ്പറക്കുന്നതിന് പാവാടയാണോ തടസം? ലിംഗ നിഷ്പക്ഷ യൂണിഫോം വാദങ്ങളും പ്രതിവാദങ്ങളും

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ അംഗീകരിക്കുന്നതിനൊപ്പം തന്നെ തുല്യത വസ്ത്രധാരണത്തില്‍ മാത്രം മതിയോ എന്ന ചോദ്യവും ഉയരുന്നു
 
 
uniform

ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടുമിട്ട് സ്വാതന്ത്ര്യത്തോടെ ഓടിയും കളിച്ചും നടക്കുകയാണ് എറണാകുളം പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര എല്‍. പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഒറ്റനോട്ടത്തില്‍ ആണ്‍-പെണ്‍ വേര്‍തിരിവ് നല്‍കിയിരുന്ന പഴയ യൂണിഫോം മാതൃകകളായ നിക്കര്‍, പാവാട എന്നിവയില്‍ നിന്നും ത്രീ ഫോര്‍ത്തിലേക്കും ടീ ഷര്‍ട്ടിലേക്കുമുള്ള മാറ്റത്തിന്റെ ആഹ്ലാദം ഓരോ കുട്ടിയിലുമുണ്ട്. ലിംഗ നിഷ്പക്ഷ കാഴ്ചപ്പാടിലേക്കുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ ഈ യാത്രയുടെ തുടക്കക്കാര്‍ ആണെന്ന അഭിമാനം സ്‌കൂളിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മുഖത്ത് പ്രകടമാണ്. ആണ്‍, പെണ്‍, ട്രാന്‍സ് എന്നിങ്ങനെ വിവിധ വസ്ത്രങ്ങള്‍ നല്‍കി കുട്ടികളെ വേര്‍തിരിക്കുന്നതിന് പകരം, തുല്യതയുടെ ബോധം നല്‍കി ലിംഗ വ്യത്യാസങ്ങള്‍ ഇല്ലാതെ ഓരോ കുട്ടിക്കും തുല്യതയുടെ സ്വാതന്ത്ര്യത്തോടെ സ്‌കൂള്‍ കാലഘട്ടം ചെലവഴിക്കാന്‍ സാധിക്കണമെന്ന ചിന്തയാണ് യഥാര്‍ഥത്തില്‍ ജെന്‍ഡെര്‍ ന്യൂട്രല്‍ വസ്ത്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.  

അടിച്ചേല്‍പ്പിക്കപ്പെടുന്ന ലിംഗഭേദ പാഠങ്ങള്‍

പാവാടയും ഉടുപ്പുമൊക്കെ ധരിച്ചു സ്‌കൂളുകളിലേക്ക് എത്തുന്ന ചെറിയ പെണ്‍കുട്ടികളില്‍ തന്നെ വസ്ത്രങ്ങളിലെ ജെന്‍ഡര്‍ വേര്‍തിരിവിന്റ ആദ്യപാഠങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്. വീട്ടുകാരില്‍ നിന്നും അധ്യാപകരില്‍ നിന്നുമായി നിരവധി ഉപദേശങ്ങള്‍ ചെറിയ പ്രായത്തിലെ കിട്ടി തുടങ്ങും. 'ഓടുമ്പോഴും ചാടുമ്പോഴും ഉടുപ്പു ദേഹത്ത് നിന്നും മാറിപ്പോക്കാതെ നോക്കണം. കുനിയുമ്പോള്‍ പുറകില്‍ ആരെങ്കിലും നില്‍ക്കുന്നുണ്ടോ എന്ന ശ്രദ്ധയുണ്ടാകണം. ഇരിക്കുമ്പോള്‍ വസ്ത്രം വലിച്ചിടാന്‍ ശ്രദ്ധവേണം'; മുതിര്‍ന്നു തുടങ്ങുന്നതോടെ ഉപദേശങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കും. സ്റ്റെപ്പ് കയറുമ്പോള്‍ ഒതുങ്ങി അറ്റത്തുകൂടി നടന്നു കയറാനും, ഹാഫ് പാന്റ്‌സ് ധരിച്ചതിന് മുകളില്‍ മാത്രം യൂണിഫോം  പാവാട ധരിക്കാനും സൈക്കിള്‍ ചവിട്ടുമ്പോള്‍  ശരീര ഭാഗങ്ങള്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്താനുമായി നിര്‍ദ്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കും. 

