ടോക്യോയില്‍ പുതിയ ചരിത്രം; പാരാലിമ്പിക്‌സിലെ ഇന്ത്യന്‍ നേട്ടം സര്‍വകാല റെക്കോഡിലേക്ക്

 
devendra jhajharia

ജാവലിനില്‍ അതിശയിപ്പിക്കുന്ന നേട്ടവുമായി ദവേന്ദ്ര ജജഹാരിയ

പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. ഇന്ന് രണ്ട് സ്വര്‍ണം ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴിലെത്തി. രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. 1968 മുതലുള്ള ഇന്ത്യയുടെ പാരാലിമ്പിക്‌സ് ചരിത്രം പരിശോധിക്കുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ സര്‍വകാല റെക്കോഡാണ് ടോക്യോയില്‍ സംഭവിച്ചിരിക്കുന്നത്. 1984ലും (രണ്ടു രാജ്യങ്ങളിലായിട്ടായിരുന്നു മത്സരം. വീല്‍ ചെയര്‍ ഇനങ്ങള്‍ ഗ്രേറ്റ് ബ്രിട്ടനിലെ ബക്കിങ്ഹാം ഷെയറിലെ സ്റ്റോക്ക് മണ്ടേവില്ലിലും മറ്റിനങ്ങള്‍ അമേരിക്കയിലെ ലോങ്ങ് ഐലണ്ടിലെ ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയിലും) 2016ല്‍ റിയോയിലും നേടിയ നാല് മെഡലുകളാണ് ഇന്ത്യയുടെ ഇതുവരെയുള്ള റെക്കാര്‍ഡ് നേട്ടം. 

ടോക്യോയില്‍ പുതിയ ചരിത്രം സംഭവിക്കുകയാണ്. ഇതുവരെയുണ്ടായിരുന്ന നാല് മെഡലുകള്‍ എന്ന റെക്കോര്‍ഡ് ഇപ്പോള്‍ തന്നെ ഏഴായി കുതിച്ചുയര്‍ന്നിരിക്കുന്നു. അഭിമാനം ആഹ്ലാദം..! 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി ലേഖേരക്ക് സ്വര്‍ണം. ജാവലിനില്‍ ദവേന്ദ്ര ജജഹാരിയ്ക്ക് വെള്ളി. അതൊരു അതിശയിപ്പിക്കുന്ന നേട്ടമാണ്. 2004ല്‍ ആഥന്‍സില്‍ സ്വര്‍ണം നേടിയ ഇദ്ദേഹം 12 വര്‍ഷങ്ങള്‍ക്കുശേഷം റിയോയിലും സ്വര്‍ണം നേടിയിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വെള്ളി മെഡലുമായി വിജയ പീഡത്തില്‍..! ബിഗ് സല്യൂട്ട് ചാമ്പ്യന്‍. അതിനൊപ്പം ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കാത്തോനിയക്ക് വെള്ളി. ജാവലിന്‍ ത്രോയില്‍ മറ്റൊരു മൂന്നാം സ്ഥാനം സുന്ദര്‍ സിംഗ് ഗാജ്ജാര്‍ വകയും ഇന്ത്യന്‍ നേട്ടം സര്‍വകാല റെക്കര്‍ഡിലേക്കു തന്നെയാണ്.

1968ല്‍ ടെല്‍ അവീവ് മീറ്റിലാണ് ഇന്ത്യ ആദ്യമായി ഒരു ടീമിനെ അയയ്ക്കുന്നത്. എട്ടു പുരുഷന്മാരും രണ്ടു വനിതകളുമായിരുന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മെഡല്‍ പട്ടികയില്‍ ഇടം കണ്ടെത്താനായില്ലെങ്കിലും ഭിന്നശേഷിക്കാരായ കായിക താരങ്ങള്‍ക്ക് അതൊരു അനുഭവമായിരുന്നു. ഇന്ത്യക്കുവേണ്ടി ആദ്യ പാരാലിമ്പിക്‌സ് മെഡല്‍ നേടിയത് മുരളികാന്ത് പെറ്റ്കര്‍ എന്ന നീന്തല്‍ താരമായിരുന്നു. 1972 ഹൈഡല്‍ ബെര്‍ഗ് ഗെയിംസില്‍ 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ 37.331 സെക്കന്‍ഡില്‍ നീന്തിക്കയറി പുതിയ ലോക റെക്കാര്‍ഡും സൃഷ്ടിച്ചുകൊണ്ടായിരുന്നു മുരളികാന്തിന്റെ മെഡല്‍ നേട്ടം. ഗെയിംസില്‍ ഒരേ ഒരു മെഡല്‍ അത് മാത്രമായിരുന്നെങ്കിലും മെഡല്‍ പട്ടികയില്‍ 24ാം സ്ഥാനം നേടാന്‍ അത് മതിയായിരുന്നു. ആകെ 42 രാജ്യങ്ങളാണ് അന്ന് പങ്കെടുത്തത്.

