കാലമെത്ര കഴിഞ്ഞാലും മലയാളികളെ വിട്ടുമാറാത്ത വികാരം; മലയാളത്തിന്റെ മഹാഗായകന് 82ാം പിറന്നാള്‍

 
yesudas

ജനുവരി 10 ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്  ഇന്ന് 82ാം പിറന്നാള്‍. ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസ് കഴിഞ്ഞ 60 വര്‍ഷങ്ങളായി പിന്നണിയില്‍ പാടിക്കൊണ്ടിരിക്കുകയാണ്. 1961ല്‍ ശ്രീനാരായണഗുരുദേവന്റെ ജീവീതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച കാല്‍പ്പാടുകള്‍ എന്ന ചിത്രത്തില്‍ ഗുരുദേവന്റെ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്' എന്ന ശ്ലോകം ചൊല്ലിക്കൊണ്ടായിരുന്നു ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള യേശുദാസിന്റെ ചുവടുവെപ്പ്. മലയാള ചലച്ചിത്ര സംഗീതത്തിന്റെ പുതുയുഗ പിറവിക്ക് വഴിയൊരുക്കിയതാകട്ടെ പ്രശസ്ത സംഗീത സംവിധായകന്‍ എം.ബി ശ്രീനീവാസനും. കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത, പുതുമ നഷ്ടപ്പെടാത്ത ഗാനങ്ങള്‍... ദൈവം വരദാനംനല്‍കിയ ശബ്ദത്തിനൊപ്പം, കാലഘട്ടങ്ങള്‍ക്കും മാറിവന്ന അഭിനേതാക്കള്‍ക്കുമൊപ്പം പുതുഭാവങ്ങള്‍ നിരത്തിയ ആ സ്വരമാധുര്യത്തിന്റെ അളവുകോലില്‍ മലയാള ചലച്ചിത്ര ഗാന ചരിത്രത്തെ തന്നെ അടയാളപ്പെടുത്തിവെക്കാനാകും. 

യേശുദാസിന് കടുത്ത പരീക്ഷണങ്ങളുടെ വര്‍ഷമായിരുന്നു 1961. ദാരിദ്ര്യം കഠിനമായി. നന്നേ മെലിഞ്ഞ ശരീരത്തെ അനാരോഗ്യവും കീഴ്പ്പെടുത്തിയതോടെ, സംഗീതഭൂഷണം കോഴ്സ് മുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് സിനിമയില്‍ പാടാനുള്ള അവസരം ലഭിക്കുന്നത്. സംഗീത സംവിധായകന്‍ എം.ബി ശ്രീനിവാസനുമായുള്ള കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. പുതിയ സിനിമകളുടെ ചര്‍ച്ചയ്ക്കായി കേരളത്തിലെത്തിയ എംബിഎസിനെ കണ്ടാല്‍ അവസരം ലഭിക്കുമെന്ന് യേശുദാസിന് അറിയിപ്പ് കിട്ടി. അതനുസരിച്ച്, പിതാവ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍ക്കൊപ്പം യേശുദാസ് പീച്ചിയിലെ ഗസ്റ്റ് ഹൗസിലെത്തി എംബിഎസിനെ കണ്ടു. കീര്‍ത്തനവും ഹിന്ദി പാട്ടും ഉള്‍പ്പെടെ ഏതാനും ഗാനങ്ങള്‍ എംബിഎസ് യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചു. ആ ആലാപനഭംഗിയില്‍ എംബിഎസ് സംപ്രീതനായി. ഏതാനും മാസങ്ങള്‍ക്കുശേഷം, റെക്കോഡിങ്ങിനായി ചെന്നൈയില്‍ എത്താനുള്ള അറിയിപ്പും യേശുദാസിനെ തേടിയെത്തി.  

