പ്രണയത്തിന്റെ പേരുപറഞ്ഞ് പെണ്‍കുട്ടികളെ കൊന്നു കളയുന്ന കേരളം

നടുറോഡില്‍വച്ചു, വീടിനകത്ത് കയറി ചെന്നുമൊക്കെയാണ് പെണ്‍കുട്ടികളെ തീയിലെരിച്ചും വെട്ടിനുറുക്കിയും ഇല്ലാതാക്കുന്നത്.
 
love victims

ആണിന്റെ ' പ്രണയം'  പെണ്ണിനെ കൊല്ലുന്ന ക്രൂരതയ്ക്ക് ഒരു ഇര കൂടി. ഇത്തവണ കൃഷ്ണപ്രിയയെന്ന 22 കാരിയുടെ ജിവനെടുത്താണ് 'പ്രണയപ്പക' പ്രതികാരം തീര്‍ത്തത്. കോഴിക്കോട് തിക്കോടിയില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വച്ച്, താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ നന്ദകുമാര്‍ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വയം തീകൊളുത്തിയ നന്ദകുമാറും കൊല്ലപ്പെട്ടു.

കൃഷ്ണപ്രിയയുമായി സൗഹൃദത്തിലായിരുന്ന നന്ദകുമാര്‍, തന്നെ ഒഴിവാക്കുമോയെന്ന ഭയത്തിലാണ് ഒരു നിര്‍ദ്ധന കുടുംബത്തിലെ പ്രതീക്ഷയായിരുന്ന കൃഷ്ണപ്രിയയെ അരുംകൊല ചെയ്‌തെന്നാണ് മാധ്യമ വാര്‍ത്തകളില്‍ പറയുന്നത്. കൃഷ്ണപ്രിയയ്ക്കുമേല്‍ നിര്‍ബന്ധങ്ങളുടെയും നിബന്ധനകളുടെ ഭാരം അടിച്ചേല്‍പ്പിച്ചിരുന്ന നന്ദകുമാറിന്, തന്റെ എതിര്‍പ്പ് വകവയ്ക്കാതെ പഞ്ചായത്ത് ഓഫിസില്‍ കിട്ടിയ താത്കാലികമായി കിട്ടിയ പ്ലാനിംഗ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റിന്റെ ജോലിക്ക് പോയതാണ് ആ പെണ്‍കുട്ടിയ്ക്ക് മരണശിക്ഷ വിധിക്കാന്‍ പ്രേരകമായത്. എംഎസ് സി ബിരുദധാരിയായ കൃഷ്ണപ്രിയയെ സംബന്ധിച്ച് ആ ചെറിയ ജോലി തന്റെ കുടുംബ പ്രാരാബ്ദങ്ങള്‍ ചെറുതായെങ്കിലും പരിഹരിക്കാനുള്ള മാര്‍ഗമായിരുന്നു. അച്ഛന്‍ മനോജന്‍ ഹൃദയസംബന്ധമായ അസുഖത്താല്‍ ബുദ്ധിമുട്ടുന്ന വ്യക്തിയാണ്. അനുജന്‍ വിദ്യാര്‍ത്ഥിയാണ്. ഈ മാസം ഒമ്പതാം തീയതിയായിരുന്നു കൃഷ്ണ പ്രിയയ്ക്ക് ജോലി ശരിയായത്. 

പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കത്തിച്ചും കുത്തിയും കൊല്ലുന്നത് കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. നടുറോഡില്‍വച്ചു, വീടിനകത്ത് കയറി ചെന്നുമൊക്കെയാണ് ' കാമുകന്മാര്‍' പെണ്‍കുട്ടികളെ തീയിലെരിച്ചും വെട്ടിനുറുക്കിയും ഇല്ലാതാക്കുന്നത്. ഒരു പെണ്‍കുട്ടി പ്രണയം നിരസിച്ചാല്‍, വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞാല്‍ മറുപടി മരണമാണ്.

നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന പ്രണയവും വൈവാഹിക ജീവിതവും. അവിടെ തിരിച്ചിടിയുണ്ടായാല്‍, തന്റെ ആഗ്രഹം നിഷേധിച്ചവളെ ക്രൂരമായി കൊലപ്പെടുത്തുന്ന ക്രൂരത; വിദ്യാര്‍ത്ഥികള്‍ തൊട്ട് മധ്യവയസ്‌കര്‍ വരെ പ്രയോഗിക്കുന്ന ഈ ക്രൂരത തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് കേരളത്തില്‍. എന്തുകൊണ്ട് മലയാളി പുരുഷബോധം ഇത്രമേല്‍ അധപതിച്ചു എന്നു ചോദ്യത്തിന് നാം ഉത്തരം തേടുന്നേയില്ല. ഒരോ സംഭവവും ഒറ്റപ്പെട്ടത് എന്ന നിലയില്‍ കണ്ട് കൈയൊഴിയുമ്പോഴാണ് ഇവിടെ ഓരോരോ പെണ്‍ശരീരങ്ങളായി വെട്ടിയറക്കപ്പെട്ടും കത്തിക്കരിഞ്ഞും നമുക്ക് മുന്നിലേക്ക് വന്നു വീഴുന്നത്.

രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് പാല സെന്റ്.തോമസ് കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കാമ്പസിനകത്തിട്ട് കഴുത്തറത്ത് കൊന്നത്. നിലത്തു പിടിച്ചുകിടത്ത് ഹാക്‌സോ ബ്ലേഡ് കൊണ്ട് കഴുത്തിലെ ഞരമ്പ് അറത്താണ് നിതിന മോള്‍ എന്ന 22 കാരിയെ അഭിഷേക് ബൈജു എന്ന 20 കാരന്‍ ഇല്ലാതാക്കിയത്. ആ കൊലയ്ക്ക് മൂന്നു മാസം മുമ്പാണ് 21കാരി ദൃശ്യയെ വീടിന്റെയുള്ളില്‍ കയറി കുത്തിക്കൊന്നത്. രക്ഷിക്കാന്‍ ശ്രമിച്ച ദൃശ്യയുടെ സഹോദരിയെയും പ്രതിയായ നിതീഷ് കുത്തിപ്പരുക്കേല്‍പ്പിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പുലര്‍ച്ചെ വീടിനകത്ത് അതിക്രമിച്ച് കയറി പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്നത്.  


2019 ലാണ് തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിത എന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നതും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. ആ സംഭവം നടന്ന് 13 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് തൃശൂരിലും സമാനമായ കൊല നടന്നത്. മാര്‍ച്ച് പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് കവിതയെ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്. തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോളജി കോഴ്‌സ് പഠിച്ചുകൊണ്ടിരുന്ന കവിത ക്ലാസ്സിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്. വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും എത്തിച്ച പെണ്‍കുട്ടി ഒമ്പതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്. ഒടുവില്‍ മാര്‍ച്ച് 20 ന് വൈകീട്ട് ആറു മണിയോടെ മരണത്തിനു കീഴടങ്ങി. തിരുവല്ലയിലെ സംഭവത്തിന്റെ ആവര്‍ത്തനം പോലെയാണ് തൃശൂരില്‍ ബിടെക് വിദ്യാര്‍ത്ഥിനി നീതു കൊല്ലപ്പെടുന്നതും. നിധീഷ് എന്ന ചെറുപ്പക്കാരന്‍ വീടിനകത്ത് ചെന്ന് നീതുവിനെ കുത്തി വീഴ്ത്തിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചാണ് കൊന്നത്. അമ്മ നേരത്തെ മരിച്ചു പോയ, അച്ഛന്‍ ഉപേക്ഷിച്ചു പോയ നീതു അമ്മുമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ബിടെക് പൂര്‍ത്തിയാക്കി ഒരു നല്ല ജോലി സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിച്ചിരുന്നവള്‍. പ്രതിയായ നിധീഷുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണെന്നും പറയുന്നുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതോടെ നിധീഷ് പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു.

പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ പുറത്ത് സംഭവിക്കുന്ന കൊലകളല്ലയിത്, കരുതിക്കൂട്ടി തന്നെ കൊല്ലുന്നതാണ്. അതും ഏറ്റവും ക്രൂരമായി. എല്ലാ കൊലയ്ക്കും പൊതുവായത്, അതിന്റെ കാരണമാണ്; പ്രണയ നൈരാശ്യം!  2017 ഫെബ്രുവരി ഒന്നിന് കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കഷന്‍ ക്ലാസ് മുറിയില്‍ 21കാരിയെ ചുട്ടുകൊന്നതിനും സമാനകാരണമായിരുന്നു. നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥി ലക്ഷ്മിയായിരുന്നു ആ ദാരുണ സംഭവത്തിലെ ഇര. പ്രണയപരാജയത്തില്‍ ക്ഷുഭിതനായ ആദര്‍ശ് എന്ന 25 കാരന് ചെയ്ത ക്രൂരത. ലക്ഷ്മി തന്റെ പ്രണയം നിരസിച്ചതിന്റെ വാശിയിലാണ് അതേ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ക്ലാസ് മുറിയിലേക്ക് പെട്രോളുമായി കടന്നെത്തിയത്. പെട്രോള്‍ ലക്ഷ്മിയുടെ ശരീരത്തിലേക്ക് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ആദര്‍ശും പിന്നീട് തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. 2017 ല്‍ പത്തനംതിട്ടയില്‍ നടന്ന കൊലയും ഇതേ കാരണത്താല്‍ തന്നെ, കൊല ചെയ്ത രീതിയും ഒന്നു തന്നെ. പ്രണയം നിരസിച്ചു എന്ന 'കുറ്റം' തന്നെയായിരുന്നു കടമനിട്ട സ്വദേശി 17 കാരിയും ചെയ്തത്. അതിന്റെ ശിക്ഷയായിട്ടായിരുന്നു സ്വന്തം വീടിനുള്ളില്‍ വെന്തുരുകി വീഴേണ്ടി വന്നത്. 2017 ജൂലൈ 14 ന് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറിയാണ് പ്രതി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. എട്ടുദിവസങ്ങള്‍ വേദന തിന്ന് മരണത്തോട് മല്ലടിച്ചിട്ട് ജൂലൈ 22 ന് ആ പെണ്‍കുട്ടിയും പോയി. 

കത്തിച്ചു മാത്രമല്ല, കുത്തിയും കൊന്നു തള്ളിയിട്ടുണ്ട് പെണ്‍കുട്ടികളെ ഇതുപോലെ. പ്രണയം നിരസിച്ചത് തന്നെ മുഖ്യകാരണം. 2018 സെപ്തംബറില്‍ തിരൂരില്‍ 15 വയസ് മാത്രമുള്ള പെണ്‍കുട്ടിയെയാണ് ബംഗാള്‍ സ്വദേശിയായ യുവാവ് വീട്ടില്‍ കടന്നു ചെന്ന് കുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി തന്റെ പ്രണയം നിരസിച്ചതാണ് കാരണമെന്നു പ്രതിയുടെ കുറ്റസമ്മതം. കാസറഗോഡ് സുള്ളിയില്‍ പ്രണയം നിരസിച്ചെന്ന പേരില്‍ പെണ്‍കുട്ടിക്ക് ജീവന്‍ പോയത് കോളേജില്‍ വച്ചായിരുന്നു. 2018 ഫെബ്രവരിയിലായിരുന്നു ആ സംഭവം. കാമ്പസില്‍ കടന്നു ചെന്നു നടത്തിയ കൊല.


മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു പോന്നവരുമുണ്ട്. തിരുവനന്തപുരം സ്വദേശി പുഷ്പലതയെ പ്രതി നിധിന്‍ വാളുകൊണ്ട് വെട്ടിയത്  തലയ്ക്കായിരുന്നു. കൊല്ലാന്‍ വേണ്ടി തന്നെയാണ് നിധിന്‍ ആക്രമിച്ചതെന്നു പൊലീസ് പറയുന്നുണ്ട്. പുഷ്പലതയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ട്. ചെവി അറ്റുതൂങ്ങിപ്പോയി. 2017 മാര്‍ച്ചില്‍ തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അമ്പിളിയെ വെട്ടി വീഴ്ത്തിയതും കൊല്ലാന്‍ വേണ്ടിയായിരുന്നു. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് അമ്പിളിയെ പ്രതിയായ അമല്‍ വാക്കത്തി കൊണ്ട് വെട്ടുന്നത്. വീട്ടിലേക്കുള്ള വഴിയില്‍ കാത്തു നിന്നാണ് അമല്‍ അമ്പിളിയെ വെട്ടി വീഴ്ത്തിയത്. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായിരുന്നു അമല്‍ ചെയ്തത്. കൊച്ചി കലൂരില്‍ കോതമംഗലം സ്വദേശിയായ പെണ്‍കുട്ടക്കു നേരെ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കൊലപാതകശ്രമം നടത്തിയത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. തൃശൂര്‍ മാളയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിക്കുകയായിരുന്നു. അതിലും ക്രൂരവും നടക്കുന്നതുമായ സംഭവമാണ് തൃശൂര്‍ പുന്നയൂര്‍കുളത്ത് നടന്നത്. പ്രണയം നിരസിച്ച പെണ്‍കുട്ടിയെ അടക്കം വീട്ടില്‍ പൂട്ടിയിട്ട് വീടിനു തീവച്ചു. കുന്നംകുളത്താകട്ടെ പ്രണയം നിരസിച്ച പെണ്‍കുട്ടി നടന്നു പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി കുത്തി വീഴ്ത്തി. ഈ പെണ്‍കുട്ടികളൊക്കെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ്. കാരണം, പ്രതികളെല്ലാം തന്നെ നടത്തിയ കുറ്റസമ്മതങ്ങളില്‍ പറയുന്നത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ ചെയ്തതാണെന്നാണ്. 

ഓരോ സംഭവം നടക്കുമ്പോഴും, ഒറ്റപ്പെട്ടതെന്നു പറഞ്ഞ് അവഗണിക്കുകയാണ് സമൂഹം. ഇതൊരു സാമൂഹിക പ്രശ്‌നമാണെന്നു ഭരണകൂടവും മനസലാക്കുന്നില്ല. പ്രണയം എന്ന വാക്ക് ഓരോ കൊലപതകത്തിലും ചേര്‍ക്കുമ്പോള്‍, ഇരയും കുറ്റവാളിയായി മാറ്റപ്പെടുകയാണ്. കൊലപാതകിയോട് സഹതപിക്കാനും ഐക്യപ്പെടാനും മനസുകാണിക്കുന്നവരും വളരെയേറെയുണ്ട്. പ്രണയത്തിലോ വിവാഹത്തിലോ പെണ്‍കുട്ടികള്‍ക്ക് യാതൊരു വിധ നിര്‍ണയാവകാശങ്ങളുമില്ലെന്ന ആണ്‍കോയ്മയാണ് ഈ വിഷയത്തില്‍ സമൂഹം പുലര്‍ത്തുന്നത്. പ്രണയം സ്വീകരിക്കാതിരുന്നാല്‍, പ്രണയബന്ധം മതിയാക്കിയാല്‍, വിവാഹത്തിനു താത്പര്യമില്ലെന്നു പറഞ്ഞാല്‍ പെണ്‍കുട്ടി ചതി ചെയ്തെന്നാണ് കുറ്റമാരോപിക്കുന്നത്. ആ കുറ്റത്തിനുള്ള ശിക്ഷയാണ് സ്വന്തം വീട്ടില്‍ വച്ച്, പൊതുവിടങ്ങളില്‍ വച്ച്, നടു റോഡുകളില്‍ വച്ച്, ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ വച്ച്, കാമ്പസിനുള്ളില്‍വച്ച്, ക്ലാസ് മുറിയില്‍ വച്ച് ഇവിടുത്തെ പെണ്‍കുട്ടികള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്. ഒരിടവും തങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന പോലെ പെണ്‍കുട്ടികള്‍ ചുട്ടെരിക്കപ്പെടുകയും വെട്ടിയറക്കപ്പെടുകയുമാണ്, അത് തടയേണ്ടത് പൊലീസിന്റെയും സര്‍്ക്കാരിന്റെയും ഒപ്പം സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.