'ഒരേ അഭിപ്രായം പറയുമ്പോള്‍ എന്നെ ആറാം നൂറ്റാണ്ടിലെ പിന്തിരിപ്പനും ബൃന്ദ കാരാട്ടിനെ പുരോഗമനവാദിയും ആക്കുന്നവരുടെ പ്രശ്‌നം മതമാണ്'

ഈ നിയമത്തിന് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇതൊരു സമുദായത്തെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണ്,
 
fathima thehliya

കേരള രാഷ്ട്രീയത്തില്‍ സമീപകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്ത്രീ മുന്നേറ്റമായിരുന്നു മുസ്ലിം ലീഗിലെ 'ഹരിത'ക്കാരുടേത്. അവരുടെ തന്നെ പാര്‍ട്ടിയില്‍ നിന്ന് സ്ത്രീസ്വത്വത്തിന് മുറിവേല്‍ക്കുകയും പിന്നീട് പാര്‍ട്ടിക്കകത്ത് പരാതി പറഞ്ഞിട്ടും നീതി ലഭിക്കാത്ത സാഹചര്യമുണ്ടാവുന്നു. പരാതി ഉന്നയിച്ച ഹരിതയെ മരവിപ്പിച്ച് തീരുമാനമെടുത്താണ് മുസ്ലിം ലീഗ് പരാതിയെ നേരിട്ടത്. പരാതിക്കാരായ പത്തുപെണ്‍കുട്ടികളും അവര്‍ക്ക് പിന്തുണ നല്‍കിയ മുന്‍ ഹരിത നേതാവും പാര്‍ട്ടിക്കകത്ത് വലിയ രീതിയിലുള്ള അനീതിക്കിരയായി. അവരുടെ പരാതിയില്‍ വനിത ലീഗ് പോലും ആശ്വാസമായില്ല. പകരം കുറ്റക്കാരായി ചിത്രീകരിച്ചു. പക്ഷേ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രശ്നത്തെ അഡ്രസ് ചെയ്യാതിരിക്കാന്‍ ഹരിതക്കാര്‍ക്ക് കഴിഞ്ഞില്ല. അവര്‍ പരാതിയുമായി വനിത കമ്മീഷനെ സമീപിക്കുന്നു. ഇടതുമുന്നണി അധികാരത്തിലുള്ള സംസ്ഥാനത്ത് അവരുടെ വനിത കമ്മീഷനിലുള്ള വിശ്വാസത്തെയും അങ്ങോട്ടുള്ള നീക്കത്തേയും രാഷ്ട്രീയ കേരളവും പൊതുസമൂഹവും ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു. വനിത കമ്മീഷനിലെത്തിയ ആ പത്തുപെണ്‍കുട്ടികളില്‍ നാലുപേര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തുകയും അതിന് നേതൃത്വം നല്‍കി എംഎസ്എഫിന്റെ മുന്‍ ദേശീയ വൈസ് പ്രസിഡന്റും മാധ്യമങ്ങളെ കാണുന്നു. മരവിപ്പിച്ച ഹരിതക്കാരെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റി നിലവില്‍ വരുമ്പോള്‍ മുന്‍ ഹരിത നേതാവായ അഡ്വ ഫാത്തിമ തഹ്ലിയയും സ്ഥാനത്തുനിന്ന് തെറിക്കുന്നുണ്ട്. അഡ്വ ഫാത്തിമ തഹ്ലിയ സമകാലിക വിഷയങ്ങളിലും മുന്‍ വിവാദങ്ങളിലും 'അഴിമുഖ'ത്തോട് സംസാരിക്കുന്നു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നിരുന്നല്ലോ, എന്തുകൊണ്ടാണ് ഈ നിയമത്തെ എതിര്‍ക്കുന്നത്?

വിവാഹപ്രായം 21 ആക്കുന്ന നിയമം വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന വാദങ്ങള്‍ക്ക് ലോജിക്കില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയാല്‍ എന്താണ് പ്രത്യേകമായി ഗുണം ലഭിക്കുക? പുതിയ കാലത്ത് 18 എന്നത് 21 ആക്കി ഉയര്‍ത്തേണ്ട യാതൊരു സാഹചര്യവുമില്ല. കാരണം, 18 എന്നു നിശ്ചിയിച്ചിരിക്കുന്നത് 18-ല്‍ തന്നെ വിവാഹം കഴിപ്പിക്കണം എന്നര്‍ത്ഥത്തില്‍ അല്ല. 18 കഴിഞ്ഞോ 28 കഴിഞ്ഞോ 38 കഴിഞ്ഞോ ഏത് സമയത്ത് വേണമെങ്കിലും വിവാഹം കഴിക്കാം. നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതൊരിക്കലും സാധൂകരിക്കുന്ന നിയമമല്ല നമ്മുടെ രാജ്യത്തുള്ളത്. 21 ലേക്ക്  വിവാഹപ്രായം ഉയര്‍ത്തുമ്പോള്‍ 18 നും 21 നും ഇടയിലുള്ള പെണ്‍കുട്ടികളുടെ തെരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തെയാണ് അത് ബാധിക്കുന്നത്.

