പ്രകൃതി നല്‍കുന്ന പാഠം; മൂന്നാര്‍ സര്‍ക്കാര്‍ കോളേജ് ലോകത്തോട് പറയുന്നത്

 
Jomol Story 1

ദുരന്തശേഷം പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം പോലുമില്ലാതെ മൂന്നാര്‍ കോളേജ്


(നാടിനെ നടുക്കിയ 2018ലെ പ്രളയ കാലത്ത് മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന് കടുത്ത പ്രകൃത്യാഘാതത്തെ നേരിടേണ്ടിവന്നു. ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. പെട്ടെന്ന് ഒരു ദിനം എത്തിപ്പെട്ട ദുരന്തമായിരുന്നില്ല അത്. കാലങ്ങളായി മൂന്നാറില്‍ നടന്നുവരുന്ന പരിസ്ഥിതിയെ കണക്കിലെടുക്കാത്ത നിര്‍മ്മിതികളുടെ ശ്രേണിയിലെ മറ്റൊരു അധ്യായം. ഇത് കേവലം ഒരു കോളജിന്റെ മാത്രം കഥയല്ല, ലോകത്തിന് നല്‍കുന്ന വലിയ പാഠമാണ്. ഈ കോളജിലെ വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള പരാധീനതകളുടെ മധ്യേ ആണ്. ദുരന്തശേഷം പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം ഇനിയും വേണ്ടത്ര ഒരുക്കപ്പെട്ടിട്ടില്ല. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്‌ഐ)യും അഴിമുഖവും സംയുക്തമായി മലയാളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ പത്തു റിപ്പോര്‍ട്ടുകളില്‍ നാലാമത്തേത് മൂന്നാര്‍ കോളജിന്റെ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ജോമോള്‍ ജോസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ടു ഭാഗങ്ങളിലായി പൂര്‍ത്തിയാകുന്നു. ആദ്യഭാഗം ചുവടെ.)

Munnar College

കവാടത്തിൽ എത്തിയ ദുരന്തം ചിത്രം- നന്ദു ടി. ബി 

''ഫൈനല്‍ ഇയര്‍ പ്രോജക്ട് പണ്ണുംപോ, നാങ്ക എല്ലാം ലൈബ്രറിയില്‍ പോണം. ബുക്സ് എല്ലാം റഫര്‍ പണ്ണണം. അപ്പതാന്‍ കോളജ്ക്കുള്ളെ പോറെ, ഇത്തന വട്ടം മൂന്നു വര്‍ഷം കളിച്ചിട്ട്.. പോകുമ്പോത് തനി ഫീലിംഗ്, ഫസ്റ്റ് പോണമാതിരിയില്ലേ. കോളജ് പഹുതിയില്ലേ. ബുക്സ് എല്ലാം മണ്ണുക്കുള്ളെ കിടക്ക്, നറയെ ബുക്സ് എല്ലാം വേസ്റ്റ്. റൊമ്പ സങ്കടമാ ഇരുന്തത്. അന്ത കോളജ്ക്ക് പോകതിക്ക് വഴിയേ ഇല്ലയേ.. എവളൊ പെരിയ കോളജ്, എപ്പടി ഇരുന്ത കോളജ്, അപ്പടീങ്കര ഒരു യോസനയിലായിരുന്തിരിച്ച്.''
(ഫൈനല്‍ ഇയര്‍ പ്രോജക്ട് ചെയ്യുമ്പോള്‍ കോളേജില്‍ പോയി പുസ്തകങ്ങള്‍ ഞങ്ങള്‍ റഫര്‍ ചെയ്യണ്ടതുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അപ്പോഴാണ് കോളജില്‍ പോകുന്നത്. പോയപ്പോള്‍ തനിച്ചായപോലെ ഒരു ഫീലിംഗ് തോന്നി. ആദ്യമായി പോയ അനുഭവം ആയിരുന്നില്ല ഉണ്ടായത്. കോളജ് പകുതി ഇല്ലായിരുന്നു. പുസ്തകങ്ങള്‍ ചിലത് നശിച്ചു, ചിലത് മണ്ണിനടിയില്‍ കിടക്കുകയായിരുന്നു. വളരെ വിഷമം തോന്നി. കോളജില്‍ പോകുന്നതിന് വഴി പോലും ഇല്ലായിരുന്നു. എത്ര വലിയ കോളജായിരുന്നു, എങ്ങനെ ഇരുന്ന കോളജ് ആയിരുന്നു എന്ന ചിന്തയായിരുന്നു അപ്പോള്‍ മനസ്സില്‍.')

