മിഥു ഒരാളല്ല, ഒത്തിരിപ്പേരുടെ പ്രതിനിധിയാണ്; ഒരു ആദിവാസി അധ്യാപിക ജീവിതം പറയുന്നു

 
mithumol
'ഏതെങ്കിലുമൊക്കെ അംഗീകാരം ലഭിച്ചുകഴിയുമ്പോഴാണ് ആളുകള്‍ നമ്മളെ തേടിവരുന്നത്'

മണ്‍പാത്രം നിര്‍മിച്ചും മുള നെയ്തും ഉപജീവനം ചെയ്തവരായിരുന്നു വയനാട്ടിലെ ഊരാളി ഗോത്രസമൂഹം. കുലത്തൊഴില്‍ അന്യാധീനമായതോടെ, പലരുടെയും ജീവിതത്തില്‍ ദാരിദ്ര്യവും കഷ്ടപ്പാടുമൊക്കെ ഇഴയിട്ടുതുടങ്ങി. കോളനികളില്‍ ദുരിതം കൊടിക്കുത്തി വാഴ്ച തുടങ്ങിയപ്പോഴും, വിദ്യാഭ്യാസത്തിനായി അവര്‍ തങ്ങളുടെ മക്കളെ പ്രാപ്തരാക്കി. അവഗണനകളാണ് കാത്തിരിക്കുന്നതെന്ന് അറിഞ്ഞിട്ടും കുട്ടികള്‍ സ്‌കൂളുകളിലെത്തി. മനംമടുത്ത് പഠനം ഉപേക്ഷിക്കുന്നവര്‍ ഏറെയുണ്ടായിരുന്നെങ്കിലും ചിലര്‍ പിടിച്ചുനിന്നു. അറിവ് ആയുധമാക്കി പോരാടാനുറച്ചവര്‍ ആദിവാസി സമൂഹത്തില്‍ മാറ്റത്തിന്റെ വക്താക്കളായി. അത്തരമൊരു വിജയഗാഥയാണ്, വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഗോത്ര വര്‍ഗ ഗവേഷണ പഠന കേന്ദ്രത്തിലെ (ഐടിഎസ്ആര്‍) അധ്യാപികയായ മിഥുമോളുടെ ജീവിതം. ഊരാളിക്കുറുമ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ കോളേജ് അധ്യാപികയാണ് മിഥു. സമാനതകളില്ലാത്ത ദുരിതവും അവഗണനകളുമൊക്കെ സഹിച്ചാണ് മിഥു അത്തരമൊരു സ്ഥാനത്ത് എത്തിയത്. വിദ്യാഭ്യാസം കൊണ്ടുമാത്രമേ ആദിവാസി സമൂഹത്തിന്റെ വികസനവും പുരോഗതിയും സാധ്യമാകൂ. പൊതുസമൂഹത്തിന്റ മോശം കാഴ്ചപ്പാട് മാറ്റിയെടുക്കാനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മിഥു വിശ്വസിക്കുന്നു. ആദിവാസികളുടെ ജീവിതത്തെക്കുറിച്ചും സ്വന്തം അനുഭവങ്ങളെക്കുറിച്ചും മിഥുമോള്‍ 'അഴിമുഖ'ത്തോട് സംസാരിക്കുന്നു. 