 നമ്മുടെ നാട്ടിലൊക്കെ പത്താം ക്ലാസ് കഴിഞ്ഞയുടനെ വിവാഹം കഴിച്ചുകൊടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. സ്ത്രീകളുടെ വിവാഹ പ്രായം പതിനെട്ടാക്കി നിയമം വന്നപ്പോള്‍ പതിനെട്ട് തികയുമ്പോള്‍ തന്നെ വിവാഹം കഴിപ്പിക്കുന്ന രീതിയായി. വളരെ ചുരുക്കം സ്ത്രീകള്‍ക്ക് മാത്രമാണ് വിദ്യാഭ്യാസം, പ്രണയം, വിവാഹം എന്നിവയിലൊക്കെ സ്വതന്ത്ര തീരുമാനം എടുക്കാന്‍ കഴിയുന്നത്. നാട്ടുനടപ്പനുസരിച്ച് പെട്ടെന്ന് കെട്ടിക്കുക, ഇരുപതാം വയസ്സില്‍ പ്രസവിക്കുക, 25-ാം വയസില്‍ രണ്ടോ മൂന്നോ കുട്ടികളായശേഷം പ്രസവം നിര്‍ത്തുക ഇതൊക്കെയാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അപ്പോള്‍ ഒരു ദീര്‍ഘകാലാടിസ്ഥാനത്തില്‍ 21 വയസ്സെന്നുള്ളത് പെണ്‍ കുട്ടികള്‍ക്ക് ഡിഗ്രിവരെയൊക്കെ പഠിക്കാനും അതിനനുസരിച്ച് സാമ്പത്തിക സ്വാതന്ത്ര്യമൊക്കെ നേടുന്നതിനും ഗുണകരമാവില്ലേ?

ഒന്നാമത്തെ കാര്യം നമ്മുടെ നാടിനെ വെച്ച് ഈ നിയമത്തില്‍ അഭിപ്രായം പറയാന്‍ കഴിയില്ല. ഒരുപാട് വൈവിധ്യങ്ങളുള്ള നാട്ടിലാണ് ജീവിക്കുന്നത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എടുത്താല്‍ ഇതിലെ ഓരോ സ്ഥലങ്ങളും മതങ്ങളും വ്യത്യസ്തമാണ്. ഓരോ ആചാരങ്ങളും നിലപാടുകളും വ്യത്യസ്തമാണ്. അപ്പോള്‍ നമ്മുടെ നാട്ടില്‍ നിന്നുകൊണ്ട് ഇതിനെ വായിക്കാന്‍ കഴിയില്ലെന്നുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, നേരത്തെ വിവാഹം കഴിപ്പിക്കുന്നു എന്ന പ്രശ്‌നം തടയാന്‍ വിവാഹപ്രായം 21 ആക്കിയാലും അതെന്തിനെന്നു മനസിലാക്കിയാകില്ലഇതില്‍ എത്തപ്പെടുന്നത്. സ്ത്രീ ശാക്തീകരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മാതൃമരണങ്ങള്‍, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്ത വിഷയം,  സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യം എന്നീ ഗൗരവമേറിയ വിഷയങ്ങളിലാകണം ഇടപെടല്‍ ഉണ്ടാകേണ്ടത്. വിദ്യാഭ്യാസം നേടുക എന്നാല്‍ തിരിച്ചറിവുള്ള ആളുകളായി മാറുക എന്നതാണ്. വ്യക്തിത്വങ്ങളെ, കഴിവുകളെ ,പ്രതികരണങ്ങളെ ഇതിനെയൊക്കെ ഡെവലപ് ചെയ്ത് കൊണ്ടുവരാനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിക്കപ്പെടേണ്ടത്. 21 വയസ് ആക്കിയാലും പരമാവധി ഡിഗ്രിയാണ് ഒരു പെണ്‍കുട്ടിക്ക് സ്വന്തമാക്കാന്‍ കഴിയുന്ന വിദ്യാഭ്യാസ യോഗ്യത. സാമ്പത്തിക സ്വാതന്ത്ര്യമാണ് മുന്‍ നിര്‍ത്തുന്ന മറ്റൊരു ഘടകം. ഇന്നെല്ലാവരുടെ കയ്യിലും ഒരു യൂ ട്യൂബ് ചാനലെങ്കിലുമുണ്ട്. ടെക്നോളജി വികസിച്ചതോടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ വയസ് നോക്കേണ്ട കാര്യമുണ്ടാകുന്നില്ല. ഓരോരുത്തരുടേയും സാഹചര്യത്തിനനുസരിച്ചുള്ള സ്‌കില്‍ ഉണ്ടായി വരുന്നുണ്ട്. സ്വന്തം അഭിപ്രായത്തിനു വേണ്ടി സ്ത്രീകളെ നിലകൊള്ളാന്‍ പ്രാപ്തരാക്കുന്ന പദ്ധതികള്‍ കൊണ്ടുവരിക, വോട്ടുചെയ്യാനും, പാസ്പോര്‍ട്ട് എടുക്കാനും കഴിയുന്നതും ഒരു മുതിര്‍ന്ന പൗരനായി നിങ്ങളെ കണക്കാക്കുന്നതും 18 ലാണ്. ആ പ്രായം വരെ നിങ്ങള്‍ മൈനറാണ്. അപ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്തം ഗവണ്‍മെന്റിനുണ്ട്, രക്ഷിതാക്കള്‍ക്കുണ്ട്. 18 വസ് കഴിഞ്ഞ് 21 വയസ്സുവരെയുള്ള ആള്‍ക്കാരുടെ ഉത്തരവാദിത്തം ആര്‍ക്കാണ് എന്നൊരു ചോദ്യമുണ്ട്. 

