തിരിച്ചുവരുവാനാകുമോ എന്നറിയാത്ത യാത്രകള്‍; അന്തമില്ലാത്ത ദുരിതങ്ങള്‍

 
Fishermen Story 1

മത്സ്യത്തൊഴിലാളികളുടെ വര്‍ത്തമാനകാല ജീവിതക്കാഴ്ചകള്‍

(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി മലയാളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ മൂന്നാമത്തേതാണ് 'കരകാണാ കടലിനോട് മല്ലിടാന്‍ കരളുറപ്പ് മാത്രം കയ്യിലുള്ള മനുഷ്യര്‍!'. കടല്‍ത്തിരയടികളില്‍, ജീവിതായോധനത്തിന്റെ കാറ്റിലും കോളിലും പെട്ടുപോകുന്ന മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന സുരക്ഷ അടക്കമുള്ള വിവിധ പ്രശ്നങ്ങളെ സമഗ്രമായി സമീപിക്കുകയാണ് ഈ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ഒട്ടേറെ റിപ്പോര്‍ട്ടുകളും പ്രബന്ധങ്ങളും തയ്യാറാക്കിയിട്ടുള്ള സിന്ധു മരിയ നെപ്പോളിയന്‍. നാലു ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം മത്സ്യത്തൊഴിലാളികളുടെ വര്‍ത്തമാനകാല ജീവിതത്തിന്റെ മുഖവുരയാണ്.)


''നോക്കിയാല്‍ കാണാവുന്ന ദൂരത്ത് ഒരു വള്ളം മറിയുന്നതും അതില്‍നിന്ന് മനുഷ്യര്‍ കടല്‍വെള്ളത്തിലേക്ക് താഴ്ന്നു പോവുന്നതും എല്ലാവരും ഇങ്ങനെ നോക്കി നില്‍ക്കുകയാണ്. ആഞ്ഞു വീശുന്ന കാറ്റിലും തിരയിലും ഈ ഫൈബര്‍ വള്ളങ്ങളുമായി ഹാര്‍ബറിനകത്തേക്കുപോലും കടക്കാന്‍ പറ്റാതെ നിസ്സഹായരാവുന്നതിന്റെ  ദുരിതം ഞങ്ങള്‍ പണ്ടുതൊട്ടേ അനുഭവിക്കുന്നതാണ്. അതൊരു പുതിയ കാര്യമല്ല, അതിന്റെ പേരില്‍ ഞങ്ങള്‍ പരാതി പറയുന്നുമില്ല. പക്ഷേ മുങ്ങല്‍ വിദഗ്ധരും ലൈഫ് ജാക്കറ്റുകളും വയര്‍ലെസ് സെറ്റും ഡോക്ടറും നഴ്സുമൊക്കെയുള്ള, അത്യാധുനിക ആംബുലന്‍സെന്ന് നിങ്ങള്‍ തന്നെ വിശേഷിപ്പിച്ച ഈ കടല്‍ ആംബുലന്‍സിലുള്ളവരും ഞങ്ങളെപ്പോലെ അന്തംവിട്ട് നോക്കി നില്‍ക്കുന്നത് എന്തു പറഞ്ഞാണ് ന്യായീകരിക്കാനാവുക? അപകടമുണ്ടാവുമ്പോഴും അടിയന്തര സാഹചര്യത്തിലും ഇങ്ങനെ നോക്കി നില്‍ക്കാന്‍ വേണ്ടിയാണോ കോടികള്‍ മുടക്കി ഇങ്ങനൊരു സാധനം ഇവിടെ എത്തിച്ചത്?''