1976ലും 80ലും ഇന്ത്യ പങ്കെടുത്തില്ല. തുടര്‍ന്നാണ് 1984ലെ റെക്കോഡ് പ്രകടനം. അന്നു നേടിയ നാല് മെഡലുകളില്‍ മൂന്നും ഒരാളുടേതായിരുന്നു, ജോഗിന്ദര്‍ സിംഗ് ബേഡി. ഷോട്ടില്‍ നേടിയ വെള്ളിയും ഡിസ്‌കസിലും ജാവലിനിലും നേടിയ ബ്രോണ്‍സ് മെഡലുകളും. ഭിംറാവു കേസാര്‍ക്കറിലൂടെ ജാവലിന്‍ ത്രോയിലെ വെള്ളി മെഡലും ഇന്ത്യ സ്വന്തമാക്കി. 1988 മുതല്‍ 2000 വരെയുള്ള മത്സരങ്ങളില്‍ പങ്കെടുത്തെങ്കിലും മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് ഇടം ഉണ്ടായില്ല.

2004ല്‍ ആഥന്‍സില്‍ രണ്ടു മെഡലുകള്‍ നേടി. ദവേന്ദ്ര ജജഹാറിയയുടെ ജാവലിന്‍ സ്വര്‍ണവും വെയിറ്റ് ലിഫ്റ്റിങ് 56 കിലോ കാറ്റഗറിയില്‍ രാജേന്ദ്ര സിംഗ് നേടിയ ബ്രോണ്‍സുമായിരുന്നു ഇന്ത്യന്‍ നേട്ടം. 2008 ബീജിങ്ങില്‍ വീണ്ടും മെഡല്‍ പട്ടിക ശൂന്യം. 2012ല്‍ ഹൈജമ്പ് എ2 വിഭാഗത്തില്‍ എച്ച്.എന്‍ ഗിരീഷ നേടിയ വെള്ളി മെഡല്‍ മാത്രമായിരുന്നു നേട്ടം.

2016 റിയോയില്‍ ഇന്ത്യ ചരിത്ര നേട്ടം ആവര്‍ത്തിച്ചു. നാല് മെഡലുകള്‍ ഇന്ത്യന്‍ സംഘം സ്വന്തമാക്കി. അത്‌ലറ്റിക്‌സിലായിരുന്നു മെഡല്‍ നേട്ടം. ഹൈജംപ് എ42 വിഭാഗത്തില്‍ മാരിയപ്പന്‍ തങ്കവേലുവും ജാവലിന്‍ എ 46ല്‍ ദേവേന്ദ്ര ജജഹാരിയയും സ്വര്‍ണമണിഞ്ഞു. 2004ല്‍ ആഥന്‍സില്‍ നേടിയ സ്വര്‍ണനേട്ടം ദേവേന്ദ്ര ജജഹാറിയ 12 വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ ആവര്‍ത്തിക്കുകയായിരുന്നു. രണ്ടു പാരാ ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടുന്ന ഒരേ ഒരു കായിക താരമാണ് ഈ രാജസ്ഥാന്‍ കാരന്‍. ദീപ മല്ലിക്ക് വീല്‍ ചെയര്‍ ഷോട്ട്പുട്ടില്‍ വെള്ളിയും വരുണ്‍ സിംഗ് ഭാട്ടി ഹൈജംപ് എ 42 കാറ്റഗറിയില്‍ ബ്രോണ്‍സും നേടിയപ്പോള്‍ 1984ലെ റെക്കോഡ് മെഡല്‍ നേട്ടത്തിനൊപ്പമെത്തി ഇന്ത്യ. ഹൈജംപ് എ 42 കാറ്റഗറിയിലെ ഒന്നും മൂന്നും സ്ഥാനങ്ങള്‍ ഇന്ത്യക്കായിരുന്നു.

(ഒളിമ്പിക്സ് ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ മേളകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്പോര്‍ട്സ് ജേണലിസ്റ്റ്. കേരള സര്‍ക്കാരില്‍ സ്പോര്‍ട്സ് ഡയറക്ടറും ജര്‍മന്‍ സ്പോര്‍ട്സ് ആന്‍ഡ് ഹെല്‍ത്ത് ഫെഡറേഷന്‍ അഡ്മിനിസ്ട്രേറ്ററുമായിരുന്നു ഡോ. മുഹമ്മദ് അഷ്റഫ്)