കാറ്റിലും കോളിലും പെട്ടുപോകുന്ന പദ്ധതികളും പാക്കേജുകളും

 
Sindhu Story 2

മത്സ്യത്തൊഴിലാളികളുടെ വര്‍ത്തമാനകാല ജീവിതക്കാഴ്ചകള്‍


(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി മലയാളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ മൂന്നാമത്തേതാണ് 'കരകാണാ കടലിനോട് മല്ലിടാന്‍ കരളുറപ്പ് മാത്രം കയ്യിലുള്ള മനുഷ്യര്‍' എന്നത്. കടലുമായി മല്ലടിച്ച്, ജീവിതായോധനത്തിന്റെ കാറ്റിലും കോളിലും പെട്ടുപോകുന്ന മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന സുരക്ഷ അടക്കമുള്ള വിവിധ പ്രശ്നങ്ങളെ സമഗ്രമായി സമീപിക്കുകയാണ് ഈ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ഒട്ടേറെ റിപ്പോര്‍ട്ടുകളും പ്രബന്ധങ്ങളും തയ്യാറാക്കിയിട്ടുള്ള സിന്ധു മരിയ നെപ്പോളിയന്‍. നാലു ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗമാണിത്. റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം. മത്സ്യത്തൊഴിലാളി മേഖലയുടെ ക്ഷേമത്തിനായി തയ്യാറാക്കിയ വിവിധ പദ്ധതികള്‍ക്കുണ്ടായ ഗതിവിഗതികളാണ് ഈ ഭാഗത്ത് പരിശോധിക്കുന്നത്.)
 

കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമായും മൂന്ന് തരത്തിലാണ് കേരള സര്‍ക്കാര്‍ കടലില്‍ മത്സ്യബന്ധനത്തിന് പോവുന്നവര്‍ക്കായുള്ള സുരക്ഷാ പദ്ധതികള്‍ നടപ്പാക്കി വരുന്നത്. 2004ല്‍ സുനാമി ഉണ്ടായതിനുപിന്നാലെ സുനാമി പുനരധിവാസ പാക്കേജിന്റെ ഭാഗമായും 2012-13 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കടല്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായും അവസാനമായി ഓഖി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയുമാണ് വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും നടപ്പില്‍ വരുത്തുകയും ചെയ്തത്. ഇവ കൂടാതെ പലപ്പോഴായി അവതരിപ്പിച്ച ചെറു പദ്ധതികളും പൈലറ്റ് അടിസ്ഥാനത്തില്‍ പരീക്ഷിച്ച് നോക്കി ഉപേക്ഷിക്കപ്പെട്ട അനേകം പദ്ധതികളും വേറെയുണ്ട്.

Echo Sounder Wireless

(ECHO SOUNDER -WIRELESS SET)

സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളിലായി ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 910 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന കടല്‍ സുരക്ഷാ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചു. ഈ പദ്ധതിയിലൂടെ 3000 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന 600ല്‍പ്പരം ആഴക്കടല്‍ മത്സ്യബന്ധന യൂണിറ്റുകള്‍ക്ക് 1,50,000 രൂപ വിലവരുന്ന കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാനായിരുന്നു പദ്ധതി. അപകടസ്ഥലം നിര്‍ണയിക്കുന്നതിനുവേണ്ടി റേഡിയോ ബീക്കണ്‍, കടലിന്റെ ആഴവും അടിത്തട്ടിന്റെ സ്വഭാവവും അറിയുന്നതിന് വേണ്ടി എക്കോസൗണ്ടര്‍, ദിശ അറിയുന്നതിനായി ജി.പി.എസ്, കപ്പലുകളുമായും മറ്റ് ബോട്ടുകള്‍ അഥവാ യാനങ്ങളുമായും ആശയവിനിമയം നടത്തുന്നതിന് വേണ്ടി വി.എച്ച്.എഫ്-മറൈന്‍ റേഡിയോ, യാനങ്ങളുടെ ഗതി നിര്‍ണയിക്കുന്നതിന് ഓട്ടോമാറ്റിക് വെസ്സല്‍ ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എ.ഐ.എസ്.) എന്നീ കടല്‍ സുരക്ഷാ ഉപകരണങ്ങളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കടല്‍സുരക്ഷാ പദ്ധതിയുടെ ഓരോ ഉപകരണത്തിന്റെയും 75% തുക സബ്സിഡിയായും 25% തുക ഗുണഭോക്തൃ വിഹിതമായും വകയിരുത്തിയിരുന്നു. മത്സ്യബന്ധനത്തിനിടയില്‍ ഉണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കുക, തീര സുരക്ഷ ഉറപ്പു വരുത്തുക, വെസ്സല്‍ മോണിറ്ററിങ് സംവിധാനം വഴി യാനങ്ങളുടെ പാത മനസിലാക്കുക എന്നിവയാണ് ഈ പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കേരള തീര വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യം. 2013ല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയ്ക്കായി പദ്ധതി രൂപരേഖ സമര്‍പ്പിച്ചെങ്കിലും ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. എന്നാല്‍ ഇതേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന പല നിര്‍ദേശങ്ങളും പില്‍ക്കാലത്ത് രൂപമാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍ തന്നെ നടപ്പാക്കി വന്നിരുന്നു.