കഴിഞ്ഞ മൂന്നു വര്‍ഷത്തെ ക്യാമ്പസ് ജീവിതത്തിനുശേഷം മൂന്ന് മാസം മുമ്പ് യു. ആനന്ദി ഗവണ്‍മെന്റ് കോളജ് മൂന്നാറിന്റെ പടിയിറങ്ങി. പക്ഷേ കഴിഞ്ഞു പോയ ആയിരത്തിലധികം ദിവസത്തിനിടെ ഒരൊറ്റ തവണ മാത്രമാണ് ആനന്ദിക്കു കോളജ് ലൈബ്രറിയില്‍ കയറാനായത്. ആ നിമിഷത്തെ കുറിച്ച് പറയുമ്പോള്‍ തിരുവള്ളുവരെയും, ഭാരതി ദാസനെയും വായിക്കാന്‍ ഇഷ്ടപ്പെട്ട ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയുടെ വാക്കുകളില്‍ സങ്കട കവിതകള്‍.  

2018 ഓഗസ്റ്റ് മാസം ഉണ്ടായ, ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കോളജിലെ ലൈബ്രറിയില്‍ പോകാന്‍ പോലും കുട്ടികള്‍ക്ക് പേടിയായിരുന്നു. എപ്പോഴെങ്കിലും ഉരുള്‍പൊട്ടിയിറങ്ങിയാലോ എന്ന ഭയം. തകര്‍ന്ന കോളജ് പരിസരത്ത് നിന്ന് ദേശീയപാതാവികസനത്തിനായി, മണ്ണ് എടുത്തതോടെ അസ്ഥിവാരം കാണാവുന്ന നിലയിലാണ് ലൈബ്രറി. അന്നത്തെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന, ഇക്കണോമിക്സ് ആന്‍ഡ് മാത്തമാറ്റിക്സ് ബ്ലോക്ക്, യന്ത്ര സഹായത്തോടെ ജൂലൈ മാസത്തില്‍ പൊളിച്ചുനീക്കി. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കെട്ടിടം ചെറിയൊരു ബ്ലാസ്റ്റിലൂടെ തകര്‍ത്തു. അപകടസ്ഥിതിയിലായ ലൈബ്രറി കെട്ടിടത്തില്‍നിന്ന് കോമേഴ്സ് ആന്‍ഡ് തമിഴ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് പുസ്തകങ്ങള്‍ മാറ്റി. ഈ കെട്ടിടവും അപകട സാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മണ്ണിടിച്ചില്‍ സാധ്യത പേടിച്ച് പുസ്തകങ്ങള്‍ കെട്ടുകളാക്കിയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍.എ. മനേഷ് പറയുന്നു.

