ഓണ്‍ലൈന്‍ പഠനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍

 
Ananya Story2

ഭിന്നശേഷിക്കാരായ കുട്ടികളില്‍ കോവിഡ് സൃഷ്ടിച്ച മാനസികവും ശാരീരികവുമായ ആഘാതം ചെറുതല്ല 


(ഭിന്നശേഷിക്കാരായ കുട്ടികളില്‍ കോവിഡ് സൃഷ്ടിച്ച മാനസികവും ശാരീരികവുമായ ആഘാതം ചെറുതൊന്നുമല്ലെന്ന് അവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ (എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി മലയാളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ പത്തു റിപ്പോര്‍ട്ടുകളില്‍ രണ്ടാമത്തേത് കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. അനന്യ എസ്.പി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗം ഇവിടെ വായിക്കുക.)


തെറാപ്പികള്‍ മുടങ്ങിയതുപോലെ ഭിന്നശേഷിക്കാര്‍ നേരിട്ട മറ്റൊരു വെല്ലുവിളി കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നു. പലര്‍ക്കും തുടക്കത്തില്‍ മൊബൈലിലെ ചെറിയ സ്‌ക്രീനിലെ പഠനം ഉള്‍ക്കൊള്ളാന്‍ തന്നെ കഴിഞ്ഞിരുന്നില്ല. ''സാധാരണ കുട്ടികളെപ്പോലെ നിര്‍ബന്ധിച്ച് ഇവരെ ഇരുത്താന്‍ കഴിയില്ല, അവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ കേള്‍ക്കും. അല്ലെങ്കില്‍ അമ്മ പഠിച്ചോ എന്ന് പറയും'' -തൃശ്ശൂര്‍ സ്വദേശിയായ സിന്ധു മകന്റെ ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് പറയുന്നു. സിന്ധുവിന്റെ ഒറ്റമകനാണ് അതുല്‍.''അഞ്ച് വയസ് മുതല്‍ രേണുക എന്ന സ്‌പെഷ്യല്‍ എഡ്യുക്കേറ്ററുടെ കീഴിലാണ് അതുല്‍ പഠിച്ചത്. മറ്റ് അധ്യാപകരെക്കാള്‍ അടുപ്പം ഈ ടീച്ചറോടാണ്. അതുകൊണ്ട് ഓണ്‍ലൈന്‍ പഠനത്തിനൊന്നും ഇരുന്ന് തരില്ല. നേരിട്ട് സ്‌കൂളില്‍ പോകുന്ന സമയത്ത് അദ്ധ്യാപകരോട് ഒരു പ്രത്യേക അടുപ്പമുണ്ടാകും. ഓണ്‍ലൈന്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ കാരണവും ഇതുതന്നെ. കുട്ടികളെക്കാള്‍ രക്ഷിതാക്കള്‍ കൂടുതല്‍ സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്നുണ്ട്, കോവിഡ് കാലത്ത്. മറ്റ് ജോലികള്‍ക്ക് പോകാത്തതിനാല്‍ എനിക്ക് കുട്ടിയുടെ കാര്യങ്ങള്‍ മുഴുവന്‍ ശ്രദ്ധിക്കാം. എന്നാല്‍ എല്ലാവരുടെയും സ്ഥിതി അതല്ലല്ലോ?'' -സിന്ധു ചോദിക്കുന്നു.

ഒന്ന് മുതല്‍ പന്ത്രണ്ടാം തലം വരെ ഒന്നര ലക്ഷത്തിലധികം ഭിന്നശേഷിക്കാര്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്.  സ്‌പെഷ്യല്‍ സ്‌കൂളില്‍ മാത്രം പഠിക്കുന്നത് 30,000ത്തോളം പേര്‍. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ബഡ്‌സ് സ്‌കൂള്‍, 18ന് വയസിന് മുകളിലുള്ളവര്‍ക്കായുള്ള ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിങ്ങനെ 342 ബഡ്‌സ് സ്ഥാപനങ്ങളിലായി 9,545 കുട്ടികള്‍ പഠനവും പരിശീലനവും നേടുന്നുണ്ട്. കേരളത്തില്‍ സെക്കന്ററി വിഭാഗത്തില്‍ എട്ട്് മുതല്‍ 12-ാം ക്ലാസ് വരെ 42000ല്‍ അധികം ഭിന്നശേഷി വിദ്യാര്‍ത്ഥികളും ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലായി 90000ല്‍ അധികം പേരുമാണുളളത്. ഇത് കൂടാതെ ശാരീരിക പരിമിതികള്‍ മൂലം സ്‌കൂളിലോ, അല്ലാതെയോ വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവരുമുണ്ട്.

സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിച്ച 293 രജിസ്റ്റേഡ് സ്പെഷ്യല്‍ സ്‌കൂളുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി നിശ്ചിത വര്‍ഷത്തിനുശേഷമാണ് രജിസ്ട്രേഷന്‍ നല്‍കുക. കേള്‍വിപരിമിതിയുള്ളവര്‍, കാഴ്ചപരിമിതിയുള്ളവര്‍, ബുദ്ധിമാന്ദ്യം, അസ്ഥിസംബന്ധമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഓട്ടിസം, പഠനവൈകല്യം, സെറിബ്രല്‍ പാള്‍സി, ബഹുവിധ വെല്ലുവിളികള്‍,  ശാരീരികമായി വെല്ലുവിളി തുടങ്ങിയവ നേരിടുന്നവരെല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്. കോവിഡ് കാലത്ത് കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഇടയ്ക്ക് മുടങ്ങിയെങ്കിലും വീണ്ടും നല്‍കിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 'തേന്‍കൂട്' എന്ന പദ്ധതി ആവിഷ്‌കരിച്ചെങ്കിലും അത്ര ഫലം കണ്ടില്ല. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളില്‍ ഒരു റിസോഴ്‌സ് അധ്യാപകന്‍ ഉണ്ടാവണമെന്നാണ് നിര്‍ദ്ദേശം.  ഒരു ലക്ഷത്തില്‍പ്പരം പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി എണ്ണൂറോളം റിസോഴ്‌സ് അധ്യാപകര്‍ മാത്രമാണുള്ളത്. ഒരു അധ്യാപകന് പത്തോ, പതിനഞ്ചോ സ്‌കൂളുകളിലെ വ്യത്യസ്ത പഠനപ്രശ്‌നങ്ങളും, പ്രതിസന്ധികളും നേരിടുന്ന കുട്ടികളെ പരിഗണിയ്ക്കേണ്ട സാഹചര്യമുണ്ടാവുന്നുണ്ട്.

വൈറ്റ് ബോര്‍ഡ് പ്രോജക്ട്
വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഓണ്‍ലൈന്‍ പഠനം ഭിന്നശേഷിക്കാരെ വലയ്ക്കുന്നതായി കണ്ടെത്തിയതോടെ 'വൈറ്റ് ബോര്‍ഡ്' എന്ന പേരില്‍ സമഗ്രശിക്ഷ അഭിയാന്റെ നേതൃത്വത്തില്‍ ഇവര്‍ക്കായി പ്രത്യേക പ്രോജക്ട് തയ്യാറാക്കിയിരുന്നു. 21 തരം ഡിസെബിലിറ്റി ഉള്ള കുട്ടികള്‍ ഉള്‍പ്പെടുന്നിടത്ത് ഏകീകൃതമായ ഓണ്‍ലൈന്‍ പഠനം പല കുട്ടികള്‍ക്കും ഗ്രഹിക്കാന്‍ പ്രയാസകരമായി എന്നതിനാലാണ് സര്‍ക്കാര്‍ വൈറ്റ് ബോര്‍ഡ് പ്രോജക്ട് നടപ്പാക്കിയത്. കോവിഡ് കാലത്ത് സ്‌കൂളുകളില്‍ എത്താന്‍ കഴിയാത്തത് കുട്ടികളെ  അസ്വസ്ഥരാക്കുന്നുവെന്ന് കണ്ടെത്തിയതോടെ അധ്യാപകര്‍ ക്ലാസ്സുകളുടെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയുകയായിരുന്നു. വീഡിയോകള്‍ രക്ഷിതാക്കള്‍ക്ക് അയച്ചു നല്‍കും. മാതാപിതാക്കള്‍ ഈ വീഡിയോ കുട്ടികളെ കാണിച്ച് പഠിപ്പിക്കണം. എന്നാല്‍ എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് അധ്യാപകര്‍ പറയുന്നു. ഇന്‍ക്യൂസീവ് വിദ്യാഭ്യാസത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മറ്റുകുട്ടികളെ കാണാനും അവരോടൊപ്പം തന്നെ പഠിക്കാനും അവസരമുണ്ട്. എന്നാല്‍ വൈറ്റ് ബോര്‍ഡ് പ്രോജക്ടില്‍ അവര്‍ വ്യക്തിഗതമായി പരിശീലനം നേടണം. ഇത് കുട്ടികള്‍ നേരിടുന്ന ഒരു പരിമിതിയാണ്.