അവഗണനകളുടെ സ്‌കൂള്‍ കാലം
വയനാട്ടിലെ കേണിച്ചിറ എല്ലക്കൊല്ലി കോളനിയില്‍ ബൊമ്മന്‍-വസന്ത ദമ്പതികളുടെ നാലുമക്കളില്‍ മൂന്നാമത്തെയാളാണ് മിഥുമോള്‍. ചേച്ചി മഞ്ജുഷ ടിടിസി കഴിഞ്ഞു നില്‍ക്കുന്നു. ചേട്ടന്‍ മിഥുന്‍ ആശാരിയാണ്. പത്താതരം വരെ പഠിച്ചിട്ടുണ്ട്. അനിയത്തി നിഥുമോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ ഡി ഫാം നഴ്‌സിംഗ് വിദ്യാര്‍ഥിയാണ്. ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരെന്ന പേരില്‍ നിരന്തരം അവഗണനകള്‍ നേരിട്ടിരുന്നെങ്കിലും നാലുപേര്‍ക്കും പഠിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. അവരുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ ബൊമ്മനും വസന്തിയും രാപകലില്ലാതെ കഷ്ടപ്പെട്ടു. കൂലിപ്പണി ചെയ്ത് മക്കളെ പഠിപ്പിക്കാന്‍ അവര്‍ തയ്യാറായി. കൂട്ടുകൂടുമ്പോഴും കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ മറ്റു കുട്ടികള്‍ മാറ്റിനിര്‍ത്തുന്നതിന്റെ വേദനകള്‍ പേറിയാണ് നാലുപേരും പഠനം തുടര്‍ന്നത്. 

സ്‌കൂള്‍ കാലം എല്ലാവര്‍ക്കും മധുരകരമായ ഓര്‍മകളുടേതാണെങ്കില്‍ മിഥുവിനും സഹോദരങ്ങള്‍ക്കും അത് കയ്പുനിറഞ്ഞതായിരുന്നു. പക്ഷേ, അത്തരം അവഗണനകളോട് തോറ്റുപിന്മാറാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. വിദ്യാഭ്യാസം കൊണ്ടേ എന്തെങ്കിലും മാറ്റം ഉണ്ടാകൂ എന്നൊരു തിരിച്ചറിവാണ് അവരെ മുന്നോട്ടുനയിച്ചത്. ചുട്ടുപൊള്ളുന്ന അനുഭവങ്ങള്‍ തന്നെയാണ് 24കാരിയായ മിഥുമോളെ സ്വപ്‌നങ്ങള്‍ കാണാനും അതിനായി പരിശ്രമിക്കാനും പഠിപ്പിച്ചത്. വാകേരിയിലും പുല്‍പ്പള്ളി വിജയയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പ്ലസ് ടു കഴിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോത്രവര്‍ഗ പഠന കേന്ദ്രമായ വയനാട് ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ (ഐടിഎസ്ആര്‍) ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്ത നാളുകളില്‍ മിഥുവിന്റെ ചിന്തകള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതായി. യുജിസിയുടെ നെറ്റ് യോഗ്യതയും എം.എ റാങ്കും നേടിയതിനൊപ്പം ഐടിഎസ്ആറില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്റെ തിരഞ്ഞെടുപ്പുകള്‍ തെറ്റിയില്ലെന്ന ആത്മവിശ്വാസം വര്‍ധിച്ചു. പഠിച്ചിറങ്ങിയ കോളേജില്‍ അധ്യാപികയായി എന്നതിനപ്പുറം, ഊരാളിക്കുറുമ വിഭാഗത്തില്‍ നിന്ന് കോളേജ് അധ്യാപികയാകുന്ന ആദ്യ വ്യക്തി എന്ന ചരിത്രനേട്ടവും മിഥുമോള്‍ക്ക് സ്വന്തമായി. 