ആയിരക്കണക്കിന് പുസ്തകങ്ങള്‍ പൊതിഞ്ഞു കെട്ടി സൂക്ഷിച്ചിരിക്കുന്നു. മൂന്ന് വര്‍ഷത്തിനിപ്പുറം പുതിയ കോളജ് കെട്ടിടത്തിന് സ്ഥലം കണ്ടെത്തി എന്ന ആശ്വാസവാര്‍ത്ത  തേടി എത്തുമ്പോഴും, പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കുന്നത് നീളുമോ എന്ന ആശങ്കയും ചില വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നു. സ്ഥലത്തിന്റെ മണ്ണു പരിശോധന തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. പുതിയ കോളജ് കെട്ടിടം പണിയുമ്പോഴും, പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തിയില്ലെങ്കില്‍ വലിയ അപകടം വിളിച്ചുവരുത്തും. പഴയ കെട്ടിടത്തിന് സംഭവിച്ച ദുരന്തം കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശത്തെ കെട്ടിട നിര്‍മാണം തടയണം എന്ന ശക്തമായ മുന്നറിയിപ്പാണ്. ആനന്ദിക്ക് ഒരു തവണയെങ്കിലും ലൈബ്രറിയില്‍ കയറാന്‍ കഴിഞ്ഞെങ്കില്‍, പിന്നാലെവന്ന വിദ്യാര്‍ത്ഥികളുടെ കാര്യം  തുറന്ന പുസ്തകമാണ്.

College Old

ഗവ. കോളേജ് മൂന്നാർ പഴയ ചിത്രം

'ഇത്രയും അപകടം നിറഞ്ഞ സ്ഥലത്താണോ നമ്മുടെ കോളേജ്'
''കോളേജ് ഇടിഞ്ഞു പോയെടാ എന്ന് ആരോ പറഞ്ഞു. മൂന്നാര്‍ ടൗണില്‍ മുഴുവന്‍ വെള്ളമാണ്. അങ്ങോട്ട്  പോകാന്‍ പറ്റില്ല. മാട്ടുപ്പെട്ടി റൂട്ടില്‍ നിന്നാല്‍ കോളജ് കാണാം. അവിടെ ചെന്നു. എന്താ പറയുക... അന്നേവരെ ഇത്തരം പ്രകൃതി ദുരന്തം കണ്ടിട്ടില്ല. ഒരു ഏരിയ മൊത്തത്തില്‍ ഇടിഞ്ഞിങ്ങനെ കിടക്കുവാ. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വരാനിരിക്കുന്ന സ്ഥലത്ത് ഒക്കെ മണ്ണിടിഞ്ഞ് കിടക്കുവാ. ജെസിബികള്‍ ഒരുമിച്ച് ചെന്നു മാന്തിയാല്‍ പോലും അത്രയും ഏരിയ കവര്‍ ചെയ്യാന്‍ പറ്റൂല്ല. അമ്മാതിരി മണ്ണിടിച്ചില്‍. ഇത്രയും അപകടം നിറഞ്ഞ സ്ഥലത്താണോ നമ്മുടെ കോളജ് എന്ന് തോന്നിപ്പോയി. മൂന്നാറില്‍ മൊബൈല്‍ റേഞ്ച് ഇല്ല. വീട്ടില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. ആകെയുള്ള ആശ്രയം റേഡിയോ ആയിരുന്നു. കോളജിലെ ജീവനക്കാര്‍ അവിടെ പെട്ടുപോയി എന്ന് കേട്ടു. പക്ഷേ അവര്‍ സുരക്ഷിതരായി അധ്യാപകന്‍ സതീഷ് സാറിന്റെ വീട്ടില്‍ ഉണ്ടായിരുന്നു.' - മൂന്നാര്‍ ഗവ. കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന എറണാകുളം സ്വദേശി അര്‍ജുന്‍ ദേവദാസിന്, കലാലയ വര്‍ഷങ്ങളിലെ ഏറ്റവും മറക്കാനാകാത്ത ഓര്‍മ്മയാണത്.  

ഓഗസ്റ്റ് മാസാരംഭത്തില്‍, ഗവണ്‍മെന്റ് കോളജ് മൂന്നാറിന്റെ പ്രവേശന കവാടത്തിലും, കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍വശത്തും മണ്ണിടിഞ്ഞിരുന്നു. മഴക്കാലത്ത് കോളജ് പരിസരങ്ങളില്‍ മണ്ണിടിഞ്ഞു വീഴുന്നതു സാധാരണമായിരുന്നു. അതുകൊണ്ടു ഇതും ആരും കാര്യമായെടുത്തില്ല. പക്ഷേ പ്രവേശന കവാടം നശിപ്പിച്ച മണ്ണിടിച്ചില്‍ തുടക്കം മാത്രമായിരുന്നു. ദുരന്തപ്പേമാരിയുടെ തുടക്കം.