ഓരോ വീഡിയോ ക്ലാസ്സുകള്‍ക്കും അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കുകയും അവരത് പൂര്‍ത്തീകരിച്ച് അധ്യാപകര്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്യണം. എല്ലാ ബഡ്‌സ് അധ്യാപകരും ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികളെ ഫോണില്‍ വിളിക്കുകയോ, വീഡിയോ കോളിലൂടെ സംസാരിക്കുകയോ ചെയ്യുന്നതിനും, ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓണ്‍ലൈനില്‍ കുട്ടികളെയും മാതാപിതാക്കളെയും പങ്കെടുപ്പിച്ച് ക്ലാസുകള്‍ നല്‍കുന്നതിനും അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ ഇക്കാര്യങ്ങളിലൊക്കെ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നതായി രക്ഷിതാക്കള്‍ പറയുന്നു.

ടോക്കിങ്ങ് ടെസ്റ്റ് എന്ന പുതിയ പഠനരീതിയും അവതരിപ്പിക്കുകയുണ്ടായി. കാഴ്ചപരിമിതിയുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന പഠനരീതിയാണിത്. പശ്ചാത്തലസംഗീതം ഒരുക്കിയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ശ്രവണ തകരാറുള്ള കുട്ടികള്‍  ഓണ്‍ലൈന്‍ പഠനത്തില്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. സൈന്‍ ലാംഗ്വേജ് ഉപയോഗിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തയ്ക്കൊപ്പം ഡിജിറ്റല്‍ മേഖലയില്‍ അറിവില്ലായ്മയും  രക്ഷിതാക്കള്‍ക്കും പ്രയാസകരമാകുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി നടത്തിയ കോവിഡ് 19-ആന്റ് എസ്‌ക്ലൂഷന്‍ ഓഫ് ചില്‍ഡ്രന്‍ വിത്ത് ഡിസബിലിറ്റീസ് ഇന്‍ എഡ്യുക്കേഷന്‍ എന്ന പഠനത്തിനായി തിരഞ്ഞെടുത്ത ഒരു സംസ്ഥാനം കേരളമായിരുന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലായി 164 വിദ്യാര്‍ത്ഥികളുടെയും അവരുടെ പരിപാലകരുടെയും 50 അധ്യാപകരുടെയും 10 സിഎസ്ഒകളുടെയും 5 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അനുഭവങ്ങള്‍ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നാല് സിവില്‍ സൊസൈറ്റി സംഘടനകളുടെ (ഏക്ത, പ്രജാഹിത, ഡിസബിലിറ്റി ഇന്‍ക്ലൂസീവ് ഡവലപ്‌മെന്റ് സെക്ടര്‍ റൂറല്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ്, അസോസിയേഷന്‍ ഓഫ് പീപ്പിള്‍ വിത്ത് ഡിസെബിലിറ്റി ) പങ്കാളിത്തത്തില്‍ നടത്തിയ ഈ പഠനത്തിന് നേതൃത്വം കൊടുത്തത് വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയിലെ നിഷാ വര്‍ണേക്കര്‍ (ടീം ലീഡ്), പൂജ പാണ്ഡെ (പ്രോജക്ട് ഫെലോ), നൈന സേത്ത് (പ്രോജക്ട് ഫെലോ) എന്നിവരായിരുന്നു.

