ഈ പദ്ധതികള്‍ക്കെല്ലാം ഇതെന്തു പറ്റി?

 
Sindhu Story 3

മത്സ്യത്തൊഴിലാളികളുടെ വര്‍ത്തമാനകാല ജീവിതക്കാഴ്ചകള്‍

(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി മലയാളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ മൂന്നാമത്തേതാണ് 'കരകാണാ കടലിനോട് മല്ലിടാന്‍ കരളുറപ്പ് മാത്രം കയ്യിലുള്ള മനുഷ്യര്‍' എന്നത്. കടല്‍ത്തിരയടികളില്‍, ജീവിതായോധനത്തിന്റെ കാറ്റിലും കോളിലും പെട്ടുപോകുന്ന മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന സുരക്ഷ അടക്കമുള്ള വിവിധ പ്രശ്നങ്ങളെ സമഗ്രമായി സമീപിക്കുകയാണ് ഈ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ഒട്ടേറെ റിപ്പോര്‍ട്ടുകളും പ്രബന്ധങ്ങളും തയ്യാറാക്കിയിട്ടുള്ള സിന്ധു മരിയ നെപ്പോളിയന്‍. നാലു ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന റിപ്പോര്‍ട്ടിന്റെ മൂന്നാം ഖണ്ഡത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി തയ്യാറാക്കിയ പദ്ധതികള്‍ സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. റിപ്പോര്‍ട്ടിന്റെ ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം.)


2018 നവംബറിലാണ് ആറ് കോടി രൂപ മുടക്കി കടല്‍പ്പണിക്കാര്‍ക്കായി സര്‍ക്കാര്‍ 15,000 ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. അതേ വര്‍ഷം ഡിസംബറില്‍ ജാക്കറ്റ് വാങ്ങാന്‍ താല്‍പര്യമുള്ള വള്ളം ഉടമകളില്‍ നിന്ന് അപേക്ഷയും ക്ഷണിച്ചു. 2019ന്റെ തുടക്കത്തില്‍ത്തന്നെ ഇവ വിതരണം ചെയ്തു തുടങ്ങി. 15,000 പേര്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്ന പദ്ധതിയില്‍ 40,000 പേര്‍ ഉപഭോക്താക്കളായി. മുന്‍കാലങ്ങളില്‍ കടല്‍പ്പണിക്കാര്‍ ഉപയോഗിച്ചിരുന്ന ലൈഫ് ജാക്കറ്റുകള്‍ മത്സ്യബന്ധനത്തിന് തടസം സൃഷ്ടിച്ചിരുന്നതിനാല്‍ ഭൂരിപക്ഷം പേരും കടലില്‍ കൊണ്ടു പോയിരുന്നില്ല.

Fisherman with life jacket

എന്നാല്‍ മത്സ്യത്തൊഴിലാളി കടലില്‍ വീഴുമ്പോള്‍ ഉപ്പ് വെള്ളത്തിന്റെ സ്പര്‍ശനമേല്‍ക്കുമ്പോള്‍ തന്നെ വായു നിറയുകയും വെള്ളത്തില്‍ പൊങ്ങി കിടക്കാന്‍ സഹായിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ആധുനിക ലൈഫ് ജാക്കറ്റുകളാണ് വിതരണം ചെയ്യുന്നവയെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ രജിസ്ട്രി ഓഫ് ഷിപ്പിംഗ് ബാധകമാക്കിയിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായാണ് പുതിയ ലെഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പുതുതായി വിതരണം ചെയ്യപ്പെട്ട ജാക്കറ്റുകളെപ്പറ്റി തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ളത്.