2018, ആഗസ്റ്റ് 16, വ്യാഴാഴ്ച. രാത്രിയില്‍ അതിശക്തമായ മഴയായിരുന്നു. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടല്‍  ഗവണ്‍മെന്റ് കോളജ് മൂന്നാറിനെ മണ്‍കൂനയാക്കി. ആഴ്ചകള്‍ക്കു മുമ്പ് പ്രവേശന കവാടം വരെയെത്തിയ ദുരന്തം ഒടുവില്‍ തട്ടിയെടുത്തതു കോളേജിന്റെ ഹൃദയമായിരുന്നു, അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും 'മിസ്റ്റി ക്യാമ്പസ്'. ഓഗസ്റ്റ് 16 പുലര്‍ച്ചെ, കോളജിന് പുറകുവശത്തുനിന്ന് കുത്തിയൊലിച്ചെത്തിയ മല, പുതുതായി പണി കഴിപ്പിച്ച ലേഡീസ് ഹോസ്റ്റല്‍, പ്രിന്‍സിപ്പല്‍ ക്വാര്‍ട്ടേഴ്സ്, ശുചിമുറികള്‍, ഇക്കണോമിക്സ് - മാത്തമാറ്റിക്സ് വിഭാഗം ക്ലാസ് മുറികള്‍, ക്യാന്റീന്‍ ബില്‍ഡിംഗ്,  എന്നിവയുള്‍പ്പെടെ തകര്‍ത്തു താഴേക്ക് പതിച്ചു. കിണര്‍, മോട്ടോര്‍ പമ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കംപ്യൂട്ടര്‍, പ്രിന്റര്‍, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ എട്ടു കോടിയിലധികം രൂപയുടെ ഫര്‍ണിച്ചറുകളും കെട്ടിടങ്ങളും നശിച്ചു. 20 ലക്ഷം രൂപയുടെ ലൈബ്രറി പുസ്തകങ്ങളും, ഉപകരണങ്ങളും നഷ്ടമായി.

കോളേജ് ഒരു മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പില്‍ ഒതുങ്ങിയപ്പോള്‍
''കോളേജില്‍ ചെന്ന് നേരില്‍ കണ്ടപ്പോഴാണ് ഉരുള്‍പൊട്ടലിന്റെ ഭീകരത മനസ്സിലായത്. മണ്ണിടിഞ്ഞതിന്റെ ഫോട്ടോ കണ്ടിരുന്നു. അതിനേക്കാള്‍ ഭീകരമായിരുന്നു കാഴ്ച. രണ്ടു വര്‍ഷങ്ങളായി പഠിച്ച ക്ലാസും, കോളജും ഇനിയില്ല.''- 2018 ല്‍ ബി.എ. എക്കണോമിക്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്ന മോള്‍ ബെന്നിയ്ക്ക് അന്നത്തെ കാഴ്ചകള്‍ ഒരിയ്ക്കലും മറക്കാനാവില്ല. പ്രളയം ശമിച്ച്, ആഴ്ചകള്‍ക്കു ശേഷമാണ് ജെസ്നയും കൂട്ടുകാരും കോളജില്‍ എത്തിയത്.  അപകട സ്ഥിതിയില്‍ ഉള്ള കെട്ടിടത്തിലേക്ക് അധികൃതര്‍ പ്രവേശനം നിരോധിച്ചിരുന്നു. ഇനി ആ കോളജില്‍  പഠിക്കാനാകില്ല എന്ന സത്യം ദേശീയ പാതയോരം കടന്ന്, താഴെ പണിത് കൊണ്ടിരുന്ന ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വഴി, ആറ്റിലേക്ക് പതിച്ച ഉരുളിന്റെ അവശിഷ്ടങ്ങള്‍ ഓര്‍മിപ്പിച്ചു. പുനരധിവാസവും, ഭാവിയും നീണ്ടപ്പോള്‍ കോളജിന് മുന്നിലെ കലുങ്കുകള്‍ അവര്‍ക്ക് ക്ലാസുകളായി. പഠനം പ്രതിഷേധമായപ്പോള്‍ അധികൃതര്‍ ഉണര്‍ന്നു. ഒടുവില്‍ അവര്‍ക്ക് ഒരു താല്‍ക്കാലിക കലാലയം മൂന്നാര്‍ എഞ്ചിനീയറിംഗ് കോളജില്‍ ഒരുങ്ങി. അവിടെ ക്ലാസ് മുറികള്‍ പ്രതീക്ഷിച്ചവര്‍ക്ക് കിട്ടിയത് മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പ് കെട്ടിടം ആയിരുന്നു.