സുഹൃത്ത് നല്‍കിയ പൈസയുമായാണ് യേശുദാസ് ചെന്നൈയിലേക്ക് യാത്ര തിരിച്ചത്. പരിശീലനവും മറ്റുമായി രണ്ട് മാസം അവിടെ നില്‍ക്കേണ്ടതുണ്ടായിരുന്നു. ബന്ധുവീട്ടില്‍ താമസിച്ചുകൊണ്ടായിരുന്നു റിഹേഴ്സല്‍. ഭക്ഷണം പോലും കഴിക്കാന്‍ പൈസയില്ലാതിരുന്ന നാളുകളില്‍, വിശപ്പടക്കാന്‍ പൈപ്പുവെള്ളമായിരുന്നു ആശ്രയം. പക്ഷേ, അത് പ്രശ്നമായി. പനി കടുത്തു, ടൈഫോയ്ഡായി മാറി. രണ്ടാഴ്ചയോളം രോഗക്കിടക്കയിലായി. ശാരീരിക സ്ഥിതി മോശമായതോടെ, യേശുദാസിനായി കരുതിവെച്ചിരുന്ന ഒരു സോളോ കെ.പി ഉദയഭാനുവിന് നല്‍കി. പകരം ശ്രീനാരായണ ഗുരുവിന്റെ ശ്ലോകം യേശുദാസിന് കൊടുക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. 

നവംബര്‍ 14ന് ഭരണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ഉദയഭാനുവിന്റെ രണ്ട് ഗാനങ്ങള്‍ റെക്കോഡ് ചെയ്തതിനുശേഷമായിരുന്നു യേശുദാസിന് അവസരം. ഒന്നു രണ്ടു തവണ കൂടി റിഹേഴ്സല്‍ നോക്കിയശേഷം ഫൈനല്‍ റിഹേഴ്സലും കഴിഞ്ഞ് ടേക്ക് എന്ന് നിര്‍ദേശം കിട്ടി. അതനുസരിച്ച്, യേശുദാസ് ഫൈനല്‍ റിഹേഴ്സല്‍ പാടി. എന്നാല്‍, ടേക്ക് പോയില്ല. ടേക്ക് എന്ന് പറഞ്ഞാല്‍ പുതിയ ഗായകനായ യേശുദാസിന് ഉണ്ടായേക്കാവുന്ന പരിഭ്രമം കണക്കിലെടുത്ത് എംബിഎസ് ഒപ്പിച്ച സൂത്രപ്പണിയായിരുന്നു ഫൈനല്‍ റിഹേഴ്സല്‍. യേശുദാസാകട്ടെ, അത് ഗംഭീരമായി പാടുകയും ചെയ്തു. അതോടെ, ഒരു പാട്ട് കൂടി യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചാലോ എന്നായി ചര്‍ച്ചകള്‍. യേശുദാസിനായി നിശ്ചയിച്ചിരുന്ന സോളോ ഉദയഭാനു നേരത്തെ തന്നെ പാടിയിരുന്നു. അതിനാല്‍, ഉദയഭാനുവിന് നിശ്ചയിച്ചിരുന്ന ഡ്യൂയറ്റ് യേശുദാസിന് കൊടുത്താലോ എന്നായിരുന്നു ചര്‍ച്ചകള്‍. ഉദയഭാനുവിനോട് കാര്യം അവതരിപ്പിച്ചപ്പോള്‍, അദ്ദേഹത്തിന് പരിപൂര്‍ണ്ണ സമ്മതം. അങ്ങനെ, പി. ഭാസ്‌കരന്‍ രചിച്ച 'അറ്റന്‍ഷന്‍ പെണ്ണേ...' എന്ന ഗാനം ശാന്താ പി നായര്‍ക്കൊപ്പം പാടി. കൂടാതെ, 'പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍...' എന്ന കുമാരനാശാന്റെ വരികളും യേശുദാസ് ചിത്രത്തിനായി പാടി. മലയാള ചലച്ചിത്ര സംഗീതത്തിന്റെ പുതുയുഗ പിറവിക്കായിരുന്നു സംവിധായകന്‍ കെ.എസ് ആന്റണി, നിര്‍മാതാവ് ടി.ആര്‍ രാഘവന്‍, എംബിഎസ് എന്നിവര്‍ സാക്ഷികളായത്.   

