കുറ്റം ചെയ്തിട്ടില്ല; എതിര്‍വാദം ചെയ്യാനോ വക്കാലത്ത് കൊടുക്കാനോ വിചാരണയില്‍ പങ്കുകൊള്ളാനോ വിചാരിക്കുന്നില്ലെന്നും കോടതിയെ അറിയിച്ച മന്നത്ത് പദ്മനാഭന്‍

 
കുറ്റം ചെയ്തിട്ടില്ല; എതിര്‍വാദം ചെയ്യാനോ വക്കാലത്ത് കൊടുക്കാനോ വിചാരണയില്‍ പങ്കുകൊള്ളാനോ വിചാരിക്കുന്നില്ലെന്നും കോടതിയെ അറിയിച്ച മന്നത്ത് പദ്മനാഭന്‍

എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ജന്മദിനമാണിന്ന്. 1878 ജനുവരി രണ്ടിനായിരുന്നു കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഏറെ സ്വാധീനങ്ങള്‍ ചെലുത്തിയിട്ടുള്ള മന്നത്ത് പദ്മനാഭന്റെ ജനനം. രാജാധികാരവുമായും പില്‍ക്കാലത്തെ ഭരണ രാഷ്ട്രീയാധികാര കേന്ദ്രങ്ങളുമായും എന്‍എസ്എസ് അടക്കമുള്ള സമുദായ സംഘടനകള്‍ പുലര്‍ത്തിപ്പോന്ന ബന്ധങ്ങള്‍ രാഗദ്വേഷങ്ങള്‍ നിറഞ്ഞതായിരുന്നു. ഓരോ കാലത്തും ഇത്തരം സംഘടനകള്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകളെ കുറിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ട്.

1947 മെയ് 25ന് മുതുകുളത്ത് നടന്ന കോണ്‍ഗ്രസ് നേതൃസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു മന്നത്ത് പദ്മനാഭന്‍ നടത്തിയ പ്രസംഗം ഏറെ പ്രസിദ്ധമാണ്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ എന്‍എസ്എസ് അധ്യക്ഷസ്ഥാനം രാജിവെച്ചാണ് മന്നം സമരരംഗത്ത് ഇറങ്ങിയത്. മുതുകുളം പ്രസംഗത്തെ തുടര്‍ന്ന് മന്നം ജയില്‍ ശിക്ഷയ്ക്കു വിധേയനാവുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ല കോടതിയില്‍ മന്നം നല്‍കിയ സ്റ്റേറ്റ്മെന്റ് ചുവടെ കൊടുക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഒരു കാലഘട്ടത്തിന്റെ ശബ്ദം കൂടി നിറയുന്ന ആ പത്രികയുടെ വായന ഏറെ പ്രസക്തമാണ്.

''ചാര്‍ജ് ഷീറ്റില്‍ പറയുന്ന കാര്യങ്ങള്‍ അടങ്ങിയ പ്രസംഗം ഞാന്‍ നടത്തിയിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം നേരാണ്. ഒരു പൗരന്റെ നിലയില്‍ അതെല്ലാം പരസ്യമായി പറയാന്‍ എനിക്ക് അവകാശമുണ്ടെന്നാണ് എന്റെ വിശ്വാസം. ഞാന്‍ മഹാരാജാവിനെ ആക്ഷേപിച്ചോ ദ്രോഹിച്ചോ ഒന്നുംതന്നെ പറഞ്ഞിട്ടില്ല, പറയുകയുമില്ല. ഞാന്‍ യഥാര്‍ഥത്തില്‍ ഒരു രാജഭക്തനാണ്. ദിവാന്‍ജിയും മഹാരാജാവും രണ്ടാണെന്നാണ് ഞാന്‍ ധരിച്ചിട്ടുള്ളത്. ദിവാന്‍ജിയെയോ സര്‍ സി.പി. രാമസ്വാമി അയ്യരെയോ പറ്റിയുള്ള പ്രസ്താവനകളും ഭരണപരിഷ്‌ക്കാരത്തെ പറ്റിയുള്ള നിരൂപണങ്ങളും എങ്ങനെ രാജദ്രോഹമെന്നും മനസ്സിലാകുന്നില്ല.

