പരമ്പരാഗത പ്രസവാനന്തരശുശ്രൂഷ നല്‍കുന്നവരുടെ പ്രശ്നങ്ങള്‍

 
hasna Story
.....

(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും ചേര്‍ന്ന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ഇക്കുറി പ്രസിദ്ധീകരിക്കുന്നത് പ്രസവാനന്തര ശുശ്രൂഷകള്‍ ചെയ്തുവരുന്ന സ്ത്രീകള്‍ കോവിഡ് കാലത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. മലബാറിലും മറ്റും പേറ്റുമ്മമാര്‍ എന്നറിയപ്പെടുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത് ഹസ്ന കെ.എച്ച്)

പുത്തന്‍വസ്ത്രങ്ങളും ബേബി സോപ്പും ഫോറിന്‍ മിഠായികളുമുള്ള ട്രാവല്‍ ബാഗും തോളിലേന്തിയാണ് കൊല്ലം കുളത്തൂപ്പുഴയിലെ സുനിത നാല്‍പതോ അമ്പതോ ദിവസങ്ങള്‍ക്കുശേഷം വീടണയാറുള്ളത്. നാട്ടില്‍  ഒരു മാസം പണിയെടുത്താല്‍ കിട്ടുന്നതിന്റെ മൂന്നിരട്ടി പൈസ ഒരു മാസം കൊണ്ട് പേഴ്സിലെത്തിയതിന്റെ പുഞ്ചിരി മുഖത്തുണ്ടാകും. അമ്മയില്ലാത്ത വീട്ടില്‍ എല്ലാ ജോലികളും ചെയ്ത് പഠിക്കാന്‍ പോകുന്ന പെണ്‍മക്കളുടെ അടുത്തെത്തിയതിന്റെ ആശ്വാസവും.

സുനിതയെ പോലെയുള്ള നൂറുകണക്കിന് സ്ത്രീകളാണ് കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കുളത്തൂപ്പുഴയിലേയും സമീപ ഗ്രാമങ്ങളിലേയും കോളനികളില്‍നിന്ന് കേരളത്തിന്റെ വടക്കന്‍ ജില്ലകളിലേക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ തേടിയെത്തുന്നത്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മുസ്ലീം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പരമ്പരാഗതമായ പ്രസവാനന്തര ശുശ്രൂഷ നല്‍കുന്നതാണ് ഇവരുടെ തൊഴില്‍ മേഖല.

ഉമ്മയോളം പോറ്റുന്ന പേറ്റുമ്മ
മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം കോഴിക്കോട് ജില്ലകളിലെ മുസ്ലീം കുടുംബങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം പേര്‍ക്കും ഉമ്മയോളം കരുതല്‍ തന്നിട്ടുള്ള മറ്റൊരുമ്മയെ പറ്റി കേട്ടുകേള്‍വി കാണും. ഭൂമിയിലെത്തിയ ആദ്യ ദിനങ്ങളില്‍ എണ്ണയുഴിഞ്ഞും കുളിപ്പിച്ചും ഉറക്കിയും കരുതല്‍ നല്‍കിയ ഒരു പേറ്റുമ്മയെ പറ്റിയാണത്.  കുഞ്ഞുങ്ങളുടെ തലയുടെ നല്ല ആകൃതിയും കൈകാലുകളുടെ വളവില്ലായ്മയും 'കുളിപ്പിക്കാന്‍ വരുന്ന പെണ്ണ്' എന്ന് വിളിക്കുന്ന അവര്‍ ഉഴിഞ്ഞുണ്ടാക്കിയതാണെന്നാണ് നാട്ടുവിശ്വാസം.

സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിന്നിരുന്ന മുസ്ലീം സമുദായത്തിലെ തന്നെ സ്ത്രീകളാണ് ആദ്യകാലങ്ങളില്‍ മലബാറിലെ പ്രസവ ശുശ്രൂഷ ചെയ്ത് പോന്നിരുന്നത്. ഒസ്സാന്‍ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഇതില്‍ പ്രധാനം. ഒസ്സാത്തികള്‍ അല്ലെങ്കില്‍ ഒത്താച്ചികള്‍ പ്രസവമെടുക്കാനും കുഞ്ഞിനേയും അമ്മയേയും അടുത്ത മൂന്നോ നാലോ ആഴ്ചകളില്‍ എണ്ണയിട്ട് ഉഴിഞ്ഞ് കുളിപ്പിക്കാനുമായി വീടുകളിലെത്തിയിരുന്നു. ജന്മി കുടുംബങ്ങളില്‍ അവരുടെ ആശ്രിതരായ ഒസ്സാന്‍ കുടുംബത്തില്‍ നിന്നുള്ളവര്‍ക്കാണ് ഇതിനുള്ള അവകാശം നല്‍കിയിരുന്നത്. പാരമ്പര്യ തൊഴില്‍ തുണിയലക്കായ മണ്ണാത്തികളാണ് അമ്മയുടേയും കുഞ്ഞിന്റേയും മലിനമായ തുണികള്‍ കഴുകി വൃത്തിയാക്കാനായി എത്തുക.

