ദുരന്തം തേടിയെത്തിയ അവധി ദിനങ്ങള്‍

 
Jomol Story 2

ദുരന്തശേഷം പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം പോലുമില്ലാതെ മൂന്നാര്‍ കോളേജ്


(നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ(എന്‍എഫ്‌ഐ)യും അഴിമുഖവും സംയുക്തമായി മലയാളത്തിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ പത്തു റിപ്പോര്‍ട്ടുകളില്‍ നാലാമത്തേത് 2018ലെ പ്രളയാനന്തരം മൂന്നാര്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നു. മൂന്നാര്‍ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളുടെ മറ്റൊരു മുഖമാണ് ഈ കോളേജില്‍ ഉണ്ടായത്. ജോമോള്‍ ജോസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ടാം ഭാഗമാണിത്.  ആദ്യഭാഗം ഇവിടെ വായിക്കുക.)

2005 ജൂലൈ 25. ഗവണ്‍മെന്റ് കോളേജ് മൂന്നാറില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. അന്ന് കോളേജിന് അവധി ആയിരുന്നതിനാല്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും, അധ്യാപകരും, അനധ്യാപകരും രക്ഷപ്പെട്ടു. 2018ലെ അപകട സമയത്തും അവധിയായിരുന്നു. 1995ല്‍ താല്‍ക്കാലിക കെട്ടിടത്തില്‍ തുടങ്ങിയെങ്കിലും, പിന്നീട് ഒന്നര വര്‍ഷത്തോളം കഴിഞ്ഞാണ് കോളേജ് ദേവികുളം റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പുതിയ കോളേജ് കെട്ടിടം പണിയുമ്പോള്‍ തന്നെ പ്രദേശത്ത് ചെറുതായി മണ്ണിടിഞ്ഞിരുന്നുവെന്ന് അക്കാലത്തവിടെ പഠിച്ചിരുന്ന ഇരുട്ടുകാനം സ്വദേശി സിജോ മാത്യു ഓര്‍മ്മിക്കുന്നു. ഉരുള്‍പൊട്ടലില്‍ ഇല്ലാതായ പ്രിന്‍സിപ്പല്‍സ് ക്വാര്‍ട്ടേഴ്സിന് സമീപമുള്ള പഴയ ലൈബ്രറി കെട്ടിടം ആയിരുന്നു അത്. അതുകൊണ്ടാണ് പിന്നീട് പണിത ഗണിതശാസ്ത്ര, ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടെ അതിനു സമീപത്തുനിന്ന് മാറ്റിയത്. അന്നവിടെ ക്ലാസ് തുടങ്ങാത്തത് കൊണ്ട് മറ്റൊരപകടവും ഒഴിവായി. പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന ദിവസത്തിന് മൂന്നു നാളുകള്‍ക്കു മുമ്പാണ് കെട്ടിടം ഉരുളെടുത്തത്. പ്രകൃതിയുടെ വികൃതിയല്ല, അതിന്റെ പരമോന്നത വിധിയായിരുന്നിരിക്കാം അത്.

വൈകിയാല്‍ തിരുത്തലുകള്‍ അസാധ്യമാകും
** 2017 മാര്‍ച്ച് 17ാം തീയതി, മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായുള്ള പരിസ്ഥിതിയെ സംബന്ധിച്ച സമിതി (2016-2019) മൂന്നാറിലെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചു.  ''ഇനിയും തിരുത്തിയില്ലെങ്കില്‍ തിരുത്തലുകള്‍ അസാധ്യമാകുന്നവിധം ഗുരുതരമായ സ്ഥിതിയാണ് മൂന്നാറിലുള്ളത് '' -റിപ്പോര്‍ട്ടിലെ അദ്ധ്യായം ഒന്നില്‍ സമിതിയുടെ നിരീക്ഷണങ്ങള്‍ എന്ന ഭാഗത്തിലെ ആദ്യവരിയാണിത്. ''നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും നിയന്ത്രണ ചട്ടങ്ങളും മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പര്യാപ്തമല്ലെന്ന് സമിതിക്ക് ബോധ്യപ്പെടുകയുണ്ടായി. വിവിധ വകുപ്പുകള്‍ വഴി നടന്നേക്കാവുന്ന ചെറിയ തിരുത്തലുകള്‍ക്കോ മുഖം മിനുക്കലുകള്‍ക്കോ ഉള്ള സമയം കഴിഞ്ഞു പോയിരിക്കുന്നു. വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിക്കുന്നതും വിദഗ്ധരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉള്‍കൊള്ളുന്നതും മൂന്നാറിന്റെ വികസന പരിപാലന നയരൂപീകരണത്തിലും നടപ്പാക്കലിലും പരിശോധനയിലും നിയമം വഴി അധികാരപ്പെട്ടതുമായ അതോറിറ്റി മൂന്നാറിനായി ഉണ്ടാകേണ്ടതാണ്. സമ്മര്‍ദ്ദവും സ്വാധീനവും കൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളെ അതിജീവിച്ച് ഇളവുകളും അനുമതികളും നേടിയെടുത്ത് മൂന്നാറില്‍ നടത്തുന്ന കെട്ടിട നിര്‍മാണങ്ങളുടെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.''-സമിതിയുടെ കണ്ടെത്തലില്‍ പറയുന്നു.