സുനാമി പുനരധിവാസ പാക്കേജ്
സുനാമി പുനരധിവാസ പദ്ധതി അനുസരിച്ച് 2009ലാണ് ബീക്കണ്‍ ലൈറ്റുകള്‍ ഉള്‍പ്പെടെ പത്ത് സുരക്ഷ സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് 30,000 ആഴക്കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. കിറ്റൊന്നിന് 20,000 രൂപയായിരുന്നു ചെലവ്. കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കിയ ബീക്കണ്‍ ലൈറ്റായിരുന്നു ഈ കിറ്റിലെ പ്രധാന ഘടകം. ഈ ബീക്കണ്‍ വെള്ളത്തില്‍ വീഴുന്നതോടെ ഇതിലെ സിഗ്നല്‍ സംവിധാനം വഴി ബംഗളൂരുവിലുള്ള നിരീക്ഷണ സെന്ററിലേക്ക് സന്ദേശം എത്തും. ഇവര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിക്കുന്നതോടെ സിഗ്നല്‍ ലഭിച്ച ബീക്കണിന്റെ സ്ഥാനം നിര്‍ണയിച്ച് കോസ്റ്റ് ഗാര്‍ഡ് അവിടെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതായിരുന്നു രീതി.

Radio Beacon

(RADIO BEACON)

ഹാര്‍ബറുകളോട് ചേര്‍ന്ന് ലോക്കര്‍ സംവിധാനം നിര്‍മിക്കാനും ബീക്കണ്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ കിറ്റുകള്‍ അവിടെ സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഓരോ തവണയും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോവുമ്പോള്‍ ഈ കിറ്റുകള്‍ നല്‍കണമെന്നും പണി കഴിഞ്ഞ് തിരികെയെത്തുന്ന മുറയ്ക്ക് കിറ്റുകള്‍ മത്സ്യത്തൊഴിലാളികളില്‍നിന്ന് തിരികെ വാങ്ങി ലോക്കറുകളില്‍ തന്നെ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചാണ് ഇവ വിതരണം ചെയ്തതെങ്കിലും ഇതൊന്നും നടപ്പായില്ല.  

''മൂന്ന് വര്‍ഷത്തെ ഗാരന്റിയോടെയാണ് ഈ ബീക്കണുകള്‍ ഞങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ കിട്ടിയവയില്‍ പലതും രണ്ട് വര്‍ഷത്തിനുള്ളില്‍ത്തന്നെ പ്രവര്‍ത്തിക്കാതെയായി. ബീക്കണുകള്‍ കേടായാല്‍ തൊട്ടടുത്ത മത്സ്യഭവനുകളിലോ ഫിഷറീസ് ഓഫീസുകളിലോ തിരികെ ഏല്‍പ്പിക്കണമെന്ന് അറിയിച്ചിരുന്നത് പ്രകാരം പല വള്ളമുടമകളും കേടായ ബീക്കണുകള്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അവയുടെ കേടുപാട് തീര്‍ത്ത് തരുകയോ പുതിയവ മാറ്റി തരികയോ ചെയ്തില്ല. ചില ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ ബീക്കണ്‍ വാങ്ങിവയ്ക്കാന്‍ പോലും കൂട്ടാക്കിയില്ല. ബീക്കണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ അറിവില്ലായ്മ മൂലം ഉണ്ടായ ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ബീക്കണുകളുടെ പ്രവര്‍ത്തനവും അതിനെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും വളരെ കാര്യക്ഷമമായി നടന്നിരുന്നു. പക്ഷേ കഷ്ടിച്ച് രണ്ട് വര്‍ഷത്തെ ആയുസ്സ് മാത്രമേ ആ പദ്ധതിക്ക് ഉണ്ടായുള്ളൂ.'' പൊഴിയൂരില്‍ നിന്നുള്ള മത്സ്യത്തൊഴിലാളിയായ ലൂയിസ് പറഞ്ഞു. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത് തന്നെയായിരുന്നു സ്ഥിതി.