ശൈശവവിവാഹ നിരോധന നിയമനുസരിച്ച് 18 വസ്സുള്ള പെണ്‍കുട്ടിയും 21 വയസ്സുള്ള ആണ്‍കുട്ടിയും മൈനറാണ്. പക്ഷേ അതേ നിയമത്തില്‍ തന്നെ പറയുന്നുണ്ട് 19 വയസ് മുതല്‍ 21 വരെയുള്ള ആണ്‍കുട്ടികള്‍ 18 ന് താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ക്രിമിനല്‍ കുറ്റമാണ്. അവരെ പിടിച്ച് അകത്തിടാനുള്ള വകുപ്പ് നിയമത്തില്‍ തന്നെയുണ്ട്. പ്രായപൂര്‍ത്തി വോട്ടവകാശം നേടിയിട്ടും വിവാഹത്തിന്റെ കാര്യത്തില്‍ ഒരു 19 കാരന് വ്യക്തി സ്വാതന്ത്ര്യമനുസരിച്ച് തീരുമാനം എടുക്കാനുള്ള അനുവാദം കിട്ടുന്നില്ല. അവന്റെ ഉത്തവാദിത്തം സ്റ്റേറ്റ് ഏറ്റെടുക്കുന്നില്ല,  രക്ഷിതാക്കള്‍ ഏറ്റെടുക്കുന്നില്ല. ഒരു വ്യക്തിക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ കഴിയുമെന്ന അനുമാനത്തിലാണ് 18 വയസ് എന്നത് പ്രായപൂര്‍ത്തി സമയമായി നിശ്ചയിച്ചിരിക്കുന്നത്. അമേരിക്ക, യുകെ പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളിലും ഇതേ രീതിയാണ് പിന്തുടരുന്നത്. അതങ്ങനെ തന്നെ നിശ്ചയിച്ച് ഓരോരുത്തരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്യാംപെയ്ന്‍ ചെയ്യുകയാണ് അനുകൂലമെന്നാണ് എനിക്ക് തോന്നുന്നത്.

 സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്നതിനു പിന്നില്‍ ബിജെപി സര്‍ക്കാരിന്റെ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയം ഉണ്ടെന്ന്  വിശ്വസിക്കുന്നുണ്ടോ?

തീര്‍ച്ചയായും. ഈ നിയമത്തിന് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇതൊരു സമുദായത്തെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണ്, അവരുടെ പോപ്പുലേഷനെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഗൂഢലക്ഷ്യത്തിന് പുറത്തുള്ള നീക്കമാകാം.