ജൈവ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനും അതിനനുസൃതമായേ കെട്ടിടനിര്‍മ്മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദസഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ നിര്‍വഹിക്കപ്പെടുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതിനുമായി മൂന്നാറിനായി പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച നാളുകളിലും മണ്ണിടിച്ച്, മൂന്നാര്‍ ഗവണ്‍മെന്റ് കോളേജില്‍ പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പണി തകൃതിയായി നടക്കുകയായിരുന്നു.

പ്രകൃതി സംരക്ഷണം പാഠപുസ്തകങ്ങളില്‍ വിഷയമാണ്. പക്ഷേ ഒരു കലാലയത്തില്‍ തന്നെ പരിസ്ഥിതി ലോല പ്രദേശത്ത് നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദുരിതത്തിന് ആക്കം കൂട്ടി. ''നമ്മള്‍ക്ക് മരങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും. പക്ഷേ മലകള്‍ ഉണ്ടാക്കാന്‍ പറ്റില്ല... ഒരു വിദ്യാഭ്യാസ സ്ഥാപനം അവിടെ വരുന്ന കുട്ടികള്‍ക്ക് എന്താണ് പറഞ്ഞു കൊടുക്കുന്നത്? ശാസ്ത്രീയമല്ലാതെ, ഒട്ടും പാരിസ്ഥിതിക അവബോധത്തോടെയല്ലാതെ ഒരിടത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നു... കേരളത്തില്‍ നിര്‍മ്മാണ ജോലികള്‍ ഏത് തരത്തില്‍ പാടില്ല, നിര്‍മാണത്തിനായി തിരഞ്ഞെടുക്കുന്ന ഭൂപ്രദേശത്ത് എന്ത് ചെയ്യാന്‍ പാടില്ല എന്നതിന് ഉദാഹരണമാണ് മൂന്നാര്‍ ആര്‍ട്സ് കോളേജ്'' -പരിസ്ഥിതി പ്രവര്‍ത്തകനായ സിബി മൂന്നാറിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് പരിസ്ഥിതി ആഘാത പഠനങ്ങള്‍ കെട്ടിട നിര്‍മാണത്തിന് മുമ്പ് തീര്‍ച്ചയായും നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്.

*** ''സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള എല്ലാ വികസന പദ്ധതികള്‍ക്കും യോഗ്യതയുള്ള ഒരു ഏജന്‍സി തയ്യാറാക്കുന്ന പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഭൗതികവും ജീവശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ ഈ പഠനത്തില്‍ വിലയിരുത്തപ്പെടണം. പദ്ധതി നടപ്പാക്കിയാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ സംഭവിക്കുമെന്ന് പഠനം സൂചിപ്പിക്കേണ്ടതുണ്ട്... 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വന്ന ശേഷം പാരിസ്ഥിതികാനുമതി കിട്ടുന്നതിന് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാണ്.'' (ഇറാച്ച് ബറൂച്ച - പരിസ്ഥിതി പഠനം) പക്ഷേ പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ വികസന പദ്ധതികള്‍ക്ക് മുമ്പ് ഇവിടെ നടത്തിയോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന, ഉദ്ഘാടനത്തിന് തയാറായിരുന്ന 1.72 കോടി മുടക്കി നിര്‍മ്മിച്ച ലേഡീസ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെയടക്കം നിര്‍മ്മാണം ദുരന്തത്തിന്റെ തീവ്രത കൂട്ടി.****വിവരാവകാശ നിയമ പ്രകാരം മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍നിന്ന് വിശദാംശങ്ങള്‍ തേടിയപ്പോള്‍ കോളജ് കെട്ടിടം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ വരുന്നതിന് മുമ്പുള്ളതായതിനാല്‍ വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഹോസ്റ്റല്‍ പണിയുന്നതിന് പഞ്ചായത്തില്‍ നിന്നും അനുമതി നല്‍കിയിട്ടില്ല എന്നും വിവരങ്ങളില്‍ പറയുന്നു.
 