സുനാമി അടിയന്തിര സഹായ പദ്ധതി, സുനാമി പുനരധിവാസ പദ്ധതി, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി എന്നീ പദ്ധതികളിലെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ സുരക്ഷാ സാധനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. 7262 മത്സ്യബന്ധന ബോട്ടുടമകള്‍ക്ക് റേഡിയോ ബീക്കണും സുരക്ഷാ കിറ്റിലെ മറ്റ് ഉപകരണങ്ങളായ ലൈഫ് ബോയ്, റഡാര്‍ റിഫ്‌ളക്ടര്‍, ഹീലിയോ ഗ്രാഫ്, ഫിഷിങ് കം എമര്‍ജന്‍സി ഫ്‌ളാഷ് ലൈറ്റ്, പ്രഥമ ശ്രുശ്രൂഷ കിറ്റ്, വൈറ്റമിന്‍ ബിസ്‌ക്കറ്റ് അഥവാ സര്‍വൈവല്‍ ബിസ്‌ക്കറ്റ്, കോംപസ്, ജാക്ക് നൈഫ്, കന്നാസ് എന്നിവ വിതരണം ചെയ്തതായി 2013ല്‍ നടന്ന 13-ാം കേരള നിയമസഭ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി അന്നത്തെ ഫിഷറീസ് മന്ത്രി കെ.ബാബു അറിയിച്ചിരുന്നു. ഇത് കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കിയ 'സേഫ്റ്റി അറ്റ് സീ' എന്ന പദ്ധതിയുടെ ഭാഗമായും ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഓട്ടോമാറ്റിക് വെസ്സല്‍ ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എ.ഐ.എസ്.), ജിപിഎസ്, വെരി ഹൈ ഫ്രീക്വന്‍സി (VHF) മറൈന്‍ റേഡിയോ, എക്കോ സൌണ്ടര്‍, റേഡിയോ ബീക്കണ്‍ എന്നിവ ഉള്‍പ്പെടുന്ന കിറ്റുകള്‍ വിതരണം ചെയ്തു വരുന്നതായും ഇതേ സബ്മിഷന് നല്‍കിയ മറുപടിയില്‍ മന്ത്രി കെ. ബാബു വ്യക്തമാക്കിയിരുന്നു. റേഡിയോ ബീക്കണുകള്‍ മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ വിതരണം ചെയ്തവ മാത്രമായിരുന്നുവെന്ന് ഈ മേഖലയില്‍ നിന്നുള്ള പലരും ആരോപിക്കുമ്പോള്‍, ഈ ബീക്കണുകളുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ (പ്രോജക്ട്) സ്മിത ആര്‍ നായര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്;

Radio

(RADIO BEACON)