''ഞങ്ങള്‍ മത്സ്യബന്ധനത്തിന് പോവുന്ന വള്ളങ്ങളില്‍ സാധനങ്ങള്‍ സൂക്ഷിക്കാനായി ചെറിയൊരു അറയാണുള്ളത്. പണിയുടെ ഭാഗമായി കൊണ്ടുപോവുന്ന ടോര്‍ച്ച്, മഴക്കോട്ട്, ഭക്ഷണം കൊണ്ടുവരുന്ന പാത്രം, കുപ്പി വെള്ളം, വലപ്പണിക്കിടെ ഉപയോഗിക്കുന്ന ചെറിയ റോപ്പുകള്‍, കങ്കൂസ് തുടങ്ങി കുറേയധികം സാധനങ്ങള്‍ ഉപ്പുവെള്ളം കൊള്ളാതെ സൂക്ഷിക്കാന്‍ വള്ളത്തില്‍ ആകെയുള്ളത് ഈ ചെറിയ അറയാണ്. ഒരു വള്ളത്തില്‍ നാല് പേര്‍ ജോലിക്ക് പോവുന്നുണ്ടെങ്കില്‍ അവര്‍ക്കായി നാല് ലൈഫ് ജാക്കറ്റുകള്‍ ഉണ്ടാവും. ഇതെല്ലാം കൂടി ഈ ചെറിയ അറയ്ക്കുള്ളില്‍ വയ്ക്കാന്‍ നോക്കിയാല്‍ പിന്നെ വേറൊന്നും വയ്ക്കാന്‍ അതില്‍ ഇടമുണ്ടാവില്ല.'' അഞ്ചുതെങ്ങ് സ്വദേശിയായ സേവ്യര്‍ അഭിപ്രായപ്പെടുന്നു.

Fisherman wearing life jacket

എന്നാല്‍ കടല്‍പ്പണിക്കാര്‍ ആവശ്യപ്പെടുന്നത് പോലുള്ള വലിപ്പം കുറഞ്ഞ ജാക്കറ്റുകള്‍ നല്‍കുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും മത്സ്യത്തൊഴിലാളികളെ താങ്ങിനിര്‍ത്താനും ഇത്രയും വലിപ്പമുള്ള ജാക്കറ്റെങ്കിലും ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ലൈഫ് ജാക്കറ്റുകള്‍ ജീവന്‍രക്ഷയ്ക്ക് അത്യാവശ്യമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പല മത്സ്യത്തൊഴിലാളികളും കടലില്‍ പോവുമ്പോള്‍ അവ കയ്യില്‍ കരുതാതെ പോവുന്നതെന്ന് സേവ്യറിനെപ്പോലുള്ള ചുരുക്കം ചിലര്‍ സമ്മതിച്ചു തരുന്നുണ്ട്. പക്ഷേ അപ്പോഴും വള്ളങ്ങളിലെ സ്ഥലമില്ലായ്മ എങ്ങനെ പരിഹരിക്കും എന്ന കാര്യത്തില്‍ സര്‍ക്കാരിനും ഉത്തരമില്ല.

കടല്‍പ്പണിയുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ വിതരണം ചെയ്ത സംവിധാനങ്ങളില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ശ്രദ്ധ കിട്ടിയത് ജിപിഎസ് സിസ്റ്റത്തിനാണെന്ന് പറയാം. ജിപിഎസ് വാങ്ങാനായി മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിച്ച ഏറ്റവും പ്രധാന കാരണം അതില്‍ ലൊക്കേഷന്‍ അടയാളപ്പെടുത്താന്‍ സാധിക്കും എന്നതാണ്. കടലില്‍ ധാരാളമായി മീനുള്ള ഭാഗത്തെ ജിപിഎസില്‍ മാര്‍ക്ക് ചെയ്തതിന് ശേഷം, പിറ്റേന്ന് ഇതേ ഇടത്ത് വന്ന് മീന്‍ പിടിക്കുന്നതിലൂടെ തങ്ങളുടെ ജോലി അനായാസകരമായെന്ന് പല മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഏറ്റവും പുതിയ മോഡല്‍ ജിപിഎസിന് 13,000 രൂപ വരെ വില വരുമെന്ന് വിഴിഞ്ഞത്തു നിന്നുള്ള വള്ളമുടമയായ സെബാസ്റ്റ്യന്‍ പറഞ്ഞു. തന്റെ അറിവില്‍ വിഴിഞ്ഞത്ത് നിന്നുള്ള ഒരു മത്സ്യത്തൊഴിലാളിയ്ക്കും വള്ളമുടമയ്ക്കും സര്‍ക്കാരില്‍ നിന്ന് ജിപിഎസ് സൗജന്യമായി ലഭിച്ചിട്ടില്ലെന്ന് സെബാസ്റ്റ്യന്‍ തറപ്പിച്ചു പറഞ്ഞു. അതേസമയം 1600ല്‍ അധികം ജിപിഎസ് സെറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തെന്നാണ് ഫിഷറീസ് ജോയിന്റ് ജയറക്ടര്‍ അറിയിച്ചത്.

