ഒ.എം നമ്പ്യാര്‍; ഇന്ത്യന്‍ അത്ലറ്റിക്സിനൊപ്പം ചേര്‍ത്തുവെച്ച പേര്

 
OM Nambiar

32 വര്‍ഷത്തോളം മൈതാനങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു


ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ എന്ന ഒ.എം നമ്പ്യാരെ കായിക കേരളത്തിന് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ത്യന്‍ അത്ലറ്റിക്സിനൊപ്പം ചേര്‍ത്തുവെച്ചപേരാണ് ഈ മണിയൂരുകാരന്റേത്. കേരളത്തിന്റെ സ്വന്തം കോച്ച്, പി.ടി ഉഷയെ 'പയ്യോളി എക്‌സ്പ്രസാ'ക്കി മാറ്റിയ കോച്ച് എന്നൊക്കെയുള്ള വിശേഷണം അദ്ദേഹത്തിന് സ്വന്തം. 32 വര്‍ഷത്തോളം മൈതാനങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഉഷ ഉള്‍പ്പെടെ നിരവധിപ്പേരുടെ കായിക വളര്‍ച്ചയ്ക്ക് ആ സാന്നിധ്യം കാരണമായി. രാജ്യം കണ്ട മികച്ച പരിശീലകരില്‍ ഒരാളായി. രാജ്യത്തെ ആദ്യ ദ്രോണാചാര്യ പുരസ്‌കാരം അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരമായി. ഏറെ വൈകി, ജീവിത സായാഹ്നത്തില്‍ പദ്മശ്രീ പുരസ്‌കാരം നല്‍കിയും രാജ്യം ആദരിച്ചു. ഓര്‍മകള്‍ മറഞ്ഞുപോകുന്ന നാളുകളിലും, കായികരംഗത്തെ കുതിപ്പുകള്‍ക്കായാണ് അദ്ദേഹം കാതോര്‍ത്തിരുന്നത്. 

എയര്‍ഫോഴ്‌സില്‍നിന്ന് പരിശീലകനിലേക്ക്
സ്‌കൂള്‍, കോളേജ് കാലഘട്ടങ്ങളില്‍ കായികമേഖലയില്‍ തിളങ്ങിനിന്ന നമ്പ്യാര്‍ 1955ല്‍ എയര്‍ഫോഴ്‌സില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. സര്‍വീസസിനായി ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടി. എന്നാല്‍, രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. എയര്‍ഫോഴ്‌സില്‍നിന്നാണ് നമ്പ്യാര്‍ പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ കോച്ചിങ് ഡിപ്ലോമയ്ക്ക് ചേരുന്നത്. 1968ല്‍ പഠനം പൂര്‍ത്തിയാക്കി. സര്‍വീസില്‍നിന്ന് വിരമിച്ചശേഷം, 1970ല്‍ കേരള സ്‌പോര്‍ട് കൗണ്‍സില്‍ കോച്ചായി ചുമതലയേറ്റു. ജി.വി രാജയുടെ ക്ഷണപ്രകാരമായിരുന്നു നമ്പ്യാര്‍ എത്തിയത്. 1976ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍, ആദ്യ കോച്ചായി നമ്പ്യാര്‍ നിയമിതനായി. 