'പശു തൊഴുത്ത് ഇതിനേക്കാള്‍ ഭേദമല്ലേ'- കോളജിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോട് അന്ന് പഠിച്ചിരുന്നവര്‍ പറഞ്ഞ വാക്കുകളാണിത്. തകര ഷീറ്റിട്ട, മണ്ണും, ഇരുട്ടും നിറഞ്ഞ ഷെഡ്ഡിലെ ക്ലാസ് മുറികളും. ആ അന്തരീക്ഷം അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും അന്ന് മുതല്‍ ഇപ്പോള്‍ വരെ ഒരു കോളജ് മുഴുവന്‍ പ്രവര്‍ത്തിക്കുന്നത് ഈ താല്‍ക്കാലിക സംവിധാനത്തിലാണ്. മൂന്നാര്‍ ബജറ്റ് ഹോട്ടലില്‍ താല്‍ക്കാലികമായി ക്ലാസുകള്‍ നടത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറയുന്നു.*യുജിസി മാനദണ്ഡ പ്രകാരം ഒരു കോളേജ് പ്രവര്‍ത്തിക്കുന്നതിന് കുറഞ്ഞത് അഞ്ച് ഏക്കര്‍ ഭൂമി ആവശ്യമാണ്. പക്ഷേ തമിഴ്, എക്കണോമിക്സ്, കൊമേഴ്സ് വിഭാഗം ബിരുദ ബിരുദാനന്തര കോഴ്സുകളും മാത്തമാറ്റിക്സിലെ ബിരുദ കോഴ്സുമടങ്ങിയ ക്യാമ്പസ് ഒരു വര്‍ക്ക് ഷോപ്പ് കെട്ടിടത്തില്‍. അഞ്ഞൂറോളം കുട്ടികളും, മുപ്പതോളം അധ്യാപക- അനധ്യാപകരും അവിടത്തെ പരിമിത സൗകര്യങ്ങളില്‍ ശ്വാസം മുട്ടി.

class room

താൽക്കാലിക കെട്ടിടത്തിലെ ക്ലാസ് മുറികൾ

കോളേജിയേറ്റ് എഡ്യുക്കേഷന്‍ വിഭാഗത്തില്‍ നിന്നുള്ള ഫണ്ടുകൊണ്ട് കുറച്ചു പുതുക്കി പണിയലുകള്‍ അവിടെ നടത്തി. താല്‍ക്കാലിക സംവിധാനമായതുകൊണ്ട് പുതുക്കി പണിയലിനും പരിമിതിയുണ്ട്.  ശുചിമുറിക്കായി എഞ്ചിനീയറിംഗ് കോളജിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മുകളില്‍ നിന്ന്, താഴെ ഉള്ള ശുചിമുറിയില്‍ പോകാന്‍ കുറഞ്ഞത് പത്ത് മിനിട്ടെങ്കിലും വേണം. കംപ്യൂട്ടര്‍ ലാബ്, പ്രിന്‍സിപ്പല്‍ റൂം, ഓഫീസ് എന്നിവ പരിമിതമായ സാഹചര്യത്തില്‍ എഞ്ചിനീയറിംഗ് കോളജിന് സമീപമുള്ള പ്രീ മെട്രിക് ഹോസ്റ്റല്‍ മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്.