***** 2017ല്‍ പ്രസിദ്ധീകരിച്ച ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജേര്‍ണലില്‍, 2005 ജൂലൈ 25നു മൂന്നാറില്‍ നടന്ന ഉരുള്‍പൊട്ടലുകളെ കുറിച്ചുള്ള പഠനത്തില്‍ കോളേജ് ഇരിക്കുന്ന സ്ഥലത്തുണ്ടാകാനിടയുള്ള തുടര്‍ ഉരുള്‍പൊട്ടലുകളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ ദിവസം മൂന്നാറിലെ അന്തോണിയാര്‍ കോളനിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് പേര്‍ മരണമടയുകയും പൂര്‍ണമായും, ഭാഗികമായും വീടുകള്‍ ഉള്‍പ്പെടെ തകരുകയും ചെയ്തു. അവിടെയുണ്ടായ ഉരുള്‍പൊട്ടലിന്റെ നീളം, വീതി എന്നിവ 60 മീ., 28 മീ. എന്നിങ്ങനെയായിരുന്നുവെങ്കില്‍ അതേ ദിവസം ഗവണ്‍മെന്റ് കോളേജ് മൂന്നാറില്‍ സംഭവിച്ച ദുരന്തത്തിന്റേത് 90 മീ., 60 മീ. എന്നിങ്ങനെയാണ്. പ്രവൃത്തിദിവസമായിരുന്നുവെങ്കില്‍ ദുരന്തം എത്ര വലുതാകുമായിരുന്നു. പുതിയ കെട്ടിട നിര്‍മ്മാണത്തിനായി മണ്ണെടുത്ത ഒരു സ്ഥലത്താണ് ഉരുള്‍ കേന്ദ്രീകരിച്ചിരുന്നത്. ശക്തമായ മഴ, വെള്ളത്തിന്റെ സമ്മര്‍ദം (pore water pressure and toe erosion) എന്നിവയാണ് അപകടത്തിന് കാരണമായത്. ഈ ഉരുള്‍പൊട്ടല്‍ മൂലം അന്നത്തെ ക്ലാസുകള്‍ ഇപ്പോള്‍ താല്‍ക്കാലിക ഓഫീസ് സംവിധാനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അഞ്ച് വര്‍ഷത്തോളം അവിടെ തകരഷെഡില്‍ ഇരുന്നു പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒടുവില്‍ പഴയ കോളേജ് കെട്ടിടത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ഇപ്പോഴത്തെ പോലെ മുന്‍പും ഒരു അഭയാര്‍ത്ഥി ചരിത്രം ഈ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നുവെന്ന് ചുരുക്കം. പക്ഷേ കുട്ടികള്‍ തിരികെ എത്തിയപ്പോഴും പരിസ്ഥിതി ലോല പ്രദേശത്ത് പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ തുടങ്ങി. ആവശ്യത്തിനു വേണ്ട മുന്‍കരുതലുകള്‍ അവിടെ സ്വീകരിച്ചിരുന്നില്ല എന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈര്‍പ്പമുള്ള സ്ഥലത്ത് വളരുന്ന പന്നച്ചെടിയുടെ (fern plant) സാന്നിധ്യം കോളേജിന് മുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സമീപ പ്രദേശങ്ങളില്‍ ദൃശ്യമായിരുന്നു.  വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ വളരുന്ന ചെടി, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശത്തെ സൂചിപ്പിച്ചു. അപകടം കഴിഞ്ഞുണ്ടായ ഉറവകളും മുന്നറിയിപ്പ് നല്‍കിയിരുന്നു. 2005ലേത് മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്നുപോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. മാത്രമല്ല, വരണ്ട കാലാവസ്ഥയില്‍ പോലും അവിടം സുരക്ഷിതമല്ലെന്നായിരുന്നു വിദഗ്ധരുടെ കണ്ടെത്തല്‍.

Munnar College

മൂന്നാർ ഗവ.കോളേജ് അതീവദുരന്തമേഖല പ്രദേശത്ത് ഉൾപ്പെടുന്നു

തുടര്‍ച്ചയായി കേരളത്തില്‍ ഉണ്ടായതില്‍ വച്ച് വലിയ ഉരുള്‍പൊട്ടലുകളില്‍ ഒന്നായി മാറി 2018ലേത്. ഇങ്ങനെ ഒരു നിര്‍മ്മിതി ഇനി ഉണ്ടാകാന്‍ പാടില്ലെന്ന് മുകളില്‍ നിന്ന് മണ്ണ് ഇറങ്ങി വന്ന്, ഒരു കോളേജിനെ പാതിയോടെ തൂത്തെടുത്ത കാഴ്ച ഓര്‍മ്മിപ്പിക്കുന്നു. ആവി പറക്കുന്ന ചായ മുതല്‍ ചരിത്രത്തിലെ ആവി യന്ത്രം വരെ മൂന്നാറിന് സ്വന്തമായിരുന്നു. ഉയരം കൂടുന്തോറും ചരിത്രം അറിയാനുള്ള ദാഹവും കൂടും - മൂന്നാറിലേക്കുള്ള യാത്രകളില്‍ പഴയ ഒരു വികസിത പട്ടണത്തിന്റെ ഗതകാല പ്രൗഢി കാണാം. എന്നാല്‍ ഇപ്പോള്‍ നല്ലൊരു വായനശാല പോലും മൂന്നാറില്‍ ഇല്ല. കുട്ടികള്‍ക്ക് ഏക ആശ്രയം കോളേജ് ലൈബ്രറിയാണ്. പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ അവിടെ ഉണ്ടെങ്കിലും, ഉപയോഗിക്കാനുള്ള സൗകര്യം ഇല്ല. അത്യാവശ്യഘട്ടങ്ങളില്‍ ചികിത്സ തേടാന്‍ മികച്ച ആശുപത്രിയോ വിനോദത്തിനു സിനിമ തീയറ്ററോ ഇന്നും അന്യമാണ്. ടോപ് സ്റ്റേഷനില്‍ തീവണ്ടി പാതയുടെ അവശിഷ്ടങ്ങള്‍ മൂന്നാര്‍ എന്ന ഹില്‍ സ്റ്റേഷന്റെ പഴയ പ്രതാപത്തെ ഓര്‍മ്മിപ്പിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണൊറെയില്‍ മൂന്നാര്‍, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷന്‍ എന്നിവയെ ബന്ധിപ്പിച്ചിരുന്നു. 1908ല്‍ മോണോ റെയില്‍ നാരോ ഗേജ് റെയില്‍ ആക്കി. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ പ്രളയത്തില്‍ ഇവ തകര്‍ന്നു. പക്ഷേ ചരിത്രാവശിഷ്ടങ്ങള്‍ ഇന്നും ബാക്കി. പിന്നീട് പുതുക്കി പണിതില്ല. '1900 മുതല്‍ ഉപയോഗിച്ചിരുന്ന റോപ് വേക്കു വേണ്ടി ജല വൈദ്യുതി ഉല്‍പ്പാദനവും, 1910 മുതല്‍ ടെലഫോണും മൂന്നാറില്‍ ഉണ്ടായിരുന്നു... മൂന്നാറിനെ ഉദുമല്‍പേട്ടയുമായി ബന്ധിപ്പിക്കുന്ന മറയൂര്‍ വഴിയുള്ള 1902ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ്, 1936ല്‍ നിര്‍മ്മിച്ച നേര്യമംഗലം- മൂന്നാര്‍ റോഡ്, 1960കളില്‍ നിര്‍മ്മിച്ച മൂന്നാര്‍-പൂപ്പാറ റോഡ് എന്നിവയൊക്കെ ഒരു ഗ്രാന്‍ഡ് ഡിസൈനിന്റെ ഭാഗമായി കാണാന്‍ കഴിയും. -2017 ജൂണ്‍ 26ന്, പരിസ്ഥിതി പ്രവര്‍ത്തകനായ സിബി മൂന്നാര്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങളാണിവ. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന്റെ പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ കാരണം. മൂന്നാറിനു യോജിക്കാത്ത തരത്തിലുള്ള നിര്‍മ്മാണം ഒരുവര്‍ഷം കഴിഞ്ഞ് ദുരന്തമായി മാറി. ഉരുള്‍പൊട്ടലോ മണ്ണിടിയുകയോ ചെയ്ത സ്ഥലങ്ങളില്‍ ഇക്കോ റീസ്റ്റോറേഷന്‍ അഥവാ പരിസ്ഥിതി പുനഃസ്ഥാപനം വഴി ചെയ്യാവുന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സിബി മൂന്നാര്‍ അഭിപ്രായപ്പെടുന്നു. പ്രകൃതി ദുരന്തങ്ങള്‍ അപ്രതീക്ഷിതം തന്നെ. പക്ഷേ അത് തടയാനും, അതിനെ അതിജീവിക്കാനും കഴിയേണ്ടതുണ്ട്.

