തൊഴില്‍ ചൂഷണത്തിന്റെ കാണാപ്പുറങ്ങള്‍

 
Arshak Story2
.....

(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി സ്വതന്ത്രമാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ഇക്കുറി പ്രസിദ്ധീകരിക്കുന്നത് ഗിഗ് തൊഴിലാളികള്‍ കോവിഡ് മഹാവ്യാധികാലത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. അര്‍ഷഖ് എം.എ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അവസാനഭാഗം ചുവടെ.  ആദ്യ ഭാഗം ഇവിടെ വായിക്കാം.)

ഇന്ത്യയില്‍ ഓണ്‍ലൈന്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍ എല്ലാം തന്നെ തങ്ങളുടെ തൊഴിലാളികള്‍ക്ക് ''എംപ്ലോയീ' (Employee) അഥവാ തൊഴിലാളി എന്ന പദവി നല്‍കുന്നതിന് പകരം 'പാര്‍ട്ണര്‍' (Partner) അഥവാ തൊഴില്‍ പങ്കാളി എന്ന പദവിയാണ് നല്‍കിയിക്കുന്നത്. ആദ്യ വായനയില്‍ കമ്പനിയുടെ വിശാല മനസ്‌കതയുടെ ഭാഗമായാണ് ഈ പങ്കാളിത്ത പദവി എന്ന് വ്യാഖ്യാനിക്കാമെങ്കിലും വെറും നാമ മാത്രമായ പങ്കാളിത്തമാണ് കമ്പനി തങ്ങളുടെ വരുമാനത്തിലും ലാഭ വിഹിതത്തിലും ജീവനക്കാര്‍ക്ക് നല്‍കുന്നത് എന്ന് കാണാന്‍ കഴിയും. മാത്രമല്ല ജീവനക്കാര്‍ എന്ന പദവി നിഷേധിക്കുന്നതോടെ തൊഴിലാളികള്‍ക്ക് വന്നു ചേരേണ്ട പി.എഫ്, ബോണസ്, ശമ്പള വര്‍ദ്ധനവ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും സ്വാഭാവികമായും ഇല്ലാതാവുകയാണ്. ഇന്ത്യയില്‍ അതാത് പ്രദേശങ്ങളിലെ ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ വിമുഖത കാണിക്കുന്നത് ഈ സൗകര്യമുള്ളതുകൊണ്ടാണ്. നമ്മുടെ രാജ്യത്ത് ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ വേണമെന്ന് വിദഗ്ദ്ധര്‍ വാദിക്കുന്നത് അടിസ്ഥാന തലം തൊട്ട് ആരംഭിക്കുന്ന ഈ ചൂഷണ സംവിധാനം നിലനില്‍ക്കുന്നതുകൊണ്ട് കൊണ്ടുകൂടിയാണ്.

ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിരവധി തൊഴിലാളികളെ ഒരു സുപ്രഭാതത്തില്‍ ഓണ്‍ലൈന്‍ സേവന കമ്പനികള്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ പലര്‍ക്കും കനത്ത വേതന നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നു. പിന്നീട് തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ മാത്രമാണ് ഓല പോലെയുള്ള കമ്പനികള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി അഞ്ഞൂറ് രൂപ മുതല്‍ എഴുനൂറു രൂപ വരെയെങ്കിലും നല്കാന്‍ തയ്യാറാതെന്ന് ഗിഗ് തൊഴിലാളി ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന തെലുങ്കാന ആസ്ഥാനമായ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്സ് നേതാവ് ഷെയ്ഖ് സലാവുദ്ധീന്‍ പറയുന്നു. ഈ പണം ലഭിച്ചത് ചുരുക്കം ചില തൊഴിലാളികള്‍ക്കു മാത്രമാണ്. അതേസമയം ഈ പണം കമ്പനികള്‍ സ്വരൂപിച്ചത് സ്വന്തം കൈയില്‍ നിന്നല്ലെന്നും തങ്ങളുടെ 'ഗുഡ്‌വില്‍' എന്ന പേരില്‍ തൊഴിലാളികളുടെ ദുരിത ജീവിതം പൊതു സമൂഹത്തിന് മുന്നില്‍ വച്ച് കൊണ്ട് സ്വരൂപിച്ച പണമാണ് ഇതെന്നും സലാവുദ്ധീന്‍ പറയുന്നു. 'ദി വീക്ക്' പ്രസിദ്ധീകരിച്ച ഡല്‍ഹി ആസ്ഥാനമായ ദി ബിസിനസ് ചേംബര്‍ ഓഫ് അസോചം (ASSOCHAM) പ്രസിദ്ധീകരിച്ച പഠനം പ്രകാരം ഗിഗ് സാമ്പത്തിക വ്യവസ്ഥ 2023ഓടുകൂടി പതിനേഴ് ശതമാനം വര്‍ധിക്കുകയും 33 ലക്ഷം കോടി മതിപ്പ് മൂല്യത്തില്‍ എത്തുകയും ചെയ്യുമെന്നാണ് കാണാക്കപ്പെടുന്നത്. ഇന്ത്യയില്‍ തൊഴില്‍ മേഖലയിലെ 56 ശതമാനവും വരും വര്‍ഷങ്ങളില്‍ ഗിഗ് മേഖലയെ ആശ്രയിച്ചായിരിക്കും നിലനില്‍ക്കുക എന്ന കണക്കുകൂടി പുറത്തുവരുമ്പോഴാണ് നമ്മുടെ യുവാക്കള്‍ ഭാവിയില്‍ എത്തിപ്പെടാന്‍ പോകുന്ന കടുത്ത തൊഴില്‍ അസ്ഥിരതയതയെ കുറിച്ചുള്ള നേര്‍ചിത്രം നമുക്ക് ലഭ്യമാവുക.
 
രാജ്യാന്തര തലത്തിലെ സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ പ്രയോഗിക്കാന്‍ ഗിഗ് തൊഴില്‍ ദാതാക്കളായ ബഹുരാഷ്ട്ര കമ്പനികള്‍ ശ്രമിക്കുമ്പോഴുണ്ടാക്കുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. 2019ല്‍ തെലുങ്കാനയില്‍ തിരുപ്പതിയില്‍ പോയി  തല മൊട്ടയടിച്ചതിന്റെ പേരില്‍ ഊബര്‍ ടാക്സി സര്‍വീസ് ഒരു ഡ്രൈവറുടെ കമ്പനി ലൈസന്‍സ് റദ്ദാക്കിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഊബറിന്റെ ഫേഷ്യല്‍ റെകഗ്നിഷന്‍ (Facial Recognition) സംവിധാനത്തിന് തലമൊട്ടയടിച്ചയാളുടെ മുഖം തിരിച്ചറിയാന്‍ സാധിച്ചില്ല എന്നതായിരുന്നു കാരണം. ഈ ഡ്രൈവറുടെ കാര്‍ഡ് ബ്ലോക്ക് ആക്കുകയും ഇയാളെ ഊബര്‍ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. വിഷയം ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഹൈദരാബാദില്‍ ഊബര്‍ കമ്പനിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചങ്കിലും ഇക്കാര്യത്തില്‍ കമ്പനി നടപടികള്‍ പുനഃപരിശോധിച്ചില്ലെന്നും ആക്ഷേപമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പിനെതിരെയും സാങ്കേതിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ പരാതികളുണ്ട്. മദ്യപാനം, പുകവലി തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്ന ഈ ആപ്പിന്റെ പോളിസി തങ്ങളുടെ തൊഴില്‍ മേഖലക്ക് ഭീഷണിയാവുമെന്നും വിവരങ്ങള്‍ കമ്പനികള്‍ ചോര്‍ത്താനിടയുണ്ടെന്നും ഗിഗ് തൊഴിലാളികള്‍ ഭയപ്പെടുന്നു.