പയ്യോളി എക്‌സ്പ്രസിനെ കണ്ടെത്തുന്നു
സെലക്ഷന്‍ ട്രയല്‍സിലെ മികച്ച പ്രകടനത്തിലൂടെയാണ് പി.ടി ഉഷ നമ്പ്യാരുടെ ശ്രദ്ധ നേടുന്നത്. അവിടെ തുടങ്ങിയ ആ ഗുരു-ശിഷ്യ ബന്ധം പിന്നീട് ലോകം ശ്രദ്ധിക്കുന്ന നേട്ടങ്ങളിലേക്ക് വളര്‍ന്നു. പയ്യോളി എക്‌സ്പ്രസായി ഉഷ ലോകമീറ്റുകളില്‍ തിളങ്ങിയപ്പോള്‍, സാന്നിധ്യവും പ്രചോദനവുമായി നമ്പ്യാര്‍ ഒപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ കായികരംഗത്തിന് ശ്രദ്ധേയമായ നേട്ടങ്ങള്‍ ഗുരുവും ശിഷ്യയും ചേര്‍ന്നു സമ്മാനിച്ചു. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ നൂറിലൊരംശത്തില്‍ ഉഷയ്ക്ക് മെഡല്‍ നഷ്ടമായപ്പോള്‍, നമ്പ്യാരുടെ കണ്ണീരിനൊപ്പമായിരുന്നു ഇന്ത്യന്‍ കായികലോകം. പിന്നീടും അതു പറയുമ്പോഴെല്ലാം, അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുമായിരുന്നു. 1990ല്‍ ബീജിങ് ഏഷ്യന്‍ ഗെയിസോടെ ഉഷ വിടവാങ്ങുംവരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു.

വിശ്രമജീവിതത്തിലും മുടക്കാത്ത പരിശീലന കളരി
1990ല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിട്ട് നമ്പ്യാര്‍ സായിയില്‍ എത്തി. എന്നാല്‍ അധികം താമസിയാതെ മടങ്ങിയെത്തി. ഉഷയെ പോലുള്ള പ്രതിഭകളെ ഇന്ത്യക്ക് സമ്മാനിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രയത്‌നങ്ങളത്രയും. 2002ല്‍ കൗണ്‍സിലില്‍ നിന്ന് അദ്ദേഹം പടിയിറങ്ങി. എന്നാല്‍ പരിശീലക വേഷം അദ്ദേഹം ഉപേക്ഷിച്ചില്ല. ബീന അഗസ്റ്റിന്‍, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങിയവര്‍ക്കും അദ്ദേഹം പരിശീലനം നല്‍കി. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാള്‍ പരിശീലനം നേടിയിട്ടുണ്ട്. വിശ്രമജീവിതത്തിനിടെ നാട്ടിലെ കുട്ടികളെ പരിശീലിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി. 

ദ്രോണാചാര്യയില്‍നിന്ന് പദ്മശ്രീയിലേക്കുള്ള ദൂരം
പരിശീലക മികവിന് 1985ലാണ് പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം രാജ്യം നമ്പ്യാര്‍ക്ക് സമ്മാനിക്കുന്നത്. ഉഷയെന്ന ലോകോത്തര അത്ലറ്റിന്റെ വളര്‍ച്ചയുടെ ഊര്‍ജമായി നിന്ന നമ്പ്യാര്‍ അര്‍ഹിച്ച അംഗീകാരം. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ അന്താരാഷ്ട്ര മീറ്റുകളില്‍നിന്ന് നൂറിലേറെ മെഡലുകളാണ് ഉഷയിലൂടെ നമ്പ്യാര്‍ രാജ്യത്തിന് സമ്മാനിച്ചത്. എന്നാല്‍, അര്‍ഹിച്ച അംഗീകാരങ്ങള്‍ പലപ്പോഴും അദ്ദേഹത്തിലേക്കെത്തിയില്ല. ഒടുവില്‍, രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുമ്പോള്‍, നമ്പ്യാരുടെ പ്രായം 89 കഴിഞ്ഞിരുന്നു. ദ്രോണാചാര്യയില്‍നിന്ന് പദ്മശ്രീയിലേക്കെത്താന്‍ മൂന്നര പതിറ്റാണ്ടിലേറെയാണ് അധികൃതര്‍ ചിന്തിക്കേണ്ടിവന്നത്. പാര്‍ക്കിന്‍സന്‍സ് രോഗബാധിതനായി വിശ്രമ ജീവിതം നയിക്കുമ്പോഴായിരുന്നു രാജ്യത്തിന്റെ ആദരം അദ്ദേഹത്തെ തേടിയെത്തിയത്.