കാത്തിരുന്ന കിട്ടിയ അക്ഷര വിദ്യാലയം, കാലം എടുത്തപ്പോള്‍
****** എം.എച്ച് ഷാര്‍പ്പ് എന്ന സായ്പാണ് 1878ല്‍ സെവന്‍മല എസ്റ്റേറ്റിലെ പാര്‍വതി ഡിവിഷനില്‍ ആദ്യ തേയിലച്ചെടി നട്ടത്. ഷാര്‍പ്പിനൊപ്പം മൂന്നാര്‍ മല കയറി വന്നവര്‍ അവരുടെ രീതിയില്‍ തോട്ടങ്ങള്‍ വികസിപ്പിച്ചിരുന്നു. ഇതനുസരിച്ച് തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികളും എത്തി. 1894ല്‍ കണ്ണന്‍ ദേവന്‍ കുന്നുകളില്‍ 26 എസ്റ്റേറ്റുകള്‍ രൂപം കൊണ്ടിരുന്നു. 1895ല്‍ ഈ എസ്റ്റേറ്റുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത് ഫിന്‍ലെ മ്യൂര്‍ കമ്പനിയായിരുന്നു. 1908 ആയപ്പോഴേക്കും 11000 ഏക്കറില്‍ തേയില കൃഷി ഉണ്ടായിരുന്നുവെന്നാണ് കണക്ക്. റബര്‍, കാപ്പി, സിങ്കോണ, കര്‍പ്പൂരം, സിസല്‍ എന്നിവയും ഉണ്ടായിരുന്നു. ലാഭം തേയിലയിലാണെന്ന് കണ്ടതോടെ മറ്റു തോട്ടവിളകളും ഉപേക്ഷിക്കപ്പെട്ടു. മൂന്നാറില്‍ തോട്ടം വികസിക്കുന്നതനുസരിച്ച് തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികള്‍ എത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടു നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനു മുമ്പ് മധ്യ തമിഴ്നാട്ടിലെ ഗ്രാമങ്ങള്‍ വരണ്ടുണങ്ങിയതായിരുന്നു. കൃഷിയില്ല. വെള്ളമില്ല. ദുരിതം മാത്രം. അപ്പോഴാണ് അവര്‍ക്കു മുന്നില്‍ തേയില തോട്ടത്തിലേക്കുള്ള വഴി തുറന്നു കിട്ടിയത്.' (എം.ജെ.ബാബു - 'കണ്ണന്‍ദേവന്‍ കുന്നുകള്‍' എന്ന പുസ്തകത്തില്‍ നിന്ന്)