 മുസ്ലിം സമുദായത്തില്‍ ഇപ്പോഴും ശൈശവ വിവാഹങ്ങള്‍ തുടരുന്നു, അവിടെ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട അവസ്ഥയില്ല തുടങ്ങിയ സാഹചര്യങ്ങളില്ല എന്നുണ്ടോ?

ഏറ്റവും കൂടുതല്‍ ശൈശവവിവാഹങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലും ബിഹാറിലുമൊക്കെയാണ്. അവിടെ ഇപ്പോഴും ഖാപ് പഞ്ചായത്തുകളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സൈന്യത്തില്‍പോലും സ്പെഷ്യല്‍ കണ്‍സിഡറേഷനുള്ള കമ്മ്യൂണിറ്റിയിലാണ് ഏറ്റവും കൂടുതല്‍ ശൈശവവിഹങ്ങള്‍ നടക്കുന്നത്. വിവാഹ പ്രായം 18 വയസാക്കി നിശ്ചയിച്ചിട്ടും ഇപ്പോഴും ശൈശവ വിവാഹങ്ങള്‍ നിയന്ത്രിക്കാനാവുന്നില്ല. 18 ല്‍ നിന്നും 21 ലേക്ക് ആക്കാനാണ് തീരുമാനമെങ്കില്‍ വിവാഹപ്രായമുയര്‍ത്തിയതുകൊണ്ട് മാത്രം കാര്യമില്ല, പഠിക്കാനുള്ള സൗകര്യങ്ങളും ചെയ്തുകൊടുക്കണം. ഇന്‍ഫ്രാസ്ട്രക്ച്ചറും റിസോഴ്സും അവരിലേക്കെത്തിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇതൊന്നും ചെയ്യാതെയുള്ള നിയമുണ്ടാക്കലൊക്കെ തൊലിപ്പുറത്തുള്ള ചികിത്സ പോലെ അല്ലെങ്കില്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയുള്ള പരിപാടിയാണ്. പെണ്‍കുട്ടികള്‍ക്ക് മുന്നേറാനുള്ള അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കാതെ ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത് ഗുണകരമല്ല. മുത്തലാഖ് നിരോധനനിയമം കൊണ്ടുവരുമ്പോഴും പറഞ്ഞിരുന്നത്, അത് സ്ത്രീകള്‍ക്ക് അനുകൂലമാണെന്നായിരുന്നു.

മുത്തലാഖ് നിരോധനനിയമം സ്ത്രീകള്‍ക്ക് അനുകൂലമല്ലേ?

അല്ല. ഒരിക്കലുമല്ല. സ്ത്രീകള്‍ക്ക് അനുകൂലമായിട്ടുള്ള നിയമമല്ല അത്.

ഏകപക്ഷീയമായി വിവാഹമോചനങ്ങള്‍ സംഭവിക്കുന്നില്ലേ?

മുത്തലാഖ് നിരോധനനിയമത്തില്‍ പറയുന്നത് ഏതെങ്കിലും ഒരു സാഹചര്യത്തില്‍ മൂന്ന് തലാഖ് ചൊല്ലിയാല്‍ ആ പുരുഷനെ പിടിച്ച് ജയിലിടാനും ജയിലില്‍ കിടന്നുകൊണ്ട് സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കണമെന്നൊക്കെയാണ്. അതിനൊപ്പം തന്നെ പറയുന്നു, ആ വിവാഹമൊരിക്കലും അസാധുവാകിലെന്നും. ജയിലില്‍ പോയ പുരുഷന്‍ പിന്നീട് ആ കുടുംബത്തിലേക്ക് വന്നാല്‍ എന്തായിരിക്കും ആ കുടുംബത്തിന്റെ അവസ്ഥ. എത്ര ക്രിമിനല്‍ ബുദ്ധിയോടെയായിരിക്കും അയാള്‍ പ്രതികരിക്കുക. രണ്ടാമതായി ഇതൊരു സിവില്‍ നിയമമാണ്. അത് ക്രിമിനല്‍വല്‍ക്കരിച്ചുകൊണ്ട് ഒരു സമുദായത്തിലെ യുവാക്കളെ ജയിലിലാക്കുന്നതാണ് നിയമം. അത്തരത്തില്‍ ഒരുപാട് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഈ നിയമത്തിലുണ്ട്. അപ്പോള്‍ അതേപോലെ സിവില്‍ ആക്റ്റിനെ ക്രിമിനല്‍വല്‍ക്കരിക്കുന്നത് വളരെ അപകടമാണ്. വിവാഹം 21 വയസ്സാക്കിയാല്‍ ഉണ്ടാകുന്ന പ്രതിസന്ധിയും ഇതൊക്കെ തന്നെയാണ്. വിവാഹം സിവില്‍ കോണ്‍ട്രാക്റ്റാണ്. ഇതിനെ ക്രിമിനല്‍വല്‍ക്കരിക്കുന്ന അപകടകരമായ അവസ്ഥ ഈ നിയമം മൂലം ഉണ്ടാകും.