പാവാടയില്‍ നിന്നുള്ള മോചനത്തിനായി ചില സ്‌കൂളുകള്‍ പെണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ എത്തിച്ച സന്ദര്‍ഭങ്ങളിലും അപകര്‍ഷത സൃഷ്ടിക്കാനുള്ള വഴികള്‍ കൂടി കൂട്ടിച്ചേര്‍ത്തിരുന്നു. ഷാള്‍ നിശ്ചിത രീതിയില്‍ ധരിക്കാനും, ചുരിദാര്‍ സ്ലീറ്റിന് നല്‍കേണ്ട നിശ്ചിത നീളവും ഉള്‍പ്പടെ  നിയമങ്ങളുടെ ചട്ടക്കൂടുകള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം  ഓരോ സ്‌കൂളിലും എഴുതിചേര്‍ത്തുകൊണ്ടിരുന്നു. കാലം പുരോഗമിക്കുന്നതിന് അനുസരിച്ചെന്ന രീതിയില്‍ ചില സ്‌കൂളുകള്‍ ചുരിദാറിന് ഓവര്‍ കോട്ട് നല്‍കുന്ന രീതികളും തുടങ്ങി. കേരളത്തിന്റെ ചൂടുള്ള കാലാവസ്ഥയില്‍ ഒട്ടും അനുയോജ്യമല്ലാത്ത രീതിയിലുള്ള ഓവര്‍ കോട്ട്  വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഷാളില്‍ നിന്നുള്ള മോചനമായിട്ടാണ് സ്‌കൂള്‍ അധികാരികള്‍ നല്‍കിയത്.  

ആണ്‍-പെണ്‍ വേര്‍തിരിവ് സൃഷ്ടിച്ചിരുന്ന സമയത്ത് തന്നെ ബോധപൂര്‍വം അവഗണിക്കപ്പെട്ട മറ്റൊരു വിഭാഗം കൂടിയുണ്ടായിരുന്നു; ട്രാന്‍സ് വിഭാഗം. ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ നേരിടുന്ന വ്യക്തിത  ബുദ്ധിമുട്ടുകളും അപകര്‍ഷത ബോധവും പൊതുജനങ്ങളും, മാതാപിതാക്കളും, അധികാരികളും പലപ്പോഴും  മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. ചെറിയ പ്രായത്തില്‍ അടിച്ചേല്‍പ്പിക്കലുകള്‍ നല്‍കുമ്പോള്‍ എതിര്‍ക്കുവാനുള്ള ശക്തി ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഉണ്ടാകാറില്ല. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് പോകുന്ന പ്രവണത കൂടുതലായ ട്രാന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും ലിംഗ നിഷ്പക്ഷ യൂണിഫോമുകള്‍ ആശ്വാസമാകനാണ് സാധ്യത. 

'അരുതു'കള്‍ക്ക് കാരണമാകുന്നോ വസ്ത്രങ്ങള്‍?