ഓണ്‍ലൈന്‍ പഠനം അനുഗ്രഹമായവരും
എന്നാല്‍ ഓണ്‍ലൈന്‍ പഠനത്തെ അനുകൂലിക്കുന്ന രക്ഷിതാക്കളും നിരവധിയുണ്ട്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമ്മ പറയുന്നതിങ്ങനെ.. ''എന്റെ  മകന്‍ പ്ലസ്ടു കഴിഞ്ഞു. ഇപ്പോള്‍ സംഗീതക്ലാസുകളും മറ്റും മാത്രമേ അവന്‍ ഓണ്‍ലൈന്‍ ആയി പഠിക്കുന്നുള്ളു. ഓണ്‍ലൈന്‍ പഠനം  അനുഗ്രഹമായാണ് തോന്നിയിട്ടുള്ളത്. കാരണം. അവന്റെ അച്ഛന്‍ മരിച്ചിട്ട് വര്‍ഷങ്ങളായി. ഞാന്‍ തന്നെയാണ്  കുട്ടിയെ നോക്കുക. ജനിച്ചപ്പോള്‍ തന്നെ ഒരുപാട് ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. മലദ്വാരം ഇല്ലാതെ ജനിച്ചതിനാല്‍ കൃത്രിമമായി വച്ചിരിക്കുകയാണ്. അതുകൊണ്ട് ക്ലാസില്‍ കൊണ്ടുപോകുമ്പോഴൊക്കെ ഡയപ്പര്‍ വേണ്ടിവരുന്നു. അവന്‍ ക്ലാസിലിരിക്കുമ്പോള്‍ ഞാന്‍ പുറത്തുനില്‍ക്കും. ടോയ്‌ലറ്റില്‍ പോകേണ്ടിവരുമ്പോള്‍ സഹായം വേണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ വീട്ടിലായിരുന്നതിനാല്‍ മകന് മാനസികവിഷമതകള്‍ ഉണ്ടെങ്കിലും മറ്റ് കാര്യങ്ങള്‍ക്കൊക്കെ സൗകര്യപ്രദമാണ്. പുറത്ത് പോകാനൊക്കെ വഴക്കടിക്കും. ഞാന്‍ കോവിഡിന് കുറിച്ച് പറഞ്ഞു മനസിലാക്കിയതിനാല്‍ ചെറുതായി അനുസരിച്ച് തുടങ്ങി.'' ഓണ്‍ലൈന്‍ പഠനത്തില്‍ മക്കളോടൊപ്പെം ഇരുന്ന് പഠിപ്പിക്കാന്‍ കഴിയുന്നത് പ്രയോജനം ചെയ്യുന്നുണ്ടെന്ന് അമ്മമാര്‍ പറയുന്നു.

സര്‍ക്കാര്‍ പദ്ധതികള്‍ നിരവധി; അറിയാതെ രക്ഷിതാക്കളും
ഭിന്നശേഷിക്കാരുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് സഹായകരമാകുന്ന നിരവധി പദ്ധതികള്‍  നിലവിലുണ്ട്. ഇത്തരം പദ്ധതികളുടെ പ്രയോജനം പലപ്പോഴും ശരിയായ കരങ്ങളിലേക്ക്് എത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പല രക്ഷിതാക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് കൃത്യമായ ധാരണയില്ല. പദ്ധതികള്‍ പലതും പ്രയോജനം ലഭിക്കാതെ രേഖകളില്‍ മാത്രം ഒതുങ്ങിപോകുന്നതിന്റെ കാരണവും ഇതുതന്നെ. 2015ല്‍ കേരള സര്‍ക്കാര്‍ തയ്യാറാക്കിയ ഡിസബിലിറ്റി സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 19 വയസ്സിന് താഴെ 1,30,798 കുട്ടികളാണ് ഭിന്നശേഷി പരിധിയില്‍ വരുന്നത്. അതില്‍ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നത് 21533 പേര്‍. സംസാരിക്കുന്നതിനും ഭാഷാപരമായ പ്രശ്നങ്ങളും നേരിടുന്ന 8697 കുട്ടികള്‍. 6833 പേര്‍ ലേണിങ്ങ് ഡിസബിലിറ്റി ഉള്ളവരാണ്. 2021ല്‍ എത്തി നില്‍ക്കുമ്പോള്‍ അതിന്റെ എണ്ണവും വര്‍ധിച്ചിട്ടുണ്ടാകണം. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികളെക്കുറിച്ച് ബോധവത്ക്കരണം സമൂഹത്തിനാകെ നല്‍കേണ്ടതുണ്ട്.