ഏകപക്ഷീയമായി വിവാഹമോചനങ്ങള്‍ സംഭവിക്കുന്നുണ്ട് മുസ്ലിം സമുദായത്തിലുള്‍പ്പെടെ. അതിന്റെയൊക്കെ പേരു പറഞ്ഞാണ് മുത്തലാഖ് നിരോധനനിയമം വരുന്നത്. ഒരര്‍ത്ഥത്തില്‍ ഇത് സ്ത്രീകള്‍ക്ക് ഗുണം ചെയ്യുന്നില്ലേ?

ഒരേ സമയം മൂന്ന് ത്വലാഖ് ചൊല്ലിയാലും അതൊന്നായി പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി പറഞ്ഞുകഴിഞ്ഞതാണ്. മാത്രമല്ല, പുതിയ കാലത്ത് ഫസ്ഖ് നിയമവത്കരിക്കുന്നുണ്ട്. അതില്‍ സ്ത്രീകള്‍ക്ക് ഓപ്ഷന്‍സ് കൂടുതലാണ്.

.സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വിവാഹത്തിലും വിദ്യാഭ്യാസത്തിലുമൊന്നും തീരുമാനെടുക്കാന്‍ കഴിയുന്ന അവസ്ഥയിപ്പോഴുമില്ല. അങ്ങനെയുള്ളപ്പോള്‍ സ്വതന്ത്രമായി വിവാഹമോചനം നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ?

സത്രീകളെ  അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളാക്കുകയാണ് ആദ്യം വേണ്ടത്. എന്താണ് ഫസ്ഖ് എന്ന നിയമം. ഫസ്ഖിലൂടെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം എന്താണ് എന്നൊക്കെ മനസിലാക്കി കൊടുക്കണം. ഫസ്ഖില്‍ സ്ത്രീക്ക് കുറെക്കൂടി സ്വാതന്ത്ര്യത്തോടെ വിവാഹമോചനം നേടാന്‍ കഴിയും. ബ്രിട്ടീഷുകാരാണ് വിവാഹമോചനം കോടതിമുഖാന്തരം മാത്രമെ പാടുള്ളൂ എന്ന നിയമം നമ്മുടെ രാജ്യത്ത് കൊണ്ടുവരുന്നത്. ഫസ്ഖുകള്‍ ഇപ്പോള്‍ കൂടുതലായി നടക്കുന്നുണ്ട്. തലാഖിന്റെ കാര്യത്തില്‍ കോടതി ചൂണ്ടിക്കാണിച്ചിട്ടുള്ളത്, ഓരോ ഇരിപ്പില്‍ മൂന്നെണ്ണം ചൊല്ലിയാലും അത് ഒരേ തലാഖേ ആവുള്ളൂ എന്നാണ്. എന്നിട്ട് ആ നിയമം ക്രിമിനല്‍വത്കരിച്ച് അവരെ പിടിച്ച് ജയിലിലിടേണ്ട സാഹചര്യം എന്താണ്, ഇനി ജയിലിനകത്തിട്ടാല്‍ ആ കുടുംബത്തിന്റെ അവസ്ഥ എന്താണ് എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്. കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. മുസ്ലിം സമുദായത്തിലെ പുരുഷന്‍മാരെ പിടിച്ച് അകത്തിട്ടാല്‍ ഒരിയ്ക്കലും സമാധാനപ്രദമായ അന്തരീക്ഷം ഇല്ലാത്ത അവസ്ഥയിലേക്ക് കുടുംബബന്ധങ്ങളെ മാറ്റുന്ന ഒരു രീതിയാണ് ഫാസിസ്റ്റ് ഗവണ്‍മെന്റ് കൊണ്ടുവരുന്നത്. അതിന്റെ മറ്റൊരു രീതിയിലുള്ള നിയമമാണ് വിവാഹപ്രായവുമായി ബന്ധപ്പെട്ടുള്ളത്. അത് മുസ്ലിംസമുദായത്തെ മാത്രമല്ല, മറ്റു സമുദായങ്ങളെക്കൂടി ബാധിക്കുമെന്നാണ് പറയാനുള്ളത്.