'ആണ്‍കുട്ടികള്‍ക്ക് ഒരു വസ്ത്രം, പെണ്‍കുട്ടികള്‍ക്ക് വ്യത്യസ്ത  വസ്ത്രം എന്ന രീതി  അവസാനിക്കേണ്ട കാലം അതിക്രമിച്ചു. നമ്മുടെ കാലാവസ്ഥയ്ക്ക് അനുകൂലമായ യൂണിഫോം രീതിയാണ്  ഇവിടെ സ്വീകരിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള യൂണിഫോമാക്കുന്നത് അവര്‍ക്കിടയില്‍ തങ്ങള്‍ ഒന്നാണെന്ന ധാരണ വളര്‍ത്തിയെടുക്കും''-  ലിംഗ നിഷ്പക്ഷ യൂണിഫോമിനെ കുറിച്ചുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍ ബിന്ദുവിന്റെ കാഴ്ച്ചപ്പാടാണ് 2018-ല്‍ പ്രീ -പ്രൈമറി കുട്ടികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നല്‍കിക്കൊണ്ടാണ് വലിയൊരു മാറ്റത്തിന് ആരംഭം കുറിക്കുമ്പോള്‍ വളയന്‍ചിരങ്ങറ സ്‌കൂള്‍ അധികൃതരുടെ മനസിലും ഉണ്ടായിരുന്നത്. 2019 ല്‍ ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസ്സുകളില്‍ കൂടി  ജെന്‍ഡെര്‍ ന്യൂട്രല്‍ വസ്ത്രം നടപ്പിലാക്കി. 743 വിദ്യാര്‍ഥികള്‍ക്ക് ലിംഗ നിഷ്പക്ഷ യൂണിഫോം നല്‍കിക്കൊണ്ട്  കേരളത്തിനു മാതൃക സൃഷ്ടിച്ചു. കുട്ടികള്‍ക്ക് കലാപരമായും കായികപരമായുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വസ്ത്രം ഒരു തടസ്സമായി അനുഭവപ്പെട്ട അവസരത്തിലാണ് ഇങ്ങനെയൊരു ചിന്തയിലേക്ക് സ്‌കൂള്‍ എത്തിച്ചേര്‍ന്നതെന്ന് പ്രധാന അധ്യാപിക സുമ കെ. പി. പറയുന്നു. അധ്യാപകരും രക്ഷകര്‍ത്താക്കളും ആ തീരുമാനത്തിന് പൂര്‍ണ പിന്തുണ കൊടുത്തപ്പോള്‍ വളയന്‍ ചിരങ്ങറ സ്‌കൂളിന് നിര്‍മിക്കാനായത് മഹത്തായൊരു മാതൃകയായിരുന്നു. ഈ മാതൃക മറ്റ് വിദ്യാലയങ്ങളും പിന്തുടരേണ്ടതല്ലേ? വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക-രക്ഷകര്‍ത്താക്കള്‍ക്കും സാമൂഹിക രംഗങ്ങളില്‍ ഉള്ളവര്‍ക്കും എന്താണ് അഭിപ്രായമെന്നു കൂടി അന്വേഷിക്കാം.