GIG workeres protest in hyderabad
ഗിഗ് തൊഴിലാളികള്‍ ഹൈദരാബാദ് നടത്തിയ പ്രതിഷേധം

മറ്റൊന്ന് ബാങ്കുകളുമായി ബന്ധപെട്ടുകൊണ്ട് ഗിഗ് തൊഴിലാളികള്‍ക്കായി പ്രത്യേക ഇളവുകള്‍ വേണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ല എന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഐഎഫ്എടി കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും തീരുമാനമുണ്ടായില്ല. ബാങ്ക് വായ്പകള്‍ക്കുള്ള തിരിച്ചടവ് കാലാവധിയില്‍ സമയം നീട്ടിക്കിട്ടിയെങ്കിലും മൊറൊട്ടോറിയം പലിശ നിരക്ക് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി. ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് കാര്‍ ടാക്സി സേവനങ്ങള്‍ നടത്തിയിരുന്ന ടാക്സി ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ രാജ്യത്തെ ആദ്യ ഘട്ട ലോക്ഡൗണില്‍ പെട്ട് വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടത്.  

സര്‍ക്കാര്‍ നയങ്ങളുടെ അഭാവം
കോവിഡ് കാലത്തെ തൊഴില്‍ നഷ്ടങ്ങള്‍ക്കും തൊഴില്‍ അസ്ഥിരതകള്‍ക്കും പുറമെ അധികൃതര്‍  ഈ മേഖലയില്‍ പ്രകടമാക്കുന്ന അനാസ്ഥ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഗിഗ് തൊഴില്‍ മേഖലയില്‍ എത്ര പേര് ജോലിയെടുക്കുന്നുവെന്നതിനെ കുറിച്ച കൃത്യമായ ഡാറ്റ പോലും നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ലഭ്യമല്ല എന്ന പ്രതിസന്ധിയാണ് ആദ്യത്തേത്. ഇന്ത്യയില്‍ 2020 മാര്‍ച്ച് 20നു ആരംഭിച്ച കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ മൂലം നാല്‍പത് മില്യണ്‍ ആഭ്യന്തര തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായതെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട്. ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വ്യക്തമായ നിലപാടുകളും നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളതായി തോന്നുന്നില്ല. ആഭ്യന്തര തൊഴിലാളി ക്ഷേമത്തിനായി നടപ്പു വര്‍ഷം കൂടുതല്‍ തൊഴിലാളികളിലേക്ക് എത്തിക്കാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സാമൂഹിക സുരക്ഷാ കോഡിന്റെ (Code on Social Security, 2020) ഗുണ ഫലങ്ങള്‍ ഇതുവരെയും സാധാരണ തൊഴിലാളികള്‍ അടങ്ങുന്ന ഗിഗ് തൊഴിലാളികളിക്ക് ലഭ്യമായിട്ടില്ല. ഇതുമൂലം വൈറസ് മഹാമാരി കാലത്ത് ഗിഗ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആരോഗ്യ പരിരക്ഷ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ഒക്കെ കടലാസ്സില്‍ ഒതുങ്ങിയ സ്ഥിതിയാണ്.

പാശ്ചാത്യ രാഷ്ട്രങ്ങളില്‍ പരിചിതമാണെങ്കിലും നമ്മുടെ നയരൂപീകരണങ്ങള്‍ നടത്തുന്നവരെ   സംബന്ധിച്ചിടത്തോളം ഗിഗ് സാമ്പത്തിക വ്യവസ്ഥയും അതിന്റെ വിവക്ഷകളും ഏറെക്കുറെ പരിഗണിക്കപ്പെടാതെ തന്നെ തുടരുകയാണ്. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗിഗ് വര്‍ക്കേഴ്‌സും ഓണ്‍ലൈന്‍ കമ്പനികളെ/പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോം വര്‍ക്കേഴ്‌സും തമ്മിലെ സാങ്കേതിക വ്യത്യാസത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ കോഡ് വളരെ സാധാരണക്കാരായ ഈ മേഖലയിലെ തൊഴിലാളി പ്രശ്നങ്ങള്‍ അവഗണിക്കുകയാണെന്നും പരാതിയുണ്ട്. സുരക്ഷാ കോഡിന്റെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട രജിസ്ട്രേഷന്‍ നടപടികളില്‍ നല്‍കുന്ന വിവരങ്ങളുടെ സുരക്ഷയെ കുറിച്ച് ഇവ കമ്പനികള്‍ക്ക് ചോര്‍ത്തി നല്കപ്പെടുമോ എന്ന കാര്യത്തിലും ആശങ്കകള്‍ തുടരുകയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ മാതൃകയില്‍ ഗിഗ് വര്‍ക്കേഴ്‌സിനായി പ്രത്യേക നിയമ രൂപീകരണം നടത്തുന്നത് ഈ മേഖലയുടെ ക്ഷേമത്തിന് വലിയ രീതിയില്‍ സഹായകരമാവും.