'റേഡിയോ ബീക്കണുകളില്‍ നല്ലൊരു പങ്കും കേടായിക്കഴിഞ്ഞെങ്കിലും ചിലത് ഇപ്പോഴും ഉപയോഗത്തിലുണ്ട്. കേന്ദ്രീകൃത സംവിധാനം വഴി പ്രവര്‍ത്തിപ്പിച്ചിരുന്ന ഉപകരണം ആയിരുന്നു ഇവ എന്നതിനാല്‍ത്തന്നെ ഇപ്പോഴും ബീക്കണുകള്‍ വെള്ളത്തില്‍ വീഴുന്നതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന് അപകട സന്ദേശം ലഭിക്കാറുണ്ട്. പലപ്പോഴും മത്സ്യത്തൊഴിലാളികളുടെ കൈ തട്ടിയോ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുന്നതിനെ തുടര്‍ന്നോ ആണ് ഇത്തരത്തില്‍ ശബ്ദം ഉണ്ടാവുന്നത്. എന്നാല്‍ അപകട സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് ഈ അടുത്തിടെയും കോസ്റ്റ് ഗാര്‍ഡ് തിരച്ചിലിന് പോയ സാഹചര്യമുണ്ടായി. ഇതിനെത്തുടര്‍ന്ന് നിലവില്‍ മത്സ്യത്തൊഴിലാളികളുടെ പക്കലുള്ള ബീക്കണുകള്‍ തിരിച്ചെടുക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.''

1980ല്‍ പ്രാബല്യത്തില്‍ വന്ന കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തില്‍ 2017ല്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. ഇതുവരെ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എല്ലാ മത്സ്യബന്ധന ബോട്ടുകളിലും കടല്‍ സുരക്ഷ സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ഈ നിയമം നിഷ്‌ക്കര്‍ഷിച്ചു. ദിശയറിയാനും അഗ്നിരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടെ എല്ലാത്തരം സുരക്ഷാ സാധനങ്ങളും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഈ ഭേദഗതി 2020 ഒക്ടോബറില്‍ നിയമമായി. ഇതിന്റെ ഭാഗമായാണ് യന്ത്രവല്‍ക്കൃത ബോട്ടുകളുടെ പാത അറിയാനുള്ള തിരിച്ചറിയല്‍ സംവിധാനം (VIS) സ്ഥാപിച്ചത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബോട്ടുകളിലെല്ലാം ഈ സംവിധാനം ഇപ്പോള്‍ കര്‍ശനമാക്കിയതായി ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ പറഞ്ഞു.

ഓഖി പുനരധിവാസ പാക്കേജ്
2017ന്റെ അവസാനം ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് അന്യാധീനപ്പെട്ടത്. അവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിലേക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരുന്നു. ഇനി അതുപോലൊരു അപകടം കടലില്‍ സംഭവിച്ചാല്‍ മുന്‍കൂട്ടി അറിയാനും അപകടത്തില്‍പ്പെട്ടവരെ എത്രയും വേഗം കരയ്ക്കെത്തിക്കാനും സഹായിക്കുന്ന പല നൂതന സങ്കേതങ്ങളും സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. 2013 മാര്‍ച്ച് 13ന് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന കെ.എം. മാണി തന്റെ വാര്‍ഷിക ബജറ്റില്‍ അവതരിപ്പിച്ച മറൈന്‍ ആംബുലന്‍സ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്കായി വര്‍ഷങ്ങള്‍ക്കിപ്പുറമെങ്കിലും പണം വകയിരുത്താനായി എന്നതാണ് ഓഖി പുനരധിവാസ പാക്കേജില്‍ കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ പ്രധാനപ്പെട്ടൊരു കാര്യം. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിന് മൂന്ന് ആംബുലന്‍സുകള്‍ സജ്ജമാക്കുന്നതിന് ആവശ്യമായ 18.24 കോടി രൂപയില്‍ 7.36 കോടി രൂപ ഓഖി ഫണ്ടില്‍ നിന്ന് വകയിരുത്തി. 2020 ലും ഈ വര്‍ഷം തുടക്കത്തിലുമായി ഈ മൂന്ന് മറൈന്‍ ആംബുലന്‍സുകളും ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. ഓഖി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച മറ്റ് തൊഴില്‍ സുരക്ഷ സംവിധാനങ്ങളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

തൊഴില്‍ സുരക്ഷ സംവിധാനങ്ങള്‍ വിതരണം ചെയ്തവയുടെ എണ്ണം നീക്കിയിരുപ്പ് തുക

Graph

(അടുത്തഭാഗം: ഈ പദ്ധതികള്‍ക്കെല്ലാം ഇതെന്തുപറ്റി?)

(ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് സസ്സക്സില്‍ റിസര്‍ച്ച് അസിസ്റ്റന്റ് . സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന ഗ്രാമമായ പുല്ലുവിളയാണ് സ്വദേശം. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് മാധ്യമ പഠനത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.)