Fishermen

മത്സ്യബന്ധന ഹാര്‍ബറില്‍ നിന്ന് വിളിപ്പാടകലെ നിര്‍ത്തിയിട്ടിരിക്കുന്ന 'പ്രതീക്ഷ' എന്ന മറൈന്‍ ആംബുലന്‍സിനെ ചൂണ്ടിക്കാണിച്ച് വിഴിഞ്ഞം സ്വദേശിയായ മൈക്കിള്‍ ചോദിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പ് വിഴിഞ്ഞം മത്സ്യബന്ധന ഹാര്‍ബറില്‍ വള്ളങ്ങള്‍ കടല്‍ഭിത്തിയില്‍ ഇടിച്ചുണ്ടായ അപകടത്തെപ്പറ്റി വിവരിക്കുകയായിരുന്നു മൈക്കിള്‍. അന്നത്തെ അപകടത്തില്‍ മരിച്ചത് പൂന്തുറ സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളാണ്. ശക്തമായ കാറ്റിലും തിരയടിയിലും പെട്ടു പോയ വള്ളങ്ങള്‍ കരയില്‍ നിന്ന് കഷ്ടിച്ച് 150 മീറ്റര്‍ അകലെയാണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായി മണിക്കൂറുകള്‍ക്കുശേഷം ഏതാനും ചില മത്സ്യത്തൊഴിലാളികള്‍ സ്വയം നീന്തി കരയ്ക്കെത്തുകയും മറ്റു ചിലരെ രാത്രി ഏറെ വൈകിയ ശേഷം കോസ്റ്റ് ഗാര്‍ഡ് രക്ഷിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ആ മണിക്കൂറുകളിലൊക്കെയും തൊട്ടടുത്ത് നങ്കൂരമിട്ട് കിടന്ന കടല്‍ ആംബുലന്‍സിന്റെ നിസംഗതയെപ്പറ്റിയാണ് മൈക്കിള്‍ വിശദീകരിച്ചത്.  

പ്രതീക്ഷയെന്നും പ്രത്യാശയെന്നും കാരുണ്യയെന്നും പേരുള്ള മൂന്ന് ആംബുലന്‍സുകള്‍ 'കേരളത്തിന്റെ സൈന്യ'ത്തെ കാക്കാന്‍ എത്തിച്ചെങ്കിലും അവയുടെ പേരുകളിലുള്ള കാരുണ്യവും പ്രതീക്ഷയുമൊന്നും പ്രവര്‍ത്തിയിലുണ്ടായിട്ടില്ലെന്നാണ് സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമുള്ള കടല്‍പ്പണിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. തെക്കന്‍ തീരത്ത് വിഴിഞ്ഞത്തും മധ്യ കേരളത്തില്‍ വൈപ്പിനിലും വടക്കന്‍ തീരത്തായി ബേപ്പൂരിലും ഈ ആംബുലന്‍സുകള്‍ നിലയുറപ്പിച്ചിട്ട് മാസങ്ങളായി. കടലില്‍ നടക്കുന്ന അപകടങ്ങളില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്താനും അവശരായിപ്പോവുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഥമ ശ്രുശ്രൂഷ നല്‍കാനും കരയിലെത്തുന്നത് വരെ അവരുടെ ജീവന്‍ പിടിച്ചു നിര്‍ത്താനും സഹായകമാവുന്ന ഒട്ടേറെ സംവിധാനങ്ങളുമായാണ് കൃത്യം ഒരു വര്‍ഷം മുന്‍പ് മറൈന്‍ ആംബുലന്‍സുകള്‍ പണിതിറക്കിയത്. എന്നാല്‍ ഇതുവരെ ഒരപകട സ്ഥലത്തേക്കും ഓടിയെത്താനോ പരിക്കേറ്റവരെയോ നീന്തിത്തളര്‍ന്ന മത്സ്യത്തൊഴിലാളിയെ കരയ്ക്കെത്തിക്കാനോ ഈ ആംബുലന്‍സുകള്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Marine Ambulance

