കടല്‍സേനകള്‍ നോക്കുകുത്തികളാവുമ്പോള്‍!

 
Sindhu Story 4

മത്സ്യത്തൊഴിലാളികളുടെ വര്‍ത്തമാനകാല ജീവിതക്കാഴ്ചകള്‍

(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി മലയാളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ മൂന്നാമത്തേതാണ് 'കരകാണാ കടലിനോട് മല്ലിടാന്‍ കരളുറപ്പ് മാത്രം കയ്യിലുള്ള മനുഷ്യര്‍' എന്നത്. നാലു ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന റിപ്പോര്‍ട്ടിന്റെ അവസാനഭാഗമാണിത്. കടലുമായി മല്ലടിച്ച്, ജീവിതായോധനത്തിന്റെ കാറ്റിലും കോളിലും പെട്ടുപോകുന്ന മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന സുരക്ഷ അടക്കമുള്ള വിവിധ പ്രശ്നങ്ങളെ സമഗ്രമായി സമീപിക്കുകയാണ് ഈ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ഒട്ടേറെ റിപ്പോര്‍ട്ടുകളും പ്രബന്ധങ്ങളും തയ്യാറാക്കിയിട്ടുള്ള സിന്ധു മരിയ നെപ്പോളിയന്‍. റിപ്പോര്‍ട്ടിന്റെ ആദ്യഭാഗങ്ങള്‍: തിരിച്ചുവരുവാനാകുമോ എന്നറിയാത്ത യാത്രകള്‍; അന്തമില്ലാത്ത ദുരിതങ്ങള്‍, കാറ്റിലും കോളിലും പെട്ടുപോകുന്ന പദ്ധതികളും പാക്കേജുകളും, ഈ പദ്ധതികള്‍ക്കെല്ലാം ഇതെന്തു പറ്റി? )

കേരളത്തിലെ 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള തീരക്കടലിനെ സംരക്ഷിക്കാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റും അതിനപ്പുറം മുതല്‍ സംസ്ഥാന അതിര്‍ത്തി വരെയുള്ള കടല്‍ മേഖലയ്ക്കായി കോസ്റ്റ് ഗാര്‍ഡും അതിലുമപ്പുറത്ത് ഇന്ത്യന്‍ നാവിക സേനയുമാണ് നിലവിലുള്ളത്. പൊതുവേ ചുഴലിക്കാറ്റുകള്‍ പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ ഈ സേനകളുടെയെല്ലാം ഇടപെടല്‍ ഉണ്ടാവാറുണ്ടെങ്കിലും കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തേണ്ടത് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ്. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളില്‍ മാത്രം സാന്നിധ്യമുള്ളതും വളരെ പരിമിതമായ സൗകര്യങ്ങളുള്ളതുമായ ഒരു സുരക്ഷാവിഭാഗമാണ് സംസ്ഥാനത്തെ മറൈന്‍ എന്‍ഫോഴ്സ്മെന്റ്. അടുത്തിടെ പുറത്തിറക്കിയ മൂന്ന് മറൈന്‍ ആംബുലന്‍സുകളൊഴികെ, സ്വന്തമായി ഒരു ബോട്ട് പോലും മറൈന്‍ എന്‍ഫോഴ്സ്മെന്റിനില്ല. ഫിഷറീസ് വകുപ്പില്‍ നിന്ന് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് വാടകയ്ക്കെടുക്കുന്ന സാധാരണ മത്സ്യബന്ധന ബോട്ടുകളാണ് എന്‍ഫോഴ്സ്മെന്റ് പട്രോളിങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നത്.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം നടപ്പാക്കുക, കടലില്‍ പോവുന്ന വള്ളങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവയാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പ്രധാന ജോലികള്‍. കേരള പൊലീസില്‍ നിന്നുള്ളവരെയാണ് നീന്തല്‍ ടെസ്റ്റ് നടത്തി മറൈന്‍ എന്‍ഫോഴ്സ്മെന്റിലേക്ക് കൊണ്ടുവരുന്നത്. ഇവരിലാര്‍ക്കും കടലില്‍ പോയി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ല. ഫിഷറീസ് വകുപ്പ് ദിവസ വേതനത്തിന് നിയമിക്കുന്ന  താല്ക്കാലിക ലൈഫ് ഗാര്‍ഡുമാരാണ് സത്യത്തില്‍ തങ്ങളുടെ നട്ടെല്ലെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.  കേരളത്തില്‍ ഏറ്റവുമധികം മത്സ്യത്തൊളിലാളികളുള്ള തിരുവനന്തപുരം ജില്ലയിലെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആകെയുള്ളത് ആറ് ഉദ്യോഗസ്ഥരാണ്. ഇവിടുത്തെ എസ്ഐ കസേര ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കടല്‍പ്പണിക്കാര്‍ക്ക് കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള മത്സ്യഭവനുകളിലും കടല്‍പ്പണിക്കാരുടെ ഗ്രൂപ്പുകള്‍ക്കും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം വയര്‍ലെസ് സെറ്റുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇവയൊന്നും ഇപ്പോള്‍ ഉപയോഗക്ഷമമല്ല. പ്രക്ഷുബ്ധമാവുന്ന കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോവാന്‍ സഹായിക്കുന്ന, ഉയര്‍ന്ന തിരയടിയിലും മറിയാത്ത ബോട്ടുകളാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന് ഏറ്റവും അടിയന്തിരമായി ലഭ്യമാക്കേണ്ടത്. കേരളത്തിലെ ഏറ്റവും നിര്‍ണായകമായ കടല്‍മേഖലയുടെ ചുമതലയുള്ള സേനവിഭാഗം അപര്യാപ്തതകളില്‍ നട്ടം തിരിയുന്ന കാഴ്ച്ച ദയനീയമാണ്.