മുസ്ലീം സമുദായത്തില്‍ അന്തര്‍ലീനമായിരുന്ന ജാതിസമ്പ്രദായത്തിന്റെ പരിഛേദമാണ് ഈ തൊഴില്‍ വിഭജനങ്ങള്‍. ഒസ്സാന്‍ സമുദായത്തിലെ പുരുഷന്‍മാര്‍ മുടി മുറിക്കല്‍, ക്ഷൗരം, ലിംഗാഗ്രഛേദനം തുടങ്ങിയ ജോലികളാണ് ചെയ്തിരുന്നത്. കല്യാണങ്ങളില്‍ പാട്ടുപാടാനും മരണപ്പെട്ടവരെ കുളിപ്പിക്കാനും പഴയകാലത്ത് ഒസ്സാത്തികളെയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഭൂവുടമസ്ഥതയില്‍ പുറകിലായിരുന്ന ഇവരുമായി വൈവാഹിക ബന്ധത്തിനുള്‍പ്പെടെ സാമ്പത്തികമായി മുന്നാക്കം നിന്നിരുന്ന കുടുംബങ്ങള്‍ തയ്യാറായിരുന്നില്ല.

വീടുകളില്‍നിന്ന് ആശുപത്രികളിലേക്കും വയറ്റാട്ടികളില്‍ നിന്ന് ആധുനിക ശാസ്ത്രം അഭ്യസിച്ച ഡോക്ടര്‍മാരിലേക്കും പ്രസവവും തുടര്‍ പരിരക്ഷകളും സ്ഥാനം മാറിയതോടെ ഈ തൊഴില്‍ പരിസരങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചു. ജാതീയമായ തൊഴില്‍ വിഭജനങ്ങള്‍ നേര്‍ത്തുവരികയും പുതിയ തലമുറയുടെ തൊഴില്‍ തിരഞ്ഞെടുപ്പുകള്‍ മാറിമറിയുകയും ചെയ്തു. എങ്കിലും പ്രസവശുശ്രൂഷക്ക് പരമ്പരാഗത രീതികള്‍ അറിയുന്നവര്‍ക്കുള്ള ഡിമാന്റ് മാറ്റമില്ലാതെ തുടര്‍ന്നു.

കാലം മാറിയതോടെ തെക്ക് നിന്നെത്തിയ അമ്മമാര്‍
കാലക്രമേണേ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള കുടിയേറ്റം ഈ തൊഴില്‍ മേഖലയിലേക്ക് ഉണ്ടായി. പ്രാദേശികമായുള്ള സ്ത്രീകളുടെ ലഭ്യതക്കുറവും ഹോംനഴ്സിംഗ് ഏജന്‍സികളുടെ വരവുമാണ് ഈയൊരു മാറ്റത്തിന് കാരണമായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിചയസമ്പന്നരും പുതുമുഖങ്ങളുമൊക്കെയായ സ്ത്രീകളെ 'പ്രസവം നോക്കാനായി' അവര്‍ എത്തിച്ചു. മുസ്ലീം സമുദായത്തിനകത്തുള്ള ശീലങ്ങളും പരിചരണരീതികളുമൊക്കെ ആദ്യം പോയവരെ ഏജന്‍സികള്‍ തന്നെ പഠിപ്പിച്ചു. രണ്ടായിരമാണ്ടിന് ശേഷമാണ് ഇത്തരമൊരു കുടിയേറ്റം തെക്കന്‍ ജില്ലകളില്‍ നിന്നുണ്ടായത്. മുമ്പ് കൂലിപ്പണിക്ക് പോയി ചെറിയ വരുമാനം ഉണ്ടാക്കിയിരുന്ന സ്ത്രീകള്‍ ഒന്നര മാസം നീളുന്ന മലബാര്‍  യാത്രക്കുശേഷം കൈ നിറയെ പണവുമായെത്തിയത് അവരുടെ നാട്ടിലെ മറ്റു സ്ത്രീകളേയും പ്രസവജോലിയിലേക്ക് ആകര്‍ഷിച്ചു. ഇങ്ങനെ തയ്യാറാകുന്നവരെ കൊണ്ടുപോകാന്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ കോളനികളിലും ഗ്രാമങ്ങളിലും തുടര്‍ സന്ദര്‍ശകരുമായി.