2020 ജനുവരിയില്‍ ഗിഗ് തൊഴിലാളികള്‍ക്കായി പ്രത്യേക നിയമ രൂപീകരണം നടത്തിയ അമേരിക്കയിലെ കാലിഫോര്‍ണിയ ആണ് ഈ രംഗത്ത് ആദ്യമായി പ്രകടമായ പരിഷ്‌കാരം നടപ്പിലാക്കിയത്. സ്ഥിരം തൊഴിലാളികളും താത്കാലിക തൊഴിലാളികളും തമ്മിലെ വ്യത്യാസങ്ങള്‍ പരിഗണിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടായിരുന്നു ഇത്. നിയമം പാസ്സായതോടെ ശമ്പളത്തോടെ അവധിയടക്കമുള്ള നിരവധി ആനുകൂല്യങ്ങള്‍ കാലിഫോര്‍ണിയയിലെ ആയിരകണക്കിന് വരുന്ന ഗിഗ് തൊഴിലാളികള്‍ക്ക് ലഭിക്കുകയും കോടതികള്‍ അത് ശരിവെക്കുകയും ചെയ്തു. നിരവധി പരാതികള്‍ ഈ പുതിയ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നെങ്കിലും തൊഴിലാളിയും-തൊഴില്‍ ദാതാവും തമ്മില്‍ നിരന്തരം ആരോഗ്യകരമായ ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വികസിപ്പിക്കുന്നതിലേക്കാണ് ഒടുവില്‍ ഈ പരിഷ്‌കരണങ്ങള്‍ എത്തിച്ചേര്‍ന്നത്.  കാലിഫോര്‍ണ്ണിയയ്ക്കുശേഷം അമേരിക്കയിലെ തന്നെ ന്യൂ ജേഴ്‌സിയും ന്യൂയോര്‍ക്കും ഇതേ പരിഷ്‌കാരങ്ങള്‍ പിന്തുടരുകയും രാജ്യാന്തര തലത്തില്‍ വരെ നയരൂപീകരണം നടത്തുന്നവരെ ഇക്കാര്യങ്ങള്‍ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ തൊഴില്‍ പരിഷ്‌ക്കരണ നിയമങ്ങളില്‍ സ്ഥിരം അവഗണിക്കപ്പെടുന്ന ലിംഗ പരിപ്രേക്ഷ്യങ്ങളും ഈ രംഗത്തെ പോളിസി നിര്‍മാതാക്കള്‍ പരിഗണിക്കേണ്ടതുണ്ട്. രാജ്യത്ത് തൊഴില്‍ ഡേറ്റ ബേസ് എന്ന ആശയത്തോട് അതിനെ സുതാര്യതയോട് നിരന്തരം പുറംതിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ എത്രയും പെട്ടന്ന് തിരുത്തപ്പെടേണ്ടതാണ്. ഈ സാഹചര്യത്തിലാണ് അമേരിക്ക, ബ്രിട്ടന്‍, ഫിലിപൈന്‍സ് എന്നീ രാഷ്ട്രങ്ങള്‍ ഗിഗ് തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ ശ്രദ്ധേയമാകുന്നത്.