ഏറ്റവുമൊടുവില്‍ ഇഴഞ്ഞ് കടല്‍ ആംബുലന്‍സുകള്‍
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് 2020 ഓഗസ്റ്റ് 27നാണ് സംസ്ഥാനത്തെ ആദ്യത്തെ മറൈന്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. 6.08 കോടി രൂപ ചെലവാക്കി കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മിച്ച പ്രതീക്ഷ എന്ന ആംബുലന്‍സ് അന്നേ ദിവസം വൈകിട്ട് വിഴിഞ്ഞം ഹാര്‍ബറിലെത്തിച്ചു. പിന്നാലെ വൈപ്പിനിലേക്കും ബേപ്പൂരിലേക്കുമായി പ്രത്യാശ, കാരുണ്യ എന്നീ പേരുകളിലുള്ള രണ്ട് മറൈന്‍ ആംബുലന്‍സുകള്‍ കൂടി 2021 ജനുവരിയില്‍ എത്തി. ഇനിമേല്‍ കടല്‍പ്പണിക്കാര്‍ കാറിലും കോളിലും സുരക്ഷിതരായിരിക്കുമെന്നും അവരെ അപകട സമയങ്ങളില്‍ ഒട്ടും വൈകാതെ കരയ്ക്കെത്തിക്കാന്‍ മറൈന്‍ ആംബുലന്‍സുകളുടെ വരവോടെ സാധിക്കുമെന്നും വലിയ പ്രഖ്യാപനങ്ങളുണ്ടായി.