വസ്ത്രങ്ങളില്‍ മാത്രമായിപ്പോകരുത് തുല്യത

ലിംഗഭേദം ഇല്ലാക്കേണ്ടത് സമൂഹത്തിലെ ഓരോ മേഖലയിലും അത്യാവശ്യമാണെന്ന അഭിപ്രായമാണ് വിദ്യാര്‍ഥി സമൂഹത്തിന് പൊതുവില്‍. അതേസമയം തന്നെ ''എനിക്കു ഒരു പോലുള്ള വസ്ത്രങ്ങളോട് യാതൊരു യോജിപ്പും ഇല്ല. എനിക്കു വേര്‍തിരിഞ്ഞു നില്‍ക്കുന്നത് തന്നെയാണ് താല്‍പര്യം'  എന്നു ചിന്തിക്കുന്ന മൂവാറ്റുപുഴ നിര്‍മല സ്‌കൂളിലെ ബെന്‍സനെ പോലുള്ളവരും വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ട്. യൂണിഫോമുകളിലെ തുല്യതയോട് യോജിക്കുമ്പോള്‍ തന്നെ, അതില്‍ മാത്രം ചുരുങ്ങിപ്പോകേണ്ടതല്ല തുല്യത വാദം എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം വേണമെന്നാണ് മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആന്‍ മരിയ ബെന്നി പറയുന്നത്. 'എനിക്കു കൂടുതല്‍ എളുപ്പമായി തോന്നുന്നത് ഷര്‍ട്ട് പാന്റ് പോലുള്ള വസ്ത്രങ്ങളില്‍ ആണ്. പാവടയൊക്കെ നല്ല ബുദ്ധിമുട്ടാണ്.അതുകൊണ്ടു പാന്റും ഷര്‍ട്ടും യൂണിഫോം ആണ് എനിക്ക് തല്‍പ്പര്യം. എനിക്കു യോജിപ്പാണ്''. ആന്‍ മരിയയുടെ കാഴ്ച്ചപ്പാടില്‍ നിന്നും വ്യത്യസ്തമാണ്  കോളേജ് വിദ്യാര്‍ത്ഥിയായ അഞ്ജലി ബേബിയുടേത്. ''ഒരുപോലുള്ള വേഷത്തിനോട് ഞാന്‍ എതിര്‍പ്പാണ്.  തുല്യത  മറ്റ് പല കാര്യങ്ങളിലുമാണ് വേണ്ടത്. ഇത്തരം വേഷങ്ങള്‍ ഒരുപോലെ ആക്കുന്നതുകൊണ്ടുള്ള ഒരു തുല്യത ഞാന്‍ പ്രതീക്ഷിക്കുന്നില്ല' എന്നാണ് അഞ്ജലി വ്യക്തമാക്കുന്നത്. കോഴിക്കോട് സ്വദേശിയായ സൈക്കോളജി വിദ്യാര്‍ത്ഥി സിയാര സുരേഷ് യൂണിഫോമിലെ ലിംഗ സമത്വത്തെ പിന്തുണയ്ക്കുമ്പോള്‍ തന്നെ സമൂഹത്തില്‍ എല്ലാക്കാര്യത്തിലും സ്ത്രീ-പുരുഷ തുല്യത വേണമെന്നും വാദിക്കുന്നുണ്ട്. ''തുല്യത പറയുമ്പോള്‍ യൂണിഫോമില്‍ വേര്‍തിരിവ് ഇല്ലാതാക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. അതേസമയം തന്നെ ആണ് കുട്ടികള്‍ക്ക് ഒരു സ്‌കൂള്‍ , പെണ്‍കുട്ടികള്‍ക്ക് മറ്റൊരു സ്‌കൂള്‍ ഇങ്ങനെയുള്ള രീതികളും മാറേണ്ടതുണ്ട്. വേര്‍തിരിച്ചു കാണുന്ന രീതികളൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും തുല്യത വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു''.  യൂണിഫോമുകള്‍ ജെന്‍ഡര്‍ ന്യൂട്രലാക്കുന്നത് പുതിയ തലമുറയെയെങ്കിലും ചെറിയ പ്രായത്തിലെ ലിംഗ സമത്വത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ ഉപകാരപ്പെടുമെന്നാണ് കോളേജ് വിദ്യാര്‍ത്ഥിയായ ആലപ്പുഴ സ്വദേശി സന്ദീപ് ചൂണ്ടിക്കാണിക്കുന്നത്.  സന്ദീപിന്റെ വാക്കുകള്‍;  ''ഇത് വളരെ യോജിപ്പുള്ള ഒരു കാര്യമാണ്. ചെറിയ പ്രായത്തില്‍ കുട്ടികളുടെ മനസ്സില്‍ പല വേര്‍തിരിവുകളും സൃഷ്ട്ടിക്കുന്നത് മുതിര്‍ന്നവര്‍ തന്നെയാണ്. സത്യത്തില്‍ ഇങ്ങനെയുള്ള പല വേര്‍തിരിവുകളും ധരിക്കുന്ന വസ്ത്രത്തിലും കളിക്കുന്ന ഗെയിമുകളിലും വരെ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ വളര്‍ന്നു വരുന്ന പുതിയ തലമുറ എങ്കിലും രക്ഷപെടണമെങ്കില്‍ ഇതുപോലെയുള്ള പല മാറ്റങ്ങളും നടത്തേണ്ടതുണ്ട്.''