കേരളത്തിലെ തീരക്കടലിലും ദൂരക്കടലിലും പണിയെടുക്കുന്ന സാധാരണക്കാരായ കടല്‍പ്പണിക്കാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നത് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ പദ്ധതിയല്ല മറൈന്‍ ആംബുലന്‍സ്. കേരളത്തിലെ ആകെയുള്ള 590 കിലോമീറ്റര്‍ തീരത്ത് വ്യാപിച്ചു കിടക്കുന്ന 222 മത്സ്യബന്ധന ഗ്രാമങ്ങളിലായി ഏകദേശം 10,44,361 മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നുവെന്നാണ് ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ നല്‍കുന്ന വിവരം. സമുദ്രോല്പന്നങ്ങളുടെ കയറ്റുമതിയിലൂടെ സംസ്ഥാനത്തിന് വര്‍ഷാവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം ഉണ്ടാക്കിത്തരുന്ന മേഖല കൂടിയാണ് ഫിഷറീസ്. എന്നാല്‍ ഈ സാമ്പത്തിക ശൃംഖലയുടെ ഏറ്റവും അറ്റത്തുള്ള സാധാരണ മത്സ്യത്തൊഴിലാളികളിലേക്ക് എത്തുമ്പോള്‍ ഈ വരുമാനത്തിന്റെ കണക്കുകളൊക്കെയും അപ്രസക്തമാവുന്നത് കാണാം.

ലോകം കീഴ്മേല്‍ മറിഞ്ഞ കൊവിഡ് പ്രതിസന്ധിക്കാലത്ത് ജീവനോടെയിരിക്കുക എന്നതാണ് സുപ്രധാനമായ കാര്യമെന്നും നിങ്ങളുടെ സ്വപ്നങ്ങളും പദ്ധതികളുമെല്ലാം അതുകഴിഞ്ഞേ നോക്കേണ്ടതുള്ളൂവെന്നും അന്താരാഷ്ട്ര ബിസിനസ് ശൃംഖലയായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജാക് മാ കഴിഞ്ഞ വര്‍ഷം പറഞ്ഞത് നമ്മളൊക്കെ കേട്ടിരുന്നു. സത്യത്തില്‍ ഒരു പരമ്പരാഗത മത്സ്യത്തൊഴിലാളിയുടെ ജീവിതം കൊവിഡിന് മുമ്പും പിന്‍പും എല്ലാം ജാക് മാ പറഞ്ഞതിനോട് സമാനമാണ്. ഓരോ ദിവസവും കടലില്‍ പോവാന്‍ ഇറങ്ങുമ്പോഴും അന്നേ ദിവസം ജീവനോടെ തിരിച്ച് വരാനാവുമോ എന്നതാണ് കടല്‍പ്പണിക്കാരുടെ പ്രഥമവും പ്രധാനവുമായ ആശങ്ക. എത്ര മീന്‍ കിട്ടുമെന്നും അന്നത്തെ പങ്ക് എത്ര രൂപ വരെ കിട്ടുമെന്നുമൊക്കെയുള്ള പ്രതീക്ഷകള്‍ അതു കഴിഞ്ഞ ശേഷമേ അവരുടെ ചിന്തയില്‍ എത്താന്‍ ഇടയുള്ളൂ. അനുദിനം രൂക്ഷമാവുന്ന കാലാവസ്ഥ വ്യതിയാനവും കഴിഞ്ഞ കുറച്ച് കാലമായി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ചുഴലിക്കാറ്റുകളും മത്സ്യത്തൊഴിലാളികളുടെ ഈ ആശങ്കയെ ബലപ്പെടുത്തുന്ന ഘടകങ്ങളാണ്.