വൈകിയെത്തുന്ന പരിഗണനകള്‍
ഏതെങ്കിലുമൊക്കെ അംഗീകാരം ലഭിച്ചുകഴിയുമ്പോഴാണ് ആളുകള്‍ നമ്മളെ തേടിവരുന്നത്. 90-99 ശതമാനം ആള്‍ക്കാരും അങ്ങനെ തന്നെയാണ്. ഒരു ശതമാനം ആളുകള്‍ മാത്രമാണ് പഠിക്കുന്ന നാളില്‍ ഏതെങ്കിലും തരത്തിലുള്ള സഹായമൊക്കെ ചെയ്തിട്ടുള്ളത്. യുജിസി നെറ്റ് ക്വാളിഫൈ ചെയ്തപ്പോഴും ബിരുദാനന്തര ബിരുദ പഠനത്തിന് മൂന്നാം റാങ്ക് കിട്ടിയപ്പോഴുമാണ് പലരും പിന്തുണയുമായൊക്കെ എത്തിയത്. അതുവരെ ഇങ്ങനെയൊരാള്‍ പഠിക്കുന്നുണ്ടോ, എങ്ങനെയാണ് പഠിക്കുന്നതെന്നോ ഉള്‍പ്പെടെ കാര്യങ്ങള്‍ ആരും തിരക്കിയിട്ടില്ല. ശരിക്കും അപ്പോഴൊക്കെയാണ് നമുക്ക് ആരുടെയെങ്കിലുമൊക്കെ സഹായം ആവശ്യമായി വരുന്നത്. സഹായം എന്ന് പറയുമ്പോള്‍, അത് സാമ്പത്തിക സഹായം മാത്രമാണെന്ന് ചിന്തിക്കരുത്. എവിടെ പഠിക്കണം, എങ്ങനെ പഠിക്കണം, ഉപരിപഠനത്തിനുള്ള സാധ്യതകള്‍, വിവിധ സര്‍ക്കാര്‍ സഹായങ്ങള്‍, അതിനുള്ള വഴികള്‍, സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കണം എന്നിങ്ങനെ കാര്യങ്ങളിലെങ്കിലും ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ അത് എന്നെപ്പോലുള്ള നിരവധിപ്പേര്‍ക്ക് സഹായകമാകും. പഠിക്കുന്ന നാളില്‍ നാട്ടുകാര്‍ പോലും ഇത്തരം കാര്യങ്ങള്‍ അറിയുന്നുണ്ടാകില്ല. എന്തെങ്കിലും നേട്ടം കിട്ടുമ്പോള്‍ മാത്രമാണ് ആളുകള്‍ അന്വേഷിച്ചെത്തുന്നത്.  

ആദിവാസി സമൂഹത്തിനൊരു പ്രതീക്ഷ
ഇത്രയും കാലവും ഞാന്‍ ഇവിടെ തന്നെയാണ് താമസിച്ചത്. ഇവിടെ തന്നെയാണ് വളര്‍ന്നത്. മിഥു എന്നത് ഒരു ആള്‍ മാത്രമല്ല. ഒത്തിരിപ്പേരുടെ പ്രതിനിധിയാണ്. ഐടിഎസ്ആര്‍ എന്ന സ്ഥാപനത്തില്‍ വന്നതുകൊണ്ട് എനിക്ക് സാധ്യതകള്‍ മനസിലായി. അവസരങ്ങളെക്കുറിച്ച് അറിയാനായി. മുജീബ് റഹ്‌മാന്‍, ഉബൈദ് വാഫി, ചിത്ര മിസ്സ്, സബീഷ് തുടങ്ങിയ അധ്യാപകര്‍ നന്നായി സഹായിച്ചു. പഠനത്തിനായി വളരെയധികം മോട്ടിവേറ്റ് ചെയ്തിരുന്നു. അതൊരു ദിശാബോധം നല്‍കിയിട്ടുണ്ട്. ഇതൊന്നും അറിയാത്ത നിരവധിപ്പേര്‍ ഇനിയുമുണ്ട്. നമുക്ക് അറിയാവുന്നവരോടൊക്കെ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കുന്നുണ്ട്. 