Marine Ambulance

(PRATHEEKSHA MARINE AMBULANCE)

അഞ്ചുപേര്‍ക്ക് ഒരേസമയം ക്രിട്ടിക്കല്‍ കെയര്‍, 24 മണിക്കൂറും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് കടല്‍ സുരക്ഷ സേനാംഗങ്ങളുടെ സഹായം, പോര്‍ട്ടബിള്‍ മോര്‍ച്ചറി, ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യത എന്നിവ മറൈന്‍ ആംബുലന്‍സിന്റെ പ്രത്യേകതകളായിരുന്നു. 23 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ആഴവുമുള്ള മറൈന്‍ ആംബുലന്‍സുകള്‍ക്ക് അപകടത്തില്‍പ്പെടുന്ന 10 പേരെ വരെ ഒരേസമയം സുരക്ഷിതമായി കിടത്തി പ്രഥമശുശ്രുഷ നല്‍കി കരയിലെത്തിക്കാന്‍ സാധിക്കും. 700 എച്ച്.പി. വീതമുള്ള 2 സ്‌കാനിയ എന്‍ജിനുകള്‍ ഘടിപ്പിച്ചിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പരമാവധി 14 നോട്ട് സ്പീഡാണുള്ളത്.

ഇത്രയധികം സൗകര്യങ്ങളുണ്ടായിരുന്നിട്ടും മറൈന്‍ ആംബുലന്‍സിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഉദ്ഘാടനം കഴിഞ്ഞയുടന്‍ വിഴിഞ്ഞത്ത് എത്തിച്ച ആദ്യ മറൈന്‍ ആംബുലന്‍സ്, ഹാര്‍ബറില്‍ മതിയായ സുരക്ഷാസൗകര്യങ്ങളില്ല എന്ന കാരണം പറഞ്ഞ് തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ വീണ്ടും കൊച്ചിയിലേക്ക് കൊണ്ടുപോയിരുന്നു. മാസങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ മെയിലാണ് വീണ്ടും ഈ ആംബുലന്‍സ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. മറൈന്‍ ആംബുലന്‍സിന്റെ സേവനത്തിന് വിളിക്കാനായി ഹോട്ട്ലൈന്‍ നമ്പരുകളൊന്നും നല്‍കിയിട്ടില്ല. കടലില്‍ എത്ര നോട്ടിക്കല്‍ മൈല്‍ വരെ ഈ ആംബുലന്‍സുകള്‍ക്ക് എത്താന്‍ പറ്റുമെന്നോ കടല്‍ പ്രക്ഷുബ്ധമായിരിക്കുന്ന അവസ്ഥയില്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവുമെന്നോ ആര്‍ക്കും നിശ്ചയമില്ല.