ഇന്ത്യയില്‍ ഗിഗ് തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ ദാതാക്കളുമായി ഉണ്ടാക്കുന്ന കരാര്‍ നിയമപരമായി 'താല്‍ക്കാലികം' മാത്രമാണ്. ഗിഗ് തൊഴില്‍ദാതാക്കളായ കമ്പനികളുമായി നേരിട്ട് ഒരു കരാറിന് തൊഴിലാളികള്‍ക്ക് സാധ്യമല്ല എന്നതിനാല്‍ തന്നെയാണ് രാജ്യത്തെ മറ്റൊരു തൊഴില്‍ മേഖലയും അനുഭവിക്കുന്ന പരിരക്ഷകള്‍ ഈ മേഖലയില്‍ സാധ്യമാവാത്തതിന് കാരണമായി തീര്‍ന്നത് എന്നനുമാനിക്കപ്പെടുന്നു. സാമൂഹിക സുരക്ഷയുടെ ഭാഗമായി കമ്പനികള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്ന ഇന്‍ഷ്വറന്‍സ്, സാമൂഹിക പരിരക്ഷ തുടങ്ങിയവ ഗിഗ് മേഖലയിലും അനുവദിക്കാന്‍ സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണം. നിയമപരമായ പരിരക്ഷകള്‍ യഥാവിധം ഗിഗ് മേഖലയില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സാങ്കേതിക തൊഴില്‍ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി താഴെത്തട്ടില്‍ വരെ പ്രവര്‍ത്തനം എത്തിക്കാന്‍ സാധിക്കുന്ന പ്രത്യേക കമ്മറ്റിയും രൂപീകരിക്കാന്‍ ഈ മേഖലയില്‍ ശുപാര്‍ശ ചെയ്യപ്പെടുന്നുണ്ട്. ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ യു.കെ സുപ്രീം കോടതി ഊബര്‍ ടാക്സി ഡ്രൈവര്‍മാരെ 'താത്കാലിക കരാര്‍ തൊഴിലാളികള്‍' എന്ന പദവിയില്‍ നിന്നും 'സ്ഥിരം തൊഴിലാളികള്‍' എന്ന പദവിയിലേക്ക് ഉയര്‍ത്തിയ വിധിയും ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി വാദിക്കുന്നവര്‍ മുന്നോട്ടു വക്കുന്നുണ്ട് (5). അതെസമയം 2020ല്‍ കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച പ്രത്യേക വിധി പ്രസ്താവത്തില്‍ സര്‍ക്കാരുകളോട് ഗിഗ് തൊഴിലാളി ക്ഷേമ വിഷയത്തില്‍ പ്രത്യേക നയനിലപാടുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് പരിമിതികളുണ്ടെന്ന പ്രത്യേക നിരീക്ഷണവും ശ്രദ്ധ നേടിയിരുന്നു(6).

ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ലഭിക്കാനായി കര്‍ണാടക സര്‍ക്കാര്‍ 2020 തുടക്കത്തില്‍ തയ്യാറാക്കിയ പ്രത്യേക തൊഴില്‍ നിയമ പരിഷ്‌കരണ ഡ്രാഫ്റ്റ്.  ഇന്ത്യയില്‍ ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു ഇത്. കര്‍ണാടക സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായി മാറിക്കൊണ്ടിരിക്കുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ കമ്പനികളിലെയും ഗതാഗത സേവന രംഗത്തെ ഓല, ഊബര്‍ കമ്പനികളിലെയും സാധാരണ തൊഴിലാളികളുമായി ആശയവിനിമയം നടത്തിയാണ് അന്നത്തെ കര്‍ണാടക മന്ത്രിസഭയിലെ തൊഴില്‍ മന്ത്രാലയം ഡ്രാഫ്റ്റ് തയ്യാറാക്കിയത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (The National Law School of India University) യുമായി സഹകരിച്ചു അന്നത്തെ തൊഴില്‍ മന്ത്രി എസ്. സുരേഷ്‌കുമാര്‍ തയ്യാറാക്കിയ ഈ ഡ്രാഫ്റ്റിനെ പറ്റി ദേശീയ മാധ്യമങ്ങള്‍ വരെ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. ഗിഗ് തൊഴിലാളികളെ രാജ്യത്തിന്റെ അത്യന്താപേക്ഷിതമായ തൊഴില്‍ വിഭാഗമായി കണക്കിലെടുത്ത് മഹാമാരിക്കാലത്തെങ്കിലും രാജ്യത്തെ ബാങ്കുകളുമായി സഹകരിച്ചുകൊണ്ട് ബാങ്ക് വായ്പ തിരിച്ചടവിന് ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നയരൂപീകരണം നടത്തണമെന്ന ആവശ്യവും നിലനില്‍ക്കുന്നുണ്ട്.