ഇപ്പോള്‍ ലഭിക്കുന്ന മാധ്യമ ശ്രദ്ധയും വാര്‍ത്തകളും എന്നേക്കാള്‍ ഉപരി, ഇതുപോലെ ആഗ്രഹങ്ങളും താല്‍പര്യവും പുലര്‍ത്തുന്ന നിരവധിപ്പേര്‍ക്ക് ഒരു പ്രചോദനം ആകുമെന്നാണ് ഞാന്‍ കരുതുന്നത്. നമുക്കും ഇതുപോലൊയൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കാനാകുമെന്ന ഒരു പ്രതീക്ഷ അവരില്‍ കൊണ്ടുവരാന്‍ സാധിക്കും. നമ്മളെക്കൊണ്ട് ഒന്നും സാധിക്കില്ലെന്നും നമുക്കൊന്നും അതിനാവില്ലെന്നും വിചാരിക്കുന്ന ആദിവാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്കത് ഒരു മോട്ടിവേഷന്‍ നല്‍കും. ഞാന്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള കുടുംബത്തില്‍ നിന്നാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. സമാന സ്ഥിതിയില്‍ കഴിയുന്നവര്‍ക്ക് ഒരു പ്രതീക്ഷ നല്‍കാന്‍ ഇപ്പോള്‍ ലഭിക്കുന്ന മാധ്യമശ്രദ്ധ ഉള്‍പ്പെടെ കാരണമാകും. നമുക്കും ഇതൊക്കെ കഴിയുമെന്ന ചിന്ത ഉണ്ടാകും. നമ്മുടെ സ്ഥാപനത്തെക്കുറിച്ചുമൊക്കെ കൂടുതല്‍ ആളുകള്‍ അറിയാനും ഇടയാകും.

പലതും അറിയാതെ പോകുന്നു
സര്‍വകലാശാലകള്‍, കോളേജുകള്‍ ഉള്‍പ്പെടെ മറ്റു പഠന സാധ്യതകള്‍ പലര്‍ക്കും ഇപ്പോഴും അറിയില്ല. ഞാന്‍ തന്നെ ഐടിഎസ്ആറില്‍ വന്നുകഴിഞ്ഞപ്പോഴാണ് കേരളത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, വിദേശത്തുള്ള പഠന സാധ്യതകള്‍ എന്നിവയെക്കുറിച്ചുപോലും കൃത്യമായി മനസിലാക്കിയത്. ആദിവാസി സമൂഹത്തിന് നിരവധി സാധ്യതകള്‍ ഉണ്ടെന്നുപോലും മനസിലായി. സര്‍വകലാശാലകളിലും കോളേജുകളിലുമൊക്കെയായി ഉയര്‍ന്ന കോഴ്‌സുകളിലേക്കായാലും ജോലിയിലേക്കായാലും പലപ്പോഴും എസ്.ടി സീറ്റുകള്‍ ഒഴിവു വരാറുണ്ട്. അത് പത്രങ്ങളിലാകും പരസ്യങ്ങളായി വരിക. എന്നാല്‍, പത്രങ്ങള്‍ പോലും എത്തപ്പെടാത്ത വീടുകളുണ്ട്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നതിനുപോലും പരിമിതികളുണ്ട്. ഇത്തരത്തില്‍ ആദിവാസി സമൂഹങ്ങളിലേക്ക് കൃത്യമായ വിവരങ്ങള്‍ എത്താത്ത സ്ഥിതിയുണ്ട്. അറിയുന്ന കാര്യങ്ങളിലാണെങ്കില്‍, രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്നും മറ്റുമായി അപേക്ഷകള്‍ തഴയപ്പെടുന്ന സാഹചര്യവുമുണ്ട്. വിദ്യാഭ്യാസ മേഖലയിലായാലും തൊഴില്‍ കാര്യങ്ങളിലായാലും അത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 

Also Read : താജ് വിവാന്റയിലെ ഒരു സദസ്സിന് മുന്‍പില്‍ ഈ ആദിവാസി യുവാവ് സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു; നിങ്ങള്‍ക്ക് മധുവിനെ അറിയാമോ?