പൗരാവകാശങ്ങളെ ധ്വംസനം ചെയ്യുന്നതിലും സ്വേച്ഛാധിപത്യം നടത്തുന്നതിലും ഇന്നത്തെ ഗവണ്‍മെന്റ് പ്രസിദ്ധി സമ്പാദിച്ചിട്ടുണ്ട്. അത് അനിയന്ത്രിതമായി വര്‍ധിച്ച കാലമാണിത്. രാജ്യത്തെ സകല ഡിപ്പാര്‍ട്ടുമെന്റുകളെയും, ഉദ്യോഗസ്ഥന്‍മാരെയും കൊണ്ട് ജനഹിതത്തേയും സ്വാതന്ത്ര്യവാദത്തേയും നിഹനിക്കുന്ന പരസ്യപ്രവര്‍ത്തനം ഏതെങ്കിലും രാജ്യത്തെ ഗവണ്‍മെന്റ് ഇതിനുമുമ്പ് നടത്തിക്കാണുകയില്ല, ഗവണ്‍മെന്റിന്റെ ദുഷ്പ്രചരണത്തിനു വേണ്ടി പത്രങ്ങളെ മുഴുവന്‍ പല രൂപത്തില്‍ കൈവശപ്പെടുത്തിയിരിക്കുന്നു. പൊതുയോഗങ്ങള്‍ കൂടാന്‍ സമ്മതിക്കുന്നില്ല. യോഗം കുടുന്നവരേയും സംസാരിക്കുന്നവരേയും ജയിലിലടയ്ക്കുന്നു. ഈ മാതിരി ജനദ്രോഹകരങ്ങളായ കാര്യങ്ങള്‍ക്കുവേണ്ടി ഭണ്ഡാരത്തെ കണ്ടമാനം വിനിയോഗിക്കുന്നു. ഇവയെ എല്ലാം ആത്മാഭിമാനവും രാജ്യസ്നേഹവും ഉള്ള ഒരു പൗരനും കണ്ടുകൊണ്ട് അടങ്ങിയിരിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് ഞാന്‍ ഈ രാവണവധത്തെ എതിര്‍ക്കുന്നത്.