മാറുന്ന കടല്‍ക്കാലാവസ്ഥയിലേക്ക് വള്ളമിറക്കുമ്പോള്‍
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അറബിക്കടലില്‍ ചൂട് കൂടുകയാണെന്ന് അടുത്തിടെ ഐഐടി ഖരക്പൂറിലെ ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലിനെക്കാള്‍ 23% കൂടുതല്‍ ചൂടാണ് ഇപ്പോള്‍ അറബിക്കടലില്‍ ഉള്ളതെന്നും വരാനിരിക്കുന്ന അപകടകാരികളായ ചുഴലിക്കാറ്റുകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ഈ പഠനം വിശദീകരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടല്‍ പൊതുവേ അടിയ്ക്കടി ചുഴലിക്കാറ്റുകള്‍ ഉണ്ടാവുന്ന മേഖലയാണ്. അവിടെ ചുഴലിക്കാറ്റുകള്‍ രൂപംകൊള്ളുന്നതിന്റെ സ്വാധീനഫലമായി കേരളത്തിലും പലപ്പോഴും ശക്തമായ കാറ്റും മഴയും ഉണ്ടാവാറുണ്ട്. എന്നാല്‍ കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ തൊട്ടുകിടക്കുന്ന അറബിക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം കൂടിത്തുടങ്ങിയതോടെ നിരന്തരം കടലുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെയും കടലിനോട് ചേര്‍ന്ന് കഴിയുന്ന അവരുടെ കുടുംബങ്ങളുടെയും നിലനില്‍പ്പ് ഒരുപോലെ അപകടത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവുന്നത്. 1990 മുതല്‍ 2020 വരെയുള്ള 30 വര്‍ഷത്തെ കണക്കനുസരിച്ച് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ആകെ 22 ചുഴലിക്കാറ്റുകളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 14 എണ്ണം ബംഗാള്‍ ഉള്‍ക്കടലിലും 8 എണ്ണം അറബിക്കടലിലുമായിരുന്നു. ഈ കാറ്റുകളുടെ എണ്ണം കൂടുന്നതിനൊപ്പം അവയുടെ തീവ്രതയും വര്‍ധിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു. 2018ല്‍ മാത്രം ഇന്ത്യന്‍ തീരങ്ങളെ തൊട്ട് 7 ചുഴലിക്കാറ്റുകള്‍ കടന്നുപോയി. 2019ല്‍ വീശിയ കാറ്റുകളുടെ എണ്ണം 8 ആയി. കഴിഞ്ഞ വര്‍ഷം മാത്രം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി അംഫാന്‍, നിസര്‍ഗ, ഗതി, നിവാര്‍, ബുറെവി എന്നീ ചുഴലിക്കാറ്റുകള്‍ ആഞ്ഞുവീശി. ഇവയില്‍ നല്ലൊരു പങ്കും കേരളത്തിനോട് ചേര്‍ന്നുള്ള കടല്‍ മേഖലയെയും തീരത്തെയും ചെറുതായെങ്കിലും വിറപ്പിച്ച് കടന്നു പോയവയാണ്. 2017ല്‍ വീശിയടിച്ച ഓഖിയാണ് കൂട്ടത്തില്‍ കേരളത്തിന് തീരാ ദുരിതങ്ങള്‍ നല്‍കി കടന്നുപോയ ചുഴലിക്കാറ്റ്.

Okhi Cyclone

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വലിയ തോതില്‍ മാറിക്കഴിഞ്ഞ ഈ കടല്‍ കാലാവസ്ഥയിലേക്കാണ് കടല്‍പ്പണിക്കാര്‍ എന്നും വള്ളമിറക്കി പോവുന്നത്. 2004ല്‍ ആഞ്ഞടിച്ച സുനാമിയും പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കടലിനെ ചുഴറ്റിയെറിഞ്ഞ ഓഖിയും സമാനതകളില്ലാത്ത വിധം നമ്മുടെ കടല്‍ മേഖലകളെ ദുരന്ത സാധ്യത പ്രദേശങ്ങളാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം കടലിലേക്കിറങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ പക്കല്‍ ഇന്ന് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളെ നോക്കിക്കാണാന്‍. കരയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിലും ആരോഗ്യവും സാമൂഹിക - സാമ്പത്തിക ഭദ്രതയും ഉറപ്പു വരുത്തുന്ന നിരവധി നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കി വരുന്നുണ്ട്. കടലില്‍ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയിലേക്ക് വരുമ്പോള്‍ ഈ നിയമങ്ങളും മുന്‍കരുതലുകളും കടലാസില്‍ മാത്രമായിപ്പോവുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്.