ഇംഗ്ലീഷ് ഭാഷ വലിയൊരു പ്രശ്‌നമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലീഷ് എന്നാല്‍ ഗ്രാമര്‍ ആണെന്നൊരു ധാരണ ചെറിയ ക്ലാസ് മുതല്‍ നമ്മുടെ തലയിലേക്ക് കുത്തിവെക്കപ്പെടുന്നു. അതിങ്ങനെ വളര്‍ന്നുകൊണ്ടിരിക്കും. ഇംഗ്ലീഷ് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, പറയുന്നത് ശരിയാണോ ഗ്രാമര്‍ ശരിയാണോ എന്നിങ്ങനെ കാര്യങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും. അതോടെ, അത്തരം ശ്രമങ്ങള്‍ അവസാനിക്കും. ഭാഷ ആശയവിനിമയത്തിനുള്ളതാണെന്നും പറയുന്ന കാര്യങ്ങള്‍ അടുത്തയാള്‍ക്ക് മനസിലായാല്‍ മതിയെന്നുമുള്ള കാര്യങ്ങളൊന്നും മനസിലാക്കപ്പെടാതെയും പോകുന്നു. സാങ്കേതിക കാര്യങ്ങളില്‍ മതിയായ അറിവില്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. 

വിദ്യാഭ്യാസവും ഉയര്‍ന്ന പദവികളും സ്വന്തമാകണം
വനപ്രദേശങ്ങളില്‍ താമസിക്കുന്ന പലര്‍ക്കും വിദ്യാഭ്യാസത്തിനു വരാനും പോകാനുമൊക്കെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. കോളനികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മറ്റുമായി ടീച്ചര്‍മാരെ നിയമിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാളില്‍ ഉള്‍പ്പെടെ ക്ലാസുകള്‍ അറേഞ്ച് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുവരുന്നുണ്ട്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവര്‍ക്ക് പലപ്പോഴും നല്ല സൗകര്യങ്ങള്‍ കിട്ടുണ്ട്. നല്ല ഭക്ഷണവും പഠിക്കാനുള്ള സൗകര്യങ്ങളുമൊക്കെ ലഭിക്കുന്നുണ്ട്. ഇപ്പോഴും വൈദ്യുതി ലഭിക്കാത്ത ചില കോളനികളിലെ അവസ്ഥവെച്ചു നോക്കുമ്പോള്‍, ഹോസ്റ്റല്‍ സൗകര്യം ലഭിക്കുന്നത് വലിയ നേട്ടമാണ്. വീട്ടില്‍ നിന്നു പഠിക്കുന്നവര്‍ക്ക് നല്ലൊരു പഠന മുറിയൊക്കെ ഉണ്ടാക്കിക്കൊടുക്കുന്നതും, വൈദ്യുതി ലഭ്യമാക്കുന്നതുമൊക്കെ നല്ലതായിരിക്കും. പഠനകാര്യങ്ങളിലെ പോരായ്മകള്‍ മറികടക്കാന്‍ ട്യൂഷന്‍ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കാം. കോളനികളില്‍ വിദ്യാഭ്യാസമുള്ള നിരവധിപ്പേരുണ്ട്. അവരെ ഉള്‍പ്പെടുത്തിക്കൊണ്ട് അത്തരം സംവിധാനങ്ങള്‍ ചെയ്യാവുന്നതാണ്. സ്വന്തം ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് മനസിലാക്കാന്‍ സാധിക്കുന്നത് നല്ല കാര്യമായിരിക്കും. പഠിക്കാന്‍ നല്ല കഴിവുള്ളവരെയും തീരെ കഴിവില്ലാത്തവരെയും ഒരേപോലെ ട്രീറ്റ് ചെയ്യുന്നൊരു രീതിയാണ് ക്ലാസുകളില്‍ ഉള്ളത്. പൊതുവില്‍ പറയുന്ന കാര്യങ്ങള്‍ പോലും മനസിലാകാതെ പോകുന്നവരുണ്ട്. അതുകൊണ്ട് പഠനം തന്നെ ഉപേക്ഷിക്കുന്നവരും കുറവല്ല. അവര്‍ക്ക് സമയമെടുത്ത് തന്നെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടതായി വരും. ടീച്ചര്‍മാര്‍ക്ക് അതിന് സാധിച്ചെന്നുവരില്ല. അത്തരം സാഹചര്യങ്ങളില്‍, കോളനികളില്‍ ട്യൂഷന്‍ പോലുള്ള സൗകര്യം നല്‍കുന്നത്, അവരെ പഠനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സഹായകമാകും.