യൂണിഫോം ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ കുറിച്ച് ചോദിക്കുമ്പോള്‍, യോജിക്കുന്നവരാണ് അധികമെങ്കിലും വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ആശങ്കളും സംശയങ്ങളും കൂടുതലാണ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും. ''ചെറിയ ക്ലാസ്സുകളില്‍ ഇത് നല്ല കാര്യമായി തോന്നുന്നു. വലിയ ക്ലാസ്സുകളില്‍ എത്തുമ്പോ ഇതൊക്കെ ശരിയാകുമോ എന്നു അറിയില്ല.'' എന്നുള്ള അങ്കമാലിക്കാരി സോമി എന്ന രക്ഷകര്‍ത്താവിനെ പോലെ ആശങ്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. പെരുമ്പാവൂരിലെ പുല്ലുവഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപിക സൂസന്‍ മാത്യുവിന്റെ പ്രതികരണത്തിലും ഇങ്ങനെയൊരു ആശങ്ക കാണാം. ''വളയന്‍ചിറങ്ങര സ്‌കൂളിലെ യൂണിഫോം ആ പ്രായത്തിലുള്ള കുട്ടികളില്‍ നല്ലതാണ്. എന്റെ അഭിപ്രായത്തില്‍ ഒരു 8-ആം ക്ലാസുവരെ ഇത്തരം വസ്ത്രങ്ങള്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ല. പൂര്‍ണ്ണ പിന്തുണയാണ്. എന്നാല്‍ അതിലും മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് ജെന്‍ഡെര്‍ ന്യൂട്രല്‍ വസ്ത്രങ്ങളോട് എനിക്കു യോജിപ്പില്ല. മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് കോട്ട് കൂടി നല്‍കണമെന്നാണ് അഭിപ്രായം'. 

ഇത്തരം ആശങ്കള്‍ വേണ്ടെന്നും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ശരിയായ തീരുമാനമെന്ന് പറയുന്ന അധ്യാപകരും-രക്ഷകര്‍ത്താക്കളും അവരുടെ അനുഭവങ്ങളാണ് അടിസ്ഥാനമാക്കുന്നത്. 'പൂര്‍ണ്ണ പിന്തുണയാണ്. ഞാനൊക്കെ പഠിക്കുന്ന സമയത്ത് പാവാട ധരിക്കുന്നത് കൊണ്ട് ഒത്തിരി ബുദ്ധിമുട്ടുകള്‍ വന്നിട്ടുണ്ട്. ക്ലാസില്‍ പഠിക്കുന്ന എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന വസ്ത്രങ്ങളോട് എനിക്കു പൂര്‍ണ്ണ യോജിപ്പാണ്. പുതിയ തലമുറയെങ്കിലും  രക്ഷപ്പെടട്ടെ'; എന്നായിരുന്നു പുല്ലുവഴി സെന്റ് ജോസഫ് സ്‌കൂളിലെ യു പി വിഭാഗം അധ്യാപിക അച്ചുവിന്റെ പ്രതികരണം, കൂത്താട്ടുകുളത്തുള്ള ജിജോ എല്‍ദോ എന്ന രക്ഷകര്‍ത്താവിനും സമാന അഭിപ്രായമാണ്. ''എനിക്കു യോജിപ്പാണ്. പഠിക്കുന്ന സമയത്തെ ബുദ്ധിമുട്ടുകള്‍ നല്ലപോലെ അറിയാം. നല്ല കാര്യം എന്നാണ് പറയാനുള്ളത്. എല്ലാവരും ഒരുപോലെ വളരട്ടെ''