തോട്ടം തൊഴിലാളികളുടെ ജീവിതം ഇന്നും അത്ര മധുരതരമല്ല. പക്ഷേ പണ്ടത്തെ അടിമപ്പണിയില്‍ നിന്നും കുറെയൊക്കെ മാറ്റങ്ങള്‍ ഉണ്ടായി. എങ്കിലും ദുരിത ജീവിതത്തില്‍ നിന്നുള്ള പരിഹാരം വിദ്യാഭ്യാസമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ദേവികുളം താലൂക്കിലെ കുടിയേറ്റ കര്‍ഷകരുടെയും, തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കള്‍ക്ക് പഠിക്കാനായി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത ഉണ്ടായിരുന്നു. 1918ല്‍ കണ്ണന്‍ ദേവന്‍ എന്ന ബ്രിട്ടീഷ് കമ്പനി സ്ഥാപിച്ച ആംഗ്ലോ തമിഴ് പ്രൈമറി സ്‌കൂള്‍ ആയിരുന്നു മൂന്നാറിലെ ആദ്യ വിദ്യാലയം. 1926ല്‍ മൂന്നാര്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ സ്ഥാപിച്ചു. 1955ല്‍ ഇവ തിരു-കൊച്ചി സര്‍ക്കാര്‍ ഏറ്റെടുത്തു. ''ഈ സ്‌കൂളുകള്‍ക്കുശേഷം, എയ്ഡഡ് സ്‌കൂളുകള്‍ എസ്റ്റേറ്റ് മേഖലയില്‍ ആരംഭിച്ചു. നാലാം ക്ലാസ് വരെയായിരുന്നു ഉണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരമാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ വരുന്നത്. അന്ന് ചിന്നക്കനാല്‍, വട്ടവട, മറയൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ഒന്നും ഹൈസ്‌കൂളുകള്‍ ഉണ്ടായിരുന്നില്ല. മൂന്നാറില്‍ മാത്രമാണ് ഹൈസ്‌കൂള്‍ ഉണ്ടായിരുന്നത്. പിന്നീട് ചിത്തിരപുരം, ദേവികുളം, എഴുപതുകളില്‍ മറയൂര്‍, എണ്‍പതുകളില്‍ കാന്തല്ലൂര്‍, മാങ്കുളം, തൊണ്ണൂറുകളില്‍ വട്ടവട, ചിന്നക്കനാല്‍ തുടങ്ങിയ ഇടങ്ങളില്‍ ഹൈസ്‌കൂള്‍ വന്നു.'' - മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ ബാബു പറയുന്നു. പത്താം ക്ലാസ് വരെ പഠിക്കാന്‍ പരിമിത സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനുശേഷം നാമമാത്രമായ പാരലല്‍ കോളജുകളായിരുന്നു ദേവികുളം താലൂക്കിലെ കുട്ടികള്‍ക്ക് ആശ്രയം.

''മൂന്നാര്‍ കോളേജ് വരുന്നതിന് മുമ്പ് അടിമാലി, കുഞ്ചിത്തണ്ണി, പൊട്ടന്‍കാട് തുടങ്ങിയ സ്ഥലങ്ങളില്‍ പാരലല്‍ കോളജ് ഉണ്ടായിരുന്നു. എണ്‍പതുകളുടെ അവസാനം ആയപ്പോള്‍ പ്രീഡിഗ്രി മാത്രമുള്ള ഒരു കോളജ് മൂന്നാറില്‍ തുടങ്ങി. ' -എം. ജെ. ബാബു പറയുന്നു. പക്ഷേ തമിഴ് മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കു തമിഴ് രണ്ടാം ഭാഷയായി പഠിപ്പിക്കുന്ന ഒരു പാരലല്‍ കോളജും മൂന്നാറില്‍ ഉള്‍പ്പെടെ അന്നില്ലായിരുന്നു. പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ കോളജുകളായിരുന്നു ആശ്രയം. സാധാരണക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം വലിയൊരു കടമ്പയായിരുന്നു.  ******* 1957 മെയ് ഏഴിന്  അന്നത്തെ ദേവികുളം എംഎല്‍എ റോസമ്മ പുന്നൂസ് ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളിലെ പ്രൈമറി സ്‌കൂളുകളുടെ കുറവു മൂലം കര്‍ഷകരുടെ മക്കള്‍ക്ക് പഠിക്കാനാകുന്നില്ല എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. 1957-58 കാലയളവില്‍ പുതിയ സ്‌കൂളുകള്‍ ആരംഭിക്കുമ്പോള്‍ പരിഗണിക്കാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി  പറഞ്ഞത്.

''എന്‍.ഗണപതി എംഎല്‍എ ആയിരിക്കുമ്പോഴാണ് ഭാഷാന്യൂനപക്ഷത്തിന് കോളേജ് വേണമെന്ന ഡിമാന്റ് വെയ്ക്കുന്നത്. പക്ഷേ അത് കഴിഞ്ഞ് സജീവ ചര്‍ച്ച വരുന്നത്, ജി. വരദന്‍ എംഎല്‍എ ആയിരുന്ന സമയത്ത്.  അവിടം മുതല്‍ സജീവമായ ഇടപെടല്‍ വരുന്നുണ്ട്'' -എം.ജെ. ബാബു പറയുന്നു. തമിഴ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് പ്രധാനമായും കോളേജ് ആരംഭിച്ചത്. ഒരുപാട് സമരങ്ങളും നടന്നിരുന്നു. ' -എം.ജെ ബാബു ഓര്‍ക്കുന്നു.