പ്രസവിച്ച ദിവസം മുതല്‍ ആണ്‍കുട്ടിയാണെങ്കില്‍ 39 ദിവസവും പെണ്‍കുട്ടിയാണെങ്കില്‍ 38 ദിവസവുമാണ് ജോലിയുണ്ടാകുക. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ഇരുപത്തയ്യായിരത്തിനും നാല്‍പതിനായിരത്തിനും ഇടയ്ക്കുള്ളൊരു തുക കയ്യിലെത്തും എന്നതിനാല്‍ ചെറിയ മക്കളെ അമ്മമാരേയോ സഹോദരങ്ങളേയോ ഏല്‍പ്പിച്ചും അല്‍പം മുതിര്‍ന്നവരെ അച്ഛനോടൊപ്പം നിര്‍ത്തിയും ആണ് ഇവര്‍ തൊഴിലിടങ്ങളിലേക്ക് എത്തിയിരുന്നത്.

പ്രസവിച്ച സ്ത്രീയേയും കുഞ്ഞിനേയും കുളിപ്പിക്കുക, ലേഹ്യങ്ങളും കഷായങ്ങളും അടങ്ങുന്ന മരുന്നുകള്‍  ഉണ്ടാക്കുക, ഭക്ഷണം നല്‍കുക, കുഞ്ഞിന്റെ വിസ്സര്‍ജ്ജ്യത്തുണികള്‍ കഴുകുക തുടങ്ങിയ ജോലികളാണ് പ്രധാനമായും പകല്‍ സമയത്ത് ഇവര്‍ക്ക് ചെയ്യേണ്ടി വരുന്നത്. രാത്രി കുഞ്ഞ് ഉണര്‍ന്നാല്‍ അവര്‍ ഉറങ്ങും വരെ എടുത്ത് നടക്കുകയോ നോക്കുകയോ വേണം. ഉറക്കക്ഷീണവും തളര്‍ച്ചയുംകൊണ്ട് വീണു പോയാലും തരുന്ന പൈസ മുതലാക്കാന്‍ തുടര്‍ച്ചയായി പണിയെടുപ്പിക്കുന്നവരും ഉച്ചക്കുശേഷം വിശ്രമിക്കാന്‍ അനുവദിക്കുന്നവരുമൊക്കെയായി പലവിധ സ്വഭാവക്കാരാണ് തങ്ങളുടെ തൊഴില്‍ദാതാക്കളെന്ന് രണ്ട് പതിറ്റാണ്ടായി ഈ ജോലിയ്ക്കു പോകുന്ന 58കാരിയായ രാജമ്മ പറയുന്നു.

rajamma

''ആറേഴ് മണിക്കൂറ് നിന്നാണ് വരട്ടിയെടുത്ത് അലുവ പോലെ ഓരോ മരുന്നും ഉണ്ടാക്കിയെടുക്കുക. ഒന്ന് ഉറങ്ങുമ്പോഴേക്കും കുഞ്ഞ് ഉണര്‍ന്ന് മൂത്രത്തുണി മാറാനുണ്ടാകും. ഡോക്ടര്‍മാര്‍ പാഡ് വച്ചോളാന്‍ പറഞ്ഞാലും ചിലര്‍ തുണിയേ ഉപയോഗിക്കൂ. ആ രക്തമൊക്കെ നമ്മള്‍ പൈപ്പിന്റെ ചുവട്ടില്‍ പിടിച്ച് കഴുകി വൃത്തിയാക്കണം. പക്ഷേ മിക്കവീടുകളിലും മറ്റ് വേര്‍തിരിവുകളൊന്നുമില്ല. ഭക്ഷണമൊക്കെ നമ്മള്‍  വിളമ്പിയെടുത്ത് ആ കുടുംബക്കാരുടെ ഒപ്പമിരുന്നാണ് കഴിക്കുക.''