തൊഴിലാളി സംഘടനകള്‍ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും
2019 അവസാനത്തില്‍ ഹൈദരാബാദില്‍ ഓല, ഊബര്‍ ടാക്സി ഡ്രൈവര്‍മാര്‍ തങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്ത സംഭവം ഇന്ത്യയില്‍ ഗിഗ് തൊഴിലാളികള്‍ നടത്തിയ ആദ്യ സംഘടിത സമരങ്ങളില്‍ ഒന്നായി അറിയപ്പെടുന്നു. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ ഈ മിന്നല്‍ പണിമുടക്ക് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭനമുണ്ടാക്കി. നമ്മുടെ നഗര കേന്ദ്രീകൃത വ്യവസ്ഥകള്‍ എത്രമാത്രം ഗിഗ് മേഖലയെ ആശ്രയിച്ചാണ് നിലനിന്നുപോരുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു അത്. പിന്നീട് അന്നത്തെ തെലുങ്കാന ഗവര്‍ണര്‍ തമ്മിലിസെ സൗന്ദരാജന്‍ നേരിട്ട് ഇടപെട്ടുകൊണ്ടാണ് തൊഴിലാളികള്‍ സമരവസാനിപ്പിക്കാന്‍ തയ്യാറായത്. അന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘടനയാണ് ഐഎഫ്എടി. സംഘടനയുടെ നേതൃത്വത്തില്‍ നിരവധി നഗരങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങള്‍ വിജയം കാണുകയുണ്ടായി.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷ്ണല്‍ അലയന്‍സ് ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട് വര്‍ക്കേഴ്സ് (IAATW) എന്ന സംഘടന  ഈ രംഗത്ത് രാജ്യാന്തര തലത്തില്‍ ഒരു അംബര്‍ലാ ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി രാഷ്ട്രങ്ങളില്‍ നിന്നുള്ള ഗിഗ് തൊഴിലാളി സംഘടനാ മേധാവികളാണ് IAATWയില്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്. ആഗോള തലത്തില്‍ ഗിഗ് സാങ്കേതിക-സാമ്പത്തിക വ്യവസ്ഥയുടെ വികാസത്തിന് അനുസൃതമായി തൊഴിലാളി ക്ഷേമത്തിനായി പോളിസികള്‍ രൂപീകരിക്കുകയും അവ നടപ്പില്‍ വരുത്തുകയും ചെയ്യുക എന്ന മേഖലയിലാണ് IAATW പ്രവര്‍ത്തിക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, തുടങ്ങിയ രാഷ്ട്രങ്ങളിലും ആഫ്രിക്കന്‍ ഉപ ഭൂഖണ്ഡത്തിലെ വിവിധ രാഷ്ട്രങ്ങളിലും ഏഷ്യയിലെ തായ്‌ലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും ഗിഗ് തൊഴിലാളികള്‍ക്ക് വേണ്ടി ദേശീയ-പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സജീവമാണ്. ഈ സംഘടനകള്‍ എല്ലാം തന്നെ ഗിഗ് തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പരസ്പരം ആശയവിനിമയം നടത്തുകയും പ്രാദേശികമായി ശക്തമായ ഇടപെടലുകള്‍ സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്.