1976 ലെ ദേവികുളം എംഎല്‍എ ജി. വരദനാണ് 1977-78ല്‍ മൂന്നാര്‍ കോളേജ് പരിസരത്ത് ഒരു ജൂനിയര്‍ കോളേജ് സ്ഥാപിക്കാനാകുമോ എന്ന ചോദ്യം നിയമസഭയില്‍ ഉന്നയിക്കുന്നത്. പിന്നീട് വന്ന ജനപ്രതിനിധികളും ഈ ആവശ്യം മുന്നോട്ടു വെച്ചിരുന്നു. 1991 ഓഗസ്റ്റ് ഒന്നിനു എംഎല്‍എ എ.കെ മണിയുടെ സബ്മിഷന്‍ (ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത) മേഖലയിലെ സാധാരണക്കാരുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു. താലൂക്കിലെ തമിഴ് പള്ളിക്കൂടങ്ങളില്‍ ഡസ്‌കും, ബെഞ്ചും, ബ്ലാക്ക് ബോര്‍ഡും, അധ്യാപകരും ഇല്ലാത്ത അവസ്ഥയും മൂന്നാറില്‍ ഒരു കോളേജിന്റെ അനിവാര്യതയും അതില്‍ ഉണ്ടായിരുന്നു. 1995ല്‍ മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് സ്ഥാപിച്ചു.  ''ആദ്യ ബാച്ചുകളില്‍ എണ്‍പത് ശതമാനവും എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള കുട്ടികളായിരുന്നു. ബിഎ, ബിഎസ്‌സി മാത്തമാറ്റിക്സ് എന്നീ രണ്ടു ഡിഗ്രി കോഴ്സുകള്‍ ആയിട്ടാണ് തുടങ്ങിയത്. സ്വന്തം കെട്ടിടം  ഉണ്ടായിരുന്നില്ല. നല്ലതണ്ണിയിലെ ഒരു കെട്ടിടം ആയിരുന്നു തന്നത്'' -മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിലെ ആദ്യ പ്രിന്‍സിപ്പല്‍ ഏലിക്കുട്ടി തോമസ് പറയുന്നു. ഉദ്യോഗസ്ഥര്‍,, പഞ്ചായത്ത്, രാഷ്ട്രീയ പാര്‍ട്ടികള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെയെല്ലാം ഭാഗത്ത് നിന്ന് നല്ല പിന്തുണയും കിട്ടിയിരുന്നതായും, സീറ്റുകളുടെ എണ്ണത്തില്‍ കൂടുതല്‍ കുട്ടികള്‍ അക്കാലത്ത് പ്രവേശനത്തിന് എത്തിയിരുന്നതായി അവര്‍ ഓര്‍മ്മിക്കുന്നു.

മുന്‍കാലങ്ങളില്‍ പാലക്കാട് ചിറ്റൂരിലും മറ്റും പഠിക്കാന്‍ പോകേണ്ടി വന്നിരുന്നവര്‍ക്ക് ആശ്രയമായിരുന്നു മൂന്നാര്‍ കോളേജ്. തമിഴ്, മലയാളം എന്നിവയായിരുന്നു രണ്ടാം ഭാഷയായി ഉണ്ടായിരുന്നത്. പിന്നീട് തമിഴ് സാഹിത്യത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകളും ആരംഭിച്ചു. ഇവിടെ പഠിച്ച ഒട്ടേറെപ്പേര്‍ മികച്ച ഉദ്യോഗത്തിലും ഉന്നതസ്ഥാനങ്ങളിലും എത്തിയതായി മുന്‍ പ്രിന്‍സിപ്പല്‍ കെ. നാഗരാജന്‍, കോളേജിലെ അധ്യാപകരായ കെ.എ സുനിതാമോള്‍, സതീഷ് കുമാര്‍ എന്നിവര്‍ പറയുന്നു. ദേവികുളം താലൂക്കിലെ മൂന്നു കോളേജുകളില്‍ ഏക സര്‍ക്കാര്‍ കോളേജാണ് ഗവ. കോളേജ് മൂന്നാര്‍. വലിയ ഫീസ് താങ്ങാന്‍ കഴിയാത്ത സാധാരണക്കാരുടെ മക്കള്‍ക്ക് ഇന്നും ആശ്രയം മൂന്നാറിലെ ഈ കലാലയമാണ്.

നീളുന്ന കാത്തിരിപ്പും, പുതിയ ആശകളും
2005 മുതല്‍ തുടങ്ങിയ പുതിയ കോളേജ് സമുച്ചയത്തിനുവേണ്ടിയുള്ള അന്വേഷണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ********മൂന്നാറില്‍ നിന്നു എട്ടു കിലോമീറ്റര്‍ അകലെ ദേവികുളത്ത് 20 ഏക്കറോളം  ഭൂമി 2005 ലെ ഉരുള്‍പൊട്ടലിനുശേഷം അധികൃതര്‍ അനുവദിച്ചു. എന്നാല്‍ ഈ സ്ഥലത്ത് സോഷ്യല്‍ ഫോറസ്ട്രിക്കായി യൂക്കാലിപ്റ്റസ് മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി അറിയുന്നുവെന്ന്, 30-05-2006ല്‍ അന്നത്തെ സബ്കളക്ടര്‍, ജില്ലാകളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ മരങ്ങള്‍ നട്ട് വളര്‍ത്തിയത് സംബന്ധിച്ച് രേഖകളും ലഭ്യമല്ല എന്ന് റിപ്പോര്‍ട്ടിലുണ്ട്.