GPS

((Insert Image - GPS DEVICE)

ഉപഗ്രഹ (സാറ്റലൈറ്റ്) ഫോണും നാവിക് ഉപകരണവുമാണ് അവസാനമായി ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. ഓഖി പുനരധിവാസ പാക്കേജില്‍ നിന്നും കടല്‍ സുരക്ഷ പദ്ധതിയില്‍ നിന്നും ഇതിനായി പണം വകയിരുത്തിയിരുന്നു. 36 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ ദൂരത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്ന ആഴക്കടല്‍ മത്സ്യത്തൊളിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഫോണ്‍ നല്‍കാന്‍ തീരുമാനിച്ചത്. ഫോണ്‍ ആവശ്യമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ 2019 ജനുവരിയില്‍ അപേക്ഷ ക്ഷണിച്ചു. ഉള്‍ക്കടലില്‍ വെച്ച് ബോട്ടുകള്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സാറ്റലൈറ്റ് ഫോണുകള്‍ സഹായിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ഫോണൊന്നിന് 94,261 രൂപയായിരുന്നു യഥാര്‍ത്ഥ വില. ഉപഭോക്തൃ വിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കടല്‍പ്പണിക്കാരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടാവാതിരുന്നതോടെ വള്ളമുടമ നല്‍കേണ്ട വില 1500 ല്‍ നിന്ന് 1000 ആക്കി കുറയ്ക്കാന്‍ 2019 ഒക്ടോബറില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ അപേക്ഷ നല്‍കി, പണമടച്ച് സാറ്റലൈറ്റ് ഫോണ്‍ കൈപ്പറ്റിയ വളരെ ചുരുക്കം മത്സ്യത്തൊഴിലാളികള്‍ മാത്രമേ ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളൂവെന്ന് അന്വേഷണത്തിന് നിന്ന് വ്യക്തമായി.