ഭിന്നശേഷിക്കുട്ടികള്‍ക്കായുള്ള പദ്ധതികള്‍:

  •  70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് സ്വയം തൊഴിലിനുള്ള സ്വാശയ്രപദ്ധതിയില്‍ 35,000 രൂപ ഒറ്റത്തവണ ധനസഹായമായി നല്‍കുന്നു.
  • സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ സഹായിക്കുന്നതാണ് വിദ്യാജ്യോതി പദ്ധതി. 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇതിലൂടെ ധനസഹായം ലഭിക്കും.
  • ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാഡേഷന്‍ എന്നിങ്ങനെ ഒന്നിലധികം പരിമിതികള്‍ ഉള്ളവര്‍ക്കായുള്ളതാണ് നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ്. യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ്് ലഭിക്കും.
  • സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിന് വിദ്യാകിരണം പദ്ധതി.
  • പൊതു സ്ഥലങ്ങളും കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ബാരിയേഴ്സ് ഫ്രീ കേരള.
  • കേള്‍വിക്കുറവിനെ അതിന്റെ  പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കുന്നതിനായി കാതോരം പദ്ധതി.
  • ഭിന്നശേഷിയുള്ള കുട്ടികളെ തിരിച്ചറിയാനും ശരിയായ രീതികള്‍ ഉപയോഗിച്ച് അവരെ പരിശീലിപ്പിക്കാനും പ്രത്യേകം അങ്കണവാടി.

സംസാര, ശ്രവണ വൈകല്യമുള്ള വ്യക്തികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുംവേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ്  കാലത്ത് ഭിന്നശേഷിക്കാരും രക്ഷിതാക്കളും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നത് മനസിലാക്കി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'സഹജീവനം' ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വാതില്‍പ്പടി സേവനം ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതിയിലുടെ ഉദ്ദേശിക്കുന്നത.് സര്‍ക്കാര്‍ വകുപ്പുകളായ വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ആരോഗ്യം, വനിതാ-ശിശു വികസനം എന്നിവയുടെ  സഹകരണത്തോടും എകോപനത്തോടും കൂടിയാണ് സാമൂഹ്യനീതി വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്പെഷ്യല്‍ സ്‌കൂള്‍, ബഡ്സ് സ്‌കൂള്‍, സമഗ്ര ശിക്ഷ കേരളയിലെ സ്പെഷ്യല്‍ എഡുക്കേറ്റര്‍മാര്‍ എന്നിവരെ വോളന്റിയര്‍മാരായി തെരഞ്ഞെടുത്താണ് പദ്ധതി നടത്തിപ്പ്.

വേണം മെഡിക്കല്‍ ക്യാമ്പ്
പദ്ധതികളേറെയുണ്ടെങ്കിലും അവയില്‍ നല്ലപങ്കും സര്‍ക്കാര്‍ രേഖകളില്‍ മാത്രമാണെന്ന് ബുദ്ധിപരവും വളര്‍ച്ചാപരവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ 'പരിവാര്‍ കേരള' പ്രസിഡന്റ്് എം.പി. കരുണാകരന്‍ ചൂണ്ടിക്കാട്ടുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലപാടാണ് സര്‍ക്കാരിന്. പഴയ പദ്ധതികള്‍ തന്നെയാണ് പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുന്നത്. അവകാശങ്ങള്‍ എന്താണെന്നറിയാത്ത ഒരു വിഭാഗത്തിനൊപ്പമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ഇനിയും സംഘടനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ആശാവര്‍ക്കര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി ഭിന്നശേഷി കുട്ടികള്‍ക്കായി കോവിഡ് കാലത്ത് മെഡിക്കല്‍ ക്യാമ്പുകളടക്കം സംഘടിപ്പിക്കണം. തെറാപ്പികള്‍ നഷ്ടപ്പെട്ടുപോയ കുട്ടികള്‍ക്ക് അത് പ്രയോജനം ചെയ്യും. രക്ഷിതാക്കള്‍ അവരുടെ കുടുംബങ്ങളില്‍ നിന്നുപോലും കടുത്ത സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്നു. അവരെയെല്ലാം ചേര്‍ത്തുപിടിക്കുന്ന ഒരു മനോഭാവം വളര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