ഓരോ വീട്ടുകാരും പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീക്ക് കൂലിക്കുപുറമേ ഒരു ജോഡി വസ്ത്രങ്ങളും സന്തോഷത്തിന് നല്‍കും. കുഞ്ഞിനെ കാണാന്‍ എത്തുന്നവര്‍ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി ചെറിയ തുകകള്‍ സമ്മാനിക്കുന്ന പതിവുമുണ്ട്. കോവിഡായതോടെ സന്ദര്‍ശകര്‍ ഇല്ലാതായി ആ വരുമാന സ്രോതസ് അടഞ്ഞു. താരതമ്യേനെ നല്ല തൊഴില്‍ അന്തരീക്ഷം ഉണ്ടാകാറുണ്ടെങ്കിലും മതപരമായ വിഭജനം കൂലിയുടെ കാര്യത്തില്‍ നിലനില്‍ക്കുന്നതായി 15വയസ്സ് മുതല്‍ ഗാര്‍ഹിക തൊഴിലാളിയായ വത്സല പറയുന്നു.

''മുസ്ലീങ്ങള്‍ക്കാണെങ്കില്‍ ഏജന്‍സി വഴിയല്ലാതെ പോയാല്‍ 40,000 രൂപ കിട്ടും. മറ്റ് മതക്കാരാണെങ്കില്‍ 30,000  രൂപയൊക്കെയാണ് കിട്ടുക. കൂടുതല്‍ വിശ്വാസമുള്ളവര്‍ക്കൊക്കെയേ അങ്ങനെയൊള്ളൂ. പലരും ഏത് മതക്കാരാണെങ്കിലും നമ്മുടെ പണി നല്ലതാണോ എന്നേ നോക്കൂ.''

മറ്റൊരു വ്യക്തിയുടെ ശരീരം, അവനവന്റേതല്ലാത്ത ഗാര്‍ഹിക ഇടം എന്നിവ തൊഴിലും തൊഴിലിടവും ആയവര്‍ക്ക് ശരീരം, സ്പര്‍ശം, സ്വന്തം വീട്ടിടം എന്നിവയെക്കുറിച്ച് ലോകത്തിന്റെ പരിചിത രീതികളെ പൊളിച്ചെഴുതിയ കൊറോണ വൈറസിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായുള്ള വ്യാപനം വലിയ തിരിച്ചടിയായി മാറി. ജില്ലാ അതിര്‍ത്തികള്‍ താണ്ടാനുള്ള നിയന്ത്രണങ്ങളും രോഗം പരത്തുമെന്ന ഭീതിയും മധ്യവര്‍ഗ്ഗ കുടുംബങ്ങളിലുണ്ടായ സാമ്പത്തിക തകര്‍ച്ചയും തുടര്‍ച്ചയായ തൊഴില്‍ നഷ്ടങ്ങള്‍ പ്രസവശുശ്രൂഷാ മേഖലയില്‍ സൃഷ്ടിച്ചു. പൊതു വാഹന സൗകര്യങ്ങളുടെ അപര്യാപ്തതയും അപ്രതീക്ഷിതമായ ലോക്ഡൗണുകളും മൂലം വഴിയിലും ഓഫീസിലും ആഴ്ചകളോളം കുടുങ്ങിപ്പോയ അനുഭവങ്ങളാണ് പലര്‍ക്കും പറയാനുള്ളത്.

'' കോവിഡ് തുടങ്ങി ഒന്നര കൊല്ലത്തിനുശേഷമാണ് എനിക്ക് ഒരു പണി കിട്ടിയത്.  മോളുടെ കല്യാണം നടത്തേണ്ടതുകൊണ്ട് കിട്ടിയ പണിക്ക് അന്ന് ഇറങ്ങി. മെമ്പറുടെ കയ്യില്‍ നിന്ന് കത്തും അക്ഷയയില്‍ നിന്ന് ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റുമൊക്കെയായാണ് ഇറങ്ങിയത്. പൊന്നാനിക്ക് പോകാന്‍ തൃശ്ശൂര്‍ സ്റ്റാന്‍ഡില്‍ ചെന്നപ്പോളാണ് അറിഞ്ഞത് ബുക്ക് ചെയ്യാതെ ബസ്സിലും കയറാനാകില്ലെന്ന്. അത്ര നാള്‍ പണിയില്ലാതിരുന്ന് പോകുന്നതല്ലേ. കയ്യില്‍ വണ്ടിക്കാശല്ലാതെ വേറൊന്നുമില്ല. തിരിച്ചുപോകണമെങ്കില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും എനിക്കറിയില്ല. കയ്യിലുള്ള ഫോണ്‍ അങ്ങനത്തെ സൗകര്യങ്ങള്‍ ഉള്ളതൊന്നുമല്ല.വണ്ടി വരുന്നതും കാത്തിരുന്ന മണിക്കൂറിലൊക്കെ ഞാന്‍ കരയുകയായിരുന്നു. നേരം വൈകാന്‍ തുടങ്ങിയതോടെ പണിക്ക് പോകുന്ന വീട്ടിലുള്ളവര്‍ പറഞ്ഞതനുസരിച്ച് ഓട്ടോ വിളിച്ച് ചെന്നു. രാത്രിയാകാറായതിനാല്‍ അന്ന് പിന്നെ കോവിഡ് ടെസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല. പെരുംമഴയത്ത് ആ വീട്ടില്‍ ചെന്ന് കയറി അടുക്കളയിലാണ് കിടന്നത്. പിറ്റേന്ന് ടെസ്റ്റ് കഴിയുന്നതുവരെ ഒന്നിലും തൊടാതെ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടാണ് ഡ്യൂട്ടിക്ക് കയറിയത്.'' 37കാരിയായ കുളത്തൂപ്പുഴയിലെ സുനിത ആ ദിവസത്തെ കുറിച്ച് പറഞ്ഞു തീര്‍ന്നപ്പോഴേക്കും കണ്ണ് നനഞ്ഞിരുന്നു.