വൈകിയിട്ടും ഉണ്ടാവാത്ത തിരിച്ചറിവുകള്‍
ഒരു വര്‍ഷം ശരാശരി മുപ്പതോളം മത്സ്യത്തൊഴിലാളികള്‍ കടല്‍ അപകടങ്ങളില്‍ മരണപ്പെടുന്ന നാടാണ് കേരളം. എത്ര നന്നായി നീന്താന്‍ കഴിയുന്ന ആളാണെങ്കില്‍പ്പോലും ഒരു അപകടത്തില്‍പ്പെട്ട് കടലില്‍ മുങ്ങികിടക്കേണ്ടി വന്നാല്‍ ശരീര ഊഷ്മാവ് 35 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പോവാനും ഹൈപോതെര്‍മിയ (Hypothermia) മൂലം മുങ്ങിമരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളത്തിന്റെ ഊഷ്മാവ്, കാറ്റിന്റെ ഊഷ്മാവ്, ശരീരത്തിന്റെ ചലനങ്ങള്‍, വ്യക്തിയുടെ പ്രായം, ആരോഗ്യ സ്ഥിതി എന്നിവയെ ആശ്രയിച്ചാണ് ഹൈപ്പോതെര്‍മിയക്കുള്ള സാധ്യതയുള്ളത്. വള്ളമോ ബോട്ടോ മറിഞ്ഞാല്‍ അവയില്‍ നിന്ന് വിട്ടുപോകാതെ പൊങ്ങിക്കിടക്കുന്ന വള്ളത്തിലോ ബോട്ടിലോ കന്നാസിലോ തടിയിലോ പിടിച്ചു കിടക്കുക എന്നതാണ് അടിയന്തിര സാഹചര്യങ്ങളില്‍ മത്സ്യത്തൊഴിലാളികളില്‍ പലരും സ്വീകരിക്കുന്ന അതിജീവന തന്ത്രം. നീന്താന്‍ ശ്രമിക്കുന്തോറും കൈ കാലുകള്‍ തളരാനും അതിവേഗം മരണം സംഭവിക്കാനുമുള്ള സാധ്യതയാണ് സാധാരണ ഗതിയില്‍ കണ്ടുവരാറുള്ളത്. എന്നാല്‍ ഓഖി ദുരന്തമുണ്ടായപ്പോള്‍ മൂന്നും നാലും ദിവസങ്ങളോളം കടലില്‍ കിടന്ന്, ദുരന്തത്തെ അതിജീവിച്ച ഒട്ടേറെ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡും നേവിയും സാധാരണ മത്സ്യബന്ധന വള്ളങ്ങളും ചേര്‍ന്ന് കരയ്ക്കെത്തിച്ചിരുന്നു. പൊങ്ങുതടിയിലും തലകീഴായി മറിഞ്ഞ വള്ളങ്ങളിലും പിടിച്ചു കിടന്നും ആ ദിവസങ്ങളില്‍ പെയ്ത മഴവെള്ളം മാത്രം കുടിച്ചുമാണ് ഇവരില്‍ പലരും ദിവസങ്ങളോളം കടലില്‍ കഴിഞ്ഞത്. ഓഖിയടിച്ചതിന്റെ രണ്ടാം ദിവസം കടലില്‍ നിന്ന് കൊണ്ടുവന്ന മൃതദേഹങ്ങളില്‍ പലതും മരണപ്പെട്ട് മണിക്കൂറുകള്‍ മാത്രം ആയ മനുഷ്യരുടേത് ആയിരുന്നെന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അപകടത്തില്‍പ്പെടുന്ന ഓരോ മനുഷ്യ ജീവനും രക്ഷിക്കുന്നതില്‍ ദ്രുതഗതിയിലുള്ള നീക്കങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗവും വളരെയധികം പ്രസക്തമാവുന്നു.

Fishermen

ദുരന്തങ്ങള്‍ക്ക് മുന്നോടിയായുള്ള മുന്നറിയിപ്പ് സംവിധാനത്തില്‍ തുടങ്ങി നിലവില്‍ പരിചയിച്ചുപോന്ന ഒട്ടേറെ ചിട്ടവട്ടങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്ത് വേണ്ടി വരും. കടലോര ജാഗ്രതാ സമിതികള്‍ രൂപീകരിച്ചുകൊണ്ട് മേല്‍ത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ താഴേത്തട്ടിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഒരുപരിധി വരെ വിജയിച്ചുവെങ്കിലും അതിലും പ്രധാനമായ, താഴെത്തട്ടിലുള്ളവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മുകളിലിരിക്കുന്നവര്‍ കൂടി കേള്‍ക്കുന്ന പ്രക്രിയയില്‍ നാം ഇപ്പോഴും വളരെ പുറകിലാണ്. വലിയ തോതില്‍ പിന്നോക്കാവസ്ഥ നേരിടുന്ന, കേരളത്തിന്റെ സാക്ഷരതാ വീമ്പുപറച്ചിലുകളില്‍ ഒരിക്കലും പെട്ടിട്ടില്ലാത്ത, മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായ സംസ്‌ക്കാരവും ഭാഷയും ജീവിതരീതികളുമുള്ള ഒരു തനത് സമൂഹമാണ് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഇവരുടെ ദൈനംദിന അതിജീവനത്തെ കാര്യമായി സ്വീധീനിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുന്‍പായി, ഇതേ മത്സ്യബന്ധന സമൂഹങ്ങളുമായി കൂടിയാലോചന നടത്താന്‍ ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ പലപ്പോഴും മെനക്കെടാറില്ല. ഫലമോ, തുടരെത്തുടരെ പരാജയപ്പെടുന്ന നയങ്ങളും പദ്ധതികളും മത്സ്യത്തൊഴിലാളികള്‍ക്കായി സൃഷ്ടിക്കപ്പെട്ടു. ലൈഫ് ജാക്കറ്റൊഴികെ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഫിഷറീസ് വകുപ്പ് വിതരണം ചെയ്ത മറ്റൊരു ജീവന്‍രക്ഷാ ഉപകരണങ്ങളും ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കാര്യമായി ഉപയോഗിക്കുന്നില്ല. അവര്‍ക്ക് ഏറെ ഉപയോഗപ്രദമെന്ന് അവര്‍ തന്നെ അഭിപ്രായപ്പെടുന്ന ജിപിഎസ് പോലുള്ളവ സൗജന്യമായി ലഭിക്കുന്നുമില്ല.