സമൂഹം എന്തു പറയുന്നു

ജെന്‍ഡെര്‍ ന്യൂട്രല്‍ യൂണിഫോം ചര്‍ച്ചകളോട് യോജിച്ചും വിയോജിച്ചും സമൂഹം പ്രതികരിക്കുന്നുണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക-ചലച്ചിത്ര മേഖലകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളും സമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും പ്രതികരണങ്ങള്‍ നടത്തുകയും ചെയ്യുന്നവരും ലിംഗതുല്യതയ്ക്ക് വസ്ത്രധാരണത്തിലെ വേര്‍തിരിവുകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. അവയില്‍ ശ്രദ്ധേയമായ ചില പ്രതികരണങ്ങള്‍ ചുവടെ കൊടുക്കുന്നു;

ശശി തരൂര്‍: '' യൂണിഫോമിന്റെ ചട്ടകൂട്ടിനുള്ളില്‍ നിന്നുകൊണ്ടു തന്നെ തങ്ങള്‍ക്ക് സൗകര്യപ്രദമായ സ്‌കൂള്‍ യൂണിഫോം ധരിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ടത് ആണ്. ഉദാഹരണത്തിന് പാവാട, ധാവണി,ചുരിദാര്‍, ട്രൗസര്‍, എന്നിവയില്‍ നിന്നും പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സൗകര്യപ്രദമായവ തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടാവണം.പാവാട അവര്‍ക്ക് സൗകര്യ പ്രദമല്ലെങ്കില്‍ അത് ധരിക്കാന്‍ ഒരു പെണ്‍കുട്ടിയെയും നിര്‍ബന്ധിക്കരുത്. അതുപോലെ തന്നെ ആണ്‍കുട്ടികള്‍ സാധാരണ ധരിക്കാറുള്ള പാന്റുകള്‍ ധരിക്കേണ്ടതും പെണ്‍കുട്ടികള്‍ക്ക് ബാധ്യതയായി മാറരുത്.യൂണിഫോമിന്റ ചട്ടകൂട്ടുകള്‍ക്കുളില്‍ നിന്നുകൊണ്ടു തന്നെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്രം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്.          

വിനയ എന്‍ എ: ''ആണ്‍ പെണ്‍ എന്ന രീതിയിലുള്ള യൂണിഫോം രീതി തന്നെ ശെരി അല്ല. ഇവരെക്കൂടാതെ ഇതര വിഭാഗങ്ങളും സ്‌കൂളുകളില്‍ പഠിക്കുണ്ടല്ലോ. അവരെക്കൂടി ഉള്‍ക്കൊള്ളുന്ന ലിംഗ നിക്ഷ്പക്ഷ യൂണിഫോം എന്ന ആശയതോട് പൂര്‍ണ്ണമായിയി യോജിക്കുന്നു.' (കേരള പോലീസില്‍ യൂണിഫോമില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള  വേര്‍തിരിവിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയില്‍  ഹര്‍ജി നല്കിയ പോലീസ് ഉദ്യോഗസ്ഥയാണ് വിനയ  എന്‍ എ)

ഡോക്ടര്‍ ലിസ്സ പുല്‍പ്പറമ്പില്‍ : ''പൂര്‍ണ്ണമായി ഈ ആശയത്തോട് യോജിക്കുന്നു. വിപ്ലവകരമായ മാറ്റത്തെ  സ്വാഗതം ചെയ്യുന്നു.  സ്‌കൂളിനുള്ളില്‍ ജെന്‍ഡര്‍ നിക്ഷ്പക്ഷ യൂണിഫോം അനിവാര്യമായ കാര്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വസ്ത്രത്തിന്റെ പേരില്‍ വിവേചനം പാടില്ല.'(കേരള പിറവിദിനത്തില്‍ ജെന്‍ടെര്‍ പൊളിറ്റിക്‌സ്ന്റ് ഭാഗമായി   ഷര്‍ട്ടും മുണ്ടും ധരിച്ചു സ്‌കൂളില്‍ എത്തിയ അധ്യാപിക.)
   