sunitha

അറ്റമില്ലാത്ത കാത്തിരിപ്പുകള്‍
നിലവില്‍ ആവശ്യക്കാരേയും തൊഴിലാളികളേയും കൂട്ടിമുട്ടിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് ഏജന്‍സികളാണ്. അയ്യായിരത്തോളം രൂപ കമ്മീഷന്‍ ഇനത്തില്‍ പിടിക്കുമെങ്കിലും ഏജന്‍സികള്‍ വഴി പോകുന്നതാണ് താരതമ്യേനെ സുരക്ഷിതമെന്ന് ഈ ജോലി ചെയ്യുന്ന സ്ത്രീകള്‍ കരുതുന്നു. പറഞ്ഞ പൈസ വാങ്ങിത്തരുവാനും എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഇടപെടാനും അധികജോലികളെ നിയന്ത്രിക്കാനും ഒക്കെ ഏജന്‍സികള്‍ സഹായിക്കും എന്നതാണ് കാരണം.

ഒന്നോ രണ്ടോ ഇടങ്ങളില്‍ ജോലി ചെയ്ത് നാട്ടിലെത്തിയാല്‍ പിന്നെ ഒരാഴ്ച മുതല്‍ മാസങ്ങള്‍ വരെ നീളുന്ന ഇടവേളകള്‍ ഇവര്‍ക്ക് പതിവാണ്. അടുത്ത തവണ പണിക്ക് പോകാമെന്ന് തോന്നിയാല്‍ നേരെ ഏജന്‍സി ഓഫീസുകളിലേക്ക് പോകും. അടിസ്ഥാന ഭക്ഷണവും തലചായ്ക്കാന്‍ ഇടവും അവര്‍ നല്‍കും. ഇങ്ങനെയുള്ളവരില്‍നിന്ന് ആദ്യം വന്നവരാര് എന്ന ക്രമത്തിലാണ് വീടുകളിലേക്ക് അയക്കുന്നത്. കോവിഡ് സംബന്ധമായി ജോലി കുറഞ്ഞതോടെ ഈ ഓഫീസ് മുറികള്‍ അനിശ്ചിമായ കാത്തിരിപ്പിടങ്ങളായി തീര്‍ന്നു. 21 വര്‍ഷമായി ഈ രംഗത്ത് തൊഴിലെടുക്കുന്ന സരസമ്മയും മകള്‍ ബിന്ദുവും കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ ആഴ്ചകളോളമാണ് ഓഫീസില്‍ താമസിച്ചത്.