15,000 യാനങ്ങള്‍ക്ക് നാവിക് ഉപകരണം നല്‍കാനും ഇതോടൊപ്പം തീരുമാനിച്ചിരുന്നു. 1500 കിലോമീറ്റര്‍ വരെ നാവികിന് കവറേജ് ലഭിക്കുമെന്നായിരുന്നു ഫിഷറീസ് വകുപ്പ് നല്‍കിയ വിവരം. സുനാമി, ചുഴലിക്കാറ്റ്, ഭൂചലനം എന്നിവ പോലുള്ള പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനം, അന്താരാഷ്ട്ര അതിര്‍ത്തി, മീന്‍ ലഭ്യത കൂടുതലുള്ള സമുദ്ര മേഖല എന്നിങ്ങനെയുള്ള വിവരങ്ങളും ഇതുപയോഗിച്ച് അറിയാന്‍ സാധിക്കുമെന്നും മത്സ്യത്തൊഴിലാളികളെ അറിയിച്ചു. ഐഎസ്ആര്‍ഒ നല്‍കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കെല്‍ട്രോണ്‍ ആണ് നാവിക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. 15.93 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. 1500 രൂപ അടച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് സ്വന്തമാക്കാം എന്നായിരുന്നു അറിയിച്ചത്. തുടക്കത്തില്‍ ചില ബോട്ടുടമകള്‍ നാവിക് വാങ്ങിയെങ്കിലും ഒരു ഭാഗത്ത് നിന്നുള്ള ആശയവിനിമയം മാത്രമേ ഇതിലൂടെ നടത്താന്‍ സാധിച്ചിരുന്നുള്ളൂ എന്നത് വലിയ തിരിച്ചടിയായി. അതായത് ഉറവിടത്തില്‍ നിന്ന് സന്ദേശം കൈമാറാന്‍ സാധിച്ചിരുന്നെങ്കിലും തിരികെ അങ്ങേത്തലയ്ക്കല്‍ നിന്നുള്ള മറുപടി ലഭിക്കാന്‍ നാവിക് വഴി സാധിച്ചില്ല. ഈ പോരായ്മ കടല്‍പ്പണിക്കാര്‍ ചൂണ്ടിക്കാട്ടിയതോടെ ഇരു തലയ്ക്കല്‍ നിന്നും ആശയവിനിമയം സാധ്യമാവുന്ന നാവിക് സംവിധാനം വികസിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഐഎസ്ആര്‍ഒ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ട് വര്‍ഷത്തിന് ശേഷവും ഇക്കാര്യത്തില്‍ വലിയ പുരോഗതി സംഭവിക്കാത്തതിനെ തുടര്‍ന്ന് ആകെ 941 നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്തുകൊണ്ട് പ്രസ്തുത പദ്ധതി താല്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ആരൊക്ക പോവുന്നു, ആരെല്ലാം തിരികെ വരുന്നു..?
കേരളത്തിലെ ഇരുന്നൂറില്‍പ്പരം മത്സ്യബന്ധന ഗ്രാമങ്ങളില്‍ നിന്നും 24 ഹാര്‍ബറുകളില്‍ നിന്നും ദിവസേന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് കടലില്‍ പോവുന്നത്. ഓരോ കേന്ദ്രങ്ങളില്‍ നിന്നും  എത്ര പേര്‍ ദിവസവും പോവുന്നുവെന്നോ എത്ര പേര്‍ തിരികെ വരുന്നുവെന്നോ കൃത്യമായ കണക്കൊന്നും സര്‍ക്കാരിന്റെ പക്കലില്ല. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ കടലില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നു എന്ന കാര്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായതിന് പിന്നിലെ പ്രധാന കാരണവും ഇതായിരുന്നു. സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകളുടെയും വള്ളങ്ങളുടെയും വിവരങ്ങള്‍ നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം ശക്തമാണെങ്കിലും ഇവയില്‍ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ പേരു വിവരങ്ങളോ ഇവര്‍ കടലിലേക്ക് പോവുന്നതും വരുന്നതും സംബന്ധിച്ചുള്ള വിവരങ്ങളോ എവിടെയും രേഖപ്പെടുത്താറില്ല. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ റിയല്‍ക്രാഫ്റ്റ് എന്ന സോഫ്റ്റ്വെയര്‍ നിര്‍മിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. മത്സ്യബന്ധനത്തിന് പോവുന്ന ബോട്ടുകളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് നല്‍കുന്നതിനുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രധാനമായും ഈ സോഫ്റ്റ് വെയറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്.

Realcraft

ഓഖിക്ക് പിന്നാലെ, കേരളത്തിന്റെ തീരദേശം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിച്ച മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായുള്ള സമിതിയുടെ റിപ്പോര്‍ട്ടില്‍ എല്ലാ മത്സ്യത്തൊഴിലാളികളും കടലില്‍ പോവുന്നതിന് മുന്‍പേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനായി റിയല്‍ ക്രാഫ്റ്റ് സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിക്കണം എന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ സോഫറ്റ്വെയര്‍ ഉപയോഗിച്ച് യാനങ്ങളുടെ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവാനൂ എന്നും മത്സ്യത്തൊഴിലാളികളുടെ കടലിലെ പോക്കു വരവ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തുന്നതാണ് ഉചിതമെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിലപാട്.