ആര്യന്‍ രമണി ഗിരിജ വല്ലഭന്‍: ''ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം രീതി വളരെ പുരോഗമനപരമായ ആശയമാണ്. കുട്ടികള്‍ക്ക് ഇഷ്ട്ടമുള്ള യൂണിഫോം ധരിക്കാനുള്ള സ്വാതന്ത്രം നല്‍കണം. പാവാട ധരിക്കാന്‍ ഒരു ആണ്‍കുട്ടിക്ക് ഇഷ്ടമുണ്ടെങ്കില്‍ അതിനു അവസരം വേണം.  ആ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കാനുള്ള മനോഭാവം കൂടി ചുറ്റുമുള്ള സമൂഹത്തിനു വേണം.'(സംവിധായകന്‍, അഭിനേതാവ്)

സംശയങ്ങളും വിയോജിപ്പുകളും

പൊതുവില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തോട് പൂര്‍ണമായി മുഖം തിരിക്കുന്നവര്‍ കുറവാണ്. സ്വന്തം ജീവിത അനുഭവങ്ങളില്‍ സ്‌കൂളുകളില്‍ പാവാടയും ചുരിദാറും ധരിക്കുന്നത് മൂലം നേരിട്ട ബുദ്ധിമുട്ടുകള്‍ സ്ത്രീകളെ ലിംഗ നിഷ്പക്ഷ യൂണിഫോം  എന്ന ആശയത്തിലേക്ക് അടുപ്പിക്കുന്നുണ്ട് . ഇനി വരുന്ന തലമുറകളെങ്കിലും ഒരുപോലെ വളരട്ടെ എന്ന ആശയമാണ് പിന്തുണക്കുന്നവര്‍ക്കുള്ളത്. എങ്കിലും മാറ്റങ്ങള്‍ എത്രത്തോളം മുന്നോട്ട് പോകുമെന്ന സംശയം പലര്‍ക്കും നിലനില്‍ക്കുന്നു. പൂര്‍ണമായ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണ രീതികള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് ഇവരില്‍ അധികവും. കുട്ടികള്‍ വലുതാവുന്നതിന് അനുസരിച്ചു ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ അവര്‍ക്ക് യോജിക്കുമോ എന്ന സംശയമാണിവര്‍ക്ക്. ഒരു പ്രായം വരെ ലിംഗ ന്യൂനപക്ഷ യൂണിഫോം ധരിക്കട്ടെ. ഹൈ സ്‌കൂള്‍ തൊട്ടു മുകളിലേക്കുള്ള വിദ്യാര്‍ത്ഥികളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ യോജിക്കുന്ന വസ്ത്രം ലഭിക്കുമോ എന്നതാണ് ഇവര്‍ക്കുള്ള അഭിപ്രായവും ആശങ്കയും. ഇവരെ കൂടാതെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ള മറ്റൊരു കൂട്ടര്‍ തുല്യത യൂണിഫോമില്‍ മാത്രം ഒതുങ്ങരുതെന്ന വാദക്കാരാണ്. എല്ലാ മേഖലകളിലും ഇതുപോലുള്ള മാറ്റങ്ങളാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

ആണ്‍ പെണ്‍ എന്ന യൂണിഫോം സങ്കല്‍പ്പം ഇല്ലാതെക്കേണ്ട കാര്യമില്ല എന്ന അഭിപ്രായം നിലനില്‍ക്കുന്നവര്‍ക്ക് പ്രധാനമായും പറയാനുള്ളത് വ്യക്തി സ്വതന്ത്രത്തെക്കുറിച്ചാണ്. ആണ്‍ പെണ്‍ എന്ന വേഷങ്ങളില്‍ നിലനില്‍ക്കാന്‍ ഈ കൂട്ടര്‍ തല്‍പര്യപ്പെടുന്നു. ലിംഗ നിക്ഷ്പഷ യൂണിഫോം  അടിച്ചേല്‍പ്പിക്കല്‍ എന്ന ചിന്തയാണ് ഇവരില്‍ സൃഷ്ട്ടിക്കുന്നത്.  
 