''കൂറ്റനാടാണ് നമ്മുടെ ഓഫീസ്. കോവിഡായതോടെ ആരും പണിക്ക് വിളിക്കാതായി രണ്ട് മാസത്തോളം അവിടെ കിടന്നു. നമ്മടെ പൈസ അവര് പിടിക്കുന്നുണ്ടല്ലോ. അതുകൊണ്ട് ഉച്ചയ്ക്കും വൈകുന്നേരവും ചോറ് അവര്‍ തരും. നമ്മുടേല്‍ കൈയില്‍ പൈസ ഉണ്ടെങ്കില്‍ ചായ കുടിക്കാം. പത്ത് പതിനഞ്ച് പേരുണ്ടായിരുന്നു അവിടെ. അമ്മേം ഞാനും പിന്നെ ഒരു പണിക്ക് കയറി. തിരിച്ചു വരാന്‍ നേരത്ത് വണ്ടിയില്ലാതെ പതിനായിരം രൂപക്ക് ടാക്സി പിടിച്ചാണ് കൊല്ലത്ത് എത്തിയത്. ഒരു പണിക്ക് കിട്ടിയതിന്റെ പകുതി പൈസേം അങ്ങനെ പോയി. ഇപ്പോള്‍ ഓരോ തവണയും ജോലിക്ക് കയറുമ്പോള്‍ മുന്നൂറ് രൂപ കോവിഡ് പരിശോധിക്കാന്‍ കൊടുക്കണം.''കോവിഡ് പ്രശ്നങ്ങള്‍ കഴിഞ്ഞാല്‍ ജോലി കൂടുതലുണ്ടാകുമെന്ന പ്രതീക്ഷയോടെ ബിന്ദു പറഞ്ഞു നിര്‍ത്തിയപ്പോള്‍ സരസമ്മ ഇങ്ങനെ പൂരിപ്പിച്ചു: ''ചില വീടുകളിലൊക്കെ മൃഗത്തെ പോലെയാണ് പണിയെടുപ്പിക്കുന്നത്. ഓഫീസിന്ന് പറഞ്ഞ പണിയല്ലാതെ വീട്ടിലെ മുഴുവന്‍ ജോലികളും ചെയ്യണം. അല്ലെങ്കില്‍ അവരുടെ മുഖമൊന്നും തെളിയില്ല. നമ്മുടെ നിവൃത്തികേട് കൊണ്ട് നാഴിയരി വാങ്ങാനായി വയ്യാഞ്ഞിട്ടും പണിക്ക് പോകുകയാണ്.''

കോവിഡ് കാലം തുടങ്ങിയതോടെ വ്യക്തിപരമായി പരിചയമുള്ളവരെയാണ് ആളുകള്‍ പ്രസവാനന്തരം  താല്‍പര്യപ്പെടുന്നതെന്നാണ് മലപ്പുറത്ത് മാധ്യമ വിദ്യാര്‍ത്ഥിനിയായ തസ്നിയുടെ നിരീക്ഷണം. ദിവസേനെ വന്ന് കുഞ്ഞിനെ കുളിപ്പിച്ചും തുണികള്‍ അലക്കിയും തിരിച്ചുപോകുന്നവര്‍ക്ക് താരതമ്യേനെ കുറഞ്ഞ കൂലിയാണ് നല്‍കുന്നതെന്നും വീട്ടില്‍ നിന്ന് ശുശ്രൂഷിക്കുന്നവരെ കിട്ടാന്‍ ഈ സമയത്ത് ക്ഷാമമുണ്ടെന്നും തസ്നി അഭിപ്രായപ്പെട്ടു.

''കോവിഡ് രൂക്ഷമായ സമയത്താണ് എന്റെ വീട്ടില്‍ ഒരു പ്രസവം നടന്നത്. ആദ്യം പറഞ്ഞുവച്ച സ്ത്രീ വരാനാകില്ലെന്ന് അറിയിച്ചു. നമുക്കുള്ളതുപോലെ ഓല്‍ക്കും പേടിയുണ്ടാകോലോ. വീട്ടില്‍ കുട്ടിയെ കാണാന്‍ വരുന്നോരും പുറത്തുപോയി വരുന്ന കുടുംബാംഗങ്ങളുമൊക്കെ കാണും. ഇത് കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് അവര്‍ക്ക് പോകേണ്ടതാണ്. അപ്പോള്‍ ഇവിടന്ന് ഒരു അസുഖം കിട്ടിയാല്‍ ആ പണി പോകും. അതുകൊണ്ട് നല്ല പരിചയമുള്ള വീടുകളിലേക്ക് മാത്രം പോകാമെന്ന് അവര്‍ തീരുമാനിച്ചിട്ടുള്ളതായാണ് എനിക്ക് തോന്നിയത്.''

സാമ്പത്തിക ഞെരുക്കത്തിന്റെ ശൃംഖലകള്‍
കോവിഡിനുശേഷം കൂലിയില്‍ ഇളവ് വരുത്താന്‍ ഏജന്‍സികളോടും തൊഴിലാളികളോടും ആളുകള്‍ അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയിരുന്നു. തൊഴില്‍ ദാതാക്കള്‍ക്കുണ്ടായ സാമ്പത്തികത്തകര്‍ച്ച പ്രസവശുശ്രൂഷാ രംഗത്തെ വരുമാനം കുറഞ്ഞതിനു പ്രധാന ഘടകമായി മാറി. പ്രത്യേകിച്ചും കോവിഡില്‍ തൊഴില്‍ നഷ്ടപ്പെട്ട് ഗള്‍ഫ് നാടുകളില്‍ നിന്നുണ്ടായ തിരിച്ചൊഴുക്ക്. ആദ്യ പ്രസവത്തിനുമാത്രം ശുശ്രൂഷയ്ക്കായി ആളെ വെയ്ക്കാമെന്നും രണ്ടാമത്തെ പ്രസവമാണെങ്കില്‍ വീട്ടുകാര്‍ തന്നെ കാര്യങ്ങള്‍ നോക്കാമെന്നും മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങി.