''അത്യാവശ്യ കാര്യത്തിന് ഓഫീസിലേക്ക് അധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പോകാന്‍ ഏറെ സമയം വേണം. ചെറിയ മഴ പെയ്തു കഴിഞ്ഞാല്‍ പോലും അവിടെ പോകാന്‍ കഴിയാത്ത അവസ്ഥയാണ്'' - എം.കോം. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ പി.യു. അഭിലാഷ് പറയുന്നു. കോളജില്‍ നിന്ന് ഒരു കിലോമീറ്ററിനടുത്ത് ദൂരമുണ്ട് ഓഫീസ് കെട്ടിടം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന ഇടത്തേക്ക്.

''ഒരു ബ്രിഡ്ജ് മേലെ നാലു തകരം വച്ചിരുപാങ്ക അതു മേലെ താ നമ്മ ഏറി പോക മുടിയും. മഴ വന്ത് കാറ്റ് അടിച്ചിനിച്ചാ അതുവും റൊമ്പ കഷ്ടമാ ഇറുക്കും, കൊഞ്ചം പാസം പിടിച്ചു പോയി ഇറുക്കും.'' (ഒരു പാലത്തിന് മുകളില്‍ നാലു തകരം വച്ചിട്ടുണ്ട്. അതിനു മുകളില്‍ കയറി വേണം പോകാന്‍. മഴയും കാറ്റും വന്നാല്‍ ഒരുപാട് ബുദ്ധിമുട്ടാകും. അവിടെ പായല്‍ എല്ലാം പിടിച്ചിട്ടുണ്ടാകും.)  ചെറിയൊരു പാലം കടന്നു വേണം, സെല്‍വറാണിക്ക് എം.എ. തമിഴ് ക്ലാസ് മുറിയിലേക്ക് പോകാന്‍. കാലിനു കുറച്ച് സ്വാധീനക്കുറവുള്ളതു കൊണ്ട് മഴയോ കാറ്റോ വന്നാല്‍ അതിലൂടെയുള്ള സഞ്ചാരം ഭയത്തോടെയാണ്. ഈ വര്‍ഷം സെല്‍വറാണി എം.എ. കോഴ്സ്  പൂര്‍ത്തിയാക്കി. ദേവികുളം സ്വദേശിയായ സെല്‍വറാണിക്കു താല്‍ക്കാലിക കോളജിലേക്കുള്ള യാത്രയും ചിലവേറിയതാണ്. 'ഒരു നാളേക്ക് 150-200 രൂപ വരും' വന്നുപോകാന്‍. മൂന്നാറില്‍ നിന്ന് അമ്പതു രൂപയാണ്  ഓട്ടോ കൂലി. പഴയ കോളജിലേക്ക് മൂന്നാറില്‍ നിന്ന് ഇതിന്റെ പകുതി പണം മതി. പക്ഷേ ദേശീയ പാതയോരത്തായതു കൊണ്ട് മിക്ക കുട്ടികളും നടന്നാണ്  എത്തിയിരുന്നത്. ബസ് സര്‍വീസും ഉണ്ടായിരുന്നു. താല്‍ക്കാലിക കോളജിലേക്ക് കയറ്റിറക്കമുള്ള  വഴിയിലൂടെ നടന്ന് എത്തുമ്പോള്‍ പലരും ക്ഷീണിക്കുന്നു.

മെട്രിക്സും, സീ പ്രോഗ്രാമിങും കൂടെ അഭിജ്ഞാന ശാകുന്തളവും

മെട്രിക്സും, സീ പ്രോഗ്രാമിങും, ഡെമോഗ്രാഫിയും,അഭിജ്ഞാന ശാകുന്തളവും ഒരുമിച്ച് പഠിക്കാന്‍ പറ്റുമോ? ഇല്ലെന്നു പറയാന്‍ മൂന്നാര്‍ കോളജിലെ കുട്ടികള്‍ക്ക് പറ്റണമെന്നില്ല. പ്ലൈവുഡുകള്‍ കൊണ്ട് പരസ്പരം മറച്ച ഒട്ടും സൗണ്ട് പ്രൂഫ് അല്ലാത്ത ക്ലാസ് മുറികളാണ് അവിടെ. അധ്യാപകര്‍ കുറച്ചുറക്കെ ക്ലാസുകള്‍ എടുത്താല്‍ പോലും അപ്പുറത്ത് കേള്‍ക്കാം. ''അധ്യാപകര്‍ ഇരിക്കുന്നത് വരാന്തയിലാണ്. രണ്ടു മൂന്ന് ഡെസ്‌ക്കുകള്‍ അടുപ്പിച്ചിട്ടാണ് നോട്സ് തയാറാക്കുന്നതും, ക്ലാസ് പ്രിപയര്‍ ചെയ്യുന്നതും. മഴ പെയ്താല്‍, കാറ്റടിച്ചാല്‍ അവിടെ ഇരിക്കാന്‍ പറ്റില്ല.' -കുട്ടികള്‍ക്ക് ക്ലാസ് മുറി ഉണ്ടെങ്കിലും അധ്യാപകര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഇല്ലെന്നും, സ്റ്റാഫ് റൂമുകള്‍ വരാന്തയില്‍ ഒതുങ്ങി പോകുന്നതില്‍ സങ്കടം ഉണ്ടെന്നും അഭിലാഷ് പറയുന്നു. പതിനെട്ട് ക്ലാസ് മുറികള്‍ വേണ്ടിടത്ത് പതിമൂന്ന് മുറികളാണുള്ളത്. ബാക്കി എല്ലാവരും വരാന്തയിലാണ് ഇരിക്കുന്നത്.

''പരിമിതികള്‍ കണക്കിലെടുത്ത് ആവുന്ന തരത്തില്‍ അധ്യാപകര്‍ പഠിപ്പിക്കുന്നുണ്ട്. പക്ഷേ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഇവിടില്ല. '' -എം.എ. രണ്ടാം വര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയായിരുന്ന അരുണിമ രാജന്‍ പറയുന്നു.''ചില ക്ലാസ്മുറികളില്‍ സിമന്റ് പൊടിയാണ്. ചിലയിടത്ത് വൈദ്യുതി ഇല്ല. പൊതു വിദ്യാലയങ്ങള്‍ പോലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആയി മാറിയ സാഹചര്യത്തിലാണ് ഒരു കോളജിന്റെ ദുരവസ്ഥ''

''മഴ പെയ്ഞ്ചാല് ഇരുട്ടായിടും... മഴയെല്ലാം വരുമ്പോ അന്ത സൗണ്ട് നാലേ ക്ലാസെല്ലാം നറയെ സ്റ്റോപ് പണ്ണി ഇറുക്കാങ്ങേ. പേസറത് കേക്കാത്. അതിനാലേ പുരിയവും സെയ്യാത് ''  (മഴ പെയ്യുമ്പോള്‍ ക്ലാസില്‍ ഇരുട്ടാകും. ശബ്ദം കാരണം ക്ലാസ് പലപ്പോഴും നിര്‍ത്തി വയ്ക്കും. സംസാരിക്കുന്നത് കേള്‍ക്കാന്‍ പറ്റില്ല. അതുകൊണ്ട് ഒന്നും മനസ്സിലാകില്ല.) ഷീറ്റിട്ട മേല്‍ക്കൂരയ്ക്കുമേല്‍ മഴപെയ്യുമ്പോള്‍ ശബ്ദപ്പെരുക്കമാകും. ബിരുദ ബിരുദാനന്തര ക്ലാസുകള്‍ പലപ്പോഴും ഇതോടെ തടസപ്പെടും. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പഠിക്കുന്ന ക്ലാസ് മുറികള്‍ ആനന്ദി ഓര്‍ത്തെടുക്കുകയാണ്. ഒപ്പം മഴ കൊണ്ട് നഷ്ടമായ ക്ലാസുകളും.