ദിവാന്‍ജി പിരിഞ്ഞുപോകണമെന്നും, എങ്കില്‍ മാത്രമേ രാജ്യത്ത് സമാധാനവും സംതൃപ്തിയും ഉണ്ടാവുകയുള്ളുവെന്നും ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. അതില്‍ ഒരു അസത്യവും അമിതത്വവും ഇല്ല. വിശേഷിച്ച് സ്വാതന്ത്ര്യ പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ തിരുവിതാംകൂറിനു പുറത്തുള്ള ഒരാള്‍ക്ക് ഇവിടെ ദിവാന്‍ജിയായിരിക്കുവാന്‍ യാതൊരു അവകാശവുമില്ല. അതുപോലെതന്നെ സ്ഥാനപതിയാകാനും ഈ നാട്ടുകാരനു മാത്രമേ അവകാശമുള്ളു. സ്വാതന്ത്ര്യ പ്രഖ്യാപനം കഴിഞ്ഞിട്ടും സര്‍ സി.പി. രാമസ്വാമി അയ്യര്‍ പിരിയാനോ, ഈ നാട്ടുകാരനെ ദിവാന്‍ജിയാക്കാനോ ഭാവമില്ലെന്നു മാത്രമല്ല, ഇവിടുത്തെ സ്വാതന്ത്ര്യ സമ്പാദന പ്രക്ഷോഭത്തെ എതിര്‍ത്ത വിദേശിയും സര്‍ സി.പിയുടെ അന്തേവാസിയുമായ അബ്ദുള്‍കരീം സാഹിബിനെ പാക്കിസ്ഥാനിലെ സ്ഥാനപതിയായി നിയമിക്കുകയും കൂടി ചെയ്തിരിക്കുന്നു. അതിനാല്‍ ഇപ്പോഴത്തെ സ്വാതന്ത്ര്യ പ്രഖ്യാപനംകൊണ്ട് വിദേശീയാക്രമണത്തെ തടയാന്‍ സാധ്യമാണെന്നോ ഉദ്ദേശമുണ്ടെന്നോ തോന്നുന്നില്ല. ദിവാന്‍ജിമാര്‍ക്ക് സാധാരണയുള്ള കാലാവധി അഞ്ചുകൊല്ലമാണ്. സര്‍ സി.പി. രാമസ്വാമിഅയ്യര്‍ ഒരു അസാധാരണനായതുകൊണ്ട് ഒന്നോ രണ്ടോ കൊല്ലം കൂടി വേണമെങ്കില്‍ നീളട്ടെ. എന്നാല്‍ അദ്ദേഹം ദിവാന്‍ജിയായിട്ട്് പതിനൊന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു. സംതൃപ്തികൊണ്ടോ ഇവിടുത്തെ കുഴപ്പം കൊണ്ടോ സര്‍ സി.പി. രാമസ്വാമി അയ്യര്‍ സ്വയമേവ ഇവിടത്തെ ദിവാന്‍പദം രാജിവയ്ക്കയും ബാക്കി ജീവിതകാലം പുസ്തകം എഴുത്തിലും സന്യാസത്തിനുമായി നീക്കിവച്ചും സ്ഥലകാല നിര്‍ണയം ചെയ്തും ഒരു പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ട് പിരിഞ്ഞുപോകുകയും ചെയ്തത് സാധുക്കളായ ഈ നാട്ടുകാര്‍ നേരാണെന്നു വിശ്വസിച്ചു. എന്നാല്‍ ഒരു ഇന്ദ്രജാലവിദ്യപോലെയോ മരിച്ചയാള്‍ ജീവിച്ചുവരുന്നതുപോലെയോ അദ്ദേഹം ചാര്‍ജ് വിടുന്നതിനുമുമ്പ് വീണ്ടും ദിവാനായി മടങ്ങിവന്ന് തുടരുന്ന കാര്യം ഇന്നും ഒരത്ഭുത സംഭവമായി അവശേഷിച്ചിരിക്കയാണ്. അതിന്റെ ശേഷം പൂര്‍വാധികം ശക്തിയോടു കൂടി അദ്ദേഹം ജനമര്‍ദനം ആരംഭിക്കയും ഇവിടത്തെ ജനങ്ങളും മഹാരാജാവും തമ്മില്‍ സമ്പര്‍ക്കമുണ്ടാകാതെ ദിവാന്‍ജിമാരുടെ ഉപദേശപ്രകാരം എന്നെന്നും നടക്കണമെന്നുള്ള കരുതലോടുകൂടി കൊണ്ടുവന്ന ഭരണപരിഷ്‌കാരം നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കയും ചെയ്തിരിക്കയാണ്. അതിനെ രാജ്യസ്‌നേഹത്തോടും സ്വാതന്ത്രയബോധത്തോടും കൂടി എതിര്‍ക്കുന്നത് രാജദ്രോഹമാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ ചാര്‍ജും പ്രകാരമുള്ള കുറ്റമൊന്നും ചെയ്തിട്ടില്ല.

എന്നാല്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ ദിവാന്‍ജിയായിരിക്കുന്ന കാലത്തോളം ഇവിടത്തെ കോടതികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നോ കോടതികളില്‍ ന്യായം നടക്കുമെന്നോ എനിക്കു വിശ്വസിക്കാന്‍ സാധ്യമല്ല. ഈ കേസുതന്നെ ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം കൊണ്ടുവന്നിട്ടുള്ളതാണ്. ആ നിര്‍ദേശത്തില്‍ പ്രതിയെ ശിക്ഷിക്കണമെന്നുള്ള ആജ്ഞയും അസ്പഷ്ടമായി അന്തര്‍ഭവിച്ചിട്ടുണ്ട്. അതുകൊണ്ട് കുറ്റം ചെയതിട്ടില്ലെങ്കിലും ഞാന്‍ ഈ കേസില്‍ എതിര്‍വാദം ചെയ്യാനോ വക്കാലത്ത് കൊടുക്കാനോ തെളിവു ഹാജരാക്കാനോ കേസിന്റെ വിചാരണയിലും നടപടികളിലും പങ്കുകൊള്ളാനോ വിചാരിക്കുന്നില്ല. കഴിയുന്നത്ര വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ദയവുണ്ടാകണമെന്നു മാത്രമേ അപേക്ഷയുള്ളൂ.

മന്നത്ത് പത്മനാഭപിള്ള

12-11-1128''

(ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ എഴുതി കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ 'മന്നത്ത് പദ്മനാഭന്‍' എന്ന ജീവചരിത്ര പുസ്തകത്തില്‍ നിന്നാണ് ഈ പത്രിക എടുത്ത് ചേര്‍ത്തിട്ടുള്ളത്.)