വള്ളത്തിലേറി വരുന്ന ആശാന്‍

 
വള്ളത്തിലേറി വരുന്ന ആശാന്‍

പെരിയാറിനു കുറുകെ വടക്കോട്ടു തീവണ്ടിയില്‍ പോകുമ്പോള്‍ പാലം കയറിയിറങ്ങിയാലുടനെ വലതുഭാഗത്തായി ഒരോട്ടുകമ്പനി കാണാം. ആകാശത്തേക്കു വളര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ പുകക്കുഴല്‍. മഹാകവി കുമാരനാശാന്‍ നടത്തിയിരുന്ന ഓട്ടുകമ്പനിയായായിരുന്നു അതെന്നു ചെറുപ്പത്തില്‍ ആരോ പറഞ്ഞറിയാം. ആലുവയും ഓട്ടുകമ്പനിയും പിന്നിട്ടാല്‍ നെടുമ്പാശേരി വിമാനത്താവളമായി. അതു കഴിഞ്ഞ് ഞങ്ങളുടെ സ്റ്റേഷനായ അങ്കമാലിയായി. 'അങ്കമാലി ഫോര്‍ കാലടി' എന്നാണു സ്റ്റേഷനിലെ മഞ്ഞ സിമന്റുബോര്‍ഡിലുള്ളത്.

കാലടി, ആദിശങ്കരന്റെ ജന്മഭൂമിയാണ്. കാലടി വഴി തീവണ്ടിപ്പാത ഇല്ലാത്തതുകൊണ്ടാണു ആദിശങ്കരന്റെ നാട്ടുകാര്‍ക്കും ആദിശങ്കരനെ കാണാനെത്തുന്ന പരദേശികള്‍ക്കുമായി അങ്കമാലി 'അങ്കമാലി ഫോര്‍ കാലടി'യായത്. ഇപ്പോള്‍ കാലടി വഴി ശബരി റെയില്‍പ്പാത വെട്ടുന്നുണ്ടെങ്കിലും സംഗതി ഊര്‍ജ്വസ്വലമല്ല. പെരിയാറിനു കുറുകെ കാലടിപ്പാലത്തിനടുത്ത് ഒരു റെയില്‍പ്പാലം വന്നിട്ടുണ്ട്. തീവണ്ടിയുടെ പോക്കില്‍ അങ്കമാലിക്കപ്പുറം ചാലക്കുടി പിന്നിട്ടു തൃശൂരടുത്താല്‍ ഒരുകാലത്ത് ആകാശത്തു തളിര്‍ത്തുനില്‍ക്കുന്ന ഓട്ടുകമ്പനിപ്പുകക്കുഴലുകളുടെ കാഴ്ചയായിരുന്നു കൗതുകം. കണ്ടാല്‍ സിഗരറ്റുപോലെ തോന്നും. ഭൂമി അതിന്റെ ചുണ്ടത്ത് അസംഖ്യം സിഗരറ്റുകള്‍ കടിച്ചുപിടിച്ചു നില്‍ക്കുന്നതുപോലെ.

(ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലം)

മൊബൈല്‍ ടവറുകള്‍ അന്നു സജീവമായിരുന്നില്ല. കടിച്ചുപിടിച്ച പോലെയുള്ള ഓട്ടുകമ്പനിക്കുഴലും സിഗരറ്റും അക്കാലത്ത് ഒരുപോലെ പുകഞ്ഞിരുന്നു. പരസ്യമായി പുക വലിക്കുന്നവരുടെ എണ്ണം പിന്നീടു കുറഞ്ഞു. പുകക്കുഴലുകളിലെ തീയും പുകയും അതേപോലെ സാവാധനം അടങ്ങി. വ്യവസായം ഇല്ലാതായി. ഓടുകള്‍ സുഖം പകര്‍ന്ന വീട്ടകങ്ങളിലിരുന്നാണ് ഞങ്ങളുടെ തലമുറ പഠിച്ചു വളര്‍ന്നത്. മേല്‍ക്കൂര നോക്കിക്കിടക്കുന്നതു തന്നെ രസമുള്ള ഏര്‍പ്പാടായിരുന്നു. ഒന്നുരണ്ടിടങ്ങളില്‍ ഓടുപാകില്ല. അവിടെ ഓടിനു പകരം ചില്ലുമേയും. വെളിച്ചത്തിന് അതുമതി. വെയില്‍വെട്ടം സമൃദ്ധമായി കടന്നെത്തും. മഴ കാണാം..രാത്രിയില്‍ നിലാവുംആകാശത്തെ നക്ഷത്രങ്ങളും.