Midhumol

നിരവധി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അതിനേക്കാളേറെ അവഗണനയും സഹിച്ചാണ് ഞാന്‍ ഇവിടം വരെയെങ്കിലും എത്തിച്ചേര്‍ന്നത്. അത്തരം സാഹചര്യങ്ങള്‍ മാറണമെങ്കില്‍ ആദിവാസി സമൂഹം വിദ്യാഭ്യാസമുള്ളവരായി മാറണം. അങ്ങനെയെങ്കില്‍ മാത്രമേ, ഒരു മാറ്റം കൊണ്ടുവരാന്‍ സാധിക്കൂ. അല്ലെങ്കില്‍ മുന്‍തലമുറ ജീവിച്ചതുപോലെ, വിറക് ശേഖരിച്ചും കൂലിപ്പണിയെടുത്തും അന്നന്നത്തെ ജീവിതത്തിനുള്ള സമ്പാദ്യങ്ങളുമായി കഴിഞ്ഞുപോകുന്നവരായി തുടരും. ഐഎഎസ്, ഐപിഎസ് ആയാലും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലായാലും മറ്റു സിവില്‍ സര്‍വീസ്, അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലായാലും ആദിവാസി സമൂഹം എത്തിപ്പെടണം. ചില മാറ്റങ്ങള്‍ പ്രകടമാണ്. അത് തുടരണം. നോണ്‍ ട്രൈബ്‌സ് ഉള്ള ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ആദിവാസി സമൂഹങ്ങളും എത്തണം. 

അവകാശങ്ങള്‍ മറിച്ചുവില്‍ക്കപ്പെടരുത്
ഇതുവരെ പഠിച്ചത് പ്രത്യേകിച്ച് എന്തെങ്കിലും സ്‌കോളര്‍ഷിപ്പ് പോലും ഇല്ലാതെയാണ്. ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പിനെക്കുറിച്ചുള്ള പ്രഖ്യാപനം വരുമ്പോള്‍, പ്രതീക്ഷയോടെ അപേക്ഷിക്കും എന്നാല്‍ അവസാനം നിരാശയായിരിക്കും ഫലം. പി.ജി കഴിഞ്ഞപ്പോള്‍ ലാപ്‌ടോപ്പിനായി അപേക്ഷ നല്‍കി. പഞ്ചായത്തില്‍ പോയി അന്വേഷിച്ചപ്പോള്‍, ലാപ്‌ടോപ് പാസായിട്ടില്ല, അടുത്തവര്‍ഷമേ ലഭിക്കൂ എന്ന് അറിയിപ്പ് ലഭിച്ചൂ. അതിനെക്കുറിച്ച് കൂടുതലായി എവിടെ അന്വേഷിക്കണം, എന്താണ് ചെയ്യേണ്ടതൊന്നും അറിയില്ലായിരുന്നു. ആരും അക്കാര്യങ്ങള്‍ പറഞ്ഞുതന്നതുമില്ല. അതിനാല്‍, കൂടുതലൊന്നും പറയാതെ കാത്തിരുന്നു. ഇപ്പോഴാണ് അതൊക്കെ മനസിലാക്കിയത്. പരിചയത്തിലുള്ള കുട്ടികള്‍ക്ക് സാധ്യതകള്‍ പറഞ്ഞുകൊടുക്കുകയും അതിനായുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ അവകാശങ്ങളാണ് നാം ചോദിച്ചുവരുന്നത്. അപ്പോള്‍ അത് മറിച്ചുവില്‍കാതെ, അവകാശപ്പെട്ടവര്‍ക്ക്, എത്തപ്പെടേണ്ടവര്‍ക്ക് കൃത്യമായി ലഭിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. ഞങ്ങള്‍ക്ക് തരാനുള്ളതും തരേണ്ടതും ഞങ്ങള്‍ക്കു തന്നെ തരുക. അതിലൂടെ മാത്രമേ ഈ സമൂഹത്തിന് എന്തെങ്കിലുമൊക്കെ വികസനവും നേട്ടങ്ങളും ഉണ്ടാവുകയുള്ളൂ.  