''ആദ്യകാലത്ത് പ്രസവം കഴിഞ്ഞാല്‍ ഒരാളെ ജോലിക്ക് നിര്‍ത്തുക ഒരു അഭിമാന പ്രശ്നമായിരുന്നു . ഭര്‍ത്താവിന്റെ സാമ്പത്തിക ശേഷി അളക്കാനുള്ള ഒരു കാര്യമാണിത്. അതുകൊണ്ടുതന്നെ വീടുകളില്‍ നിന്നൊരു സമ്മര്‍ദ്ദമുണ്ടാകും. മലപ്പുറത്ത് പാരമ്പര്യമായി ഈ തൊഴില്‍ ചെയ്യുന്ന പേരുകേട്ട മണ്ണാത്തികള്‍ക്കും ഒത്താച്ചികള്‍ക്കുമെല്ലാം മുപ്പത്തയ്യായിരത്തിന് മുകളില്‍ കൂലി കൊടുക്കേണ്ടി വരാറുണ്ട്. എന്റെ ഭാര്യയുടെ പ്രസവം അടുത്ത മാസം ഉണ്ടാകും. നിലവിലെ സാമ്പത്തിക സ്ഥിതി അത്രയും തുക നല്‍കാന്‍ അനുവദിക്കാത്തതിനാല്‍ സ്വന്തമായി നോക്കാനുള്ള സാധ്യതയാണ് ഞാന്‍ ആലോചിക്കുന്നത്.'' ഒമാനില്‍ നിന്ന് തിരിച്ചുവന്ന പ്രവാസിയായ മലപ്പുറം മഞ്ചേരി സ്വദേശി ഷബീബ് അവസ്ഥ വിവരിച്ചു.

പരമ്പരാഗതമായ പരിചരണ രീതികളോട് ആധുനിക ആരോഗ്യ മേഖല അകലം പാലിക്കുന്നതിനാല്‍ പുതിയ തലമുറ ഇക്കാര്യത്തില്‍ അവരുടേതായ കരുതലെടുക്കുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്. വയറ് കുറക്കാന്‍ ചൂടുള്ള വെള്ളം വയറിലേക്ക് നീട്ടിയൊഴിക്കുക, തുണി കൊണ്ട് വയറ് മുറുക്കിക്കെട്ടുക, നെയ്യും മധുരവും അടങ്ങിയ ഭക്ഷണം കഴിക്കുക തുടങ്ങിയ രീതികളോടെല്ലാം വേണ്ട എന്ന് പറയാനാണ് പുതുതലമുറക്ക് താല്‍പര്യം. പ്രസവിച്ച ഉടനേയുള്ള എണ്ണതേച്ച് കുളിയും മസാജും സിസേറിയന്‍ ചെയ്ത മുറിവ് പഴുക്കുമെന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തല്‍ ഒഴിവാക്കിയെന്ന് കോഴിക്കോട്ടെ സംരംഭകയായ ജാസ്മിന്‍ വ്യക്തമാക്കുന്നു.

''ഒത്താച്ചിമാര്‍' നിര്‍ബന്ധമായും നല്‍കുന്ന കഷായത്തിലേയും ലേഹ്യത്തിലേയും അംശങ്ങള്‍ മുലപ്പാല്‍ വഴി കുഞ്ഞിന് വയറിളക്കവും ഗ്യാസ് ശല്യവും ഉണ്ടാക്കുമെന്നാണ് എന്റെ ഡോക്ടര്‍ പറഞ്ഞത്. അതുകൊണ്ട് അത്തരം മരുന്നുകളൊന്നും ഞാന്‍ കഴിച്ചിരുന്നില്ല. എങ്കിലും പ്രസവം കഴിഞ്ഞ് മുറിവ് ഉണങ്ങി തുടങ്ങിയാല്‍ ഒരാളെ കുളിപ്പിക്കാനും മറ്റുമായി നിര്‍ത്തണമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ പ്രസവത്തിന്റെ മെഡിക്കല്‍ ബില്‍ തന്നെ ഒന്നരലക്ഷത്തോളമായി. കോവിഡിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇനിയൊരു അധികച്ചിലവ് സാധ്യമല്ലാത്തതിനാല്‍ എന്റെ ഉമ്മയാണ് കുഞ്ഞിനും എനിക്കും വേണ്ട കാര്യങ്ങളെല്ലാം ചെയ്തുതന്നത്.''