1940 ജനുവരി പത്തിന് സംഗീത-നാടക നടനും പാട്ടുകാരനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മൂത്ത മകനായിട്ടായിരുന്നു യേശുദാസിന്റെ ജനനം. 1949ല്‍, എറണാകുളം സെന്റ്. ആല്‍ബര്‍ട്ട് സ്‌കൂള്‍ഗ്രൗണ്ടില്‍ പിതാവിനൊപ്പം ശാസ്ത്രീയ സംഗീത കച്ചേരി അവതരിപ്പിച്ച്, ഏവരെയും അതിശയിപ്പിച്ചുകൊണ്ടാണ് സ്വരലോകത്തെ പ്രയാണം തുടങ്ങിയത്. അനുഭവങ്ങള്‍ തീച്ചൂള തീര്‍ത്ത ജീവിതത്തില്‍ കഠിനാധ്വാനവും ദൃഢനിശ്ചയവുമാണ് സംഗീത യാത്രയെ ഉയരത്തിലെത്തിച്ചത്. 1960ല്‍ ആകാശവാണി പ്രേക്ഷേപണ യോഗ്യമല്ലെന്ന് വിധിയെഴുതിയ ശബ്ദഗാംഭീര്യത്തെ ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളും കടംകൊണ്ടു. ഇംഗ്ലീഷ്, അറബി, റഷ്യന്‍, ലാറ്റിന്‍ ഭാഷകളിലും ഒരുപിടി നല്ല ഗാനങ്ങള്‍ പാടിയിട്ടുണ്ട്. എട്ട് തവണ മികച്ച ഗായകനുളള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. 25 തവണ കേരള സംസ്ഥാന അവാര്‍ഡ് എന്ന റെക്കോഡും സ്വന്തം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടനവധി പുരസ്‌കാരങ്ങള്‍, പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ ബഹുമതികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, ഈ ഗന്ധര്‍വനാദത്തെ തേടിയെത്തി.  

1961 തുടങ്ങി 2021ല്‍ 81ാം വയസിലും തുടരുന്ന സംഗീത സപര്യ. സംഗീതത്തിന്റെ അഗാധമായ ആഴത്തിലേക്കാണ് ആ സ്വരമാധുര്യം നമ്മുടെ ഹൃദയങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. സന്തോഷവും സങ്കടവും പ്രണയവും വിരഹവുമൊക്കെ നിറഞ്ഞൊഴുകുന്ന സ്വരധാരയില്‍ മലയാളികള്‍ സ്വയം മറന്നുപോകുന്നു. കാലങ്ങളായി തുടര്‍ന്നുപോരുന്ന ശീലങ്ങളില്‍ ഒന്നാണത്. ആ ശബ്ദം ഒരു തവണയെങ്കിലും കേള്‍ക്കാതെ മലയാളികളുടെ ദിവസം കടന്നുപോകാറില്ല. അനിര്‍വചനീയമായ പുതിയൊരു ലോകം. കാലത്തിനനുസരിച്ച് മാറുന്ന മലയാളികളെ ഇന്നും പഴഞ്ചനായി ഇരിക്കാന്‍ പ്രേരിപ്പിക്കുന്ന വികാരങ്ങളിലൊന്നും ആ ശബ്ദമാണ്. കാലമെത്ര കഴിഞ്ഞാലും, അതിനെ വിട്ടുമാറാനുള്ള മലയാളികളുടെ മടി തുടരുകയും ചെയ്യും. 

Also Read'പണത്തിനു മീതെ പരുന്ത് പറക്കുമോ? ഞാനായിട്ട് ഒന്നും കൊടുക്കണ്ടല്ലോയെന്നോര്‍ത്ത് മിണ്ടാത്തതാണ്': പള്‍സര്‍ സുനി

Also Readഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട താഷ്‌കന്റ് കരാറും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണവും