കേന്ദ്രത്തിന്റെ സുതാര്യമല്ലാത്ത ലേല നടപടികള്‍; സഹായിച്ചത് മില്ലുടമകളെ, തകര്‍ത്തത് പൊതു ഖജനാവിനെ

നാഫെഡിന്റെ അഴുകിയ ലേലങ്ങള്‍: വിവരാവകാശ രേഖകള്‍ വഴിയും പൊതുവായി ലഭ്യമായ ലേല രേഖകള്‍ വഴിയും ലഭിച്ച ഔദ്യോഗിക വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്, രാജ്യത്തെ ദരിദ്രര്‍ക്കും പ്രതിരോധ സേവന മേഖലകളിലേക്കും വേണ്ടിയുള്ള ഭക്ഷ്യധാന്യങ്ങള്‍ സംസ്കരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പള്‍സ് മില്ലിംഗ് ലേലത്തിലൂടെ മില്ലുടമകള്‍ അനിയന്ത്രിത ലാഭം നേടുന്നത് തടയാന്‍ കുറഞ്ഞത് നാലു വര്‍ഷമായി യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് സംശയാസ്പദമായ ലേലങ്ങളിലൂടെ 5.4 ലക്ഷം ടണ്ണിലധികം പയര്‍വര്‍ഗ്ഗങ്ങള്‍ സംസ്കരിക്കപ്പെട്ടു, ഇത് മില്ലുകാര്‍ക്ക് 4,600 കോടിയിലധികം രൂപയുടെ വരുമാനം ഉണ്ടാക്കി. നഷ്ടമുണ്ടാക്കുന്ന ലേല രീതിയെക്കുറിച്ച് സിഎജി മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ആശങ്കകള്‍ ഉയര്‍ത്തുകയും, അതുവരെ ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിട്ടും ലേല നടപടികള്‍ മുടക്കം കൂടാതെ മുന്നോട്ടു പോവുകയാണ് ചെയ്തത്. ഈ വര്‍ഷം(2021) മാത്രമാണ് സംശയാസ്പദമായ ലേല രീതികളില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തീരുമാനമെടുത്തത്.

ഈ വിഷയത്തില്‍ വിശദമായൊരു അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ഉപഭോക്തൃകാര്യ വകുപ്പിനെയും നാഫെഡിനെയും സമീപിച്ചു. നാഫെഡിന്റെ പ്രതികരണങ്ങള്‍ റിപ്പോര്‍ട്ടില്‍ യോജിച്ച രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മില്ലുടമകളെ തടിച്ചുകൊഴുക്കാന്‍ സഹായിക്കുന്ന വിധത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള ധാന്യങ്ങളുടെ ലേല നടപടികള്‍ എന്‍ ഡി എ സര്‍ക്കാര്‍ കീഴ്മേല്‍ മറിച്ചു.
വിവിധ ക്ഷേമ പദ്ധതികള്‍ക്കായി വിതരണം ചെയ്യേണ്ട ധാന്യങ്ങള്‍ പൊടിക്കുന്നതിനുള്ള മില്ലുകളെ തെരഞ്ഞെടുക്കുന്ന ആയിരക്കണക്കിന് ലേലങ്ങളാണ് അട്ടിമറിച്ചത്. സര്‍ക്കാരിന്റെ സംഭരണ ഏജന്‍സിയായ നാഫെഡാണ് 2017 മുതല്‍ അടിസ്ഥാന വില നിശ്ചയിക്കാതെ ലേല നടപടികള്‍ നടത്തിയത്. ലേല നടപടികള്‍ ആരംഭിക്കുന്നത് അടിസ്ഥാന വില നിശ്ചയിക്കുമ്പോഴാണ്. മില്ലുടമകള്‍ തങ്ങളുടെ ലാഭം മറച്ചുവെയ്ക്കുന്നത് തടയുന്നതിനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.
ഇത്തരത്തിലുള്ള ലേല നടപടിയിലൂടെ മില്ലുടമകള്‍ നാല് വര്‍ഷം കൊണ്ട് 4600 കോടി രൂപയുടെ വന്‍ വരുമാനമാണ് ഉണ്ടാക്കിയത്. 5.4 ലക്ഷം ടണ്‍ ധാന്യങ്ങള്‍ സംസ്ക്കരിച്ചതുവഴിയാണ് ഇത്രയും ലാഭമുണ്ടാക്കിയത്. ഇതുവഴി സര്‍ക്കാരിന്റെ ഖജനാവിന് നഷ്ടമുണ്ടാവുകയും ധാന്യങ്ങളുടെ ഗുണനിലവാരത്തെ തന്നെ ബാധിച്ചെന്നുമാണ് വിവരാവകാശ രേഖ വഴി ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. പ്രതിരോധ മേഖലയ്ക്കും ക്ഷേമ പദ്ധതികളുടെ ഭാഗമായി രാജ്യത്തെമ്പാടും വിതരണം ചെയ്യുന്നതിനുളളതായിരുന്നു ധാന്യങ്ങള്‍
കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന (പി എം ജി കെ എ വൈ) പ്രകാരം വിതരണം ചെയ്ത പരിപ്പിന്റെ ഗുണ നിലവാരം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ പരാതി ഉന്നയിച്ചപ്പോഴാണ് ലേല നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവന്നത്. ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ചില സംസ്ഥാനങ്ങള്‍ ധാന്യങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.
തെറ്റായ നടപടികള്‍ മൂലം ഉണ്ടായ കോട്ടങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. സംശയകരമായ ലേല നടപടികള്‍ തിരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടേഴ്സ് കളക്ടീവിനോട് പറഞ്ഞു. പരിഷ്കാര നടപടികള്‍ എന്ന പേരിലാണ് തിരുത്തല്‍ നടപടികള്‍ മുന്നോട്ടുപോകുന്നത്
സര്‍ക്കാരിന്റെ പ്രധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഹാര്‍വെസ്റ്റ് എഞ്ചിനിയറിംങ് ആന്റ് ടെക്നോളജി (CIPHET) യും ലേല നടപടികളെ കുറിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. 'നാഫെഡ് എങ്ങനെയാണ് ധാന്യങ്ങള്‍ സംഭരിക്കേണ്ടതും സൂക്ഷിക്കേണ്ടതും സംസ്ക്കരിക്കേണ്ടതെന്നും കാണിച്ച് ഞങ്ങള്‍ സര്‍ക്കാരിന് ഒരു നല്‍കിയിട്ടുണ്ട്.' 'സിപ്ഹെറ്റ്' ഡയറക്ടര്‍ നചികേത് കോട്വാലിവാലെ പറഞ്ഞു.
ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് എങ്ങനെയാണ് നാഫെഡ് ലക്ഷകണക്കിന് ടണ്‍ ധാന്യങ്ങള്‍ സംഭരിക്കപ്പെട്ടതും സൂക്ഷിച്ചതും സംസ്കരിച്ചതെന്നും പരിശോധിക്കാന്‍ വിവിധ ഏജന്‍സികളുടെ ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. നികുതിദായകരുടെ ആയിരക്കണക്കിന് കോടി രൂപയാണ് ഇതിലൂടെ നഷ്ടമായത്. കമ്മിറ്റി മൂന്ന് തവണ യോഗം ചേര്‍ന്നുവെങ്കിലും അതിന്റെ നിര്‍ദ്ദേശങ്ങള്‍ എന്തായിരിക്കണമെന്നതില്‍ തീരുമാനമായില്ല. അതേസമയം നാഫെഡ് ആവട്ടെ, ധാന്യങ്ങളുടെ സംഭരണത്തിനും സംസ്ക്കരണത്തിനുമുള്ള തയ്യാറെടുപ്പിലുമാണ്
ആരംഭം
മില്ലുടമകളെ സമ്പന്നരാക്കുന്ന ലേല നടപടികള്‍ കര്‍ഷകരുടെയും ദരിദ്രരുടെയും പേരിലാണ് ആദ്യം നടപ്പിലായി തുടങ്ങിയത്. 2015 ല്‍ പീസിന്റെയും (peas) ന്റെയും പരിപ്പിന്റെയും വില കുതിച്ചുയര്‍ന്നപ്പോള്‍ സംഭരണത്തിന്റെ ഉത്തരവാദിത്വം നാഫെഡിനായിരുന്നു. കൂടുതല്‍ ഉത്പാദിപ്പിച്ചാല്‍ സംഭരിക്കാമെന്ന് കര്‍ഷകര്‍ക്ക് നാഫെഡ് വാഗ്ദാനം നല്കി. അങ്ങനെ നാഫെഡില്‍ ധാന്യങ്ങളുടെ സംഭരണം കൂടിയതോടെ, 2017 ല്‍ സര്‍ക്കാരിന് മുന്നില്‍ ഒരു നിര്‍ദ്ദേശം വെച്ചു. സംസ്ഥാനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ക്ഷേമപദ്ധതികള്‍ക്കായി ധാന്യങ്ങള്‍ നല്‍കണമെന്നതായിരുന്നു നിര്‍ദ്ദേശം
2001-02 കാലം മുതല്‍ 2020-21 (ജൂലൈ 2020 വരെ) ധാന്യങ്ങള്‍ സംഭരിച്ചത് പട്ടിക
ധാന്യങ്ങള്‍ സംസ്ക്കരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ നാഫെഡും കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചു. അതിന് മുമ്പ് നെല്ല് അരിയാക്കുന്നതിനുള്ള നാഫെഡിന്റെ നടപടികള്‍ സുതാര്യമായിരുന്നു. അതനുസരിച്ച് നെല്ല് ഏറ്റവും കുറഞ്ഞ വിലയ്ക്ക് അരിയാക്കുന്ന മില്ലുടമകളെ തെരഞ്ഞെടുക്കുകയായിരുന്നു ചെയ്തിരുന്നത്.
ഇങ്ങനെയാണ് അതിന്റെ പ്രവര്‍ത്തനം: സര്‍ക്കാരിന് 100 കിലോഗ്രം ഉഴുന്ന് പരിപ്പ് സംസ്കരിച്ച് 70 കിലോയുടെ പരിപ്പായി വിതരണം ചെയ്യണമെങ്കില്‍, മില്ലുടമകള്‍ അതിനുള്ള ചിലവ് ആദ്യം കണക്കുകൂട്ടുന്നു. തൊലികളയുക, പൊട്ടിക്കുക, പാക്ക് ചെയ്യുക, വിവിധ സ്ഥലങ്ങളിലെത്തിക്കുക എന്നിവയ്ക്കുവേണ്ട തുക കണക്കുകൂട്ടുന്നു. ഉപോത്പ്പന്നങ്ങള്‍ വിറ്റുകിട്ടുന്ന തുകയും അവര്‍ വരുമാനമായി പരിഗണിക്കും. വേണ്ട ലാഭവും ഉള്‍പെടുത്തി സര്‍ക്കാരിന് ലേലതുകയായി സമര്‍പ്പിക്കും. ഇതില്‍ ഏറ്റവും കുറവ് തുക നിര്‍ദ്ദേശിച്ച മില്ലുടമയെ തിരഞ്ഞെടുക്കുന്നതായിരുന്നു നിലനിന്നിരുന്ന സമ്പ്രദായം
എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സിയായ നാഫെഡ് ഈ ലളിതമായ പക്രിയ അട്ടിമറിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവരോട് പിന്നീട്ആവശ്യപ്പെട്ടത് ധാന്യങ്ങള്‍ സംസ്ക്കരിച്ച് വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിക്കാനായിരുന്നില്ല, മറിച്ച് ഔട്ട് ഓഫ് ടേണ്‍ അനുപാതം എത്രയെന്ന് കാണിക്കാനായിരുന്നു.
അസംസ്കൃത ധാന്യത്തിന്റെ അളവും അത് പൂര്‍ണമായും മില്ലുകളില്‍ സംസ്കരിച്ച് എടുക്കുമ്പോള്‍ കിട്ടുന്ന അളവും തമ്മിലുള്ള അനുപാതമാണ് ഔട്ട് ഓഫ് ടേണ്‍ റേഷ്യോ അഥവാ ഒടിആര്‍. ഏറ്റവും കുടുതല്‍ ഒടിആര്‍ നല്കുന്ന മില്ലുടമ ലേലത്തില്‍ വിജയിക്കുന്നു.
ഇതില്‍ ധാന്യ മില്ല് ഉടമകളെ സമ്പന്നരാക്കുന്നതും ഖജനാവിനെ ദരിദ്രമാക്കുന്നതുമായ കാര്യം ലേലത്തില്‍ പങ്കെടുക്കുന്നതിന് ഒടിആറിന് താഴ്ന്ന പരിധിയില്ലെന്നതാണ്. ലേല നടപടിയില്‍ ഇതിന് തറവില എന്ന് പറയും. ഈ അനുപാതത്തില്‍ ഒരു ശതമാനത്തിന്റെ വ്യത്യസം വന്നാല്‍ പോലും മില്ലുടമകള്‍ നല്കുന്ന ബില്ലില്‍ കോടികളുടെ വ്യത്യാസം ഉണ്ടാകും.
ധാന്യ സംസ്ക്കരണത്തില്‍ അടിസ്ഥാന ഒടിആര്‍ എന്നത് പുതിയ കാര്യമല്ല. വിവിധ സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. മില്ലുകളുടെ ഒത്തുകളി അവസാനിപ്പിക്കുന്നതിനും വില താഴ്ത്തി കാണിക്കുന്നതും തടയാന്‍ വേണ്ടിയാണത്.
വെള്ളക്കടലയ്ക്കുള്ള ടെന്റര്‍ നടപടികള്‍ ആരംഭിച്ചത് 2020 ഓഗസ്റ്റ് 19 നാണ്. ആന്ധ്ര പ്രദേശ് സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് ലേല നടപടികള്‍ എടുത്തത്. അവര്‍ അടിസ്ഥാന ഒടിആര്‍ എന്നത് 70 ശതമാനമായി നിശ്ചയിച്ചു. അതായത് മില്ലുടമകള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന ലാഭത്തിന് പരിധി നിശ്ചയിച്ചു
പുതിയ രീതി അരിമില്ലുടമകള്‍ക്ക് സഹായകരമായെന്ന് 2015 ല്‍ സിഎജി കണ്ടെത്തിയിട്ടും നാഫെഡ് അതേരീതിയില്‍ മുന്നോട്ടുപോകുകയാണ് ചെയ്തത്. ഏറ്റവും ചെറിയ ഒടിആര്‍ അനുവദിച്ചതുവഴി മില്ലുടമകള്‍ക്ക് കുടുതല്‍ അരി കൈയടക്കാനും അതുവഴി സര്‍ക്കാരിന് 2000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നുമാണ് കണക്കാക്കിയത്.
ഈ ലേല നടപടി 2020 ല്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റ ശ്രദ്ധയിലും വന്നു. 1000 കോടി രൂപയുടെ നഷ്ടമുണ്ടായതായും സമഗ്ര ഓഡിറ്റ് വേണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഈ പരാതിയില്‍ നടപടിയൊന്നുമുണ്ടായില്ല
പണം എവിടെ എന്ന് കാണിക്കൂ
നാഫെഡും മില്ലുടമകളും തമ്മില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവര്‍ ലാഭം കൊയ്യുന്നത്?
അടിസ്ഥാന വില ഇല്ലാത്തതിനാല്‍ മില്ലുടമകള്‍ ഏറ്റവും ചെറിയ ഒടിആര്‍ ആണ് ധാന്യ ലേലത്തിനായി സമര്‍പ്പിക്കുന്നത്. അതുവഴി കിട്ടുന്ന അധികമായ പരിപ്പും സംസ്ക്കരണത്തിനിടിയിലെ ഉപ ഉല്പന്നങ്ങളും മില്ലുടമകള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നു. അങ്ങനെ ലാഭമുണ്ടാക്കുകയും ചെയ്യുന്നു.
എന്നാല്‍ എത്രയാണ് മതിയായ ലാഭം? ഇക്കാര്യം നാഫെഡ് ഈ ബിസിനസ് മാതൃകയില്‍ വ്യക്തമാക്കുന്നതില്‍ പരാജയപ്പെട്ടു. അധികമായി കിട്ടുന്ന പരിപ്പ് എത്ര വിലയ്ക്കാണ് പൊതു വിപണിയില്‍ വില്ക്കുന്നതെന്ന കാര്യത്തില്‍ നാഫെഡിനോ സര്‍ക്കാരിനോ ഒരു ധാരണയും ഉണ്ടായിരുന്നില്ല. അങ്ങനെ ഓരോ ലേലത്തിലും അവര്‍ എന്ത് ലാഭമാണ് ഉണ്ടാക്കുന്നതെന്ന കാര്യത്തിലും അവര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല.
ഞങ്ങള്‍ പി എം ജി കെ എ വൈ പദ്ധതി അനുസരിച്ച് കോവിഡ് 19 കാലത്ത് ധാന്യ വിതരണവുമായി ബന്ധപ്പെട്ടുള്ള ലേല നടപടികള്‍ പരിശോധിച്ചു. 2018 ല്‍ തമിഴ്നാട് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയെക്കാള്‍ 8 ശതമാനം കുറവായിരുന്നു തുവരപരിപ്പിനുള്ള ഒടിആര്‍.
ധാന്യങ്ങള്‍ സംസ്കരിക്കാനും വിതരണം ചെയ്യാനുമുള്ള ചിലവ് ഒടിആറിന്റെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടണമെന്ന പൊതുചിലവ് വകുപ്പിന്റെ നിര്‍ദ്ദേശം ഉപഭോക്തൃ വകുപ്പ് തള്ളികളയുകയും ചെയ്തു. അങ്ങനെ ചെയ്യുന്നതിലൂടെ അംഗീകരിച്ച ഒടിആര്‍ പ്രായോഗികമാണോ എന്ന് പരിശോധിക്കാനുള്ള സാധ്യതയാണ് ഇല്ലാതാക്കി കളഞ്ഞത്.
എന്തുകൊണ്ടാണ് നാഫെഡ് അടിസ്ഥാന വില നിശ്ചയിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: സംഭരണ കേന്ദ്രങ്ങളില്‍നിന്ന് മില്ലുകളിലേക്ക്, കയറ്റുകൂലിയും ഇറക്കുകൂലിയും, സംസ്ക്കരണം, പാക്കേജിംങ്, വിതരണ കേന്ദ്രത്തിലേക്കുള്ള ഗതാഗതക്കൂലി, എന്നിവ ഓരോ ലേലത്തിലും വ്യത്യസ്തമായിരിക്കും. കാരണം സംഭരണ കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ മാറ്റമുണ്ടാകുമെന്നതു തന്നെ. അതുകൊണ്ട് അടിസ്ഥാന വില ലേലത്തിന് മുമ്പ് നിശ്ചയിക്കുക സാധ്യമല്ല' എന്നുമാത്രമല്ല, ഒടിആര്‍ അടിസ്ഥാന സംവിധാനം നടപ്പിലാക്കിയത് തന്നെ അസംസ്കൃത ധാന്യങ്ങള്‍ സംസ്ക്കരിച്ച്, വിതരണത്തിനിടയില്‍ സംഭവിക്കാവുന്ന കൂടുതല്‍ പണം ഒന്നും നല്‍കാതെ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടിയാണ്' നാഫെഡ് വ്യക്തമാക്കി.
' ഒടിആര്‍ അടിസ്ഥാനത്തില്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത് ഉപഭോക്തൃ വകുപ്പ് അംഗീകരിച്ച മാനദണ്ഡങ്ങള്‍ പ്രകാരമാണ്. എത്രയും പെട്ടെന്ന് ധാന്യങ്ങള്‍ ആവശ്യക്കാരിലെത്തിക്കുകയെന്നത് പരിഗണിച്ചാണ് അങ്ങനെ ചെയ്തത്.' പി എം ജി കെ എ വൈയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് നാഫെഡ് പ്രതികരിച്ചത് ഇങ്ങനെയാണ്.
എന്നാല്‍ രേഖകള്‍ കാണിക്കുന്നത് ഒടിആര്‍ അധിഷ്ഠിത ലേലം മഹാമാരി തുടങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ്. എങ്ങനെയാണ് നാഫെഡ് ലേലത്തില്‍ പങ്കെടുത്തവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒടിആര്‍ കണ്ടെത്തുന്നതെന്നത് സംബന്ധിച്ച് പരിശോധന ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. വിവരാവകാശത്തില്നിന്നുളള സംരക്ഷണമാണ് കോടതി നല്‍കിയത്.
നിലാവാരം കുറഞ്ഞ ധാന്യങ്ങളാണ് പിഎംജികെഎവൈ പ്രകാരം നല്‍കിയതെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ലേല നടപടികള്‍ പരിശോധിച്ചു. മില്ലുടമകള്‍ക്ക് കൂടുതല്‍ സാധ്യത നല്കിയ പുതിയ ലേല നടപടികളുമായി ബന്ധപ്പെട്ടാണ് പരാതികളെന്നാണ് വ്യക്തമായത്.
കര്‍ഷകരില്‍നിന്ന് സംഭരിച്ച ഭക്ഷ്യധാന്യങ്ങള്‍ തന്നെയാണ് ക്ഷേമ പദ്ധതികള്‍ പ്രകാരം ജനങ്ങളിലേക്ക് വിതരണം ചെയ്യുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ പുതിയ ലേല സമ്പ്രദായമനുസരിച്ച് മോശം നിലവാരമുള്ള ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനും, സംഭരിച്ച ധാന്യങ്ങള്‍ അതേ അളവില്‍ സൂക്ഷിച്ച് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വിതരണം ചെയ്യാനും സാധിക്കുന്നു.
പൊതുവിപണിയില്‍നിന്നുള്ള ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ പുതിയ ലേലത്തിലൂടെ നാഫെഡ് മില്ലുടമകളെ അനുവദിക്കുന്നു. മറ്റൊരു രീതി. നാഫെഡില്‍നിന്ന് സംഭരിച്ച്, സംസ്കരിച്ച് വിതരണം ചെയ്യുകയെന്നതാണ്. എന്നാല്‍ അതിന് വലിയ തുക ആദ്യം നല്‍കണം
പിഎംജികെഎവൈ ലേലത്തില്‍ പങ്കെടുത്ത മില്ലുടമ ഇങ്ങനെയാണ് പറഞ്ഞത് 'പലപ്പോഴും ഇതില്‍ വിതരണം ചെയ്യുന്നത് പ്രാദേശിക വിപണിയില്‍നിന്നുളള ധാന്യങ്ങളാണ്. പിന്നീടാണ് നാഫെഡില്നിന്നെടുക്കുന്നത്. നാഫെഡില്‍നിന്ന് ധാന്യങ്ങള്‍ എടുത്ത് സംസ്ക്കരിച്ച് വിതരണം ചെയ്യാന്‍ നല്ല തുക ബാങ്ക് ഗ്യാരണ്ടി നല്‍കണം'
'അവര്‍ സംഭരിച്ചത് തന്നെ വിതരണം ചെയ്യണമെന്ന് നാഫെഡിന് നിര്‍ബന്ധമില്ല. അവര്‍ക്ക് വേണ്ടത് നിര്‍ദ്ദിഷ്ട ധാന്യം എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുകയെന്നത് മാത്രമാണ്.' ഇതുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത ഉദ്യോഗസ്ഥന് പറഞ്ഞു.