GPS

(GPS DEVICE)

ഉപഭോക്താവായ കടല്‍പ്പണിക്കാര്‍ക്കോ വിതരണക്കാരായ ഫിഷറീസ് വകുപ്പിനോ കാര്യമായ പ്രയോജനമില്ലാതെ നൂറു കണക്കിന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നമ്മുടെ മത്സ്യഭവനുകളിലും ഫിഷറീസ് ഓഫീസുകളിലുമായി കെട്ടിക്കിടക്കുന്നുണ്ട്. ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ മറ്റെല്ലാ മേഖലകളിലും കേരളീയര്‍ തലയെടുപ്പ് കാട്ടിയാലും പിന്നോക്കാവസ്ഥ തീരാത്ത വിഭാഗമായി പരമ്പരാഗത മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും നമുക്കിടയില്‍ അവശേഷിക്കും. വീണ്ടുവിചാരത്തോടെയുള്ള പദ്ധതി ആസൂത്രണവും സമ്പൂര്‍ണ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള പ്രാബല്യത്തില്‍ വരുത്തലുമാണ് ഇനി ഈ വിഷയത്തില്‍ ചെയ്യേണ്ടത്.

Harbour

അവലംബം:

1. Fisheries hand book - https://fisheries.kerala.gov.in/sites/default/files/2020-10/FISHERIES%20HAND%20BOOK%202020.pdf

2. Manorama Online - https://www.manoramaonline.com/news/latest-news/2021/06/19/kerala-to-witness-more-cyclones-kharagpur-iit-study.html
e - https://www.thecue.in/special-report/2019/11/19/fishermen-pushed-into-poverty-by-warming-arabian-sea-rejimon-kuttappan-article

3. The Cue-https://www.thecue.in/special-report/2019/11/19/fishermen-pushed-into-poverty-by-warming-arabian-sea-rejimon-kuttappan-article
4. KSCADC - https://www.keralacoast.org/fishermens-corner-kadal-suraksha.php

5. Niyamasabha interactions - http://www.niyamasabha.org/codes/13kla/session_7/ans/u00162-040213-610752840758-07-13.pdf

6. Kerala Marine Fisheries Regulation Act - http://eprints.cmfri.org.in/13258/1/Ramachandran%20C_2018_KMFRA_Malayalam%20Translation.pdf.pdf

7. Okchi Rehabilitation project - http://www.niyamasabha.org/codes/14kla/session_15/ans/s00095-110619-839850869899-15-14.pdf

8. Niyamasabha interactions - http://www.niyamasabha.org/codes/14kla/session_16/ans/u06623-211119-614000000000-16-14.pdf

9. Expert Committee report submitted by Sri Mullakara Retnakaran in the aftermath of Okchi cyclone - http://www.niyamasabha.org/codes/14kla/Committee%20Reports/ENV/11th%20report.pdf

10. PRD Website link on Marine Ambulance launching - https://www.prd.kerala.gov.in/ml/node/93223


(ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് സസ്സക്സില്‍ റിസര്‍ച്ച് അസിസ്റ്റന്റ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന ഗ്രാമമായ പുല്ലുവിളയാണ് സ്വദേശം. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് മാധ്യമ പഠനത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.)