IAATW protest in NY
ഇന്റര്‍നാഷ്ണല്‍ അലയന്‍സ് ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട് വര്‍ക്കേഴ്സ് ന്യൂയോര്‍ക്കില്‍ നടത്തിയ പ്രതിഷേധം

കേരളീയ പരിസരം
സാങ്കേതിക മേഖലയുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല എന്നതാണ് കേരളീയ പരിസരത്തില്‍ ഗിഗ് തൊഴിലാളികളുമായി ബന്ധപെട്ടു അന്വേഷണം നടത്തുമ്പോള്‍ മനസിലാവുന്നത്. കൊച്ചിയിലെ ലേബര്‍ കമ്മീഷണര്‍ ഓഫീസ് നല്‍കുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഈ പുതിയ തൊഴില്‍ മേഖലയില്‍ 12,000-15,000 വരെ ആളുകള്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് അനുമാനിക്കപ്പെടുന്നത്. ഈ തൊഴില്‍ മേഖലയുടെ കണക്കെടുപ്പിന് പ്രധാന വിഘാതം തൊഴിലില്‍ നിലനില്‍ക്കുന്ന അസംഘടിത സ്വഭാവമാണ്. സ്വിഗ്ഗി, സൊമാറ്റോ, ഫ്ളിപ്കാര്‍ട്, ആമസോണ്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറമെ ഐ.ടി, ആശുപത്രികള്‍, കൃഷിയിടങ്ങള്‍, പാചക വാതക സിലിണ്ടര്‍ വിതരണക്കാര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക തൊഴിലാളികള്‍ കൂടി ലേബര്‍ കമ്മീഷണര്‍ ഓഫീസ് നല്‍കിയ നല്‍കിയ മേല്‍പറഞ്ഞ കണക്കില്‍ ഉള്‍പ്പെടുന്നു. ദി കേരള ഷോപ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് (1960) പ്രകാരം ഓരോ പ്രദേശങ്ങളിലെയും ഷോപ്പുകള്‍ അല്ലെങ്കില്‍ വ്യാപാര സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് തൊഴിലാളികളുടെ എണ്ണം കണക്കാക്കപ്പെടുന്നത്. സംസ്ഥാനത്തെ യഥാര്‍ത്ഥ ഗിഗ് തൊഴിലാളികളുടെ എണ്ണം ഇതിലും എത്രയോ ഇരട്ടി വരും. ഈ തൊഴില്‍ മേഖലയിലെ അസ്ഥിരത മൂലം യഥാര്‍ത്ഥ കണക്കെടുക്കുക പ്രയാസമാണ് എന്നാണ് ലേബര്‍ ഓഫീസര്‍മാര്‍ പോലും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നിലവില്‍ കേരളത്തില്‍ ഗിഗ് തൊഴിലാളികളുമായി ബന്ധപ്പെട്ട കൃത്യമായ കണക്കെടുപ്പിന് സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ശാസ്ത്രീയമായ സര്‍വേകള്‍ ആരംഭിച്ചതായും ലേബര്‍ കമ്മീഷണര്‍ ഓഫീസ് സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളില്‍ മാത്രം നൂറു കണക്കിന് ഭക്ഷണശാലകളാണ് സ്വിഗിയിലും സൊമാറ്റോയിലും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനങ്ങള്‍ തന്നെയാണ് ഭാവിയിലേക്കുള്ള ചുവടുവെപ്പ്. എന്നിരുന്നാലും ഈ രംഗത്തെ തൊഴില്‍ ചൂഷണങ്ങള്‍ നിരവധിയാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. ജയപാല്‍ ചൂണ്ടിക്കാട്ടുന്നു. 'പല തൊഴിലാളികള്‍ക്കും ആഴ്ച തോറുമുള്ള പേയ്‌മെന്റ് മുടങ്ങുകയും ദുരിതത്തിലാവുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ പരാതികള്‍  പറഞ്ഞാല്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് പല കമ്പനികളിലും. സ്ഥിരത ഇല്ലാത്തതിനാലും തൊഴില്‍ ചൂഷണവും മൂലം സ്ഥിരമായി തൊഴിലെടുക്കാന്‍ ആളെ കിട്ടുന്നില്ല എന്ന പരാതിയും നില നില്കുന്നു. കയ്യില്‍ നിന്ന് കാശെടുത്ത് പെട്രോള്‍ അടിച്ചു സ്വന്തം വണ്ടിയില്‍ ഓഡറുകള്‍ എത്തിച്ചു നല്‍കിയാല്‍ പോലും പല ഡെലിവറി തൊഴിലാളികള്‍ക്കും മുതലാവുന്നില്ല എന്നൊക്കെയാണ് പറയുന്നത്.  മറ്റൊരു പരാതി മദ്യപരായ ഉപഭോക്താക്കളില്‍നിന്നും ഗിഗ് തൊഴിലാളികള്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന നിരന്തരമായ അധിക്ഷേപങ്ങളെ കുറിച്ചുള്ളതാണ്. തിരക്കുള്ള റോഡിലൂടെ സാഹസപ്പെട്ടു യാത്ര ചെയ്ത് ഡെലിവറി സമയം ഒരല്പം വൈകിയാല്‍ പോലും വലിയ അപമാനങ്ങള്‍ക്കാണ് ഗിഗ് വര്‍ക്കേഴ്സ് നമ്മുടെ സംസ്ഥാനത്തടക്കം വിധേയരാവുന്നത് ' എസ്. ജയ്പാല്‍ പറയുന്നു. തൊഴില്‍ ചൂഷണങ്ങള്‍ക്ക് പുറമെ പാഴ്‌സല്‍ ഫുഡ് സംസ്‌കാരം പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതത്തെ കുറിച്ചും പ്രാദേശിക രുചികള്‍ അപ്പാടെ തുടച്ചുനീക്കി വൈദേശിക ഭക്ഷണ സംസ്‌കാരം നമ്മുടെ നാട്ടില്‍ കൊണ്ടുവരുമ്പോഴുണ്ടാവുന്ന സാംസ്‌കാരിക പ്രത്യാഘാതങ്ങളെ കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  