ഇത് 2020 ഡിസംബറില്‍ നാഫെഡ് പി എം ജി കെ വൈ സംഭരണ വിതരണത്തെ സംബന്ധിച്ച് വിശദീകരിച്ച കുറിപ്പിലെ കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്. സംസ്ക്കരണവും വിതരണവും യഥാര്‍ത്ഥത്തില്‍ ബാര്‍ട്ടര്‍ സംവിധാനം പോലെയാണ് പ്രവര്‍ത്തിച്ചത്.
മില്ലുടമകള്‍ക്ക് സ്റ്റോക്കുകള്‍ പരസ്പരം മാറ്റാന്‍ സാധിക്കുന്ന തരത്തില്‍ ലേലത്തിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമായി നാഫെഡ് പറഞ്ഞത് കോവിഡ് 19 ന്റെ സമയത്ത് വിതരണത്തില്‍ ഉണ്ടായ പ്രശ്നങ്ങളാണ്. എന്നാല്‍ പുതിയ മാനദണ്ഡങ്ങള്‍ 2017 ല്‍ തന്നെ നടപ്പിലാക്കിയതുകൊണ്ട് തന്നെ മഹാമാരിയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായല്ല ഇത് നടപ്പിലാക്കിയതെന്ന് വ്യക്തമാണ്.
'അവരുടെ പക്കലുള്ള ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ മില്ലുടമകളെ അനുവദിക്കുകയും അതിന് ശേഷം ധാന്യങ്ങള്‍ സംഭരിച്ച് തുടര്‍ന്നുള്ള സംസ്ക്കരണത്തിന് ഉപയോഗിക്കാനും അനുവദിച്ചത് ലോക്ഡൗണ്‍ സാഹചര്യത്തെ തുടര്‍ന്നാണ്. സമയത്ത് ആവശ്യക്കാര്‍ക്ക് ധാന്യങ്ങള്‍ എത്തിക്കുകയെന്നത് അത്യാവിശ്യമായിരുന്നു. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ സമയത്ത് ധാന്യങ്ങള്‍ എത്തിക്കാന്‍ നാഫെഡിന് സാധിക്കുമായിരുന്നില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നാഫെഡിന് രാജ്യം മുഴുവന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു'
നാഫെഡില്‍നിന്ന് സംഭരിക്കുന്ന ധാന്യത്തിന്റെ അതെ ഗുണനിലവാരമുള്ള സാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നാഫെഡ് നല്‍കിയില്ല.
'നാഫെഡ് ധാന്യങ്ങള്‍ വാങ്ങുന്നത് 'ഫെയര്‍ ആവറേജ് ക്വാളിറ്റി' മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. അടിസ്ഥാന വില ഉറപ്പാക്കുന്ന പ്രൈസ് സപ്പോര്‍ട്ട് സ്കീം അനുസരിച്ചാണ് ധാന്യങ്ങള്‍ വാങ്ങുന്നത്. ഇത് പിന്നീട് കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ നീക്കുന്നു. കരുതല്‍ ശേഖരത്തിലുള്ള ഉത്പന്നങ്ങളും ഗുണം നിലവാരം പുലര്‍ത്തുന്നതാണെന്ന് ഉറപ്പാണ്...'
ഏപ്രില്‍ 2020 ല്‍ ഡല്‍ഹി സര്‍ക്കാര്‍ ധാന്യ വിതരണം നിര്‍ത്തിവെച്ചു. ഒന്നിലേറെ തവണ ഗുണ നിലവാരമില്ലെന്ന് പറഞ്ഞ പഞ്ചാബ് 2020 മെയ് മാസത്തില്‍ 46 ടണ്‍ ധാന്യങ്ങള്‍ കേന്ദ്രത്തിലേക്ക് മടക്കി അയച്ചു.
'മില്ലുകളില്‍ തന്നെ സാധ്യമായിടത്തോളം നാഫെഡ് പരിശോധന നടത്തി. വിതരണ സ്ഥലത്തും പരിശോധനകള്‍ നടത്തി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഗുണനിലവാരം പരിശോധിച്ചതിന് ശേഷമാണ് ധാന്യങ്ങള്‍ സ്വീകരിച്ചത്.' നാഫെഡ് സ്ഥിരീകരിച്ചു.