class rooms

പ്ലൈവുഡുകൾ കൊണ്ട് മറച്ച ക്ലാസ് മുറികൾ

സാധാരണക്കാരുടെ മക്കളാണ് വിദ്യാര്‍ത്ഥികളില്‍ ഏറിയ പങ്കും. തോട്ടം മേഖലയില്‍ നിന്നുള്ള കുട്ടികളുടെ ഏക ആശ്രയം. ദൂരെ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം പോലും ഇല്ല. അധ്യാപകര്‍ക്കും ഇത് ബുദ്ധിമുട്ടാണ്. ഏറ്റവും അടുത്തുള്ള ഹോസ്റ്റല്‍, മൂന്ന് കിലോമീറ്ററോളം അകലെ നല്ലതണ്ണിയിലാണ്.
''നല്ലതണ്ണിയിലെ ഹോസ്റ്റലിലാണ് ഞാന്‍ നിന്നിരുന്നത്. അവിടുന്ന് രാവിലെ മൂന്നാര്‍ വരെ നടക്കും. അവിടെ നിന്ന് കോളേജിലേക്ക് ചിലപ്പോള്‍ ഓട്ടോ വിളിച്ചോ, അല്ലെങ്കില്‍ നടന്നോ പോകും. വളരെ പ്രയാസകരമാണ്. കുത്തനെയുള്ള കയറ്റം കടന്ന് അവിടെ എത്തുമ്പോഴേക്കും വിഷമിക്കും. വേറൊന്നും ചെയ്യാന്‍ പറ്റിലല്ലോ?'' -  എം.കോം. വിദ്യാര്‍ത്ഥിനി അലീന ബെന്നിയുടെ വാക്കുകള്‍.  

കൊറോണയെത്തുടര്‍ന്ന്  കോളജ് അടച്ചതിനാല്‍ ഓണ്‍ലൈനില്‍ ആണ് പഠനം. അതുകൊണ്ട് തന്നെ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് ക്ലാസ് മുറികളുടെ അപര്യാപ്തത വലിയ പ്രശ്നമായിട്ടില്ല. മൂന്നാര്‍ ബജറ്റ് ഹോട്ടലിലും, എഞ്ചിനീയറിംഗ് കോളജിലുമായി ഇനി കോളേജുകള്‍ തുറക്കുമ്പോള്‍ ക്ലാസുകള്‍ ആരംഭിക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ നേരിട്ട ദുരിതങ്ങള്‍ കാലതാമസം കൂടാതെ കാര്യങ്ങള്‍ വേഗത്തില്‍ നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിന്റെ പ്രശ്നങ്ങള്‍ നമുക്ക് കാണിച്ച് തരുന്നു. പുതിയ കെട്ടിടം എന്ന ആവശ്യം ഉയരുന്നത് 2018 ലെ അപകടത്തിന് ശേഷമല്ല. അതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ മൂന്നാര്‍ ഗവണ്‍മെന്റ് കോളജിനെത്തേടി   ഉരുള്‍പൊട്ടലുകള്‍ എത്തിയിരുന്നു.

(അടുത്തഭാഗം: ദുരന്തം തേടിയെത്തിയ അവധി ദിനങ്ങള്‍)

(ഇടുക്കി ജില്ലയിലെ ഇരുട്ടുകാനം സ്വദേശിയാണ് ലേഖിക. വികസനോന്മുഖ വാര്‍ത്തകളും പ്രചോദനാത്മകളും തയ്യാറാക്കുന്നതില്‍ തല്പര.)