ഗിഗ് തൊഴിലാളി മേഖല തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്ന് കേരളത്തിലെ ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവും രാജ്യസഭാ അംഗവുമായ എളമരം കരീം പറയുന്നു. തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ അവര്‍ക്കിടയില്‍ നിന്നുതന്നെ പ്രതിഷേധങ്ങളും അവകാശങ്ങള്‍ക്കായുള്ള ഇടപെടലുകളും ഉണ്ടാവണം. സംസ്ഥാനത്ത് ആദ്യ ഘട്ടങ്ങളില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓല, ഊബര്‍ ടാക്സി ഡ്രൈവര്‍മാരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഇപ്പോഴില്ല. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി സംഘടന രൂപീകരിക്കുന്നതിനും മറ്റും മുന്നോട്ടുവരണം. അതിന് സംസ്ഥാനത്തെ പരമ്പരാഗത തൊഴിലാളി യൂണിയനുകള്‍ തടസ്സമാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവലംബം:

1. https://cis-india.org/raw/files/ifat-itf-locking-down-the-impact-of-covid-19-report/
2. https://www.imf.org/en/Countries/IND
3. https://www.cnbctv18.com/economy/niti-aayog-says-ola-and-uber-helped-create-over-2-million-new-jobs-pegs-total-new-jobs-at-8-million-2142841.htm
4. https://indianexpress.com/article/india/kerala/in-pandemic-year-15-lakh-expats-returned-to-kerala-10-4-lakh-of-them-having-lost-jobs-abroad-7388028/
5. https://www.jdsupra.com/legalnews/uk-supreme-court-s-decision-on-status-3871977/
6. http://updates.manupatra.com/asp/displayart.aspx?itemid=27073

* 2021 ജൂലൈ-ഓഗസ്റ്റ്  കാലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ആ കാലത്ത് ലഭ്യമായ വിവരങ്ങളാണ് ആധാരം.


(ദോഹ ആസ്ഥാനമായ പ്രസ്ഫോര്‍ ന്യൂസില്‍ ഓണ്‍ലൈന്‍ എഡിറ്റര്‍. പൂനെ ഫിലിം ഇനിസ്റ്റിറ്റിയൂട്ടില്‍ നിന്നും ഡിപ്ലോമ. ജേര്‍ണലിസത്തിലും മാസ് കമ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി. പാലക്കാട് മങ്കര സ്വദേശി.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)