വിവാഹപ്രായം 21 ആക്കാനുള്ള നിയമത്തിനെതിരെ ആദ്യമായി പ്രതികരണവുമായി രംഗത്തുവന്നത് തഹ്ലിയയാണ്. വലിയ രീതിയിലുള്ള പ്രതിഷേധങ്ങളൊക്കെ തഹ്ലിയക്ക് നേരെ ഉണ്ടായിരുന്നു. അതിനുശേഷമാണ് ആനി രാജയും ബൃന്ദ കാരാട്ടും, ശ്രമീതി ടീച്ചറും രണ്ടു ദിവസം മുമ്പ് കോടിയേരിയും എതിര്‍ത്തത്. നിയമത്തില്‍ ദുരൂഹതയുണ്ടെന്നാണ് അവര്‍ പറയുന്നത്. 

ഒരു മുസ്ലിം സ്ത്രീയായ, മുസ്ലിം ലീഗിനെ പ്രതിനിധീകരിക്കുന്ന ഞാന്‍ അഭിപ്രായം പറയുമ്പോള്‍ അതിനെ ഇരുണ്ടകാലത്തെ പിന്തിരിപ്പന്‍ നിലപാട് എന്ന് ആക്ഷേപിക്കുന്നവരാണ് അതേ അഭിപ്രായം വേറൊരാള്‍ പറയുമ്പോള്‍ അത് 21-ാം നൂറ്റാണ്ടിലെ പുരോഗമന നിലപാടായി ആഘോഷിക്കുന്നത്.

അവര്‍ക്ക് കിട്ടുന്ന സ്വീകാര്യത മുസ്ലിം ലീഗില്‍ നിന്നുകൊണ്ട് അഭിപ്രായം പറയുമ്പോള്‍ കിട്ടുന്നില്ല എന്നാണോ?

ഇല്ല. എന്റെ പേര്, വസ്ത്രം, ഇതൊക്കെ നോക്കിയാണ് ആളുകളുടെ പ്രതിഷേധം. ആദ്യദിവസങ്ങളിലെ സൈബര്‍ അറ്റാക്കുകള്‍ ഫേസ്ബുക്കില്‍ തന്നെ കിടക്കുന്നുണ്ട്. ഞാനതൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ലീഗിനുള്ളിലെ നവോത്ഥാന പ്രവര്‍ത്തകര്‍, പുരോഗമന വാദികള്‍ എന്നൊക്കെ പറയുന്ന നിങ്ങളുടെ അഭിപ്രായം ഇതാണോ എന്ന് ചോദിച്ചവരുണ്ട്. പിറ്റേന്ന് ബൃന്ദ കാരാട്ടും ആനി രാജയും പറഞ്ഞപ്പോള്‍ എന്നെ പരിഹസിച്ചവര്‍ നിലപാട് മാറ്റി. നമ്മള്‍ പറയുന്ന നിലപാട് അംഗീകരിക്കാനുള്ള അവരുടെ ഒരു ബോധം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. പുരോഗമനം ആരാണ് നിശ്ചയിക്കുന്നത്?. കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞാല്‍ മാത്രമേ പുരോഗമനമാവുകയുള്ളോ?  പുരോഗമനത്തിന്റെ അടിസ്ഥാനമെന്താണ്? പുരോഗമനം എന്ന് പറയുന്നത് ഓരോരുത്തര്‍ക്കും ഓരോന്നാണ്. അതിനെ നിങ്ങള്‍ക്ക് ഒരു രീതിയിലും ഇങ്ങനെയാണ് പുരോഗമനം അങ്ങനെയാണ് പുരോഗമനം എന്ന് പറയാന്‍ കഴിയില്ല. വിവാഹ പ്രായം 21ലേക്ക് ഉയര്‍ത്തുന്നതാണ് പുരോഗമനം എന്ന് പ്രസംഗിച്ചു നടുന്ന സിപിഎമ്മുകാര്‍ക്ക് ബൃന്ദകാരാട്ടിന്റേയും കോടിയേരിയടേയും ആനിരാജയുടേയുമൊക്കെ പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞ് അങ്ങനെ പറഞ്ഞു നടക്കാന്‍ കഴിയുന്നില്ല.