ചന്ദ്രനില്‍ താമസിക്കുന്ന മുയലിന്റെ കഥ കേള്‍ക്കാന്‍ ആ തലമുറയിലെ കുട്ടികളാരും പുറത്തിറങ്ങി ചന്ദ്രനെ നോക്കിയിട്ടുണ്ടാവില്ല. മുറിക്കകത്തെ പായയില്‍ കിടന്നു ചില്ലിലൂടെ ചന്ദ്രനിലെ മുയലിനെ കണ്ടു വിസ്മയിച്ചവരാണ് ഏറെപ്പേരും.

(മഹാകവി കുമാരനാശാന്‍)

പിന്നീടു കാലംമാറി കോണ്‍ക്രീറ്റു മേല്‍ക്കൂരകള്‍ വന്നിട്ടും ഓടുകളോടുള്ള കമ്പം നാട്ടില്‍ നിന്നു പോയില്ല. സിമന്റിനു മീതെ ഓടുപാകി പോയ കാലത്തെ കൂടെ കൊണ്ടുപോവുകയാണ്. ഓടിനു നല്ലപോലെ ചെലവുണ്ടായിരുന്ന കാലത്തു നാട്ടിലും വന്നു ഒരോട്ടുകമ്പനി. 'കരിപ്പത്തെറ്റ'യെന്നു പേരുള്ള വിശാലമായ ഒരു പാടശേഖരത്തോടു ചേര്‍ന്നായിരുന്നു അതിന്റെ പ്രവര്‍ത്തനം. ആണും പെണ്ണുമായി ഒട്ടേറെ പേര്‍ക്കു ജോലികിട്ടി. നാട്ടില്‍ ആദ്യമായി വന്ന കമ്പനി കാണാന്‍ ആളുകളെത്തി. തെറ്റില്ലാത്ത ലാഭം നേടി മുന്നോട്ടുപോയി. തൊഴിലാളികളുടെ വീടു പച്ചപിടിച്ചു. പക്ഷേ സുന്ദരമായ ആ കാലം നീണ്ടുനിന്നില്ല.

കമ്പനി ഒരു നാള്‍ താഴിട്ടു. എപ്പോഴും ചുട്ടുപൊള്ളിക്കിടന്ന ചൂളകള്‍ തണുപ്പില്‍ മരവിച്ചു കിടന്നു. പാടത്തുനിന്നും തുടര്‍ച്ചയായി വീശിയ കാറ്റ് കമ്പനിയുടെ അകത്തു സുഖകരമല്ലാത്ത ഒരീര്‍പ്പം പടര്‍ത്തി. ഇരുട്ടിലും തണുപ്പിലും നിശബ്ദമായ അകത്തളത്തിലൂടെ കുട്ടികള്‍ കയറിയിറങ്ങി നടന്നു. കൂട്ടി വച്ച ഓടുകള്‍ക്കിടയിലെ തണുപ്പില്‍ വിഷപ്പാമ്പുകളുണ്ടാകുമെന്നു മുതിര്‍ന്നവര്‍ ഭയപ്പെടുത്തിയെങ്കിലും ആരും പിന്മാറിയില്ല. പകല്‍ ചെറുപ്പക്കാരുടേയും രാത്രി മദ്യപരുടേയും താവളമായി കമ്പനി മാറി. ചിലര്‍ രാത്രികാലത്ത് അവിടേക്കു പെണ്ണുങ്ങളെ കൊണ്ടുവന്നു.

പരാതികളേറിയപ്പോള്‍ അവിടേയ്ക്ക് ഒരു കാവല്‍ക്കാരന്‍ നിയോഗിതനായി ചാക്കോച്ചന്‍ ! വെളുത്തു സുമുഖനായ ആരോഗ്യദൃഢഗാത്രനായ ചെറുപ്പക്കാരന്‍. സ്പോര്‍ട്സ് ആയിരുന്നു ചാക്കോച്ചനു ജീവിതം. ഷട്ടിലും ഫുട്ബോളുമൊക്കെ നന്നായി കളിക്കും. പക്ഷേ പൊളിച്ചതു ക്രിക്കറ്റിലായിരുന്നു. ലെഗ് സ്പിന്നറെന്ന നിലയില്‍ പേരെടുത്തു. കരിപ്പത്തെറ്റയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന 'കരുണ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബി'ല്‍ ചാക്കോച്ചന്‍ മെമ്പറായതോടെ ക്രമേണ ക്ലബിന്റെ പ്രവര്‍ത്തനം അടഞ്ഞുകിടന്ന ഓട്ടുകമ്പനിയിലേക്കു മാറി.