'പരാതിയുള്ളപ്പോള്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് മില്ലുകള്‍ ധാന്യങ്ങള്‍ മാറ്റി നല്കി. നല്‍കിയതിന് ശേഷം വിതരണം ചെയ്യുന്ന ഘട്ടംവരെ അത് സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്'
2020 ഓഗസ്റ്റില്‍ വിതരണത്തിന് എത്തിയ കടലയില്‍ 21 ശതമാനവും വിതരണം ചെയ്യാനുള്ള ഗുണനിലവാരമില്ലെന്ന് ഗുജറാത്ത് കേന്ദ്രത്തെ അറിയിച്ചു
ധാന്യങ്ങളുടെ വലിപ്പിത്തിലുള്ള വ്യത്യാസമാണ് ഗുജറാത്തിന്റെ ആക്ഷേപത്തിന് കാരണമെന്നാണ് നാഫെഡ് പറഞ്ഞത്. 'എന്നാല്‍ എഫ്എസ്എസ്എഐ അനുസരിച്ച് വലിപ്പം ഒരു മാനദണ്ഡമാക്കാന്‍ പറ്റില്ല'
'നിലനില്‍ക്കുന്ന മാനദണ്ഡമനുസരിച്ച് വിതരണത്തിനുള്ള ധാന്യങ്ങള്‍ എഫ്എസ്എസ്എഐ മാനദണ്ഡങ്ങള്‍ പാലിക്കണം. എന്നാല്‍ ഗുജറാത്ത് സര്‍ക്കാറും സിവില്‍ സപ്ലൈസ് വകുപ്പും അവരുടതായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വിതരണം ചെയ്ത ധാന്യങ്ങള്‍ പരിശോധിച്ചത്.'
പുതിയ ലേല നടപടികളെ ന്യായീകരിക്കാന്‍ നാഫെഡ് പറയുന്ന എഫ്എസ്എസ്എഐ മാനദണ്ഡങ്ങള്‍ ചില്ലറ കച്ചവടത്തെ ഉദ്ദേശിച്ചാണ്, അല്ലാതെ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്നതിനോ, സംസ്ഥാനങ്ങള്‍ക്ക് വലിയ അളവില്‍ വിതരണം ചെയ്യുന്നതിനോ അല്ല.
ധാന്യങ്ങളുടെ ഗുണനിലവാരം മില്ലുകളിലും, അതുപോലെ വിതരണ കേന്ദ്രങ്ങളിലും പരിശോധിക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ തള്ളി. വിതരണത്തില്‍ കാല താമസം ഉണ്ടാക്കുമെന്നായിരുന്നു കേന്ദ്രത്തി്ന്റെ നിലപാട്.
നിലവാരം ഉറപ്പാക്കാന്‍ നാഫെഡ് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നാണ് സിഐപിഎച്ച്ഇടി (CIPHET) ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഉണ്ടാവുകയാണെങ്കില്‍ നാഫെഡിന്റെ ലേലവുമായി ബന്ധപ്പെട്ട കളികള്‍ അവസാനിക്കുമെന്ന് സര്‍ക്കാര്‍ അധികൃതകര്‍ തന്നെ പറയുന്നു.
( റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ അസിസ്റ്റന്റ് എഡിറ്ററാണ് ശ്രീഗിരീഷ് ജലിഹാള്, സ്വതന്ത്ര എഴുത്തുകാരനായ നിതിന്‍ സേഥി റിപ്പോര്‍ട്ട് കളക്ടീവിലെ അംഗമാണ്. https://www.reporters-collective.in/)
ഈ റിപ്പോര്‍ട്ട് ഇംഗീഷ് ഭാഷയില്‍ ദി വയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Centre's Opaque Auction Rules for Pulses Helped Millers Profit at Expense of Government