കാഴ്ചപ്പാടുകള്‍ മാറണം
ആദിവാസികളെക്കുറിച്ച് പൊതുസമൂഹത്തില്‍ പലതരത്തിലുള്ള കാഴ്ചപ്പാടുകളുണ്ട്. അതില്‍ തെറ്റും ശരിയുമുണ്ട്. തെറ്റായ കാഴ്ചപ്പാടുകള്‍ ഇല്ലാതാക്കാന്‍ വിദ്യാഭ്യാസം തന്നെയാണ് ആദിവാസി-ഗോത്ര സമൂഹങ്ങള്‍ക്ക് ആവശ്യം. അതിലൂടെയേ ഒരു മാറ്റം സാധ്യമാകൂ. നെഗറ്റീവായതും വികലവുമായ കാഴ്ചപ്പാടുകള്‍ മാറ്റണമെന്നാണ് മറ്റുള്ളവരോട് പറയാനുള്ളത്. ചില സിനിമകളിലും പുസ്തകങ്ങളിലുമൊക്കെ നിങ്ങള്‍ കാണുന്നവരല്ല ആദിവാസികള്‍. നിറവും രൂപവും വസ്ത്രധാരണവും തുടങ്ങി അവര്‍ ഇങ്ങനെയുള്ള ഭക്ഷണം കഴിക്കുന്നവരാണ്, ഇങ്ങനെയെ നടക്കൂ, ഇതുപോലെയാണ് അവരുടെ ജീവിതരീതി എന്നിങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ മാറ്റണം. പുറത്തുനിന്നുള്ളവര്‍ ആദിവാസി സമൂഹങ്ങളെ മനസിലാക്കണം. ആദിവാസി സമൂഹങ്ങളെക്കുറിച്ച് അറിയുന്നവര്‍ ശരിയായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുക. വികലമായ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാതിരിക്കുക എന്നതാണ് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. എല്ലാവരെയും പോലെ, ആദിവാസികള്‍ക്കും ഒരു ജീവിതമുണ്ട് -മിഥു പറഞ്ഞുനിര്‍ത്തുന്നു. 

Also Read : അറിവ് തരൂ, ഞങ്ങളുടെ വിശപ്പ് മാറട്ടെ; ചോലനായ്ക്കര്‍ക്കിടയിലെ ആദ്യ ബിരുദാനന്തര ബിരുദധാരി വിനോദ് സംസാരിക്കുന്നു

ഐ.സി.ഡി.എസ് അംഗന്‍വാടി സൂപ്പര്‍വൈസര്‍ ലിസ്റ്റിലുണ്ട് മിഥു. ജോലി ലഭിച്ചാല്‍ അവധിയെടുത്ത് ബി.എഡിന് ചേരണം. സോഷ്യോളജിയില്‍ പിഎച്ച്ഡി എടുക്കണം. കേരളത്തിനു പുറത്തുള്ള ഏതെങ്കിലും സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യണം എന്നിങ്ങനെയാണ് ആഗ്രഹങ്ങള്‍. സിവില്‍ സര്‍വീസ് ഒരു മോഹമായി കൂടെയുണ്ട്. അതിനുള്ള പരിശീലനം തുടങ്ങിയെങ്കിലും കോവിഡില്‍ അത് തടസപ്പെട്ടു. എല്ലാം ഒന്നുകൂടി ക്രമപ്പെടുത്തി, സ്വപ്‌നങ്ങളിലേക്കുള്ള വഴി തെളിവുള്ളതാക്കുകയാണ് മിഥു. ആദിവാസി സമൂഹത്തിന്റെയാകെ പ്രതീക്ഷകള്‍ കൂടിയാണ് അതിലൂടെ സജീവമാകുന്നത്.