ഇതിന്റെ ഫലമായാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ തന്നെ സഹായത്തോടെ 2018 ല്‍ 'സാഗര' എന്നു പേരായ പുതിയൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ വികസിപ്പിച്ചത്. പലപ്പോഴും തന്റെ ബോട്ടില്‍ പണിക്ക് പോവുന്ന തൊഴിലാളിയുടെ വിവരങ്ങള്‍ ബോട്ടുടമകള്‍ക്ക് പോലും അറിയാത്ത സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. ഇതിനൊരു മാറ്റമുണ്ടാക്കാന്‍ സാഗര ആപ്പിലൂടെ സാധിക്കുമെന്ന് അധികൃതര്‍ കരുതി. വള്ളങ്ങളിലെയും ബോട്ടുകളിലെയും തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനാവുമെന്നതായിരുന്നു സാഗരയുടെ സവിശേഷത. ഏത് തുറമുഖത്തു നിന്ന് ആരൊക്കെ, എപ്പോള്‍ പുറപ്പെട്ടുവെന്ന് ഇതുവഴി അറിയാന്‍ സാധിച്ചിരുന്നു. കടലില്‍ അകപ്പെട്ടു പോയാല്‍ ലൊക്കേഷന്‍ കണ്ടെത്താനും ഈ ആപ്പ് സഹായിച്ചു. മലയാളം, ഇംഗ്ളീഷ്, തമിഴ്, കന്നഡ ഭാഷകളില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നതും അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ ആപ്പിലൂടെ അറിയാന്‍ സാധിക്കുമെന്നതും സാഗരയുടെ ഗുണങ്ങളായിരുന്നു. ഏതാണ്ട് 17,000 ത്തോളം ബോട്ടുടമകള്‍ സാഗരയില്‍ രജിസ്റ്റര്‍ ചെയ്തതായാണ് ഫിഷറീസ് വകുപ്പ് നല്‍കുന്ന വിവരം.

Sagara App

എന്നാല്‍ ഈ ആപ്പ് ഉപയോഗിക്കുന്നതില്‍ നിരവധി സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പല മത്സ്യത്തൊഴിലാളികളും ആദ്യത്തെ കുറച്ചുദിവസത്തെ ഉപയോഗത്തിനുശേഷം ആപ്പ് ഉപേക്ഷിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ഓരോ തവണയും യാനം കടലിലേക്ക് പോവുമ്പോഴും തിരിച്ചുവരുമ്പോഴും വള്ളം/ബോട്ട് ഉടമ ആപ്പില്‍ രേഖപ്പെടുത്തണം. പലപ്പോഴും കടലിലേക്ക് വള്ളങ്ങള്‍ പുറപ്പെടുമ്പോള്‍ ഉടമകള്‍ രേഖപ്പെടുത്തിയെങ്കിലും തിരികെ കരയ്ക്കെത്തുന്ന കാര്യം ആപ്പില്‍ രേഖപ്പെടുത്താന്‍ പലരും വിട്ടുപോയി. വള്ളത്തില്‍ പണിക്ക് പോയെത്തിയവരുടെ പേരു വിവരങ്ങളും അവര്‍ എത്ര ദിവസം കടലില്‍ ചെലവഴിച്ചുവെന്നതും ഏത് ദിശയിലേക്കാണ് മത്സ്യബന്ധനത്തിന് പോയത് എന്നിവ പോലുള്ള വിവരങ്ങളും ആപ്പില്‍ രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു. കൂടാതെ കടല്‍പ്പണിക്കാര്‍, പ്രത്യേകിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാനിറങ്ങുമ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ കയ്യില്‍ കരതുന്ന ശീലമില്ലാത്തവരാണ്. ഇതും ആപ്പ് പരാജയപ്പെടുന്നതിന് കാരണമായി. സാഗര ആപ്പിലേക്കുള്ള വിവരശേഖരണം കാര്യക്ഷമമാക്കാനായി മത്സ്യബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്റിങ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് തീരദേശത്ത് നിന്നു തന്നെയുള്ള ഫെസിലിറ്റേറ്റര്‍മാരെ നിയോഗിച്ചെങ്കിലും ആശയവിനിമയത്തിലുണ്ടായ പാളിച്ചകള്‍ നിമിത്തം ഇതൊന്നും ഫലവത്തായില്ല. ചുരുക്കത്തില്‍ കേരളത്തിന്റെ തീരങ്ങളില്‍ നിന്നും കടലിലേക്ക് പോവുന്നവരുടെ വിവരങ്ങള്‍ ഇന്നും ആരാലും നിരീക്ഷിക്കപ്പെടാതെ തന്നെ തുടരുന്നു.

(അടുത്തഭാഗം: കടല്‍സേനകള്‍ നോക്കുകുത്തികളാവുമ്പോള്‍!)

(ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് സസ്സക്സില്‍ റിസര്‍ച്ച് അസിസ്റ്റന്റ് . സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന ഗ്രാമമായ പുല്ലുവിളയാണ് സ്വദേശം. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് മാധ്യമ പഠനത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.)