പുതിയ കോളേജിനായി നടത്തിയ അന്വേഷണം 13 വര്‍ഷത്തിനിപ്പുറം ഉണ്ടായ ദുരന്തത്തോടെ പിന്നെയും തുടര്‍ന്നു. പണ്ടു സോഷ്യല്‍ ഫോറസ്ട്രിക്കായി നീക്കിവെച്ച സ്ഥലം വീണ്ടും പുതിയ കോളേജിനായി  പരിഗണിച്ചു. പക്ഷേ ഈ ഭൂമി ഇപ്പോള്‍ ആനത്താരയാണ് എന്നാണ് മൂന്നാര്‍ ഡി.എഫ്.ഒ അറിയിച്ചത്. അതിനാല്‍ കോളേജ് പണിയാന്‍ സാധിക്കില്ല. വെറുതെ കിടക്കുന്ന റവന്യൂ ഭൂമിയിലേക്കുള്ള അന്വേഷണം ഒടുവില്‍ കെ.ടി.ഡി.സി.യുടെ കീഴിലുള്ള ബജറ്റ് ഹോട്ടലിന്റെ സമീപത്തെ നാലേക്കറോളം വരുന്ന ഭൂമിയിലെത്തി. ഈ ഭൂമിയുടെ പകുതി ഭാഗത്തോളം ചതുപ്പാണ്. പക്ഷേ പാരിസ്ഥിതിക കാരണങ്ങളാല്‍ അത് ഏറ്റെടുത്തില്ല. ********* മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് പിന്നീട് തീരുമാനിച്ചത്. എന്നാല്‍ അത് ഇതുവരെ ഏറ്റെടുത്തിട്ടില്ലയെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകളില്‍ പറയുന്നു. ഒടുവില്‍ ഇപ്പോള്‍ മൂന്നാര്‍ സൈലന്റ് വാലി റോഡിലാണ്  അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തിയത്. എംഎല്‍എ എസ്. രാജ, ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.

2019-2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 25 കോടി രൂപ കോളേജിനായി നീക്കി വച്ചിട്ടുണ്ട്. **********പക്ഷേ കോളേജിയേറ്റ്  എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ വിവരാവകാശ പ്രകാരം സമീപിച്ചപ്പോള്‍ മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ്  കെട്ടിടത്തിനായി ഫണ്ട് വകയിരുത്തിയിട്ടില്ല എന്നാണ് അറിയിച്ചത്. വിവരാവകാശ നിയമ പ്രകാരം, മൂന്നാറിലെ ഗതാഗത സൗകര്യമുള്ള, കെട്ടിടം പണിയാവുന്ന റവന്യൂ ഭൂമിയുടെ വിവരങ്ങള്‍ക്കായി അപേക്ഷ കൊടുത്തിരുന്നെങ്കിലും അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ റവന്യൂ ഭൂമികള്‍ മൂന്നാറില്‍ ഉണ്ടെന്നും അത് കണ്ടെത്തി കോളേജിന് കൊടുക്കണം എന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. കണ്ണന്‍ ദേവന്‍ കമ്പനിയുടെ പക്കല്‍നിന്ന് അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കോളേജിനായി നല്‍ക്കാന്‍ കഴിയില്ലേയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. റവന്യൂ പുറമ്പോക്ക് ഭൂമിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ഉടനെ ആരംഭിക്കുമെന്ന് ദേവികുളം എംഎല്‍എ രാജ അറിയിച്ചിരുന്നു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തിനിടെ, വിവിധ ഇടങ്ങളില്‍ സ്ഥലം കണ്ടെത്തിയെങ്കിലും പുതിയ കോളേജ് എന്ന സ്വപ്നം സഫലമായില്ല. ഇപ്പോള്‍ കണ്ടെത്തിയ ഭൂമിയില്‍ കോളേജ് കെട്ടിടം വരും എന്നാണ് മിക്കവരുടെയും പ്രതീക്ഷ.'' ഇനി ഒരു കോളേജ് പണിത്, അവിടെ ഇരുന്നു പഠിക്കുമ്പോള്‍, ഒരു മഴക്കാലം വരുമ്പോള്‍ കുട്ടികളുടെ മനസില്‍,  മൂന്നാര്‍ കോളേജിന്റെ ചരിത്രം അറിയാവുന്ന കുട്ടികളുടെ മനസില്‍ പേടി ഉണ്ടാകും. അതുകൊണ്ട് ഇനി കോളേജ് പണിയുന്നത് എല്ലാ കാര്യങ്ങളും പരിശോധിച്ച് വേണം.'' മൂന്നാറില്‍ കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കി, അവിടെ തന്നെ തുടര്‍ന്നു പഠിക്കുന്ന പി.യു. അഭിലാഷിന്റെ മനസില്‍, പുതിയ കെട്ടിടത്തിന് സ്ഥലം കണ്ടെത്തി എന്നറിയുമ്പോഴും ആശങ്കകള്‍ ഉണ്ട്. പരിസ്ഥിതിക്കനുയോജ്യമായ കെട്ടിടത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. ഉയര്‍ന്ന സൗധങ്ങള്‍ കെട്ടി പൊക്കിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് മൂന്നാര്‍- ദേവികുളം റോഡിലെ ദുരന്ത കാഴ്ചയായി കാലത്തിന്റെ മുന്നിലുണ്ട്.

Munnar College
 പരിമിതമായ സൗകര്യങ്ങളിലെ കോളേജ് ഡേ കടപ്പാട്-ഡോ. മനേഷ് എൻ.എ


''ക്യാമ്പസ് ലൈഫ് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയുകയേ ഇല്ല. പക്ഷേ നല്ല അധ്യാപകര്‍ ആയിരുന്നു. അത് പറയാതിരിക്കാന്‍ പറ്റില്ല. അവര്‍ ഉള്ളതുകൊണ്ട് നന്നായി പഠിക്കാന്‍ പറ്റി. ഉള്ള സമയം ഞങ്ങളുടേതായ രീതിയില്‍ എന്‍ജോയ് ചെയ്യാനും പറ്റി.' -ദേവിക സലീലന്‍ കോളേജിന്റെ പോരായ്മകള്‍ അധ്യാപകരുടെ മേന്മയില്‍ മറക്കുകയാണ്. കള്‍ച്ചറല്‍ പ്രോഗ്രാം അടക്കം, കോളേജിനു പുറത്ത് ഓഡിറ്റോറിയം വാടകയ്ക്ക് എടുത്തോ, വരാന്തകള്‍ അരങ്ങുകളാക്കിയോ അധ്യാപകര്‍ നടത്തി. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിനും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ പറ്റി. കോളേജ് ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും, യൂണിവേഴ്സിറ്റി തലത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി.

''പുതിയ കോളേജിനായി സ്ഥലം കണ്ടുപിടിച്ചുവെന്ന് അധ്യാപകര്‍ പറയുന്നത് കേട്ടിരുന്നു. ഉടനെതന്നെ വരുമായിരിക്കും. അതിനായുള്ള നടപടികള്‍ നടക്കുന്നുണ്ടെന്ന് തോന്നുന്നു ' -ദേവികയുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ട്. വെറും അഞ്ചേക്കര്‍ സ്ഥലത്ത് ഇവരുടെ സ്വപ്നങ്ങളൊക്കെ യാഥാര്‍ത്ഥ്യമാകുമോയെന്ന് കാലം പറയട്ടെ. താല്‍ക്കാലിക കെട്ടിടത്തിലെ ക്ലാസ് മുറുകളില്‍ നിന്നും പുറത്തേക്കു നോക്കിയാല്‍ അവിടെ ഉരുള്‍പൊട്ടി ഒലിച്ചു നാമാവശേഷമായ കോളേജ് കെട്ടിടം കാണാം. ഈ കാഴ്ചകളുടെയെല്ലാം മധ്യത്തിലും കുട്ടികള്‍ ആശാഭരിതരാണ്. കാരണം, മണ്ണില്‍നിന്ന് പൊന്നു വിളയിച്ച, ഒറ്റമുറി ലയത്തില്‍ നിന്ന് നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച ഇല്ലായ്മയിലും വല്ലായ്മയിലും പ്രതീക്ഷ അര്‍പ്പിച്ച ചരിത്രം പൂര്‍വികരില്‍ നിന്നും ഇവര്‍ നന്നായി പഠിച്ചിട്ടുണ്ട്.


കടപ്പാട്:
ചിത്രങ്ങള്‍: ഡോ. എന്‍.എ മനേഷ്, ടി.ബി നന്ദു, അഭിഷേക് ബാബു, ജോബിന്‍ ജോസ്, മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് ഫെയ്സ്ബുക്ക് പേജ്.


അവലംബം:
സിബി മൂന്നാര്‍, എം.ജെ. ബാബു എന്നിവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍
* P2/21665/2021/DCE  വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ
** പരിസ്ഥിതി സംബന്ധിച്ച സമിതി (2016-2019) ഒന്നാമത് റിപ്പോര്‍ട്ട്. മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് (2017 മാര്‍ച്ച് 13 ആം തീയതി നിയമസഭയില്‍ സമര്‍പ്പിച്ചത്)
*** സുപ്രീം കോടതി നിര്‍ദേശപ്രകാരം യു.ജി.സി. തയ്യാറാക്കിയ ' പരിസ്ഥിതി പഠനം' ( Textbook of Environmental Studies  for Undergraduate Courses)  ഇറാച്ച് ബറൂച്ച
**** എ5- 4950/2021 നമ്പര്‍ വിവരാവകാശ അപേക്ഷ - മൂന്നാര്‍ ഗ്രാമപഞ്ചായത്ത്
***** JOURNAL, GEOLOGICAL SOCIETY OF INDIA Vol.89, February 2017, pp.183-191. A Potential Headward Retreat Landslide Site at Munnar, Kerala. K.S. Sajinkumar,M.R. Aoskakumar,          R. Sajeev  and N.V. Venkatraman.
****** കണ്ണന്‍ ദേവന്‍ കുന്നുകള്‍ - എം.ജെ.ബാബു, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
*******http://klaproceedings.niyamasabha.org/index.php
********ഗവ.കോളേജ് മൂന്നാറില്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരം ലഭിച്ചത്.
*********, **********  P2/21665/2021/DCE  വിവരാവകാശ നിയമം 2005

(ഇടുക്കി ജില്ലയിലെ ഇരുട്ടുകാനം സ്വദേശിയാണ് ലേഖിക. വികസനോന്മുഖ വാര്‍ത്തകളും പ്രചോദനാത്മകളും തയ്യാറാക്കുന്നതില്‍ തല്പര)