തള്ളിക്കളയാതെ ചേര്‍ത്തുനിര്‍ത്താം
ഭിന്നശേഷിക്കാരായ കുട്ടികള്‍ സമൂഹത്തിന്റെ അംഗീകാരത്തോടെ വളര്‍ന്നുവരേണ്ടവരാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് കരുതല്‍ നല്‍കുന്നുണ്ടെങ്കിലും ഇനിയും കൂടുതല്‍ തലങ്ങളിലേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിപ്പെടേണ്ടതുണ്ട്. ഭിന്നശേഷിക്കാരുടെ അവസ്ഥനിര്‍ണ്ണയം മുതല്‍ ചികിത്സ, കൃത്രിമ സഹായ ഉപകരണങ്ങളുടെ  ലഭ്യതയും ഉപയോഗവും, പ്രത്യേക ചികിത്സയും പരിശീലനവും, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, തൊഴില്‍ ലഭ്യത, സാമൂഹിക ഇടപെടല്‍, സാമൂഹിക അവബോധം, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തല്‍ എന്നിവയുടെ കാര്യത്തില്‍ നാം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

കോവിഡ് തെറാപ്പികള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെയും മാനസികപ്രശ്നങ്ങളെയും കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ തന്നെ പഠനങ്ങള്‍ നടക്കേണ്ടതാവശ്യമാണ്. ഓണ്‍ലൈന്‍ പഠനം എത്രത്തോളം ഗുണകരമായെന്നും അതിന് പോരായ്മകളുണ്ടെങ്കില്‍ അത് കണ്ടെത്തി പരിഹരിക്കുന്നതിനും നിരന്തരമായ ശ്രമം ആവശ്യമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ തെറാപ്പിസ്റ്റുകളെ നിയമിച്ചുകൊണ്ട് പ്രത്യേക യൂണിറ്റുകള്‍ സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം എല്ലായിടത്തും സൃഷ്ടിക്കപ്പെട്ടിട്ടില്ല.

ഭിന്നശേഷി വ്യക്തികളെയും കൊണ്ട് ആശുപത്രികളില്‍ കിടക്കേണ്ടി വരുമ്പോള്‍ അവര്‍ക്ക് പ്രത്യേക മുറി സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് ആരോഗ്യ വകുപ്പില്‍ നിന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് ഫലപ്രദമായി ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. തദ്ദേശ  സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ നടക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളെയും സാമൂഹിക സാമ്പത്തിക നിലവാരത്തെയും കുറിച്ച് മനസ്സിലാക്കുന്നതിന് നിശ്ചിത കാലയളവില്‍ സംസ്ഥാന വ്യാപകമായി സര്‍വ്വേകള്‍ നടത്തേണ്ടത് അനിവാര്യമാണ്.