സാധാരണ ജനങ്ങളുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ യോജിപ്പിനോടൊപ്പം ചില എതിര്‍ ശബ്ദങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ജെന്‍ഡെര്‍  ന്യൂട്രല്‍ വസ്ത്രം എന്ന പേരില്‍ ആണ്‍കുട്ടികളുടെ വസ്ത്രങ്ങളിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതാണോ പുരോഗമനം എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. ശരിയായ ജെന്‍ഡെര്‍ ന്യൂട്രല്‍ വസ്ത്രധാരമാണ് ലക്ഷ്യമെങ്കില്‍ ഓരോ വ്യക്തിക്കും ആണ്‍ പെണ്‍ ട്രാന്‍സ് വ്യത്യാസമില്ലാതെ പാവടയും, പാന്റും, ധരിക്കാനുള്ള വ്യക്തി സ്വാതന്ത്രം നല്‍കുകയാണ് വേണ്ടത് എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ലിംഗ നിഷ്പക്ഷ യൂണിഫോമിന്റെയും തുല്യതയുടെയും പേരില്‍ പെണ്ണിനെ ആണാക്കി മാറ്റുന്ന രീതികളാണ് ഇപ്പോള്‍ നടക്കുന്നതു എന്നും ഇവര്‍ പറയുന്നു. ആണുങ്ങളെ അനുകരിച്ചു ജീവിക്കുന്നതില്‍ തുല്യത ഇല്ലെന്നും ഇവയൊക്കെ തൊലിപ്പുറമേയുള്ള ചികില്‍സ മാത്രമായി മാറുകയാണെന്നും ഇവര്‍ കണ്ടെത്തുന്നു. 
 
വ്യക്തിസ്വാതന്ത്ര്യത്തില്‍ ലിംഗഭേദം പാടില്ല

ജെന്‍ഡര്‍ വേര്‍തിരിവുകളില്ലാത്ത നല്ല  നാളേക്കുള്ള യാത്രയിലാണ് ഇന്നത്തെ സമൂഹം. എഞ്ചിനീയറിംഗ് ലാബുകള്‍ക്കും മെഡിക്കല്‍ ഓപ്പറേഷന്‍ തിയറ്ററുകളിലും ഒരുപോലെ വസ്ത്രം ധരിക്കാന്‍ സാധിക്കുമെങ്കില്‍ മറ്റ് മേഖലകളിലും ഇത് സാധ്യമായ കാര്യമായി വിലയിരുത്തപ്പെടുന്നു. ആണ്‍, പെണ്‍,ട്രാന്‍സ് വസ്ത്ര വിവേചനങ്ങള്‍ ഇല്ലാതാവേണ്ടത് സമൂഹത്തിന്റെ പുരോഗതിയുടെ  ആവശ്യമാണ്. പുരോഗമനപരമായ ആശയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഓരോ  വ്യക്തിയുടെയും സ്വാതന്ത്രം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിര്‍ബന്ധിതമായ അടിച്ചേല്‍പ്പിക്കലുകള്‍ക്ക് പകരം ഓരോ വ്യക്തിയുടെയും അഭിപ്രായവും അവകാശവും ബഹുമാനിച്ചുള്ള രീതികളാണ് നടപ്പിലാകേണ്ടത്. സ്വന്തം വസ്ത്ര രീതികള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഓരോരുത്തര്‍ക്കും ലഭിക്കേണ്ടതാണ്. മുന്‍ ലോക മാതൃകകളില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വലിയ ലക്ഷ്യത്തിലേക്കുള്ള യാത്ര ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട് എന്നു തന്നെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ചര്‍ച്ചകളില്‍ നിന്നും കേള്‍ക്കുന്ന ശ്രദ്ധേയമായ വിലയിരുത്തലുകള്‍.