സംഘടിക്കാനും പിന്തുണക്കാനും
കേരളത്തിലെ അസംഘടിത തൊഴില്‍ മേഖലയിലെ ഏറ്റവും അദൃശ്യരായ ഒരു വിഭാഗമാണ് ഇവര്‍. ഗാര്‍ഹിക തൊഴില്‍, ഹോം നഴ്സിങ്ങ് എന്നീ മേഖലകളുടെ സംയോജിതമായ തൊഴില്‍ പരിസരമാണ് ഇവരുടേത് എന്നിരിക്കിലും അവയോളം സ്വീകാര്യതയോ അന്തസോ തൊഴില്‍ സുരക്ഷയോ ഈ തൊഴിലിന് ഇന്നും ലഭിച്ചിട്ടില്ല. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ദേശീയ തലത്തിലുള്ള സംഘടനയായ 'സേവ'യുടെ പ്രവര്‍ത്തകര്‍ (Self Employed Women's Association) പ്രസവശുശ്രൂഷാ രംഗത്തുള്ളവരെ സംഘടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും ഈ തൊഴില്‍ ചെയ്യുന്ന നൂറിലധികം സ്ത്രീകള്‍ സേവയില്‍ അംഗങ്ങളാണ്. ഇവര്‍ക്കെല്ലാം ഗാര്‍ഹികത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് മൂലം തകര്‍ന്ന അസംഘടിത മേഖലയെ പിന്തുണക്കാനായി സര്‍ക്കാരിനോട് അടിയന്തര മാര്‍ഗ്ഗങ്ങള്‍ ആവശ്യപ്പെടുന്ന സേവ, ഗാര്‍ഹിക തൊഴില്‍ വരുമാന മാര്‍ഗ്ഗമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമഗ്രമായൊരു നിയമനിര്‍മ്മാണമാണ് ഈ രംഗത്തെ സുസ്ഥിരമായ പ്രശ്നപരിഹാരമായി മുന്നോട്ടുവയ്ക്കുന്നത്.

''ഏജന്‍സികള്‍ക്ക് തൊഴിലാളികളില്‍നിന്ന് ഈടാക്കാവുന്ന പൈസയെ കുറിച്ചോ തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധമായോ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും നിലവിലില്ല. പാചകം, പ്രസവശുശ്രൂഷ, ഹോംനഴ്സിംഗ് ഇതെല്ലാം ഉള്‍പ്പെടുന്ന ഗാര്‍ഹികത്തൊഴിലുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം നടന്നാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ. വര്‍ഷങ്ങള്‍ക്കുമുമ്പേ അതിനായൊരു ഡ്രാഫ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്.''സേവയുടെ പ്രവര്‍ത്തകയായ ഷീന ബഷീര്‍ പറയുന്നു.

തൊഴില്‍ നല്‍കുന്നവര്‍ക്കുണ്ടായ സാമ്പത്തിക തകര്‍ച്ചയും രോഗവ്യാപനത്താലുണ്ടാകുന്ന ആകസ്മിക സാഹചര്യങ്ങളും അസംഘടിത മേഖലാ തൊഴിലാളികളില്‍, പ്രത്യേകിച്ച് വീട് തൊഴിലിടമായവരില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥകളെ പരിഹരിക്കാന്‍ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടലുകള്‍ ആവശ്യമുണ്ട്. അങ്ങനെ ലഭ്യമാകുന്ന താങ്ങിലൂടെ സംഘടിതമായ പേശല്‍ ശേഷി കൂടി വികസിപ്പിക്കപ്പെട്ടാല്‍ പ്രസവശുശ്രൂഷാ രംഗത്തെ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങളും അന്തസ്സും സ്വായത്തമാക്കാനാകും.

റഫറന്‍സ് :
(New) Old Wives Tales of Ossathis and Eattummas: Postnatal Care Labourers of Malabar- A project report by Marva M

* 2021 ജൂലൈ-ഓഗസ്റ്റ് കാലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ആ കാലത്ത് ലഭ്യമായ വിവരങ്ങളാണ് ആധാരം.


(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)