2009ല്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ നിര്‍ദ്ദേശിച്ച കാര്യം പോലും നിയമം പ്രാബല്യത്തില്‍ വന്ന് ദശകം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഭിന്നശേഷിക്കാരുടെ താമസസ്ഥലത്തുനിന്നും ഒന്നു മുതല്‍ മൂന്ന് കിലോ മീറ്റര്‍ വരെ അകലത്തില്‍ പ്രാഥമിക, സെക്കന്ററി വിദ്യാഭ്യാസം സൗകര്യപ്പെടുത്തിയിരിക്കണം എന്ന നിര്‍ദ്ദേശം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്. എല്ലാ പ്രവൃത്തിദിവസങ്ങളിലും സ്പെഷ്യല്‍ ടീച്ചറുടെ സേവനം എന്നത് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ഇന്നും ഒരു വിദൂരസ്വപ്നം മാത്രമാണ്. സഹായപദ്ധതികള്‍ക്ക് അപേക്ഷിക്കണമെങ്കില്‍ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഭിന്നശേഷിയുമായി ബന്ധപ്പെട്ട മറ്റ് സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ (ഓട്ടിസം, വിവിധ ജനിതക സംബന്ധമായ അവസ്ഥകള്‍, മറ്റ് ഞരമ്പ് സംബന്ധമായ പ്രശ്നങ്ങള്‍) എന്നിവ നിര്‍ണ്ണയിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാരുടെ അഭാവം രക്ഷിതാക്കളെ ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടിക്കുകയാണ്. കിടപ്പുരോഗികളേയും കൊണ്ട് പലതവണ ആശുപത്രികളില്‍ പോയി നില്‍ക്കുകയെന്നത് പലപ്പോഴും രക്ഷിതാക്കളെ വലയ്ക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളെകൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള പൊതുവിദ്യാലയങ്ങള്‍ എന്നത് ഇവിടെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും അവ കൂടുതല്‍ വ്യാപകമാകണം. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും സമഗ്രമാക്കുകയും വേണം. വികസിത രാജ്യങ്ങളില്‍ ഭിന്നശേഷിക്കാരെ നേരത്തെ തന്നെ തിരിച്ചറിയുകയും അവരുടെ ആജീവനാന്തര സംരക്ഷണം എല്ലാ ആധുനിക സൗകര്യങ്ങളോടേയും സൗജന്യമായി സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഇവിടെ സര്‍ക്കാരിന്റെ ഇടപെടല്‍ കേന്ദ്രങ്ങളുടെ (Early Intervention Centres) പ്രവര്‍ത്തനം ഒച്ചിഴയുന്ന വേഗത്തിലാണ്. അതുകൊണ്ടുതന്നെ ഭിന്നശേഷിമക്കളുടെ ചികിത്സയ്ക്കും മറ്റും കിടപ്പാടം പണയപ്പെടുത്തേണ്ട അവസ്ഥ പോലും വന്നുപെടുന്നു.

ഭിന്നശേഷി കുട്ടികളുടെ ജനനത്തോടെ പല കുടുംബങ്ങളിലും രക്ഷിതാക്കള്‍ വേര്‍പിരിഞ്ഞുപോകുന്ന അവസ്ഥ നിലവിലുണ്ട്. പലതരത്തിലുള്ള  മിഥ്യാധാരണകളും സാമ്പത്തിക വിഷമതകളും  അപകര്‍ഷതാബോധവും ഇത്തരം കുടുംബങ്ങളില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. ശരിയായ കൗണ്‍സലിങ് ലഭ്യമാക്കിയാല്‍ ഈ അവസ്ഥയെ ഒരു പരിധിവരെ പരിഹരിക്കാം. ഭിന്നശേഷിക്കാരുടെ ജനനത്തോടെ രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോകാനാവാത്ത അവസ്ഥയും വന്നുപെടാറുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ സ്ഥിരമായി ഇവര്‍ക്ക് കാവലിരിക്കേണ്ട അവസ്ഥ കുടുംബത്തിന്റെ സാധാരണ ജീവിതം താറുമാറാക്കുന്നു.   ഒന്നില്‍ കൂടുതല്‍ ഭിന്നശേഷി മക്കളുള്ളവരുടെ അവസ്ഥ അതിലും പരിതാപകരമാണ്. ഇത്തരം കുടുംബങ്ങളെ സഹായിക്കാന്‍ (Peronss with high support needs) സര്‍ക്കാര്‍ അടിയന്തിരമായി പ്രത്യേക പദ്ധതികളും സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് എല്ലാ അവകാശങ്ങളും പിന്തുണയും നല്‍കി മുന്നേറി കേരളം കൂടുതല്‍ മാതൃകകള്‍ സൃഷ്ടിക്കട്ടെ.

അവലംബം:

1. https://vidhilegalpolicy.in/research/covid-19-and-exclusion-of-children-with-disabilities-in-education/

2. http://swd.kerala.gov.in/

3.https://www.parivaarnfpa.org/


(കൊല്ലം അഞ്ചല്‍ സ്വദേശി. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്.)