 ജെന്റര്‍ ഇഷ്യൂസ് വാദങ്ങള്‍ ലീഗില്‍ ഉന്നയിച്ചിരുന്ന കാലത്ത് സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായിരുന്നില്ലേ? അഭിപ്രായം പറയുന്നൊരാള്‍ക്ക് എതിര്‍ പാര്‍ട്ടിയില്‍ നിന്ന് മാത്രമല്ല, അതേ പാര്‍ട്ടിയില്‍ നിന്നുതന്നെ അക്രമങ്ങള്‍ നേരിടേണ്ടി വരുന്നു. ഒരേ ആശയത്തിന്റെ ആളുകള്‍, ഒരേ നേതാക്കളെ പിന്തുടരുന്നവര്‍, ഒരേ കാലം കൂടെ പ്രവര്‍ത്തിച്ചവര്‍ ഇവരില്‍ നിന്ന് തന്നെ ഉണ്ടാവുന്ന ആക്രമണങ്ങളെ എങ്ങനെയാണ് നോക്കി കാണുന്നത്?

ഞാന്‍ സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ തുടങ്ങിയതാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍, നിലപാടുകള്‍ പറയുമ്പോള്‍ പാര്‍ട്ടിക്ക് അകത്തു നിന്നും പുറത്തു നിന്നും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പരസ്പരം ബഹുമാനിക്കുക എന്നത് പ്രധാനമാണ്. ഞാന്‍ ഉള്‍പ്പെടുന്നതടക്കമുള്ള ഏത് രാഷ്ട്രീയ സംഘടനയിലാണെങ്കിലും തീരുമാനങ്ങള്‍, നിലപാടുകള്‍ അംഗീകരിക്കാന്‍ പഠിക്കണം. ബഹുമാനിക്കുവാനുള്ള മര്യാദ കാണിക്കണം. നിങ്ങള്‍ക്ക് വിമര്‍ശിക്കാം, പക്ഷേ അത് ജനാധിപത്യപരമായിരിക്കണം. മാന്യതയുടെ പരിധിയില്‍ നിന്നുകൊണ്ടുള്ള വിമര്‍ശനമാവാം. ഒരു പെണ്‍കുട്ടിയാണ് എന്നുള്ളത് കൊണ്ട് അഭിപ്രായം പറയുമ്പോള്‍ അതിനെ ആണ്‍കുട്ടി അഭിപ്രായം പറയുന്ന അതേ തോതിലെടുക്കാന്‍ തയ്യാറാവാത്ത സമൂഹമാണിവിടെ. അവളിതിന് അനുയോജ്യമല്ലെന്ന് പറയുന്ന മനസ്സുകളാണിവിടെ. അവള്‍ടെ ചിന്തകള്‍ ശരിയല്ല എന്നുള്ള അഭിപ്രായം പറയുന്ന ഒരു പൊതുസമൂഹവും ഇവിടെയുണ്ട്. ഒന്ന് പെണ്‍കുട്ടിയാണ്, രണ്ട് ഒരു മുസ്ലിം പെണ്‍കുട്ടിയാണ് എന്നതൊക്കെ പ്രശ്നമാണ്. പെണ്‍കുട്ടിയായതുകൊണ്ട് എല്ലാ തരത്തിലുമുള്ള കമ്മ്യൂണിറ്റികളുടേയും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നിലപാടുകള്‍ പറയാന്‍ പറ്റാത്ത അവസ്ഥകള്‍ വന്നിട്ടുണ്ട്. വിവാഹപ്രായം 21 ആക്കുന്നതില്‍ തന്നെ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തില്‍ വീട്ടിലെ മുതിര്‍ന്നവര്‍ എടുക്കുന്നതുപോലെയുള്ള മനോഭാവത്തെയാണ് നമ്മളെല്ലാവരും എതിര്‍ക്കുന്നത്. അപ്പോള്‍ ഒരു പെണ്‍കുട്ടി അഭിപ്രായം പറഞ്ഞാല്‍ അതിനെ അംഗീകരിക്കാനുള്ള മനസ്സില്ലാത്ത ഒരു വിഭാഗം ഇവിടെയുണ്ടാവുന്നതും അല്ലെങ്കില്‍ മാന്യമായി അത് കേള്‍ക്കാന്‍ തയ്യാറാവാത്ത ഒരു സമൂഹം ഉണ്ടാവുന്നതും അപകടമാണ്. ഇതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാവരും ഒരുപോലെയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവരുടെ കുടുംബത്തെ കൂടി ആക്രമിക്കുന്ന രീതിയിലാണ് ഉണ്ടാവുന്നത്. മുസ്ലിം കമ്മ്യൂണിറ്റി, വേഷം ഇതിനൊക്കെ നേരെയാണ് ആക്രമണം. യൂണിഫോമിന്റെ വിഷയത്തില്‍ അഭിപ്രായം പറഞ്ഞപ്പോഴും തഹ്ലിയക്കതൊക്കെയിടാം എന്നു പറഞ്ഞാണ് എന്റെ വാദങ്ങളെ അടിസ്ഥാനമില്ലാത്തതാക്കാന്‍ പരിശ്രമിച്ചത്.