കമ്പനിമുറ്റത്തും എതിര്‍വശത്തുള്ള ഓട് ഉണക്കിയിരുന്ന മൈതാനത്തും കൊയ്തൊഴിഞ്ഞ പാടത്തും ഞങ്ങള്‍ കളിച്ചു വളര്‍ന്നു. ഉപയോഗശൂന്യമായ ഓടുകള്‍ അടുക്കിവച്ചു നിര്‍മ്മിച്ച കമ്പനിയുടെ മതില്‍ സുഖകരമായ അനുഭവം തന്നെയായിരുന്നു. വേനല്‍ക്കാല സായാഹ്നങ്ങളില്‍ നേര്‍ത്തു ചൂടുള്ള മതിലിനു പുറത്തിരുന്നു സൊറപറച്ചിലും കളികാണലും. വായിച്ചു പാതിയാക്കിയ പുസ്തകങ്ങള്‍ ഓടുകള്‍ക്കിടയില്‍ തിരുകി. മഴക്കാലത്തു കളിക്കളം കമ്പനിയുടെ പുകക്കുഴലിന്റെ ചുറ്റുവട്ടത്തായി. ദൂരെനിന്നു കാണുന്നതുപോലെയല്ല അതിന്റെ കീഴ്ഭാഗം. ഒരു ഫുട്ബോള്‍ ഗ്രൗണ്ടിലെ സെന്റര്‍ സര്‍ക്കിളിന്റെ രണ്ടിരട്ടിയോളം വലിപ്പം അതിനുണ്ടായിരുന്നു. പത്തുപന്ത്രണ്ടുപേര്‍ ഇരുകൈകളും വിടര്‍ത്തി ചങ്ങല പോലെയാക്കിയാല്‍ ഒന്നു വട്ടംപിടിക്കാം.

മഴക്കാലത്തു പാടത്തു വെള്ളമുയര്‍ന്നാല്‍ കമ്പനി ഭാഗികമായി മുങ്ങും. കുഴലിന്റെ അടിഭാഗവും വെള്ളത്തിനടിയിലാവും. ഒരു വെള്ളപ്പൊക്കക്കാലത്തു ആശാന്റെ ഓട്ടുകമ്പനി വെള്ളം കയറിക്കിടക്കുന്നതു കണ്ടിട്ടുണ്ട്. അഞ്ചാറു വര്‍ഷം മുമ്പ് തീവണ്ടിയിലൂടെ പോകുമ്പോള്‍ കമ്പനിയിലേക്കു വഞ്ചിയില്‍ തുഴഞ്ഞെത്തുന്ന ആശാന്റെ ഭാവനാദൃശ്യം മനസ്സിലേക്കു വന്നു. വള്ളത്തിലായിരുന്നു പണ്ട് ആശാന്റെ കമ്പനിയിലേക്കു ഓടുണ്ടാക്കുന്നതിനുള്ള കളിമണ്ണ് കൊണ്ടുവന്നിരുന്നത്.ചൂളയില്‍നിന്നെടുത്ത ഓടു നാടന്‍വള്ളങ്ങളില്‍ കയറ്റി കൊണ്ടുപോകും. അതിനിടയിലൂടെയാണ് തൊപ്പിയും കോട്ടുമിട്ട ആശാന്റെ വരവ്. വഞ്ചിപ്പടിയില്‍ ലഡ്ജറുകളും എഴുത്തുപുസ്തകവുമുണ്ട്. അന്ന് എഴുതിത്തുടങ്ങിയ കഥയുടെ താളുകള്‍ കൈയില്‍ സുരക്ഷിതമായുണ്ട്. ആശാന്റെ കൃതികളും ജീവിതകഥയുമാണ് ഇപ്പോള്‍ വായിക്കുന്നത്. ഓട്ടുകമ്പനികളും അവിടത്തെ മനുഷ്യജീവിതവും ചങ്ങാത്തവുമൊക്കെ നിറച്ച് പാതിവഴിയെത്തിയ കഥാവള്ളം ഉടനെ കരയ്ക്കണയുമെന്നാണു പ്രതീക്ഷ.