കേരളത്തില്‍ മത്സ്യബന്ധനം ഉപജീവനമാക്കിയത് രണ്ട് കൂട്ടരാണ്; കടലില്‍ പോവുന്ന കടല്‍ മത്സ്യത്തൊഴിലാളികളും ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന നാടന്‍ മത്സ്യത്തൊഴിലാളികളും. ഇതില്‍ ഏറ്റവും അപകട സാധ്യതയുള്ളത് കടലില്‍ പോവുന്നവര്‍ക്കാണ്. ഇതില്‍ത്തന്നെ ചെറിയ ഫൈബര്‍ വള്ളങ്ങളില്‍ സംസ്ഥാന കടല്‍ പരിധിക്കുള്ളില്‍ പോയി വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളും സംസ്ഥാനാന്തര അതിര്‍ത്തികളിലേക്കും ഡീഗോ ഗാര്‍ഷ്യ പോലുള്ള അന്താരാഷ്ട്ര മേഖലകളിലേക്ക് പോലും പണിക്ക് പോവുന്ന ആഴക്കടല്‍ മത്സ്യത്തൊഴിലാളികളുമുണ്ട്. പകല്‍ സമയത്ത് മാത്രം പണിക്ക് പോവുന്നവരും രാത്രി പണിയെടുത്ത് അതിരാവിലെ തിരിക എത്തുന്നവരുമുണ്ട്. പല തരം വലകളുപയോഗിച്ച് മീന്‍ പിടിക്കുന്ന വലപ്പണിക്കാരുണ്ട്. ഉള്‍ക്കടലില്‍ പോയി ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരുണ്ട്. കരയില്‍ നിന്ന് വലയിടുന്ന കമ്പവലക്കാരും ഉള്‍ക്കടലില്‍ 50 കിലോമീറ്ററോളം ദൂരത്തില്‍ കൂട്ടുവള്ളങ്ങളില്‍ ചെന്ന് വലയെറിയുന്ന തട്ടുമടി പണിക്കാരുമുണ്ട്. ട്രോള്‍ ബോട്ടുകളില്‍ മാസങ്ങള്‍ നീണ്ട കടല്‍പ്പണിക്കായി പോവുന്നവരും ഒരാഴ്ച്ച കൊണ്ട് മടങ്ങിയെത്തുന്ന തങ്ങല്‍ വള്ളങ്ങളില്‍ പണിയെടുക്കുന്നവരുമുണ്ട്. മത്സ്യബന്ധന രീതിയില്‍ തന്നെ ഇത്രയധികം വൈവിധ്യങ്ങളുള്ളതിനാല്‍ ഇവര്‍ ഓരോരുത്തരും നേരിടുന്ന വെല്ലുവിളികളിലും ഇതേ വൈവിധ്യം കാണാനാവും. എന്നാല്‍ ഇവരുടെ സുരക്ഷയെക്കരുതി അവതരിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ വ്യത്യസ്ത മത്സ്യബന്ധന രീതികളിലേര്‍പ്പെടുന്നവരെ ഒരുപോലെ കണക്കിലെടുത്തുള്ളവയാണ്.

റോഡപകടങ്ങള്‍, തീപിടുത്തം, ഉരുള്‍പൊട്ടല്‍ എന്നിവ പോലെ കരയിലുണ്ടാവുന്ന മനുഷ്യനിര്‍മ്മിതവും അല്ലാത്തതുമായ ഒട്ടേറെ അപകടങ്ങള്‍ നേരിടുന്നതില്‍ നാം ആര്‍ജിച്ചു കഴിഞ്ഞ കാര്യക്ഷമതയും സാങ്കേതികവിദ്യയും കടല്‍ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരിക്കലും കാണാന്‍ സാധിക്കാറില്ല. തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ പരിധി വരെ പോവുന്നവരാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എന്ന് സര്‍ക്കാര്‍ നിര്‍വചനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 25 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെയെങ്കിലും പോയാല്‍ മാത്രമേ തങ്ങള്‍ക്ക് അന്നത്തെ ഇന്ധന ചെലവെങ്കിലും വീട്ടാന്‍ തക്കതായ മീന്‍ കിട്ടുകയുള്ളൂ എന്നാണ് ചെറിയ ഫൈബര്‍ വള്ളങ്ങളില്‍ പോയി മീന്‍ പിടിച്ചു വരുന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കടലില്‍ പത്തോ പന്ത്രണ്ടോ നോട്ടിക്കല്‍ മൈലിനപ്പുറം മൊബൈല്‍ സിഗ്നല്‍ കിട്ടാറില്ല. സ്വാഭാവികമായും കരയിലുള്ളവരുമായി ബന്ധപ്പെടാന്‍ നിലവില്‍ ലഭ്യമായ സാധാരണ ആശയവിനിമയ സംവിധാനങ്ങള്‍ അവര്‍ക്ക് മതിയാവാതെ വരുന്നു.

Fisherman

ഇത്തരം പമ്പരാഗത കടല്‍പ്പണിക്കാരുടെ വള്ളങ്ങള്‍ ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞതുമായതിനാല്‍, കാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ വള്ളത്തിനകത്ത് വാങ്ങിവയ്ക്കാനുള്ള ഭൗതീക സാഹചര്യമോ സാമ്പത്തികശേഷിയോ അവര്‍ക്ക് ഉണ്ടാവാറില്ല. ഇതോടൊപ്പം കടല്‍ കാലാവസ്ഥയില്‍ അതിവേഗം മാറ്റങ്ങള്‍ സംഭവിക്കുന്ന ഇടമാണ് കരയോട് ചേര്‍ന്നുള്ള തീരക്കടല്‍ മേഖല എന്ന കാലാവസ്ഥ വിഗ്ദ്ധരുടെ വിലയിരുത്തല്‍ കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കരയില്‍ നിന്ന് വള്ളമിറക്കി പോവുമ്പോള്‍ ദൃശ്യമായിരുന്ന കാലാവസ്ഥയായിരിക്കില്ല തൊട്ടടുത്ത മണിക്കൂറില്‍ കാണാനാവുന്നത്. പെട്ടെന്ന് കാറ്റിന്റെ ശക്തി കൂടാനും പൊടുന്നനെ തിരമാല ഉയര്‍ന്നു പൊങ്ങാനുമൊക്കെ സാധ്യതകളുള്ള ഇടമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പണിയിടങ്ങള്‍. ഈ വെല്ലുവിളികളെ അതിജീവിക്കാനുള്ള സുരക്ഷാസംവിധാനമാണ് അവര്‍ക്ക് ആവശ്യം. നേരെ മറിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോവുന്നവര്‍ കുറേക്കൂടി സൗകര്യങ്ങളുള്ള ബോട്ടുകളില്‍ പണിയെടുക്കുന്നവരാണ്. മുതല്‍മുടക്ക് കൂടുതലായതു കൊണ്ടുതന്നെ പരമ്പരാഗത വള്ളങ്ങളെക്കാള്‍ മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങളും മറ്റും ഇവരുടെ പക്കല്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ദുര്‍ബലമായ സിഗ്നല്‍ കാരണം നിര്‍ണായകമായ കാലാവസ്ഥ വിവരങ്ങള്‍ സമയബന്ധിതമായി ലഭിക്കാത്തതും പെട്ടെന്നുണ്ടാവുന്ന കടല്‍ ദുരന്തങ്ങളില്‍ ഉള്‍ക്കടലിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തുക എന്നത് ദുര്‍ഘടമാവുന്നതും ഇക്കൂട്ടരുടെ തൊഴിലിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. കാലേക്കൂട്ടി കാലാവസ്ഥ സംബന്ധമായ വിവരങ്ങള്‍ അറിയിക്കുക, ചുഴലിക്കാറ്റ് പോലുള്ള സമയങ്ങളില്‍ ബോട്ടുകളിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പരമാവധി സമയം വരെ ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ആഴക്കടല്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ആവശ്യമായ ഏറ്റവും മിനിമം വഴികള്‍. പക്ഷേ വര്‍ഷങ്ങളായി ഇവിടെ നടപ്പിലാക്കുന്ന പദ്ധതികളും അവതരിപ്പിക്കുന്ന സുരക്ഷാ ഉപകരണങ്ങളും ഈ സവിശേഷ വെല്ലുവിളികളുമായി കാര്യമായ ബന്ധമില്ലാത്തവയാണെന്ന് പറയേണ്ടി വരും.

(അടുത്തഭാഗം: പദ്ധതികളും പാക്കേജുകളും)

(ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് സസ്സക്സില്‍ റിസര്‍ച്ച് അസിസ്റ്റന്റ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന ഗ്രാമമായ പുല്ലുവിളയാണ് സ്വദേശം. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് മാധ്യമ പഠനത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.)