ട്രോളുകളെക്കുറിച്ച്?

ട്രോളുകളൊക്കെ അംഗീകരിക്കാം. രസകരമായ ട്രോളുകള്‍ അംഗീകരിക്കുന്നുമുണ്ട്. പക്ഷേ വാദങ്ങളെ മറ്റൊരു രൂപത്തിലേക്ക് മാറ്റി ചിത്രീകരിക്കുന്നത് ശരിയല്ല.

 വിവാഹപ്രായം 18 വയസ് ആക്കിയിരുന്ന സമയത്ത് അതിനെ സ്വാഗതം ചെയ്യുകയായിരുന്നില്ലേ? പക്ഷേ സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളൊക്കെ എതിര്‍ത്തിരുന്നു. എന്നാല്‍ അന്ന് ഇല്ലാത്ത എതിര്‍പ്പ് ഇപ്പോഴെന്താണ്? ടിപി അഷ്റഫലിയും നിങ്ങളുമുള്‍പ്പെടെ ലീഗിലെ ഒരു വിഭാഗം സ്വാഗതം ചെയ്തിരുന്നു. പിന്തുണച്ചുകൊണ്ട് ചന്ദ്രികയിലും മാതൃഭൂമിയിലും ലേഖനങ്ങള്‍ വന്നിരുന്നു.

അതെ. അന്ന് ഞാന്‍ സ്വാഗതം ചെയ്തിരുന്നു. വിദ്യാഭ്യാസമാണ് പ്രധാനം. വിവാഹമല്ല എന്നായിരുന്നു അന്നത്തെ എന്റെ സ്റ്റേറ്റ്മെന്റ്.

അന്ന് സര്‍ക്കാരിന്റെ നിയമത്തെ അംഗീകരിക്കുകയും ഇന്ന് എതിര്‍ക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനമെന്താണ്?

അതിന് തന്നെയാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. പ്രായപൂര്‍ത്തിയവകാശത്തിന് 18 വയസ് നിജപ്പെടുത്തിക്കൊണ്ടുള്ള നിയമമാണ് ഇവിടെയുള്ളത്. നമ്മുടെ രാജ്യം ഒരു ജനാധിപത്യരാജ്യമാണ്.  ആണ്‍കുട്ടികളുടെ വിവാഹപ്രായവും 18ലേക്ക് ആക്കണമെന്ന അഭിപ്രായംകൂടി എനിക്കുണ്ട്. ഭര്‍ത്താവിനെക്കാള്‍ പ്രായം കുറഞ്ഞതായിരിക്കണം ഭാര്യ എന്ന സങ്കല്‍പ്പത്തെയും തകര്‍ക്കണം. ആണ്‍കുട്ടികള്‍ ആരും 21 വയസ്സില്‍ കല്യാണം കഴിക്കണമെന്ന് പറയുന്ന വാദങ്ങള്‍ പൊതുവെ ഉയര്‍ത്താറില്ല. കാരണം അവരെല്ലാം കുറച്ചുകൂടി പ്രായമായി വിവാഹം ചെയ്യുന്നവരാണ്. രണ്ടുപേര്‍ക്കും 18 ആക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് വിവാഹം നടക്കട്ടെ എന്നാണ്. ആണ്‍കുട്ടിയാണേലും പെണ്‍കുട്ടിയാണേലും ഒരേ പരിഗണനയും അംഗീകാരവും വിദ്യാഭ്യാസവും അവസരങ്ങളും നല്‍കുക. അങ്ങനെ മാത്രമേ തുല്യതയിലേക്ക് എത്താന്‍ കഴിയൂ.

അഭിമുഖത്തിന്റെ അടുത്ത ഭാഗം നാളെ